Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 18

ദുരിതങ്ങളില്‍ നിന്നും പഠിക്കാനും പകര്‍ത്താനുമുണ്ട്

        പ്രകൃതി തന്നെയാണ് പടപ്പുകള്‍ക്കുള്ള പ്രധാന പാഠപുസ്തകം. ആനന്ദദായകമായ അനുകൂലാവസ്ഥകളിലും, ദുരന്തങ്ങള്‍ വേട്ടയാടുന്ന പ്രതികൂല സാഹചര്യങ്ങളിലും പഠിക്കാനും പകര്‍ത്താനും പുനരാലോചനകള്‍ക്കുമായി പ്രകൃതി നമുക്ക് മുമ്പില്‍ പലതും നിവര്‍ത്തിവെക്കുന്നുണ്ട്. ചിരപരിചിതത്വം നിമിത്തം പ്രപഞ്ചത്തിലെ മഹാത്ഭുതങ്ങളില്‍ പലപ്പോഴും നമ്മുടെ ചിന്തകള്‍ വ്യാപരിക്കാറില്ല. ദുരിതപ്പാടുകള്‍ നീങ്ങുന്ന മാത്രയില്‍ പ്രകൃതി ദുരന്തങ്ങളെ മറക്കാന്‍ ധൃതിപ്പെടുന്ന നാം അവയില്‍ നിന്നൊന്നും പഠിക്കാനും മനസ്സ് വെക്കുന്നില്ല.

മഴവെള്ളത്തില്‍ മുങ്ങിയ ചെന്നൈ നഗരം പതിയെ പൂര്‍വസ്ഥിതിയിലേക്ക് വരുമ്പോള്‍ നമുക്ക് പഠിക്കാനും തിരുത്താനും പലതുമുണ്ട്. മഴ ശമിക്കുകയും അടച്ചിട്ട വിമാനത്താവളം തുറക്കുകയും നിലച്ചുപോയ റോഡ്-റെയില്‍ ഗതാഗതവും വൈദ്യുതി-ടെലിഫോണ്‍ സംവിധാനങ്ങളും മറ്റും പുനസ്ഥാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ജനജീവിതം സാധാരണ നിലയിലേക്കെത്താന്‍ എത്ര നാള്‍ വേണ്ടിവരുമെന്ന് തിട്ടമില്ല. മണ്ണിനടിയിലും പുറത്തും നിറഞ്ഞിരുന്ന മാലിന്യങ്ങളും ചളിയും വെള്ളപ്പൊക്കത്തില്‍ നാടാകെ പരന്നിട്ടുണ്ട്. ഇതെല്ലാം ശുചീകരിച്ച് വാസയോഗ്യമാക്കാന്‍ ആഴ്ചകളെടുക്കും. പകര്‍ച്ചവ്യാധികളും ഭയപ്പെടുത്തുന്നു. എല്ലാ വിപത്തുകളില്‍ നിന്നും ചെന്നൈ നഗരം രക്ഷപ്പെടട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം.

പ്രകൃതി ദുരന്തം എന്നാണ് ഇത്തരം സംഭവങ്ങളെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. യഥാര്‍ഥത്തില്‍ ഇത് പ്രകൃതിവിരുദ്ധമായ മനുഷ്യ ചെയ്തികളുടെ അനിവാര്യ തിരിച്ചടിയാണ്. ഖുര്‍ആന്‍ (30:41) സൂചിപ്പിച്ച പോലെ മനുഷ്യന്‍തന്നെ സൃഷ്ടിച്ച ദുരന്തം. ഇതിനെ പ്രകൃതിക്കുമേല്‍ കെട്ടിവെച്ച് പാപഭാരമൊഴിയുന്നതിനു പകരം പുനരാലോചനകള്‍ക്ക് സന്നദ്ധമാവുകയാണ് ചെയ്യേണ്ടത്. മഴ തിമിര്‍ത്ത് പെയ്തപ്പോള്‍, ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനോ പുറത്തേക്ക് ഒഴുകിപ്പോകാനോ കഴിയാതെ വെള്ളം മുഴുവന്‍ നഗരത്തില്‍ തന്നെ കെട്ടിനിന്നതാണ് ചെന്നൈയെ ദുരിതത്തിലാക്കിയത്. തെറ്റായ വികസന രീതികളാണ് ഇതിന്റെ പ്രധാന കാരണം. ആകാശത്തുനിന്ന് നിശ്ചിത അളവില്‍ വര്‍ഷിപ്പിക്കുന്ന മഴ, ഭൂഗര്‍ഭത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ പ്രപഞ്ച സ്രഷ്ടാവ് മികച്ച സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ (23:18) പറയുന്നു. ഈ സംവിധാനങ്ങളെല്ലാം ഏറക്കുറെ തകര്‍ത്തെറിയുന്ന വികസന ഭ്രാന്താണ് ഇന്ന് രംഗം വാഴുന്നത്. ജലസംഭരണികള്‍ മണ്ണിട്ട് തൂര്‍ത്തും, ഭൂമിയിലേക്ക് വെള്ളമിറങ്ങാനുള്ള വഴികളെല്ലാം സിമന്റും ടാറും ഇന്റര്‍ലോക്കും മറ്റും വഴി അടച്ചുകളഞ്ഞും, വെള്ളം ഒഴുകിപ്പരക്കാവുന്ന വയലുകള്‍ മണ്ണിട്ട് തൂര്‍ത്തും മനുഷ്യന്‍ പ്രകൃതിയെ ബലാത്സംഗം ചെയ്യുന്നു. പടുകൂറ്റന്‍ കെട്ടിടങ്ങളും എക്‌സ്പ്രസ് വേകളും നാടുനീളെ വിമാനത്താവളങ്ങളും പണിയുന്നു. ഗ്രാമങ്ങള്‍ ചെറു ടൗണുകളായും ടൗണുകള്‍ പട്ടണങ്ങളായും പട്ടണങ്ങള്‍ നഗരങ്ങളായും അവ പിന്നീട് അന്താരാഷ്ട്ര നിലവാരമുള്ള വന്‍ നഗരങ്ങളായും മാറലാണ് വികസനം എന്ന ധാരണ തെറ്റാണെന്ന് പലരും പലവുരു പറഞ്ഞതാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്തിയും പ്രകൃതി സൗഹൃദ വികസനത്തെക്കുറിച്ച് പറഞ്ഞവരെ പരിഹസിച്ചും മുന്നോട്ടുപോകുന്ന വികസന രീതിയും, തെറ്റായ നഗരാസൂത്രണവുമൊക്കെ പുനഃപരിശോധിക്കാന്‍ അധികാരികള്‍ തയാറായേ മതിയാകൂ. വികസനമാണ്, വിനാശമല്ല നമുക്കാവശ്യം.

മനുഷ്യന്റെ ദുര്‍ബലതയും നിസ്സഹായതയും ബോധ്യപ്പെടുത്തുന്നതാണ് ഇത്തരം ദുരന്തങ്ങള്‍. എന്തെല്ലാം ഭൗതിക സന്നാഹങ്ങള്‍ ഉണ്ടായിട്ടും ഒഴുകിവരുന്ന വെള്ളത്തെ തടഞ്ഞുനിര്‍ത്താന്‍ മനുഷ്യന് സാധ്യമാകുന്നില്ല! മാത്രമല്ല, ഒരു വെള്ളത്തിനും ഒരു പാക്കറ്റ് റൊട്ടിക്കും മറ്റുമായി കൈനീട്ടുന്ന വരെയും ക്യൂനില്‍ക്കുന്നവരെയും പരിശോധിക്കൂ. എല്ലാ തലത്തിലും വിഭാഗങ്ങളിലും പെട്ടവരും അവരിലുണ്ട്. മത-സമുദായ വിഭാഗീയതകള്‍ക്കും ജാതി വിവേചനങ്ങള്‍ക്കും സമ്പന്ന-ദരിദ്ര വ്യത്യാസങ്ങള്‍ക്കുമതീതമായി 'മനുഷ്യന്‍' എന്ന സത്യത്തെ തിരിച്ചറിയാനും സാഹോദര്യബോധത്തെ ഉണര്‍ത്താനും ഇത്തരം ദുരന്തങ്ങള്‍ നിമിത്തമാകുന്നു. കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് തൊഴിലാളി സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരണം വരിച്ച നൗഷാദ് മുതല്‍, ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരും സഹായ ഹസ്തവുമായി എത്തിയവരുമൊക്കെ ഈ യാഥാര്‍ഥ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. ഒരു ദുരന്തം മതി, സൃഷ്ടിക്കപ്പെടുന്ന എല്ലാ വിഭാഗീയതകളുടെയും വര്‍ഗീയതകളുടെയും അര്‍ഥശൂന്യത ബോധ്യപ്പെടാനും മനുഷ്യന്‍ ഒന്നായിത്തീരാനും. ചെന്നൈയില്‍ ദുരിതാശ്വാസത്തിനായി മത, ജാതി, സമുദായ വ്യത്യാസങ്ങള്‍ മറന്ന് മനുഷ്യര്‍ ഒന്നായി യത്‌നിക്കുന്നത് ഇന്ത്യയുടെ മഹദ് പൈതൃകത്തിന്റെയും മനുഷ്യ സാഹോദര്യത്തിന്റെയും വിളംബരമാണ്. അമ്പലങ്ങളും പള്ളികളും ചര്‍ച്ചുകളുമൊക്കെ മത, സമുദായാതീതമായി മനുഷ്യ സ്‌നേഹം പ്രസരിപ്പിക്കുന്നതിന്റെ ചേതോഹരമായ ചിത്രം നോക്കി വിദേശപത്ര പ്രവര്‍ത്തകര്‍ പോലും ഇന്ത്യന്‍ മതേതരത്വത്തെ വാഴ്ത്തുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അസഹിഷ്ണതയുടെ ഫാക്ടറികള്‍ അടച്ചുപൂട്ടാനും, മാനവികതയുടെ നറുമണം പരത്തുന്ന പൂന്തോട്ടം പണിയാനും നമുക്ക് കഴിയട്ടെ; പ്രകൃതിയോടിണങ്ങുന്ന വികസനത്തിന്റെ പുതിയ പാതകള്‍ പണിയാനും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /45-50
എ.വൈ.ആര്‍