Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 11

മനുഷ്യാവകാശം ഇസ്‌ലാമിക പാഠങ്ങള്‍

കെ.എം അഷ്‌റഫ് നീര്‍കുന്നം /പഠനം

         പ്രജകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും പ്രക്ഷോഭണ സ്വാതന്ത്ര്യവുമില്ലാത്തതോ, ജനനത്തെയും ജാതിയെയും പാരമ്പര്യത്തെയും  വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേക അവകാശങ്ങളും പ്രത്യേക പ്രതിബന്ധങ്ങളുമുള്ളതോ ആയ ഒരു ജീവിത വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ സത്തായ ഇവ്വിധ വിഷയങ്ങളിലൊന്നും നാം വിഭാവന ചെയ്യുന്ന ജന പ്രാതിനിധ്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല. ഇവയൊന്നും തന്നെ പാശ്ചാത്യര്‍ നമ്മെ അഭ്യസിപ്പിച്ചതുമല്ല. പടിഞ്ഞാറന്‍ ജനായത്ത വാദികള്‍ ജന്മമെടുക്കുന്നതിന്റെ എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ നമുക്കതറിയാം. അതിന്റെ ഏറ്റവും നല്ല മാതൃക നാം പ്രായോഗികമായി കാട്ടിക്കൊടുത്തിട്ടുള്ളതുമാണ്.''

പടിഞ്ഞാറന്‍ ജനാധിപത്യത്തെ കുറിച്ച ഇരുപതാം നൂറ്റാണ്ടിന്റെ നവോത്ഥാന നായകന്‍ ഇമാം അബുല്‍ അഅ്‌ലാ മൗദൂദി നടത്തിയ നിരീക്ഷണമാണ് മേല്‍ ഉദ്ധരിച്ച വാക്യങ്ങള്‍. മനുഷ്യ നാഗരികതയുടെ സന്തുലിതവും ഐശ്വര്യപൂര്‍ണവുമായ വളര്‍ച്ചക്ക് അനിവാര്യമായ ഏതൊരു മൂല്യത്തെ അടയാളപ്പെടുത്തുമ്പോഴും ഇമാം മൗദൂദിയുടെ വാക്യങ്ങള്‍ കൂടുതല്‍ തെളിമയോടെ പ്രസക്തമാകും. കാരണം മനുഷ്യാവകാശങ്ങളുടെ ആധാരമെന്ന് വിലയിരുത്തപ്പെടുന്ന മനുഷ്യത്വം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മഹിതമായ മൂല്യങ്ങളെക്കുറിച്ച് പാശ്ചാത്യര്‍ ചിന്തിച്ചു തുടങ്ങുന്നതിനു മുമ്പേ അവയെ പ്രയോഗവല്‍ക്കരിച്ച ചരിത്രമാണ് ഇസ്‌ലാമിന്റേത്. യൂറോ കേന്ദ്രിതമായ ചരിത്ര ബോധത്തിന്റെ നുകം പേറുന്ന കൂലിയെഴുത്തുകാര്‍ ഈ മൂല്യങ്ങളെയൊക്കെയും മാഗ്നാകാര്‍ട്ടയുടെയും ഫ്രഞ്ച്  വിപ്ലവത്തിന്റെയും ആലയില്‍ കെട്ടാന്‍ ശ്രമിക്കാറുണ്ടെന്നത് ശരി. പക്ഷേ മനുഷ്യര്‍ പരിചയിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും പുരോഗമനപരവും ക്ഷേമപൂര്‍ണവുമായ ഇസ്‌ലാമിക നാഗരികതയുടെ ശോഭന ചിത്രങ്ങളെ നൂറ്റൊന്നാവര്‍ത്തിക്കപ്പെട്ട നുണകള്‍ കൊണ്ട് എങ്ങനെ മായ്ച്ചു കളയാനാകും? 

1948 ഡിസംബര്‍ പത്തിനാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശങ്ങളെക്കുറിച്ച നയരേഖ അംഗീകരിക്കുന്നത്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് മദീനാ രാഷ്ട്ര നിര്‍മിതിയുടെ പശ്ചാത്തലത്തില്‍ മഹാനായ പ്രവാചകന്‍ (സ) പ്രഖ്യാപിച്ച മദീനാ ചാര്‍ട്ടറിന്റെയോ അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗത്തിലെ അവകാശ പ്രഖ്യാപനങ്ങളുടെയോ ഏഴയലത്ത് നില്‍ക്കാന്‍ ഈ നയരേഖകള്‍ക്ക് അര്‍ഹതയില്ലാതെ പോകുന്നു. വന്‍കിട രാഷ്ട്രങ്ങള്‍ക്ക് വീറ്റോ അധികാരമുള്ളിടത്തോളം കാലം മനുഷ്യാവകാശ രേഖ പരിഹാസ്യമായി തുടരുമെന്ന് വിലയിരുത്തിയത് വിഖ്യാത ചരിത്രകാരന്‍ ആര്‍നോള്‍ഡ് ടോയന്‍ബി. ടോയന്‍ബിക്ക് തെറ്റിയിട്ടില്ലെന്ന് അവകാശ ധ്വംസനങ്ങളുടെ നീണ്ട പരമ്പരകള്‍ സൃഷ്ടിച്ച് സാമ്രാജ്യത്വം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. 

എന്തുകൊണ്ട് അവകാശ ധ്വംസനങ്ങള്‍?

ലോക രാഷ്ട്രങ്ങളുടെ പൊതുവേദിയായ ഐക്യരാഷ്ട്രസഭയാകട്ടെ മറ്റു ദേശ രാഷ്ട്രങ്ങളാകട്ടെ, അവകള്‍ രൂപം കൊടുക്കുന്ന മനുഷ്യാവകാശ രേഖകള്‍ ജലരേഖയായി മാറുന്നതെന്തുകൊണ്ട്? ചൂണ്ടിക്കാണിക്കാന്‍ അവകാശ സംരക്ഷണത്തിന്റെ നേര്‍ത്ത ഒരു മാതൃകപോലുമില്ലാത്ത വിധം ധ്വംസനങ്ങള്‍ പെരുകുന്നതിന്റെ കാരണങ്ങള്‍ എന്താണ്? മറുവശത്ത് ചരിത്രത്തിലുടനീളം മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിന്റെ ഉദാത്തമായ മാതൃകകള്‍ സൃഷ്ടിക്കാന്‍ ഇസ്‌ലാമിക നാഗരികതക്ക് എങ്ങനെ സാധിച്ചു? മനുഷ്യ ചരിത്രത്തിന്റെ നാള്‍വഴികള്‍ സാക്ഷ്യപ്പെടുത്തുന്ന ചില ഉത്തരങ്ങളുണ്ട്. അവ ബോധ്യപ്പെടുമ്പോഴേ മനുഷ്യാവകാശ ലംഘനങ്ങളുടെ മൂല കാരണം വെളിപ്പെടൂ. 

1. നുബുവ്വത്ത് (പ്രവാചകത്വം), ഫല്‍സഫത്ത് (തത്ത്വശാസ്ത്രം) 

തമ്മിലെ അന്തരം: ഭൗതിക നാഗരികത മനുഷ്യാവകാശങ്ങളെ കെട്ടിപ്പടുത്തത് തത്ത്വശാസ്ത്രത്തിന്റെ തൂണുകളിലാണ്. ഇസ്‌ലാമിക നാഗരികതയാവട്ടെ ദൈവ പ്രോക്തമായ പ്രവാചകത്വത്തിന്റെ അടിത്തറയിലും. പ്രവാചകത്വവും തത്ത്വശാസ്ത്രവും വേര്‍പെടുന്ന ഇടങ്ങളിലൊക്കെയും മനുഷ്യാവകാശ വിഷയങ്ങള്‍ ഭിന്നമായ രീതിയില്‍ (സംരക്ഷണം / ധ്വംസനം) പ്രതിഫലിച്ചു കൊണ്ടിരിക്കും. 

ഒരു ആദര്‍ശത്തിലുള്ള തികഞ്ഞ ബോധ്യം, ആദര്‍ശ സാക്ഷാത്കാരത്തിനുള്ള നിരന്തര യജ്ഞം, ആദര്‍ശ മാര്‍ഗത്തിലെ സ്ഥൈര്യം ഇവയാണ് നുബുവ്വത്തിന്റെ ചേരുവകള്‍. വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേട് കൊടിയ പാപമായിട്ടാണ് നുബുവ്വത്ത് ഗണിക്കുന്നത് (അസ്സ്വഫ്: 2). നബുവ്വത്തിന്റെ നേര്‍ വിപരീത ദിശയിലാണ് തത്ത്വശാസ്ത്രം ചുവടുറപ്പിച്ചിരിക്കുന്നത്. ചില സ്വപ്‌നങ്ങള്‍, വ്യാമോഹങ്ങള്‍, സന്ദേഹങ്ങള്‍ അവശേഷിപ്പിക്കുന്ന ചിന്താ ശകലങ്ങള്‍ ഇവയാണ് തത്ത്വശാസ്ത്രത്തിന്റെ ചേരുവകള്‍. ഉപമകളുടെയും ഭാവനകളുടെയും ലോകമാണ് അവയുടെ വിഹാര രംഗം. മനുഷ്യ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാതെ അകന്നുമാറിയാണ് തത്ത്വശാസ്ത്രത്തിന്റെ സഞ്ചാര പഥങ്ങള്‍.

മനുഷ്യ ജീവിതത്തില്‍ വിസ്മയകരമായ പരിവര്‍ത്തനങ്ങളുണ്ടാക്കാന്‍ നുബുവ്വത്തിന് സാധിച്ചു. തത്ത്വശാസ്ത്രമാകട്ടെ അതിന്റെ ഉപജ്ഞാതാക്കളില്‍ വരെ നേരിയ ചലനം സൃഷ്ടിക്കുന്നതില്‍ പോലും പരാജയമടഞ്ഞു. എന്നല്ല, പ്രശസ്തരായ പല തത്ത്വ ചിന്തകരുടെയും ജീവിതം അവര്‍ പ്രതിനിധീകരിക്കുന്ന മൂല്യങ്ങളെ ചവറ്റുകുട്ടയിലെറിഞ്ഞ്, കേട്ടുകേള്‍വിയില്ലാത്ത വൈകൃതങ്ങളുടെയും അധാര്‍മികതയുടെയും കൂത്തരങ്ങായി മാറിയതാണ് ചരിത്രം. അതുകൊണ്ട് തന്നെ മനുഷ്യാവകാശങ്ങള്‍ സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്‌നമായി ഭൗതികര്‍ ഇപ്പോഴും കൊണ്ടു നടക്കുന്നു. 

2. കുറ്റമറ്റ പ്രമാണങ്ങളുടെ അഭാവം: ഭൗതികതയില്‍ കെട്ടിപ്പടുത്ത മൂല്യങ്ങള്‍ ആര്‍ക്കും തിരുത്താന്‍ കഴിയുന്ന, ആരുടെയൊക്കെയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് ചമയ്ക്കുന്ന പ്രമാണങ്ങളുടെ പിന്‍ബലത്തിലാണ് നിലകൊള്ളുന്നത്. സ്വാഭാവികമായും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുന്ന വേളകളിലൊക്കെ മനുഷ്യാവകാശങ്ങള്‍ കേവലം പ്രഹസനമായി മാറും. പ്രവാചക പ്രബോധിതവും കാലാതിവര്‍ത്തിയുമായ ദൈവിക പ്രമാണങ്ങളുടെ അവസ്ഥ ഇതില്‍ നിന്ന് തുലോം ഭിന്നമാണ്. ഇസ്‌ലാമിക നാഗരികതയെ വ്യതിരിക്തമാക്കുന്ന ഈ മൗലിക പ്രമാണങ്ങള്‍ എല്ലാതരം കൈകടത്തലുകളില്‍നിന്നും സുരക്ഷിതമായതിനാല്‍ അവയുടെ പിന്‍ബലത്തില്‍ രൂപപ്പെടുന്ന മനുഷ്യാവകാശങ്ങളും സുരക്ഷിതമായിരിക്കും. വ്യക്തികളുടെയോ സമൂഹത്തിന്റെയോ താല്‍പര്യങ്ങള്‍ ഈ അവകാശങ്ങളെ റദ്ദുചെയ്യാന്‍ പാടുള്ളതല്ല. മാത്രമല്ല, അവയുടെ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന മതപരമായ ബാധ്യത കൂടി വിശ്വാസികള്‍ക്ക് ഉണ്ടായിരിക്കുകയും ചെയ്യും. ഇതാണ് ചരിത്രത്തില്‍ മഹിതമായ മാതൃകകള്‍ സൃഷ്ടിക്കാന്‍ ഇസ്‌ലാമിന് സാധിച്ചതിന് പിന്നിലെ രഹസ്യം.

3. മനുഷ്യനെന്ന കേന്ദ്രബിന്ദു: അവകാശ ലംഘനങ്ങളുടെ മൂന്നാമത്തെ പ്രധാന കാരണം മനുഷ്യനെന്ന കേന്ദ്ര ബിന്ദു അവഗണിക്കപ്പെടുന്നു എന്നതാണ്. ഭൗതിക ദര്‍ശനങ്ങളില്‍ എല്ലാവരെയും തുല്യമനുഷ്യരായി കണ്ടുകൊണ്ടുള്ള ഒരു ചിന്തയല്ല രൂപപ്പെടുന്നത്. ലിംഗം, ജാതി, വര്‍ഗം, വര്‍ണം, ഭാഷ, ദേശം, തുടങ്ങി മനുഷ്യ വൈവിധ്യത്തിന്റെ ഒട്ടനവധി അടരുകളെ അടിസ്ഥാനപ്പെടുത്തിയാണ് അവകാശങ്ങള്‍ ഉണ്ടോ ഇല്ലേ എന്ന് നിര്‍ണയിക്കുന്നത്. തന്നിമിത്തം മനുഷ്യനെന്ന സാകല്യത്തെ കാണാതെ പോകുന്നു. വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി മനസ്സിലാക്കുക വഴി അവകാശങ്ങളുടെ സംരക്ഷണം ഏറ്റുമുട്ടലുകളുടെ വേദിയായി മാറുന്നു. വെളുത്തവന്‍/കറുത്തവന്‍, പൗരസ്ത്യന്‍/പാശ്ചാത്യന്‍, സവര്‍ണന്‍/അവര്‍ണന്‍ തുടങ്ങിയ വിരുദ്ധ ദ്വന്ദ്വങ്ങള്‍ മനുഷ്യനെന്ന ഏകകത്തിന്റെ അഭാവത്തില്‍ അവകാശ ധ്വംസനങ്ങളുടെ നിമിത്തങ്ങളായി പരിണമിക്കുന്നു. 

അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ സകല വൈവിധ്യങ്ങളെയും അംഗീകരിച്ചുകൊണ്ടുതന്നെ മനുഷ്യനെ കേന്ദ്രപ്രമേയമാക്കുന്നു എന്നതാണ് ഇസ്‌ലാമിക നാഗരികതയുടെ പ്രത്യേകത. അല്ലാഹു പറയുന്നു: ''മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ അന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്''”(അല്‍ഹുജ്‌റാത്ത് 13). 

മനുഷ്യ ജീവിതത്തിന്റെ ശാന്തിയും സ്വസ്ഥതയുമാണ് ഇസ്‌ലാമിക നിയമ സംഹിതയുടെ (ശരീഅത്ത്) അടിത്തറ. ആദര്‍ശം, ജീവന്‍, ബുദ്ധി, സമ്പത്ത്, വംശം, അഭിമാനം ഇവയുടെ സംരക്ഷണമാണ് ശരീഅത്ത് ലക്ഷ്യമാക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ ആധാരമായി വര്‍ത്തിക്കുന്ന ഈ ആറ് കാര്യങ്ങളുടെയും സ്വഛമായ നിലനില്‍പ്പിന് ഗുണകരമായതെന്തും സ്ഥാപിക്കുകയും (ജല്‍ബുല്‍ മസ്വാലിഹ്) വിനാശകരമായതിനെ പ്രതിരോധിക്കുകയുമാണ് ശരീഅത്തിന്റെ ധര്‍മം. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ശരീഅത്തിന്റെ സംസ്ഥാപനത്തിലൂടെ മനുഷ്യാവകാശങ്ങളുടെ സംരക്ഷണമാണ് സാധ്യമാകുന്നത്. ഏടുകളില്‍ ഒതുങ്ങാതെ എവിടെയൊക്കെ ശരീഅത്ത് പൂര്‍ണ ചൈതന്യത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടോ അവിടങ്ങളിലെല്ലാം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടതിന്റെ ഒട്ടനവധി മാതൃകകള്‍ നമുക്ക് കാണാനാവും.

4. മനുഷ്യാവകാശങ്ങള്‍/അനിവാര്യതകള്‍: ഐക്യരാഷ്ട്രസഭ മനുഷ്യാവകാശങ്ങളെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്: ''എല്ലാ മനുഷ്യരുടെയും അര്‍ഹതയായി കരുതപ്പെടുന്ന അടിസ്ഥാനാവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശങ്ങള്‍.'' ഒരു നിര്‍വചനം രൂപപ്പെടുത്തുമ്പോള്‍ അതില്‍ വിന്യസിക്കപ്പെടുന്ന പദാവലികള്‍ എന്താശയത്തെ പ്രസരിപ്പിക്കുന്നുവെന്നത് പ്രധാനമാണ്. റൈറ്റ്‌സ് എന്ന പദത്തെ അവകാശങ്ങളെന്നാണ് മലയാളത്തില്‍ ഭാഷാന്തരം ചെയ്യുന്നത്. ഏറക്കുറെ കുറ്റമറ്റതാണ് ഈ പരിഭാഷ. പക്ഷെ, അവകാശങ്ങളെന്ന ഈ പദപ്രയോഗം പോലും മനുഷ്യന്റെ മൗലികമായ സ്വാതന്ത്ര്യങ്ങളെ ഹനിക്കാന്‍ കാരണമായിട്ടുണ്ടെന്ന് പണ്ഡിതര്‍ നിരീക്ഷിച്ചിട്ടുണ്ട്. അവകാശങ്ങള്‍”എന്ന പദം ദ്യോതിപ്പിക്കുന്ന ആശയത്തിന് രണ്ട് തലങ്ങളുണ്ട്. ഒന്ന്: ഈ അവകാശങ്ങള്‍ നേടിയെടുക്കാനും സ്വായത്തമാക്കാനും വേണ്ട അര്‍ഹതയുടെ തലം. രണ്ട്: സ്വമേധയാലോ നിര്‍ബന്ധപൂര്‍വമോ ഉള്ള നിരാസത്തിന്റെ തലം. വളരെ മൗലികമായ ചില രാഷ്ട്രീയ ചോദ്യങ്ങള്‍ ഈ പദപ്രയോഗം ഉന്നയിക്കുന്നുണ്ട്. ഒന്ന്: ഒരു മനുഷ്യന്റെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള അര്‍ഹത നിശ്ചയിക്കുന്നതാരാണ്? രണ്ട്: അവകാശങ്ങള്‍ വകവെച്ചു കിട്ടാനുള്ള മാനദണ്ഡങ്ങള്‍ എന്താണ്? മൂന്ന്: സ്വമേധയാലോ നിര്‍ബന്ധപൂര്‍വമോ ഇവയെ നിരസിക്കാനും/നിഷേധിക്കാനും പറ്റുന്ന സന്ദര്‍ഭങ്ങള്‍ ഏതൊക്കെ? ഈ ചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന ഭിന്നമായ ഉത്തരങ്ങളാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന അവകാശ ലംഘനങ്ങളുടെയൊക്കെയും നാരായവേര്. 

അവകാശങ്ങള്‍ എന്നല്ല, മനുഷ്യ ജീവിതത്തിന്റെ അനിവാര്യതകളെന്നാണ് ഇസ്‌ലാമിക നാഗരികത ജീവിതത്തിനാധാരമായ മൂല്യങ്ങളെ വിളിച്ചത്. അവകാശങ്ങള്‍ എന്ന പദം ധ്വനിപ്പിക്കുന്നതിന്റെ എത്രയോ ബൃഹത്തായ ഒരു ആശയ പ്രപഞ്ചം തന്നെ 'അനിവാര്യതകള്‍'”എന്ന പ്രയോഗം തീര്‍ക്കുന്നുണ്ട്. ജീവന്റെ നിലനില്‍പ്പ്, നിര്‍ഭയത്വം, ആശയ സ്വാതന്ത്ര്യം, വിശപ്പടക്കാനും ഉടുക്കാനും കേറിക്കിടക്കാനുമുള്ള സ്വാതന്ത്ര്യം ഇവയൊക്കെ മനുഷ്യന് ആരെങ്കിലുമൊക്കെ വകവെച്ചു കൊടുക്കേണ്ട അവകാശങ്ങളല്ല, മനുഷ്യജീവിതത്തിന്റെ അനിവാര്യതകളാണ്. പട്ടിണി മൂലം നിഷിദ്ധമായത് ഭക്ഷിക്കേണ്ടി വരുന്നവന്റെ ഗതികേടിനെ അനിവാര്യത’എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.

വൈയക്തികവും സാമൂഹികവുമായ ഈ അനിവാര്യതകളുടെ അഭാവത്തില്‍ ജീവിതത്തിന് നിലനില്‍പ്പില്ല എന്നിരിക്കെ, വിട്ടൊഴിഞ്ഞു കൊടുക്കാന്‍ പറ്റുന്ന അവകാശങ്ങളായി ഈ മൂല്യങ്ങളെ ന്യൂനീകരിക്കുന്നത് എത്രമാത്രം ഗുരുതരമല്ല! 

