Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 1

ഫലസ്ത്വീന്റെ യു.എന്‍ അംഗത്വം

കൊടിയ അക്രമത്തിലൂടെയും അനീതിയിലൂടെയും ഫലസ്ത്വീന്‍ മണ്ണില്‍ ജന്മംകൊണ്ട സിയോണിസ്റു രാഷ്ട്രമായ ഇസ്രലേയിന് പാശ്ചാത്യശക്തികളുടെ അകമഴിഞ്ഞ പിന്തുണയും സഹായവുമുള്ളതുകൊണ്ട് തുടക്കം മുതലേ ഐക്യരാഷ്ട്ര സഭയില്‍ അംഗത്വമുണ്ട്. തങ്ങളുടെ നടപടികള്‍ യു.എന്നിനെക്കൊണ്ടംഗീകരിപ്പിക്കാനും സ്വന്തം താല്‍പര്യത്തിനെതിരായ തീരുമാനങ്ങള്‍ തടയാനും അവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും നിഷ്പ്രയാസം സാധിക്കും. അഥവാ തങ്ങള്‍ക്കെതിരായ വല്ല പ്രമേയവും പാസായാലും അതു പുല്ലുപോലെ അവഗണിക്കാനും വന്‍ശക്തികളുടെ അനുവാദമുണ്ടാകും.
ഭീകരപ്രവര്‍ത്തനത്തിലൂടെ നിലവില്‍വന്ന ഇസ്രയേല്‍ ഐക്യരാഷ്ട്രസഭയില്‍ അംഗത്വമുള്ള അന്തസ്സുറ്റ രാഷ്ട്രമായി വിരാജിക്കുമ്പോള്‍ അവരുടെ ഭീകരതക്കിരയായി നാടുംവീടും നഷ്ടപ്പെട്ട് നിരാലംബരായി നരകിക്കുന്ന ഫലസ്ത്വീനികള്‍ കൊടും ഭീകരരാകുന്നു. 1993ല്‍ അമേരിക്കയുടെ സമ്മര്‍ദത്തിന്റെ ഫലമായി ഫലസ്ത്വീനിലെ ഗസ്സാ ചീന്തില്‍ മാത്രം പായ വിരിച്ചുകൊള്ളാന്‍ ഇസ്രയേല്‍ അവരെ അനുവദിക്കുകയുണ്ടായി. അമേരിക്കക്ക് ഫലസ്ത്വീനികളോടു അനുഭാവം തോന്നിയതുകൊണ്ടായിരുന്നില്ല ഇത്. പ്രത്യുത പശ്ചിമേഷ്യയില്‍ അവര്‍ നടത്തിവരുന്ന പെട്രോളിയം ചൂഷണം സുഗമമാക്കുന്നതിനുവേണ്ടിയായിരുന്നു. അന്ന് ഇസ്രയേലും ഫലസ്ത്വീനികളും തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം പടിഞ്ഞാറെ കരയുടെ ഒരു ഭാഗവും ഗസ്സയും ഉള്‍പ്പെടുന്ന പ്രദേശത്തെ, ഫലസ്ത്വീന്‍ രാഷ്ട്രമായി അംഗീകരിക്കാനും അഞ്ചുവര്‍ഷത്തിനുശേഷം അതിനു സ്വതന്ത്രപദവി നല്‍കാനും ഇസ്രയേല്‍ ബാധ്യസ്ഥമായിരുന്നു. രണ്ടു പതിറ്റാണ്ടു പിന്നിട്ടിട്ടും ഈ സ്വാതന്ത്യ്രം ഏട്ടിലെ പശുവായി അവശേഷിക്കുകയാണ്. കരാര്‍ നടപ്പിലാക്കണമെന്ന് ഇസ്രയേലിനോട് പറയാന്‍ അതിന് മാധ്യസ്ഥം വഹിച്ച അമേരിക്കപോലും തയാറായില്ല.
ഫലസ്ത്വീനിനാവട്ടെ യു.എന്‍ അംഗത്വം പോലുമില്ല. ഉള്ളത് നിരീക്ഷക പദവി മാത്രമാണ്. നിരീക്ഷക പദവിയെന്നാല്‍ സഭയുടെ തീരുമാനത്തില്‍ പങ്കാളിത്തമോ വോട്ടവകാശമോ ഇല്ലാത്ത വെറും കാഴ്ചക്കാരന്റെ സ്ഥാനം. അതുപോലും അവര്‍ക്കനുവദിക്കാന്‍ പാടില്ലെന്നായിരുന്നു ഇസ്രയേലിന്റെയും അമേരിക്കയുടെയും ഉറച്ച നിലപാട്. ഇസ്രയേല്‍ നടത്തിവരുന്ന നൃശംസ നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ യു.എന്‍ നിരീക്ഷക പദവിയിലൂടെ ഫലസ്ത്വീന് അവസരം ലഭിക്കുന്നുവെന്നതാണ് കാരണം. എന്നാല്‍ ഫലസ്ത്വീനികളുടെ ഉന്മൂലനത്തിന് പ്രതിജ്ഞാബദ്ധമായ ഇസ്രയേല്‍ ഉള്‍പ്പെടുന്ന സഭയുടെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അനുസരിച്ചില്ലെങ്കില്‍ അനുസരിപ്പിക്കാന്‍ കരുത്തുള്ളവരുണ്ട്.
ഇതെഴുതുമ്പോള്‍ യു.എന്നില്‍ പൂര്‍ണ അംഗത്വം തേടി ന്യൂയോര്‍ക്കിലെത്തിയിരിക്കുകയാണ് ഫലസ്ത്വീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. അമേരിക്കന്‍ ഇംപീരിയലിസത്തിന്റെ ഉപകരണം മാത്രമായി വര്‍ത്തിക്കുന്ന യു.എന്നിന് ഇന്നത്തെ സാഹചര്യത്തില്‍ ഒരു അന്താരാഷ്ട്ര പ്രശ്നത്തിലും നീതിപൂര്‍വം ഇടപെടാനാവില്ല. എങ്കിലും ഒരു രാജ്യത്തിന്റെ യു.എന്‍ അംഗത്വം ആ രാജ്യത്തിന്റെ അസ്തിത്വത്തിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരമാണ്. ആ നിലക്ക് ഫലസ്ത്വീന്റെ യു.എന്‍ അംഗത്വത്തിന് ഏറെ പ്രാധാന്യമുണ്ട്. അവര്‍ക്ക് സ്വന്തം പ്രശ്നങ്ങള്‍ കൂടുതല്‍ അവകാശബോധത്തോടെ അന്താരാഷ്ട്ര വേദികളില്‍ അവതരിപ്പിക്കാനും യു.എന്‍ തീരുമാനങ്ങളിലും പ്രമേയങ്ങളിലും പങ്കാളികളാകാനും അവസരം ലഭിക്കും. യു.എന്നില്‍ അംഗമാകുന്ന ഫലസ്ത്വീന്റെ സ്വതന്ത്രമായ അസ്തിത്വം ഏറെകാലം നിഷേധിച്ചുകൊണ്ടിരിക്കാന്‍ ഇസ്രയേലിന് സാധ്യമല്ലാതാവുകയും ചെയ്യും.
ഇക്കാരണങ്ങളാല്‍ ഫലസ്ത്വീന്റെ യു.എന്‍ അംഗത്വത്തെ ഇസ്രയേലും അതിന്റെ രക്ഷിതാക്കളും രൂക്ഷമായി എതിര്‍ക്കുകയാണ്. ഫലസ്ത്വീന്റെ അപേക്ഷ രക്ഷാസമിതിയിലെത്തിയാല്‍ വീറ്റോ പ്രയോഗിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി കഴിഞ്ഞു. അതുതന്നെയാണ് ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ ഇതര വന്‍ശക്തികളുടെയും നിലപാട്. അപേക്ഷ യു.എന്നില്‍ എത്താതിരിക്കാനാണ് അവരുടെ ശ്രമം. യു.എന്നില്‍ ഫലസ്ത്വീന് അംഗത്വ പദവി ഉണ്ടായിക്കൂടാ. നിരീക്ഷക പദവി അഥവാ കാഴ്ചക്കാരന്റെ സ്ഥാനം തന്നെ അധികമാണ്. ഫലസ്ത്വീന്‍ എന്നൊരു രാഷ്ട്രമില്ല, ഉണ്ടായിക്കൂടാ എന്നു ശഠിക്കുന്ന ഇസ്രയേലിന് മാത്രമായിരിക്കണം അന്താരാഷ്ട്ര കുടുംബത്തില്‍ അംഗത്വം.
ഈ കുത്സിത നിലപാടിന് അവരുന്നയിക്കുന്ന ന്യായം വിചിത്രമാകുന്നു. പതിറ്റാണ്ടുകളായി തുടരുന്ന സമാധാന ശ്രമങ്ങളെ പ്രതിസന്ധിയാലാക്കുന്നതാണത്രെ യു.എന്‍ അംഗത്വത്തിനുവേണ്ടിയുള്ള ഫലസ്ത്വീന്റെ നീക്കം. അസത്യത്തെ സത്യമായും അനീതിയെ നീതിയായും അവതരിപ്പിച്ച് ലോകത്തെ കബളിപ്പിച്ച് കാര്യം നേടാനുള്ള പാശ്ചാത്യരുടെ ദുസ്സാമര്‍ഥ്യമാണിതില്‍ തെളിയുന്നത്. തര്‍ക്കത്തിലുള്ള ഒരു കക്ഷിയെ സ്വന്തക്കാരാക്കി അകത്തു കയറ്റി സല്‍ക്കരിക്കുകയും മറുകക്ഷിയെ അന്യരാക്കി പുറത്തുനിര്‍ത്തി കല്ലെറിയുകയും ചെയ്യുകയാണ് ഇന്നോളം അവര്‍ നടത്തി വന്ന 'സമാധാന ശ്രമം.' നഗ്നമായ ഈ വിവേചനം അവസാനിപ്പിക്കാനാവശ്യപ്പെടുന്നത് സമാധാന ധ്വംസനമാണ്. ഇക്കൂട്ടരുടെ ശ്രമങ്ങളിലൂടെ ലഭിച്ച 'സമാധാന'മാണ് ഇപ്പോള്‍ അഫ്ഗാനിസ്താനും ഇറാഖും ഇറാനുമൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
സയണിസ്റുകളും സാമ്രാജ്യത്വ ശക്തികളും എന്തു പറഞ്ഞാലും ലോകമനസ്സാക്ഷി ഫലസ്ത്വീനികള്‍ക്കനുകൂലമാണെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. പുതിയ അംഗത്വ അപേക്ഷകള്‍ക്ക് പൊതുസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കണമെന്നാണ് യു.എന്‍ ചട്ടം. യു.എന്‍ ജനറല്‍ അസംബ്ളി അംഗങ്ങളില്‍ മൂന്നില്‍ രണ്ടില്‍(129) കുറയാത്ത രാജ്യങ്ങള്‍ ഫലസ്ത്വീനനുകൂലമായി വോട്ടു ചെയ്യുമെന്നാണ് നിരീക്ഷക മതം. അതുകൊണ്ടുതന്നെയാണ് അബ്ബാസിന്റെ അപേക്ഷ യു.എന്നില്‍ എത്താതിരിക്കാന്‍ തല്‍പര കക്ഷികള്‍ ശ്രമിക്കുന്നത്. ഏതായാലും ഇക്കാര്യത്തില്‍ ഫലസ്ത്വീനികള്‍ക്കൊപ്പം നില്‍ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ശ്ളാഘനീയമാകുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം