Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 25

പുതുപ്രതീക്ഷകള്‍ നല്‍കിയ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്

കെ.സി.എം അബ്ദുല്ല /സുഊദി കത്ത്

         സുഊദി അറേബ്യയില്‍ ജനായത്ത പ്രക്രിയയില്‍ 2005 ല്‍ തുടക്കം കുറിച്ച പരീക്ഷണങ്ങളുടെ തുടര്‍ച്ചയായിരുന്നു 2015 ഡിസംബര്‍ 12 ന് തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്. സുഊദിയുടെ രാഷ്ട്രീയ ഭൂമികയില്‍ നിര്‍ണ്ണായകമായ മുന്നേറ്റത്തിനാണ് ഇത്തവണ തെരഞ്ഞെടുപ്പ് സാക്ഷ്യംവഹിച്ചത്. 2005 ലും 2010 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായിരുന്നു തെരഞ്ഞെടുപ്പ് പങ്കാളിത്തം. സമൂഹത്തിന്റെ അര്‍ദ്ധാംശമായ സ്ത്രീ സമൂഹത്തെയും ജനപങ്കാളിത്തത്തിന്റെ വിപുലമായമേഖലയിലേക്ക് ഉയര്‍ത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞുവെന്നതാണ് ഇപ്രാവശ്യത്തെ സവിശേഷത. വോട്ടു ചെയ്യാന്‍ മാത്രമല്ല മത്സരിക്കാനുമവര്‍ക്ക് അനുവാദം ലഭിച്ചു. 

സ്ത്രീകളുടെ പങ്കാളിത്തം ഏറെ പ്രാധാന്യത്തോടെയാണ് രാജ്യത്തിനകത്തും പുറത്തും വിലയിരുത്തപ്പെട്ടത്. മൊത്തം മല്‍സര രംഗത്തുണ്ടായിരുന്ന 6917 സ്ഥാനാര്‍ഥികളില്‍ 979 പേര്‍ സ്ത്രീകളായിരുന്നു. ലഭ്യമായ ആദ്യ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സ്ത്രീ സമൂഹം സജീവമായി രംഗത്തു വന്നു. മല്‍സര രംഗത്തുണ്ടായിരുന്ന സത്രീകളില്‍ 19 പേര്‍ വിജയം നേടിയത് വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെട്ടത്. സമ്മതിദായകരുടെ പ്രായപരിധി നേരത്തെയുള്ള 20 ല്‍ നിന്ന് 18 ആയി കുറച്ചതും തദ്ദേശ ഭരണസ്ഥാപനങ്ങളിലെ സര്‍ക്കാര്‍ നോമിനികളുടെ എണ്ണം വെട്ടിച്ചുരുക്കിയതും തെരഞ്ഞെടുപ്പിനെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കാന്‍ കാരണമായി. കഴിഞ്ഞ രണ്ട് തെഞ്ഞെടുപ്പുകളിലും വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അത്രയും തന്നെ പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ ഒരു പടികൂടി മുന്നോട്ട് കടന്നാണ് തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം മൂന്നില്‍ രണ്ടാക്കി ഉയര്‍ത്തിയതും നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവരുടെ എണ്ണം പകുതിയില്‍ നിന്ന് മൂന്നിലൊന്നായി ചുരുക്കിയതും. ഇത് പ്രകാരം മൊത്തമുള്ള 3159 സ്ഥാനങ്ങളിലേക്ക് 2106 പേരെ വോട്ടെടുപ്പിലൂടെ കണ്ടെത്തുമ്പോള്‍ അവശേഷിക്കുന്ന 1053 സ്ഥാനങ്ങളില്‍ സര്‍ക്കാര്‍ നേരിട്ട് നാമനിര്‍ദ്ദേശം നടത്തുകയാണ് ചെയ്യുക. ഇതോടെ ദൈനംദിന രംഗങ്ങളില്‍ സാധാരണക്കാരുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ഭരണനിര്‍വാഹകരില്‍ മഹാഭൂരിപക്ഷവും ജനപ്രതിനിധികള്‍ ആയിരിക്കുകയാണ്. 

തെരഞ്ഞെടുപ്പ് പങ്കാളിത്തത്തിന് രാജ്യനിവാസികളെ പ്രചോദിപ്പിക്കാന്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതലേ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. വലിയ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ ഇതിനായി രാജ്യത്ത് സംഘടിപ്പിച്ചത്. 2005 ലെ തുടക്കത്തിലുണ്ടായിരുന്നതിന്റെ ഇരട്ടിയലധികം പേര്‍ മൂന്നാം ഘട്ട തെരഞ്ഞെടുപ്പായതോടെ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചു. പ്രായപരിധി കുറച്ചതും സര്‍ക്കാറിന്റെ വ്യാപകമായ കാമ്പയിനും വലിയൊരു വിഭാഗത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് അടുപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. പതിനാല് ലക്ഷത്തിലധികം പൗരന്‍മാര്‍ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ  റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്ക് മല്‍സരത്തിന് അവസരം ലഭിച്ചതോടെ സ്ത്രീ സമൂഹവും തെരഞ്ഞെടുപ്പ് പങ്കാളിത്തത്തിന് വലിയ തോതില്‍ താല്‍പര്യം പ്രകടിപ്പിച്ചത് വോട്ടര്‍മാരുടെ എണ്ണം ഗണ്യമായി ഉയര്‍ത്തി. 18 വയസ്സിന് താഴെയുള്ളവര്‍ക്കും രാജ്യത്തെ സൈനിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വോട്ടവകാശം നല്‍കിയിരുന്നില്ല. ഇത് ജനസംഖ്യയുടെ 40 ശതമാനത്തോളം വരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഈ കണക്കുകള്‍ പരിഗണിക്കുമ്പോള്‍ നിലവിലെ വോട്ടര്‍ പട്ടിക വലിയൊരു വിഭാഗം പൗരന്‍മാരെയും ഉള്‍ക്കൊള്ളുന്നതാണെന്ന് വ്യക്തം. അതേസമയം തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലെത്തിയ സാഹചര്യത്തിലും വോട്ടവകാശം ലഭ്യമായവരില്‍ പകുതിയിലധികംആളുകള്‍ ഇനിയും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പൂര്‍ണമായും ഭാഗഭാക്കാവാന്‍ മുന്നോട്ട് വന്നിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പാനന്തരമുള്ള കണക്കുകള്‍ ചൂണ്ടി കാണിക്കുന്നത്. 

702,542 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. അന്തിമ ഫലം വന്നപ്പോള്‍ പോളിംഗ് 47.4  ശതമാനമാണ്. മൊത്തം പോള്‍ ചെയ്ത വോട്ടുകളില്‍ 42 ശതമാനം സ്ത്രീകളുടേതായിരുന്നു. ജനാധിപത്യ പ്രക്രിയയില്‍ പങ്ക് ചേരാനുള്ള സാധാരണക്കാരുടെ താല്‍പര്യവും ആവേശവും നേരത്തെയുള്ളതിനെക്കാള്‍വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇനിയും കൂടുതല്‍ പേരെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് അടുപ്പിക്കേതുണ്ട്. നഗരാസൂത്രണം, വികസന പ്രവര്‍ത്തനങ്ങള്‍, നിക്ഷേപ പദ്ധതികള്‍ തുടങ്ങി പ്രാദേശിക വികസന രംഗത്തെ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അധികാരമുള്ള സമിതിയില്‍ പ്രാദേശിക മേഖലകളില്‍ സ്വാധീനമുള്ള സ്വന്തം പ്രതിനിധികള്‍ ഉണ്ടാകുന്നതിന്റെ ഗുണഫലങ്ങള്‍ കൂടുതല്‍ പൗരന്‍മാരെ ജനായത്ത മാര്‍ഗത്തിന്റെ സാധ്യതകളും ആവശ്യകതയും ബോധ്യപ്പെടുത്തുമെന്നാണ് പ്രതീക്ഷ. മുമ്പത്തെക്കാള്‍ കൂടുതല്‍ അധികാര പരിധിയും, ജനപ്രതിനിധികളുടെ പങ്കാളിത്തമുള്ള പുതിയ ഭരണ നിര്‍വഹണ സമിതികളുടെ വരുംദിവസങ്ങളിലെ സമീപനങ്ങളും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. 

സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ കാമ്പയിനുകള്‍ മുതല്‍ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വരെ മുഖ്യമായും അവലംബിച്ചത് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള നവസംവിധാനങ്ങളെയാണ്. അതേസമയം തെരഞ്ഞെടുപ്പിന് പരമ്പരാഗത ബാലറ്റ് സംവിധാനം തന്നെയാണ് ഇത്തവണയും ഉപയോഗിച്ചത്. കൂടുതല്‍ സുതാര്യതക്ക് വേണ്ടിയാണ് ഇലക്‌ട്രോണിക് വോട്ടിങ്‌മെഷീനുകള്‍ ഒഴിവാക്കിയതെന്നാണ് കമീഷന്റെ വിശദീകരണം.തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങളോടെയുള്ള പെരുമാറ്റ ചട്ടങ്ങള്‍ നല്‍കുകയും അത് നിരീക്ഷിക്കുകയുംചെയ്തിരുന്നു. വോട്ടര്‍മാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ രാജ്യത്തിന്റെ പല ഭാഗത്തായി 1296 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിരുന്നു. ഇതില്‍ 424 എണ്ണംസ്ത്രീകള്‍ക്ക് മാത്രമായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് നാലു വര്‍ഷമാണ് പ്രവര്‍ത്തന കാലാവധി നിശ്ചയിച്ചത്. 2016 ജനുവരി ഒന്നിന് പുതിയ അംഗങ്ങള്‍ ചുമതലയേല്‍ക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /51-53
എ.വൈ.ആര്‍