Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 8

പി.സി മുസ്തഫ

കണ്ണൂര്‍ സിറ്റി പ്രാദേശിക ജമാഅത്ത് സെക്രട്ടറി പി.സി മുസ്തഫ (42) ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് നിര്യാതനായി.  പ്രസ്ഥാനത്തിന്റെ പുതിയ ഘടനാ സംവിധാനമനുസരിച്ച് നിലവില്‍ വന്ന കണ്ണൂര്‍ സിറ്റി പ്രാദേശിക ജമാഅത്തിന്റെ പ്രഥമ സെക്രട്ടറി എന്ന നിലയില്‍ പ്രദേശത്തെ പ്രവര്‍ത്തനം ചടുലമാക്കുന്നതിന് മുതല്‍ക്കൂട്ടാവേണ്ടിയിരുന്ന സാരഥിയുടെ ആകസ്മിക വിയോഗമാണിത്. റമദാന്‍ 29ന് തളിപ്പറമ്പില്‍ മുസ്തഫ സഞ്ചരിച്ച മാരുതി വാന്‍ ബസ്സുമായി കൂട്ടിമുട്ടി അത്യാസന്ന നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ അദ്ദേഹത്തെ പിന്നീട് മംഗലാപുരത്ത് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ആ കര്‍മയൌവനം അല്ലാഹുവിലേക്ക് തിരിച്ചു വിളിക്കപ്പെട്ടു.
ജീവിതം കൊണ്ട് പ്രബോധനം നിര്‍വഹിക്കുന്നതെങ്ങനെയെന്ന് കര്‍മത്തിലൂടെ സാക്ഷ്യം വഹിച്ചാണ് മുസ്തഫ നമ്മോട് വിടപറഞ്ഞത്. കണ്ണാടിപ്പറമ്പ് ഗ്രാമത്തില്‍ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരുടെ ഘടകത്തെ വലിയ സാന്നിധ്യമാക്കി വളര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് മുസ്തഫ വഹിച്ചത്. ബീഡിതൊഴിലാളിയായിരിക്കെ വിദ്യാര്‍ഥി യുവജന പ്രസ്ഥാന രംഗത്ത് വരികയും എസ്.ഐ.ഒ.വിന്റെ കണ്ണൂര്‍ ജില്ലാ സമിതിയില്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
80 കളുടെ അവസാനത്തില്‍ എസ്.ഐ.ഒ. കണ്ണൂരില്‍ നടത്തിയ, ധര്‍മച്യുതിക്കെതിരായ പോരാട്ടങ്ങളില്‍ മുസ്തഫ നേതൃപരമായ വലിയ പങ്കാണ് വഹിച്ചത്. കണ്ണൂരിലെ കാബറെ വിരുദ്ധ പോരാട്ടം, ചൂതാട്ടവിരുദ്ധ സമരം, മദ്യവിരുദ്ധ സമരങ്ങള്‍ തുടങ്ങിയവയില്‍ മുസ്തഫ മുന്‍പന്തിയിലുണ്ടായിരുന്നു. വലിയൊരു കയ്യൂക്ക് വൃത്തം എതിര്‍പക്ഷത്ത് നിലകൊള്ളുന്ന കാബറെ നൃത്ത വേദിക്കെതിരെയും സമ്പന്നരുടെ ചൂതാട്ട കേന്ദ്രമായ കണ്ണൂര്‍ സിറ്റി മക്കാനി ക്ളബ്ബിനെതിരെയും ചുരുക്കം പ്രവര്‍ത്തകരെ അണിനിരത്തി എസ്.ഐ.ഒ.നേടിയെടുത്ത സമര വിജയം മുസ്തഫയെപ്പോലുള്ള സമര്‍പ്പിതരുടെ സാന്നിധ്യം കൊണ്ട് മാത്രമാണ് സാധ്യമായത്.
പ്രവര്‍ത്തന കേന്ദ്രീകരണമല്ല, വികേന്ദ്രീകരണമാണ് വേണ്ടതെന്ന് എല്ലാ വേദികളിലും മുസ്തഫ പറയുമായിരുന്നു. അതിനാല്‍, ഏത് പ്രവര്‍ത്തനവും ഏറ്റെടുക്കാന്‍ മുസ്തഫക്ക് മടിയില്ലായിരുന്നു. പ്രവൃത്തിയിലൂടെ അത് തെളിയിക്കുകയും ചെയ്തു. കണ്ണൂര്‍ സിറ്റി ഘടകത്തിലെ സെയ്ത് സാഹിബ് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായപ്പോള്‍  ഘടക പരിധില്‍ പ്രബോധനം വാരികയുടെ വീടുവീടാന്തരമുള്ള വിതരണ ചുമതല വലിയ പ്രതിസന്ധിയിലാവുമെന്ന് കരുതിയതാണ്. പക്ഷേ, മുസ്തഫ യാതൊരു മടിയുമില്ലാതെ ആ ഉത്തരവാദിത്വം ഏറ്റെടുത്ത് നിര്‍വഹിക്കുകയായിരുന്നു. ഇത് മുസ്തഫയുടെ മറ്റൊരു ജോലിയെയും പ്രതികൂലമായി ബാധിച്ചുമില്ല. ഏറെ കാലം ഗള്‍ഫിലായിരുന്നു മുസ്തഫ. അവിടെ സഹിക്കാനാവാത്ത ജോലി ഭാരം ഒഴിവാക്കിയാണ് നാട്ടിലെത്തിയത്. വീണ്ടും ഗള്‍ഫിലേക്ക് പോകാനുള്ള കാത്തിരിപ്പിനിടയില്‍ നാട്ടിലെ സമയം പാഴാക്കാതിരിക്കാനാണ് നട്സ് ആന്റ് ഡ്രൈഫ്രൂട്ട്സ് വിതരണ ഏജന്‍സി ജോലിയില്‍ മുഴുകിയത്. ഇടക്കാലത്ത് കാനിച്ചേരിയിലെ മസ്ജിദ് ഖുബൈബിലെ ഇമാമായി സേവനം അനുഷ്ഠിച്ചിരുന്നു.
പരിമിതമായ വരുമാനമാണ് ഉണ്ടായിരുന്നത്. പക്ഷേ, ജീവിതലാളിത്യം കൊണ്ട് പരിമിതികളെ നേരിട്ടു. മുസ്തഫയുടെ സാമ്പത്തിക ഇടപാടുകള്‍ തലനാരിഴ പിഴവില്ലാത്തതായിരുന്നു.  മുസ്തഫ സാമ്പത്തികമായി ആരുടെ മുന്നിലും കടപ്പെട്ടിട്ടില്ല. ഒന്നും സമ്പാദിച്ചിട്ടുമില്ല;  സല്‍കര്‍മങ്ങളും സ്വാലിഹായ  ഭാര്യയെയും മക്കളെയും അല്ലാതെ.
ബാപ്പ പരിക്കേറ്റ് ഗുരുതരനിലയില്‍ കിടക്കുന്ന ദിനങ്ങളിലും ഇടറാത്ത സ്വരത്തില്‍ പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കുകയും മുസ്തഫയുടെ ജനാസനമസ്കാരത്തിന് ഒന്നാമത്തെ സ്വഫില്‍ നില്‍ക്കാനുള്ള അവകാശം ചോദിച്ചു വാങ്ങുകയും ചെയ്ത പതിനൊന്നുകാരന്‍ മിസ്ഹബും, സ്ത്രീകളുടെ നമസ്കാരത്തിന്റെ ഇമാറത്ത് പക്വതയോടെ നിര്‍വഹിച്ച പതിമൂന്നു കാരി ഹംനയും മുസ്തഫ നല്‍കിയ തങ്കത്തിളക്കമുള്ള സന്താനങ്ങളാണ്. മൂന്നാമത്തെ മകന് രണ്ട് വയസ്സാണ് പ്രായം. ഘടകത്തിലെ പ്രബോധനം വാരിക വിതരണം ഏറ്റെടുക്കേണ്ടി വന്ന മുസ്തഫ പ്രബോധനം വാങ്ങുന്നവരുടെ പട്ടിക നല്‍കിയത് മിസ്ഹബിനാണ്. അവനത് കൃത്യമായി ജനങ്ങളിലെത്തിച്ചു കൊണ്ടിരിക്കുന്നു. അപകടത്തില്‍ പെടുന്നതിന്റെ തലേന്നാണ് പ്രബോധനത്തിന്റെ അവസാന മാസത്തെ സാമ്പത്തിക ഇടപാടുകളും മുസ്തഫ കണക്ക് തീര്‍ത്ത് വെച്ചത്.
സി..കെ.എ ജബ്ബാര്‍

അബ്ദുല്‍ ജലീല്‍ സാഹിബ്
ഒറ്റപ്പാലത്ത് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു പെരുമ്പനകത്ത് അബ്ദുല്‍ജലീല്‍ സാഹിബ്(73). 1984 ല്‍ സ്ഥാപിതമായ ഇസ്ലാമിക് ഇംഗ്ളീഷ് മീഡിയം സ്കൂളിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇതിന്റെ ഭാഗമായി രൂപവത്കരിക്കപ്പെട്ട ഇസ്ലാമിക് സര്‍വീസ് ട്രസ്റിന്റെ ചെയര്‍മാനായിരുന്നു, 12 വര്‍ഷം. സ്ഥാപനത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും അദ്ദേഹം നിരന്തരമായി ശ്രദ്ധ പതിപ്പിച്ചിരുന്നു. ആദ്യകാലത്ത് പ്രാദേശിക നാസിമായും സേവനമനുഷ്ഠിച്ചിരുന്നു.
വി.പി അബ്ദുര്‍റഹീം ഒറ്റപ്പാലം

അല്ലാഹു പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Comments