Prabodhanm Weekly

Pages

Search

2015 നവംബര്‍ 13

ഒന്നിലധികം ഹജ്ജ് ചെയ്യുന്നവരോട്

കെ.കെ ഹമീദ് മനക്കൊടി, തൃശൂര്‍

ഒന്നിലധികം ഹജ്ജ് ചെയ്യുന്നവരോട്

തൊള്ളായിരത്തോളം ഹാജിമാരുടെ ജീവന്‍ നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു ഇക്കഴിഞ്ഞ ഹജ്ജ് സമാപിച്ചത്. ഹജ്ജ് കര്‍മത്തിനെത്തുന്നവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന വാര്‍ത്ത ഇതാദ്യത്തേതല്ല. മിനാദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സുഊദി ഭരണകൂടം ഭീമമായ സംഖ്യ ചെലവഴിച്ച് ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടും ഇത്രയധികം ഹാജിമാരുടെ ജീവന്‍ നഷ്ടപ്പെടുന്നു എന്നത് ഗൗരവത്തില്‍ കാണണം.

വിശുദ്ധ കഅ്ബയും പരിസര പ്രദേശങ്ങളും നിര്‍ഭയത്വത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പവിത്ര ഭൂമിയാണ്. ഇസ്‌ലാമില്‍ ഹജ്ജ് ആകട്ടെ സമാധാനപരമായും സുരക്ഷിതമായും നിര്‍വഹിച്ചു തിരിച്ചുവരേണ്ട ഒരു കര്‍മവുമാണ്. ഹജ്ജിന് പോയി ആ ഭൂമിയില്‍ കിടന്ന് മരിച്ചാല്‍ പുണ്യമുണ്ട് എന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി പ്രയാസങ്ങള്‍ സഹിച്ച് അവിടെ എത്തുന്നത് ജീവന്‍ കളയാനല്ല. മറിച്ച് അവിടെനിന്ന് കിട്ടിയ പാഠങ്ങളും പരിശീലനങ്ങളുമായി തിരിച്ചുവന്ന് തന്റെ നാട്ടില്‍ പുതിയൊരു ജീവിത പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ കൂടിയാണ്. ഹജ്ജ് കര്‍മം നല്‍കുന്ന പാഠവും അതുതന്നെ.

ഈ സന്ദേശത്തിന് ഭംഗം വരുന്ന തരത്തിലുള്ള മനുഷ്യനിര്‍മിത ദുരന്തങ്ങളാണ് ആ വിശുദ്ധമണ്ണില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ദുരന്തവും ഇതിന് മുമ്പ് നടന്നതുമെല്ലാം 'വിധി'യുടെ പട്ടികയില്‍പെടുത്തി സമാധാനിക്കേണ്ട ഒന്നല്ല. ഇസ്‌ലാം വളരെ ദീര്‍ഘവീക്ഷണത്തോടെയാണ് അതിന്റെ നയങ്ങളും നിയമങ്ങളും കര്‍മങ്ങളുമെല്ലാം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കര്‍മരംഗത്ത് ജീവഹാനിക്ക് സാധ്യതകളുണ്ടെങ്കിലും ജീവഹാനിക്ക് ഹേതുവാകുന്ന കര്‍മങ്ങളൊന്നും ഇസ്‌ലാമിലില്ല.

പിന്നെയും ഇതെങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഒരു മുസ്‌ലിമിന് തന്റെ ആയുസ്സില്‍ എത്ര കഴിവും സൗഭാഗ്യങ്ങളുമുണ്ടായാല്‍ പോലും ഒറ്റത്തവണയേ ഹജ്ജ് നിര്‍വഹിക്കേണ്ടതുള്ളൂ. ആ ഒരു ഹജ്ജിലൂടെ തന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും പാഠങ്ങളും പഠനങ്ങളുമൊക്കെ നേടിയെടുത്തിരിക്കണം. രണ്ടാമതൊരു ഹജ്ജ് നിര്‍ബന്ധമോ ഐഛികമോ ആയി നിര്‍വഹിക്കേണ്ടതില്ല. അതിന്റെ ഏറ്റവും വലിയ മാതൃക പ്രവാചകന്‍ തന്നെയാണ്. പ്രവാചകന്‍ ഒറ്റ ഹജ്ജേ നിര്‍വഹിച്ചിട്ടുള്ളൂ. അടുത്ത കൊല്ലം ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ രണ്ടാമതൊന്നുകൂടി നിര്‍വഹിക്കുമെന്നോ നിങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ടെന്നോ പ്രവാചകന്‍ പഠിപ്പിച്ചിട്ടില്ല. മുഹര്‍റം പത്തിലെ ഐഛികമായ നോമ്പെടുത്ത പ്രവാചകന്‍ അടുത്തകൊല്ലം ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒമ്പതാം ദിനവും നോമ്പെടുക്കുമെന്ന് പറഞ്ഞു. എന്നാല്‍ ഹജ്ജിന്റെ കാര്യത്തില്‍ അങ്ങനെ പറയാന്‍ അദ്ദേഹം വിട്ടുപോയതോ മറന്ന് പോയതോ ആയിരിക്കാന്‍ സാധ്യതയില്ല.

