Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 11

രാജ്യദ്രോഹികളും ദേശദ്രോഹികളും

സി. അഹ്മദ് ഫായിസ് /ലേഖനം

         എതിരഭിപ്രായം പുലര്‍ത്തുന്നവരെയെല്ലാം  ഭരണകൂട വിരുദ്ധരായി കണക്കാക്കുകയും  രാജ്യദ്രോഹികളായി മുദ്ര കുത്തുകയും പാകിസ്താനിലേക്ക് ടിക്കറ്റ് എടുത്തു കൊടുക്കുകയും ചെയ്യുന്ന  ഛിദ്രശക്തികള്‍ പിടിമുറുക്കുന്ന ഒരു രാജ്യത്താണ്  നാമിന്ന് ജീവിക്കുന്നത്. കശ്മീരികളെയും  വടക്ക് കിഴക്കന്‍ മേഖലയിലെ ജനങ്ങളെയും  ഡ്രാക്കോണിയന്‍ നിയമങ്ങളായ യു.എ.പി.എ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്), എ.എഫ്.എസ്.പി.എ (ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്) തുടങ്ങിയവ ഉപയോഗിച്ച് എങ്ങനെയാണ് ഇന്ത്യന്‍ ഭരണകൂടം അപരവത്കരിക്കുന്നത് എന്ന് ദിനേന  നാം കാണുന്നു.  'അഫ്‌സ്പ' പിന്‍വലിക്കണം എന്നാവശ്യം ഉന്നയിച്ച് ഇറോം ഷര്‍മിള നടത്തുന്ന  നിരാഹാര സത്യഗ്രഹം ഒന്നര ദശകം പൂര്‍ത്തിയായി കഴിഞ്ഞിട്ടും ഇന്നും ഭരണകൂടം അവരുടെ ആവശ്യങ്ങളെ അഭിമുഖീകരിക്കാന്‍ തയാറായിട്ടില്ല. നിരവധി ജനവിരുദ്ധ നിയമങ്ങള്‍  അഖണ്ഡതയുടെയും  രാജ്യസുരക്ഷയുടെയും  പേരില്‍ ചുട്ടെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഗുജറാത്ത് നിയമസഭ കഴിഞ്ഞ മാര്‍ച്ചില്‍ പാസ്സാക്കിയ ജി.യു.ജെ.സി.ഒ.സി (Gujarat Control of Organised Crime)ന്റെ പുതിയ പതിപ്പായ ജി.ജെ.ടി.ഒ.സി (Gujarat Control of Terrorism and Organised Crime), യു.എ.പി.എ നിയമത്തിന് കീഴില്‍ സംഘടനകളെ നിരോധിക്കുന്നത് പോലെ വ്യക്തികളെയും നിയന്ത്രിക്കാന്‍ കേന്ദ്രം നിയമ ഭേദഗതി കൊണ്ടുവരും എന്ന വാര്‍ത്ത (2015 ആഗസ്റ്റ് 11, ദ ഹിന്ദു) ഇതെല്ലാം ഭരണകര്‍ത്താക്കള്‍ മാറുമ്പോഴും ഭരണകൂടത്തിന്റെ ജനവിരുദ്ധമായ കൊളോണിയല്‍ സ്വഭാവം മാറുന്നില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. 

ഇത്തരം ജനാധിപത്യ വിരുദ്ധനിയമങ്ങള്‍ നിലനില്‍ക്കെ തന്നെ, തങ്ങളെ വിമര്‍ശിക്കുന്ന ഏതൊരാളെയും രാജ്യദ്രോഹി മുദ്രകുത്തി ജയിലിലടക്കാനും തടങ്കലില്‍ വെക്കാനും അധികാരം നല്‍കുന്ന തരത്തില്‍ അവ്യക്തമായും അതിവിശാലമായ അര്‍ഥത്തിലും എഴുതിയിരിക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെയും ക്രിമിനല്‍ കോഡ് പ്രൊസീജിയറിലെയും പല വകുപ്പുകളും പൗരന്റെ  അടിസ്ഥാന അവകാശങ്ങളില്‍ പ്രധാനമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണ്. പലപ്പോഴും ജനകീയ സമര നേതാക്കളെയും മനുഷ്യാവകാശ പോരാളികളെയും രാജ്യദ്രോഹി  മുദ്ര കുത്തി ജയിലിലടക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 124 എ ചാര്‍ത്തിക്കൊണ്ടാണ്. ഈ വകുപ്പ് ഉപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നാഷണല്‍ െ്രെകം റിസര്‍ച്ച് ബ്യൂറോയുടെ കണക്ക് പ്രകാരം ഈ വര്‍ഷം മാത്രം 47 പേര്‍ക്കെതിരെ ഈ വകുപ്പ് ചാര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം രാജ്യദ്രോഹ വകുപ്പ് ചാര്‍ത്തപ്പെട്ടവരില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പട്ടിധാര്‍ സംവരണ സമര നായകന്‍ ഹാര്‍ധിക്ക് പട്ടേല്‍ തുടങ്ങിയവരും പെടും. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും അവരുടെ മദ്യനയത്തെയും  വിമര്‍ശിച്ചു കൊണ്ട്  മൂട് ടാസ്മാക്ക് മൂട്, ഊരുക്കു ഒരു സാരായം എന്നീ പാട്ടുകളെഴുതിയ മക്കള്‍ കലൈ ഇലക്കിയ കഴകം സാംസ്‌കാരിക വിഭാഗം തലവന്‍ കോവന്‍ എന്ന ശിവദാസനെ തമിഴ്‌നാട് പോലീസ് അര്‍ധരാത്രി വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ കേസ്. 

എന്താണ് രാജ്യദ്രോഹ നിയമം?

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 124 എ പ്രകാരം  'ഏതെങ്കിലുമൊരാള്‍ എഴുത്ത്, സംഭാഷണം മുഖേനയുള്ള വാക്കാലോ അല്ലെങ്കില്‍ ചിഹ്നങ്ങളാലോ ദൃശ്യങ്ങളാലോ ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമ വ്യവസ്ഥക്കെതിരെ വിദ്വേഷമോ അനാദരവോ ഉയര്‍ത്തുകയോ അതുമല്ലെങ്കില്‍ അസംതൃപ്തി വളര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍' അത് രാജ്യദ്രോഹമായി തീരുമെന്ന് നിര്‍വചിക്കുന്നു. അസംതൃപ്തി (Disaffection) എന്നാല്‍ കൂറില്ലായ്മ (Disloyalty)യും ഏതെങ്കിലും തരത്തിലുള്ള ശത്രുത(Enimity)യും ഉള്‍പ്പെടുമെന്നും, ഗവണ്‍മെന്റിന്റെ ഭരണപരമായ നടപടികള്‍ നിരാകരിക്കുകയും നിയമാനുസൃതമായി (അതായത് അസംതൃപ്തി/കൂറില്ലായ്മ/ശത്രുത തുടങ്ങിയവ വളര്‍ത്താത്ത തരത്തില്‍) അത്തരം നടപടികളില്‍  മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഈ നിയമം ചാര്‍ത്താനുള്ള കാരണമാവുകയില്ലെന്നും ഉപവകുപ്പുകള്‍ അനുശാസിക്കുന്നു. അസംതൃപ്തി, കൂറില്ലായ്മ, ശത്രുത തുടങ്ങിയവയെ നിര്‍വചിക്കുന്നത് ഭരണകൂടമോ ചിലപ്പോള്‍ കോടതികള്‍ തന്നെയോ ആയതിനാല്‍ തന്നെ ഭരണകൂടത്തെ/കോടതിയെയോ വിമര്‍ശിക്കുന്നവരെല്ലാം രാജ്യദ്രോഹികളായിത്തീരുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. അതുകൊണ്ടാണ് ഈയിടെ  ദേശീയ ന്യായാധിപ നിയമന കമീഷനെ കുറിച്ച് ഫേസ്ബുക്കില്‍ അഭിപ്രായ പ്രകടനം  നടത്തിയതിന് അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ കാണ്‍പൂര്‍ കോടതി സ്വമേധയാ കേസെടുക്കുന്നത്. രാംനാഥ് ഗൊയങ്കെ അവാര്‍ഡ്ദാന ചടങ്ങിനിടെ രാജ്യത്ത് വളര്‍ന്ന് വരുന്ന അസഹിഷ്ണുതയെ കുറിച്ചും അരക്ഷിത ബോധത്തെ കുറിച്ചും അഭിപ്രായ പ്രകടനം നടത്തിയ ആമിര്‍ ഖാനെതിരെയും ഈ വകുപ്പ് പ്രകാരം കാണ്‍പൂര്‍ സെഷന്‍ കോടതിയിലും മുസാഫര്‍പൂര്‍ കോടതിയിലുമായി രണ്ടു കേസുകള്‍ ഇതിനകം  ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.  

രാജ്യദ്രോഹ നിയമത്തിന്റെ ചരിത്രവും കുപ്രസിദ്ധ വിചാരണകളും 

1837-'39 കാലഘട്ടത്തില്‍ മെക്കാളെ പ്രഭു എഴുതിയുണ്ടാക്കിയ പീനല്‍  കോഡിലെ 113-ാം വകുപ്പാണ് രാജ്യദ്രോഹവുമായി ബന്ധപ്പെട്ട നിയമത്തിന്റെ ആദിരൂപം. പിന്നീട് 1860-ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഇതിനെ സെക്ഷന്‍ 124 എ ആയി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ 1863-1870 കാലഘട്ടത്തില്‍  ബ്രിട്ടീഷുകാര്‍ക്കെതിരെ  വഹ്ഹാബി പ്രസ്ഥാനങ്ങളുടെ പോരാട്ടം ശക്തമായതോടെ നിയമത്തില്‍ ഈ വകുപ്പ് ഉള്‍പ്പെടുത്തുകയും 1898-ല്‍ 'അസംതൃപ്തി' എന്ന വാക്കിന് ഇന്ന് നിലവിലുള്ള  അര്‍ഥം വരുന്ന തരത്തില്‍ ഭേദഗതി വരുത്തുകയും ചെയ്തു. സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍ പ്രധാനമായും ദേശീയ പത്രങ്ങളുടെ  പത്രാധിപന്മാരെ  ഉന്നമിട്ട് കൊണ്ടാണ് ഈ വകുപ്പ്  പ്രയോഗിച്ചിരുന്നത്. ബംഗോ ബസി പത്രത്തിന്റെ എഡിറ്റര്‍ ജോഗേന്ദ്ര ചന്ദ്രബോസ് ആണ് ഈ വകുപ്പിന് കീഴില്‍ വിചാരണ ചെയ്യപ്പെടുന്നവരില്‍ ഒന്നാമന്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഇന്ത്യന്‍ ദേശീയ നേതാക്കളില്‍ പലരും രാജ്യദ്രോഹ നിയമത്തിന് കീഴില്‍ വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ പരക്കെ അറിയപ്പെട്ടവ ഇന്ന് ഹിന്ദുത്വവാദികള്‍ തങ്ങളുടെ ആചാര്യനായി കൊണ്ടാടുന്ന ബാലഗംഗാധര തിലകിനെതിരെയുള്ള മൂന്ന് രാജ്യദ്രോഹ വിചാരണകളാണ്. 1897-ല്‍ ആദ്യമായി ഈ വകുപ്പിന് കീഴില്‍ വിചാരണ ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഉയര്‍ത്തിയ വാദങ്ങള്‍ ഇന്നും പ്രസക്തമാണ്: 

'ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണകൂടത്തിനെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തെയാണോ അതോ ഭരണകൂടം ഇന്ത്യന്‍ ജനതക്കെതിരെ നടത്തുന്ന അക്രമത്തെയാണോ തന്റെ വിചാരണ സ്ഥാപിക്കുന്നത്' എന്ന് അദ്ദേഹം ചോദിച്ചു. താനടക്കമുള്ള  ഇന്ത്യയിലെ ജനങ്ങളുടെ പോരാട്ടത്തെ രാജ്യദ്രോഹമായി വിലയിരുത്തുന്നുവെങ്കില്‍ ദേശത്തെയും ദേശികളെയും അടിച്ചമര്‍ത്തുന്ന  ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പ്രവൃത്തി ദേശദ്രോഹമാണെന്നും, രാജ്യദ്രോഹമല്ല ദേശദ്രോഹമാണ് യഥാര്‍ത്ഥ ഭീക്ഷണിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദത്തിന്റെ കാതല്‍. ജീവിക്കാന്‍ വഴിയില്ലാതെ പോകുന്ന ജനങ്ങള്‍ അവകാശങ്ങള്‍ക്ക് വേണ്ടി പ്രതികരിക്കുകയും ഭരണകൂടത്തിന്റെ മനുഷ്യത്വ വിരുദ്ധമായ നടപടികള്‍ക്കെതിരെ വിരലുയര്‍ത്തുകയും ചെയ്യുന്നത് രാജ്യദ്രോഹമായി കണക്കാക്കുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ബാല ഗംഗാധര തിലക് ഉയര്‍ത്തിയ വാദങ്ങള്‍ക്ക് പ്രസക്തിയേറുന്നു. തിലകിനെതിരെ രാജ്യദ്രോഹ വകുപ്പ് ചാര്‍ത്തിയ ശേഷം കേസില്‍ വാദം കേള്‍ക്കാന്‍ തികഞ്ഞ ഇന്ത്യന്‍ വിരോധിയായ ജസ്റ്റിസ് സ്ട്രാചിയെ നിയമിച്ച ബ്രിട്ടീഷ് ഭരണകൂടം തുടര്‍ന്ന് സ്ട്രാചി നിര്‍വചിച്ച പ്രകാരം രാജ്യദ്രോഹ നിയമത്തില്‍ ഭേദഗതി വരുത്തി. 

നൂറ്റിപ്പതിനെട്ട് കൊല്ലം മുമ്പ് ഇന്ത്യക്കാരെ അടിമകളായും അപരിഷ്‌കൃതരായും കാണുന്ന കൊളോണിയല്‍ ന്യായാധിപന്‍ നിര്‍വചിച്ച പ്രകാരം ഭേദഗതി ചെയ്യപ്പെട്ട നിയമം ഉപയോഗിച്ചാണ് ഇന്ന് ഇന്ത്യന്‍ ഭരണകൂടം മനുഷ്യാവകാശ പോരാളികളെയും ജനകീയ സമര നേതാക്കളെയും രാജ്യദ്രോഹികളായി മുദ്രകുത്തുകയും ജയിലിലടക്കുകയും ചെയ്യുന്നത്. 1909 ലും 1916 ലും ഈ വകുപ്പിന് കീഴില്‍ വിചാരണ ചെയ്യപ്പെട്ട തിലകിന് വേണ്ടി ഹാജരായത് പിന്നീട് പാകിസ്താന്റെ രാഷ്ട്രപിതാവായി മാറിയ മുഹമ്മദ് അലി ജിന്നയായിരുന്നു. 

തിലകിനെ കൂടാതെ ഗാന്ധിജിയും ആനി ബസന്റുമെല്ലാം ഈ വകുപ്പിന് കീഴില്‍ വിചാരണ നേരിട്ടിട്ടുണ്ട്. 1922-ല്‍ യംഗ് ഇന്ത്യയിലെ തന്റെ മൂന്ന് ലേഖനങ്ങള്‍ക്ക് രാജ്യദ്രോഹത്തിന്  വിചാരണ നേരിട്ട ഗാന്ധി, (ദേശ)കൂറ് നിയമം മൂലം  ഉല്‍പാദിപ്പിക്കാനോ നിയന്ത്രിക്കാനോ പറ്റുന്ന ഒന്നല്ലെന്നും അക്രമത്തിന് പ്രേരിപ്പിക്കുകയോ ആഹ്വാനം ചെയ്യുകയോ ചെയ്യാത്തിടത്തോളം കാലം തനിക്ക് ഭരണകൂടത്തോടുള്ള അസംതൃപ്തി അതിന്റെ എല്ലാ അര്‍ഥത്തിലും ആവിഷ്‌കരിക്കാന്‍ ഒരു പൗരനു  സ്വാതന്ത്ര്യം ഉണ്ടാവേണ്ടതുണ്ടെന്നും' കേസില്‍ വാദം കേട്ട ജസ്റ്റിസ് സ്ട്രാങ്് മാന്റെ മുഖത്ത് നോക്കി  തുറന്നടിച്ചു. 

ഭരണഘടനാ അസംബ്ലിയിലും  കോടതി വ്യവഹാരങ്ങളിലും  

വിഭജനവും തുടര്‍ന്നുണ്ടായ രക്തച്ചൊരിച്ചിലും തികഞ്ഞ അരാജകത്വവും നിറഞ്ഞ് നിന്ന കാലഘട്ടത്തില്‍ എഴുതപ്പെട്ടതിനാല്‍ തന്നെ, ഭരണഘടനയില്‍ രാജ്യ ദ്രോഹ നിയമം പോലുള്ള മനുഷ്യാവകാശ വിരുദ്ധ നിയമങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ ഭരണഘടനാ ശില്‍പ്പികളുടെ അബോധ മണ്ഡലത്തില്‍ ആ കാലഘട്ടം വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പോസ്റ്റ് കൊളോണിയല്‍ രാജ്യങ്ങളില്‍ അക്കാലത്ത് വേരൂന്നി നിന്നിരുന്ന, ദേശത്തിന്റെ ഭദ്രതയും ഏകതയും ദേശികളുടെ മൗലികാവകാശങ്ങളേക്കാള്‍ പ്രധാനമായി കാണുന്ന ദേശ രാഷ്ട്രമെന്ന ചിന്ത നമ്മുടെ ഭരണഘടനയുടെ രൂപീകരണത്തിന്റെ ആണികല്ലായി തീര്‍ന്നു. ഭരണഘടനയുടെ പ്രഥമ കരട് രൂപത്തില്‍ രാജ്യദ്രോഹം അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള അടിസ്ഥാനമായി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അസംബ്ലിയിലെ ചര്‍ച്ചക്കിടെ  കെ.എം മുന്‍ഷി, ടി.ടി കൃഷ്ണമാചാരി, സേത്ത് ഗോവിന്ദ് ദാസ് തുടങ്ങിയവരുടെ വിയോജിപ്പുകളെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. എന്നിരുന്നാലും ഈ വകുപ്പ് ഭരണഘടനയില്‍ തുടര്‍ന്നു. എന്നാല്‍ 1949 ല്‍ നെഹ്‌റു ഗവണ്‍മെന്റിനെതിരെ അക്കാലത്ത് നിരോധിക്കപ്പെട്ടിരുന്ന  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചായ്‌വ് പുലര്‍ത്തിയിരുന്ന ക്രോസ് റോഡ്‌സ് മാസികയില്‍ നിന്നുണ്ടായ വിമര്‍ശനങ്ങളെ രാജ്യദ്രോഹ നിയമം ചാര്‍ത്തിയതിനെ ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച മദ്രാസ് കോടതി വിധിയുണ്ടായി. പാകിസ്താനെതിരെ തീവ്ര പരാമര്‍ശങ്ങളുള്ള, വര്‍ഗീയ ചുവയുള്ള ലേഖനമെഴുതിയെന്ന കുറ്റത്തിന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിനെതിരായുള്ള കേസില്‍ ഗവണ്‍മെന്റിനെതിരെയുള്ള കോടതി വിധിയും അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ നെഹ്‌റുവിനെ പ്രേരിപ്പിച്ചു. 

1951-ലെ പ്രഥമ ഭരണ ഘടനാ ഭേദഗതിയില്‍  അഭിപ്രായങ്ങള്‍ അയല്‍രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ ബാധിക്കുന്നതോ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതോ ആയാല്‍ ന്യായമായ നിയന്ത്രണങ്ങള്‍  ആവാം എന്ന തരത്തില്‍ ഭരണ ഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ  വക വെച്ച് നല്‍കുന്ന സെക്ഷന്‍ 19(2)ല്‍ മാറ്റങ്ങള്‍ കൊണ്ട് വന്നു. എന്നാല്‍ 1954-ല്‍ ഝാര്‍ഖണ്ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത ആദിവാസികള്‍ക്കെതിരെ രാജ്യദ്രോഹ നിയമം ചാര്‍ത്തിയ ബിഹാര്‍ ഭരണകൂടത്തിനെതിരെ വിധിച്ച ദെബി സോറന്‍ Vs സ്റ്റേറ്റ് ഓഫ് ബിഹാര്‍ കേസും, സെക്ഷന്‍ 124 എ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച രാം നന്ദന്‍ Vs സ്റ്റേറ്റ് കേസും ഈ വകുപ്പ്  ഭരണഘടനയില്‍ എടുത്ത് കളയണമെന്ന ഭരണ ഘടനാ ശില്‍പ്പികളുടെ മനസ്സ് വ്യക്തമാക്കുന്നവയായിരുന്നു. എന്നാല്‍  1962-ല്‍ കേദാര്‍നാഥ് കേസില്‍ രാം നന്ദന്‍ കേസിലെ വിധിയെ നിരാകരിച്ച സുപ്രീം  കോടതി, സെക്ഷന്‍ 124 എയുടെ ഭരണഘടനാ സാധുത പുനഃസ്ഥാപിക്കുകയും ഈ വകുപ്പിന്റെ അര്‍ഥത്തിനും ഭരണകൂടം പ്രയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ കൊണ്ട് വരികയും ചെയ്തു. രാജ്യദ്രോഹ നിയമത്തെ  വിശാലമായ തലത്തില്‍ പരിശോധിച്ച് വ്യാഖ്യാനിച്ചാല്‍ അതിന് ഭരണഘടനാപരമായി നിലനില്‍പ്പുണ്ടാവില്ലെന്ന് അന്നേ കോടതി ഓര്‍മിപ്പിക്കുകയുണ്ടായിട്ടുണ്ട്. പക്ഷേ കീഴ്‌കോടതികള്‍ സുപ്രീം കോടതിയുടെ ഈ നിര്‍ദേശങ്ങള്‍ മാനിക്കാറില്ലെന്ന് മാത്രമല്ല പോലീസ് രാജ്യദ്രോഹിയെന്ന് ആരോപിച്ച് ഹാജരാക്കുന്നവരെ മറ്റൊന്നും നോക്കാതെ കസ്റ്റഡിയില്‍ വിട്ടു കൊടുക്കുകയാണ് സാമ്പ്രദായിക രീതി. 

രാജ്യദ്രോഹ നിയമങ്ങള്‍ ഇതര രാജ്യങ്ങളില്‍

അമേരിക്ക, നൈജീരിയ, മലേഷ്യ, ന്യൂസിലാന്റ്, ആസ്‌ട്രേലിയ തുടങ്ങി പല രാജ്യങ്ങളും രാജ്യദ്രോഹവുമായി ബന്ധപ്പെട്ടുള്ള പല നിയമങ്ങളും എടുത്ത് കളയുകയോ, ഫലത്തില്‍ ഇല്ലാതാവുകയോ അല്ലെങ്കില്‍  അത്തരം നിയമങ്ങള്‍ പ്രയോഗിക്കേണ്ടതിനെക്കുറിച്ചുള്ള തത്ത്വങ്ങള്‍ കൂടുതല്‍ ഉദാരമാക്കുകയോ ചെയ്തിട്ടുണ്ട്. 2010 ല്‍ ബ്രിട്ടന്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട നിയമം തന്നെ എടുത്ത് കളയുകയുണ്ടായി. 1948 ലെ ലോക മനുഷ്യാവകാശ പ്രഖ്യാപന ചാര്‍ട്ടറിലെയും, 1966 ലെ രാഷ്ട്രീയ-പൗരാവകാശ സംബന്ധമായ അന്തര്‍ദേശീയ കരാറിലെയും വകുപ്പുകള്‍ പ്രകാരം അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും അടിസ്ഥാന അവകാശങ്ങളില്‍ പെട്ടതാണ്. ഈ കരാറുകളില്‍ ഒപ്പിട്ട രാജ്യമെന്ന നിലക്ക് ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി  ഇത്തരം ജനവിരുദ്ധമായ നിയമങ്ങള്‍ ഭരണഘടനയില്‍ നിലനിര്‍ത്താനും കൂടുതല്‍ കര്‍ക്കശമായ നിയമങ്ങളെ പറ്റി ആലോചിക്കാനും കാരണം  ഇന്ന് രാജ്യത്ത് നിലവിലുള്ള ഹിന്ദുത്വ തീവ്രദേശീയ വാദവും അമിതമായ രാജ്യസുരക്ഷാ ഭീതിയും ആഗോള തലത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഭീകരതക്കെതിരെയുള്ള യുദ്ധവുമെല്ലാമാണ്. 

1896 ല്‍ തന്റെ കേസിന്റെ വിചാരണ വേളയില്‍ ബാല ഗംഗാധര തിലക് പ്രശ്‌നവല്‍ക്കരിച്ച തരത്തില്‍ തന്നെയാണ് ഇന്നും നമ്മുടെ രാജ്യം നിലനില്‍ക്കുന്നത്. അദ്ദേഹം അന്നുയര്‍ത്തിയ വാദഗതിയോടു അമ്പരപ്പിക്കുന്ന സാമ്യതകളാണ് രാജ്യദ്രോഹ നിയമങ്ങളുടെ സമകാലീന ഇരകളില്‍ പ്രധാനിയായ അരുന്ധതി റോയിയെ പോലുള്ളവരുടെ വാദഗതികള്‍ക്കുമുള്ളത്. 2010 ല്‍ ഒരു സെമിനാറില്‍ കാശ്മീരിനെ പറ്റി നടത്തിയ  അഭിപ്രായങ്ങളുടെ പേരില്‍ എസ്.എ.ആര്‍ ഗീലാനി,  വരവര റാവു എന്നിവര്‍ക്കൊപ്പം രാജ്യദ്രോഹ കുറ്റാരോപണം നേരിട്ടപ്പോള്‍ റോയി ഒരു പൊതു പ്രസ്താവന നടത്തുകയുണ്ടായി. ''ഞാന്‍ വിദ്വേഷ പ്രസംഗം നടത്തിയതായി പത്രങ്ങളിലൂടെ ചിലരെന്റെ മേല്‍ ആരോപിക്കുകയുണ്ടായി; ഇന്ത്യയെ ചെറിയ കഷ്ണങ്ങളാക്കി തകര്‍ക്കണമെന്നും മറ്റും പറഞ്ഞതായിട്ടും മറ്റും. ആത്മാഭിമാനത്തില്‍ നിന്നും സ്‌നേഹത്തില്‍ നിന്നുമാണ് എന്റെ വാക്കുകള്‍ പുറത്ത് വരുന്നത്. തങ്ങള്‍ (കശ്മീരികള്‍) ഇന്ത്യക്കാരാണെന്ന് ബലപ്രയോഗത്തിലൂടെ പറയിപ്പിക്കാന്‍ അവരുടെ കൈനഖങ്ങള്‍ വലിച്ചൂരിയെടുക്കപ്പെടാതിരിക്കാനോ ജയിലടക്കപ്പെടാതിരിക്കാനോ ആയി, ജനങ്ങള്‍ കൊല്ലപ്പെടാതിരിക്കാനായി, ബലാല്‍സംഗം ചെയ്യപ്പെടാതിരിക്കാനായി ഉള്ള അഭിലാഷത്തില്‍ നിന്നുമാണ് എന്റെ വാക്കുകള്‍ പുറത്ത് വരുന്നത്. ഒത്തൊരുമയുള്ള സമൂഹമായി ജീവിക്കാന്‍ പ്രയത്‌നിക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കണമെന്ന തീവ്ര മോഹത്തില്‍ നിന്നാണാ വാക്കുകള്‍ ഉതിരുന്നത്. മനസ്സിലുള്ളത് തുറന്ന് പറഞ്ഞതിന്റെ പേരില്‍ തങ്ങളിലെ എഴുത്തുകാരെ നിശ്ശബ്ദരാക്കേണ്ടി വരുന്ന ഒരു രാജ്യത്തെ ഓര്‍ത്ത് നിങ്ങള്‍ ലജ്ജിക്കുക. വര്‍ഗീയ വാദികളായ കൊലപാതകികളും, കൂട്ടക്കശാപ്പുകാരും, കോര്‍പ്പറേറ്റ് അഴിമതിക്കാരും, കൊള്ളക്കാരും ബലാത്സംഗവീരന്മാരുമായവര്‍, പാവങ്ങളില്‍ പാവങ്ങളായവരെ കൊള്ളയടിച്ചവര്‍ സ്വതന്ത്രരായി വിഹരിക്കുമ്പോള്‍ നീതിക്ക് വേണ്ടി പോരാടുന്നവരെ ജയിലിലടക്കേണ്ടി വരുന്ന ഒരു രാജ്യത്തെ ഓര്‍ത്ത് ലജ്ജിക്കുക.'' 

കഴിഞ്ഞ പതിനഞ്ചു കൊല്ലത്തിനിടക്ക് രാജ്യദ്രോഹനിയമത്തിന് കീഴില്‍ കേസെടുക്കപ്പെട്ടവരുടെയോ അറസ്റ്റ് ചെയ്യപ്പെട്ടവരുടെയോ ലിസ്റ്റ് പരിശോധിച്ചാല്‍ അതില്‍ ഭൂരിഭാഗവും  ജനകീയ സമര നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണെന്ന് കാണാം. ബിനായക് സെന്‍, കൂടംകുളം സമര നായകന്‍ ഉദയ് കുമാര്‍, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍, കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദി മുതല്‍ പല പത്രങ്ങളുടെയും എഡിറ്റര്‍മാര്‍, എഴുത്തുകാര്‍ എന്നിവരെല്ലാം അതിലുണ്ട്. രാജ്യദ്രോഹനിയമം മാത്രമല്ല പ്രസ്തുത നിയമത്തിലെ നിര്‍വചനം അടിസ്ഥാനമാക്കി രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും മറ്റും കണ്ടു കെട്ടാന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ക്രിമിനല്‍ കോഡ് പ്രോസീജിയറിലെ സെക്ഷന്‍ 95, ഏതു തരം കൂടിയാലോചനകളെയും രാജ്യദ്രോഹമെന്നാരോപിച്ചു അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്ന Prevention of  Seditious  Act 1911, ദേശ സുരക്ഷാ നിയമം തുടങ്ങി ഭരണഘടനയുടെ ഭാഗമായി കാലങ്ങളായി വിമര്‍ശകരെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്ന മുഴുവന്‍ നിയമങ്ങളും നീക്കം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

നിയമ ബാഹ്യമായ മാര്‍ഗങ്ങളിലൂടെയും അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ച് വിലങ്ങിടാനാവുമെന്ന് പ്രഫ. കല്‍ബുര്‍ഗിയുടെയും ഗോവിന്ദ് പന്‍സാരെയുടെയും മറ്റും അനുഭവം തെളിയിക്കുന്നു. ഇന്ന് നിലവിലുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെയും അവരെ പിന്തുണക്കുന്നവരുടെയും നിര്‍വചനപ്രകാരം നിലവില്‍ നമ്മുടെ രാജ്യത്ത് രണ്ടു തരം ജനങ്ങളാണുള്ളത്; 'രാജ്യദ്രോഹികളും ദേശസ്‌നേഹികളും'. ഒന്നുകില്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ അവരുടെ കൂടെ എന്ന 9/11 ശേഷം ഭീകരതക്കെതിരായ യുദ്ധം പ്രഖ്യാപിച്ച സമയത്തെ ബുഷിന്റെ കുപ്രസിദ്ധ യുക്തി തന്നെയാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്ത് ഹിന്ദുത്വ വാദികളും പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. 'ദേശ സ്‌നേഹിയാവുക, അല്ലെങ്കില്‍ രാജ്യദ്രോഹിയാവുക'. തിലക് ഉയര്‍ത്തിയ വാദത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, ജനങ്ങളെ/ദേശത്തെ ദ്രോഹിക്കുന്ന ദേശദ്രോഹികളുടെ ഭരണകൂടമാണ് ഇന്നും ഇന്ത്യയില്‍ നിലവിലുള്ളത്. അത്തരമൊരു ഭരണകൂടവും അവരുടെ കങ്കാണിമാരും  ചാര്‍ത്തി നല്‍കുന്ന   രാജ്യദ്രോഹി മുദ്രക്ക് പുല്ലുവില കല്‍പ്പിക്കാനും അതിനെതിരെ പ്രതികരിക്കാനും നമുക്കാവേണ്ടതുണ്ട്. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന, ദേശദ്രോഹികളുടെ ഭരണകൂടത്തിനെതിരെ നിലകൊള്ളേണ്ടതും, നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട, അപരവല്‍ക്കരിക്കപ്പെടുന്ന, ചരിത്രപരമായി പിന്നാക്കമായിപ്പോയ, നീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി പൊരുതേണ്ടതും ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോഴാണ്? 

(എറണാകുളം ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബി പൂര്‍ത്തിയാക്കിയ ലേഖകന്‍ ഇപ്പോള്‍ ന്യൂദല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ റേഡിയോ ആന്റ് ടി.വി ജേണലിസം ഡിപ്ലോമ വിദ്യാര്‍ഥിയാണ്) 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /39-44
എ.വൈ.ആര്‍