Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 11

പുസ്തകപ്പുര

ഖറദാവിയുടെ ആത്മകഥ

രിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വിധം സുപരിചിതനാണ് ഡോ. യൂസുഫുല്‍ ഖറദാവി. വിപുലമായ സ്വീകാര്യത നേടിയിട്ടുള്ളവയാണ് ഖറദാവിയുടെ ഗ്രന്ഥങ്ങള്‍. അറബി പുസ്തക വിപണിയില്‍ വളരെ വേഗം വിറ്റഴിയുന്ന രചനകള്‍ എന്ന സവിശേഷതയും അവക്ക് അവകാശപ്പെട്ടതാണ്. ഹസനുല്‍ ബന്നായുടെ കാലത്ത് തന്നെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനില്‍ അംഗമായിരുന്നു ഖറദാവി. സംഭവ ബഹുലമായ ഖറദാവിയുടെ ജീവിതത്തിന്റെ സുദീര്‍ഘമായ ഒരു കാലഘട്ടമാണ് ഈ ആത്മകഥയിലൂടെ ഇതള്‍ വിരിയുന്നത്. സംഗ്രഹ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് സുബൈര്‍ കുന്ദമംഗലം. പ്രസാധനം: ഐ.പി.എച്ച്. വില: 220 രൂപ.

ഇസ്‌ലാംമത വിശ്വാസം

സ്‌ലാമിക വിശ്വാസത്തെക്കുറിച്ച് ഇമാം അബൂഹനീഫ, ഉമര്‍ നസഫി, ഇബ്‌നു ഉഥൈമീന്‍ തുടങ്ങിയ പണ്ഡിതന്മാര്‍ രചിച്ച കൃതികളുടെ വിവര്‍ത്തനമാണീ പുസ്തകം. ഇവയില്‍ ശൈഖ് നസഫിയുടെ 'അല്‍ അഖാഇദുന്നസഫിയ' കേരളത്തിലെ ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതിനാല്‍ മലയാളികള്‍ക്ക് സുപരിചിതമായ ഗ്രന്ഥമാണ്. ഇമാം അബൂഹനീഫയുടെ 'അല്‍ ഫിഖ്ഹുല്‍ അക്ബറും' പല രാജ്യങ്ങളിലെയും സിലബസില്‍ ഉള്ളതാണ്. ഈ വിഷയത്തില്‍ ആധുനിക പണ്ഡിതനായ ശൈഖ് ഉസൈമീന്റെ രചനയും മികച്ചത് തന്നെ. വിവ: മുഹമ്മദ് ശമീം ഉമരി, പ്രസാധനം: ഗസ്സാലി ബുക്‌സ്, വില: 55 രൂപ.

അമ്പലമുറ്റത്തെ അരയാല്‍ 
പോലെയായിരുന്നു അഛന്‍

മ്പലമുറ്റത്തെ അരയാല്‍ പോലെയായിരുന്നു എന്റെ അഛന്‍. എല്ലാ ദിവസവും നമ്മളതിന്റെ താഴെയിരുന്ന് സൊറ പറയും. തണലില്‍ കളിക്കും. അതില്‍ വന്നിരിക്കുന്ന കിളികളുടെ ശബ്ദം ആസ്വദിക്കും. ചാറ്റല്‍ മഴയത്ത് ചുവട്ടിലേക്ക് കയറിനില്‍ക്കും. പക്ഷേ, ഒരിക്കല്‍ പോലും ആലിനെക്കുറിച്ച് ആലോചിക്കില്ല. ശ്വാസോഛ്വാസമെന്നോണം അത് അവിടെ എപ്പോഴുമുണ്ട്. നമ്മളെ അത് സംരക്ഷിക്കുന്നത് നമ്മുടെ ജന്മാവകാശം പോലെ. ആ മരം എന്നെങ്കിലും വീഴുമെന്ന് ഒരിക്കലും ചിന്തിക്കില്ല, വിശ്വസിക്കില്ല. അതുകൊണ്ടുതന്നെ അതിന്റെ കടപുഴകുമ്പോഴുണ്ടാകുന്ന ശൂന്യത നേരിടാന്‍ തയാറായിരിക്കുകയുമില്ല.

-ജയന്‍ രാജന്‍ ('പെന്‍ഷന്‍' എന്ന കഥാസമാഹാരത്തിലെ 'മാളു, വൃദ്ധന്‍, അഛന്‍, കാര്‍ത്തിക ചേച്ചി, രമേഷ്, അമ്മ' എന്ന കഥയില്‍ നിന്ന്-പ്രസാധനം കറന്റ് ബുക്‌സ്)

ഇശലായ്, ഒപ്പനയായ് എന്റെ ഉപ്പ

ദീനിന്റെ പരിശുദ്ധിയോടു കൂടി തന്നെ ഉപ്പ കല്ലോലിയില്‍ ജീവിച്ചു, ഒരു പോരാളിയെപ്പോലെ. പൂത്ത നിലാവില്‍ കൂട്ടുത്തിണയില്‍ മലര്‍ന്നു കിടന്ന് തശ്‌രിബ് പാടാറുള്ള എന്റെ ഉപ്പ. കല്ലോലിപ്പുഴയില്‍ മലവെള്ളം ഒഴുകുമ്പോഴും മനസ്സ് നിറയെ കെസ്സുമായി ചെമ്പല്ലിക്കൂടിറക്കാറുള്ള എന്റെ ഉപ്പ. പച്ച അരപ്പട്ട കെട്ടി ഉള്ളില്‍ ചുകപ്പിന്റെ ആദര്‍ശങ്ങള്‍ സൂക്ഷിച്ചിരുന്ന എന്റെ ഉപ്പ. ഒടുവില്‍ കര്‍ക്കടകത്തിലെ നിലാവിന് മനസ്സില്‍ കെസ്സെഴുതി ആ കെസ്സിനൊരു ഇശലായ്, ഒപ്പനയായ് എങ്ങോ പോയി മറഞ്ഞ എന്റെ ഉപ്പ....

-സുറാബ് ('അഞ്ചില്ലം' എന്ന നോവലില്‍ നിന്ന്- പ്രസാധനം ഡിസി ബുക്‌സ്)

പുസ്തകപ്പുരയിലേക്കുള്ള പുസ്തകങ്ങള്‍ രണ്ട് കോപ്പി വീതം അയക്കുക. 

വിലാസം: പുസ്തകപ്പുര, പ്രബോധനം വാരിക, സില്‍വര്‍ ഹില്‍സ്, കോഴിക്കോട്-12

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /39-44
എ.വൈ.ആര്‍