ഒരു മുസ്‌ലിമിന് ഒരുദിവസം അഞ്ച് നേരം നമസ്‌കാരം, ആഴ്ചയില്‍ ഒരു ജുമുഅ, കൊല്ലത്തില്‍ ഒരു റമദാന്‍, കൃത്യമായ സകാത്ത്, ആയുസ്സില്‍ ഒറ്റ ഹജ്ജ്- ഇതാണ് ഇസ്‌ലാമിന്റെ കൃത്യമായ നിലപാട്. ഇവയിലൊന്നും ഡബ്‌ളിങ്ങോ ത്രിബ്‌ളിങ്ങോ ഇല്ല. അതേസമയം നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷം ധാരാളം സുന്നത്ത് നമസ്‌കാരത്തിനും റമദാന് ശേഷം സുന്നത്ത് നോമ്പുകള്‍ക്കും സകാത്തിന് ശേഷം ധാരാളം ദാനധര്‍മങ്ങള്‍ക്കും ഹജ്ജിന് ശേഷം ധാരാളം ഉംറകള്‍ക്കും ഇസ്‌ലാം വഴിയൊരുക്കിവെച്ചിട്ടുണ്ട്. എന്നിരിക്കെ 'സുന്നത്തായ' രണ്ടാം ഹജ്ജ് അല്ലെങ്കില്‍ മൂന്നും നാലും ഹജ്ജ് എന്ന് പറയുന്നതിന്റെ പ്രസക്തി എന്താണ്?

എല്ലാ ഹജ്ജ് വേളകളിലും രണ്ടും അതിലധികവും ഹജ്ജ് ചെയ്യുന്നവരുടെ എണ്ണം ലക്ഷങ്ങള്‍ വരും. സമ്പത്തുള്ള പലരും ഇത്തരം ഹജ്ജുകള്‍ യഥേഷ്ടം ചെയ്തു കൂട്ടുന്നു. നാലും അഞ്ചും ആറും അതിലധികവും ഹജ്ജ് ചെയ്ത ചിലരുടെ വീരശൂര അധര പരാക്രമങ്ങള്‍ അനുഭവിക്കാന്‍ പലപ്പോഴും ഇടവന്നിട്ടുണ്ട്. ചിലരാവട്ടെ ഉമ്മക്ക് വേണ്ടിയും ഉപ്പക്ക് വേണ്ടിയും സഹോദരങ്ങള്‍ക്ക് വേണ്ടിയും സഹോദരിമാര്‍ക്ക് വേണ്ടിയുമൊക്കെ ചെയ്തവരാണ്. വേറെ ചിലര്‍ ഹജ്ജിന്റെ എണ്ണം കൂട്ടുന്നതില്‍ മത്സരിക്കുന്നുമുണ്ട്. പണ്ഡിതന്മാരിലും പാമരന്മാരിലും പണക്കാരിലുമൊക്കെയുള്ള ചിലരും ഇക്കൂട്ടത്തിലുണ്ട് എന്നതാണ് വാസ്തവം. എന്നിരിക്കെ ഈ പൂച്ചക്ക് ആര് മണികെട്ടാന്‍.

