Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 15

പട്ടിണി മാറ്റാന്‍ പദ്ധതികള്‍ പോരാ

വൈവിധ്യമാര്‍ന്ന കാര്‍ഷികോല്‍പന്നങ്ങള്‍ വിളയുന്ന വിസ്തൃമായ ഉര്‍വരഭൂമിയുള്ള ഇന്ത്യ വന്‍തോതില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുകയും കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഹരിതവിപ്ളവം അരങ്ങേറിയതോടെ ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ നാം തികച്ചും സ്വയംപര്യാപ്തരായിരിക്കുന്നു. എന്നിട്ടും നാടിന്റെ പല ഭാഗങ്ങളിലായി ധാരാളമാളുകള്‍ പട്ടിണി കിടക്കേണ്ടിവരുന്നു എന്നത് ഒരു ദുഃഖസത്യമാണ്. കടുത്ത ദാരിദ്യ്രവും പട്ടിണിയും ചിലരെ മരണത്തിലേക്ക് തള്ളിവിടുമ്പോള്‍ മറ്റനേകരെ ആത്മഹത്യയിലേക്ക് നയിക്കുകയാണ്. ആത്മഹത്യയിലഭയം തേടുന്നവരിലധികവും രാജ്യത്തിന് കാര്‍ഷിക വിളകളുല്‍പാദിപ്പിച്ചു തരുന്ന കര്‍ഷകര്‍ തന്നെയാണ് എന്നത് ഏറെ പരിതാപകരമാകുന്നു.
സുപ്രീംകോടതി ഈയിടെ പുറപ്പെടുവിച്ച ഒരു വിധിയില്‍, രാജ്യത്ത് ഒരു പൌരനും പട്ടിണി മൂലം മരിക്കാനിടയാകാതിരിക്കാന്‍ സഗൌരവമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാറിനോടവശ്യപ്പെട്ടിട്ടുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും ആവശ്യം നേരിടാന്‍ പൊതു വിതരണ സംവിധാനത്തിനു കീഴില്‍ സംഭരിക്കേണ്ട ഭക്ഷ്യ വസ്തുക്കളുടെ അളവ് കാലേകൂട്ടി കൃത്യമായി കണക്കാക്കണമെന്ന് അതത് സംസ്ഥാന സര്‍ക്കാറുകളോടു നിര്‍ദേശിച്ചിരിക്കുന്നു. സുപ്രീംകോടതിയിലെ മുന്‍ ജഡ്ജി ഡി.പി വാധ്വായുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ, ഭക്ഷ്യധാന്യ വിതരണം സംബന്ധിച്ച നിര്‍ദേശങ്ങളെ കേന്ദ്രം പ്രതിജ്ഞാബദ്ധതയോടെ സമീപിക്കണമെന്ന് ജസ്റിസ് ദല്‍വീര്‍ ഭണ്ഡാരിയും ദീപക്ക് വര്‍മയും ഉള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു. രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ അഴിമതിയും മോഷണവും മുച്ചൂടും ഗ്രസിച്ചിട്ടുള്ളതായി കോടതി ചൂണ്ടിക്കാണിക്കുന്നു. അഴിമതിക്കും അപഹരണത്തിനും തടയിടാതെ പൊതുവിതരണ സംവിധാനത്തിന് അതിന്റെ ലക്ഷ്യം പ്രാപിക്കാനാവില്ല.
കോടതിയുടെ കല്‍പനകളും ഉപദേശങ്ങളും അഭിനന്ദനീയം തന്നെ. പക്ഷേ, അതുകൊണ്ടു മാത്രം രാജ്യത്തെ പട്ടിണി പ്രശ്നം പരിഹൃതമാകുമെന്ന് ആരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. നിയമങ്ങളും ഉത്തരവുകളുമില്ലാത്തതല്ല, നേരാംവണ്ണം നടപ്പിലാക്കാത്തതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പൌരാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന വകുപ്പുകള്‍ ഭരണഘടനയില്‍ ഒന്നിനു പിറകെ ഒന്നായി ധാരാളമുണ്ട്. എന്നിട്ടും പൌരന്മാരുടെ മൌലികാവകാശങ്ങളില്‍ പ്രഥമമായ ജീവിച്ചിരിക്കാനുള്ള - ജീവന്‍ നിലനിര്‍ത്തുന്ന ആഹാരം ലഭിക്കാനുള്ള അവകാശം പൂര്‍ത്തീകരിച്ചുകൊടുക്കുന്നതില്‍ കഴിഞ്ഞ 64 വര്‍ഷമായി ഭരണകൂടം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. എല്ലാവരും സമ്മതിക്കുന്ന സത്യമാണിത്. പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ട് മാത്രം പരിഹൃതമാവുകയില്ല. മാര്‍ക്കറ്റിലും ഗോഡൌണുകളിലും ഭക്ഷ്യധാന്യങ്ങള്‍ കുമിഞ്ഞു കിടപ്പുണ്ട്. ഫുഡ് കോര്‍പ്പറേഷന്റെ ഗോഡൌണുകളില്‍ പതിനായിരക്കണക്കില്‍ ടണ്‍ ഭക്ഷ്യധാന്യം നശിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് മറുവശത്ത് പതിനായിരങ്ങള്‍ പട്ടിണി കൊണ്ട് നരകിക്കുന്നത്. പാവങ്ങളുടെ പട്ടിണി മാറാന്‍ വയലുകളില്‍ സമൃദ്ധമായ വിളവുണ്ടായാല്‍ മാത്രം പോരാ. അവര്‍ക്കത് വാങ്ങി വെച്ചുണ്ണാനുള്ള സാഹചര്യം കൂടിയുണ്ടാകണം. അതുണ്ടാവാന്‍ സര്‍ക്കാര്‍ ധീരവും ഭദ്രവുമായ പ്രായോഗിക നടപടികള്‍ കൈക്കൊള്ളണം.
ഏതാനും ദിവസം മുമ്പ് യു.പിയിലെ ബഹദൂര്‍ ഗഞ്ചില്‍ ഇക്റാമുല്‍ ഹഖ് എന്ന ഒരു മദ്റസാ അധ്യാപകന്‍ ആസിഡ് കഴിച്ച് മരിക്കുകയുണ്ടായി. മദ്റസാ വിദ്യാഭ്യാസത്തില്‍ ശാസ്ത്രപഠനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി നിയമിതരായ ആയിരക്കണക്കില്‍ അധ്യാപകരിലൊരാളാണിദ്ദേഹം. ഇന്‍ക്രിമെന്റോ മറ്റാനുകൂല്യങ്ങളോ ബാധകമല്ലാത്ത കേവലം ആറായിരം രൂപയാണിവരുടെ മാസാന്ത വേതനം. ഈ നിസ്സാരതുക പോലും മൂന്നു കൊല്ലമായി ഇക്റാമുല്‍ ഹഖിന് കിട്ടുന്നില്ല. കടം വാങ്ങി വാങ്ങി ഒടുവില്‍ അതിനും പാങ്ങില്ലാത്ത അവസ്ഥ വന്നപ്പോള്‍ ഭാര്യയെയും രണ്ട് കുട്ടികളെയും തനിച്ചാക്കി അയാള്‍ ആത്മഹത്യയിലഭയം തേടുകയായിരുന്നു. ഇക്റാം ഒറ്റപ്പെട്ട ഉദാഹരണമല്ല. യു.പിയില്‍ മാസങ്ങളായി വേതനം ലഭിക്കാത്ത 14028 മദ്റസാ അധ്യാപകര്‍ വേറെയുമുണ്ട്. ഇതിന്റെ പിന്നില്‍ വ്യക്തമായ കള്ളക്കളികളും അഴിമതിയും നടക്കുന്നതായി അധ്യാപകര്‍ ആരോപിക്കുന്നു.
സര്‍ക്കാറിന്റെ സാമൂഹിക ക്ഷേമ പദ്ധതികളുടെ വികലമായ നടത്തിപ്പ് പട്ടിണിയും ആത്മഹത്യയും വളര്‍ത്തുന്നതിന്റെ ഉദാഹരണം കൂടിയാണ് ഇക്റാമിന്റെ ആത്മഹത്യ. സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ കൊണ്ട് സമൂഹത്തില്‍ ക്ഷേമമുണ്ടാവണമെങ്കില്‍ പദ്ധതികളുടെ ഗുണങ്ങള്‍ ജനങ്ങള്‍ക്കനുഭവിക്കാന്‍ കഴിയണം. മറിച്ച്, പദ്ധതികള്‍ ജനങ്ങളില്‍ സൃഷ്ടിക്കുന്നത് ആശാഭംഗമാണെങ്കില്‍ ഫലം നേരെ മറിച്ചായിരിക്കും. സര്‍ക്കാര്‍ പരിപാടികളുടെ അയുക്തികവും അപഹാസ്യവുമായ നടത്തിപ്പ് പരിഗണിക്കുമ്പോള്‍, ഭക്ഷ്യവിഭവങ്ങളുടെ വിതരണം സംബന്ധിച്ച് സുപ്രീം കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ ജനതയില്‍ വലിയ ആഹ്ളാദമൊന്നും ഉണ്ടാക്കുന്നില്ല. ഇതുപോലെ എത്രയെത്ര കോടതി നിര്‍ദേശങ്ങള്‍ ഇതിനകം അവര്‍ കേട്ടുകഴിഞ്ഞിരിക്കുന്നു! പൊതുവിതരണം സംബന്ധിച്ച വിധിയുടെ നടത്തിപ്പ് സര്‍ക്കാറിന്റെ പരാജയപ്പെട്ട പദ്ധതികളുടെ പട്ടികയില്‍ പുതിയൊരിനമായി ചേര്‍ക്കപ്പെടാതിരിക്കട്ടെ എന്നാശിക്കാനേ നമുക്ക് നിവൃത്തിയുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം