Prabodhanm Weekly

Pages

Search

2015 ജൂലൈ 10

സകാത്തും സഹോദര സമുദായങ്ങളും

അബൂ ഫൈസല്‍ /കവര്‍‌സ്റ്റോറി

          ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളിലൊന്ന് സകാത്തിന്റെ വിതരണവുമായി ബന്ധപ്പെട്ടതാണ്. പൊതുവേ ഇന്ത്യയില്‍ മുസ്‌ലിംകള്‍ ദരിദ്രരാണെന്നു പറയേണ്ടതില്ല. ഒരിക്കല്‍ ഇന്ത്യ ഭരിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തിമാരുടെ പിന്‍മുറക്കാര്‍ ഇന്നു തെരുവില്‍ മത്സ്യക്കച്ചവടക്കാരാണെന്ന് പറയപ്പെടുന്നു. അത് സത്യമാണെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം സാമ്പത്തികമായി ഇന്ന് ഇന്ത്യയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരാണ് മുസ്‌ലിംകള്‍. എന്നാല്‍ ഇന്ത്യയില്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ അവര്‍ മധ്യവര്‍ഗക്കാരാണ്. നിഷ്ഠയോടെ ജീവിക്കുന്നവരാണെങ്കില്‍ അവിടെ അവര്‍ക്കു സകാത്ത് കൊടുക്കാന്‍ ബാധ്യതയുണ്ടാവും. ഇവിടെയാണ് പ്രശ്‌നം. അയല്‍വാസികളില്‍ പലരും ഒരുവേള നിര്‍ധനരായ അമുസ്‌ലിംകളായേക്കാം. താരതമ്യേന അവരേക്കാള്‍ സാമ്പത്തികമായി മെച്ചപ്പെട്ടവരാണ് സ്ഥലവാസികളായ മുസ്‌ലിംകളെന്നും വരാം. അതല്ലെങ്കില്‍ സാമ്പത്തികമായി അവരും അയലത്തുള്ള അമുസ്‌ലിംകളും ഒരുപോലെ ആവശ്യക്കാരാണെന്നു വരാം. ഇത്തരം സന്ദര്‍ഭങ്ങളില്‍  മാനുഷിക പരിഗണന വെച്ച് അടുത്തുള്ള അമുസ്‌ലിംകള്‍ക്ക് കൂടി സകാത്തില്‍ നിന്നു വിഹിതം നല്കാന്‍ പറ്റുമോ? അതല്ല ഏത് പരിതസ്ഥിതിയിലും മുസ്‌ലിംകള്‍ക്ക് മാത്രമേ സകാത്തു കൊടുക്കാന്‍ പാടുള്ളൂവെന്നാണോ ഇസ്‌ലാമിന്റെ വിധി? ഇവിടെ സകാത്തു അമുസ്‌ലിംകള്‍ക്ക് നല്‍കാന്‍ പാടില്ലെന്നു പറഞ്ഞാല്‍ മറ്റുള്ളവര്‍ മുസ്‌ലിംകളെ കുറിച്ച് എന്ത് പറയും? മനുഷ്യസ്‌നേഹമില്ലാത്തവരും സമസൃഷ്ടികളോട് കരുണയില്ലാത്തവരും ബഹുസ്വരസമൂഹത്തില്‍ ജീവിക്കാന്‍ കൊള്ളരുതാത്തവരുമെന്നു അവരെ അപഹസിക്കുമോ? ഇതൊന്നുമല്ല യഥാര്‍ഥ പ്രശ്‌നം. മറിച്ചു ഈ വിഷയത്തില്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ അധ്യാപനമെന്താണ്? അതാണ് നമുക്കന്വേഷിക്കേണ്ടത്. കാരണം ഒരു മുസ്‌ലിം പിന്തുടരുവാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത് അതാണ്. കരുണാവാരിധിയായ ദൈവം തന്റെ ദാസന്‍മാര്‍ക്ക് നല്‍കിയ കല്‍പനകളാണത്. അതൊരിക്കലും ക്രൂരമോ മനുഷ്യവിരുദ്ധമോ ആവുകയില്ല. 

1. അമുസ്‌ലിംകളില്‍ ആര്‍ക്കും സകാത്തില്‍ നിന്ന് ഒരു വിഹിതവും കൊടുക്കാന്‍ പാടില്ലെന്നാണ് ചില പണ്ഡിതന്‍മാരുടെ പക്ഷം. ചില ഹദീസുകളുടെ പ്രത്യക്ഷ വായനയിലൂടെയാണ് ഇവര്‍ ഈ അഭിപ്രായത്തിലെത്തിയത്. നബി മുആദ് ബ്‌നു ജബലിനെ യമനിലേക്കയച്ചപ്പോള്‍ നല്‍കിയ ഉപദേശത്തില്‍ ഇങ്ങനെ കാണാം: ''അല്ലാഹു അവര്‍ക്കു ദാനം നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇത് അവരിലെ ധനികന്‍മാരില്‍ നിന്നു വസൂലാക്കി അവരിലെത്തന്നെ ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതാണ്.'' ഇവിടെ 'അവരിലെ ദരിദ്രര്‍ക്കിടയില്‍' എന്നതിനു 'മുസ്‌ലിംകളിലെ ദരിദ്രര്‍ക്കിടയില്‍' എന്ന് അവര്‍ അര്‍ഥം മനസ്സിലാക്കുന്നു. അതാണ് ശരിയെങ്കില്‍ സകാത്ത് മുസ്‌ലിംകളില്‍ നിന്നു വാങ്ങി മുസ്‌ലിംകള്‍ക്കിടയില്‍ മാത്രം വിതരണം ചെയ്യേണ്ടതാണെന്ന് പറയുന്നതില്‍ അനൗചിത്യമില്ല. എന്നാല്‍ ഇവിടെ 'അവരിലെ' എന്നതിന് 'അന്നാട്ടിലെ' എന്ന ഒരര്‍ഥവും മനസ്സിലാക്കാമല്ലോ. അങ്ങനെ വരുമ്പോള്‍ ഈ വ്യാഖ്യാനത്തെ മാത്രം അവലംബക്കാക്കി അമുസ്‌ലിംകള്‍ക്കു ഒരു പരിതസ്ഥിതിയിലും സകാത്ത് കൊടുക്കാന്‍ പറ്റുകയില്ലെന്ന് വാദിക്കുന്നത് നിരര്‍ഥകമാണെന്ന് വരുന്നു. 

2. ഇനി ഖുര്‍ആനിലൂടെ ചിന്തിച്ചാലും സകാത്ത് മുസ്‌ലിംകള്‍ക്കു മാത്രമാണെന്ന വാദം ശരിയല്ലെന്നാണ് മനസ്സിലാവുക. അല്ലാഹു പറയുന്നു: ''അവരെ നേര്‍മാര്‍ഗത്തിലാക്കുക എന്നത് നിന്റെ ബാധ്യതയല്ല. മറിച്ചു അല്ലാഹുവാണ് അവനുദ്ദേശിക്കുന്നവരെ നേര്‍മാര്‍ഗത്തിലാക്കുന്നത്. നിങ്ങള്‍ ചിലവഴിക്കുന്ന ധനം നിങ്ങള്‍ക്കു തന്നെയാണ് പ്രയോജനപ്പെടുക. അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുകൊണ്ടാണല്ലോ നിങ്ങള്‍ ചിലവഴിക്കുന്നത്. അങ്ങനെ എത്ര ധനം ചിലവഴിച്ചാലും നിങ്ങള്‍ക്കതിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കപ്പെടുക തന്നെ ചെയ്യും. നിങ്ങള്‍ ഒട്ടും അക്രമിക്കപ്പെടുകയില്ല'' (അല്‍ബഖറ 272).

അമുസ്‌ലിംകളായ തങ്ങളുടെ കുടുംബങ്ങള്‍ക്കു ദാന ധര്‍മങ്ങള്‍ കൊടുക്കുന്നതിനെകുറിച്ചു ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായിക്കൊണ്ടാണ് ഈ ഖുര്‍ആന്‍ സൂക്തം അവതരിപ്പിച്ചതെന്ന് അബൂഹുദൈഫ, ഇബ്‌നു അബ്ബാസ് തുടങ്ങി ധാരാളം സ്വഹാബികളും താബിഉകളും അഭിപ്രായപ്പെടുന്നതായി ഇമാം ഇബ്‌നു കസീര്‍ ഉദ്ധരിച്ചിരിക്കുന്നു. അതായത്, ജനങ്ങളുടെ ക്ഷേമത്തിനായി അല്ലാഹു കല്‍പിച്ച ധനവ്യയം വ്യക്തികളുടെ പ്രയാസങ്ങളും ആവശ്യത്തിന്റെ ആഴവും പരിഗണിച്ചുകൊണ്ടല്ലാതെ, അവരുടെ വിശ്വാസം പരിഗണിച്ചുകൊണ്ടാവരുതെന്ന് പഠിപ്പിക്കുകയാണ് ഈ സൂക്തത്തിലൂടെ അല്ലാഹു ചെയ്തിരിക്കുന്നത്. 

3. വിശുദ്ധ ഖുര്‍ആനില്‍ മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ''ദീനിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയോ, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയോ ചെയ്യാത്തവര്‍ക്ക് നിങ്ങള്‍ നന്‍മ ചെയ്യുന്നതും അവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കുന്നില്ല. ദീനിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ ഗേഹങ്ങളില്‍ നിന്നു നിങ്ങളെ അടിച്ചോടിക്കുകയും നിങ്ങളെ പുറത്താക്കാന്‍ (ശത്രുക്കളെ) സഹായിക്കുകയും ചെയ്തവരെ നിങ്ങള്‍ അടുത്ത മിത്രങ്ങളാക്കുകയാണെങ്കില്‍ അവരാണ് അക്രമികള്‍.'' (അല്‍മുംതഹിന:8,9). ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലത്തെക്കുറിച്ച് ഇബ്‌നു അബ്ബാസില്‍ നിന്നു ഇബ്‌നു കസീര്‍ ഉദ്ധരിക്കുന്നു: ''മുസ്‌ലിംകള്‍ അവരുടെ ബന്ധുക്കളായിരുന്ന മുശ്‌രിക്കുകള്‍ക്കു ഒരു വിധ ദാന ധര്‍മങ്ങളും നല്‍കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേക്കുറിച്ച് അവരില്‍ ചിലരുടെ ചോദ്യത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്കു ധര്‍മം നല്‍കാന്‍ അനുവദിച്ചുകൊണ്ടാണ് ഈ സൂക്തം അവതരിച്ചത്.'' (ഇബ്‌നു കസീര്‍ വാള്യം 4, പേജ് 349)

4. മറ്റൊരിടത്ത് അല്ലാഹുവിന്റെ ദാസന്‍മാരെ പ്രകീര്‍ത്തിച്ചു കൊണ്ട് ഖുര്‍ആന്‍ പറയുന്നു: ''സ്വയം ആവശ്യം ഉണ്ടായിരിക്കെത്തന്നെ അവര്‍ ദരിദ്രര്‍ക്കും അനാഥര്‍ക്കും ബന്ധനസ്ഥര്‍ക്കും ആഹാരം നല്‍കുന്നവരാണ്'' (അദ്ദഹ്ര്‍ 8).

ഈ സൂക്തം അവതരിക്കുന്ന കാലത്ത് മുസ്‌ലിം ജയിലുകളിലെവിടെയും അമുസ്‌ലിംകള്‍ മാത്രമേ ബന്ധനസ്ഥരായി ഉണ്ടായിരുന്നുള്ളൂവെന്നാണ് ഖുര്‍ആന്‍ വ്യാഖ്യതാക്കള്‍ പറയുന്നത്. എന്നിരിക്കെ തങ്ങള്‍ക്കാവശ്യമുണ്ടെങ്കിലും ധനം ചിലവഴിക്കാന്‍ ആവശ്യപ്പെടുന്നത് അമുസ്‌ലിംകള്‍ക്കുകൂടിയാണെന്ന് വരുന്നു. ഇതിനു പുറമേ അനാഥര്‍, ദരിദ്രര്‍ എന്നൊക്കെപ്പറയുന്നത് മുസ്‌ലിംകളെക്കുറിച്ച് മാത്രമാണെന്ന് പറയാനും ന്യായമില്ലല്ലോ. 

5. മറ്റൊരിടത്ത് ഇബ്രാഹീം നബിയുമായി ബന്ധപ്പെട്ട ഒരു സംഭവം ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു: ''ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭം: നാഥാ, ഇതിനെ (മക്കയെ) നീ നിര്‍ഭയത്വമുള്ള നാടാക്കുകയും ഇവിടത്തുകാരില്‍ വിശ്വാസികളായവര്‍ക്കു നീ പഴങ്ങള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ. അല്ലാഹു പറഞ്ഞു: അവിശ്വാസികള്‍ക്കും നല്‍കും. അവരെ ഞാന്‍ കുറച്ചു കാലം സുഖിപ്പിക്കുകയും പിന്നെ നരകശിക്ഷയിലേക്ക് തള്ളുകയും ചെയ്യും. എത്ര ചീത്തയായ സങ്കേതമാണത്.'' (അല്‍ബഖറ: 126)

പ്രവാചകത്വം പോലുള്ള അനുഗ്രഹങ്ങള്‍ വംശീയ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലല്ല വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അല്ലാഹു നല്‍കുന്നതെന്നു പറഞ്ഞപ്പോള്‍ ആഹാരത്തിന്റെ കാര്യം ചോദിച്ചപ്പോഴും ഇബ്രാഹീം (അ) സൂക്ഷ്മത പാലിച്ചതാണ്. അവിടെ പക്ഷെ ഐഹിക ജീവിതത്തില്‍ അല്ലാഹു ആഹാരം നല്‍കുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല. മറിച്ചു ഇവിടെ ആഹാരം എല്ലാവര്‍ക്കും ഒരുപോലെ നല്‍കണമെന്നതാണ് അല്ലാഹുവിന്റെ നിശ്ചയം. ആഹാരം നല്‍കുന്ന കാര്യത്തില്‍ മനുഷ്യരുടെ സ്രഷ്ടാവും ഉടമസ്ഥനുമായ അല്ലാഹു തന്നെ വിവേചനം കല്‍പിക്കുന്നില്ലെങ്കില്‍ പിന്നെ തദ്വിഷയകമായി പ്രത്യേകിച്ചു അധികാരമൊന്നുമില്ലാത്ത മനുഷ്യന്‍ എന്തിനാണ് വിവേചനം കല്‍പിക്കുന്നത്? ഇങ്ങനെ ഭൗതിക കാര്യത്തില്‍ മറ്റുള്ളവരെ മാനുഷികമായി സഹായിക്കുമ്പോള്‍ വിശ്വാസം നോക്കേണ്ടതില്ലെന്നു ഇവിടങ്ങളിലെല്ലാം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പഠിപ്പിക്കുന്നു. 

6. നബി(സ) മക്കാവിജയ സന്ദര്‍ഭത്തില്‍ സഫ്‌വാനു ബ്‌നു ഉമയ്യക്കു അഭയം നല്‍കുകയും, മുസ്‌ലിമാകണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം കുടുംബങ്ങള്‍ മുഖേന രണ്ടു മാസം അവസരം നല്‍കുകയും പിന്നീടത് നാലാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹം മുസ്‌ലിമാവാതെത്തന്നെയാണ് പിന്നീട് നബി(സ)യോടൊപ്പം ഹുനൈന്‍ യുദ്ധത്തില്‍ പങ്കെടുത്തത്. പ്രവാചകന്‍ അയാളുടെ ആയുധങ്ങള്‍ പ്രസ്തുത യുദ്ധത്തില്‍ ഇരവ് വാങ്ങുകയും ചെയ്തിരുന്നു. പൗരപ്രധാനിയായ ഈ മനുഷ്യന്‍ വിശ്വസിക്കുന്നതിനു മുമ്പു തന്നെ ഒരു മലഞ്ചെരുവിലുണ്ടായിരുന്ന ബൈത്തുല്‍ മാലിന്റെ ഒട്ടകങ്ങളെയും ആടുകളെയും മുഴുവനായി പ്രവാചകന്‍ അയാള്‍ക്ക് നല്‍കി. 'ദാരിദ്ര്യം ഭയപ്പെടാത്ത ദാനമാണിത്' എന്നായിരുന്നു ഇതെക്കുറിച്ചു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നീടദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. (ഡോ. അലി മുഹമ്മദ് സ്വല്ലാബിയുടെ നബി ചരിത്രം.)

7. സഫ്‌വാനു ബ്‌നു ഉമയ്യ പറഞ്ഞതായി സഈദ് ബ്‌നുല്‍ മുസയ്യബി(റ)ല്‍ നിന്ന് മുസ്‌ലിം ഉദ്ധരിക്കുന്നു: ''നബി(സ) എനിക്ക് വീണ്ടും വീണ്ടും ധര്‍മം നല്‍കി. ജനങ്ങളില്‍ എനിക്കേറ്റവും വെറുപ്പുള്ള വ്യക്തിയായിരുന്നു അന്നദ്ദേഹം. അങ്ങനെ ജനങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയാവുന്നത് വരെ ധാരാളമായി സമ്പത്ത് നല്‍കിക്കൊണ്ടേയിരുന്നു.'' പ്രവാചകന്‍ ഇതൊക്കെ നല്‍കിയത് ബൈത്തുല്‍ മാലില്‍ നിന്നായിരുന്നുവെന്ന് വ്യക്തം. സകാത്തായിരുന്നു അന്നു ബൈത്തുല്‍ മാലിലെ സിംഹഭാഗവും.

8. ഇമാം അഹ്മദ് പ്രബലമായ പരമ്പരയിലൂടെ അനസ് ബ്‌നു മാലിക്കി(റ)ല്‍ നിന്നുദ്ധരിക്കുന്നു: ഒരാള്‍ പ്രവാചകന്റെ അരികില്‍ വന്നു ധനസഹായം ആവശ്യപ്പെട്ടു. പ്രവാചകന്‍ രണ്ടു മലകള്‍ക്കിടയിലുണ്ടായിരുന്ന സകാത്തിന്റെ ആടുകളെ മുഴുവന്‍ അയാള്‍ക്കു നല്‍കി. അങ്ങനെ അയാള്‍ തന്റെ ഗോത്രക്കാരുടെ അടുത്ത് ചെന്നു പറഞ്ഞു: ''ജനങ്ങളേ, നിങ്ങള്‍ മുസ്‌ലിംകളായിക്കൊള്ളുക. ദാരിദ്യം ഭയക്കാതെയാണ് മുഹമ്മദ് ദാനം ചെയ്യുന്നത്.'' (നൈലുല്‍ ഔത്താര്‍ 4:166)

9. വിശുദ്ധ ഖുര്‍ആന്‍ സകാത്തിന്നര്‍ഹരായ വിഭാഗങ്ങളില്‍ ആദ്യമായി എണ്ണിയിരിക്കുന്നത് ഫഖീര്‍-മിസ്‌കീന്‍മാരെയാണ്. ഫഖീറെന്നാല്‍ മുസ്‌ലിം ദരിദ്രനെന്നും മിസ്‌കീനെന്നാല്‍ അമുസ്‌ലിം ദരിദ്രനെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു ഇബ്‌നു അബ്ബാസിന്റെ പരിചാരകനും പണ്ഡിതനുമായിരുന്ന ഇക്‌രിമ(റ). (ഫിഖ്ഹുസ്സകാത്ത്)

10. ഇമാം അബൂയൂസുഫ് തന്റെ അല്‍ ഖറാജില്‍ ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടനുസരിച്ചു ഉമര്‍ ബ്‌നുല്‍ ഖത്താബിന്റെ അഭിപ്രായവും അതാണെന്നു മനസ്സിലാക്കാം. വൃദ്ധനായ ഒരു ജൂതന്‍ ഭിക്ഷ യാചിക്കുന്നത് കണ്ടപ്പോള്‍ ഉമര്‍(റ) കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ജിസ്‌യ നല്‍കാനും ആഹാരത്തിനും വേണ്ടി ചോദിക്കുകയാണ്. ഇത് കേട്ടപ്പോള്‍ ഉമര്‍(റ) അദ്ദേഹത്തെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും, ഭക്ഷണം നല്‍കി അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും ചെയ്തു. പിന്നീട് അയാള്‍ക്കും ബൈത്തുല്‍ മാലില്‍ നിന്ന് മാസാന്ത വിഹിതം നിശ്ചയിച്ചു കൊടുത്ത ശേഷം ഉമറുബ്‌നുല്‍ ഖത്വാബ് (റ) പറയുകയുണ്ടായി: ''ഇത് വേദക്കാരില്‍ നിന്നുള്ള മിസ്‌കീന്‍മാരില്‍ പെട്ട വ്യക്തിയാണ്.'' ഖുര്‍ആന്‍ സകാത്തിന്റെ അവകാശികളായി നിശ്ചയിച്ച മിസ്‌കീന്‍മാരില്‍ ജൂതനായ അദ്ദേഹവും ഉള്‍പ്പെടുമെന്നു സാരം.

11. ഉമറി(റ)ല്‍ നിന്നു തന്നെ പ്രസിദ്ധമായ മറ്റൊരു സംഭവം ബലാദുരി തന്റെ ചരിത്ര ഗ്രന്ഥത്തില്‍ ഇങ്ങനെ വിവരിക്കുന്നു: ഉമര്‍ (റ) ഡമസ്‌കസിലെ ജാബിയ്യ എന്ന സ്ഥലത്തു വന്നപ്പോള്‍ കുഷ്ഠ രോഗം ബാധിച്ച ക്രിസ്ത്യാനികളായ ഒരു വിഭാഗമാളുകളുടെ അടുത്തു കൂടി കടന്നു പോവുകയുണ്ടായി. അവരുടെ ദൈന്യാവസ്ഥ കണ്ടപ്പോള്‍ അദ്ദേഹം അവര്‍ക്കു ബൈത്തുല്‍ മാലില്‍ നിന്നു മാസാന്ത വേതനം നിശ്ചയിച്ചു കൊടുക്കാന്‍ കല്‍പിച്ചു.

12. ഉമര്‍ ബ്‌നു അബ്ദില്‍ അസീസി(റ)ന്റെ നടപടിക്രമവും ഇതു തന്നെയായിരുന്നു. അദ്ദേഹം ബസ്വറയിലെ തന്റെ ഗവര്‍ണര്‍ക്കെഴുതി: ''നിന്റെ മുമ്പിലുള്ള സംരക്ഷിതപ്രജകളില്‍ പ്രായമേറുകയും ശക്തി ക്ഷയിക്കുകയും വരുമാനമില്ലാതാവുകയും ചെയ്തവരെ കണ്ടെത്തുകയും മുസ്‌ലിംകളുടെ ബൈത്തുല്‍ മാലില്‍ (സര്‍ക്കാര്‍ ഖജനാവ് - ഇതിലെ പ്രധാന വരുമാനം അന്നു സകാത്ത് തന്നെയായിരുന്നു.) നിന്നു അവരുടെ ക്ഷേമത്തിന്നാവശ്യമായത് ചെലവഴിക്കുകയും ചെയ്യുക.'' (അല്‍അംവാല്‍)

13. താബിഉകളില്‍ പ്രധാനികളായ സുഹ്‌രി, ഇബ്‌നു സീരീന്‍, ജാബിറുബ്‌നു സൈദ് എന്നിവരുടെ പക്ഷവും അമുസ്‌ലിംകള്‍ക്കു സകാത്ത് വിഹിതം കൊടുക്കാമെന്നാണ്. 

14. താബിഉകളില്‍ ചിലര്‍ സകാത്തിന്റെ ധനം ക്രൈസ്തവ പുരോഹിതന്‍മാര്‍ക്കു നല്‍കിയതായി ഇമാം അബൂ ഉബൈദ് തന്റെ കിതാബുല്‍ അംവാലില്‍ ഉദ്ധരിച്ചിട്ടുണ്ട്.

15. ഇമാം അബൂഹനീഫയുടെ കൂട്ടുകാരനായ സഫര്‍ സകാത്തില്‍ നിന്നു സംരക്ഷിത പ്രജകളായ അമുസ്‌ലിംകള്‍ക്കു നല്‍കാമെന്നു അഭിപ്രായപ്പെട്ടത് ഉദ്ധരിച്ച ശേഷം ഇമാം സര്‍ഖസി പറഞ്ഞു: ''അതാണ് ഖിയാസ്. കാരണം ദരിദ്രരെ സംരക്ഷിക്കലാണ് സകാത്തിന്റെ ലക്ഷ്യം.'' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /39
എ.വൈ.ആര്‍