Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 25

ആരാന്റെ ചട്ടുകമാവുന്ന നേതാക്കള്‍

ഇഹ്‌സാന്‍

         ഈ വര്‍ഷം ബാബരി മസ്ജിദ് ദിനം അടുത്തു വരുന്നതിനിടെ ദല്‍ഹിയിലെ ഇസ്‌ലാമിക് സെന്ററില്‍ ഒരു വിവാദ വാര്‍ത്താ സമ്മേളനം അരങ്ങേറുകയുണ്ടായി. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അസി. ജനറല്‍ സെക്രട്ടറി അബ്ദുര്‍റഹീം ഖുറൈശിയും സെക്രട്ടറി കമല്‍ ഫാറൂഖിയുമായിരുന്നു സമ്മേളനം വിളിച്ചു ചേര്‍ത്തത്. സെന്ററിന്റെ ബോര്‍ഡ് റൂമിനകത്ത് തെരഞ്ഞെടുക്കപ്പെട്ട ഏതാനും വാര്‍ത്താ ലേഖകര്‍ക്കു മാത്രമായിരുന്നു പ്രവേശനം. ഖുറൈശി കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച 'സത്യം മുറുകെ പിടിക്കൂ, അയോധ്യയെ കുറിച്ച വസ്തുതകള്‍' (Uphold Truths, Facts of Ayodhya Episode) എന്ന പുസ്തകം വീണ്ടുമൊരിക്കല്‍ കൂടി മാധ്യമ ശ്രദ്ധയില്‍ കൊണ്ടുവരാനായിരുന്നു ഇരുവരുടെയും നീക്കം. അയോധ്യയുടെ ചരിത്രവും ബി.ജെ.പി നടത്തിയ പ്രചാരണത്തിന്റെ പൊള്ളത്തരവുമൊക്കെ സവിസ്തരം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ഒരുപക്ഷേ ആ വിഷയത്തില്‍ എഴുതപ്പെട്ട മികച്ച റഫറന്‍സ് എന്ന വിശേഷണത്തിന് അര്‍ഹമാണ്. മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം വിളിപ്പാടകലെ എത്തി നില്‍ക്കെ അത്തരമൊരു യോഗത്തിന് പ്രസക്തിയുമുണ്ടായിരുന്നു.

എന്നാല്‍ മറുഭാഗത്ത് അസഹിഷ്ണുതയെ കുറിച്ച ചര്‍ച്ച രാജ്യമെങ്ങും കത്തിപ്പടരുന്ന അവസരം കൂടിയായിരുന്നു അത്. രാജ്യത്ത് പടരുന്ന കൊടും വര്‍ഗീയതയുടെ കനം കുറച്ചു കാണിക്കുന്നതായിരുന്നു അസഹിഷ്ണുത എന്ന ആ വാക്കെങ്കിലും, വിഷയം അങ്ങനെയെങ്കിലും പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം ഉത്സാഹിക്കുന്ന സമയം. ഖുറൈശിക്കു പക്ഷേ പറയാനുണ്ടായിരുന്നത് ബാബരി മസ്ജിദിന്റെ ചരിത്ര യാഥാര്‍ഥ്യങ്ങളെ കുറിച്ചായിരുന്നു. രാമന്‍ ജനിച്ച കാലഘട്ടം, അയോധ്യ എന്ന നഗരത്തിന്റെ സ്ഥാനം, ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ ഉത്ഖനനം, വിവിധ ചരിത്രകാരന്മാരുടെ കണ്ടെത്തലുകള്‍ ഇവയെല്ലാം പൊതുസമൂഹം അറിയേണ്ടതുണ്ടെന്നാണ് അദ്ദേഹം വാദിച്ചു കൊണ്ടിരുന്നത്. രാമായണത്തില്‍ പ്രതിപാദിക്കുന്ന ഭൂഘടന ഗംഗാ സമതലങ്ങളുടേതല്ലെന്നും സരസ്വതീ നദിയുമായോ സിന്ധു നദിയുമായോ ബന്ധപ്പെട്ടതാണെന്നും ഗ്രന്ഥ കര്‍ത്താവ് ചൂണ്ടിക്കാട്ടി. ശ്രീരാമന്‍ യഥാര്‍ഥത്തില്‍ ജനിച്ചത് ഇന്ത്യയിലല്ല പാകിസ്താനിലാണ് എന്ന് സ്ഥാപിക്കാനായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ ശ്രമം.

ഈയൊരു സിദ്ധാന്തം ഇപ്പോള്‍ ഉന്നയിച്ചതുകൊണ്ട് മുസ്‌ലിംകള്‍ക്കോ രാജ്യത്തിനോ എന്താണ് ഗുണം കിട്ടാന്‍ പോകുന്നതെന്ന് സ്വാഭാവികമായും ചോദ്യമുയര്‍ന്നു. അയോധ്യാ ചരിത്രത്തെ കുറിച്ച വാദങ്ങളും അലഹാബാദ് ഹൈക്കോടതി ചര്‍ച്ചക്കെടുത്തിരുന്നുവല്ലോ. മസ്ജിദ് ഭൂമിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ മേല്‍നോട്ടത്തില്‍ നടന്ന ഖനന റിപ്പോര്‍ട്ടുകള്‍ കൂടി മുമ്പില്‍ വെച്ചാണ് ഭൂമി മൂന്നായി മുറിച്ച് കോടതി ഒത്തുതീര്‍പ്പു വിധി പുറപ്പെടുവിപ്പിച്ചത്. ഒരു കണക്കിന് ഈ വിധിയോടെ ഏതാണ്ട് അവസാനിച്ചു തുടങ്ങിയ തര്‍ക്ക വിഷയത്തില്‍ പഴയ വാദങ്ങള്‍ പൊടിതട്ടിയെടുത്ത് പൊതുജനത്തെ ബോധവത്കരിച്ചിട്ട് കാര്യമെന്തെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഖുറൈശിക്കു കഴിയുന്നുണ്ടായിരുന്നില്ല. സുപ്രീംകോടതി വിധി ആസന്നമായിരിക്കവെ കാര്യങ്ങള്‍ നിയമത്തിന്റെ വഴിക്കു വിട്ട് മിണ്ടാതിരിക്കലല്ലേ നല്ലതെന്ന ചോദ്യവും ഖുറൈശി നേരിട്ടു. എന്നാല്‍ വളരെ ആധികാരികമായി തന്റെ തെളിവുകളെ കുറിച്ച് വാദിച്ചുകൊണ്ടിരിക്കുകയാണ് ഖുറൈശി ചെയ്തത്. പ്രത്യേകിച്ചും ശ്രീരാമന്റെ ഈ 'പാകിസ്താന്‍' വേരുകളെ കുറിച്ച വാദം.

വിരലിലെണ്ണാവുന്നവര്‍ പങ്കെടുത്ത ആ വാര്‍ത്താ സമ്മേളനം പക്ഷേ, അസഹിഷ്ണുതയെ കുറിച്ച ചര്‍ച്ചക്ക് മറുപടി പറയുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ എടുത്തു പറയുവോളം വലിയ സംഭവമായി മാറി. രാജ്‌നാഥ് ഇക്കാര്യം സഭയില്‍ ഉന്നയിച്ചിരുന്നില്ലെങ്കില്‍ ആരും അറിയാനിടയില്ലാത്ത ഒരു വാര്‍ത്താ സമ്മേളനമായിരുന്നു അത്. വളരെ രഹസ്യമായി വിളിച്ചു ചേര്‍ത്ത, കഷ്ടിച്ച് പത്തു പേര്‍ ഉണ്ടായിരുന്ന ആ വാര്‍ത്താ സമ്മേളനത്തില്‍ ഐ.ബിയുടെ ഒരു ഉദ്യോഗസ്ഥന്‍ പങ്കെടുക്കാനെത്തിയപ്പോള്‍ തന്നെ അതിന്റെ 'രാഷ്ട്രീയ പ്രാധാന്യം' ദല്‍ഹിയെ അറിയുന്ന വാര്‍ത്താ ലേഖകര്‍  ഊഹിച്ചതാണ്. ഒന്നോ രണ്ടോ ഉര്‍ദു പത്രങ്ങളൊഴികെ ആരും വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. 'ഇന്ത്യയിലെ ഹിന്ദുക്കള്‍ അങ്ങേയറ്റം ആദരവ് നല്‍കുന്ന ഭഗവാന്‍ ശ്രീരാമന്റെ ജനനം അയോധ്യയിലല്ല പാകിസ്താനിലാണെന്ന് ഒരു മുസ്‌ലിം നേതാവ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടും ഒരു ഹിന്ദുവും പ്രകോപിതരായില്ല എന്നത് ഈ രാജ്യത്തെ സഹിഷ്ണുതയുടെ ഉദാഹരണമാണ്' എന്നാണ് രാജ്‌നാഥ് സഭയില്‍ പറഞ്ഞത്. ഖുറൈശിയുടെ പുസ്തകത്തിനോ രാജ്‌നാഥിന്റെ പ്രസ്താവനക്കോ പിന്നീടുള്ള ദിവസങ്ങളില്‍ വലിയ പ്രാധാന്യമൊന്നും ലഭിക്കാതെ പോയി. അല്ലെങ്കിലും ആ ഒരു പുസ്തകം കൊണ്ട് തടുത്തു നിര്‍ത്താന്‍ പറ്റിയതായിരുന്നില്ലല്ലോ 'രാജ്‌നാഥിന്റെ ഇന്ത്യ'യിലെ അസഹിഷ്ണുത.

പക്ഷേ ചില സമയങ്ങളും നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 2014 ഡിസംബറില്‍ പുറത്തിറങ്ങി ഒരു കൊല്ലമായിട്ടും ക്ലച്ചു പിടിക്കാത്ത ഒരു പുസ്തകം എന്തുകൊണ്ട് അസഹിഷ്ണുതാ വിവാദ കാലത്ത് അബ്ദുര്‍റഹീം ഖുറൈശി പുറത്തിറക്കാന്‍ തീരുമാനിച്ചു? അതു തന്നെ സംശയാസ്പദമായ ഒരു ചടങ്ങില്‍? അദ്ദേഹം ചൂണ്ടിക്കാട്ടിയ വിവരങ്ങള്‍ മതേതര ഇന്ത്യയിലെ നിരവധി ചരിത്രകാരന്മാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണെന്നിരിക്കെ ഈ വിവരങ്ങള്‍ വിവാദമാക്കിയെടുത്തിട്ട് ആര്‍ക്കായിരുന്നു നേട്ടം? പുസ്തകം വിറ്റ് ജീവിക്കേണ്ട ഗതികേടോ പണ്ഡിതനെന്ന് പേരെടുക്കേണ്ട അനിവാര്യതയോ രണ്ടും അബ്ദുര്‍റഹീം ഖുറൈശിക്ക് ഉണ്ടായിരുന്നില്ലല്ലോ. പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ തലപ്പത്തുള്ളവര്‍ പോലും ആരുടെയൊക്കെയോ ചട്ടുകമാവുന്നുണ്ടോ എന്ന് സംശയിക്കേണ്ടിവരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /51-53
എ.വൈ.ആര്‍