Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 24

വൃക്കയുടെ അരികില്‍ ഒരു ഹൃദയമുണ്ട്

ജമീല്‍ അഹ്മദ്

മലയാളം ബിരുദ ക്ലാസിലെ എന്റെ വിദ്യാര്‍ഥിനിയായിരുന്നു സുധ. എന്തും തുറന്നു പറയുന്ന പ്രകൃതം. അത് സാഹിത്യ ചര്‍ച്ചക്കു യോജിച്ച കൃത്രിമ ഭാഷയിലല്ല, സ്വന്തം ഗ്രാമത്തിന്റെ വാമൊഴിവഴക്കത്തില്‍ അവള്‍ ഉറക്കെ പറഞ്ഞു തീര്‍ക്കും. ബി.എ അത്യാവശ്യം മാര്‍ക്കുനേടി ജയിച്ചതുകൊണ്ട് പട്ടാമ്പി കോളേജില്‍ തന്നെ എം.എ മലയാളത്തിനും അവളെത്തി. ബിരുദാനന്തരബിരുദ പാഠങ്ങള്‍ ആരംഭിച്ചതിനുശേഷം പെട്ടെന്നൊരിക്കല്‍ അവളെ കാണാതായി. അന്വേഷിച്ചപ്പോഴാണറിഞ്ഞത്, ഗുരുതരമായ രോഗം ബാധിച്ച് അവള്‍ കിടപ്പിലാണെന്ന്. സുധയുടെ രണ്ടു വൃക്കകളും തകരാറിലായിരുന്നു. ഞങ്ങള്‍ അധ്യാപകര്‍ ഒന്നിച്ച്  അവളെ കാണാന്‍ പോയി. മലപ്പുറം ജില്ലയിലെ കുഗ്രാമങ്ങളിലൊന്നിലെ കോളനിയില്‍, ഇടുങ്ങിയ വീട്ടിലെ ദാരിദ്ര്യത്തിനിടയില്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചുനില്‍ക്കുന്ന ഒരു കുടുംബത്തെയാണ് ഞങ്ങള്‍ കണ്ടത്. കാര്യപ്രാപ്തിയില്ലാത്ത ഒരനുജന്‍, വിവാഹമോചിതയായ ചേച്ചി, വീടിനടുത്തുള്ള തോട്ടില്‍നിന്ന് മീന്‍ പിടിച്ച് ചില്ലറക്കാശ് വീട്ടിലെത്തിക്കുന്ന അച്ഛന്‍, അബലയായ അമ്മ.... ആരും ഞെട്ടിപ്പോകുന്ന അവസ്ഥ. നാട്ടുകാരെയും നാട്ടുപ്രമാണികളെയും അവള്‍ പഠിച്ച സ്‌കൂളിനെയും ചേര്‍ത്ത് ഉടനെ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. കോളേജിലെ വിദ്യാര്‍ഥികള്‍ മുഴുവന്‍ കൂടെനിന്നു. എല്ലാവരുടെയും കാരുണ്യവും സ്‌നേഹവും സുധയുടെ ചികിത്സക്ക് വേണ്ടി സ്വരൂപിച്ചു. പക്ഷേ, അതു മുഴുവനാക്കാന്‍ അവള്‍ കാത്തുനിന്നില്ല. മനുഷ്യന്റെ 'അപാരമായ കഴിവുകളെ'ക്കുറിച്ച കുറേ സന്ദേഹങ്ങള്‍ ബാക്കിയാക്കി അവള്‍ മരണപ്പെട്ടു. സുധക്കുവേണ്ടി സ്വരൂപിക്കപ്പെട്ട കാരുണ്യം ഇനിയും വറ്റാത്ത മനുഷ്യ സ്‌നേഹത്തിന്റെ ചില നീരൊഴുക്കുകളെ ഉജ്ജീവിപ്പിച്ചതുമാത്രം മിച്ചമായി.
ഒരാളോട് കാരുണ്യം തോന്നുക എന്നതിന് ശാസ്ത്രീയമായ കാര്യകാരണങ്ങളില്ല. ശാസ്ത്രം അത്തരം അയുക്തികമായ ആശയങ്ങളോട് യോജിക്കുന്നുമില്ല. ആധുനിക ശാസ്ത്രത്തിന്റെ അറിവുകള്‍ മനുഷ്യജീവിതത്തെയൊന്നാകെ നിയന്ത്രിക്കാന്‍ തുടങ്ങിയ കാലത്തുതന്നെയാണ് ആതുരശുശ്രൂഷ ഹോസ്പിറ്റല്‍ വ്യവസായവും വിജ്ഞാനവിതരണം ധനാഗമനമാര്‍ഗവുമായത്. ഡോക്ടര്‍മാര്‍ രോഗികളുടെ പണത്തില്‍ കണ്ണുവെക്കുന്ന കാലത്ത് ചികിത്സാ ചെലവുകള്‍ ഇരട്ടിക്കിരട്ടിയായി. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ പുതിയ പുതിയ ശുശ്രൂഷോപകരണങ്ങളും മരുന്നുകളും കണ്ടുപിടിക്കുന്നതുകൊണ്ടുമാത്രം ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നില്ലെന്നു മാത്രമല്ല, അത്രയ്ക്കും അത് സാധാരണക്കാരന് അപ്രാപ്യമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പാവപ്പെട്ടവന്‍ മരണത്തെക്കാളധികം രോഗത്തെ പേടിക്കുന്ന കാലമായി ഇത്. അതുകൊണ്ടാണ് ചികിത്സാസഹായം, സൗജന്യചികിത്സ, ആതുരശുശ്രൂഷ തുടങ്ങിയ പരിപാടികളെല്ലാം കേവല യുക്തിക്കും ആധുനിക ശാസ്ത്രത്തിനും ലാഭവ്യവസായത്തിനും നേരെയുള്ള മുന്നേറ്റങ്ങള്‍കൂടിയാകുന്നത്.
ഇത്തരം മുന്നേറ്റങ്ങള്‍ക്ക് മുമ്പേ മാതൃകയായ ജില്ലയാണ് മലപ്പുറം. സംസ്ഥാനത്തുതന്നെ പെയിന്‍ ആന്റ് പാലിയേറ്റീവ് സംഘങ്ങളുടെ മികച്ച യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് മലപ്പുറത്താണ്. മുമ്പ് ജില്ലാ ജനറല്‍ ആശുപത്രിക്കുവേണ്ടി മലപ്പുറത്തെ സ്‌കൂള്‍കുട്ടികള്‍ പണം സ്വരൂപിച്ചത് അഖിലേന്ത്യാതലത്തില്‍ ശ്രദ്ധനേടിയിരുന്നു. പത്രങ്ങള്‍ നടത്തുന്ന ചികിത്സാ സഹായ പദ്ധതികള്‍, മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ദുരന്തനിവാരണ സംരംഭങ്ങള്‍ എന്നിവയോടെല്ലാം ഈ ജില്ല എന്നും ആവേശത്തോടെയാണ് പ്രതികരിച്ചിട്ടുള്ളത്. ഈ പ്രത്യേക കാരുണ്യക്കണ്ണിനു പിറകില്‍ ഇവിടത്തെ ഗള്‍ഫുപണത്തിന്റെ ധാരാളിത്തമല്ല, മതാത്മകമായ സമൂഹമനസ്സുതന്നെയാണ് പ്രധാനം. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സോളിഡാരിറ്റി നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം തേടി, ഒരു വെള്ളിയാഴ്ച ജുമുആനന്തരം ഏതാനും പള്ളികളില്‍ പ്രത്യേക മുന്നറിയിപ്പുകളില്ലാതെ നടത്തിയ ബക്കറ്റുപിരിവില്‍ മാത്രം പിരിഞ്ഞുകിട്ടിയത് നാലുലക്ഷത്തോളം രൂപയാണ്.
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചുവര്‍ഷം മുമ്പ് ആരംഭിച്ച ചികിത്സാ സഹായ പദ്ധതിയാണ് കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി. സര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതിവിഹിതം രോഗികള്‍ക്ക് സഹായധനമായി നല്‍കാന്‍ നിയമപരമായി അനുവാദമില്ലാത്തതിനാല്‍ തുടക്കത്തില്‍ ചെറിയ ചെറിയ സഹായങ്ങളോടെയാണ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചത്. കളത്തിലിറങ്ങിയപ്പോഴാണ് വൃക്കരോഗം കുടുംബത്തിനു നല്‍കുന്ന ബാധ്യതകളുടെ ആഴം മനസ്സിലായത്. കുടുംബത്തിലൊരു വൃക്കരോഗിയുണ്ടായതിന്റെ പേരില്‍ ജീവിതമാര്‍ഗം വഴിമുട്ടിയവര്‍ അനവധിയുണ്ട്. രോഗിയുടെ മരണശേഷവും കുടുംബത്തിന് സഹായം തുടരേണ്ട അവസ്ഥ. കൂടുതല്‍ സഹായങ്ങള്‍ നല്‍കാന്‍ കൂടുതല്‍ ഫണ്ടും ആവശ്യമുണ്ടായിരുന്നു. അതിനാല്‍ ഈ വര്‍ഷം നടത്തിയ ഊര്‍ജിത സാമൂഹിക ഫണ്ട് ശേഖരണത്തിന് അത്യപൂര്‍വമായ പ്രതികരണമാണ് ജില്ലയില്‍നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.
വൃക്കരോഗി സഹായ ധനസമാഹരണ കാമ്പയിനോടനുബന്ധിച്ച് മഹല്ലു കമ്മറ്റികളിലേക്കും ജുമുഅ മസ്ജിദുകളിലേക്കും സൊസൈറ്റി സെക്രട്ടറി അയച്ച അഭ്യര്‍ഥനക്കത്തിന്റെ തുടക്കത്തില്‍ ബിസ്മിയും സലാമും ചേര്‍ത്തുവെന്ന പേരില്‍ ദേശാഭിമാനി ദിനപത്രം ഒട്ടു പുകിലുകള്‍ സൃഷ്ടിച്ചു. മൂന്നുനാലു ദിവസം പത്രം അത് കത്തിച്ചുനിറുത്തി. ഉടനെ ഇടത് യുവജനസംഘടനയും യുക്തിവാദി സാംസ്‌കാരിക വേദികളും വിഷയം ഏറ്റെടുത്തു. പ്രസ്താവനകളും വിവാദങ്ങളുമായി. കിഡ്‌നി രോഗികളെ സഹായിക്കണമെന്ന് പള്ളികളോടും അമ്പലങ്ങളോടും ചര്‍ച്ചുകളോടും ആവശ്യപ്പെട്ടു, ഒരു സര്‍ക്കാര്‍ സ്ഥാപനം പള്ളികളിലേക്കയച്ച കത്തിനുമുകളില്‍ ബിസ്മിയും സലാമും അച്ചടിച്ചു, മത- സാമുദായിക സംഘടനകളെയും മഹല്ലുകളെയും പദ്ധതിയുടെ കൂടിയാലോചനക്ക് വിളിച്ചുചേര്‍ത്തു എന്നിങ്ങനെ കുറ്റങ്ങള്‍ പലതാണ് നിരത്തപ്പെട്ടത്. ഇതെല്ലാം മഹത്തായ ഇന്ത്യന്‍ മതേതരത്വത്തോടുള്ള വെല്ലുവിളിയാണത്രെ! (ഇതിനെതിരെ പത്രങ്ങള്‍ക്ക് പ്രസ്താവന നല്‍കിയ സാസ്‌കാരിക നായകന്‍മാരുടെ നേതൃത്വത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ മുടങ്ങാതെ നടത്തുന്ന വിദ്യാരംഭം പരിപാടിയില്‍ ഇന്നേവരെ ആരും മതാത്മകത കണ്ടിട്ടില്ല, അത് മതേതരത്വത്തെ ഒരു നിലക്കും ബാധിക്കുന്നുമില്ല!).
ഇത്തരം എതിര്‍പ്പുകളുണ്ടായിട്ടും, ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് ഈ വര്‍ഷം മുസ്‌ലിം പള്ളികളില്‍നിന്ന് മാത്രം  പിരിഞ്ഞുകിട്ടിയത് കാല്‍ കോടിയോളം രൂപയാണ്. ആരാധനാലയങ്ങളും വിദ്യാലയങ്ങളും ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും സംഘടനകളും സ്വയംഭരണസ്ഥാപനങ്ങളും വ്യക്തികളും ആവേശപൂര്‍വം നല്‍കിയ ഫണ്ട് ഇപ്പോള്‍ ഒന്നരക്കോടി കവിഞ്ഞിരിക്കുന്നു. ഇടതുഭരണമുള്ള പഞ്ചായത്തുകള്‍ പോലും കൈയയച്ച് പണം നല്‍കി. ഇന്നോളം കേരളത്തിലെ മറ്റൊരു ജില്ലയിലും ഇത്തരമൊരു മുന്നേറ്റം ഉണ്ടായിട്ടില്ല. അതിന് മാതൃകയാകാന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിരിക്കുന്നു. ഈ കരുണയുടെ വെള്ളക്കാന്‍വാസില്‍ കൈയൊപ്പു ചാര്‍ത്തിയ മഹാമനസ്സുകള്‍ വൃക്കയുടെ അരികില്‍ മിടിക്കുന്ന ഒരു ഹൃദയവുമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. തലച്ചോറുകൊണ്ട് ചിന്തിക്കുന്നവര്‍ കാര്യകാരണങ്ങളെക്കുറിച്ച് ആശങ്കിച്ചുകൊണ്ടേയിരിക്കും. മെഡിക്കല്‍ സയന്‍സിന്റെ അറിവുപ്രകാരം രക്തം പമ്പുചെയ്യുന്ന ഒരവയവം മാത്രമാണ് ഹൃദയം. ഹൃദയത്തില്‍ വികാരങ്ങളുണ്ട് എന്ന് അതിനാല്‍ ഒരു യുക്തിവാദിയും സമ്മതിച്ചുതരില്ല. എന്നാല്‍ പണ്ടുതൊട്ടേ കേവല യുക്തിബോധമില്ലാത്ത പ്രവാചകരും കവികളും നെഞ്ചില്‍ തൊട്ട് ഹൃദ്വികാരങ്ങളെ പ്രചരിപ്പിച്ചു. ഹൃദയമിടിപ്പിന്റെ താളം തിരിച്ചറിയുന്നവന്‍, തന്റെ സഹജാതനും അതേ താളമുണ്ടെന്ന് തിരിച്ചറിയുന്നു. കാരുണ്യം പ്രകടിപ്പിക്കുന്നത് ദൈവം രേഖപ്പെടുത്തി വെക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നവന് ചെലവഴിക്കാന്‍ കാര്യകാരണബന്ധങ്ങള്‍ വേറെ വേണ്ട.
പിന്‍വാതില്‍- എന്തുകൊണ്ടാണ് മതസംഘടനകളും സാമുദായിക സംഘങ്ങളും പ്രസ്ഥാനങ്ങളും മാത്രം സേവന - സഹായ രംഗങ്ങളില്‍ കൂടുതല്‍ ഇടപെടുന്നത്? മതേതര യുവജന സംഘടനകള്‍ ചെയ്യുന്ന സാമൂഹിക സേവന സംരംഭങ്ങളെ കുറച്ചുകാണുന്നില്ല. പക്ഷേ, മതാത്മക സംഘടനകള്‍ക്കെന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഇത്രയും ശ്രദ്ധ? മലപ്പുറത്തേക്ക് റമദാന്‍ മാസത്തില്‍ എന്തുകൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്നും മറ്റും യാചകര്‍ കൂട്ടംകൂട്ടമായെത്തുന്നത്? യുക്തിവാദ പ്രസ്ഥാനങ്ങള്‍ സജീവമാണല്ലോ കേരളത്തില്‍. സുനാമിയടക്കമുള്ള ദുരന്ത നിവാരണ രംഗങ്ങളില്‍ അവരെന്നെങ്കിലും മുന്നിട്ടിറങ്ങിയത് കണ്ടിട്ടുണ്ടോ? യുക്തിവാദികളുടെ നേതൃത്വത്തില്‍ നിര്‍ധനരെ സഹായിക്കുന്ന എന്തെങ്കിലും പ്രൊജക്ടുകളുണ്ടോ? അവര്‍ എവിടെയെങ്കിലും സൗജന്യ ചികിത്സയോ കാരുണ്യ പ്രവര്‍ത്തനങ്ങളോ അനാഥമന്ദിരങ്ങളോ നടത്തുന്നുണ്ടോ? ദാനമോ സഹായമോ നല്‍കുന്നുണ്ടോ?
മലപ്പുറത്തുതന്നെ കഴിഞ്ഞൊരു ദിവസം യുക്തിവാദി സംഘം, മരണാനന്തരം തങ്ങളുടെ ആന്തരാവയവങ്ങളും കണ്ണും ദാനം ചെയ്യുന്ന സമ്മതപത്രത്തില്‍ ഒപ്പിടുന്ന ഒരു പരിപാടി സംഘടിപ്പിച്ചു. ഇസ്‌ലാംമതം അത് അനുവദിക്കുന്നില്ല എന്നാണല്ലോ അവരുടെ പ്രധാന വിമര്‍ശനം. എന്നാല്‍പോലും അഭിനന്ദനമര്‍ഹിക്കുന്നതാണ് ആ കാരുണ്യവും തയ്യാറെടുപ്പും. 'ദാനംചെയ്യുന്ന'തിലെ യുക്തിവിരുദ്ധത കണ്ടില്ലെന്നു നടിക്കാം. അത്തരം യുക്തിവിരുദ്ധമായ സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് അവര്‍ മതസംഘടനകളെ പിന്നോട്ടാക്കി ഇനിയും കടന്നുവരട്ടെ. കാലഹരണപ്പെട്ട മതവിമര്‍ശനനോട്ടീസുകളുമായി നാടുകറങ്ങുന്നതിനു പകരം മതാത്മകമായ ഇത്തരം ഹൃദയമിടിപ്പുകള്‍ അവരും അനുഭവിക്കട്ടെ. ദൈവത്തിന്റെ രക്ഷയും സമാധാനവും നിരീശ്വരവാദികള്‍ക്കുമുണ്ടാകട്ടെ.
ജമീല്‍ അഹ്മദ്
jameelahmednk@gmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം