Prabodhanm Weekly

Pages

Search

2015 നവംബര്‍ 27

ഇങ്ങനെയും ഒരാള്‍

         വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസില്‍ നിന്നുള്ള ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ഒരു ഫോണ്‍കോള്‍. ഓഫീസ് സെക്രട്ടറി വിനോദ് ബന്‍സാല്‍ ആയിരുന്നു അങ്ങേത്തലയ്ക്കല്‍. 'താങ്കള്‍ ഈയിടെയായി വി.എച്ച്.പിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ക്കു വരാറില്ലല്ലോ, എന്തു പറ്റി?' യു.പി.എ സര്‍ക്കാറിന്റെ രൂപീകരണത്തോടെ വി.എച്ച്.പിക്കു വലിയൊരളവോളം മാധ്യമ ശ്രദ്ധ നഷ്ടപ്പെട്ടു തുടങ്ങിയ കാലമാണത്. ഞങ്ങളുടെ പത്രത്തില്‍ വി.എച്ച്.പിയുടെ വാര്‍ത്ത നല്‍കിയിട്ട് എന്തുനേട്ടം ബന്‍സാല്‍ജീ എന്ന് ചോദിക്കാതിരിക്കാനായില്ല. 'അതു തന്നെയാണ് പക്ഷേ ഞങ്ങളുടെയും ആവശ്യം. കേരളത്തില്‍ വി.എച്ച്.പിയെ കുറിച്ച് ഏറ്റവും സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്ന പത്രം നിങ്ങളുടേതാണ് എന്നാണ് സിംഗാള്‍ജി ഈയിടെ കേരളത്തില്‍ പോയി മടങ്ങി വന്നതിനു ശേഷം പറഞ്ഞത്. വി.എച്ച്.പി പറയുന്നതിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ മറ്റുള്ളവര്‍ വിഴുങ്ങുമ്പോള്‍ നിങ്ങള്‍ കൊടുക്കുന്നു. അതു കൊണ്ടു തന്നെയാണ് താങ്കളെ നേരിട്ടു വിളിച്ചതും.' പത്രപ്രവര്‍ത്തന രംഗത്ത് ഒരാള്‍ക്കു ലഭിക്കാവുന്ന അസാധാരണമായ അംഗീകാരമായിരുന്നു ഇത്.

എന്‍.ഡി.എയുടെ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ വിറപ്പിച്ചു നിര്‍ത്താന്‍ ഈയിടെ അന്തരിച്ച വി.എച്ച്.പി നേതാവ് അശോക് സിംഗാളിന് കഴിഞ്ഞിരുന്നത് കൊണ്ട് ഒരിക്കലും വാര്‍ത്തകള്‍ക്ക് ക്ഷാമമുണ്ടായിരുന്നില്ല. നോര്‍ത്ത് അവന്യുവിലെ 57-ാം നമ്പര്‍ വസതിയില്‍ അക്കാലത്ത് വി.എച്ച്.പി നടത്തിയ വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് കൈയും കണക്കുമില്ല. 'ഹിന്ദു ഹൃദയ സാമ്രാട്ട്' എന്ന് സിംഗാള്‍ തന്നെ വിശേഷിപ്പിച്ച പുതിയ പ്രധാനമന്ത്രിയുടെ കാലത്താണ് ഒരുപക്ഷേ വി.എച്ച്.പി കുറെക്കൂടി അപ്രസക്തമായി മാറിയത്. പശു, ഷാരൂഖ് ഖാന്‍, പാകിസ്താന്‍ മുതലായ വിഷയങ്ങളിലെ തലതിരിഞ്ഞ പ്രസ്താവനകള്‍ മാത്രമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സംഘടനയെ ജീവിപ്പിച്ചു നിര്‍ത്തുന്നത്. എന്നാല്‍ വാജ്‌പേയിയുടെ കാലത്ത് പ്രധാനമന്ത്രി കാര്യാലയത്തില്‍ പ്രത്യേക അയോധ്യാ സെല്‍ തന്നെ തുറപ്പിക്കാന്‍ സിംഗാളിന് കഴിഞ്ഞിരുന്നു. ബി.ജെ.പിയെ അധികാരത്തിലേറ്റുന്നത് സന്തുമാരും സന്യാസിമാരുമാണെന്നും റേസ്‌കോഴ്‌സ് റോഡിലെ വസതിയിലേക്ക് അവരാഗ്രഹിക്കുമ്പോള്‍ കയറിച്ചെല്ലാന്‍ കഴിയണമെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചക്ക് സമയം നല്‍കിയിരിക്കണമെന്നും വാജ്‌പേയിയോട് സിംഗാള്‍ എന്നും ശഠിച്ചു. ബാബരി മസ്ജിദ് തകര്‍ത്തത് ജീവിതത്തിലെ ദുഃഖദിവസമാണെന്ന് പറഞ്ഞ അദ്വാനി ഹിന്ദു വിരുദ്ധനാണെന്ന് ടെലിവിഷന്‍ ക്യാമറകള്‍ക്കു മുമ്പാകെ ശകാരിക്കാനും സിംഗാള്‍ മറന്നില്ല. സിംഗാളിനെ ഒതുക്കിയിരുത്താന്‍ സഹോദരന്‍ ബി.പി സിംഗാളിന് രാജ്യസഭാ അംഗത്വം പോലും വാജ്‌പേയി നല്‍കേണ്ടി വന്നു. 2003-ല്‍ ശിലാപൂജന്‍ നടത്തി അയോധ്യാ പ്രക്ഷോഭം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ വി.എച്ച്.പി ശ്രമിച്ചപ്പോള്‍ വാജ്‌പേയി അല്‍പ്പം നീരസം പ്രകടിപ്പിച്ചിരുന്നു. വാജ്‌പേയിയെയും അദ്വാനിയെയും തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കള്‍ പാഠം പഠിപ്പിക്കുമെന്ന് സിംഗാള്‍ വാര്‍ത്താ സമ്മേളനം നടത്തി ഭീഷണിപ്പെടുത്തി.

രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി ഏറ്റവുമൊടുവില്‍ നടന്ന ശിലാപൂജന്‍ കാലത്ത് ഒരു ട്രക്ക് െ്രെഡവറുടെ വേഷത്തിലാണ് സിംഗാള്‍ അയോധ്യയിലേക്ക് കടന്നത്. അന്ന് കര്‍സേവപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ വലിയൊരു പട്ടാളം  കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കര്‍സേവപുരത്തു നിന്ന് അര ഫര്‍ലോങ് ദൂരത്തിലുള്ള ബഡി ചാവ്‌നി ക്ഷേത്രത്തിന്റെ മുറ്റത്ത് വാര്‍ത്താ സമ്മേളനം നടക്കുമെന്ന് അറിയിച്ച് എല്ലാവരുടെയും ശ്രദ്ധ തിരിച്ചു വിട്ടതിനു ശേഷം രാംചന്ദര്‍ പരമഹംസും സിംഗാളും ജെയിനും മറ്റും താല്‍ക്കാലിക ക്ഷേത്രത്തിലേക്ക് വേഷം മാറി ഒളിച്ചു കടക്കുകയാണ് ചെയ്തത്. അവസാനത്തെ ഗെയിറ്റിലാണ് ഇവര്‍ പിടിയിലായത്. വി.എച്ച്.പി നേതാക്കള്‍ കൊണ്ടുവന്ന ശില കേന്ദ്രസര്‍ക്കാറിനു വേണ്ടി പ്രത്യേക പ്രതിനിധി ഏറ്റുവാങ്ങിയാണ് സിംഗാളിനെ അന്ന് വാജ്‌പേയി അനുനയിപ്പിച്ചത്. പക്ഷേ വാജ്‌പേയിയുടെ ഈ നീക്കം അശോക് സിംഗാളിനെ നിര്‍വീര്യനാക്കുകയാണ് അന്ന് ചെയ്തത്. 1992-നു ശേഷം ബി.ജെ.പിക്ക് രാമക്ഷേത്ര പ്രക്ഷോഭം ഉയര്‍ത്തി കൊണ്ടുവരാന്‍ കഴിഞ്ഞ ഒരേയൊരു അവസരമായിരുന്നു 2003-ലേത്. പക്ഷേ അതിനു ശേഷം യു.പി.എ സര്‍ക്കാറിന്റെ കാലത്തോ നിലവില്‍ മോദിയുടെ കാലത്തോ പുതിയ സമരങ്ങള്‍ക്കൊന്നും തുടക്കമിടാന്‍ കഴിയാത്ത വിധം സിംഗാളും വി.എച്ച്.പിയും ഒതുക്കപ്പെട്ടിരുന്നു.

ഈ ഒതുക്കലും അവഗണനയുമാണ് സമീപകാലത്ത് വി.എച്ച്.പിയുടെ സന്യാസിമാര്‍ മോദി സര്‍ക്കാറിനെതിരെ വായിട്ടലക്കാന്‍ കാരണമെന്ന് ചില അരമന സംസാരങ്ങള്‍ സംഘിനകത്തുണ്ട്. സ്വാധ്വി പ്രാചിയും സാക്ഷി മഹാരാജും യോഗി ആദിത്യനാഥുമൊക്കെ സിംഗാളിന്റെ ആശീര്‍വാദത്തോടെയാണ് വായ തുറക്കുന്നതെന്നാണ് പറയപ്പെടുന്നത്. പക്ഷേ ഈ വിലേപശല്‍ തിരിച്ചടിക്കുകയാണ് ഒടുവില്‍ ചെയ്തത്. പുതിയ മോദിക്ക് വോട്ടു കിട്ടുന്നത് കുത്തകകളുടെ ആശീര്‍വാദം കൊണ്ടാണെന്നും, സാധു സന്ധുക്കളുടെ ആശീര്‍വാദം ആവശ്യമില്ലെന്നുമുള്ള വ്യത്യാസം സിംഗാള്‍ തിരിച്ചറിയാന്‍ വൈകിപ്പോയി. 'ഗോധ്രയില്‍ നിന്നും ഹിന്ദുക്കളുടെ അവതാരമായി ഉയര്‍ന്നു വന്ന, ജിഹാദീ ശക്തികളുടെ പേടി സ്വപ്‌നമായ' മോദി പക്ഷേ അദാനിയുടെയും അംബാനിയുടെയും കൂട്ടിലെ കിളി മാത്രമായി. അശോക് സിംഗാളിന് നരേന്ദ്ര മോദി നല്‍കേണ്ട ജന്മദിന സമ്മാനമാണ് രാമ ജന്മഭൂമി ക്ഷേത്രമെന്ന് ഈ ഒക്‌ടോബറില്‍ 89-ാം ജന്മദിനം ആഘോഷിക്കവെ മോഹന്‍ ഭഗവതും രാജ്‌നാഥ് സിംഗും നിരവധി നേതാക്കളും പങ്കെടുത്ത വേദിയില്‍ ആവശ്യമുയര്‍ന്നത് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ബുദ്ധിപരമായ നീക്കങ്ങളില്‍ ഒന്നായിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം മോദി സര്‍ക്കാറിന്റെ കാലത്ത് പൂര്‍ത്തിയാക്കണമെന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കള്‍ ദല്‍ഹിയിലെ കേശവ് കുഞ്ജിലെത്തി സിംഗാളിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. രാമക്ഷേത്ര നിര്‍മാണ പ്രക്ഷോഭം സജീവമാക്കുന്നതിന് കഴിഞ്ഞ ജൂണില്‍ അയോധ്യയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത സിംഗാള്‍ നരേന്ദ്ര മോദിയെ കുറിച്ച് അങ്ങേയറ്റം നിരാശനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ഷേത്ര നിര്‍മാണം തന്റെ ജീവിതകാലത്ത് സംഭവിച്ചു കാണുമെന്ന പ്രതീക്ഷ ഉപേക്ഷിച്ചു കൊണ്ടാണ് അദ്ദേഹം ഈ യോഗത്തില്‍ വികാരങ്ങള്‍ പങ്കുവെച്ചത്. പക്ഷേ വാജ്‌പേയിയെ കൈകാര്യം ചെയ്ത മട്ടില്‍ നരേന്ദ്ര മോദിയെ പരസ്യമായി വിമര്‍ശിക്കാതെയാണ് സിംഗാള്‍ യാത്രയായത്. ഒരുപക്ഷേ മോദിയുടെ ഏറ്റവും വലിയ ആശ്വാസവും സിംഗാള്‍ കാണിച്ച ഈ വിട്ടുവീഴ്ച തന്നെയാവും. 

Comments