Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 25

ഐക്യസന്ദേശവുമായി ജമാഅത്തെ ഇസ്‌ലാമി ഹൈദരാബാദ് സമ്മേളനം

അശ്‌റഫ് കീഴുപറമ്പ്

         ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ അഖിലേന്ത്യാ സമ്മേളനത്തിന് ഹൈദരാബാദില്‍ ഉജ്ജ്വല പരിസമാപ്തി. ഡിസംബര്‍ 11,12,13,14 തീയതികളില്‍ ഹൈദരാബാദ് പ്രാന്ത നഗരിയായ പഹാഡി ശരീഫിലെ 'വാദി ഹുദ' നഗറിലായിരുന്നു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പടയാളികള്‍ ഒത്തുചേര്‍ന്നത്. ചാര്‍മിനാറിന്റെ സൗന്ദര്യവും മക്ക മസ്ജിദിന്റെ ഗാംഭീര്യവും ഉസ്മാനിയ സര്‍വകലാശാലയുടെ വൈജ്ഞാനിക സാംസ്‌കാരിക പാരമ്പര്യവും മേളിക്കുന്ന ഈ ചരിത്ര നഗരം, അനുദിനം അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനത്തിന്റെ മുന്നോട്ട് പോക്കിനെക്കുറിച്ച ഗൗരവതരമായ ആലോചനകള്‍ക്ക് വേദിയായത് തികച്ചും സ്വാഭാവികം മാത്രം. നവോത്ഥാനത്തിന്റെ പടഹധ്വനി മുഴക്കിയ മൗലാനാ മൗദൂദിയുടെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ പ്രസിദ്ധീകരണം തുടങ്ങിയതും ഹൈദരാബാദില്‍ നിന്നായിരുന്നല്ലോ. 

വാദി ഹുദയിലിത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നാലാമത്തെ വലിയ ഒത്തുകൂടലാണ്. ആദ്യ ഒത്തുകൂടല്‍ 1981 ല്‍. ജമാഅത്തിന്റെ അഖിലേന്ത്യാ സമ്മേളനം. പതിനാറാം വയസ്സില്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തത് ഇപ്പോഴും നല്ല തെളിമയോടെ ഓര്‍മയില്‍ ഉണ്ട്. അങ്ങിങ്ങ് കല്‍ക്കൂമ്പാരങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന ആളൊഴിഞ്ഞ പ്രദേശമായിരുന്നു പഹാഡി ശരീഫിലെ 48 ഏക്കര്‍ പരന്ന് കിടക്കുന്ന ഈ മൈതാനം അന്ന്. ഇന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തിന് സ്വന്തമാണ്. ഒരു സ്‌കൂളും ആലിം മദ്‌റസയും അവിടെ പ്രവര്‍ത്തിക്കുന്നു. ആളൊഴിഞ്ഞ വഴിയോരങ്ങള്‍ ഇപ്പോള്‍ ജനനിബിഡമായിരിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡ് സ്റ്റേറ്റ് ഹൈവേക്ക് വഴിമാറിയിരിക്കുന്നു. 

ഹിജ്‌റ പതിനഞ്ചാം ശതകത്തിലേക്ക് കടക്കുന്ന സന്ദര്‍ഭത്തിലാണ് 1981 ലെ സമ്മേളനം. ഹിജ്‌റ പതിനഞ്ചാം നൂറ്റാണ്ട് ഇസ്‌ലാമിന്റെ നൂറ്റാണ്ട് എന്നായിരുന്നു അന്ന് ഉയര്‍ന്നു കേട്ടിരുന്ന മുദ്രാവാക്യം. അന്ന് സമ്മേളന നഗരിയിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പതിനാല് ഗേറ്റുകള്‍ സ്ഥാപിച്ചിരുന്നു. ഓരോ ഗേറ്റിനും ഓരോ നൂറ്റാണ്ടിലെയും പ്രമുഖരായ ഇമാമിന്റെയോ പരിഷ്‌കര്‍ത്താവിന്റെയോ പേരാണ് നല്‍കിയിരുന്നത്. ഹൈദരാബാദിലെ മുസ്‌ലിം സമൂഹത്തിന് പുതിയ ദിശാബോധവും ആവേശവും പകര്‍ന്നത് ഈ സമ്മേളനമായിരുന്നുവെന്നും അതിന് ശേഷമാണ് ഈ മേഖലയില്‍ മുസ്‌ലിംകള്‍ കൂട്ടമായി വന്ന് താമസിക്കാന്‍ തുടങ്ങിയതെന്നും ഹൈദരാബാദിലെ ഉര്‍ദു വാരികയായ ഗവാഹിന്റെ കോളമിസ്റ്റ് സയ്യിദ് ഫാദില്‍ ഹുസൈന്‍ പര്‍വേസ് എഴുതുന്നു. 

അതിന് ശേഷം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ രണ്ട് സുപ്രധാന സംഗമങ്ങള്‍ക്ക് കൂടി വാദി ഹുദ സാക്ഷ്യം വഹിക്കുകയുണ്ടായി. 1997 ല്‍ ജമാഅത്ത് അംഗങ്ങളുടെ സമ്മേളനം, 2006 ല്‍ അര ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത വനിതാ സമ്മേളനം. നാലാമത്തെ സംഗമത്തിലെത്തുമ്പോള്‍ നീണ്ട 35 വര്‍ഷം പിന്നിട്ടിരിക്കുന്നു. അന്നത്തെ കൗമാരക്കാര്‍ ഇന്ന് മധ്യവയസ്സ് പിന്നിട്ടവരാണ്. സമ്മേളന വിജയത്തിനായി അന്ന് ഊണും ഉറക്കവും മറന്ന് ഓടി നടന്നവര്‍ വാര്‍ധക്യത്തിന്റെ അവശതകളിലെത്തുകയോ ഇഹലോകത്തോട് തന്നെ വിട പറയുകയോ ചെയ്തിരിക്കുന്നു. ഇത് തലമുറകളുടെ മാറ്റമാണ്. 1981 ല്‍ സമ്മേളനം നടക്കുമ്പോള്‍ ജനിച്ചിട്ട് പോലുമില്ലാത്ത യുവതലമുറയാണ് ഈ സമ്മേളനത്തില്‍ ചില സെഷനുകളെങ്കിലും നിയന്ത്രിച്ചത് എന്ന വസ്തുത പ്രസ്ഥാനം യുവത്വം നിലനിര്‍ത്തുന്നതിന്റെ സാക്ഷ്യം കൂടിയായി. 

ഡിസംബര്‍ 11 വെള്ളിയാഴ്ച ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം ഇഅ്ജാസ് അസ്‌ലം സാഹിബിന്റെ ജുമുഅ ഖുത്വ്ബയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഖുര്‍ആനിക സൂക്തങ്ങളുടെ പിന്‍ബലത്തില്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങളാണ് അദ്ദേഹം ഓര്‍മിപ്പിച്ചത്. ആദ്യ സെഷനില്‍ സമ്മേളന കണ്‍വീനര്‍ മുജ്തബാ ഫാറൂഖിന്റെ സ്വാഗത ഭാഷണത്തിന് ശേഷം ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരിയുടെ ഉദ്ഘാടന പ്രഭാഷണമായിരുന്നു. ''ഒട്ടേറെ പ്രയാസങ്ങള്‍ സഹിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാമിവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്. വളരെ പ്രയാസങ്ങള്‍ സഹിച്ചാണ് ഇവിടെ കഴിഞ്ഞു കൂടുന്നതും. എന്തിനു വേണ്ടിയാണിത്? നമ്മുടെ ജീവിത ലക്ഷ്യം ഒന്നുകൂടി ക്ലിപ്തപ്പെടുത്തുന്നതിന് വേണ്ടി. നമ്മുടെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടി. പരസ്പര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി. ആത്മപരിശോധന നടത്തുന്നതിന് വേണ്ടി. അങ്ങനെ കൂടുതല്‍ ഇഖ്‌ലാസ്വുള്ളവരാവാന്‍ വേണ്ടി. ഇങ്ങനെ ലഭിക്കുന്ന ആവേശം കൈമുതലാക്കി മുസ്‌ലിം ഉമ്മത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി.'' 

ജമാഅത്ത് തെരഞ്ഞെടുത്തിരിക്കുന്നത് പ്രവാചകന്മാരുടെ പാതയാണെന്നും ഖുര്‍ആനാണ് അതിന്റെ ആധാരമെന്നും അമീര്‍ ഓര്‍മിപ്പിച്ചു. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ റിപ്പോര്‍ട്ട് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് സലീം അവതരിപ്പിച്ചു. സമയക്കുറവ് കാരണം പ്രധാന കര്‍മ മേഖലകള്‍ സ്പര്‍ശിച്ചു പോവുക മാത്രമാണ് ചെയ്തത്. വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമിന്റെ യഥാര്‍ഥ ചിത്രം രാജ്യനിവാസികള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുക എന്നതിനാണ് ജമാഅത്തെ ഇസ്‌ലാമിയുടെ കര്‍മപരിപാടികളില്‍ ഇപ്പോഴും ഒന്നാം സ്ഥാനം. ഇതിന് വേണ്ടി പശ്ചിമ ബംഗാള്‍, ബിഹാര്‍, യൂ.പി (കിഴക്ക്), (ഐക്യ) ആന്ധ്രപ്രദേശ്  എന്നിവിടങ്ങളില്‍ വിപുലമായ കാമ്പയിനുകള്‍ സംഘടിപ്പിക്കുകയുണ്ടായി. മറ്റൊരു പ്രധാന കര്‍മമേഖല മുസ്‌ലിം സമൂഹത്തിന്റെ സംസ്‌കരണവും പരിഷ്‌കരണവുമാണ്. ദല്‍ഹി, അസം (വടക്ക്), പശ്ചിമ ബംഗാള്‍, കര്‍ണാടക, കേരള, ബിഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിന് വേണ്ടി ദിവസങ്ങള്‍ നീണ്ട കാമ്പയിന്‍ പരിപാടികള്‍ സംഘടിപ്പിച്ചു. ദേശീയവും അന്തര്‍ദേശീയവുമായ പ്രശ്‌നങ്ങളില്‍ ജമാഅത്ത് സ്വീകരിച്ച നിലപാടുകളെക്കുറിച്ചും സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിവരണമുണ്ട്. 

പ്രാസ്ഥാനിക സെഷനുകള്‍

'മാറുന്ന ചുറ്റുപാടുകളില്‍ ഇസ്‌ലാമിക പ്രസ്ഥാനം' എന്ന സമ്മേളന ശീര്‍ഷകത്തിന്റെ വിപുലനമാണ് മുഴുവന്‍ സെഷനുകളും എന്ന് പറയാം. ഒന്നാം ദിവസം രാത്രിയാണ് ഇതിന്റെ ഒന്നാം സെഷന്‍ നടന്നത്. 'പ്രസ്ഥാനവും നമ്മുടെ ഉത്തരവാദിത്തങ്ങളും' എന്ന വിഷയമാണ് ചര്‍ച്ച ചെയ്തത്. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം മുല്‍ക് മുഅ്തസിം ഖാന്‍, സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍ മുല്ല എന്നിവരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്. കേന്ദ്ര കൂടിയാലോചനാ സമിതി അംഗമായ ടി.കെ അബ്ദുല്ല സാഹിബായിരുന്നു ഈ സെഷന് ആധ്യക്ഷം വഹിക്കേണ്ടിയിരുന്നതെങ്കിലും, അനാരോഗ്യം കാരണം അദ്ദേഹത്തിന് വന്നെത്താന്‍ കഴിഞ്ഞില്ല. രണ്ടാം ദിവസത്തെ പ്രാസ്ഥാനിക സെഷന്‍ 'അംഗത്വത്തിന്റെ നിര്‍ദ്ദിഷ്ട മാനദണ്ഡ'ത്തെക്കുറിച്ചായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ഒരാള്‍ അംഗത്വത്തിന് യോഗ്യനാവുന്നത് എപ്പോള്‍? ആ യോഗ്യതയുടെ മാനദണ്ഡം ഭൗതികമോ ബാഹ്യമോ ആയ യാതൊന്നുമായും ബന്ധപ്പെട്ടതല്ല. ഒരാള്‍ അല്ലാഹുവുമായി പുലര്‍ത്തുന്ന അടുത്ത ബന്ധമാണ് അയാളെ ജമാഅത്ത് അംഗത്വത്തിന് അര്‍ഹനാക്കുന്നത്. ഒരാള്‍ നേടിയ ആത്മസംസ്‌കരണം എത്രത്തോളം എന്നതിനെ ആശ്രയിച്ചിരിക്കും അംഗത്വത്തിന്റെ മാറ്റ്. അല്ലാഹുവുമായി ബന്ധം സ്ഥാപിക്കുന്നത് അവനോടുള്ള ബാധ്യതകള്‍ നിര്‍വഹിച്ചുകൊണ്ടേ സാധ്യമാവൂ. ആ ബാധ്യതകളില്‍ വളരെ പ്രധാനപ്പെട്ടതാണ് സമസൃഷ്ടികളോടുള്ള ബാധ്യതകള്‍. ഇതേക്കുറിച്ചാണ് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി സംസാരിച്ചത്. എല്ലാവരുടെയും അവകാശങ്ങള്‍ പൂര്‍ണമായി വകവെച്ചുനല്‍കുമ്പോഴാണ് അല്ലാഹുവുമായി യഥാര്‍ഥ ബന്ധം സ്ഥാപിതമാവുക. അന്യന്റെ സ്വത്ത് അപഹരിക്കാതിരിക്കുക, എല്ലാവരോടും മാന്യമായി പെരുമാറുക, അതിക്രമങ്ങള്‍ക്കെതിരെ മര്‍ദ്ദിതരുടെ പക്ഷത്ത് നിലകൊള്ളുക, മാതാപിതാക്കളോടുള്ള കടമകള്‍ നിറവേറ്റുക, കുടുംബത്തെ നല്ല ശിക്ഷണം നല്‍കി വളര്‍ത്തുക ഇതൊക്കെയും സമസൃഷ്ടികളോടുള്ള ബാധ്യതകളില്‍ പെടുന്നു. ഡോ. ജാവേദ് മുഖ്‌റം സിദ്ദീഖി ദൈവ മാര്‍ഗത്തിലെ സമര്‍പ്പണത്തെക്കുറിച്ചാണ് സംസാരിച്ചത്. ആദ്യകാല വിശ്വാസികളുടെ ജീവിത മാതൃക പിന്‍പറ്റി ഉദ്ഗ്രഥിത വ്യക്തിത്വങ്ങളായി വളരുകയാണ് ആദ്യം വേണ്ടത്. സമയം പാഴാക്കാതെ കൃത്യമായി വിനിയോഗിക്കാനും കഴിയണം. മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ മുഹമ്മദ് ജഅ്ഫറും ഈ സെഷനില്‍ സംബന്ധിച്ചു. 

'ഭദ്രമായ എടുപ്പ്' (ബുന്‍യാന്‍ മര്‍സ്വൂസ്) എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന അധ്യക്ഷന്‍മാരുടെ അനുഭവ വിവരണമായിരുന്നു മറ്റൊരു പ്രാസ്ഥാനിക സെഷന്‍. ഇന്‍ആമുല്ല ഇസ്വ്‌ലാഹി (പശ്ചിമ യു.പി), എ. ശബീര്‍ അഹ്മദ് (തമിഴ്‌നാട്), എം.ഐ അബ്ദുല്‍ അസീസ് (കേരള), നയ്യിറുസ്സമാന്‍ (ബിഹാര്‍), നൂറുദ്ദീന്‍ ഷാ (പശ്ചിമ ബംഗാള്‍), തൗഫീഖ് അസ്‌ലം ഖാന്‍ (മഹാരാഷ്ട്ര) എന്നിവരാണ് തങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളില്‍ നടന്ന ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചത്. അബ്ദുസ്സലാം ദസ്തഗീര്‍ (ആന്ധ്രപ്രേദശ്) സെഷന്‍ നിയന്ത്രിച്ചു. സംഘടനാ സെഷനില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി അത്വിയ്യ സ്വിദ്ദീഖ, കേന്ദ്ര കൂടിയാലോചനാ സമിതിയംഗം അബ്ദുല്‍ ജബ്ബാര്‍ സ്വിദ്ദീഖി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. വ്യക്തികള്‍ക്ക് ധാരാളം പരിമിതികളുണ്ട്. അതും കൂടി കണക്കിലെടുത്താവണം പ്രോഗ്രാമുകള്‍ തയാറാക്കേണ്ടത്. മൂന്നു തരം പ്രവര്‍ത്തനങ്ങളാണ് നടക്കാറുള്ളത്. വ്യക്തികള്‍ സ്വയം സന്നദ്ധരായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഒന്ന്. ഇതിന് പരിധികളോ പരിമിതികളോ ഇല്ല. വ്യക്തി പൊതു സ്വീകാര്യനാണെങ്കില്‍ ഫലം അത്ഭുതകരമായിരിക്കും. പക്ഷേ, ഇന്ന് സംഘടനാ വൃത്തങ്ങളില്‍ വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായി വരുന്നതായാണ് അനുഭവം. ഒരാളുടെ സാമൂഹിക പ്രവര്‍ത്തനമാണ് രണ്ടാമത്തേത്. മൂന്നാമത്തേത് സംഘടന നിര്‍ദേശിക്കുന്ന പ്രവര്‍ത്തനങ്ങളും. ഈ മൂന്ന് തലങ്ങളും വേണ്ട അളവില്‍ മേളിക്കുമ്പോഴാണ് ഒരു സജീവ ഇസ്‌ലാമിക പ്രവര്‍ത്തകന്‍ ജന്മം കൊളളുന്നത്-അബ്ദുല്‍ ജബ്ബാര്‍ സ്വിദ്ദീഖി പറഞ്ഞു. 

'ഇസ്‌ലാമിക പ്രസ്ഥാനം ചിന്തയും വെല്ലുവിളികളും' എന്ന സംഘടനാ സെഷനെ ശ്രദ്ധേയമാക്കിയത് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സആദതുല്ലാ ഹുസൈനിയുടെ പ്രബന്ധാവതരണമാണ്. മാറുന്ന ലോകത്ത് ഇസ്‌ലാമിക പ്രസ്ഥാനം എന്ത് നിലപാട് കൈക്കൊള്ളണം എന്ന വിഷയത്തില്‍ കൃത്യമായ ദിശാബോധം നല്‍കുന്നതായിരുന്നു പ്രബന്ധം (അതിന്റെ പരിഭാഷ പ്രബോധനം പ്രസിദ്ധീകരിക്കുന്നുണ്ട്). ഡോ. ഹസന്‍ രിദ, ഡോ. മുഹമ്മദ് റഫ്അത്ത് (രണ്ട് പേരും ജമാഅത്ത് സെക്രട്ടറിമാര്‍), ഡോ. ഖാസിം റസൂല്‍ ഇല്‍യാസ് (കേന്ദ്ര കൂടിയാലോചനാ സമിതിയംഗം) എന്നിവരും പുതുകാലത്ത് ഇസ്‌ലാമിക പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സൃഷ്ടിക്കപ്പെടുന്ന പുതിയ അവസരങ്ങളെക്കുറിച്ചും സംസാരിച്ചു.

സമാന്തര സെഷനുകള്‍

ഒട്ടേറെ സമാന്തര സെഷനുകള്‍ സംഘടിപ്പിക്കാനായി എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രത്യേകത. അതുവഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി അംഗങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കാനുള്ള അവസരമൊരുങ്ങി. സമ്മേളനത്തിന്റെ ആദ്യ ദിവസം രാത്രി പ്രധാന പന്തലില്‍ പരിപാടി നടന്നുകൊണ്ടിരിക്കെത്തന്നെ ടെന്റുകളിലും ഭക്ഷണ ഹാളുകളിലുമായി പത്തിലധികം സമാന്തര സെഷനുകളാണ് നടന്നുകൊണ്ടിരുന്നത്. പ്രസ്ഥാനവും മെഡിക്കല്‍ പ്രഫഷനലുകളും, പ്രസ്ഥാനവും പണ്ഡിതന്മാരും, പ്രസ്ഥാനവും സാഹിത്യവും, സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍, വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍, ജനസേവനം, പ്രവാസികളും പ്രസ്ഥാനവും, സ്ത്രീകള്‍ക്കിടയിലെ പ്രവര്‍ത്തനം, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, സോഷ്യല്‍ ആക്ടിവിസം, വിദ്യാര്‍ഥി യുവജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനം, വ്യാപാര സംരംഭങ്ങള്‍ തുടങ്ങിയ ശീര്‍ഷകങ്ങളില്‍ നടന്ന സമാന്തര സെഷനുകളില്‍ ഒട്ടുമുക്കാല്‍ സമയവും അഭിപ്രായ പ്രകടനത്തിനായി വിട്ടുകൊടുക്കുകയായിരുന്നു. 

വിവിധ രംഗങ്ങളിലെ പോരായ്മകള്‍ നികത്താനുതകുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ സമാന്തര സെഷനുകള്‍ വഴി സമാഹരിക്കാനായി. സാഹിത്യ സെഷനില്‍, സര്‍ഗാവിഷ്‌കാരം കവിതകളില്‍ മാത്രമായിപ്പോകുന്നു എന്ന വിമര്‍ശം ഉയര്‍ന്നു. ജമാഅത്ത് പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന 'പേഷ്‌റഫ്ത്ത്' സാഹിത്യ മാസികയില്‍ എല്ലാ വിഭാഗം ആളുകളുടെയും രചനകള്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ടായി. ജമാഅത്തെ ഇസ്‌ലാമി സ്ഥാപിക്കപ്പെടുന്ന കാലത്ത് എല്ലാ വിഭാഗം പണ്ഡിതന്മാരുടെയും എതിര്‍പ്പാണ് ജമാഅത്ത് പണ്ഡിതന്മാര്‍ക്ക് നേരിടേണ്ടി വന്നത്. ആരോപണങ്ങള്‍ക്ക് യുക്തി ഭദ്രമായ മറുപടികളുമായി ജമാഅത്ത് പണ്ഡിതന്മാര്‍ രംഗത്ത് വരുന്നതാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തില്‍ പ്രാസ്ഥാനികാശയങ്ങള്‍ക്ക് എങ്ങനെ പൊതുജന സ്വീകാര്യത നേടിക്കൊടുക്കാം എന്നതാണ് ജമാഅത്ത് പണ്ഡിതന്മാര്‍ ഏറ്റെടുക്കേണ്ട ഇനിയുള്ള ദൗത്യമെന്ന് പണ്ഡിത സമ്മേളനം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ സമാന്തര സമ്മേളനത്തില്‍ മനുഷ്യാവകാശ സംഘടനയായ എ.പി.സി.ആറിനെ ശക്തിപ്പെടുത്തുക, പ്രാദേശിക തലം വരെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക, പൊതു ജനങ്ങള്‍ക്കിടയില്‍ നിയമാവബോധം വളര്‍ത്തുക, മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് ചെറിയ വീഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുക, പോലീസുമായി അടുത്ത ബന്ധം നിലനിര്‍ത്തുക, എല്ലാ വിഭാഗം മര്‍ദിതര്‍ക്കും വേണ്ടി ഒരുപോലെ ശബ്ദമുയര്‍ത്തുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. വ്യാപാര സംരംഭങ്ങള്‍ വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം പിറകിലാണെന്ന് തുര്‍ക്കിയിലെയും ബംഗ്ലാദേശിലെയും ഈജിപ്തിലെയും അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി ബിസിനസ് സമാന്തര സെഷനില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സത്യസന്ധമായ വ്യാപാരം ഇസ്‌ലാമിക പ്രബോധനത്തിന്റെ കരുത്തുറ്റ മാധ്യമമാക്കി മാറ്റാന്‍ കഴിയണം. 

സമാന്തര സെഷനുകള്‍ ഒരേ സമയം നടക്കുന്നത് കൊണ്ട് ഒരു സെഷനില്‍ മാത്രമേ ഒരാള്‍ക്ക് പങ്കെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇതിന് പ്രതിവിധിയായി സമാപന സെഷനില്‍ ഓരോ സമാന്തര സെഷനിലും നടന്ന ചര്‍ച്ചകളുടെ സംക്ഷിപ്തം അതത് കണ്‍വീനര്‍മാര്‍ അവതരിപ്പിച്ചു. സമാന്തര സെഷനുകള്‍ ശ്രദ്ധിക്കപ്പെട്ടത് മലയാളി അംഗങ്ങളുടെ അസാന്നിധ്യം കൊണ്ട് കൂടിയാണ്. സാമൂഹിക ഇടിപെടലുകളില്‍ താരതമ്യേന മുമ്പിലുള്ള കേരളത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് ഭാഷയാണ് വിലങ്ങു തടിയായത്. ഉര്‍ദു അറിയാത്തത് കൊണ്ട് സമ്മേളന സെഷനുകളും അവര്‍ക്ക് വേണ്ട പോലെ പിന്തുടരാനായില്ല. പ്രഭാഷണങ്ങളുടെയും ചര്‍ച്ചകളുടെയും മലയാള പരിഭാഷ ലഭിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നെങ്കിലും വിഷയത്തെക്കുറിച്ച് ഏകദേശ ധാരണ നല്‍കാനേ അത് കൊണ്ട് സാധ്യമാകുമായിരുന്നുള്ളൂ. മുന്‍സമ്മേളനങ്ങളില്‍ എന്ന പോലെ ഈ സമ്മേളനത്തിലും കേരളീയാനുഭവങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ഭാഷ തടസ്സമായി. കുറച്ചാളുകളെയെങ്കിലും ഉര്‍ദു ഭാഷ സംസാരിക്കാന്‍ പ്രാപ്തരാക്കുന്നതിലൂടെ ഒരു പരിധി വരെയെങ്കിലും ഈ പോരായ്മ മറികടക്കാന്‍ കഴിയും.

പൊതുസമ്മേളനം

രണ്ടാം ദിവസം രാത്രി നടന്നത് ഹൈദരാബാദികളുടെ ബഹുജന സംഗമം തന്നെയായിരുന്നു. ബസുകളിലും മറ്റു വാഹനങ്ങളിലുമായി പതിനായിരക്കണക്കിന് ആളുകളാണ് വാദി ഹുദ നഗറിലെത്തിയത്. അവരില്‍ ഒട്ടുമുക്കാലും സ്ത്രീകള്‍. കേരളത്തിലേത് പോലെ ഇടുങ്ങിയ കക്ഷിതാല്‍പ്പര്യങ്ങള്‍ അവിടെ വിലക്കുകള്‍ തീര്‍ക്കുന്നില്ല. സ്റ്റേജിലും മുസ്‌ലിം മതരാഷ്ട്രീയ സാമൂഹിക കൂട്ടായ്മകളുടെ ഒരു പരിഛേദം കാണാമായിരുന്നു. 'രാഷ്ട്ര പുനര്‍ നിര്‍മാണത്തില്‍ നമ്മുടെ പങ്ക്' എന്നതായിരുന്നു പൊതുസമ്മേളന പ്രമേയം. എല്ലാവരും ആ വിഷയത്തിലൂന്നിയാണ് സംസാരിച്ചതും. സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തരം രാഷ്ട്ര പുനര്‍നിര്‍മാണത്തിലും നിര്‍ണായക പങ്കുവഹിച്ച മുസ്‌ലിംകളെ ഭീകരതയുടെ വക്താക്കളായി മുദ്രകുത്താനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ഗൂഢാലോചനക്കെതിരെ അതിശക്തമായ താക്കീത് കൂടിയായി പ്രമുഖരുടെ പ്രസംഗങ്ങള്‍. 

തെലുങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലിയായിരുന്നു പൊതുസമ്മേളനത്തിലെ മുഖ്യാതിഥി. ''ഇന്ന് ചില ശക്തികള്‍ മുസ്‌ലിംകളെ മുഖ്യധാരയില്‍ നിന്ന് അകറ്റാനും അവരുടെ ചരിത്രത്തെ തമസ്‌കരിക്കാനും ശ്രമിക്കുകയാണ്. അവരെ ഭീകരതയുടെ വക്താക്കളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ ഇസ്‌ലാമിനോ ഇസ്‌ലാം മത വിശ്വാസികള്‍ക്കോ ഭീകരതയുമായി ഒരു ബന്ധവുമില്ല. ഇസ്‌ലാം ശാന്തിയുടെയും സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്. വായിക്കൂ എന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ഒരു വേദഗ്രന്ഥത്തിന് എങ്ങനെ ഭീകരതയെ പ്രമോട്ട് ചെയ്യാന്‍ കഴിയും?'' അദ്ദേഹം ചോദിച്ചു. തെലുങ്കാന സംസ്ഥാനത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ മുസ്‌ലിംകള്‍ പ്രത്യേകിച്ച് ജമാഅത്തെ ഇസ്‌ലാമി വലിയ പങ്കാണ് വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളല്ലാത്തവര്‍ക്ക് യഥാര്‍ഥ ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി പുറത്തിറക്കിയ ഗ്രന്ഥങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ഉപമുഖ്യമന്ത്രി പ്രശംസിച്ചു. 

ചിലരുടെ അസഹിഷ്ണുത രാജ്യത്ത് ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് തെലുങ്കാന അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് മുഹമ്മദ് അലി ശബീര്‍ പറഞ്ഞു. ഒട്ടും സഹിഷ്ണുതയില്ലാത്ത നടപടികളില്‍ പ്രതിഷേധിച്ച് ബഹുമതികള്‍  തിരിച്ചു നല്‍കിയ എഴുത്തുകാരെയും ബുദ്ധിജീവികളെയും അഭിവാദ്യം ചെയ്യുകയാണ്. മതനിരപേക്ഷത എത്ര ശക്തമാണെന്നതിന്റെ തെളിവാണിത്. ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ്‌സെയെ ഹീറോയാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. കേന്ദ്ര ഭരണകൂടം രാജ്യദ്രോഹികളെ ഹീറോകളും ഹീറോകളെ രാജ്യദ്രോഹികളുമാക്കുകയാണെന്ന് നിറഞ്ഞ കൈയടികള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു. 

സുപ്രീംകോടതി അഭിഭാഷകന്‍ മഹ്മൂദ് പറാച്ചയുടേതായിരുന്നു ശ്രദ്ധേയമായ മറ്റൊരു പ്രസംഗം. കള്ളക്കേസുകളില്‍ കുടുക്കി മുസ്‌ലിം ചെറുപ്പക്കാരെ ഭരണകൂടം ഭീകരക്കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചുകൊണ്ടിരുന്നപ്പോള്‍ വധഭീഷണികള്‍ പോലും വകവെക്കാതെ ഇരകള്‍ക്ക് വേണ്ടി ശബ്ദിച്ച മനുഷ്യാവകാശ പോരാളി കൂടിയാണ് മഹ്മൂദ് പറാച്ച. ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ പൗരനും ഈ രാജ്യത്തിന്റെ ഉടമസ്ഥതയില്‍ പങ്കാളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരക്കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ മുഴുവന്‍ മുസ്‌ലിം ചെറുപ്പക്കാരാണ്. കൃത്യമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്. ഈ അനീതിക്കെതിരെ ഒറ്റക്കെട്ടായി നിലയുറപ്പിക്കണം. വാര്‍ധക്യസഹജമായ അവശതകള്‍ വകവെക്കാതെ ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാധ്യക്ഷന്‍ മൗലാന സിറാജുല്‍ ഹസന്‍ സാഹിബ് വേദിയിലെത്തി. എല്ലാ വിഭാഗം ജനങ്ങളുമായും ഒത്ത് ചേര്‍ന്ന് രാഷ്ട്ര പുരോഗതിക്കായി യത്‌നിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ആന്ധ്രാ-തെലുങ്കാന ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് പീര്‍ ശബീര്‍ അഹ്മദ്, വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് എസ്.ക്യൂ.ആര്‍ ഇല്‍യാസ്, നാനക് സിംഗ നശ്തര്‍, മൗലാനാ കല്‍ബ് സാദിഖ്, ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റ് ഇഖ്ബാല്‍ ഹുസൈന്‍ തുടങ്ങിയവരും പങ്കെടുത്തു. 

സഹകരണത്തിന്റെ ഭിന്നമുഖങ്ങള്‍

ഇരുപത്തിയഞ്ച് ഏക്കര്‍ സ്ഥലത്താണ് സമ്മേളനപ്പന്തലും താമസിക്കാനുള്ള തുണിപ്പന്തലുകളും ഒരുക്കിയിരുന്നത്. താമസിക്കാനുള്ള ടെന്റുകള്‍ പുരുഷന്‍മാര്‍ക്ക് ഏഴും സ്ത്രീകള്‍ക്ക് മൂന്നും. തെലുങ്കാന ഗവണ്‍മെന്റിന്റെ അകമഴിഞ്ഞ പിന്തുണയും സഹകരണവുമാണ് സമ്മേളനം വന്‍ വിജയമായതിന്റെ കാരണങ്ങളിലൊന്ന്. പോലീസ് സംവിധാനം 24 മണിക്കൂറും ജാഗ്രതയോടെ നിലയുറപ്പിച്ചു. ദേഹപരിശോധന നടത്താതെ ഒരാളെയും അകത്തേക്ക് കടത്തിവിട്ടിരുന്നില്ല. മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ദിവസവും സമ്മേളന നഗരിയില്‍ എത്തിച്ചുകൊണ്ടിരുന്നത്. മെഡിക്കല്‍ ക്യാമ്പും ആംബുലന്‍സും ഫയര്‍സര്‍വീസും ഗവണ്‍മെന്റ് വക തന്നെ. സമ്മേളനം തുടങ്ങുന്നതിന് ആഴ്ചകള്‍ക്ക് മുമ്പേ ഉപമുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലി സ്ഥലം സന്ദര്‍ശിക്കുകയും സഹകരണം ഉറപ്പുനല്‍കുകയും ചെയ്തിരുന്നുവെന്ന് സമ്മേളന സംഘാടകരില്‍ ഒരാളും ജമാഅത്ത് തെലുങ്കാന ഘടകം പി.ആര്‍ സെക്രട്ടറിയുമായ അസ്ഹറുദ്ദീന്‍ പറഞ്ഞു. 

കഴിഞ്ഞ നവംബര്‍ 21,22,23 തീയതികളിലായിരുന്നു തബ്‌ലീഗ് ജമാഅത്തിന്റെ ഒരു വന്‍ സമ്മേളനം ഹൈദരാബാദില്‍ ചേര്‍ന്നത്. അതിന് വേണ്ടി വാങ്ങിയിരുന്ന 5 വലിയ ജലസംഭരണികളും ആയിരം ലോട്ടകളും മുന്നൂറിലധികം ബക്കറ്റുകളും, നിലത്ത് വിരിക്കുന്ന ആയിരക്കണക്കിന് അടി നീളത്തിലുള്ള ഷീറ്റുകളും  തബ്‌ലീഗ് പ്രവര്‍ത്തകര്‍ ജമാഅത്ത് പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയായിരുന്നു. നഗരി നിര്‍മാണച്ചെലവ് ഗണ്യമായി കുറക്കാന്‍ ഇത് നിമിത്തമായി. ഈ ഉദാരമനസ്സും ഇസ്‌ലാമിക സാഹോദര്യവുമാണ് ഈ സമ്മേളനത്തിന്റെയും, കഴിഞ്ഞ മാസം നടന്ന തബ്‌ലീഗ് സമ്മേളനത്തിന്റെയും ഏറ്റവും വലിയ സന്ദേശം. സമ്മേളനത്തിലുടനീളം മുഴങ്ങിക്കേട്ടതും ഐക്യത്തിനും സഹകരണത്തിനും വേണ്ടിയുളള ആഹ്വാനമായിരുന്നു.  

തെലുങ്കാന പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും

         തെലുങ്കാന പ്രക്ഷോഭം രൂപപ്പെട്ടുവരുന്ന സന്ദര്‍ഭം. തെലുങ്കാന പ്രസ്ഥാനത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി ആന്ധ്രഘടകം ഒരു കമ്മിറ്റിയെ നിയോഗിക്കുന്നു. തെലുങ്കാന മേഖലയിലെ ജനങ്ങള്‍ കടുത്ത അനീതികള്‍ക്ക് തുടര്‍ച്ചയായി ഇരകളാവുന്നുണ്ടെന്നാണ് കമ്മിറ്റി കണ്ടെത്തിയത്. വിഭവങ്ങളും സൗകര്യങ്ങളുമുള്ളത് തെലുങ്കാനക്ക്. അതൊക്കെ ചൂഷണം ചെയ്യുന്നത് ആന്ധ്ര മേഖലയിലെ ആളുകളും. അധഃസ്ഥിതര്‍ക്ക് വേണ്ടി അനുവദിച്ച ഫണ്ടുകളത്രയും പോകുന്നത് ആന്ധ്ര-റായല്‍സീമ മേഖലകളിലേക്ക്. ജലത്തിന്റെ പങ്ക് വെപ്പിലും അനീതി തുടര്‍ക്കഥയാണ്. തെലുങ്കാന സംസ്ഥാനം രൂപീകരിക്കുകയാണ് പ്രശ്‌ന പരിഹാരത്തിന്റെ വഴിയെന്നും കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. തെലുങ്കാന പ്രക്ഷോഭത്തെ ജമാഅത്ത് പിന്തുണക്കാന്‍ കാരണമതാണ്. 

'തെലുങ്കാനക്ക് നീതി, നീതിക്ക് വേണ്ടി തെലുങ്കാന' എന്ന മുദ്രാവാക്യമുയര്‍ത്തി ജമാഅത്ത് പ്രക്ഷോഭത്തിനിറങ്ങി. ഇത് പ്രക്ഷോഭ നായകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവുവുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ വഴിവെച്ചു. അത് വരെ അറച്ചു നല്‍ക്കുകയോ സംസ്ഥാന രൂപീകരണത്തെ എതിര്‍ക്കുകയോ ചെയ്തിരുന്ന മുസ്‌ലിം കൂട്ടായ്മകള്‍ ജമാഅത്ത് പ്രക്ഷോഭ രംഗത്തിറങ്ങിയതോടെ നിലപാട് മാറ്റി. വാദിഹുദ നഗറിലെ പൊതു സമ്മേളനത്തെ അഭിമുഖീകരിക്കവേ തെലുങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലി ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. 

തെലുങ്കാനയിലെ അധഃസ്ഥിതരായ മുസ്‌ലിം ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ചന്ദ്രശേഖര റാവു ജമാഅത്തുമായി വിശദമായി ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് മുസ്‌ലിംകള്‍ക്ക് പന്ത്രണ്ട് ശതമാനം സംവരണം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. മൈനോറിറ്റി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് 1034 കോടി അനുവദിച്ചതിന് പിന്നിലും ജമാഅത്തിന്റെ സ്വാധീനമുണ്ട്. തെലുങ്കാനയെ മദ്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നും കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് പലിശരഹിത കടം നല്‍കണമെന്നുമുള്ള ജമാഅത്തിന്റെ ആവശ്യം തെലുങ്കാന ഗവണ്‍മെന്റ് അനുഭാവപൂര്‍വം പരിഗണിച്ചുവരികയാണ്. ജമാഅത്തെ ഇസ്‌ലാമി തെലുങ്കാന-ഒഡിസ അധ്യക്ഷന്‍ മൗലാന ഹാമിദ് മുഹമ്മദ് ഖാന്റെ സമര്‍ഥ നേതൃത്വമാണ് തെലുങ്കാന രാഷ്ട്രീയത്തിലെ ഒരു സ്വാധീന ശക്തിയായി ജമാഅത്തിനെ ഉയര്‍ത്തിക്കൊണ്ട് വന്നത്. നാല് ദിവസം നീണ്ട ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ സമ്മേളന നടത്തിപ്പിനും തെലുങ്കാന പ്രസ്ഥാനവുമായുള്ള ഈ അടുപ്പവും സഹകരണവും മുതല്‍ക്കൂട്ടാവുകയും ചെയ്തു. 

'ഇസ്‌ലാം സഹിഷ്ണുതയുടെ വിശുദ്ധ മതം'

         ഹൈദരാബാദിലെ ജനസഞ്ചയം ഒഴുകിയെത്തിയ രണ്ടാം ദിവസത്തെ പൊതുസമ്മേളനത്തില്‍ തെലുങ്കാന സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്ഥലം എം.എല്‍.എയും പണ്ഡിത പ്രമുഖരുമെല്ലാം സന്നിഹിതരായിരുന്നുവെങ്കിലും, ശ്രദ്ധാകേന്ദ്രമായത് ശ്രീ ശ്രീ സരസ്വതി ജഗത് ശങ്കരാചാര്യ ഓംകാര്‍ ആനന്ദ. അദ്ദേഹത്തിന്റെ പ്രസംഗം തീരുന്നത് വരെ സദസ്സ് നിര്‍ത്താതെ കൈയടിച്ചുകൊണ്ടിരുന്നു. ഏതു സാഹചര്യത്തിലും ആരുടെ മുഖത്ത് നോക്കിയും സത്യം തുറന്ന് പറയാനുള്ള ആര്‍ജവം തനിക്കുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ആരൊക്കെ മാറിയാലും താന്‍ മാറില്ല. അസഹിഷ്ണുതയുടെ വിത്ത് പാകുന്ന ഭരണാധികാരികള്‍ക്കെതിരെ ഇടയ്ക്കിടെ ഒളിയമ്പ് തൊടുക്കാനും ശങ്കരാചാര്യ ഓംകാര്‍ ആനന്ദ മറന്നില്ല.

ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഭീകരതയുമായി ബന്ധമുണ്ടായിരുന്നെങ്കില്‍ ഒരൊറ്റ ഹിന്ദുവും ഇന്ന് രാജ്യത്ത് സുരക്ഷിതനായി ഇരിക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയായിരുന്നെങ്കില്‍ ഇന്ത്യയിലെ മുസ്‌ലിം ഭരണകാലത്ത് ഹിന്ദുക്കള്‍ തുടച്ചുനീക്കപ്പെടുമായിരുന്നില്ലേ? ഇസ്‌ലാം നല്‍കുന്നത് സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശമാണ്. ഇത് സ്‌നേഹത്തിന്റെ മതമാണ്. ഇക്കാര്യം താന്‍ തുറന്ന് പറയുമ്പോള്‍ തന്നെ വ്യാജ ശങ്കരാചാര്യയായി മുദ്ര കുത്താനാണ് തല്‍പര കക്ഷികള്‍ ശ്രമിക്കുന്നത്.

ഇന്ത്യ ഒരൊറ്റ ശരീരമാണ്. ആ ശരീരത്തിന്റെ ഒരു പ്രധാന ഭാഗമാണ് മുസ്‌ലിംകള്‍. മുസ്‌ലിംകളെ മാറ്റിനിര്‍ത്തി രാജ്യത്ത് വികസനവും പുരോഗതിയും കൊണ്ടുവരാമെന്ന മോഹം മൗഢ്യമാണ്. നമ്മുടെ പ്രധാനമന്ത്രി ശാന്തിമന്ത്രവുമായി ലോകം ചുറ്റുകയാണ്. പക്ഷേ, അദ്ദേഹം ഭരിക്കുന്ന സ്വന്തം നാട്ടില്‍ ശാന്തിയില്ല. പിന്നെ ഏതര്‍ഥത്തിലാണ് അദ്ദേഹത്തിന്റെ ലോക സന്ദര്‍ശനങ്ങള്‍ വിജയകരമാണ് എന്ന് പറയാനാവുക- ശങ്കരാചാര്യ ചോദിച്ചു.

ചിലയാളുകള്‍ തന്റെ അടുത്ത് വരാറുണ്ട്. മുസ്‌ലിംകളെ പിന്തുണച്ച് ഇങ്ങനെ സംസാരിക്കരുതെന്ന് അവര്‍ പറയും. പ്രതിസന്ധി ഘട്ടങ്ങളില്‍ നിങ്ങളുടെ കൂടെ മുസ്‌ലിംകള്‍ ഉണ്ടാകില്ല; ഞങ്ങളേ (തീവ്ര ഹിന്ദുത്വ കൂട്ടായ്മകള്‍) ഉണ്ടാകൂ. ഞാന്‍ അവരോട് പറഞ്ഞു: എന്റെ നേരെ വാളുയര്‍ത്തുന്നത് മുസ്‌ലിമായിരിക്കില്ല. അതൊരു ഹിന്ദുവായിക്കൂടേ? ഗാന്ധിജിയെ വെടിവെച്ചുകൊന്ന ഗോദ്‌സെയെപ്പോലെ?

മതങ്ങള്‍ മനുഷ്യനെ അടിപ്പിക്കാനല്ല, അടുപ്പിക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കാനാണ് അവ നിലകൊള്ളുന്നത്. ഇസ്‌ലാമിനെതിരെ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവാസ്തവങ്ങളെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. സുഊദി അറേബ്യയുടെ മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് വിളിച്ചു ചേര്‍ത്ത വിശ്വ മത സമ്മേളനത്തില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ സിറാജുല്‍ ഹസന്‍ സാഹിബിനെപ്പോലുള്ളവരുമായുള്ള അടുത്ത ബന്ധം സംഘടനയെ അടുത്തറിയാന്‍ തനിക്ക് അവസരമൊരുക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി അതിന്റെ അനുയായികളുടെ സുരക്ഷിതത്വമല്ല, ലോകത്തിന്റെ സുരക്ഷിതത്വമാണ് ലക്ഷ്യം വെക്കുന്നതെന്നും ശങ്കരാചാര്യ കൂട്ടിച്ചേര്‍ത്തു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /51-53
എ.വൈ.ആര്‍