Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 15

ഘടികാരസൂചി തിരിയുന്നതെങോട്ട്?

സി. ദാവൂദ്

''ഞാന്‍ മാത്രമായിരുന്നില്ല അങ്ങനെ കരുതിയത്; എങ്കിലും അബദ്ധം എന്റേതു കൂടിയാണ്. 'ജനാധിപത്യം, സ്വാതന്ത്ര്യം...'എന്ന് അലറിക്കൊണ്ട് ജനക്കൂട്ടം തഹ്‌രീര്‍ സ്‌ക്വയറില്‍ വന്നു നിറഞ്ഞപ്പോള്‍ മറ്റു പലരെയും പോലെ ഞാനും വിചാരിച്ചു, അറബ് നാട്ടില്‍ പുതിയ പ്രഭാതം പുലര്‍ന്നുവെന്ന്. അവര്‍ അമേരിക്കന്‍, ഇസ്രയേലീ പതാകകള്‍ കത്തിക്കുന്നുണ്ടായിരുന്നില്ല. എന്തൊരത്ഭുതം! - ഞാനോര്‍ത്തു പോയി. വെറുപ്പിന്റെ നായ്ക്കള്‍ കുരക്കുന്നില്ല. അതിശയകരമാം വിധം അചിന്ത്യമായ നിമിഷങ്ങള്‍. ജനങ്ങളെ സ്വതന്ത്രരാക്കൂ; എങ്കില്‍ അമേരിക്കന്‍-ഇസ്രയേലീ വിരുദ്ധത എന്ന മയക്കുമരുന്നില്‍ നിന്ന്  അവര്‍ സ്വയം മുക്തരായിക്കൊള്ളും. അവരുടെ സര്‍വമാന യാതനകള്‍ക്കും അടിച്ചമര്‍ത്തലിനും കാരണക്കാരായ തമ്പുരാക്കന്മാര്‍ അവരില്‍ കുത്തിയിറക്കിയതാണ് ഈ മയക്കുമരുന്ന്. പക്ഷേ, അതൊരു പൊട്ടന്‍ പ്രഭാതമായിരുന്നുവെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. കഴിഞ്ഞയാഴ്ച കയ്‌റോവിലെ ഇസ്രയേല്‍ എംബസി കുടിയൊഴിപ്പിച്ചത് കൊണ്ട് മാത്രമല്ല ഞാനിത് പറയുന്നത്. ഇപ്പോള്‍ എന്റെ മേശപ്പുറത്ത് മെയ് 13-ന് എടുത്ത റോയ്‌ട്ടേഴ്‌സിന്റെ ഒരു ഫോട്ടോ ഇരിപ്പുണ്ട്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ വായിക്കാം: 'തഹ്‌രീര്‍ സ്‌ക്വയറില്‍ നടന്ന പ്രകടനത്തിനിടെ ജനങ്ങള്‍ ഇസ്രയേല്‍ പതാക കത്തിക്കുന്നു'. ജനുവരിയില്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ അറബ് അമര്‍ഷത്തിന്റെ ഇത്തരം അടയാളങ്ങളൊന്നും കാണാനുണ്ടായിരുന്നില്ല.'' ന്യൂയോര്‍ക്കില്‍ നിന്നിറങ്ങുന്ന ദ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ജോസഫ് ജോഫ് എഴുതിയ (സെപ്തംബര്‍ 16) 'അറബ് വസന്തത്തെക്കുറിച്ച ശുഭചിന്തകര്‍ക്ക് തെറ്റി' (Optimists were wrong about Arab Spring) എന്ന ലേഖനത്തിന്റെ ആദ്യ ഖണ്ഡികയാണിത്.
അറബ് വസന്തമോ, അതോ ഇസ്‌ലാമിസ്റ്റ് ശൈത്യമോ? (Arab Spring or Islamist Winter?)- അറബ് നാടുകളില്‍ നടന്നുകൊണ്ടിരിക്കുന്ന ജനകീയ മുന്നേറ്റങ്ങളെ, പുറമേക്ക് പിന്തുണക്കുകയും അകമേ അസ്വസ്ഥപ്പെടുകയും ചെയ്യുന്ന പടിഞ്ഞാറന്‍ നിരീക്ഷകരുടെ നിരവധി വിശകലനങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ട ചോദ്യമാണിത്. 'ലിബറല്‍ മതേതരവാദി'കളും യാഥാസ്ഥിതിക ഇടതുപക്ഷവും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അറബ് ജനമുന്നേറ്റത്തില്‍ 'രാഷ്ട്രീയ ഇസ്‌ലാമി'നുള്ള പങ്ക് ഇന്നൊരു യാഥാര്‍ഥ്യമാണ്. അമേരിക്കയിലെ കൗണ്‍സില്‍ ഫോര്‍ ഫോറിന്‍ റിലേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ലോക പ്രശസ്ത ദൈ്വമാസികയാണ് ഫോറിന്‍ അഫയേഴ്‌സ്. അമേരിക്കന്‍ വിദേശനയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഈ പ്രസിദ്ധീകരണത്തിന്റെ 2011 മെയ്/ജൂണ്‍ ലക്കത്തില്‍ ഷാദി ഹാമിദ് എഴുതിയ The Rise of the Islamists; How Islamists will Change Politics and Vice Versa എന്ന ലേഖനത്തില്‍ നിന്ന്: ''ദശാബ്ദങ്ങളായി 'ഇസ്‌ലാമിസ്റ്റ് ധര്‍മസങ്കട'ത്തില്‍ പെട്ട് തളര്‍വാതം പിടിപെട്ട് കിടക്കുകയായിരുന്നു പശ്ചിമേഷ്യയിലെ അമേരിക്കന്‍ വിദേശനയം. അതായത്, ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലെത്തിയേക്കാവുന്ന 'അപകടം' ഒഴിവാക്കിക്കൊണ്ട് എങ്ങനെ മേഖലയില്‍ ജനാധിപത്യം നടപ്പാക്കാം എന്നതായിരുന്നു അവരുടെ ആലോചനാ വിഷയം. ഇപ്പോള്‍ അമേരിക്കക്ക് മറ്റൊരു സാധ്യതയുമില്ല എന്ന അവസ്ഥയാണ്. അമേരിക്കന്‍ പിന്തുണയുള്ള സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ ജനകീയ മുന്നേറ്റത്തിന് മുന്നില്‍ തൂത്തുമാറ്റപ്പെട്ടിരിക്കുന്നു. അവിടങ്ങളില്‍ യഥാര്‍ഥ ജനാധിപത്യ ഭരണകൂടങ്ങള്‍ രൂപപ്പെടുകയാണെങ്കില്‍ മുഖ്യധാരാ ഇസ്‌ലാമിസ്റ്റുകള്‍ക്ക് അതില്‍ സുപ്രധാന പ്രാതിനിധ്യം ഉണ്ടാവുമെന്നതില്‍ സംശയമില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 'രാഷ്ട്രീയ ഇസ്‌ലാമു'മായി ഒത്തുപോവാന്‍ അമേരിക്ക ശീലിക്കേണ്ടി വരും. ജനാധിപത്യം, ബഹുസ്വരത, സ്ത്രീകളുടെ അവകാശം തുടങ്ങിയ കാര്യങ്ങളും ഇസ്‌ലാമിസ്റ്റുകളുടെ മതപ്രമാണങ്ങളും പൊരുത്തപ്പെടുമോ എന്നൊരു സംശയ പ്രതീതി സൃഷ്ടിക്കാന്‍ വാഷിംഗ്ടന്‍ ശ്രമിച്ചേക്കാം. പക്ഷേ, സത്യത്തില്‍ ഈ വക കാര്യങ്ങളൊന്നുമല്ല അമേരിക്കയെ അസ്വസ്ഥമാക്കുന്നത്. ഇസ്‌ലാമിസ്റ്റുകള്‍ പിന്തുടരാനിടയുള്ള വിദേശനയം തന്നെയാണ് അവരുടെ ആശങ്കയുടെ അടിസ്ഥാനം. പടിഞ്ഞാറനുകൂല ഏകാധിപതികളില്‍ നിന്ന് വ്യത്യസ്തമായി വ്യതിരിക്തവും ആത്മവിശ്വാസമുള്ളതും സ്വതന്ത്രവും അറബ് അതിരുകള്‍ ഭേദിക്കാന്‍ പോവുന്നതുമായ വിദേശ നയം ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍ക്കുണ്ട്-അതില്‍ ചില വ്യക്തതക്കുറവുകള്‍ കണ്ടേക്കാമെങ്കിലും. പുതിയ, അതിശീഘ്രം മാറിക്കൊണ്ടിരിക്കുന്ന പശ്ചിമേഷ്യയെ തങ്ങള്‍ക്ക് ഗുണപരമായ ദിശയിലേക്ക് നയിക്കാന്‍ അമേരിക്ക ഇസ്‌ലാമിസ്റ്റ് സംഘടനകളുമായി തന്ത്രപരമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ട്.''
അറബ് വസന്തത്തിന് പിന്നില്‍ പാശ്ചാത്യ 'ഗൂഢശക്തി'കളുണ്ടെന്ന പ്രചാരണം ചിലരെങ്കിലും നടത്തുന്നുണ്ട്. ലിബിയയില്‍ പടിഞ്ഞാറന്‍ ശക്തികള്‍ നടത്തിയ പരസ്യമായ സൈനിക ഇടപെടല്‍, പാശ്ചാത്യ മാധ്യമങ്ങള്‍ അറബ് ജനമുന്നേറ്റങ്ങള്‍ക്ക് നല്‍കിയ വര്‍ധിച്ച പിന്തുണ എന്നിവയാണ് ഇതിന്റെ തെളിവുകളായി അവര്‍ എടുത്തുകാണിക്കുന്നത്. മുസ്‌ലിം രാജ്യങ്ങളെ വിഭജിക്കാനും അവിടങ്ങളില്‍ അസ്ഥിരത സൃഷ്ടിക്കാനുമുള്ള അമേരിക്കന്‍ അജണ്ടയാണ് 'വസന്ത'മായി വിരിയുന്നതെന്ന് അവര്‍ പറയുന്നു. ഒറ്റനോട്ടത്തില്‍ കാര്യമുണ്ടെന്ന് തോന്നുന്ന ഈ നിരീക്ഷണം ഗൗരവപ്പെട്ട വിശകലനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.
ഭരണകൂട അനുകൂല സലഫികളാണ് ഈ വാദം ഉന്നയിക്കുന്നതില്‍ പ്രധാനപ്പെട്ടൊരു വിഭാഗമെന്നതാണ് തമാശ. കാലങ്ങളായി അമേരിക്കയുടെ പിന്തുണയോടെ ജനങ്ങളെ അടക്കിവാണ ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്ക് സര്‍വപിന്തുണയും നല്‍കിയവര്‍ പുതിയ അമേരിക്കന്‍ വിരുദ്ധ നയവുമായി രംഗത്ത് വരുന്നത് ചിരിക്ക് വകനല്‍കുന്നത് തന്നെയാണ്. ജനകീയ മുന്നേറ്റങ്ങളെക്കുറിച്ച് അവിശ്വാസം ജനിപ്പിക്കാനും അതുവഴി ഭരണകൂടങ്ങളെ സഹായിക്കാനുമാണ് യഥാര്‍ഥത്തില്‍ ഇവര്‍ ഈ വാദം ഉന്നയിക്കുന്നത്. പ്രതിസന്ധി മൂര്‍ഛിച്ചപ്പോള്‍ ഖദ്ദാഫി പോലും ഇതേ നമ്പറാണ് എടുത്തുപയോഗിച്ചത് എന്നും നാം ശ്രദ്ധിക്കുക.
അറബ് വിപ്ലവത്തില്‍ പല ഘടകങ്ങളുണ്ടെന്നത് ശരിയാണ്. ഇടതുപക്ഷവും ലിബറല്‍ മതേതരവാദികളും നവസാമൂഹിക ഗ്രൂപ്പുകളുമെല്ലാം അതില്‍ പങ്കുവഹിച്ചിട്ടുണ്ട്. എല്ലാവരും ചേര്‍ന്ന ഈ ജനമുന്നേറ്റത്തിന്റെ ചാലക ശക്തിയാവാനും ദിശ നിര്‍ണയിക്കാനും സാധിച്ചുവെന്നതാണ് ഇസ്‌ലാമിസ്റ്റുകളുടെ പ്രത്യേകത. തങ്ങള്‍ ഒറ്റക്ക് നിര്‍വഹിക്കുന്ന/നിര്‍വഹിക്കേണ്ട വിപ്ലവമാണിതെന്ന് അവര്‍ തന്നെയും അവകാശപ്പെട്ടിട്ടില്ല. ബഹുസ്വരമായ ഒരു രാഷ്ട്രീയക്രമത്തിന് വേണ്ടിയുള്ള പല സ്വരങ്ങള്‍ ഒത്തുചേര്‍ന്ന വിപ്ലവം എന്നുതന്നെയാണ് അവര്‍ അതിനെ വിശേഷിപ്പിച്ചത്. അത് തങ്ങളുടെ ഒരു നിസ്സഹായാവസ്ഥയായിട്ടല്ല ഇസ്‌ലാമിസ്റ്റുകള്‍ മനസ്സിലാക്കുന്നത്. ഇസ്‌ലാമിസ്റ്റുകള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളുടെ തന്നെ പ്രായോഗികാവിഷ്‌കാരമാണത്. രാജ്യത്തിന്റെ പുരോഗതിയും പൊതുനന്മയും മുന്നില്‍ വെച്ച് എല്ലാവരും ഒത്തുചേരണമെന്നത് ഇസ്‌ലാമിക പാര്‍ട്ടികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. 'അതു പാടില്ല, ഇസ്‌ലാമിസ്റ്റുകളുമായി അടുത്തു പോകരുത്' എന്ന നിലപാട് സ്വീകരിച്ചത് ലിബറലുകളും മതേതരവാദികളും ഇടതുപക്ഷവുമായിരുന്നു. ഇസ്‌ലാമിസ്റ്റുകളെ ഒറ്റപ്പെടുത്തുക എന്ന രാഷ്ട്രീയം അവര്‍ക്ക് കൈയൊഴിക്കേണ്ടി വന്നുവെന്ന് മാത്രമല്ല, ഇസ്‌ലാമിസ്റ്റുകള്‍ക്ക് മുന്‍കൈയുള്ള വിപ്ലവ പ്രക്രിയയില്‍ അവര്‍ കൂടി ഭാഗഭാക്കാകേണ്ടി വന്നുവെന്നതാണ് അറബ് വിപ്ലവങ്ങളുടെ രാഷ്ട്രീയ പ്രസക്തി. ജനകീയ സംസ്‌കാരവും ജനകീയ രാഷ്ട്രീയവും പ്രതിനിധീകരിക്കാനുള്ള ഇസ്‌ലാമിന്റെ ചരിത്രപരമായ ശേഷിയെ വീണ്ടും അവര്‍ പ്രയോഗവല്‍ക്കരിക്കുകയായിരുന്നു. 'മാറ്റിനിര്‍ത്തുക' എന്ന ലിബറല്‍/മതേതര/ഇടതുപക്ഷ അജണ്ടക്കു മേല്‍ 'ഒന്നിച്ചു നിര്‍ത്തുക' എന്ന ഇസ്‌ലാമിക രാഷ്ട്രീയ അജണ്ട നേടിയ വിജയമായി നമുക്ക് അറബ് വസന്തത്തെ വിശദീകരിക്കാം.
പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ അറബ് മുന്നേറ്റത്തെ മഹത്വവല്‍ക്കരിച്ചതിന് നിരവധി കാരണങ്ങളുണ്ട്. തങ്ങള്‍ തമസ്‌കരിച്ചാലും അറബ് ജനതയുടെ നിശ്വാസങ്ങളെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന മാധ്യമ സംരംഭങ്ങള്‍ അറബ് ലോകത്ത് വളര്‍ന്നുകഴിഞ്ഞുവെന്നതാണ് അതില്‍ പ്രധാനം. പുതിയ മാധ്യമരീതികളും സംരംഭങ്ങളും വികസിപ്പിക്കുന്നതില്‍ അറബികള്‍ വിജയിച്ചു. ഈ പ്രവണതയുടെ ഏറ്റവും തിളങ്ങുന്ന ഉദാഹരണമാണ് അല്‍ജസീറ. റിപ്പോര്‍ട്ടര്‍മാരെ തടവിലാക്കിയും ഓഫീസുകള്‍ തകര്‍ത്തും ഭരണകൂടങ്ങള്‍ എല്ലാ നിലക്കും ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചിട്ടും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി അല്‍ജസീറക്ക് എത്തിച്ചു കൊടുക്കാന്‍ ആയിരക്കണക്കിന് 'റിപ്പോര്‍ട്ടര്‍'മാര്‍ അറബ് തെരുവുകളില്‍ അല്‍ജസീറക്ക് ലഭിച്ചു. നാളെ അല്‍ജസീറ സമ്പൂര്‍ണമായി അടച്ചുപൂട്ടിയാലും വിശേഷിച്ചും ഒരു ശൂന്യതയും സംഭവിക്കാനിടയില്ലാത്ത വിധം പുതിയൊരു മാധ്യമ സംസ്‌കാരം അറബ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ കൊണ്ടുവരാന്‍ ആ മാധ്യമ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. ഇങ്ങനെയൊരവസ്ഥയില്‍ അറബ് രോഷത്തെ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ തമസ്‌കരിച്ചാല്‍ അവരുടെ വിശ്വാസ്യത നഷ്ടപ്പെടുകയല്ലാതെ വിശേഷിച്ചൊന്നും സംഭവിക്കില്ല എന്ന് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ക്കറിയാമായിരുന്നു.
തരിമ്പും ജനപിന്തുണയില്ലാത്ത ഭരണകൂടങ്ങളെ പിന്തുണക്കുന്നതിലെ അപകട സാധ്യത പടിഞ്ഞാറന്‍ ബുദ്ധികേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അനിവാര്യമായും സംഭവിക്കുന്ന ഒരു വിപ്ലവത്തില്‍ തങ്ങളുടെ പങ്ക് ഇല്ലാതെ പോവുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല. തുനീഷ്യയിലും ഈജിപ്തിലും തങ്ങളുടെ പിന്തുണയില്ലാതെ വിപ്ലവം നടന്നത് അവരുടെ കണ്ണു തുറപ്പിച്ചു. അതുകൊണ്ടു കൂടിയാണ് പിന്നീട് വന്ന ലിബിയന്‍ മുന്നേറ്റത്തില്‍ അവര്‍ വളരെ പ്രത്യക്ഷമായിത്തന്നെ ഇടപെട്ടത്. മറ്റു രണ്ട് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലിബിയയിലെ വര്‍ധിച്ച എണ്ണ ശേഖരവും അവരെ ആകര്‍ഷിച്ചിരിക്കണം. ആദ്യം അമേരിക്കയെയും ഇപ്പോള്‍ യൂറോപ്പിനെയും പിടികൂടിയിരിക്കുന്ന സാമ്പത്തിക മാന്ദ്യം പടിഞ്ഞാറന്‍ ശക്തികളുടെ പ്രഹരശേഷിയെ കാര്യമായി ഉലച്ചതും ഇവിടെ ചേര്‍ത്തു വായിക്കുക. അത്തരമൊരു സന്ദര്‍ഭത്തില്‍ പരമാവധി സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കുക എന്നതാണ് അവരുടെ അജണ്ട. വിപ്ലവാനന്തര ഭരണകൂടങ്ങളുടെ 'പടിഞ്ഞാറന്‍ വിരോധം' കുറച്ചുകൊണ്ടുവരാന്‍ തങ്ങളുടെ ഇടപെടല്‍ ഗുണകരമാവുമെന്ന് അവര്‍ പ്രതീക്ഷിച്ചു. വിപ്ലവകാരികള്‍ക്ക് അമേരിക്ക ആവശ്യമാണ് എന്നതിനേക്കാള്‍ കൂടുതല്‍ അമേരിക്കക്ക് വിപ്ലവാനന്തര ഭരണകൂടങ്ങളുമായുള്ള ബന്ധം ആവശ്യമാണ് എന്നതാണ് സത്യം. വിപ്ലവകാരികളുടെ പ്രഹര സാധ്യത പരമാവധി കുറക്കുക എന്നത് തന്നെയായിരുന്നു അവരുടെ ആഗ്രഹം. ലേഖനത്തിന്റെ തുടക്കത്തില്‍ എടുത്തു ചേര്‍ത്ത ജോസഫ് ജോഫിന്റെ വാള്‍ സ്ട്രീറ്റ് ലേഖനം ആ ആഗ്രഹചിന്തയും അത് നഷ്ടപ്പെട്ടതിലെ കുണ്ഠിതവുമാണ് പ്രകടമാക്കുന്നത്. ഒരു കാര്യത്തിലും പ്രസക്തമായ ഒരു പങ്കും വഹിക്കാന്‍ കഴിയാത്ത, ആത്മവിശ്വാസമില്ലാത്ത ആളുകളാണ് എപ്പോഴും ദുരൂഹമായ ഗൂഢാലോചന സിദ്ധാന്തങ്ങളില്‍ അഭയം കണ്ടെത്തുക. ലോക ഇസ്‌ലാമിക സമൂഹം ഇന്ന് ആ അവസ്ഥയെ മറികടന്നിരിക്കുന്നു. സ്വന്തമായി അജണ്ടകള്‍ രൂപപ്പെടുത്താനും അതിനനുസരിച്ച് ജനകീയ സംഘാടനം നിര്‍വഹിക്കാനും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അതിനോട് മറ്റുള്ളവര്‍ എന്തു നിലപാട് സ്വീകരിക്കുന്നുവെന്നത് അവരെക്കാള്‍ മറ്റുള്ളവര്‍ക്കാണ് കൂടുതല്‍ നിര്‍ണായകമായിട്ടുള്ളത്. ആത്മനിന്ദ കൊണ്ടുനടക്കുന്ന പല ഇസ്‌ലാമിക പ്രവര്‍ത്തകരും ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത സുപ്രധാനമായൊരു പാരഡൈം ഷിഫ്റ്റ് ആണിത്. ഫോറിന്‍ അഫയേഴ്‌സ് ലേഖനം സൂചിപ്പിക്കുന്നതു പോലെ പന്ത് ഇപ്പോള്‍ ഇസ്‌ലാമിസ്റ്റുകളുടെ കോര്‍ട്ടിലാണ്. അത് എങ്ങനെ തട്ടണമെന്ന് അവര്‍ തന്നെയാണ് തീരുമാനിക്കുക.
ലോകം ഒട്ടുവളരെ മാറിയിരിക്കുന്നു. ദമസ്‌കസിലെയും ബഗ്ദാദിലെയും യൂനിവേഴ്‌സിറ്റികളില്‍ പോലും തട്ടമിട്ട ഒരു പെണ്‍കുട്ടി പോലുമില്ലാതിരുന്ന കാലത്താണ് ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നത്. ഇന്ന് പാരീസിലും ലണ്ടനിലുമെല്ലാം സര്‍വകലാശാല കാമ്പസുകളില്‍ മഫ്ത ധരിച്ച പെണ്‍കുട്ടികള്‍ പ്രകടനങ്ങള്‍ നയിക്കുന്ന അവസ്ഥയിലേക്ക് ലോക, സാംസ്‌കാരിക രാഷ്ട്രീയ ചിത്രത്തില്‍ മറിച്ചിലുകള്‍ വന്നിട്ടുണ്ട്. ആ മാറ്റങ്ങളുടെ ഏറ്റവും ചടുലമായ ബഹിസ്ഫുരണം എന്ന നിലക്കാണ് അറബ് വസന്തത്തെ നാം കാണേണ്ടത്.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം