Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 24

ഐ.സി.സിയുടെ ഓര്‍മക്കൂട്ടം

ജമാല്‍ കടന്നപ്പള്ളി

പുറത്ത് മഴ കനത്ത ചിങ്ങാരംഭത്തില്‍, ശവ്വാലമ്പിളിയുടെ രണ്ടാം നാള്‍ അകത്ത് ഓര്‍മക്കമ്പികളില്‍ വിരലുകള്‍ ചേര്‍ത്ത് ആദര്‍ശ സാഹോദര്യങ്ങള്‍ ഒത്തുചേര്‍ന്നു....
ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി) അതിന്റെ പ്രവര്‍ത്തകരുടെ സ്മൃതിചരിത്രത്തിലെ ഉഷസ്താരയാണ്. ഓര്‍മയുടെ ചില്ലുജാലകങ്ങളില്‍ പ്രകാശം വീഴ്ത്തിയ മഹാ വിളക്കുമാടമാണ്. ജഡിക തൃഷ്ണകളില്‍ അഭിരമിച്ച പ്രവാസികള്‍ക്ക് ഐ.സി.സി അകക്കണ്ണ് നല്‍കി. തര്‍ബിയത്ത് ക്ലാസ്സുകളിലൂടെ ആത്മബലം പകര്‍ന്ന് മതിയാക്കാതെ, സകാത്തിന്റെ സംഘടിത ശേഖരണ-വിതരണത്തിലൂടെയും പലിശരഹിത പരസ്പര സഹായ നിധികളിലൂടെയും ഐ.സി.സി പരദേശികള്‍ക്ക് അടിമണ്ണ് നല്‍കി. ജീവിതം അര്‍ഥവത്തായ പോരാട്ടമാണെന്ന് ഐ.സി.സി പഠിപ്പിച്ചു. അതുകൊണ്ടുതന്നെ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ പ്രവര്‍ത്തകര്‍ക്കെല്ലാം നക്ഷത്രക്കണ്ണുള്ള ഒരുപിടി ഓര്‍മകള്‍ പങ്കുവെക്കാനുണ്ട്. ഇന്നലെയുടെ സുഗന്ധ വാഹികളായ നിരവധി ഓര്‍മപ്പൂക്കള്‍ ഓര്‍ത്തെടുക്കാനുണ്ട്. ആലുവ ഹിറാ കോംപ്ലക്‌സില്‍ നടന്ന ഐ.സി.സി അബൂദബി ശാഖയുടെ 'ഓര്‍മക്കൂട്ടം' അതിനുള്ള വേദിയായി.
ഇനി ഒരിക്കലും കാണുകയില്ലെന്ന് നിനച്ച പലരും പരസ്പരം കണ്ടുമുട്ടിയത് അവിശ്വസനീയമായി തോന്നി. ഹൃദയം ഹൃദയത്തില്‍ തൊട്ടു. കരങ്ങള്‍ കരങ്ങളിലുടക്കി. ശരീരങ്ങള്‍ ആശ്ലേഷങ്ങളിലമര്‍ന്നു. പെരുന്നാള്‍ പിറ്റേന്നായതിനാല്‍ (1.9.2011) ആ പുനഃസമാഗമങ്ങള്‍ക്ക് അത്തറിന്റെ സുഗന്ധവും മൈലാഞ്ചിയുടെ വര്‍ണവുമുണ്ടായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറോളം പേരാണ് ആദര്‍ശ ബന്ധത്തിന്റെ കിനാവും കണ്ണീരും ഇതള്‍ വിരിഞ്ഞ അനര്‍ഘനിമിഷങ്ങള്‍ പങ്കുവെക്കാന്‍ ആലുവയിലെത്തിച്ചേര്‍ന്നത്. ഐ.സി.സി അബൂദബിയുടെ പ്രവര്‍ത്തക സമിതിയിലാണ് ഇങ്ങനെ ഒരാശയം പൊന്തിവന്നത്. തുടര്‍ന്ന് നാട്ടില്‍ അതിനൊരു വേദിയുണ്ടാക്കി. അലവി, റശീദ് സാഹിബ്, ഐ. മുഹമ്മദലി, ടി.കെ റഫീഖ് തുടങ്ങിയവരുള്‍പ്പെടുന്ന സംഘാടക സമിതി വ്യവസ്ഥാപിതമായി പണിയെടുത്തപ്പോള്‍ ഉദ്ദേശ്യം ലക്ഷ്യം കാണുകതന്നെ ചെയ്തു.
