Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 24

'ക്രൂര മുഹമ്മദര്‍' സൃഷ്ടിച്ച 'ദുരവസ്ഥ'

സമദ് കുന്നക്കാവ്

മരോത്സുകമായ മലബാര്‍ പ്രക്ഷോഭങ്ങളെ ബീഭത്സമായ ദൃശ്യബിംബങ്ങള്‍ കൊണ്ട് സമ്പന്നമാക്കി എന്ന നിലക്ക് കുമാരനാശാന്റെ രചനകളെ പ്രാഥമിക വിശകലനത്തിന് വിധേയമാക്കാവുന്നതാണ്. ആശാന്‍ കൃതികളിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട ജ്ഞാനാവബോധത്തെയും അദ്ദേഹം അഭിസംബോധന ചെയ്ത ചരിത്ര സന്ദര്‍ഭത്തെയും അപനിര്‍മിക്കാന്‍ മുഖ്യധാരാ വ്യവഹാരങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്ന ആധുനികോത്തര വിമര്‍ശനങ്ങള്‍ തീര്‍ത്തും ശരിയാണ്.9 കുമാരനാശാന്റെ ഹൃദയം മഥിച്ച മുഖ്യവിഷയം ജാതിവ്യവസ്ഥ തന്നെയായിരുന്നു. താനുദ്ദേശിക്കുന്ന സാമൂഹിക പരിവര്‍ത്തനത്തിനു ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് വേണ്ടത്ര പ്രോത്സാഹനം കിട്ടുമെന്ന പ്രത്യാശയും അദ്ദേഹത്തിനുണ്ടായിരുന്നു. ഹിന്ദുമതത്തിന്റെ വര്‍ണ വ്യവസ്ഥകള്‍ വെച്ചളന്നാല്‍ അധഃസ്ഥിത സമുദായങ്ങളെ സംബന്ധിച്ചേടത്തോളം ബ്രിട്ടീഷ് ഭരണം അക്കാലത്ത് ഒരു പുരോഗമന ശക്തിയായിരുന്നു എന്നത് ന്യായീകരണമെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടാം. എന്നാല്‍, 'നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്' എന്ന നാരായണ ഗുരുവിന്റെ ആധുനികതയുടെ ഗുണാത്മക ഫലങ്ങള്‍ കണ്ടെത്തുന്ന നിരീക്ഷണങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചുകൊണ്ട് കുമാരനാശാന്‍ ബ്രിട്ടീഷ് ഭരണത്തിന്റെ കറകളഞ്ഞ ആരാധകനായി മാറിയിരുന്നു.10 അഞ്ചാം ജോര്‍ജ് ചക്രവര്‍ത്തിയുടെ കിരീട ധാരണം ദല്‍ഹിയില്‍ നടന്നപ്പോള്‍ ദേശീയ ഇന്ത്യയുടെ എതിര്‍പ്പുണ്ടായിട്ടും ചക്രവര്‍ത്തിയെ അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം കീര്‍ത്തിക്കുന്നുണ്ട്. പുറമെ വെയില്‍സ് രാജകുമാരനില്‍നിന്ന് ആശാന്‍ പട്ടും വളയും സ്വീകരിക്കുന്നുമുണ്ട്.
1922 കാലത്തു സാമൂഹിക മണ്ഡലത്തിലേക്കു കുമാരനാശാന്‍ സജീവമാകുന്നതോടെയാണ് വിവാദമായ 'ദുരവസ്ഥ' പ്രസിദ്ധം ചെയ്യപ്പെട്ടത്. മലബാര്‍ സമരകാലത്തു മാപ്പിളമാര്‍ മലബാറിലെ ഒരു 'ഇല്ല'ത്തെ (നമ്പൂതിരിഗൃഹം) ആക്രമിക്കുകയും ആളുകളെ മൃഗീയമായി 'കശാപ്പ്' ചെയ്യുകയുമുണ്ടായപ്പോള്‍(?) രക്ഷപ്പെട്ട് ഓടിപ്പോന്ന നമ്പൂതിരികന്യക ഒരു പുലയന്റെ കുടിലില്‍ അഭയം പ്രാപിക്കുകയും കുറെനാള്‍ അവിടെ ഒളിച്ചു താമസിക്കുകയും ചെയ്യുന്നു. ഈ ബന്ധം പിന്നീട് പ്രേമത്തിലേക്കു വികസിക്കുകയും അവള്‍ അയാളെ പരിണയിക്കുകയും ചെയ്യുന്നു. ഇതാണ് 'ദുരവസ്ഥ'യിലെ പ്രമേയം.
'കേദാരവും കാടുമൂരും മലകളുമാര്‍ന്ന ദിക്കായ കേരള'ത്തെ വര്‍ണിച്ചുകൊണ്ടു തുടങ്ങുന്ന കവിത ഏറനാടിനെ വിശേഷിപ്പിക്കുന്നതു 'ക്രൂര മുഹമ്മദര്‍' ചിന്തുന്ന ഹൈന്ദവച്ചോരയാല്‍ ചോന്നെഴും ഏറനാട്ടില്‍' എന്നാണ്. കവിതയിലെ നായികയായ സാവിത്രിയെന്ന കന്യകയെ വര്‍ണിക്കുന്ന ആശാന്‍ അവള്‍ 'ഇല്ലം' വിട്ടിറങ്ങാനുള്ള കാരണം നല്‍കുന്നു.
"ഭള്ളാര്‍ന്ന ദുഷ്ട മുഹമ്മദന്മാര്‍ കേറി-
ക്കൊള്ളയിട്ടാര്‍ത്ത ഹോ തീ കൊളുത്തി
വെന്തു പോയോരു വമ്പിച്ച മനയ്ക്കലെ
സന്താന വല്ലിയാണിക്കുമാരി.
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊല ചെയ്തും
'അള്ളാ' മതത്തില്‍ പിടിച്ചു ചേര്‍ത്തും
ഉള്ളില്‍ നടക്കും തിരക്കിലിരുട്ടിലി-
പ്പുള്ളിമാന്‍ കണ്ണിയാള്‍ ചാടിപ്പോന്നോള്‍''
ശേഷം മാപ്പിളമാര്‍ നടത്തിയ 'ഇല്ലം' ആക്രമണത്തെയും ആശാന്‍ വരച്ചുകാട്ടുന്നു. ഇതിന്റെ മുന്നോടിയായി അവരുടെ 'മതഭ്രാന്തി'നാവശ്യമായ ചേരുവകളെല്ലാം കൂട്ടുചേര്‍ത്തു സംഭ്രമജനകമായ അന്തരീക്ഷത്തില്‍ കാഴ്ചപ്പെടുത്തുന്നു. മാപ്പിളമാരുടെ ആക്രമണോത്സുകതയും ഹിംസോന്മാദവും തെളിയിച്ചു കാട്ടാനാവശ്യമായ വിഭവങ്ങളൊരുക്കുന്നതിലൂടെ 'മതഭ്രാന്ത'നെന്ന പാത്രസൃഷ്ടി സംഭവിക്കുന്നു. തുടര്‍ന്ന് കവിതയില്‍ ദൃശ്യപ്പെടുത്തുന്നത് സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ലൈംഗികാതിക്രമങ്ങളാണ്. ഇവിടെ കവി മാപ്പിളമാര്‍ക്കു നേരെ മാത്രമല്ല,
"അല്ലല്ല യെന്തെല്ലാം ചെയ്യുന്നു കശ്മലര്‍
നല്ലാര്‍, ജനങ്ങളെ കാണ്‍ക വയ്യേ
അമ്മമാരില്ലേ സഹോദരിമാരില്ലേ-
യീ മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലേ!
ഹന്ത! മതമെന്നു ഘോഷിക്കുന്നല്ലോയീ-
ജന്തുക്കളെന്നതില്‍ നീതിയില്ലേ?''
എന്നെഴുതി മാപ്പിളമാര്‍ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയും ആദര്‍ശത്തെയും അസഭ്യം കൊണ്ടു മൂടുകയും ചെയ്യുന്നു. കത്തിയാളുന്ന ഈ 'ഇല്ല'ത്തു നിന്ന് പുറത്തു ചാടി സര്‍പ്പക്കാവിന്റെ ഇരുളില്‍ മറഞ്ഞ സാവിത്രി മുറ്റത്തേക്കു നോക്കുമ്പോള്‍ കാണുന്നത് അഛനെയും അമ്മയെയും മതം മാറാന്‍ വാള്‍കാട്ടി ഭീതിപ്പെടുത്തുന്ന മാപ്പിളമാരെയാണ്. ഇതോടെ മലബാര്‍ ലഹളയിലെ നിര്‍ബന്ധ മതംമാറ്റമെന്ന കൊളോണിയല്‍ പാഠങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ആശാന്‍ ചെയ്യുന്നത്.11 മാപ്പിളമാര്‍ തിരിച്ചു പോയെന്നുറപ്പാക്കിയ സാവിത്രി ഇരുളിന്റെ മറപറ്റി അലക്ഷ്യമായി നടന്ന് ഒടുവില്‍ ക്ഷീണം മാറ്റാന്‍ ദൂരെ മുനിഞ്ഞു കത്തുന്ന വെളിച്ചത്തിലേക്ക് അടുക്കുന്ന രംഗം കവിതയിലുണ്ട്. ഇവിടെ, 'തൊഴുത്തു വിട്ടോടിച്ചെന്നു പുലിതന്‍ മടയില്‍ കയറിയ പൈക്കിടാവിനെയെന്ന പോല്‍ അവള്‍ ഞെട്ടിപ്പോയ്' എന്ന് ആശാന്‍ പറയുന്നു. കാരണം, അതൊരു മുസ്ലിം പള്ളിയായിരുന്നു! അവിടെ നടക്കുന്നതോ കലാപങ്ങളുടെ മുഖ്യ ആസൂത്രണങ്ങളും !
"തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു
പൊക്കത്തിലങ്ങൊരെടുപ്പു കാണായ്
ഉള്ളില്‍ വിളക്കെരിയുന്നു മാപ്പിള-
പ്പള്ളിയാണെന്നു ഞാന്‍ സംശയിച്ചു
പെട്ടു വഴിക്കരികത്താകയാല്‍ നട-
ന്നൊട്ടടുത്തപ്പോളകത്തു കേള്‍ക്കായ്
തിങ്ങി ജനങ്ങള്‍ സംസാരിപ്പതു മിട-
ക്കിങ്ങനെയങ്ങൊരാള്‍ കല്‍പിച്ചതും:
വെള്ളക്കാരെ ചുട്ടൊടുക്കുവിന്‍ ജന്മിമാ-
രില്ല മിടിച്ചു കുളം കുഴിപ്പിന്‍
അള്ളായല്ലാതൊരു ദൈവം മലയാള-
ത്തില്ലാതാക്കീടുവിനേതു ചെയ്തും.''
സക്രിയമായ ചരിത്ര മുഹൂര്‍ത്തങ്ങളില്‍ വന്നു ഭവിക്കാനിടയുള്ള അപവാദങ്ങളെ സാമാന്യവല്‍കരിച്ചുകൊണ്ട് 'മതഭ്രാന്താ'യി അവതരിപ്പിക്കുക മാത്രമല്ല, മാപ്പിളാശയങ്ങളേയും പ്രാര്‍ഥനാ ഗേഹങ്ങളെയും തന്റെ മുന്‍വിധികളിലെ കിരാത കര്‍മങ്ങളുമായി ചേരുംപടി ചേര്‍ക്കുകയുമാണ് ആശാന്‍ ഇവിടെ ചെയ്യുന്നത്. മലബാര്‍ സമരത്തോടും അതിലെ ക്രിയാത്മക പ്രതിനിധാനങ്ങളോടും ആശാന്റെ സമീപനമെന്തായിരുന്നുവെന്ന് 'ദുരവസ്ഥ'ക്ക് അദ്ദേഹം എഴുതിയ അവതാരിക തന്നെ സാക്ഷിയാകുന്നുണ്ട്.
"തെക്കേ മലയാം ജില്ലയില്‍ 1097 ചിങ്ങത്തില്‍ ആരംഭിച്ച മാപ്പിള ലഹള കേരള ചരിത്രത്തില്‍ രക്തരൂഷിതമായ ഒരു അധ്യായത്തെ രചിച്ചിരിക്കുകയാണല്ലോ. കല്‍പനാ ശക്തിയെ തോല്‍പിക്കുന്ന ഭയങ്കരങ്ങളും പൈശാചികങ്ങളുമായ സംഭവങ്ങളെക്കൊണ്ട് കേരളത്തെ മാത്രമല്ല, ഇന്ത്യയെ മുഴുവന്‍ ഒരു പ്രകാരത്തില്‍ അല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ ഇളക്കി മറിച്ചിരുന്ന ആ കൊടുങ്കാറ്റ് ഭാഗ്യവശാല്‍ ഇപ്പോള്‍ മിക്കവാറും ശമിച്ചുകഴിഞ്ഞിരിക്കുന്നു. ആപത്തിനേക്കാള്‍ വലിയ അധ്യാപകന്‍ ഇല്ലെന്നുള്ളതു ചരിത്രവും മതവും ഒന്നുപോലെ സമ്മതിക്കുന്ന വസ്തുതയാകുന്നു. ലഹളയുടെ വായില്‍നിന്ന് അതിന്റെ നാവിന്റെ പരുപരുപ്പും വീരപ്പല്ലിന്റെ മൂര്‍ച്ചയും നല്ലവണ്ണമറിഞ്ഞ് ഇപ്പോള്‍ ശകലിതമായി വെളിയില്‍ വമിക്കപ്പെട്ടിരിക്കുന്ന ഹിന്ദു സമുദായം, പുരാതനമായ ഒരു നാഗരികതയുടെ പ്രാതിനിധ്യം വഹിക്കുന്ന ഒന്നാണെന്നുള്ളതു ശരി തന്നെ.''12
ആശാന്‍ രൂപകല്‍പന ചെയ്തിരിക്കുന്ന മുസ്ലിം പാത്രനിര്‍മിതി മൂര്‍ത്തമായൊരു സാമൂഹിക പ്രശ്നത്തെ മറികടക്കാനായിരുന്നു എന്ന ലളിതയുക്തികള്‍ സാഹിത്യ നിരൂപണ തലങ്ങളില്‍ പ്രബലമാണ്. ഇരുമ്പഴിക്കുള്ളിലെ 'സ്വതന്ത്ര'യായ സാവിത്രിക്ക് ഒരു പുലയന്റെ നേരെ രാഗപാരവശ്യം തോന്നാന്‍ അന്നത്തെക്കാലത്ത് ഒരു സന്ദര്‍ഭവും ഉണ്ടാവുക സാധ്യമല്ലെന്നും അതിനാല്‍ വെള്ളപൊക്കം വന്ന് എല്ലാം മുങ്ങിത്താഴുമ്പോള്‍ ആത്മശത്രുക്കളായ പുള്ളിപ്പുലിയും പുള്ളിമാനും ഒരേ മുനമ്പില്‍ തന്നെ അഭയം തേടുന്ന കണക്കെ സംഭവിച്ചതാണ് കാവ്യത്തിന്റെ ഘടനയെന്നും 'ദുരവസ്ഥ'യിലെ മുസ്ലിം പ്രതിരൂപങ്ങളെ നിരീക്ഷിച്ചു തായാട്ട് ശങ്കരന്‍ നടത്തിയ പ്രസ്താവ്യം ആശാന്‍ ചെയ്തികള്‍ക്കുള്ള സാധൂകരണമായിത്തീരുന്നുണ്ട് (ശങ്കരന്‍ 2000: 226). വ്യാഖ്യാനങ്ങളുടെ ഇത്തരം താവഴിശീലം എം. ലീലാവതിയിലും കാണപ്പെടുന്നുണ്ട്. മനുഷ്യരില്‍ ജീവശാസ്ത്രപരമായുള്ള രണ്ടു വര്‍ഗങ്ങള്‍ -ആണും പെണ്ണും- മാത്രമാണു നിയതി നിര്‍ദിഷ്ടമായ വര്‍ഗ വിഭജനമെന്നും ബാക്കിയൊക്കെയും മനുഷ്യര്‍ ഉണ്ടാക്കിത്തീര്‍ത്തവയാണെന്നും അന്തര്‍ജനത്തെ ചെറുമനില്‍ അനുരക്തയാവാന്‍ സമ്മതിക്കാതിരിക്കുന്നതു മനുഷ്യസൃഷ്ടമായ ജാതി വ്യവസ്ഥയാണെന്നും ആ മതില്‍ തകര്‍ക്കാന്‍ അതു മാപ്പിള ലഹളകൊണ്ടായാലും വേണ്ടില്ല, ആണും പെണ്ണും എവിടെയായാലും അന്യോനം ആകൃഷ്ടരാവുമെന്നും ലീലാവതിയും ആവര്‍ത്തിക്കുന്നു (ലീലാവതി 2002: 185). ഹിന്ദുമതത്തിന്റെ കാര്‍ക്കശ്യത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ഒരു പുതിയ മൂല്യവ്യവസ്ഥ അന്വേഷിക്കുകയാണ് ആശാന്‍ ചെയ്തതെന്ന ഇത്തരം വാദങ്ങള്‍ ശരിവെക്കുക; എങ്കില്‍ തന്നെയും ഒരു കീഴാള മുന്നേറ്റത്തിന്റെ ചാലകശക്തിയാവാനാണോ അതല്ല, പാരമ്പര്യ സംസ്കാരങ്ങളെ ദിവാസ്വപ്നം കണ്ട് കാല്‍പനിക വൈദികരാജ്യങ്ങളില്‍ അഭിരമിക്കാനാണോ പ്രസ്തുത രചനകള്‍ക്കു സാധിച്ചതെന്ന അന്വേഷണത്തിന് കീഴാള രാഷ്ട്രീയത്തില്‍ പ്രസക്തിയുണ്ട്.
ആശാന്‍ കാവ്യങ്ങളിലെ ബ്രാഹ്മണിക് ബിംബങ്ങള്‍
കേരളീയ നവോത്ഥാനത്തിന്റെയും സാമൂഹിക പരിഷ്കരണങ്ങളുടെയും ചരിത്രമാണ് ആശാന്‍ കാവ്യങ്ങളുടെ വരികളില്‍ ഇരമ്പുന്നതെന്ന് സാമാന്യമായി വിലയിരുത്തപ്പെടുന്നുണ്ട്. ഒരു നമ്പൂതിരിയുവതി പുലയയുവാവിനെ വരിച്ചു സാമൂഹിക പരിഷ്കരണം വരുത്തലായിരുന്നില്ല കവിയുടെ ലക്ഷ്യമെന്നും പ്രത്യുത, അതൊരു പ്രസ്ഥാനമായി വളര്‍ത്തുകയും അടിമ വര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന് അവസരം ഒരുക്കുകയായിരുന്നുവെന്നും സി.വി ശ്രീരാമന്‍ നിരീക്ഷിക്കുന്നുണ്ട് (ശ്രീരാമന്‍ 2000:119). എന്നാല്‍ സവര്‍ണ മേല്‍ക്കോയ്മയോട് കീഴ്പ്പെട്ടും കൂറുപുലര്‍ത്തിക്കൊണ്ടും രചനകളില്‍ ഏര്‍പ്പെട്ട ആശാന്‍ ദലിത് ജീവിതങ്ങളെയും ന്യൂനപക്ഷങ്ങളെയും ആവിഷ്കരിച്ചതും പ്രമേയമാക്കിയതും അയഥാര്‍ഥ്യമായും വിവേചനപരമായുമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ബ്രാഹ്മണികമായ വ്യവസ്ഥയോട് കലഹപ്പെട്ട് ഒട്ടേറെ ഉണര്‍വുകളെ സ്വയം നിര്‍മിച്ച കേരളത്തിലെ കീഴാള രാഷ്ട്രീയവും ദ്രാവിഡവാദമടക്കമുള്ള പ്രാദേശികതയും ആശാന്‍ വരികളില്‍ പ്രതിഷ്ഠാപനം ചെയ്യപ്പെടുന്നില്ല. 'സ്നേഹമാണഖിലസാരമൂഴിയില്‍' എന്ന് വിളംബരം ചെയ്ത അദ്ദേഹത്തിന്റെ പദ്യസാഹിത്യത്തിലൊരിടത്തും ദലിത്-കീഴാള ഉടലുകള്‍ക്ക് അത് അനുഭവേദ്യമാകുന്നില്ല. 'ദുരവസ്ഥ'യിലാകട്ടെ ഈഴവ സമൂഹത്തെ നായര്‍ ജാതിശ്രേണിയിലേക്ക് കൈപിടിച്ചുയര്‍ത്തി ഹിന്ദുക്കളെന്ന പൊതുസംജ്ഞയില്‍ ഉള്‍പ്പെടുത്തുന്ന അദ്ദേഹം ഈഴവേതര പിന്നാക്ക സമൂഹങ്ങളോടു പുലര്‍ത്തേണ്ടുന്ന പാരസ്പര്യങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നത്.13
അധീശവ്യവസ്ഥയെ ദൃഢീകരിച്ചുകൊണ്ടുതന്നെ വര്‍ണ-ജാതി-മതബോധം ഭരിച്ചുകൊണ്ടിരുന്ന, മൃഗതുല്യമായിത്തീര്‍ന്ന ദലിത് ബഹുജന സമുദായങ്ങളെ സംബോധന ചെയ്യാനും മനുഷ്യരാക്കാനുമുള്ള അധിനിവേശ ആധുനികതയുടെ ബ്രാഹ്മണികമായ വൈജ്ഞാനിക അടരുകളെ സ്വാംശീകരിച്ചുകൊണ്ടാണ് ആശാന്‍ കാവ്യശാഖയിലെ വഴിവെട്ടിയത്. എത്രയൊക്കെ സംവേദന വിഛേദവും വിഷയ വ്യതിരിക്തതയും പുലര്‍ത്തുന്നുണ്ടെങ്കിലും സാമ്പ്രദായിക ഭാഷയിലും കാവ്യപാരമ്പര്യത്തിലും എഴുതുന്ന ആശാന്റെ പദാവലിയിലും ബിംബാവലിയിലും ഭാരതീയവും ആര്‍ഷവുമായ സംവേദനീയതയും ഹൈന്ദവമായ ദാര്‍ശനികതയും ലാവണ്യബോധവും വൈദികമായ ആത്മീയതയും സമ്മേളിക്കുന്നതെങ്ങനെ എന്ന് ഗവേഷണം പുരോഗമിക്കുന്നുണ്ട് (അജയ്ശേഖര്‍ 2009:13). എഴുത്തറിവും പഠിച്ചറിവുമില്ലാത്ത കീഴാളരെ 'കുണ്ടാ'യി കാണുന്ന കൊളോണിയല്‍ കാഴ്ചയാണ് ആശാന്‍ കൃതിയിലുള്ളതെന്ന് പ്രദീപന്‍ പാമ്പിരിക്കുന്ന് വ്യക്തമാക്കുന്നു.14 മാത്രമല്ല, പി. പവിത്രന്‍ വാദിക്കുന്നത് ചാത്തനുമായുള്ള താരതമ്യത്തില്‍ സാവിത്രി ആകാശ കുസുമമാണെന്നാണ്(പവിത്രന്‍ 2002:100). ആശാന്‍ കീഴാളര്‍ക്ക് നല്‍കുന്ന ഉപദേശങ്ങളിലും സവര്‍ണതയുടെ ഇത്തരം ലാഞ്ഛനകള്‍ വെളിവാക്കപ്പെടുന്നുണ്ട്. "താണജാതിക്കാര്‍ സകല വിഷയങ്ങളിലും ഉയര്‍ന്ന ജാതിക്കാരെ അനുകരിച്ചു പ്രവര്‍ത്തിച്ച് ക്രമേണ ഉന്നതനിലയെ പ്രാപിക്കേണ്ടതാണെന്നു വരുന്നു'' (ആശാന്‍ 1982:119). ആശാന്റെ സാവിത്രി ചാത്തനെ തന്നോടൊപ്പം ഉയര്‍ത്താനുള്ള ശ്രമം കവിതയില്‍ നടത്തുന്നുണ്ട്. എന്നാല്‍ സാവിത്രി പ്രതിനിധാനം ചെയ്യുന്ന ഹിന്ദു സമൂഹത്തിന് ചാത്തന്‍ പ്രതിനിധാനം ചെയ്യുന്ന ഒരു സാമൂഹിക ക്രമത്തിലേക്ക് എന്തുകൊണ്ട് ഉയരാന്‍ സാധിക്കുന്നില്ല എന്ന ചോദ്യവും അത്രതന്നെ പ്രാധാന്യമുള്ളതാണ് (അനില്‍കുമാര്‍ 2004-49). ഇത്തരത്തില്‍ ആശാന്‍ കാവ്യങ്ങളുടെ സൂക്ഷ്മവായനയില്‍ ബ്രാഹ്മണ്യത്തിനനുകൂലമായ പ്രതിലോമ മിടിപ്പുകളാണ് ആശാനെ മഥിച്ചിരുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും.
കവിയുടെ ലക്ഷ്യം പുലയനും നമ്പൂതിരിയും തുല്യരീതിയില്‍ മനുഷ്യരാണെന്നും പുലയനെ ഹീനനാക്കി മാറ്റി നിര്‍ത്തുന്ന ആചാരം കുത്സിതമാണെന്നും കാവ്യം വഴി ഉദാഹരിക്കലാണെങ്കില്‍, ആ ലക്ഷ്യം ഫലവത്താവുക സാവിത്രി അന്തര്‍ജനവും ചാത്തനും ജാതീയ നിബന്ധനകളെ വെല്ലുവിളിച്ചു കൊണ്ട് വിവാഹബദ്ധരായിത്തീരുന്നതു വഴിയാണ്. എന്നാല്‍ ജാതിവ്യവസ്ഥ തനിക്കും തന്റെ സമുദായത്തിനും കല്‍പിച്ച പദവിയും മാനസിക നിലയും ഒരു പടികൂടി പിന്നിലേക്ക് നീങ്ങിനിന്ന് ഓഛാനിക്കുന്നവനാണ് ആശാന്റെ കഥാനായകനായ ചാത്തനെന്നും അതില്‍ എന്തെങ്കിലും പോരായ്മകളുണ്ടെന്നോ ഉല്‍സാഹിച്ചു പരിഹരിക്കേണ്ട എന്തെങ്കിലും പതിത്വം തനിക്കുണ്ടെന്നോ വിദൂരമായ ഒരു സ്വപ്നം പോലും അവനില്ലെന്നും പി.കെ ബാലകൃഷ്ണന്‍ വിലയിരുത്തുന്നുണ്ട്. ജാതിധര്‍മത്താല്‍ കരുപിടിക്കപ്പെട്ട ഈ പരിശുദ്ധനായ അധഃകൃത ഹിന്ദു, ലഹളയില്‍ പെട്ട ഒരു നമ്പൂതിരി യുവതി സ്വന്തം മാടത്തില്‍ അഭയം തേടിയപ്പോള്‍ അവളുടെ ആഭിജാത്യത്തെയും ജാതിശുദ്ധിയെയും മാനിച്ചു സ്വന്തം അമ്മയെയും പെങ്ങളെയും അവിടെനിന്ന് മാറ്റിത്താമസിപ്പിക്കുകയാണു ചെയ്യുന്നതെന്നും, സനാതന ശാസനത്തെ മാനിച്ചു ചാത്തന്‍ കൂടി മാറിയിരുന്നെങ്കില്‍ ആശാനിലെ കവി പ്രയാസത്തിലകപ്പെടുമായിരുന്നു എന്നതുകൊണ്ടാവാം അതിനദ്ദേഹം മുതിരാതിരുന്നത് എന്നും ആ പരിഹാസത്തെ അദ്ദേഹം നീട്ടിപിടിക്കുന്നുണ്ട് (ബാലകൃഷ്ണന്‍ 1979:114). മാത്രമല്ല, പുലയക്കുടിലില്‍ പുലയയുവാവിന്റെ കൂടെ അനേക ദിവസം താമസിച്ച ഭാഗ്യഹീനയായ സാവിത്രി അക്കാലത്തെ സവിശേഷതയനുസരിച്ച് ഹിന്ദുക്കള്‍ക്ക് ഭ്രഷ്ടയാണ്. അവള്‍ ചാത്തന്റെ വരണമാല്യം ചാര്‍ത്തി ശിഷ്ട ജീവിതം നയിക്കേണ്ടി വരുന്നത് കേരളീയ ജാതിഘടനയുടെ അലിഖിതവും അലംഘനീയവുമായ തുടര്‍ച്ച മാത്രമാണ്.15
സാഹിത്യ നിരൂപണ വ്യാഖ്യാനങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ഉപര്യുക്ത പാഠങ്ങള്‍ നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. അഥവാ വൈദികവും സവര്‍ണപരവുമായ സമകാലീന കാമനകളെ കൂടുതല്‍ അരക്കിട്ടുറപ്പിക്കുകയും അരിയിട്ടു വാഴിക്കുകയും ചെയ്തുകൊണ്ട് അത്തരം മാതൃകകളെ പകര്‍ത്തി വെക്കാനാണ് ആശാന്‍ ഉല്‍സുകനായത്. അതിനാല്‍ നവലോക ക്രമത്തിന്റെ വ്യാപനത്തിനനുസരിച്ച് അധികാരത്തെയും സംസ്കാരത്തെയും പുനര്‍നിര്‍വചിക്കാനും പുനര്‍വിന്യസിക്കാനും ഉദ്യമിച്ച ദേശീയ ബ്രാഹ്മണിസത്തിന്റെ വിഹ്വലതകളും കിനാവുകളും തന്നെയാണ് ദുരവസ്ഥയില്‍ ആവര്‍ത്തിക്കപ്പെട്ടത്. ആശാന്‍ മുന്നില്‍ കണ്ട ഈ ഹൈന്ദവ ഏകീകരണത്തിന്റെ ഭാഗമായിക്കൊണ്ടു തന്നെയാണ് മലബാര്‍ മാപ്പിളസമൂഹം അപര വിഭാഗവും മ്ളേഛന്മാരുമായി വാര്‍ത്തെടുക്കപ്പെടുന്നത്. ആശാന്‍ പ്രമേയമായി സ്വീകരിച്ച അഖണ്ഡ ഹിന്ദു ദേശീയ ഭാവനയും മലബാര്‍ മാപ്പിള സമുദായവും ഇടയുന്ന സന്ദര്‍ഭങ്ങളും ചരിത്രമുഹൂര്‍ത്തങ്ങളും വിശകലന വിധേയമാക്കുമ്പോള്‍ നാം എത്തിച്ചേരുക പതിനെട്ട്, പത്തൊമ്പതാം നൂറ്റാണ്ടുകളെ ഇളക്കി മറിച്ച മതംമാറ്റമെന്ന പ്രതിഭാസത്തിലാണ്.
(തുടരും)

അടിക്കുറിപ്പുകള്‍
9. അനന്തമായ വാഴ്ത്തുപാട്ടുകളും യാഥാര്‍ഥ്യത്തിനു നിരക്കാത്ത അവകാശവാദങ്ങളും ആശാന്‍ കൃതികള്‍ക്കുമേല്‍ ചൊരിയപ്പെട്ടതിനെക്കുറിച്ചും നവോത്ഥാനന്തര കാലഘട്ടത്തില്‍ കേരളത്തിലെ ഭരണവിഭാഗമായി മാറിയ മാര്‍ക്സിസ്റ് ചിന്താഗതിക്കാര്‍ തങ്ങളുടെ പിതൃസ്വരൂപമായി ആശാനെ ഉയര്‍ത്തിക്കാണിച്ചതിനെയും കെ.കെ കൊച്ച് പരിഹസിക്കുന്നുണ്ട് (കൊച്ച്: 2010:22).
10. "ധര്‍മം ക്ഷയിക്കുകയും അധര്‍മം വാഴ്ച നടത്തുകയും ചെയ്യുന്നിടത്ത് ധര്‍മ പുനഃസ്ഥാപനത്തിന് താന്‍ അവതരിക്കുന്നു'' വെന്നുള്ള ഗീതോപദേഷ്ടാവിന്റെ കുരുക്ഷേത്ര വിളംബരത്തിന്റെ സഫലീകരണമായാണ് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ ആശാന്‍ സ്വാഗതം ചെയ്തത് (ശങ്കരന്‍ 2000:78).
11. രാഷ്ട്രീയമായി തികച്ചും ബ്രിട്ടീഷ് പക്ഷപാതിയായിരുന്ന കുമാരനാശാന്‍ പത്രങ്ങളില്‍നിന്നുള്ള വിവരണങ്ങളെ ആസ്പദമാക്കി മുസ്ലിം വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തി എന്ന് ഇ.എം.എസ് വിശകലനം ചെയ്യുന്നുണ്ട് (ഇ.എം.എസ് 1990:99).
12. 1981 ല്‍ കൊടുങ്ങല്ലൂര്‍ ദേവി ബുക്സ്റാള്‍ ഇറക്കിയ 'ദുരവസ്ഥ'യുടെ പതിപ്പില്‍നിന്ന് എടുത്തു ചേര്‍ത്തതാണിത്.
13. "പ്രധാനപ്പെട്ട കീഴാള എഴുത്തുകാരായ പോത്തേരി കുഞ്ഞമ്പു, സഹോദരനയ്യപ്പന്‍, പണ്ഡിറ്റ് കറുപ്പന്‍ മുതലായവര്‍ അബ്രാഹ്മണികമായ സാംസ്കാരിക ഘടകങ്ങളെ വീണ്ടെടുത്തുകൊണ്ടാണ് ആധുനികതയെ അഭിമുഖീകരിച്ചത്. ഇതിനു നേര്‍ വിപരീത ദിശയില്‍, അവസ്ഥയെ ഹൈന്ദവീകരിച്ചും വേദോപനിഷദ് എഴുത്തറിവുകളുടെ പ്രാമാണികതക്കു കോട്ടം തട്ടാതെയുമാണ് കുമാരനാശാന്റെ കൃതികള്‍ ആധുനികതയെ വിവര്‍ത്തനം ചെയ്തതെന്ന് പറയാം'' (ബാബുരാജ് 2008:213).
14. "വീണപൂവ് വീണുപോകുന്ന ബ്രാഹ്മണാധികാര കേന്ദ്രിത ജാതിവ്യവസ്ഥ തന്നെ. ഏത് തുംഗ പദവിയില്‍ നിന്നാണോ ഈ പൂവ് വീണത് ആ സ്ഥാനത്തേക്ക് കീഴാള സമുദായം ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്നു. ഒരേസമയം ആശാനില്‍ പാരമ്പര്യമായി നിര്‍ലീനമായ ബ്രാഹ്മണ പദവിയെക്കുറിച്ചുള്ള ശ്രേഷ്ഠ ബോധവും അവിടേക്ക് ശ്രേണിയെ അതിലംഘിച്ച് ഉയര്‍ന്നു വരുന്ന കീഴാളതയുമായിരുന്നു പൂവ്. ശ്രേഷ്ഠമായ ബ്രാഹ്മണ പദവി ആശാനെ ആകര്‍ഷിച്ചിരുന്നു.
'ഞെട്ടറ്റു നീ മുകളില്‍നിന്നു
നിശാന്ത വായു തട്ടിപ്പതിച്ച്' എന്ന് ആശാന്‍ ഈ വീഴ്ചയെ ആവര്‍ത്തിക്കുന്നു. മുകളിലേക്കാണ് ആശാന്റെ ശ്രേഷ്ഠതയുടെ ഗ്രാഫ് വളരുക. പൂവ് ലോകതത്ത്വം പഠിക്കുന്നത് ഉയര്‍ന്നു നില്‍ക്കുന്ന നക്ഷത്രങ്ങളില്‍ നിന്നാണ്. ശ്രേഷ്ഠത നഷ്ടമാവുന്നതിനെ താഴേക്കു വീഴ്ചയായി ആശാന്‍ കാണുന്നു. ജാതി ശ്രേണിയുടെ പ്രതിനിധാനമാണ് ഈ ഉയര്‍ച്ച താഴ്ച ക്രമം.
'വിണ്ടലത്തെങ്ങോ വിളങ്ങിയ താരമേ
കുണ്ടില്‍ പതിച്ചു നീ കഷ്ടമോര്‍ത്താല്‍'
എന്ന് അത് ദുരവസ്ഥയായി ആശാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബ്രാഹ്മണന്‍ 'താരക'വും പുലയന്‍ 'കുണ്ടും' ആണെന്നര്‍ഥം. ഈ താരകം തന്നെ മറ്റൊരര്‍ഥത്തില്‍ പൂവ്'' (പ്രദീപന്‍ 2007:37).
15. ദുരവസ്ഥയില്‍ കവി അവതരിപ്പിച്ച സാമൂഹിക വിപ്ളവത്തിന്റെ ചരിത്രം അപഗ്രഥിച്ചാല്‍ പുലയനും പുലയിയും തമ്മില്‍ വിവാഹിതരാവുന്ന വെറും സാമാന്യ നടപടിയായി അതു ചുരുങ്ങുന്നുണ്ടെന്നും നമ്പൂതിരി ഇല്ലത്തു നിന്ന് ഒളിച്ചോടി ആത്മരക്ഷാര്‍ഥം ചാളയില്‍ വന്നുപറ്റി പുലയക്കുടിലിലെ ആതിഥേയത്വം സ്വീകരിച്ചു ചാത്തന്‍ മാത്രം അവശേഷിച്ച പുല്‍ക്കുടിലില്‍ ഭീകര രാത്രങ്ങള്‍ കഴിച്ചുകൂട്ടുന്ന സാവിത്രി അന്തര്‍ജനമല്ല, സ്മാര്‍ത്ത വിചാരം നടത്താതെ തന്നെ പുറംന്തള്ളപ്പെടുന്ന പുലയാട്ടു പെണ്ണായ 'സാധനം' മാത്രമാണെന്ന് സി.കെ കരീം നിരീക്ഷിക്കുന്നുണ്ട് (കരീം 1995:14).

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം