Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 25

മുഹമ്മദ് നബി സഹിഷ്ണുത ചൊരിഞ്ഞ ഭരണാധികാരി

അമീന്‍ വി. ചൂനൂര്‍ /കവര്‍‌സ്റ്റോറി

         ഏതൊരു അസഹിഷ്ണുവിന്റെയും യഥാര്‍ഥ സ്വഭാവം പ്രകടമാകുന്നത് ആധിപത്യം ലഭിക്കുന്ന സന്ദര്‍ഭത്തിലാണ്. ഏതൊക്കെയോ തരത്തിലുള്ള അധികാരത്തിന്റെ സുരക്ഷ അവരില്‍ ഉണ്ടെന്നുള്ള ബോധം, തങ്ങള്‍ മറ്റുള്ളവരേക്കാള്‍ എന്തുകൊണ്ടൊക്കെയോ മികച്ചവരാണെന്നുള്ള അഹങ്കാരം, ആശയപരമായി സംവദിക്കാനുള്ള ശക്തി ഇല്ലായ്മ ഇതൊക്കെ ഒരുമിക്കുമ്പോഴാണ് അസഹിഷ്ണുത പുറത്തു വരുന്നത്. ഇന്ത്യയെ ലോകതലത്തില്‍ തന്നെ നാണക്കേടിലാക്കും വിധം സംഘ് പരിവാര്‍ അസഹിഷ്ണുത വിവിധ രീതികളില്‍ പ്രകടമാകുന്ന ഈ സാഹചര്യത്തില്‍ പ്രവാചകന്‍ കാണിച്ച സഹിഷ്ണുതയുടെ പാഠങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടത് തന്നെയാണ്. പ്രതിയോഗികള്‍ക്ക് മാപ്പ് കൊടുത്തതും അവരോട് പ്രതികരിച്ചതുമായ രീതികള്‍, പരിഹാസം നിറഞ്ഞ ചോദ്യങ്ങളോട് മറുപടി പറഞ്ഞത്, ഇതര മതസ്ഥരോടുള്ള സമീപനം, തന്നോട് അതിക്രമം പ്രവര്‍ത്തിച്ചവരോട് അധികാരമുള്ള സന്ദര്‍ഭത്തില്‍ പോലും പ്രവാചകന്‍ പുലര്‍ത്തിയ സമീപനം എല്ലാം തുല്യതയില്ലാത്തതാണ്.

പ്രതിയോഗികള്‍ക്ക് മാപ്പ്

ഒരു പട്ടാളക്കാരന്റെ വൈകാരികതയോടെ സഅദ് ബ്‌നു ഉബാദ വിളിച്ചു പറഞ്ഞു: ''ഇന്ന് വമ്പന്‍ യുദ്ധത്തിന്റെ ദിവസമാണ്. കഅ്ബയുടെ പരിസരത്ത് യുദ്ധം അനുവദനീയമാകുന്ന ദിനം.'' പ്രവാചകനും കൂട്ടരും മക്ക ജയിച്ചടക്കിയ സന്ദര്‍ഭത്തിലാണ് സംഭവം. ഉബാദയുടെ പ്രഖ്യാപനത്തെ കുറിച്ചറിഞ്ഞ പ്രവാചകന്‍ അദ്ദേഹത്തില്‍ നിന്ന് പതാക വാങ്ങി മറ്റൊരു സഹചാരിയെ ഏല്‍പിച്ച് തന്റെ നയം വ്യക്തമാക്കി: ''ഇന്ന് കഅ്ബ മഹത്വപ്പെടുന്ന ദിവസമാണ്. വിട്ടുവീഴ്ചയുടെയും സ്‌നേഹത്തിന്റെയും ദിവസം.'' 

ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ചു എന്ന ഒറ്റക്കാരണംകൊണ്ട് തന്നെയും തന്നില്‍ വിശ്വസിച്ചവരെയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയാക്കി ആട്ടിപ്പുറത്താക്കിയ മക്കയില്‍ വിജയശ്രീലാളിതനായി തിരിച്ചെത്തിയ പ്രവാചകന്‍ പ്രഖ്യാപിച്ചു: ''ആര്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നുവോ അവന് അഭയമുണ്ട്. അബൂസുഫ്‌യാന്റെ വീട്ടില്‍ നില്‍ക്കുന്നവനും അഭയമുണ്ട്.'' വിട്ടുവീഴ്ചയുടെയും പൊറുക്കലിന്റെയും കാഴ്ചയായിരുന്നു അവിടെ കാണാന്‍ കഴിഞ്ഞത്. 

''ഞാന്‍ നിങ്ങളോട് ഇന്ന് എങ്ങനെയാകും പെരുമാറുക എന്ന് നിങ്ങള്‍ക്കറിയുമോ?'' മക്ക ജയിച്ചടക്കിയ പ്രവാചകന്‍ ചോദിച്ചു. 20 വര്‍ഷത്തോളം പ്രവാചകന്നും അനുയായി വൃന്ദത്തിന്നും നേരെ യുദ്ധങ്ങളടക്കം കടുത്ത അതിക്രമങ്ങള്‍ അഴിച്ചുവിട്ട ഖുറൈശികള്‍ ഖേദത്തോടെ പറഞ്ഞു: ''താങ്കള്‍ ഉദാരനായ സഹോദരന്റെ ഉദാരനായ മകനാണ്.'' നബിയുടെ മറുപടി: ''നിങ്ങളോടിന്ന് യാതൊരു പ്രതികാരവുമില്ല, പൊയ്‌ക്കൊള്ളുക, നിങ്ങള്‍ സ്വതന്ത്രരാണ്.'' 

ഫറോവയും നംറൂദും അടക്കം എക്കാലത്തെയും ഫാഷിസ്റ്റുകളും സ്വേഛാധിപതികളും തങ്ങളുടെ അസഹിഷ്ണുത പ്രകടിപ്പിച്ചത് കൈയില്‍ അധികാരമുള്ള സന്ദര്‍ഭത്തിലാണ്. പ്രവാചകനിലും അദ്ദേഹം നെയ്‌തെടുത്ത സമൂഹത്തിലുമാവട്ടെ അധികാരം സഹിഷ്ണുതയുടെ പാഠമാണ് നല്‍കിയത്. ഇത് പ്രകടനാത്മകമായി സംഭവിച്ചതല്ല. തന്റെ സമൂഹത്തെ പ്രവാചകന്‍ വളര്‍ത്തിയെടുത്ത രീതി അതായിരുന്നു. മൂല്യവും സംസ്‌കാരവും വിട്ടുവീഴ്ചയും ധാര്‍മികതയും കാരുണ്യവും വിനയവും സൗഹാര്‍ദവും പഠിപ്പിച്ച് പ്രവാചകന്‍ അവരെ വളര്‍ത്തുമ്പോള്‍ നംറൂദും ഫറോവയും സംഘ്പരിവാറും ശ്രമിക്കുന്നത് കുടിപ്പകയും വിദ്വേഷവും വര്‍ഗീയതയും അക്രമങ്ങളും ആളിക്കത്തിച്ചു സമൂഹത്തെ ശിഥിലമാക്കി സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്. 

പ്രബോധനത്തിന്റെ തുടക്കത്തില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായി കടുത്ത ആക്രമണങ്ങള്‍ അഴിച്ചു വിട്ട, മുഹമ്മദ് നബിയുടെ സ്വന്തക്കാരെപ്പോലും വധിച്ച, പ്രവാചകനെ വധിക്കാന്‍ തുനിഞ്ഞ ആളുകള്‍ക്ക് പോലും മക്കാ വിജയ വേളയില്‍ മാപ്പ് ലഭിക്കുകയുണ്ടായി. അതില്‍ അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമയും, ഹംസ(റ)യെ വധിച്ച വഹ്ശിയും, ഹംസ(റ)യുടെ മൃതദേഹം വികൃതമാക്കി കരള്‍ ചവച്ചു തുപ്പി കലിയടക്കിയ ഹിന്ദ് എന്ന സ്ത്രീയുമുണ്ടായിരുന്നു. പ്രവാചകന് ഏറെ മനോവേദനയുണ്ടാക്കിയതായിരുന്നു ഹംസ(റ)യുടെ മരണം. പ്രവാചകനെ ആക്ഷേപിച്ച് കവിതകള്‍ ചൊല്ലിയിരുന്ന കഅ്ബ് ബ്‌നു സുഹൈര്‍ പ്രവാചകന്റെ കാരുണ്യത്തിനു പാത്രീഭൂതനായി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഈ ഉത്തരാധുനിക യുഗത്തില്‍ ഇന്ത്യാ രാജ്യത്ത് സാഹിത്യകാരന്മാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥ ഇതോട് ചേര്‍ത്ത് വായിക്കുക. എം.എം കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയും നരേന്ദ്ര ധബോല്‍ക്കറും ആവിഷ്‌കാര സ്വാതന്ത്ര്യ നിഷേധത്തിന്റെയും അസഹിഷ്ണുതയുടെയും ഇരകളാണ് എന്നത് നമ്മെ ലജജിപ്പിക്കേണ്ടത് തന്നെയാണ്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഴാം നൂറ്റാണ്ടിലാണ് പ്രവാചകന്‍ തന്റെ അധികാരത്തിന് കീഴില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം നല്‍കുന്നത്! തന്നെ വിമര്‍ശിച്ചവര്‍ക്ക് പോലും മാപ്പ് നല്‍കുന്നത്! 

ത്വാഇഫിലെ മര്‍ദനം

ഒരുപാട് അവഗണനകളും മര്‍ദ്ദനങ്ങളും പ്രവാചകന്‍ നേരിടുകയും സഹിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തന്റെ നേരെയുളള ത്വാഇഫുകാരുടെ അതിക്രമങ്ങളോടുള്ള പ്രവാചകന്റെ പ്രതികരണം പ്രത്യേകതയുള്ളതാണ്. മക്കയില്‍ നിന്ന് ത്വാഇഫിലേക്ക് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പുറപ്പെട്ട പ്രവാചകനെ അവിടുത്തുകാര്‍ എതിരേറ്റത് തെരുവ് കുട്ടികളെയും സ്ത്രീകളെയും ഇളക്കിവിട്ടുകൊണ്ടാണ്. അവര്‍ കൂട്ടമായി പ്രവാചകനെ ചീത്തവിളിക്കുകയും കല്ലെറിഞ്ഞ് ഓടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കാലിന്റെ ഞെരിയാണി നോക്കിയാണ് അവര്‍ എറിഞ്ഞത്. ഇരിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രവാചകനെ അവര്‍ എഴുന്നേറ്റ് നിര്‍ത്തുകയും വീണ്ടും കല്ലുകള്‍ കൊണ്ട് ഞെരിയാണി നോക്കി എറിയുകയും ചെയ്തു. 

രക്തമൊഴുകി, തളര്‍ന്ന് പ്രവാചകന്‍ അവിടെ നിന്ന് മാറിയപ്പോള്‍ മലക്ക് ജിബ്‌രീല്‍ പ്രത്യക്ഷപ്പെട്ടു. ''പര്‍വതങ്ങളുടെ ഉത്തരവാദിത്തമുള്ള മാലാഖ ഇവിടെയുണ്ട്. താങ്കള്‍ ഒരു സൂചന കൊടുക്കുകയാണെങ്കില്‍ മക്കക്കും താഇഫിനും ഇടയിലുള്ള ഈ രണ്ട് മലകളെ ഇരു നഗരങ്ങളെയും തവിടു പൊടിയാക്കും വിധം പരസ്പരം കൂട്ടിമുട്ടിക്കുവാന്‍ അവര്‍ സന്നദ്ധരാണ്.'' 

ഗുണ്ടകളുടെ ക്രൂരമായ മര്‍ദനമേറ്റ് പ്രവാചകന്‍ തളര്‍ന്നിരിക്കുന്ന സന്ദര്‍ഭമാണതെന്നോര്‍ക്കണം. ഏതൊരു മനുഷ്യനും വൈകാരിക തള്ളിച്ചയുണ്ടാവുകയും പ്രതികാര ചിന്തയുണരുകയും ചെയ്യുന്ന സമയം. പ്രവാചകനില്‍ വൈകാരികതയേക്കാള്‍ നിറഞ്ഞ് നിന്നത് ഗുണകാംക്ഷയായിരുന്നു. ബുദ്ധിപരവും ദീര്‍ഘവീക്ഷണവുമുള്ള നിലപാടായിരുന്നു അപ്പോള്‍ പ്രവാചകന്‍ കൈക്കൊണ്ടത്. ഇരുനാടുകളെയും നശിപ്പിക്കാന്‍ അദ്ദേഹം സമ്മതം കൊടുത്തില്ല എന്നു മാത്രമല്ല കൂടെയുള്ള സൈദ് ബ്‌നു ഹാരിസ അവര്‍ക്കെതിരെ ദൈവത്തോട് പ്രാര്‍ഥിക്കണമെന്ന് രോഷത്തോടെ ആവശ്യപ്പെട്ടപ്പോള്‍ 'ഞാന്‍ എങ്ങനെ അവര്‍ക്കെതിരെ പ്രാര്‍ഥിക്കും, അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചില്ലെങ്കിലും അവരുടെ തലമുറയില്‍ നിന്ന് ഏകദൈവത്തെ ആരാധിക്കുന്നവരുണ്ടായേക്കുമെന്ന പ്രതീക്ഷയുണ്ട്' എന്ന് മറുപടിയാണദ്ദേഹം നല്‍കിയത്.

സത്യത്തില്‍ പ്രവാചകന്‍ ആ സമൂഹത്തിനെതിരെ എന്ത് നിലപാട് എടുത്താലും കൂടെയുള്ള സൈദ് ബ്‌നു ഹാരിസ പോലും അറിയാന്‍ സാധ്യതയില്ലായിരുന്നു. പ്രവാചകന്റെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ പ്രവാചകനില്‍ അത്തരമൊരു പ്രതികാരചിന്ത ഉദിച്ചതുപോലുമില്ല. പകരം അവരുടെ നന്മക്ക് വേണ്ടി വേദനയോടെ പ്രാര്‍ഥിക്കുകയായിരുന്നു ചെയ്തത്. 

ഇതര മതസ്ഥരോടുള്ള സമീപനം 

പ്രവാചകന്‍ (സ) മദീന കേന്ദ്രമാക്കി ഇസ്‌ലാമിക വ്യവസ്ഥ പ്രകാരം ഭരണം നടത്തുന്ന കാലത്താണ് നജ്‌റാനിലെ മെത്രാനായ അബുല്‍ ഹാരിസ് തന്റെ കൂട്ടാളികളോടൊപ്പം മദീനയില്‍ എത്തിയത്. പ്രമുഖ ക്രൈസ്തവര്‍ പ്രസ്തുത ദൗത്യ സംഘത്തിലുണ്ടായിരുന്നു. പ്രവാചകനോട് സംവദിക്കുവാനും പരസ്പരം മനസ്സിലാക്കുവാനും വേണ്ടി വന്നതായിരുന്നു അവര്‍. ത്രിയേകത്വം, യേശു ക്രിസ്തുവിനെ കുറിച്ച് ഖുര്‍ആന്റെ നിലപാട് എന്നിവ ചര്‍ച്ചയില്‍ കടന്നു വന്നു. ജൂതന്മാര്‍ പല രീതിയിലായി ഈ ക്രൈസ്തവ സംഘത്തില്‍ തെറ്റിദ്ധാരണകള്‍ പരത്താന്‍ ശ്രമിച്ചിരുന്നു. മുഹമ്മദ് യേശുവിന്റെ സ്ഥാനം കൈയടക്കി തന്നെ ആരാധിക്കുന്ന സമൂഹത്തെ ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണ് എന്നൊക്കെ അവര്‍ പറഞ്ഞു നോക്കി. പക്ഷെ, പ്രവാചകന്‍ വളരെ സൗമ്യമായിത്തന്നെ ആശയം അവര്‍ക്ക് വ്യക്തമാക്കി കൊടുത്തു. ഇവിടെ ചില സംഗതികള്‍ മനസ്സിലാക്കേണ്ടതുണ്ട്. 

1. ക്രൈസ്തവരുടെ ഏത് എതിര്‍ വാദങ്ങളെയും കേള്‍ക്കാന്‍ ഒരു വലിയ രാഷ്ട്രത്തിന്റെ ഭരണാധികാരി കൂടിയായ പ്രവാചകന്‍ വിശാല മനസ്സ് കാണിച്ചു. 

2. കുറച്ചു ദിവസം മദീനയില്‍ തങ്ങേണ്ടി വന്നതിനാല്‍ അവരുടെ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന് ലോകത്തിലെ വിശിഷ്ട പള്ളികളില്‍ ഒന്നായ മസ്ജിദുന്നബവിയില്‍ തന്നെ പ്രവാചകന്‍ സൗകര്യം ചെയ്തു കൊടുത്തു. 

3. നജ്‌റാന്‍, പ്രവാചകന്റെ അധികാര ശക്തിക്കു കീഴില്‍ വളരെ എളുപ്പം കീഴടക്കാവുന്ന ഒരു പ്രദേശമായിട്ടും അവര്‍ പ്രവാചകന്റെ രാഷ്ട്രീയ മേല്‍ക്കോയ്മ അംഗീകരിക്കാമെന്നും നികുതി ചുമത്താനുള്ള അധികാരം വിട്ടുകൊടുക്കാമെന്നുമുള്ള നിര്‍ദ്ദേശം പ്രവാചകന്റെ മുന്നില്‍ വെച്ചപ്പോള്‍ മാത്രമാണ് പ്രവാചകന്‍ അതിന് സമ്മതിച്ചത്. കൃത്യമായ കരാര്‍പത്രം അതിനു വേണ്ടി എഴുതപ്പെട്ടു. വലിയ ഒരു ജനസമൂഹത്തിനു മേല്‍ വളരെ ചെറിയ തുകയാണ് നികുതിയായി ചുമത്തപ്പെട്ടത്.

4. മതസ്വാതന്ത്ര്യവും സാമൂഹിക സ്വയം നിര്‍ണയാവകാശവും വളരെ ഉദാരമായ രീതിയില്‍ തന്നെ അവരുടെ കരാറില്‍ അനുവദിച്ചു. അവരുടെ വിഭവങ്ങളും സമ്പാദ്യങ്ങളും അവകാശങ്ങളും അതേ നിലയില്‍ തന്നെ തുടരാനുള്ള അവസരം നല്‍കി.

5. മെത്രാന്മാരെയും സന്യാസിമാരെയും നിലവിലുള്ള പോലെത്തന്നെ തുടരാന്‍ അനുവദിച്ചു. അവരുടെ ചര്‍ച്ച് കാര്യങ്ങളില്‍ ഇടപെടുകയില്ല എന്ന് ഉറപ്പ് നല്‍കി. എന്നല്ല കൂടുതല്‍ മതസ്വാതന്ത്ര്യം അവര്‍ക്ക് നല്‍കുകയും ചെയ്തു. 

മദീനയില്‍ നബി (സ) ജൂതന്മാരുമായി ഉണ്ടാക്കിയ കരാറിലും ഇത്തരം ഉദാത്ത മൂല്യങ്ങള്‍ കണ്ടെത്താനാവും. 'ഇസ്‌ലാമിക ഭരണത്തിന്‍ കീഴിലുള്ള ജൂതന്മാര്‍ക്ക് മത-വര്‍ഗ പക്ഷപാത പെരുമാറ്റങ്ങളില്‍ നിന്ന് രക്ഷ നല്‍കും. അക്രമങ്ങളില്‍ നിന്ന് രക്ഷ നല്‍കും. ഭരണകൂടത്തിന്റെ സഹായവും സംരക്ഷണവും മുസ്‌ലിം സമൂഹത്തിനെന്ന പോലെ ലഭിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്.' ഇന്ന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ മത വര്‍ഗ ജാതി അടിസ്ഥാനത്തില്‍ വലിയ പ്രയാസങ്ങള്‍ അനുഭവിക്കുന്നു. 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവാചകന്‍ തന്റെ ഭരണത്തിന്‍ കീഴിലുള്ള മത ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ പരിഗണന എക്കാലത്തെയും ഉദാത്ത മാതൃകയാവുന്നത് ഈ പശ്ചാത്തലത്തിലാണ്. 

ജൂത സമൂഹം മദീനയില്‍ കാണിച്ച ശത്രുതക്കും കുതന്ത്രങ്ങള്‍ക്കും കുത്സിത പ്രവൃത്തികള്‍ക്കും കണക്കില്ല. പല രീതിയിലും അവര്‍ അത് പ്രകടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പ്രവാചകനെ കാണുമ്പോള്‍ അവര്‍ പറഞ്ഞിരുന്ന അഭിവാദ്യം 'അസ്സാമു അലൈക്ക' എന്നായിരുന്നു. അസ്സലാമു അലൈക്കും എന്നതിലെ 'ല' ഒഴിവാക്കിയാല്‍ നാശം, മരണം എന്നൊക്കെയാവും പദത്തിന് അര്‍ഥം. നിനക്ക് നാശമുണ്ടാവട്ടെ എന്ന 'ആശംസ'! ഒരിക്കല്‍ പ്രവാചക പത്‌നി ആയിശ(റ)ക്ക് ഇത് കേട്ടപ്പോള്‍ സഹിക്കാനായില്ല. 'കുരുത്തം കെട്ടവരേ നാശം നിങ്ങള്‍ക്ക് തന്നെ' എന്നവര്‍ പ്രതികരിച്ചു. എന്നാല്‍, വിവേകപൂര്‍വമേ സംസാരിക്കാവൂ എന്ന് ആഇശയെ ശാസിക്കുകയായിരുന്നു പ്രവാചകന്‍. 

ഇന്നത്തെ സാഹചര്യത്തില്‍ വലിയ വര്‍ഗീയ കലാപത്തിന് തന്നെ കാരണമായേക്കാവുന്ന ഒരു പ്രശ്‌നത്തെ പ്രവാചകന്‍ ഭരണാധികാരി എന്ന നിലയില്‍ എങ്ങനെ നേരിട്ടു എന്നതിന് താഴെ പറയുന്ന സംഭവം മികച്ച ഉദാഹരണമാണ്. ഖൈബറില്‍ താമസിക്കുന്ന ജൂതന്മാരില്‍ നിന്ന് നികുതി വസൂലാക്കുന്നതിന് വേണ്ടി അബ്ദുല്ലാഹിബ്‌നു സഹ്‌ലും മുഹയ്യിസ്വയും  പുറപ്പെട്ടു. എന്നാല്‍ ഖൈബറിലെ ജൂതന്മാര്‍ അബ്ദുല്ലാഹിബ്‌നു സഹ്‌ലിനെ അതിക്രൂരമായി വധിച്ചു കളഞ്ഞു. മുഹയ്യിസ്വ എങ്ങനെയോ പ്രവാചകന്റെ അടുത്ത് എത്തിപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. പ്രതികാരം ചെയ്യണമെന്ന് പ്രവാചകനോട് അനുയായികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഘാതകനെ തിരിച്ചറിയാന്‍ വഴികളുണ്ടായിരുന്നില്ല. ഈ കാരണം കൊണ്ട് ജൂതര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധ്യമല്ല എന്നായിരുന്നു പ്രവാചകന്റെ അപ്പോഴത്തെ പ്രതികരണം. ഈ സംഭവത്തിന്റെ പേരില്‍ ഒരു നിരപരാധി പോലും കൊല്ലപ്പെടുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. അബ്ദുല്ലാഹിബ്‌നു സഹ്‌ലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. 

ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ തന്റെ കീഴിലുള്ള ഇതര സമൂഹങ്ങള്‍ക്ക് മതപരമായ എല്ലാ അവകാശങ്ങളും വകവെച്ച് കൊടുക്കുമ്പോള്‍ ഉത്തരാധുനികതയില്‍ നമ്മുടേത് പോലുള്ള രാജ്യത്ത് വംശീയതയുടെ വക്താക്കള്‍ തങ്ങളുടെ വിശ്വാസാചാരങ്ങള്‍ രാജ്യത്തിന്റെ പൊതുബോധമാക്കാന്‍ ശ്രമിക്കുകയാണ്. പോലീസ്-നിയമ സംവിധാനങ്ങളെ വരെ അതിനായി മാറ്റിമറിക്കുന്നു. എന്നാല്‍, ഉള്‍ക്കൊള്ളലിന്റെ മഹത്തായ മാതൃക ലോകത്തിന് സമര്‍പ്പിക്കുകയായിരുന്നു പ്രവാചകന്‍. ഇന്ന് ഇന്ത്യയുടെ ഭരണ ഘടനയില്‍ കാണുന്ന പല മൂല്യങ്ങളും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തന്റെ രാഷ്ട്ര രൂപീകരണത്തിന് വേണ്ടി എഴുതിയുണ്ടാക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്ത ഭരണാധികാരിയായി പ്രവാചകന്‍ മാറിയത് അദ്ദേഹത്തിന്റെ സഹിഷ്ണുത കാരണമാണ്. വിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു ആ സഹിഷ്ണുതയുടെ അടിസ്ഥാനം. സഹിഷ്ണുതക്ക് രാജ്യത്തിന്റെ നിലനില്‍പ്പിലും സമാധാനത്തിലും ക്ഷേമത്തിലും വലിയ പങ്കുവഹിക്കാനുണ്ട്. അതുകൊണ്ടാണ് 'സഹിഷ്ണുത' ഇന്ന് രാഷ്ട്രീയ ചര്‍ച്ചകളിലും പാര്‍ലമെന്റിലും കോടതിയിലും സിനിമാ ലോകത്ത് പോലും ഇടക്കിടെ കടന്നുവരുന്നത്. രാജ്യത്തിന്റെയും ലോകത്തിന്റെയും നേതൃത്വം ഏല്‍പ്പിക്കേണ്ടത് സഹിഷ്ണുത ഉള്ളവരെയാണ്. അത് വെറുതെ ഉണ്ടാകുന്ന ഗുണമല്ല. കൃത്യമായ ഒരു വ്യവസ്ഥയുടെ മാര്‍ഗദര്‍ശനവും പരിശീലനവും അതിനാവശ്യമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /51-53
എ.വൈ.ആര്‍