അനിവാര്യതകള്‍ ഇസ്‌ലാമിന്റെ കാഴ്ചയില്‍

മനുഷ്യനായി പിറന്നു വീണ ഏതൊരാളുടെയും സ്വസ്ഥമായ ജീവിതത്തിന് അനുപേക്ഷണീയമായ ഈ മൂല്യങ്ങള്‍  ഇസ്‌ലാമിക വ്യവസ്ഥയില്‍ എങ്ങനെ നിസ്തുലമായ മാതൃകകള്‍ സമര്‍പ്പിക്കും വിധം സംരക്ഷിക്കപ്പെട്ടു എന്ന് അന്വേഷിക്കേണ്ടതുണ്ട്. അതാകട്ടെ ഈ മൂല്യങ്ങളുടെ സവിശേഷതകളുമായി ബന്ധപ്പെട്ടതാണ്. അവകാശങ്ങളെന്ന് ഭൗതികര്‍ വിളിച്ച മനുഷ്യന്റെ അനിവാര്യതകളെ  ഭൗതികതയില്‍ നിന്നും വ്യത്യസ്തമായ ഒരു തലത്തിലാണ് ഇസ്‌ലാം കൈകാര്യം ചെയ്യുന്നത്. ഈ അനിവാര്യതകള്‍  ഇസ്‌ലാമിക നിയമസംഹിതയുടെ ഭാഗമായതിനാല്‍ സമഗ്രത, കാലികത, ഇലാസ്തികത തുടങ്ങി ശരീഅത്തിന്റെ എല്ലാ വിശേഷണങ്ങളും അവയ്ക്കു ചേരും. അവയില്‍ സുപ്രധാനമായ ചിലത് ചുവടെ കുറിക്കുന്നു.

1. മനുഷ്യന്റെ അനിവാര്യതകള്‍ നിര്‍ണയിച്ചതും അവ സംരക്ഷിക്കപ്പെടേണ്ട മുന്‍ഗണനാ ക്രമം നിശ്ചയിച്ചതുമെല്ലാം  ദൈവിക വെളിപാടിന്റെ (ഖുര്‍ആന്‍/സുന്നത്ത്) അടിസ്ഥാനത്തിലാണ്.  ഈ മൂല്യങ്ങള്‍ക്ക് ദൈവിക വെളിപാടിന്റെ വര്‍ണം ലഭിക്കുക വഴി സ്വാഭാവികമായും വന്നു ചേരുന്ന ചില ഗുണങ്ങളുണ്ട്.

എ) അന്യൂനവും സമ്പൂര്‍ണവുമായിരിക്കുമത്. നീതി, കാരുണ്യം, ആയാസരഹിതം, ക്ഷേമതല്‍പരത, യുക്തി ഭദ്രത, സാര്‍വജനീനത എന്നിവ സാക്ഷാത്കരിക്കപ്പെടും. അനീതി, തെറ്റുകള്‍, സ്വജനപക്ഷപാതം, എല്ലാത്തരം വംശീയതകള്‍, ദേഹേച്ഛ തുടങ്ങി മനുഷ്യ നിര്‍മിതമായ ഏതൊരു വ്യവസ്ഥയിലും ഇത്തരം അധര്‍മങ്ങള്‍ കടന്നു വരാവുന്ന എല്ലാ വഴികളും അടക്കപ്പെടും. അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക. അല്ലാഹുവിന്റെ വര്‍ണത്തെക്കാള്‍ വിശിഷ്ടമായി ആരുടെ വര്‍ണമുണ്ട്? അവനെയാണ് ഞങ്ങള്‍ വഴിപ്പെടുന്നത്'' (2:138). ''അല്ലാഹു തന്റെ ദാസന്മാരോട് അതിക്രമം കാണിക്കാനുദ്ദേശിക്കുന്നില്ല'' (40:31). ലളിതവും പ്രയാസരഹിതവുമായിരിക്കുമത്: ''അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്; പ്രയാസമല്ല'' (2:185).

ബി) പ്രപഞ്ച സ്രഷ്ടാവായ നാഥന്റെ നിയമങ്ങളായതിനാല്‍ ഈ മൂല്യങ്ങള്‍ വ്യക്തിയിലും സമൂഹത്തിലും അധികാര കേന്ദ്രങ്ങളിലും നിര്‍ബന്ധബുദ്ധ്യാ, ഏറ്റവും സുന്ദരമായ (ഇഹ്‌സാന്‍ ) രൂപത്തില്‍ നടപ്പിലാക്കേണ്ടതായി വരുന്നു. ''കാര്യമിതാണ്. ആരെങ്കിലും അല്ലാഹു നിശ്ചയിച്ച ചിഹ്നങ്ങളെ ആദരിക്കുന്നുവെങ്കില്‍ അത് ആത്മാര്‍ഥമായ ഹൃദയഭക്തിയില്‍ നിന്നുണ്ടാവുന്നതാണ്'' (22:32).

സി) സ്വമനസ്സാലും താല്‍പര്യത്തോടും കൂടി നടപ്പില്‍ വരുത്തുന്നു. ''എന്നാല്‍ അങ്ങനെയല്ല; നിന്റെ നാഥന്‍ തന്നെ സത്യം! അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ നിന്നെയവര്‍ വിധികര്‍ത്താവാക്കുകയും നീ നല്‍കുന്ന വിധിതീര്‍പ്പില്‍ അവരൊട്ടും അലോസരമനുഭവിക്കാതിരിക്കുകയും അതിനെ പൂര്‍ണസമ്മതത്തോടെ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അവര്‍ യഥാര്‍ഥ സത്യവിശ്വാസികളാവുകയില്ല; തീര്‍ച്ച'' (4:65).

ഡി) ഈ മൂല്യങ്ങളുടെ സംരക്ഷണം  പരലോക മോക്ഷവുമായി ബന്ധപ്പെട്ട ഹറാം/ഹലാല്‍ (അനുവദനീയം/നിഷിദ്ധം) എന്ന തലത്തിലേക്ക് ഉയരുക വഴി ഇവയുടെ പ്രയോഗവല്‍ക്കരണം കാര്യക്ഷമവും മികച്ച ഫലം നേടിത്തരുന്നതുമാകും.

ഇ) വ്യക്തികളും ഭരണകൂടവും തമ്മിലുള്ള ബന്ധം മനുഷ്യത്വത്തിന്റെയും സാഹോദര്യ ബന്ധത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. അതിനാല്‍ ഭരണകൂടം വ്യക്തികളുടേതോ, വ്യക്തികള്‍  ഭരണകൂടത്തിന്റേതോ ആയ അവകാശങ്ങള്‍ ഹനിക്കുകയില്ല. വിശ്വാസികള്‍ തമ്മിലുള്ള ബന്ധത്തെ സാഹോദര്യമെന്ന ഏകകത്തില്‍ (അല്‍ഹുജുറാത്ത് 10)  ബന്ധിച്ച ഇസ്‌ലാം അമുസ്‌ലിം സഹോദരങ്ങളോടുള്ള ബന്ധത്തെ ബിര്‍റ് (നന്മ), ഖിസ്ത്വ് (നീതി) എന്നീ അടിത്തറകളില്‍ വ്യവഹരിക്കുന്നു.

അല്ലാഹു പറയുന്നു:  ''മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു'' (60:8).

2. അനിവാര്യതകളുടെ സംരക്ഷണം ദ്വിമുഖ ഉത്തരവാദിത്തമാണ്. ഒരേ സമയം വ്യക്തിയും ഭരണകൂടവും ഈ ബാധ്യത നിര്‍വഹിക്കണം. വ്യക്തിയോടുള്ള  അല്ലാഹുവിന്റെ ശാസന കാണുക: ''സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു, തിന്മ തടയുന്നു'' (9:71).

അധികാര കേന്ദ്രങ്ങളോടുള്ള നിര്‍ദ്ദേശം ഇങ്ങനെ: ''ഭൂമിയില്‍ നാം അധികാരം നല്‍കുകയാണെങ്കില്‍ അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കും. സകാത്ത് നല്‍കും. നന്മ കല്‍പിക്കും.തിന്മ തടയും. കാര്യങ്ങളുടെ അന്തിമമായ തീരുമാനം അല്ലാഹുവിന്റേതാണ്'' (22:41). ഒരു ഉമ്മത്ത് എന്ന നിലക്കും ഈ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന നിര്‍ദേശവും വേദഗ്രന്ഥത്തിലുണ്ട്. ''മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു'' (3:110).

ഇസ്‌ലാമിക ചരിത്രത്തില്‍ ശ്രദ്ധ നേടിയ 'ഹിസ്ബ' എന്ന സംവിധാനം രൂപപ്പെടാനുള്ള പശ്ചാത്തലം ഈ ദ്വിമുഖ ഉത്തരവാദിത്ത ബോധമാണ്. മതപരമായ ബാധ്യത നിര്‍വഹിക്കുന്ന സംഘമെന്നാണ് ഇബ്‌നു ഖല്‍ദൂന്‍ ഈ സംവിധാനത്തെ വിശേഷിപ്പിച്ചത്. ഇഹത്തിലും പരത്തിലും ഒരുപോലെ പ്രതിഫലാര്‍ഹമായ കര്‍മമാണ് ഈ മൂല്യങ്ങളുടെ സംരക്ഷണമെന്നതിനാല്‍ വീഴ്ച്ച വരുത്തിയാല്‍ ഐഹികവും പാരത്രികവുമായ ശിക്ഷക്ക് വിധേയമാകുമെന്ന നിരവധി മുന്നറിയിപ്പുകള്‍ പ്രവാചകന്‍ (സ) നല്‍കിയിരിക്കുന്നു.

3. മനുഷ്യ ജന്മം തന്നെ ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമെന്നാണ് ഇസ്‌ലാമിന്റെ പക്ഷം. ദൈവം ആദരിച്ച  ഈ അനുഗൃഹീത സൃഷ്ടിക്കുവേണ്ടി പടച്ചവന്‍ കനിഞ്ഞരുളിയതാണ് നാം അവകാശങ്ങളെന്ന് വിളിക്കുന്ന ഈ അനുഗ്രഹങ്ങള്‍. അവ ലംഘിക്കപ്പെടുമ്പോള്‍ പ്രപഞ്ചനാഥനോടുള്ള നന്ദികേടും ധിക്കാരവുമാണ് വെളിപ്പെടുന്നത്.

മനുഷ്യന്‍ അനുഭവിക്കുന്ന അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും പടച്ചവന്റെ ഔദാര്യമെന്ന് വിശേഷിപ്പിക്കുന്ന നിരവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക. 

എ) ഉടമസ്ഥാവകാശം

''നമ്മുടെ കരങ്ങളുണ്ടാക്കിയവയില്‍പെട്ടവയാണ് കന്നുകാലികളെന്ന് അവര്‍ കാണുന്നില്ലേ; അവര്‍ക്കു  വേണ്ടിയാണ് നാമത് സൃഷ്ടിച്ചതെന്നും. ഇപ്പോഴവ അവരുടെ അധീനതയിലാണല്ലോ'' (36:71)! ''അല്ലാഹു നിങ്ങള്‍ക്കേകിയ അവന്റെ ധനത്തില്‍ നിന്ന് നിങ്ങള്‍ അവര്‍ക്ക് കൊടുക്കുക'' (24:33).

ബി) ജീവിതമെന്ന അനുഗ്രഹം

''പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. അവന്‍ നിങ്ങള്‍ക്ക് കാഴ്ചയും  കേള്‍വിയും ഹൃദയങ്ങളും ഉണ്ടാക്കി. നിങ്ങള്‍ നന്നെ കുറച്ചേ നന്ദികാണിക്കുന്നുള്ളൂ'' (67:23). 

സി) മനുഷ്യ ജീവന്റെ ആദരണിയത

''ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കു  നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു'' (17:70).

മനുഷ്യാവകാശങ്ങളെ ദൈവിക വരദാനമെന്ന് വ്യവഹരിക്കുമ്പോള്‍ സിദ്ധമാകുന്ന ചില പ്രധാന വസ്തുതകളുണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം:

എ) പരിപാവനത: ഭരണകൂടങ്ങള്‍ക്കോ വ്യക്തികള്‍ക്ക് പരസ്പരമോ ലംഘിക്കാന്‍ പാടില്ലാത്ത വിധം പരിശുദ്ധമാകുന്നു ഈ അവകാശങ്ങള്‍.

ബി ) മറ്റൊരു ദൈവിക വെളിപാടിലൂടെയല്ലാതെ ദുര്‍ബലപ്പെടുത്താനോ ഇല്ലാതാക്കാനോ ഒരാള്‍ക്കും സാധ്യമല്ല.

സി ) തീവ്രതയോ ജീര്‍ണതയോ ബാധിക്കുകയില്ല. സമൂഹ താല്‍പര്യമെന്ന പേരില്‍ വ്യക്തിയുടെ അനിവാര്യതകളെ ഹനിക്കുന്ന അതിരു കവിച്ചിലുകളോ, വ്യക്തികള്‍ക്ക് മുന്‍തൂക്കം നല്‍കി സാമൂഹിക നന്മയില്‍ ഉദാസീനത കാണിക്കലോ ഉണ്ടാവുകയില്ല.

4. സമഗ്രത

മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള അനിവാര്യതകളുടെ സംരക്ഷണം ഇസ്‌ലാം ഉറപ്പുവരുത്തുന്നു. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും കുടുംബപരവുമായ എല്ലാ അനിവാര്യതകള്‍ക്ക് വേണ്ടിയും ഇസ്‌ലാം ശബ്ദിക്കുന്നു. 

5. മധ്യമ നിലപാട്

മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമ്പോഴും മറ്റെല്ലാ കാര്യങ്ങളിലെന്നപോലെ ഇവ്വിഷയകമായും ഒരു മധ്യമ നിലപാട് പുലര്‍ത്താന്‍ ഇസ്‌ലാം ശ്രദ്ധിക്കുന്നു. മനുഷ്യാവകാശ സംബന്ധിയായ പാശ്ചാത്യവും പൗരസ്ത്യവുമായ അതിവാദങ്ങള്‍ വരുത്തിയ വിനകള്‍ ലോകം അനുഭവിച്ചുകൊണ്ടിരിക്കെ ഇസ്‌ലാമിന്റെ മധ്യമ നിലപാട്  പ്രസക്തവും ഏറെ ശ്രദ്ധാര്‍ഹവുമാണ്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /39-44
എ.വൈ.ആര്‍