ശംസുദ്ദീന്റെ ഖിറാഅത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് ഐ.സി.സി പ്രസിഡന്റ് വി.എം. ശരീഫ് ആമുഖം നിര്‍വഹിച്ചു. ''കേരളീയ ഇസ്‌ലാമിക നവജാഗരണത്തില്‍ പ്രവാസി സംഘങ്ങള്‍ക്കുള്ള പങ്ക് അനിഷേധ്യമാണ്. അതില്‍ യു.ഇ.എ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന് അദ്വിതീയ സ്ഥാനമുണ്ട്. ഐ.സി.സിയുടെ അബൂദബി ശാഖയാവട്ടെ മുമ്പുതന്നെ മാതൃകാ യോഗ്യങ്ങളായ ചുവടുവെപ്പുകള്‍ നടത്താറുണ്ട്''- അദ്ദേഹം പറഞ്ഞു.
യു.എ.ഇ ഐ.സി.സിയുടെ സ്ഥാപക മെമ്പര്‍മാരില്‍ പ്രമുഖനായ വി.എ യൂനുസ് മൗലവിയാണ് ഓര്‍മക്കൂട്ടം ഉദ്ഘാടനം ചെയ്തത്. പഴയ 'ദര്‍വീശ് മസ്ജിദി'ല്‍ വര്‍ഷങ്ങളോളം ഒത്തുകൂടിയ ജനസാഗരത്തിന്റെ ഹൃദയ തന്ത്രികളില്‍ ധാര്‍മിക വിപ്ലവം സൃഷ്ടിച്ച മൗലവി സാഹിബ് തന്റെ പഴയ ഗാംഭീര്യവും സ്ഫുടതയും വീണ്ടെടുത്ത് സംസാരിച്ചത് സദസ്സിന് കൗതുകം പകര്‍ന്നു. ''മലയാളികളുടെ ഗള്‍ഫ് കുടിയേറ്റക്കാലത്തുതന്നെ പ്രസ്ഥാന ബോധവും കൂട്ടിനുണ്ടായിരുന്നു. സ്വാഭാവികമായും അതൊരു ന്യൂനപക്ഷമായിരുന്നു. അബൂദബിയെ സംബന്ധിച്ചേടത്തോളം ചെറുതെങ്കിലും അവര്‍ സജീവത പുലര്‍ത്തി. അങ്ങനെയാണ് മുരുക്കുംപുഴയിലെ പരേതനായ അബ്ദുര്‍റഹ്മാന്‍ (മാമ) സാഹിബിന്റെ മുറിയില്‍ ഐ.സി.സി മലയാളി വിംഗ് എന്ന ആശയത്തിന്റെ ആദ്യ വിത്ത് വീണത്. തുടര്‍ന്ന് പ്രസ്ഥാനത്തെ വ്യവസ്ഥാപിതമാക്കാനും ജനകീയമാക്കാനും ഏറെ പണിയെടുത്തിട്ടുണ്ട്. അതില്‍ ഏറ്റവും സ്മരിക്കേണ്ടത് ടി.കെ ഇബ്‌റാഹീം സാഹിബിന്റെ (ടൊറണ്ടോ) പേരാണ്. അക്കാലത്ത് കാനഡയിലേക്കുള്ള യാത്രാ മധ്യേ ഇബ്‌റാഹീം സാഹിബ് അബൂദബിയില്‍ തങ്ങുമായിരുന്നു. അദ്ദേഹം മുന്‍കൈയെടുത്താണ് ഔഖാഫ് മന്ത്രാലയത്തില്‍ നിന്ന് നമുക്ക് പള്ളിയില്‍ ക്ലാസ് നടത്താനും മറ്റുമുള്ള അനുമതി പത്രം വാങ്ങിത്തന്നത്''- മൗലവി പറഞ്ഞു.
തുടര്‍ന്ന് മുന്‍ പ്രസിഡന്റുമാര്‍ക്കുള്ള അവസരമായിരുന്നു. പഴയകാല സംഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ട് എ. അബ്ദുസ്സലാം മൗലവി ഇസ്‌ലാമിക പ്രവര്‍ത്തനമെന്നത് അല്ലാഹു നമുക്ക് കനിഞ്ഞേകിയ അനുഗ്രഹമാണെന്ന വസ്തുത ഊന്നിപ്പറഞ്ഞു. പഴയകാല സാരഥികളായ മജീദ് സാഹിബ് (പോര്‍ട്ട്), എ. മുഹമ്മദ് കുഞ്ഞി, ടി. അബ്ദുര്‍റഹ്മാന്‍, സി. മുഹമ്മദലി, എം.കെ അബ്ദുല്ല എന്നിവര്‍ വേദി പങ്കിട്ടു. ഐ.വൈ.എ അബൂദബിയുടെ മുന്‍ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ വടക്കാങ്ങര, ഐ.സി.സി വനിതാ വിഭാഗം പ്രസിഡന്റായിരുന്ന ഫാത്വിമാ അഹ്മദ് എന്നിവരും സംസാരിച്ചു.
പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അല്ലാഹു തിരിച്ചുവിളിച്ച ഏതാനും ചിലരുടെ ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍ ഓര്‍മയില്‍നിന്ന് തപ്പിയെടുത്തു സദസ്സിന് സമ്മാനിച്ചത് ഐ. മുഹമ്മദലിയായിരുന്നു. അലിക്കുട്ടി പൂവത്താണി, അബ്ദുര്‍റഹ്മാന്‍ (മാമ), അമീറലി, അബ്ദുര്‍റഹ്മാന്‍ മൗലവി കടവനാട്, പി.സി അലിക്കുട്ടി, കെ.എം ഇബ്‌റാഹീം മൗലവി, എ. അബ്ദുര്‍റഹ്മാന്‍, അബ്ദുല്ല ഹാജി വാടാനപ്പള്ളി, അമീര്‍ വേങ്ങര, ബാവക്ക തിരൂര്‍, ബീരാന്‍ സാഹിബ് കന്‍മനം, പി.പി അശറഫ്, സൈദു മാഷ്, സുഹ്‌റ യൂനുസ്....
തുടര്‍ന്ന് 'ഓര്‍മച്ചിത്രം' എന്ന സി.ഡി പ്രദര്‍ശനം അരങ്ങേറി. വിസ്മൃതിയിലാണ്ട പഴയകാല ഐ.സി.സി ചിത്രങ്ങള്‍ പെറുക്കിയെടുത്ത് മനോഹരമായി കോര്‍ത്തിണക്കി ഓര്‍മച്ചിത്രം അണിയിച്ചൊരുക്കിയത് അഹ്മദ് ഫദല്‍ ആയിരുന്നു.
ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് ഇബ്‌റാഹീം കുട്ടി ആശംസകള്‍ നേര്‍ന്നു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എം.ബി ഫൈസല്‍ സമാപനവും പ്രാര്‍ഥനയും നിര്‍വഹിച്ചു. ഓര്‍മക്കൂട്ടത്തിന് സമാന്തരമായി നടന്ന മലര്‍വാടി സംഗമം ഏറെ ഹൃദ്യവും വൈജ്ഞാനികവുമായിരുന്നു. അന്‍സാര്‍ നെടുമ്പാശ്ശേരി നേതൃത്വം നല്‍കി.
വൈകീട്ട് ഏഴുമണിയോടെ ഓര്‍മച്ചെപ്പില്‍ മധുരവും നൊമ്പരവും ബാക്കിവെച്ച ഓര്‍മക്കൂട്ടത്തിന്റെ തിരശ്ശീല താണു. ഐ.സി.സിയുടെ എംബ്ലം കൊത്തിയ ക്ലോക്കുകളും പേനകളും വിതരണം ചെയ്തു. പ്രവര്‍ത്തകര്‍ പിരിയുമ്പോള്‍ കരങ്ങള്‍ മാത്രമാണ്, ഹൃദയങ്ങള്‍ വേര്‍പെടുന്നില്ലെന്ന് ഓരോ മുഖവും പറയുന്ന പോലെ.....

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം