Prabodhanm Weekly

Pages

Search

2015 ജൂലൈ 10

നമ്മള്‍ പാഴാക്കിക്കളയുന്ന ഭക്ഷണത്തെയോര്‍ത്ത് അല്‍പമെങ്കിലും ലജ്ജിക്കുക

അബ്ദുല്‍ ഹമീദ് കാഞ്ഞങ്ങാട്, ദമ്മാം

നമ്മള്‍ പാഴാക്കിക്കളയുന്ന ഭക്ഷണത്തെയോര്‍ത്ത് അല്‍പമെങ്കിലും ലജ്ജിക്കുക

ഫ്ത്വാറുകളിലെ ഭക്ഷണ ധൂര്‍ത്ത് പരാമര്‍ശിച്ചുകൊണ്ടുള്ള പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി(ലക്കം 2907)യുടെ കുറിപ്പ് വിശ്വാസികള്‍ക്ക് റമദാന്റെ പാഠങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിരുത്തി ചിന്തിക്കേണ്ട നിരവധി മുന്നറിയിപ്പുകളാണ് നല്‍കുന്നത്.

ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ അന്നത്തിന് വേണ്ടി യാചിക്കുന്ന റോഹിങ്ക്യന്‍ ജനതയുടെ ദീനരോദനങ്ങള്‍ നാം കേട്ടും കണ്ടും അറിഞ്ഞതാണ്. യുദ്ധക്കെടുതി മൂലം വിഷമിക്കുന്ന സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്യാമ്പുകളില്‍ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്കും എല്ലും തോലുമായി, ഭക്ഷണം കിട്ടാതെ നരകയാതന അനുഭവിക്കുന്ന നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലെ മനുഷ്യക്കോലങ്ങള്‍ക്കും, അരക്ഷിതാവസ്ഥയില്‍ ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ പാടുപെടുന്ന ഉത്തരേന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ക്കും വിശപ്പടക്കാന്‍ ഇന്ന് നാം പാഴാക്കി കളയുന്ന ഭക്ഷണം തന്നെ ധാരാളമാണെന്നാണ് പറയപ്പെടുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലെ സമൂഹ നോമ്പ്തുറകള്‍ പലതും ഭക്ഷണം പാഴാക്കി കളയുന്ന മേളകളായി അധഃപതിച്ചിരിക്കുന്നു. ഗള്‍ഫ്‌നാടുകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും വലിയ കമ്പനികളും വ്യക്തികളുമൊക്കെ സ്‌പോണ്‍സര്‍ ചെയ്യുന്ന നോമ്പുതുറ ടെന്റുകളിലെ ധൂര്‍ത്തും ദുര്‍വ്യയവും അമ്പരപ്പിക്കുന്നതാണ്. മതിയായ അച്ചടക്കമില്ലാതെ വാരി വിളമ്പി നല്‍കുന്ന കബ്‌സ ചോറും ഇറച്ചിയും എത്രയാണ് ഇവിടെ പാഴാക്കുന്നത്! ചുരുങ്ങിയത് എട്ടാള്‍ക്കെങ്കിലും ഭക്ഷിക്കാവുന്നതാണ് വലിയ തളികളില്‍ വിതരണം ചെയ്യുന്ന വിഭവങ്ങള്‍. എന്നാല്‍ മിക്കവാറും ഇത്തരം ഭക്ഷണത്തിനുണ്ടാവുക മൂന്നോ നാലോ പേര്‍ മാത്രമായിരിക്കും. ഇങ്ങനെ പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് വളരെ വലുതാണ്. ഒരുമിച്ചു കഴിക്കണമെന്നുള്ള സുന്നത്ത് നഷ്ടപ്പെടാതിരിക്കാനുള്ള തത്രപ്പാടില്‍ എല്ലാവരും ഒരു വലിയ തളികയില്‍ നിന്നാവും ഭക്ഷിക്കുക. ഒടുവില്‍ മൂന്നിലൊന്ന് ബാക്കിയാകും. എല്ലാവരും കൈയിട്ട ഭക്ഷണം എന്ന് കരുതി ആരും അത് പൊതിഞ്ഞെടുക്കാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുക.

ഇത്തരം ടെന്റുകളില്‍ മലയാളികള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാരും സംഘാടകരും പലപ്പോഴും ഈ വിഷയത്തില്‍ നിസ്സംഗത പാലിക്കുകയാണ്. ഇസ്‌ലാമികമായ ചെറിയ കാര്യങ്ങളില്‍ പോലും വലിയ കണിശത പുലര്‍ത്തുന്നവരാണ് ഇവരില്‍ പലരുമെന്നത് അനുഭവവുമാണ്. പല പാശ്ചാത്യ നാടുകളിലും ഹോട്ടലുകളില്‍ ഭക്ഷണം ഉപേക്ഷിച്ചുപോകുന്നതും പാഴാക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ടാറ്റയുടെ തലവനായിരുന്ന കാലത്ത് ജര്‍മനി സന്ദര്‍ശിച്ച രത്തന്‍ ടാറ്റ യൂറോപ്പിലെ ഈ കണിശത പങ്കുവെക്കുന്നുണ്ട്:

''ജര്‍മനി വ്യാവസായികമായി ലോകത്ത് തന്നെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രമാണല്ലോ. അവിടത്തെ മനുഷ്യര്‍ അങ്ങേയറ്റം ആഡംബരത്തില്‍ കഴിയുന്നു എന്നാണോ നിങ്ങളുടെ ധാരണ? 

ഒരിക്കല്‍ ഞാന്‍ ടാറ്റയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഹാംബര്‍ഗില്‍ പോവുകയുണ്ടായി. ഒരു മീറ്റിംഗ് കഴിഞ്ഞ് വിശപ്പ് തോന്നിയപ്പോള്‍ എന്റെ ഉദ്യോഗസ്ഥരോടൊപ്പം അടുത്തുള്ള ഒരു ഇടത്തരം റസ്റ്റോറന്റില്‍ കയറി. അവിടെ മിക്കവാറും തീന്മേശകള്‍ കാലിയായി കണ്ടപ്പോള്‍ തന്നെ എനിക്ക് കൗതുകം തോന്നി. ഒരു ടേബിളില്‍ ഒരു യുവ ജോഡി ഇരിക്കുന്നത് കാണുകയുണ്ടായി. വെറും രണ്ട് തരം വിഭവങ്ങളും ഓരോ കുപ്പി ബിയറും മാത്രമാണ് അവരുടെ മുന്നില്‍ കാണാനായത്. ഇന്ത്യയിലെ ഒരു ഇടത്തരം യുവാവിന് പോലും ഇതില്‍ കൂടുതല്‍ വിഭവ സമ്പന്നമായ ഭക്ഷണം കാമുകിക്ക് വാങ്ങി നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു. പിശുക്കനോ അല്ലെങ്കില്‍ അത്രമേല്‍ ദരിദ്രനോ ആയ ഇയാളെ എന്തുകൊണ്ടാണ് ഈ യുവതി ഉപേക്ഷിക്കാത്തത് എന്നാണ് ഞാനോര്‍ത്തത്.

മറ്റൊരു തീന്മേശയില്‍ വൃദ്ധകളായ രണ്ട് മൂന്ന് സ്ത്രീകള്‍ ഇരിക്കുന്നുണ്ടായിരുന്നു. ഒരൊറ്റ വിഭവം മാത്രം ഓര്‍ഡര്‍ ചെയ്യുകയും അത് കൊണ്ടുവന്ന വെയ്റ്റര്‍ അത് മൂന്ന് പേര്‍ക്ക് പങ്കുവെച്ചു നല്‍കുകയും ചെയ്യുന്നത് കണ്ടു. അവര്‍ അവസാനത്തെ ധാന്യവും സ്പൂണ്‍ കൊണ്ട് എടുത്ത് ശ്രദ്ധയോടെ കഴിക്കുന്നത് ഞാന്‍ ആശ്ചര്യത്തോടെ നോക്കിനിന്നു. മുമ്പ് ജര്‍മനിയില്‍ വന്നിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ കുറച്ചധികം ഭക്ഷണങ്ങളും പാനീയങ്ങളും ഓര്‍ഡര്‍ ചെയ്തു. ഞങ്ങള്‍ ഭക്ഷണം കഴിച്ച് ഇറങ്ങാന്‍ നേരത്ത് ഏകദേശം പകുതിയോളം ആഹാര പദാര്‍ഥങ്ങള്‍ തീന്മേശയില്‍ ബാക്കിയുണ്ടായിരുന്നു. ഞങ്ങള്‍ പണം നല്‍കി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ വൃദ്ധ സ്ത്രീകളില്‍ ഒരാള്‍ ജര്‍മന്‍ ഭാഷയില്‍ എന്തൊക്കെയോ കയര്‍ത്തു സംസാരിക്കുന്നത് പോലെ തോന്നി. ഞങ്ങള്‍ക്ക് ജര്‍മന്‍ മനസ്സിലാകുന്നില്ല എന്ന് കണ്ട മറ്റൊരു സ്ത്രീ ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങി. ഭക്ഷണം പാഴാക്കിയതില്‍  അവര്‍ക്കുള്ള അതൃപ്തിയും രോഷവും അവര്‍ വികാരഭരിതയായി പറഞ്ഞു. അവരുടെ കണ്ണുകള്‍ ജ്വലിക്കുന്നതും ചുളിവ് വീണ മുഖം ചുവന്നു തുടുക്കുന്നതും ഞങ്ങള്‍ കണ്ടു.

ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന് പണം നല്‍കിയിട്ടുണ്ട്. അത് കഴിച്ചോ, കളഞ്ഞോ എന്ന് അന്വേഷിക്കുന്നത് നിങ്ങളുടെ ജോലിയല്ല. ഞങ്ങളുടെ കൂട്ടത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ഇംഗ്ലീഷില്‍ അവര്‍ക്ക് മറുപടി നല്‍കി. വൃദ്ധ സ്ത്രീകള്‍ മൂന്ന് പേരും കോപാകുലരായി. ഒരാള്‍ പെട്ടെന്ന് ബാഗില്‍ നിന്ന് സെല്‍ഫോണെടുത്ത് ആരെയോ വിളിച്ചു നിലവിളിക്കുന്നത് പോലെ ജര്‍മന്‍ ഭാഷയില്‍ എന്തൊക്കെയോ പറയുന്നത് കേട്ടു. മിനിറ്റുകള്‍ക്കകം സാമൂഹിക സുരക്ഷാ വകുപ്പിലെ യൂനിഫോമിട്ട ഒരു ഉദ്യോഗസ്ഥന്‍ റസ്റ്റോറന്റിന് മുന്നില്‍ കാറില്‍ വന്നിറങ്ങി. വൃദ്ധകളോട് സംസാരിച്ച ആ ഉദ്യോഗസ്ഥന്‍ ഞങ്ങളുടെ അടുക്കല്‍ വന്ന് അമ്പത് യൂറോ പിഴ ചുമത്തുന്നതായി പറഞ്ഞു. ഞങ്ങള്‍ ശാന്തരായി അയാളെ കേട്ടു. ഞങ്ങളുടെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി അയാള്‍ പറഞ്ഞു: നിങ്ങള്‍ക്ക് കഴിക്കാന്‍ കഴിയുന്നത് മാത്രം ഓര്‍ഡര്‍ ചെയ്യുക. നിങ്ങള്‍ സമ്പന്നരാകാം. ധാരാളം പണം കൈയിലുണ്ടാകാം. പക്ഷേ, ഇതിനുള്ള വിഭവശേഷി ഈ സമൂഹത്തിന്റേത് കൂടിയാണ്, സമ്പന്നരായ നിങ്ങളുടേത് മാത്രമല്ല. ഒരു നേരത്തെ ആഹാരം യാചിച്ചു കഴിക്കേണ്ടിവരുന്ന, അല്ലെങ്കില്‍ അതിനും സാധിക്കാത്ത കോടാനു കോടികള്‍ ലോകത്ത് ഉണ്ട് എന്നത് യാഥാര്‍ഥ്യമായിരിക്കെ ഭക്ഷണമിങ്ങനെ -അതൊരു മണി ധാന്യമാണെങ്കിലും- പാഴാക്കി കളയാന്‍ നിങ്ങള്‍ക്ക് എന്തവകാശം?

ഞാന്‍ എന്റെ ജീവിതത്തില്‍ അപമാനഭാരം കൊണ്ട് തലതാഴ്ത്തിയ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഒന്നായിരുന്നു അത്. ആ ചെറുപ്പക്കാരന്റെ മുന്നില്‍ ശരിക്കും ഞങ്ങള്‍ ശിരസ്സ് കുനിച്ചു. ഇന്ത്യയിലെ ചേരികളിലും പൊതുയിടങ്ങളിലും എന്റെ ആഫ്രിക്കന്‍ യാത്രക്കിടയിലും കാണാന്‍ കഴിഞ്ഞ പട്ടിണിക്കോലങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി. പൊങ്ങച്ചം കാണിക്കാനും മറ്റുള്ളവരുടെ മുമ്പില്‍ ആളാകാനും ദുരഭിമാനികളായ നമ്മള്‍ ഭക്ഷണശാലകളില്‍ പോലും കാണിക്കുന്ന ധൂര്‍ത്തുകള്‍ ഓര്‍ത്തപ്പോള്‍ എനിക്കും ലജ്ജ തോന്നി.

തിരിച്ച് ഓഫീസിലേക്ക് പോകവെ അയാളുടെ ഇംഗ്ലീഷ് വാക്കുകള്‍ എന്റെ ചെവിയില്‍ തുടരെത്തുടരെ മുഴങ്ങി: Money is yours but resources belong to the society.''

അബ്ദുല്‍ ഹമീദ് കാഞ്ഞങ്ങാട്, ദമ്മാം

ഖുര്‍ആനിക ഗവേഷണം ഒരനുബന്ധം

പ്രബോധനം ലക്കം 2907-ല്‍ എം.വി മുഹമ്മദ് സലീം മൗലവി ഖുര്‍ആനിക ഗവേഷണത്തെക്കുറിച്ച് എഴുതിയ ലേഖനത്തിനനുബന്ധമായി ചിലത് കുറിക്കട്ടെ

പ്രവാചകന്‍ (സ) പറഞ്ഞു: ''എന്നിലൂടെ അല്ലാഹു അവതരിപ്പിച്ച അറിവിന്റെ ഉദാഹരണം ഭൂമിയില്‍ മഴ പതിക്കുന്നത് പോലെയാണ്. അതിലെ ചില ഭാഗങ്ങള്‍ നല്ലതായിരിക്കും. അവ വെള്ളം ആഗിരണം ചെയ്യുകയും അങ്ങനെ ധാരാളം പുല്ലും പച്ചപ്പും ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. അപ്രകാരം തന്നെ ചെടി മുളക്കാത്ത സ്ഥലങ്ങളും അതിലുണ്ട്. അത് വെള്ളം ശേഖരിച്ച് വെക്കുകയും ജനങ്ങള്‍ക്ക് അത് കുടിക്കാനും കുടിപ്പിക്കാനും നനയ്ക്കാനും ഉപകരിക്കുകയും ചെയ്യുന്നു. എന്നാല്‍, ആ മഴ പതിക്കുന്ന വേറെ ചില സ്ഥലങ്ങള്‍ മരുപ്രദേശങ്ങളാണ്. അവ വെള്ളം ശേഖരിക്കുകയോ ചെടി മുളപ്പിക്കുകയോ ഇല്ല.  അല്ലാഹുവിന്റെ ദീനീ വിജ്ഞാനം നേടുകയും ഞാന്‍ കൊണ്ടുവന്നത് ഉപകരിക്കുകയും അങ്ങനെ അറിയുകയും അറിയിക്കുകയും ചെയ്തവന്റെയും, അതുവഴി ഔന്നത്യം പ്രാപിക്കാനും എന്നിലൂടെ അവതീര്‍ണമായ ദൈവിക സന്മാര്‍ഗം സ്വീകരിക്കാനും സാധിക്കാത്തവന്റെയും ഉദാഹരണമാണിത്'' (ബുഖാരി, മുസ്‌ലിം).

ആദ്യം പറഞ്ഞ വിഭാഗമാണ് ഗവേഷകര്‍. അവര്‍ ഖുര്‍ആനിക വിജ്ഞാനമാകുന്ന മഴയെ സ്വാംശീകരിച്ച് ഗഹനമായ മനന പ്രക്രിയയിലൂടെ പ്രകാശ സംശ്ലേഷണം നടത്തി ആധുനിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന കായ്കനികള്‍ സമൂഹത്തിന് നല്‍കാന്‍ ബാധ്യസ്ഥരാണ്.

'ശാസ്ത്രം ഒരു കാര്യം കണ്ടെത്തുമ്പോഴേക്കും അത് ഖുര്‍ആനില്‍ ഉണ്ട് എന്ന് സമര്‍ഥിക്കാന്‍ വ്യഗ്രത കാട്ടുന്ന മുസ്‌ലിംകള്‍ എന്തു കൊണ്ട് ഖുര്‍ആനെ അടിസ്ഥാനമാക്കി പുതിയ ശാസ്ത്രീയ സത്യങ്ങള്‍ കണ്ടെത്തുന്നില്ല' എന്ന ചോദ്യം പതിവായി ഉന്നയിക്കപ്പെടാറുണ്ട്. അതില്‍ അല്‍പം ശരി ഉണ്ട് താനും. മുമ്പ് ഡോ. മോറിസ് ബുക്കായ് ഇസ്‌ലാമിക പക്ഷത്ത് നിന്ന് കൊണ്ടും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇനിയും വെളിപ്പെടാത്ത ഒരുപാട് അറിവിന്റെ മണിമുത്തുകള്‍ ഖുര്‍ആനില്‍ ഒളിഞ്ഞ് കിടപ്പുണ്ട് എന്നത് ഗവേഷണ കുതുകികള്‍ക്ക് മുന്നില്‍ വലിയ അവസരമാണ് തുറന്നിടുന്നത്. 

യഥാര്‍ഥ ജ്ഞാനത്തിന്റെ തെറ്റാത്ത ഉറവിടമായ പരിശുദ്ധ ഖുര്‍ആന്‍ നാം ജീവിക്കുന്ന സമൂഹത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തണമെങ്കില്‍ ഖുര്‍ആനിക ആശയ ലോകം ഇനിയും ഒരുപാട് വിപുലപ്പെടേണ്ടതുണ്ട് 

അല്ലാഹു അവനിലുളള വിശ്വാസം ഉറപ്പിക്കാന്‍ വേണ്ടി ഖുര്‍ആനില്‍ ധാരാളമായി പറഞ്ഞ 'ആയാത്തു'കളാണ് 'സമാവാത്ത് വല്‍ അര്‍ദ്.' ഇതിന് നാം  ആകാശങ്ങളും ഭൂമിയും എന്നാണ് സാധാരണ അര്‍ഥം പറയാറ്. അത് അങ്ങനെതന്നെയാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. കാരണം കണ്ടുപിടിക്കപ്പെട്ട പ്രപഞ്ചത്തില്‍ ഭൂമിയുടെ അളവ് കേവലം ഒരു സെന്റീ മീറ്ററിന്റെ പതിനായിരത്തിലൊരംശം മാത്രമാണെന്ന് പറയപ്പെടുന്നു. അത്രയും വിശാലമായ സ്‌പെയ്‌സിന്റെ അറ്റങ്ങളിലും ഇപ്പോഴും നക്ഷത്രങ്ങള്‍ കണ്ട് പിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ നക്ഷത്രങ്ങള്‍ എല്ലാം ഒന്നാനാകാശത്തിലാണ് അല്ലാഹു സംവിധാനിച്ചിരിക്കുന്നത് എന്ന് ഖുര്‍ആന്‍ പറയുന്നു. അപ്പോള്‍ ഒന്നാം ആകാശത്തിന്റെ പരിധി പോലും ഇത് വരെ കണ്ടുപിടിക്കപ്പെട്ട പ്രപഞ്ചത്തില്‍ ആയിട്ടില്ല എന്ന് അനുമാനിക്കാം. അത്രയും പ്രവിശാലമായ ഒന്നാം ആകാശവും അതിനേക്കാള്‍ പതിന്മടങ്ങ് വിശാലമായ മറ്റു ആറ് ആകാശവും ഉള്‍ക്കൊള്ളുന്ന 'സമാവാത്തി'നെ ഇത്രയും നിസ്സാരത്തില്‍ നിസ്സാരമായ ഭൂമിയോട് ചേര്‍ത്തിപ്പറയുന്നതെങ്ങനെ?

ഇത്തരത്തില്‍ ധാരാളം 'പ്രശ്‌നങ്ങള്‍' ഖുര്‍ആന്‍ എന്ന മഹാത്ഭുതത്തിന്റെ ആശയ ലോകങ്ങളിലൂടെ സഞ്ചരിച്ച് കുരുക്കഴിച്ചെടുക്കേണ്ടതുണ്ട്.

''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശഭൂമികളുടെ അതിരുകള്‍ ഭേദിച്ച് പുറത്തു പോകാനാവുമെങ്കില്‍ നിങ്ങള്‍ പുറത്തുപോവുക. നിങ്ങള്‍ക്ക് പുറത്തുകടക്കാനാവില്ല. ഒരു മഹാശക്തിയുടെ പിന്‍ബലമില്ലാതെ'' (ഖുര്‍ആന്‍ 55:33).

ആധുനിക ശാസ്ത്രാന്വേഷകരുടെ മുന്നില്‍ മഹാ വെല്ലുവിളിയാണ് ഈ ആയത്ത്. ഇത് അവര്‍ക്ക് മുഴുവന്‍ വ്യക്തമാകണമെങ്കില്‍ ഇനിയും രണ്ട് നൂറ്റാണ്ടെങ്കിലും കാത്തിരിക്കേണ്ടിവരും.

നാസര്‍ കാരക്കാട് 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /39
എ.വൈ.ആര്‍