Prabodhanm Weekly

Pages

Search

2015 നവംബര്‍ 20

പശുവും പടക്കവും പാകിസ്താനുമൊന്നും ഏശാതെ

ഇഹ്‌സാന്‍

         നരേന്ദ്ര മോദി പ്രവചിച്ചതു പോലെ ബിഹാറിലുള്ളവര്‍ ഇത്തവണ രണ്ട് ദീപാവലി ആഘോഷിച്ചു. ഒന്ന് രാവണനെ തോല്‍പ്പിച്ചതിന്റെ ചരിത്ര സ്മരണയില്‍. രണ്ടാമത്തേത് അഭിനവ രാമന്മാരെ ഗംഗയുടെ കര കടത്തിയ ആഹ്ലാദത്തില്‍. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മോഹിച്ചതു പോലെ ലാഹോറിലും കറാച്ചിയിലുമായിരുന്നില്ല പടക്കം പൊട്ടിയത്. പാറ്റ്‌നയിലും ബേഗുസരായിലും സമസ്തിപ്പൂരിലും ദര്‍ഭംഗയിലുമാണ്. പാകിസ്താനിലെ ഡോണ്‍ പത്രം എഴുതിയത് മോദി വാങ്ങിവെച്ച പടക്കം ബിഹാരികള്‍ പൊട്ടിച്ചു തീര്‍ത്തു എന്നാണ്. ബിഹാര്‍ എന്ന പിന്നാക്കക്കാരുടെ സംസ്ഥാനത്ത്, ഇന്ത്യയിലെ മഹാഭൂരിപക്ഷം ദരിദ്രനാരായണന്മാരും വോട്ടു ചെയ്ത തെരഞ്ഞെടുപ്പിലാണ് പാവപ്പെട്ടവരുടെ സ്വയം പ്രഖ്യാപിത മിശിഹയായി രംഗത്തെത്തിയ മോദി തോറ്റുതുന്നം പാടിയത്. അങ്ങനെ നോക്കുമ്പോള്‍ ബിഹാറിലേത് അത്ര ചെറിയ പരാജയമല്ല. ബിഹാര്‍ ഇലക്ഷന്റെ പരിണതി ആ സംസ്ഥാനത്തു മാത്രം ഒതുങ്ങില്ലെന്നും, ദല്‍ഹിയെ ബാധിക്കുമെന്നും പാറ്റ്‌നയിലെ ഗാന്ധി മൈതാനത്തു പരസ്യമായി പറഞ്ഞ അമിത് ഷാ മറ്റൊരര്‍ഥത്തില്‍ ദല്‍ഹിയും പാറ്റ്‌നയും തമ്മിലുള്ള ഏറ്റുമുട്ടലാക്കി ഈ അസംബ്ലി തെരഞ്ഞെടുപ്പിനെ മാറ്റുകയാണുണ്ടായത്. എന്നല്ല ആ സംസ്ഥാനത്തുടനീളം എന്‍.ഡി.എ പതിച്ച പോസ്റ്ററുകളില്‍ പ്രധാനമന്ത്രിയും നിതീഷ് കുമാറും തമ്മിലുള്ള പോരാട്ടമായിരുന്നു കാണാനുണ്ടായിരുന്നത്.

പരാജയത്തിന്റെ കാരണം കണ്ടെത്താന്‍ ദല്‍ഹിയില്‍ ചേര്‍ന്ന യോഗം ബി.ജെ.പിയുടെ തലതൊട്ടപ്പനായ ആര്‍.എസ്.എസ് അധ്യക്ഷനെ കുറ്റവിമുക്തനാക്കുകയാണ് ആകെക്കൂടി ചെയ്തത്. അദ്ദേഹത്തിന്റെ സംവരണ വിരുദ്ധ പ്രസ്താവന തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തു എന്ന മാധ്യമ വിലയിരുത്തലുകള്‍ ശരിയല്ലത്രേ. അമിത് ഷായെ വിളിച്ചുവരുത്തി ഭഗവത് നടത്തിയ കൂടിക്കാഴ്ചക്കു ശേഷം നടന്ന യോഗത്തില്‍ ഇത്തരമൊരു നിലപാട് ബി.ജെ.പി സ്വീകരിച്ചത് ആരുടെ ആവശ്യ പ്രകാരമാണെന്ന് മനസ്സിലാക്കാന്‍ അത്ര ബുദ്ധിയൊന്നും ആവശ്യമില്ല. എന്നാല്‍ ബിഹാറില്‍ പാര്‍ട്ടിയുടെ പ്രചാരണം വിലയിരുത്തിയ ആരും പറയില്ല ഭഗവതിന്റെ പ്രസ്താവനയെ പാര്‍ട്ടി ലളിതമായാണ് എടുത്തതെന്ന്. സെപ്റ്റംബര്‍ 21-ന് മോഹന്‍ ഭഗവതിന്റെ സംവരണ വിരുദ്ധ പ്രസ്താവന പുറത്തു വരുന്നതു വരെയുള്ള 12 റാലികളില്‍ താന്‍ അതിപിന്നാക്കക്കാരന്‍ ആണെന്നോ ഗുജറാത്തിലെ യദു വംശിയാണെന്നോ ഉള്ള ഒരു പരാമര്‍ശവും മോദി നടത്തിയിട്ടില്ല. പക്ഷേ അതിനു ശേഷം ഏതാണ്ടെല്ലാ റാലിയിലും സ്വന്തം ജാതിയും പിന്നാക്ക ജാതി സംവരണവും മത സംവരണവുമൊക്കെ പ്രധാനമന്ത്രി വിഷയമാക്കാന്‍ തുടങ്ങി. ദലിതുകളുടെയും മഹാദലിതുകളുടെയും അഞ്ച് ശതമാനം സംവരണം എടുത്തുമാറ്റി മുന്നണിയിലെ മറ്റു മതസ്ഥര്‍ക്ക് നല്‍കാനാണ് ലാലു-നിതീഷ്-സോണിയ സഖ്യത്തിന്റെ നീക്കമെന്നാണ് ഒക്‌ടോബര്‍ 26-ന് നടന്ന ബക്‌സര്‍ റാലിയില്‍ മോദി ഉയര്‍ത്തിയ ഗുരുതരമായ ആരോപണം. സംവരണ വിഷയം വളച്ചൊടിച്ച് ഹിന്ദു-മുസ്‌ലിം ധ്രുവീകരണമുണ്ടാക്കാന്‍ ഫോര്‍ബ്‌സ്ഗഞ്ച് റാലിയിലും പ്രധാനമന്ത്രിയുടെ നീക്കം നടന്നു. ഭഗവതിന്റെ പരാമര്‍ശം എന്‍.ഡി.എ പരാജയത്തിന് വഴിയൊരുക്കിയിട്ടില്ല എന്ന ബി.ജെ.പി പ്രസ്താവന വഷളന്‍ തമാശയാകുന്നത് ഈ പ്രസംഗങ്ങള്‍ മുന്നിലിരിക്കെയായിരുന്നു.
മുസഫര്‍പൂര്‍ റാലിയില്‍ നടത്തിയ 'ബിഹാറികളുടെ ഡി.എന്‍.എ'യെ കുറിച്ച പ്രയോഗം ഈ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി പറഞ്ഞ ഭീമാബദ്ധങ്ങളില്‍ ഒന്നായി മാറി. ബിഹാരിയും ബാഹരിയും തമ്മിലുള്ള പുതിയൊരു പോരാട്ടമാക്കി തെരഞ്ഞെടുപ്പിനെ വിശാലസഖ്യം മാറ്റിയെടുത്തു. ലാലുവിനെയും നിതീഷിനെയും രാഹുല്‍ ഗാന്ധിയെയും 'ത്രീ ഇഡിയറ്റ്‌സ്' എന്ന് സ്റ്റേജില്‍ കയറി നിന്ന് വിളിച്ചതോടെ പ്രധാനമന്ത്രിയുടെ പ്രതിഛായ തറനിലവാരത്തിലേക്കു താഴ്ന്നു. ബിഹാറാണ് ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനം എന്ന് തട്ടിവിടുമ്പോള്‍ അത് അധ്വാനികളായ ഒരു ജനതയെ അപമാനിക്കുന്നുണ്ടെന്ന വിവരം മോദി അറിയാതെ പോയി. 'ബിഹാരി' എന്ന പദപ്രയോഗത്തെ പരിഹാസ്യ സംജ്ഞയാക്കിയ ഉത്തരേന്ത്യന്‍ വരേണ്യതയുടെ ഭാഷയായിരുന്നു പ്രധാനമന്ത്രി അറിഞ്ഞോ അറിയാതെയോ ഉപയോഗിച്ചത്. ബിഹാറിന് ഒരു അളവുകോലനുസരിച്ചും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ മുമ്പില്‍ നില്‍ക്കാനാവില്ല, തട്ടിക്കൊണ്ടുപോകലിന്റെയും കുറ്റകൃത്യങ്ങളുടെയും തോക്കൂചൂണ്ടലിന്റെയും കാര്യത്തിലല്ലാതെ. ഒക്‌ടോബര്‍ 9-ന് സെസാറാമിലെ റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞ വാക്കുകളാണിത്. എങ്ങനെയാണ് ഇദ്ദേഹം ഒരു രാജ്യത്തെ മുഴുവന്‍ ജനതയുടെയും നേതാവാകുന്നതെന്ന് കേട്ടു നിന്ന ആരും അമ്പരന്നു പോയിട്ടുണ്ടാകും. ഗുജറാത്തിലെ ഇടുങ്ങിയ ലോകത്തു നിന്ന് ഇന്ത്യയെന്ന വിശാലമായ തട്ടകത്തിലേക്ക് പ്രവര്‍ത്തനപദം മാറിയ വിവരം പലപ്പോഴും ഈ പ്രധാനമന്ത്രിയുടെ വാക്കിലും പെരുമാറ്റത്തിലും കാണാനുണ്ടായിരുന്നില്ല.
2014-ന്റെ മാതൃകയില്‍ 'വികസന' വീമ്പിളക്കല്‍ തുടരുക എന്നല്ലാതെ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന പുതിയതൊന്നും മോദിയുടെ റാലികളില്‍ കേള്‍ക്കാനുണ്ടായിരുന്നില്ല. എന്നാല്‍ പരിപ്പിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ നല്‍കുമെന്ന മോദിയുടെ പഴയ പ്രസംഗങ്ങള്‍ ഓര്‍മിപ്പിച്ച് വിശാല സഖ്യത്തിന്റെ റാലികളില്‍ ലാലു ജനക്കൂട്ടത്തോടു ചോദിക്കുന്നുണ്ടായിരുന്നു. 'ശരിയല്ലേ? മോദിജി വാഗ്ദാനം പാലിച്ചില്ലേ? പരിപ്പിന് 2014-ല്‍ 50 രൂപയാണെങ്കില്‍ ഇന്ന് 200 രൂപയാക്കി തന്നില്ലേ?' മൂന്നു നേരത്തെ ആഹാരത്തോടൊപ്പവും പരിപ്പ് നിര്‍ബന്ധമായ ബിഹാറുകാര്‍ക്ക് മുമ്പില്‍ പ്രധാനമന്ത്രിയെ ഉദ്ദേശിച്ച് ലാലു വിളിച്ച 'അര്‍ഹാര്‍ മോദി' എന്ന മുദ്രാവാക്യത്തിന് 'മഞ്ഞപ്പരിപ്പിന്റെ മോദി' എന്നു മാത്രമല്ല 'ഹാര്‍ ഹാര്‍ മോദി' അഥവാ 'തോല്‍പ്പിക്കണം മോദിയെ' എന്ന അര്‍ഥം കൂടി കിട്ടുന്നുണ്ടായിരുന്നു. റാലികളില്‍ നിന്ന് ഇടക്കാലത്ത് ഒളിച്ചോടിയ പ്രധാനമന്ത്രി പിന്നെ മുക്കിന് മുക്കിന് റാലി നടത്താന്‍ തിരിച്ചെത്തിയപ്പോഴേക്കും ബി.ജെ.പി തോല്‍വി സമ്മതിച്ച കര വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു കഴിഞ്ഞിരുന്നു. തൊട്ടതെല്ലാം പിഴച്ച അവസാനഘട്ടത്തിലാണ് അമിത് ഷായും സംഘവും തനിനിറം കാണിച്ച് നേര്‍ക്കുനേരെ കത്തിക്കാനിറങ്ങിയത്. പശുവും പടക്കവും പാകിസ്താനും ഷാരൂഖ് ഖാനുമൊക്കെ പരസ്യങ്ങളിലും പ്രസംഗങ്ങളിലും പ്രസ്താവനകളിലും നിറഞ്ഞു തുളുമ്പി. 'കാലിത്തീറ്റ തിന്നുന്ന' ബിഹാറിന്റെ നേതാവിനും അദ്ദേഹത്തിന്റെ വോട്ടര്‍മാര്‍ക്കും പക്ഷേ കാലിയെയും മനുഷ്യനെയും തിരിച്ചറിയാനുള്ള വിവേകമുണ്ടായിരുന്നു. അതില്ലാത്തതായിരുന്നു എന്‍.ഡി.എക്ക് ബിഹാറില്‍ സംഭവിച്ച ഭീമാബദ്ധം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /24-26
എ.വൈ.ആര്‍