ഒന്നിലധികം ഹജ്ജ് ചെയ്യുന്നവരുടെ ബാഹുല്യമല്ലേ ഈ തിക്കിനും തിരക്കിനും അതുവഴിയുണ്ടാകുന്ന അപകടങ്ങള്‍ക്കും ജീവഹാനിക്കും ഒരു നിമിത്തമാകുന്നത്? ഒറ്റ ഹജ്ജ് ചെയ്യാന്‍ കഴിയാതെ കാത്തിരിക്കുന്നവരുടെ അവസരം ഇരട്ട ഹാജിമാര്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. തുടര്‍ച്ചയായ തന്റെ സാന്നിധ്യം മറ്റൊരാളുടെ ജീവഹാനിക്ക് ഹേതുവാകുന്നുവെങ്കില്‍ തന്റെ ഹജ്ജ് മഖ്ബൂലും മബ്‌റൂറുമാകുമെന്ന് കരുതുന്നുണ്ടോ? അല്ലെങ്കിലും ഒന്നുകൊണ്ട് നേടാന്‍ കഴിയാത്തവര്‍ക്ക് എത്രഹജ്ജ് ചെയ്തിട്ടെന്ത് കാര്യം! സുഊദി ഭരണകൂടം ബില്യന്‍ കണക്കിന് റിയാല്‍ ചിലവഴിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാലും ഇസ്‌ലാമിലെ ഒറ്റ ഹജ്ജ് സമ്പ്രദായത്തെ അവഗണിച്ചു മുന്നോട്ടുപോയാല്‍ ഇനിയും ഒരുപാട് ദുരന്തങ്ങള്‍ക്ക് ആ പുണ്യഭൂമി സാക്ഷിയാകേണ്ടി വരും.

കെ.കെ ഹമീദ് മനക്കൊടി, തൃശൂര്‍

മീതെ വട്ടമിട്ടു പറക്കുന്ന ഫാഷിസം

ചിറകൊതുക്കി അവസരം പാര്‍ത്തിരിക്കുന്ന കഴുകനെ പോലെയായിരുന്നു വര്‍ഗീയത നമ്മുടെ സമൂഹത്തില്‍ ഇത്രയും നാള്‍ മറഞ്ഞിരുന്നത്. ഇന്ന് രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമായപ്പോള്‍ കൊക്കും നഖവും കൂര്‍പ്പിച്ച് അത് മതന്യൂനപക്ഷങ്ങളുടെ മേല്‍ വട്ടമിട്ട് പറക്കാനും കൊത്തി വലിക്കാനും തുടങ്ങിയിരിക്കുന്നു.

ലൗ ജിഹാദും മുസ്‌ലിം ജനസംഖ്യാ പെരുപ്പവും തീവ്രവാദവും ഒന്നും വേണ്ടത്ര ഏശാതായപ്പോള്‍ ഹിന്ദുമതവികാരത്തെ ഇളക്കിവിട്ട് സംഘ് ഫാഷിസ്റ്റുകള്‍ നമ്മുടെ തീന്മേശയിലേക്കും കടന്നുകയറിയിരിക്കുന്നു. ഒരുവിഭാഗം എന്തുടുക്കണം, എന്തുകഴിക്കണം, എങ്ങനെ ചിന്തിക്കണം എന്ന് പോലും ഫാഷിസ്റ്റുകള്‍ തീരുമാനിക്കുകയും തങ്ങള്‍ക്ക് അപ്രിയമായതെല്ലാം മറ്റുള്ളവര്‍ വര്‍ജിക്കണമെന്ന സ്വേഛാധിപത്യ ദുശ്ശ്യാഠ്യത്തിന് ഭരണകൂടം ഒത്താശ ചെയ്യുകയും മൗനമവലംബിക്കുകയും ചെയ്യുന്ന ദുരവസ്ഥയിലാണ് ഇന്ന് ഇന്ത്യ.

മഹാത്മജിയുടെ ഘാതകനെ മഹാനായി ചിത്രീകരിക്കുന്ന വിചിത്ര നീതിശാസ്ത്രം പേറി നടക്കുന്ന സംഘ്പരിവാരങ്ങള്‍ മനുസ്മൃതിയെയാണ് ഇന്ത്യന്‍ ഭരണഘടനയായി ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. വിശുദ്ധ പശുവാദവുമായി പ്രാകൃത പ്രസ്താവനകളിറക്കുന്ന ഇത്തരക്കാര്‍ക്ക് സ്വന്തം മതത്തിന്റെ പ്രത്യയ ശാസ്ത്രത്തെക്കുറിച്ചോ ആശയങ്ങളെക്കുറിച്ചോ തെല്ലും അറിവില്ലെന്നതാണ് വസ്തുത. മനുഷ്യജീവനേക്കാള്‍ പശുവിനും പട്ടിക്കും വിലകല്‍പിക്കാന്‍ ഈ പശുപ്രേമികളെ പഠിപ്പിച്ച മതമേതാണ്? ഏത് ഭാരതീയ സംസ്‌കാരത്തെയാണ് ഇവര്‍ ഗര്‍വോടെ ഉയര്‍ത്തിപ്പിടിക്കുന്നത് ?

സുല്‍ഫത്ത് റാഫി, കൂട്ടിലങ്ങാടി

കവിതയിലെ ഭാവുകത്വം

പ്രബോധനം വാരികയുടെ ലക്കം 2922ല്‍ പ്രസിദ്ധീകരിച്ച ശരീഫ് അകലാടിന്റെ 'ഡിജിറ്റല്‍ ഇന്ത്യ' എന്ന കവിത ഇന്നത്തെ സമൂഹത്തിന്റെ നേര്‍ കണ്ണാടിയായിരുന്നു.

യാന്ത്രികമായ ജീവിത സംസ്‌കാരത്തിന്റെ പാതയിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ഇന്നത്തെ മനുഷ്യര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥകളെ തന്മയത്വത്തോടെ വിശകലനം ചെയ്യാന്‍ കവിതക്ക് സാധിച്ചിട്ടുണ്ട്.

ആചാരി തിരുവത്ര, ചാവക്കാട്

ജനപ്രിയ വ്യക്തിത്വം

ഡോ. ജാസിമുല്‍ മുത്വവ്വയുടെ 'കുടുംബം' പരമ്പരയിലെ 'ജനപ്രിയ വ്യക്തിത്വം', ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'ജനങ്ങളോടൊപ്പം ജനങ്ങള്‍ക്ക് വേണ്ടി' (ലക്കം 2923) എന്നീ ലേഖനങ്ങള്‍ സന്ദര്‍ഭോചിതമായി.

ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ജനസേവനരംഗം ഒരു വികാരമായി കാണണം. പ്രബോധന പ്രവര്‍ത്തനങ്ങളുടെ വിജയത്തിന്റെ ഉപാധികൂടിയാണിത്. മക്കാ വിജയത്തിനുമുമ്പ് മക്കാ നിവാസികള്‍ക്ക് കടുത്ത ക്ഷാമം നേരിട്ടപ്പോള്‍ അവര്‍ക്ക് ധാന്യചാക്കുകള്‍ അയച്ചുകൊടുത്ത് അവരെ പട്ടിണിയില്‍നിന്ന് പ്രവാചകന്‍ രക്ഷപ്പെടുത്തിയത് ചരിത്ര സത്യം. അത് രക്തരഹിത മക്കാ വിജയത്തിന് ഹേതുവുമായി.

കേരളത്തില്‍, ജാതി-മത ഭേദമന്യേ ഏവര്‍ക്കും ഉപകാരപ്പെടാവുന്ന ജനസേവന കേന്ദ്രങ്ങള്‍ ഗ്രാമങ്ങള്‍ തോറും ഇസ്‌ലാമിക പ്രസ്ഥാനത്തിന് ആരംഭിക്കാന്‍ സാധിക്കും. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനസേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ അര്‍പ്പിക്കുന്നുണ്ട്. എല്ലാവരും അവരവരുടെ പാര്‍ട്ടിയുടെയും സംഘടനയുടെയും വളര്‍ച്ചക്കുള്ള മാര്‍ഗമായി ജനസേവന രംഗത്തെ മാറ്റുമ്പോള്‍, ഇസ്‌ലാമിക പ്രവര്‍ത്തകര്‍ തങ്ങളുടെ ജീവിത ദൗത്യമായി ജനസേവന രംഗത്തെ കണ്ട് മുന്നില്‍ നടക്കേണ്ടതുണ്ട്.

മുഹമ്മദ് ബാബു, നെടുമ്പാശ്ശേരി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 23/ അല്‍മുഅ്മിനൂന്‍/ 19-23
എ.വൈ.ആര്‍