Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 24

വിക്കിലീക്ക്‌സ് വെളിപ്പെടുത്തുന്നതും വെളിപ്പെടുത്താത്തതും

റശീദുദ്ദീന്‍

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വിചാരണക്കായി വിട്ടുകിട്ടാന്‍ കേന്ദ്രസര്‍ക്കാറിന് ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ലെന്ന വിക്കിലീക്ക് കുറിയോലകള്‍ വായിച്ചു വിഷണ്ണരായിരിക്കുകയാണല്ലോ പൊതുജനം. തൊട്ടു പിന്നാലെയാണ് 'സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിഷ്‌ക്രിയത'ക്ക് അടിവരയിട്ട് ദല്‍ഹി സ്‌ഫോടനം അരങ്ങേറിയത്. ഈ മാതിരി സന്ദര്‍ഭങ്ങളില്‍ കാറ്റിനൊപ്പം തൂറ്റാനുള്ള അസാമാന്യമായ മിടുക്കോ തൊലിക്കട്ടിയോ ഉള്ള എല്‍.കെ അദ്വാനി പുതിയൊരു യാത്രയുമായി നാടുതീണ്ടാനിറങ്ങിയിരിക്കുന്നു. പ്രതിപക്ഷ നേതാവിനെ 'വോട്ടിന് നോട്ട്'’കേസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച കോണ്‍ഗ്രസിന്റെ കന്നംതിരിവില്ലായ്മയെ ദല്‍ഹി സ്‌ഫോടനത്തിന്റെ ദുര്‍ഗന്ധവുമായി പല നിലക്കും കൂട്ടിവായിക്കാന്‍ കഴിയുമായിരുന്നു. എതിരാളികളെ പ്രകോപിപ്പിക്കാനല്ലാതെ പ്രതികരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നേയില്ല. ഇന്ത്യന്‍ ഭീകരാക്രമണങ്ങളുടെ ചരിത്രത്തിന് അഭേദ്യമായ അടുപ്പമുള്ള ഉരുക്കു മനുഷ്യനോടായിരുന്നു കോണ്‍ഗ്രസിലെ അലൂമിനിയം പട്ടേലുമാരുടെ കള്ളനും പോലീസും കളി. അദ്വാനിയെ ചിത്രത്തിലേക്ക് കൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ പോലും ഒരുപക്ഷേ കര്‍ണാടകയിലും ദല്‍ഹിയിലുമൊക്കെയായി ബി.ജെ.പി പ്രതിരോധത്തിലാകുമായിരുന്നു. ഇപ്പോള്‍ അതേ അദ്വാനി തന്നെ പുതിയ ദിശയിലേക്ക് ചര്‍ച്ചകളെ തിരിച്ചുവിട്ടു. 'കോഴയിടപാടില്‍ ഞാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട്, ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യ്'എന്ന് ലോക്‌സഭയില്‍ വെല്ലുവിളി മുഴക്കി അദ്ദേഹം തെരുവിലിറങ്ങുന്നതാണ് ഒടുവിലത്തെ കാഴ്ച. 
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്യാമ്പിന്റെ പ്രതീക്ഷകള്‍ സ്വാഭാവികമായും വാനോളം ഉയര്‍ന്നു കഴിഞ്ഞു. പ്രത്യേകിച്ചും അമേരിക്കന്‍-ബി.ജെ.പി ചേരിക്ക് അനുകൂലവും കോണ്‍ഗ്രസ് വിരുദ്ധവുമാണ് ദേശീയ മാധ്യമങ്ങളുടെ നിലപാടുകള്‍. ഹെഡ്‌ലി വിഷയം തന്നെയെടുക്കുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കാണിച്ച നപുംസകത്വത്തെ തലോടുക മാത്രമാണ് മാധ്യമങ്ങള്‍ ചെയ്തത്. ബി.ജെ.പിയുടെ രണ്ട് മുന്‍ എം.പിമാര്‍ ഇതിനകം തീഹാറിലെ തസ്‌കരവീരന്മാരുടെ കൂട്ടത്തില്‍ ഹാജരൊപ്പിടാന്‍ തുടങ്ങിയിട്ടും ധാര്‍മികതയെ കുറിച്ച അവകാശവാദം അദ്വാനിയുടേതായതു കൊണ്ട് ഒരുത്തനും ഉരിയാട്ടമില്ല. മറുഭാഗത്ത് ദിഗ്‌വിജയ് സിംഗ് വല്ലതുമൊക്കെ വിളിച്ചു പറയുമ്പോള്‍ അത് ന്യൂനപക്ഷ വോട്ടുബാങ്കിന്റെ 'സേഫ്റ്റിവാല്‍വ്' തിയറിയായി മാറുന്നു. ഇന്ദ്രേഷ് കുമാര്‍ എന്ന ആര്‍.എസ്.എസ് നേതാവിനെതിരെ ഇനി കോടതി മാത്രം വിധിപറയേണ്ടുന്ന തെളിവുകള്‍ പോലീസിന്റെ കൈയിലുണ്ടെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടാകാന്‍ പോകുന്നു. അങ്ങോരെ നിയമവാഴ്ചയുടെ കീഴെ കൊണ്ടുവരാന്‍ ഈ കേന്ദ്രസര്‍ക്കാറിന് ബറാക് ഒബാമയുടെ കാലു പിടിക്കേണ്ട കാര്യമില്ലല്ലോ. എന്നിട്ടും ചിദംബരം ഇരുട്ടില്‍ തപ്പുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം തന്നെ താടിക്കാരുടെ ചിത്രം വരപ്പിച്ച് പ്രസിദ്ധീകരണത്തിന് നല്‍കിയാല്‍ ശമിക്കുന്ന ചൊരുക്കേ പൊതുജനത്തിനുമുള്ളൂ. ഭീകരത എന്നു കേട്ടാല്‍ താടിക്കാരന്‍! അഴിമതി വിരോധം എന്നു കേട്ടാല്‍ ഗാന്ധി തൊപ്പി! അതും പോരെങ്കില്‍ അണ്ണാ മോഡല്‍ തെരുവ് സര്‍ക്കസ്. ഒരുപടി കൂടി പോയാല്‍ അദ്വാനിയുടെ രഥയാത്ര.
സാമാന്യബുദ്ധിയുടെ മേലുള്ള തനി അഴിഞ്ഞാട്ടമാണ് ഇന്ത്യയില്‍ അരങ്ങേറുന്നത്. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ രക്ഷിക്കാനുള്ള കളി ട്വിറ്ററില്‍ നിന്ന് തെരുവിലേക്കിറക്കിയ കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നീക്കങ്ങള്‍ സജീവമാകുന്നതിനിടെ 'സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം' ഏറ്റെടുത്തും 'ഗുരുവിനെ തൂക്കിലേറ്റരുതെന്ന്'’ആവശ്യപ്പെട്ടും ഹര്‍ക്കത്തുല്‍ ജിഹാദില്‍ ഇസ്‌ലാമി കശ്മീരില്‍ നിന്നു തന്നെ ഇമെയില്‍ അയച്ചതായാണ് പോലീസ് പറയുന്നത്. ഇത് വിശ്വസിക്കുന്നവന്റെ തലച്ചോറിന് കുടലിറക്കം ബാധിച്ചിട്ടുണ്ടാവണം. പോലീസിന്റെ സിദ്ധാന്തമനുസരിച്ച് ഗുരുവിന്റെ മിത്രമാണോ അതോ ശത്രുവാണോ ഈ ഹര്‍ക്കത്തുല്‍ ജിഹാദില്‍ ഇസ്‌ലാമി? തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ സ്‌ഫോടനം നടത്തിയാല്‍ ഗുരുവിനെ എത്രയും വേഗത്തില്‍ തൂക്കിക്കൊല്ലണമെന്ന മുറവിളി ശക്തിപ്പെടുകയല്ലാതെ ഇന്ത്യയിലെ ജനങ്ങളും അവരുടെ ഭരണകൂടവും പേടിച്ച് കീഴടങ്ങുകയാണോ അനന്തരഫലം? കശ്മീരിലെ പതിവുകാരായ ലശ്കറും ജയ്ശും ഹിസ്ബുല്‍ മുജാഹിദീനും ഇനി നാണംകെട്ട് ഓടിയൊളിക്കട്ടെ! 'ഗുരുവിനെ രക്ഷിക്കാന്‍' കടലും മലയും ജവാഹര്‍ ടണലും കടന്ന് ബംഗ്ലാദേശില്‍ നിന്ന് 'ഹുജി' ശ്രീനഗറിലെത്തിപ്പെട്ടിരിക്കുന്നു! കശ്മീരിന്റെ കൂട്ടക്കുഴിമാടങ്ങളെ കുറിച്ച് പോയ മാസക്കാലം ഒരക്ഷരം എഴുതാന്‍ താല്‍പര്യമില്ലായിരുന്ന മാധ്യമങ്ങളില്‍ പോലും 'ഹുജിയുടെ പുതിയ താവളങ്ങള്‍ കശ്മീരിലോ?' എന്ന വിഷയത്തില്‍ കിടിലന്‍ ഉപന്യാസങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കശ്മീരിനെ കുറിച്ച് ഒന്നും ചോദിക്കരുത്. അത് നരഭോജികളുടെ കാനാന്‍ ദേശമാണ്. അവിടെ ആര്‍ക്കും എങ്ങനെയുമാവാം. അനന്ത്‌നാഗിന്റെ രാഷ്ട്രീയത്തെ കുറിച്ചു പോലും അറിവില്ലാത്ത ഒരു 17 വയസുകാരന്‍ ഹുജിയുടെ മുഖ്യതലച്ചോര്‍ ആവുന്നതിനെ കുറിച്ച് നാം തര്‍ക്കുത്തരം പറയരുത്. പക്ഷേ, പുണ്യവാളന്മാരുടെ പറുദീസയായ ഗുജറാത്തില്‍ നിന്ന് ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ ഇമെയില്‍ അയച്ചത് മോനു ശര്‍മയുടെ ലാപ്‌ടോപില്‍ നിന്നാകയാല്‍ അയാള്‍ വിഷാദരോഗിയാവാനേ തരമുള്ളൂ! 
നിയമവാഴ്ചയുടെ യുക്തിഭദ്രത ഇവ്വിധം പരിഹാസമാകുന്നതു കൊണ്ടാണ് പലതരം പ്രതീകങ്ങളെ ഇന്ത്യയിലെ ജനം തലയിലേറ്റുന്നത്. അണ്ണയും രാംദേവും തൊട്ട് വിക്കിവരെയുള്ളവര്‍ പറയുന്നു എന്നതാണ് സത്യത്തെ തിരിച്ചറിയാനുള്ള കുറുക്കുവഴി. യാഥാര്‍ഥ്യത്തെ സ്വയം വിവേചിച്ചറിയാന്‍ ഒരു മാധ്യമവും പൊതുസമൂഹത്തെ പരിശീലിപ്പിക്കുന്നില്ല. അതുകൊണ്ടാണ് നാരായണന്‍ പറഞ്ഞുവെന്നും പിണറായി പറഞ്ഞുവെന്നും എം.കെ മുനീര്‍ പറഞ്ഞുവെന്നും മറ്റും മറ്റുമായി നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഈ ചപ്പടാച്ചികളെല്ലാം പറയപ്പെടുന്ന നേതാക്കളുടെ ജീവിതത്തില്‍ ഏത് വിഡ്ഢിക്കും വായിച്ചെടുക്കാനാവും വിധം എഴുതി വെച്ച സത്യങ്ങളായിരുന്നിട്ടും വിക്കിലീക്ക്‌സ് അതു വെളിപ്പെടുത്തിയപ്പോള്‍ മാത്രം നമുക്കു ഞെട്ടലുണ്ടായത്. ഇന്ത്യന്‍ മാധ്യമ ലോകത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും വിശ്വാസ്യത അന്താരാഷ്ട്രതലത്തില്‍ തകര്‍ക്കുക മാത്രം ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് ഇപ്പോള്‍ പുറത്തു വരുന്ന വൃത്താന്തങ്ങള്‍ എന്ന് എത്ര പേര്‍ തിരിച്ചറിയുന്നുണ്ട്? പ്രത്യേകിച്ചും മുസ്‌ലിംകളെ ലക്ഷ്യമിട്ടും അവരുടെ നേതാക്കന്മാരെ തുറന്നുകാട്ടിയുമുള്ള ഈ വെളിപ്പെടുത്തലുകള്‍ക്ക് കൃത്യമായ അജണ്ടയും രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. അവ നശിപ്പിക്കുന്നത് സാമ്രാജ്യത്വത്തിനെതിരെയുള്ള പൊതു അവബോധത്തെയാണെന്നത് ശ്രദ്ധിക്കുക. ഇവ അമേരിക്കന്‍ ഭരണകൂട രഹസ്യരേഖകള്‍ തന്നെയെന്നതില്‍ തര്‍ക്കമില്ല. പക്ഷേ പുറത്തുവിടുന്നത് വിക്കിലീക്ക്‌സ് തന്നെയാണോ? ജൂലിയന്‍ അസാന്‍ജ് വീട്ടുതടങ്കലിലായതിനു ശേഷം ആര് ആരുടെ  കമ്പ്യൂട്ടറാണ് ഹാക്കു ചെയ്യുന്നതെന്ന് സംശയിക്കേണ്ടി വരുന്ന കോലത്തിലാണ് ഇപ്പോഴത്തെ ലീക്കുകള്‍. അവ പലപ്പോഴും രാഷ്ട്രീയലക്ഷ്യങ്ങളുള്ളവയായി മാറുകയാണ്.
ഈ മേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ എണ്ണം പെരുകിയ ഭീകരാക്രമണങ്ങളില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും അംബാസഡര്‍മാരും സ്ഥാനപതികളും മറ്റുള്ളവര്‍ക്കെതിരെ എത്ര ദുഷിപ്പുകള്‍ എഴുതിയയച്ചു എന്നതിനു പകരം സ്വയം എന്തു പങ്കു വഹിച്ചുവെന്ന് സൂചന നല്‍കുന്ന ഒരു കമ്പിയില്ലാകമ്പിയും ഇക്കൂട്ടത്തില്‍ എവിടെയും കാണാനാവില്ല. ഹെഡ്‌ലി ഒരു പ്രതീകം മാത്രമായിരുന്നല്ലോ. ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന് അയാളെ വേണ്ടാതാവുന്നതു പോലെ തങ്ങളുടെ ഏജന്റിനെ എന്തുവില കൊടുത്തും രക്ഷപ്പെടുത്തുമെന്ന പിടിവാശി അമേരിക്കക്കുമുണ്ട്. എന്തുകൊണ്ട് ഈ ഇരട്ടത്താപ്പ് വിക്കിലീക്ക്‌സിന്റെ കണ്ണില്‍ പെടുന്നില്ല? അഫ്ഗാന്‍, ഇറാഖ് യുദ്ധഭൂമികളെ കുറിച്ചുള്ള അസാന്‍ജിന്റെ ആദ്യ കാലത്തെ ഒന്നോ രണ്ടോ റിപ്പോര്‍ട്ടുകള്‍ പോലും മൂന്നാം ലോകത്ത് അമേരിക്കയുടെ മാനസികാടിമത്തവും രാഷ്ട്രീയ താല്‍പര്യങ്ങളും അടിച്ചേല്‍പ്പിക്കുന്ന വിവരങ്ങളല്ലേ? കുറേക്കൂടി വിമര്‍ശനാത്മകമായി വിലയിരുത്തിയാല്‍ ലോകത്തെ കൂടുതല്‍ നിസ്സഹായരാക്കുക മാത്രമാണ് ഇറാഖിനെ കുറിച്ച ലീക്കുകള്‍ ചെയ്തത്. അല്ലാതെ ഒരു കോളിളക്കവും അതിന്റെ പേരില്‍ ഉണ്ടായിട്ടില്ല. അമേരിക്കയുടെ ഇരട്ടച്ചാരന്‍മാര്‍ മുംബൈയില്‍ അഴിഞ്ഞാടിയതിനെ കുറിച്ച് ഇവിടത്തെ സാധാരണ ജേര്‍ണലിസ്റ്റുകള്‍ക്ക് ലഭിച്ച വിവരങ്ങള്‍ പോലും ഈ വിക്കിലീക്കുകാരന്‍ പുറത്തുവിട്ടവയുടെ കൂട്ടത്തില്‍ കാണാനാവില്ല.
മുംബൈ സ്‌ഫോടനത്തെ കുറിച്ച് നാരായണന്‍ പറഞ്ഞതില്‍ അതിശയോക്തിപരമായി ഒരക്ഷരം പോലുമില്ലെന്നതാണ് വസ്തുത. ആ വെളിപ്പെടുത്തലുകള്‍ ഒരുകാര്യം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ഹെഡ്‌ലിയെ വിട്ടുകിട്ടുന്നതിന് രണ്ടുതവണ അമേരിക്കയില്‍ പോയ ഇന്ത്യയിലെ കുറ്റാന്വേഷണ വീരന്മാര്‍ യു.പി.എ സര്‍ക്കാറിനുവേണ്ടി നാടകം കളിച്ച് മടങ്ങുകയായിരുന്നു. ഹെഡ്‌ലിയുടെ ഗേള്‍ഫ്രണ്ടിന് 'ഹാപ്പി ബര്‍ത്ത് ഡേ' അയക്കേണ്ട തീയതി കുറിച്ചെടുത്താവണം ഏറിയാല്‍ ഈ സിംഹങ്ങള്‍ മടങ്ങിയിട്ടുണ്ടാവുക. ഇന്ത്യക്ക് ആവശ്യമുള്ള കുറ്റവാളിയുടെ കാര്യത്തില്‍ അമേരിക്ക കാണിച്ച 'അന്താരാഷ്ട്ര നീതി' ഇങ്ങനെയാണെങ്കിലും അവര്‍ക്കാവശ്യമുള്ളവരുടെ കാര്യത്തിലെ നടപടിക്രമം വേറെയായിരുന്നു. അനിത ഉദ്ദയ്യ എന്നൊരു സാക്ഷിയെ ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. കസബും കൂട്ടരും ബോട്ടില്‍ വന്നിറങ്ങിയത് എങ്ങനെയെന്ന് ഒരാഴ്ച മെനക്കെട്ട്  പോലീസ് സാക്ഷി പറഞ്ഞു പഠിപ്പിച്ച അനിതയെ പെട്ടെന്നൊരു ദിവസം മുംബൈയില്‍ കാണാതായി. രണ്ടു ദിവസം കഴിഞ്ഞ് ആള്‍ മടങ്ങിയെത്തുകയും ചെയ്തു. കേസിന്റെ പോക്ക് ഏതുവഴിയിലൂടെയാണെന്നറിയാന്‍ എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ അമേരിക്കയിലേക്ക് ‘വിമാനമയച്ച്’ വിളിപ്പിച്ചതായിരുന്നുവത്രെ! അനിതയെ തട്ടിക്കൊണ്ടുപോയത് മര്യാദകേടായി എന്ന് മിനിമം ഭാഷയില്‍ പരാതി പറയാന്‍ പോലും നമ്മുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് നാവു വളഞ്ഞതായി ഈ ലീക്കുകളില്ല.
ആ നാരായണനും കൂട്ടരും അന്താരാഷ്ട്ര ഭീകര വിരുദ്ധ യുദ്ധത്തിന്റെ കാപട്യത്തെ കൊമ്പിന് പിടിച്ച് എതിരിടുമെന്ന് വിശ്വസിക്കുന്നതില്‍ ഒരര്‍ഥവുമില്ല. ഭീകരതയുടെ വിചാരിപ്പു മുറിയില്‍ തൊപ്പിയും താടിയുമുള്ള ഗിനിപ്പന്നികളെ ആയിരക്കണക്കിന്  കിട്ടാനുള്ള ഈ രാജ്യത്ത് എന്തിന് തൊലിവെളുത്ത സായിപ്പിനെ പൊളിച്ചടുക്കണം? സ്വന്തം നാട്ടിലെ ഭീകരന്മാരെ പോലും ആവശ്യമില്ലാത്ത സര്‍ക്കാറാണിത്. ബോംബ് സ്‌ഫോടനങ്ങളിലെ യഥാര്‍ഥ പ്രതികള്‍ സ്വയം കുടുങ്ങിയെങ്കിലല്ലാതെ ഇന്ത്യയില്‍ അവരെയാരും അന്വേഷിച്ചു ചെല്ലാറില്ല. കേണല്‍ പുരോഹിത് മുതല്‍ സ്വാധ്വി പ്രഗ്യാ സിംഗ് താക്കൂര്‍ വരെയുള്ളവരുടെ ചരിത്രം അതാണ്. സിം കാര്‍ഡുകളും മോട്ടോര്‍ ബൈക്കുകളുമൊക്കെ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് തുടങ്ങി ആളെ കൊല്ലാനിറങ്ങുന്നതിന്റെ ഗൂഢാലോചന ലാപ്‌ടോപില്‍ പകര്‍ത്തുവോളം അഹന്ത മൂത്തപ്പോഴാണ് അസിമാനന്ദയും ദയാനന്ദ് പാണ്ടെയും മറ്റും പിടിയിലായത്. പക്ഷേ പിടികിട്ടാപ്പുള്ളികളായി നടക്കുന്ന ഒന്നര ഡസന്‍ ആര്‍.എസ്.എസ് നേതാക്കളുടെ കാര്യമോ? അവരൊക്കെ മധ്യപ്രദേശിലും ഗുജറാത്തിലുമല്ലേ ഒളിവില്‍ കഴിയുന്നത്, ഗ്വാണ്ടനാമോയിലല്ലല്ലോ? ക്രിമിനല്‍ കേസുകളുടെ കാര്യമെത്തുമ്പോള്‍ ഇന്ദ്രേഷ് കുമാറിനെയും രാംജി കല്‍സാംഗ്രെയെയും ലോകേഷ് ശര്‍മയെയും സന്ദീപ് ദാംഗെയെയും ഒരുവേള പ്രവീണ്‍ തൊഗഡിയയെയും നരേന്ദ്ര മോഡിയെ കുറിച്ചു പോലും ഇവിടത്തെ പോലീസിന് കേട്ടറിവുണ്ടാകില്ല. അല്ലെങ്കിലും ഈ കേസില്‍ ഹെഡ്‌ലിക്ക് എന്തു പങ്കാണ് ഉള്ളതെന്ന് ഇന്ത്യാ മഹാരാജ്യം പുറത്തു പറഞ്ഞിട്ടുണ്ടോ? ഏതു കോടതിയിലാണ് ഹെഡ്‌ലിക്കെതിരെ ഇന്ത്യ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കുന്നത്? നമ്മുടെ നിയമത്തിന് അല്ലെങ്കിലും ഹെഡ്‌ലിയെ ആവശ്യമില്ലല്ലോ! ഒരു താടിക്കാരനെ കിട്ടിയാല്‍ പോലും ഉന്മാദം മുറ്റുന്ന ഈ രാജ്യത്ത് പാകിസ്താന്‍കാരനെ കിട്ടിയതിലപ്പുറം എന്ത് കേസന്വേഷണം?
ബോംബു വെച്ചവന്‍ ഹൈക്കോടതി ഗേറ്റില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ട ജനക്കൂട്ടം ആര്‍ത്തുവിളിച്ചിട്ടും ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ദല്‍ഹി പോലീസിന്റെ ജിപ്‌സി ജീപ്പില്‍ ഏതാനും നിയമപാലകര്‍ തലയും കുമ്പിട്ട് ഇരിക്കുന്നുണ്ടായിരുന്നുവെങ്കില്‍ ഹൈക്കോടതി സ്‌ഫോടനത്തിലും ചീഞ്ഞുമണക്കുന്നത് ഇതൊക്കെ തന്നെയാണ്. പിടിക്കപ്പെടാന്‍ പാടില്ലാത്ത വല്ലവരുമായിരുന്നോ ആ ഓടിപ്പോയത്? മഹീന്ദര്‍, പവന്‍ ശര്‍മ എന്നീ രണ്ടു ദൃക്‌സാക്ഷികളാണ് ഈ കുറ്റവാളികളെ നേരിട്ടു കണ്ടവര്‍. ബോംബുമായിട്ടെത്തിയ രണ്ടംഗ സംഘത്തിലൊരുവന് പരിക്കേറ്റിരിക്കാന്‍ ഇടയുണ്ടെന്നും മഹീന്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഏയ് അത് ശരിയല്ല, മോഷ്ടിച്ച കാറില്‍ കയറി  ഭീകരര്‍ രാജസ്ഥാനിലേക്കു രക്ഷപ്പെട്ടുവെന്നാണ് പോലീസ് ഭാഷ്യം. അന്വേഷണം പൂര്‍ണമായും ദല്‍ഹിക്കു പുറത്തേക്കാണ് വഴിതിരിച്ചു വിടുന്നത്. നമുക്കു മായിച്ചു കളയാനുള്ള അഹിതകരമായ ചിത്രം രൂപപ്പെടുന്നത് കശ്മീരിലാണല്ലോ. അതുകൊണ്ട് അവിടെ നിന്ന് ഇമെയില്‍ പുറപ്പെടുന്നതിന്റെ സാധ്യതകളെ നിഷേധിക്കാനാവില്ല. പക്ഷേ ഭീകരാക്രമണങ്ങളുടെ ചരിത്രം മൊത്തത്തിലെടുത്തു പരിശോധിച്ചാല്‍ കാണുന്ന മുഴുവന്‍ സാമ്യതകളും ദല്‍ഹി സ്‌ഫോടനത്തില്‍ അടങ്ങിയിട്ടുണ്ട്. ഈ നാടകങ്ങള്‍ ഇത്രയൊക്കെ കണ്ടുമടുത്തിട്ടും ആരും വായതുറന്ന് സംസാരിക്കാത്ത കുഴപ്പമേ ബാക്കിയുള്ളൂ.
രണ്ട് കാര്യങ്ങള്‍ പൊതുസമൂഹം ഉച്ചത്തില്‍ ആവശ്യപ്പെടേണ്ടിയിരിക്കുന്നു. ഒന്നാമതായി, ദല്‍ഹി സ്‌ഫോടനത്തില്‍ പരിക്കേറ്റവരോ കൊല്ലപ്പെട്ടവരോ ആയ ഓരോ വ്യക്തിയുടെയും ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ തലത്തിലുള്ള കമീഷന്‍ രൂപവത്കരിക്കണം. പ്രത്യേകിച്ചും ഗേറ്റില്‍ ഡ്യൂട്ടിയിലുള്ള പോലീസ്-രഹസ്യാന്വേഷണ വിഭാഗങ്ങളെ കുറിച്ച വിവരങ്ങള്‍, അവരില്‍ ആരെങ്കിലും പരിക്കേറ്റവരിലോ കൊല്ലപ്പെട്ടവരിലോ ഉണ്ടെങ്കില്‍ വിശേഷിച്ചും. അവര്‍ ഗേറ്റില്‍ വരാനിടയായ സാഹചര്യം എന്തായിരുന്നു? എന്നിട്ടും എന്തുകൊണ്ട് അവര്‍ക്കിത് തടയാനാവാതെ പോയി? പോലീസിന്റെ ഈ വീഴ്ചയെ കുറിച്ച് ഇനിയും പോലീസ് തന്നെ അന്വേഷിച്ചാല്‍ പോര. രണ്ടാമത്തേത്, ഇവരുടെ പ്രവര്‍ത്തന ശൈലിയെ കുറിച്ച് ഉയരുന്ന സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കേണ്ടതിന്റെ കൂടിവരുന്ന ആവശ്യകതയാണ്. സുരക്ഷാ ആവശ്യങ്ങള്‍ക്കായി രഹസ്യ പോലീസുകാര്‍ക്ക് നല്‍കുന്ന അളവറ്റ ഫണ്ടും അതിന്റെ ഉപയോഗവും സുതാര്യമാക്കി മാറ്റാത്തിടത്തോളം ഇപ്പോഴത്തെ അസംബന്ധ വ്യവസ്ഥക്കു മാറ്റമുണ്ടാകാന്‍ പോകുന്നില്ല. പൊതു ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈപറ്റി സ്വയം സംരക്ഷിക്കാന്‍ പോലുമാകാത്ത ഇവര്‍ യഥാര്‍ഥത്തില്‍ എന്ത്  സുരക്ഷാ സംവിധാനമാണ് രാജ്യത്ത് ഏര്‍പ്പെടുത്തുന്നതെന്ന് ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ? നമ്മുടെ രഹസ്യാന്വേഷണ വകുപ്പ് പാര്‍ലമെന്റിനു മുമ്പില്‍ മറുപടി പറയാന്‍ പഠിക്കേണ്ടിയിരിക്കുന്നു. 
മുസ്‌ലിം സമുദായത്തിനുമുണ്ട് ചില സമീപകാല പാഠങ്ങള്‍. തെരുവിലെ തിണ്ണമിടുക്കു കൊണ്ടേ ചിലപ്പോഴെങ്കിലും കാര്യം നേടാനാവൂ. അണ്ണാ ഹസാരെ തെളിയിച്ചത് അതായിരുന്നു. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരങ്ങള്‍ പോലും ബൗദ്ധികതലത്തില്‍ ഒതുക്കുന്നതാണ് ഈ സമുദായത്തിന്റെ ദുരന്തങ്ങളുടെ മര്‍മം. ഭീകരതയുടെ പേരില്‍ നടക്കുന്ന ഈ ഭരണകൂട അഴിഞ്ഞാട്ടത്തെ പൊതുശ്രദ്ധയില്‍ കൊണ്ടുവരാന്‍ അണ്ണ അണി നിരത്തിയതിന്റെ നൂറു മടങ്ങ് ജനങ്ങളെ രാംലീലയിലെത്തിക്കാന്‍ കഴിയേണ്ടതല്ലേ? മതേതരത്വം അമേരിക്കന്‍ എംബസിയില്‍ തെളിയിക്കാന്‍ നടക്കുന്നവര്‍ അതാദ്യം അങ്ങാടിയില്‍ നിന്ന് തുടങ്ങട്ടെ. ഭീകരതയുടെ പേരില്‍ നടക്കുന്ന ഈ ഭരണകൂട അഴിഞ്ഞാട്ടത്തിനെതിരെ എന്തുകൊണ്ട് ഇതേ മധ്യവര്‍ഗ-ബഹുജന പ്രക്ഷോഭം സാധ്യമല്ല?
വാനോളം പ്രതീക്ഷകളുമായി രംഗത്തെത്തിയ വിക്കിലീക്ക്‌സിനുമുണ്ട് ചിലത് തെളിയിക്കാനും മറ്റ് ചിലത് സ്ഥാപിക്കാനും. രാജ്യങ്ങള്‍ക്കതീതമായ മാനവികതയുടെ വെളിപ്പെടുത്തലുകളില്‍ നിന്നായിരുന്നു അവരുടെ തുടക്കമെന്നത് മറക്കാതിരിക്കുക. മൂന്നാം ലോക രാജ്യങ്ങളിലെ ആണും പെണ്ണും കെട്ട രാഷ്ട്രീയക്കാരുടെ അളയില്‍ കുത്തിരസിക്കാനാണ് ഇപ്പോഴവര്‍ പെന്റഗന്റെ കമ്പ്യൂട്ടര്‍ ചോര്‍ത്തുന്നത്. ആവശ്യക്കാര്‍ വിക്കിലീക്കിലേക്ക് കത്തയച്ച് രാഷ്ട്രീയ എതിരാളികളെ കുറിച്ച വിവരങ്ങള്‍ ശേഖരിച്ച സംഭവങ്ങളുമുണ്ട്. മൊത്തം ചോര്‍ത്തലുകളുടെ അന്തസത്തക്ക് നിരക്കാത്ത ചില മൂടിവെക്കലുകളാണ് വിക്കിലീക്കുകളില്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്നതെന്ന് ഏതായാലും നിഷേധിക്കാനാവില്ല. ഹെഡ്‌ലി മുംബൈയില്‍ പ്രവര്‍ത്തിച്ച സുദീര്‍ഘമായ കാലയളവില്‍ ആരുമായിട്ടായിരുന്നു അയാളുടെ ഇടപാടുകളെന്ന് എംബസിയിലെ നാരദന്മാരുടെ കുറിയോലകളില്‍ ഇല്ലായിരിക്കുമോ? ഇന്ത്യയിലെ ഏതൊക്കെ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അന്താരാഷ്ട്ര രഹസ്യാന്വേഷണ സംഘങ്ങള്‍ പരിശീലനം കൊടുത്തു? എത്ര പേരെ ഇസ്രയേലില്‍ കൊണ്ടുപോയി? എത്ര പേര്‍ക്ക് ഫണ്ട് നല്‍കി? കെന്നത്ത് ഹേവുഡിനെ പോലുള്ള എത്ര പേരെ രക്ഷപ്പെടുത്തി? കാര്യകാരണബന്ധമനുസരിച്ച്് വിലയിരുത്തുമ്പോള്‍ ഹെഡ്‌ലിയെ രക്ഷിക്കുന്ന അമേരിക്ക ഇതിനൊക്കെ എവിടെയോ കമ്പിയടിക്കുന്നുണ്ടാവുമെന്നത് നുറുതരം. അത്തരം ചൂടുള്ള വിവരങ്ങളുണ്ടെങ്കില്‍ വിളമ്പ്. നാരായണനെയും മായാവതിയെയും പിണറായിയെയും മുനീറിനെയും ഷാജിയെയും മറ്റും കുറിച്ച് പൊതുജനത്തിന് എന്നോ അറിയുന്ന പതിവ് വര്‍ത്തമാനങ്ങള്‍ ആര്‍ക്കു കേള്‍ക്കണം? സംഘ്പരിവാറിനെ രക്ഷപ്പെടുത്തുക വിക്കിലീക്ക്‌സിന്റെ അജണ്ടയാവേണ്ട കാര്യവുമില്ലല്ലോ. 
rasheedudheen@hotmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം