Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 18

കൗമാരം: സമസ്യയും സമീപനവും

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

വനോട് സംസാരിച്ചിട്ട് ഒരു പ്രയോജനവുമില്ല.''

''പറഞ്ഞ് പറഞ്ഞ് മടുത്തു.''

''എന്റെ മകനോട് സംഭാഷണം നടത്തിയിട്ടൊന്നും ഒരു കാര്യവുമില്ല.''

''എന്റെ മോള്‍ ധിക്കാരിയാണ്. ഉപദേശമൊന്നും അവള്‍ കേള്‍ക്കില്ല.'' 

''ഈ കൗമാര പ്രായമുണ്ടല്ലോ ശരിക്കും മനുഷ്യനെ കുഴക്കുന്ന പ്രായം തന്നെയാണ്.''

കൗമാര പ്രായക്കാരായ മക്കളെ ഉപദേശിച്ച് നന്നാക്കിയെടുക്കാന്‍ പാടുപെടുന്ന മാതാപിതാക്കളില്‍ നിന്നും രക്ഷാകര്‍ത്താക്കളില്‍ നിന്നും സ്ഥിരമായി കേള്‍ക്കുന്ന സങ്കടവര്‍ത്തമാനമാണിവ. 

കൗമാരക്കാരോട് അനുവര്‍ത്തിക്കേണ്ട, വിജയകരമെന്ന് തെളിഞ്ഞ 12 രീതികള്‍ ഞാന്‍ വിശദീകരിക്കാം. 

1. ഉപദേശിക്കുന്നതിന് മുമ്പ്, തെറ്റായ പ്രവൃത്തി തന്നില്‍ നിന്നുണ്ടായതിനുള്ള കാരണം വിശദീകരിക്കാന്‍ അവന്/അവള്‍ക്ക് അവസരം നല്‍കുക. എന്നിട്ട് സംഭാഷണ രൂപത്തിലാവണം നിങ്ങളുടെ സംസാരം. പ്രസംഗ രൂപത്തിലല്ല.

2. ആദ്യമായി സംഭവിച്ച തെറ്റാണെങ്കില്‍ അതിനോടുള്ള നിങ്ങളുടെ പ്രതികരണം വേറെ. നേരത്തെ നിങ്ങള്‍ ഉപദേശിച്ചിട്ടും വീണ്ടും തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ അതിനോടുള്ള പ്രതികരണം വേറെ വിധത്തില്‍. ഈ രണ്ട് സമീപനങ്ങള്‍ക്കുമിടയില്‍ വേര്‍തിരിവ് വേണം. കാരണം രണ്ടു കേസുകളിലും പ്രതിവിധി വ്യത്യസ്ത രൂപത്തിലാണ്.

3. ചര്‍ച്ച ചെയ്യുന്ന പ്രശ്‌നത്തില്‍ അവന്റെ പരിഹാരനിര്‍ദേശങ്ങള്‍ എന്തെന്ന് ആരായുക. നമ്മുടെ നിര്‍ദേശത്തില്‍ നിന്ന് ഭിന്നമായ നിര്‍ദേശം മക്കള്‍ക്കുണ്ടാവാം. അല്ലെങ്കില്‍ നാം ചര്‍ച്ചക്കെടുത്തിട്ട പ്രശ്‌നം ഒരു പ്രശ്‌നമേ അല്ലെന്ന കാഴ്ചപ്പാടായിരിക്കും അവര്‍ക്ക്. ഇവിടെയും പ്രതിവിധി വ്യത്യസ്തമായിരിക്കും. 

4. പ്രതികരണത്തിന് സാധാരണ ത്രിമാന രീതികള്‍ സ്വീകരിക്കുന്ന പതിവാണ് പലര്‍ക്കും. ബഹളം വെക്കുകയും ശകാരിക്കുകയും ചെയ്യുക, അടിക്കുക, പിണങ്ങി ബന്ധം വിച്ഛേദിക്കുക-ഈ രീതികള്‍ വര്‍ജ്ജിക്കണം. താല്‍ക്കാലികമായി ചില ഫലങ്ങള്‍ ഇത് ഉളവാക്കിയേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ നിഷ്പ്രയോജനമായി ഭവിക്കും ഈ രീതികള്‍. 

5. നേരത്തെ തിരുത്താന്‍ ശ്രമിച്ച തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ അന്ന് അവലംബിച്ച രീതി ഇപ്പോള്‍ സ്വീകരിക്കരുത്. പ്രശ്‌നപരിഹാരത്തിന് ആ രീതി സഹായകമായില്ല എന്ന് തെളിഞ്ഞല്ലോ. പരിഹാരത്തിന് പുതിയ നിര്‍ദേശവും രീതിയും അവലംബിക്കണം. 

6. ബോധവല്‍ക്കരണത്തിലും ചര്‍ച്ചയിലും സംഭാഷണത്തിലും സൗമ്യശൈലി സ്വീകരിക്കണം. ''ഏത് കാര്യത്തിലും സൗമ്യ സമീപനം അതിനെ മനോഹരമാക്കും. കര്‍ക്കശ സമീപനം വികൃതമാക്കും'' (ഹദീസ്). ബന്ധങ്ങളിലെ സ്‌നേഹവും ഇഴയടുപ്പവും കാത്ത് സൂക്ഷിച്ചാണ് സംസാരമെങ്കില്‍ കൗമാര പ്രായക്കാരില്‍ അത് നല്ല ഫലങ്ങള്‍ ഉളവാക്കും. 

7. മകനോടും മകളോടുമൊപ്പം ആനന്ദദായകമായ ഉല്ലാസ വേളകള്‍ ചെലവഴിക്കുക. ഒരുപക്ഷെ നമ്മുടെ വിഡ്ഢിത്തമോ അവരുടെ കാര്യത്തില്‍ നാം കാണിക്കുന്ന കരുതലില്ലായ്മയോ നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ബോധപൂര്‍വമായ ഇടപെടലാവാം അവരുടെ ഭാഗത്തുനിന്നുള്ള തെറ്റുകളായി പ്രത്യക്ഷപ്പെടുന്നത്. നമ്മുടെ സമീപന രീതിയോടുള്ള വിയോജിപ്പിന്റെ സൂചനയുമാവാം അത്. അവരോടു കൂടി ചേര്‍ന്നും കളിച്ചും സമയം ചെലവിടുമ്പോള്‍ പല തെറ്റുകളും ധാരണകളും താനേ തിരുത്തപ്പെട്ടുകൊള്ളും. 

8. ചില ടെലിവിഷന്‍ പരിപാടികള്‍, പ്രസംഗം എന്നിവ ഒന്നിച്ച് കണ്ടും കേട്ടും ചര്‍ച്ച നടത്തുക. മക്കളുടെ മനസ്സില്‍ ഉറച്ചുപോയ ധാരണകള്‍ തിരുത്താനും ശരിയായ ധാരണകള്‍ സൃഷ്ടിക്കാനും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉതകും. നേരിട്ട് ഉപദേശം നല്‍കുന്നതിനേക്കാള്‍ ചില വേളകളില്‍ ഈ രീതി സ്വീകരിക്കുന്നതായിരിക്കും കൂടുതല്‍ പ്രയോജനകരം. 

9. മക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക. ചില സന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാവാം ഇത്. ഭാവിയില്‍ അവര്‍ക്ക് പ്രയോജനം ചെയ്യുന്ന ചില രംഗങ്ങള്‍ തെരഞ്ഞെടുക്കുക. ഉദാഹരണമായി നിങ്ങള്‍ക്കറിഞ്ഞ് കൂടാത്ത ചില സാങ്കേതിക വിവരങ്ങള്‍ ആവശ്യമാവുമ്പോള്‍ അവരില്‍ നിന്ന് തേടുകയും അത് വിജയിച്ചാല്‍ അവരെ പ്രശംസിക്കുകയും ചെയ്യുക. നിങ്ങളെ അലട്ടുന്ന ചില വിഷമ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം അവരില്‍ നിന്ന് തേടുക. അവരുടെ നിര്‍ദേശം നിങ്ങള്‍ക്ക് പ്രയോജനപ്പെടുമെങ്കില്‍ 'നിങ്ങളുടെ നിര്‍ദേശം സ്വീകരിച്ചത് പ്രശ്‌നപരിഹാരത്തിന് സഹായകമായി, തക്ക സമയത്ത് നിങ്ങള്‍ ഇടപെട്ടിരുന്നില്ലെങ്കില്‍ നമ്മുടെ കാര്യങ്ങള്‍ അവതാളത്തില്‍ ആയേനെ' എന്ന് ഉള്ളു തുറന്ന് നിങ്ങള്‍ പറഞ്ഞെന്നിരിക്കട്ടെ, അകമറിഞ്ഞ് സന്തോഷിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യും. അവരുടെ അസ്തിത്വത്തിന് നിങ്ങളില്‍ നിന്നുള്ള അംഗീകാരമാണല്ലോ അത്. 

10. ഇന്നത്തെ കാലഘട്ടത്തില്‍, ആശയ വിനിമയത്തിന് നിരവധി മാര്‍ഗങ്ങളുണ്ടല്ലോ. ഒരു എസ്.എം.എസ്, ഒരു വാട്‌സ്ആപ് മെസ്സേജ്, ഒരു ഫേസ്ബുക് പോസ്റ്റ്, ഒരു ട്വിറ്റര്‍ അങ്ങനെയങ്ങനെ. സാമ്പ്രദായിക രീതികള്‍ക്ക് പകരം മക്കളുമായി സംവദിക്കുന്നതിന് ഈ രീതിയും പരീക്ഷിച്ചു കൂടേ? 

11. 'രീതികളെയും സ്വഭാവത്തെയും ചികിത്സിക്കുക വ്യക്തിയെയല്ല' എന്ന ശൈലിയാവണം സംഭാഷണ വേളകളില്‍ സ്വീകരിക്കുന്നത്. ഉദാഹരണമായി 'നീ ഒരു വൃത്തിയും വെടിപ്പും ഇല്ലാത്തവനാണ്, നീ വ്യവസ്ഥയും ക്രമവും ഇല്ലാത്തവനാണ്' എന്ന ആക്ഷേപ ശകാരങ്ങള്‍ ചൊരിയുന്നതിന് പകരം 'നിന്റെ മുറിയെന്താ, ഇങ്ങനെ ആകെ കുഴഞ്ഞ് മറിഞ്ഞ് വാരിവലിച്ചിട്ട രീതിയില്‍,  അതൊക്കെ ഒന്ന് അടുക്കി പെറുക്കി വെച്ചുകൂടെ, ആവശ്യമുള്ളത് സൂക്ഷിച്ചും ഇല്ലാത്തവ വലിച്ചുവാരി തീയിട്ടും നശിപ്പിച്ചേക്ക്.  അപ്പോള്‍ മുറി കാണാന്‍ എന്തൊരു ചന്തമായിരിക്കും' എന്ന രീതി. 

12. ഇനി മകന്‍ തെറ്റുകാരനാണെന്ന് ബോധ്യപ്പെട്ടാലും അവനോടുള്ള സ്‌നേഹത്തില്‍ കുറവു വരുത്താതിരിക്കുക. ഇങ്ങനെയൊക്കെയായിട്ടും നിങ്ങള്‍ ചൊരിഞ്ഞ് കൊടുക്കുന്ന സ്‌നേഹം അവന്‍   അനുഭവിച്ചറിയട്ടെ. ഈ രീതിയായിരിക്കും മറ്റെല്ലാ രീതികളെക്കാള്‍ വിജയിക്കുക. കാരണം സ്‌നേഹം ശക്തിയുള്ള ആയുധമാണ്. ഈ ആയുധത്തിന്റെ ശക്തി ഉപദേശങ്ങള്‍ക്ക് ഉണ്ടാവണം എന്നില്ല. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /45-50
എ.വൈ.ആര്‍