Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 24

വഖ്ഫ് സ്വത്തുക്കളുടെ വീണ്ടെടുപ്പ്

ജനസംഖ്യയുടെ ആറിലൊന്നു വരുന്ന ഏറ്റവും വലിയ മത ന്യൂനപക്ഷമാണ് ഇന്ത്യയില്‍ മുസ്‌ലിം സമുദായം. സുവര്‍ണമായ ഗതകാല ചരിത്രമുണ്ടെങ്കിലും ഇന്ന് രാജ്യത്ത് ഏറെ പാര്‍ശ്വവത്കൃതരും അധഃസ്ഥിതരുമാണവര്‍. മുസ്‌ലിംകളുടെ സാമൂഹിക സ്ഥിതിഗതികള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമീഷനുകള്‍, ചില പ്രദേശങ്ങളില്‍ പട്ടികജാതി പട്ടിക വര്‍ഗങ്ങളുടേതിനേക്കാള്‍ ശോചനീയമാണവരുടെ സ്ഥിതിയെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ക്ഷേമത്തിനു വേണ്ടി സ്വാതന്ത്ര്യാനന്തര സര്‍ക്കാറുകള്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം. സമുദായത്തിന്റെ മതപരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി പൂര്‍വകാലം മുതലേ മുസ്‌ലിംകള്‍ തന്നെ കോടിക്കണക്കില്‍ രൂപ മൂല്യമുള്ള സ്വത്തുക്കള്‍ വഖ്ഫ് ചെയ്തിട്ടുണ്ട്. വഖ്ഫ് സ്വത്തുക്കള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ സമുദായത്തിന്റെ അവശതക്ക് തെല്ലൊരാശ്വാസമാകുമായിരുന്നു. പക്ഷേ, വഖ്ഫ് സ്വത്തുക്കളിലേറെയും അനുചിത ഹസ്തങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ചിലതൊക്കെ അന്യായമായി ദുര്‍വിനിയോഗം ചെയ്യപ്പെടുന്നുമുണ്ട്. അതിനെയെല്ലാം കവച്ചുവെക്കുന്നതാണ് അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍. വഖ്ഫ് സ്വത്തുക്കളുടെ വിനിയോഗം കാര്യക്ഷമമാകുന്നതിനും അന്യാധീനപ്പെട്ടവ വീണ്ടെടുക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നടപടികള്‍ വേണമെന്ന സമുദായത്തിന്റെ മുറവിളി സ്വാതന്ത്ര്യ ലബ്ധി തൊട്ടു തുടങ്ങിയതാണ്. സാമൂഹിക ക്ഷേമത്തിന് നല്ലൊരു മുതല്‍ക്കൂട്ടായിത്തീരുന്ന ഈ ആവശ്യം അര്‍ഹിക്കുന്ന ഗൗരവത്തോടെ ഒരു ഗവണ്‍മെന്റും പരിഗണിക്കുകയുണ്ടായില്ല. ഒടുവില്‍ യു.പി.എ ഗവണ്‍മെന്റ് ഒരു വഖ്ഫ് ഭേദഗതിയില്‍ കൊണ്ടുവന്നു. 2010 മെയ് 7-ന് ലോക്‌സഭ അത് പാസ്സാക്കിയെങ്കിലും രാജ്യസഭ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ബില്‍ തയാറാക്കും മുമ്പ് സമുദായ സംഘടനകളുമായോ നേതാക്കളുമായോ വഖ്ഫ് സ്ഥാപനങ്ങളുമായോ സര്‍ക്കാര്‍ നേരാംവണ്ണം ആലോചിക്കുകയുണ്ടായില്ല. അതിനാല്‍ വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണവും ഫലപ്രദമായ ഭരണവും ഉറപ്പുവരുത്തുന്നത് എന്നവകാശപ്പെടുന്ന ഈ ബില്ലിനെക്കുറിച്ച് സമുദായത്തിന്റെ പല തലങ്ങളില്‍ നിന്നും ആക്ഷേപമുയര്‍ന്നിരിക്കുന്നു. വഖ്ഫ് സ്വത്തുക്കള്‍ കൂടുതല്‍ അരക്ഷിതവും ദുര്‍വിനിയോഗവിധേയവുമാകാനേ ബില്‍ ഉപകരിക്കൂ എന്നാണ് അഖിലേന്ത്യാ വഖ്ഫ് സംരക്ഷണ സമിതി ചെയര്‍മാന്‍ സയ്യിദ് സുലൈമാന്‍ നദ്‌വി പറയുന്നത്.
ഈയിടെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി വിവരാവകാശ നിയമപ്രകാരം ദല്‍ഹിയില്‍ അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കളുടെ വിവരം ദല്‍ഹി വഖ്ഫ് ബോര്‍ഡില്‍നിന്ന് ആരായുകയുണ്ടായി. അതിന് ലഭിച്ച മറുപടി ഇന്ത്യയില്‍ വഖ്ഫ് സ്വത്തുക്കളുടെ ശോചനീയാവസ്ഥയുടെ എന്ന പോലെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അവലംബിച്ചുവരുന്ന ഉദാസീനതയുടെയും നിദര്‍ശനമാകുന്നു. സര്‍ക്കാറിന്റെ തന്നെ വിവിധ വകുപ്പുകള്‍ 22 വഖ്ഫ് സ്വത്തുക്കള്‍ നിയമവിരുദ്ധമായി കൈവശം വെച്ചുവരുന്നുണ്ട്. 114 എണ്ണം ദല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയുടെ കൈവശത്തിലാണ്. എ.എസ്.ഐ കൈയേറിയത് 172. വ്യക്തികള്‍ കൈയേറി അനുഭവിച്ചുവരുന്നത് 373 എണ്ണം. 1983-ല്‍ സയ്യിദ് ശിഹാബുദ്ദീന്‍ എം.പി പാര്‍ലമെന്റില്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് നല്‍കപ്പെട്ട ഉത്തരം അനുസ്മരണീയമാണ്. ദല്‍ഹിയില്‍ മാത്രം, വ്യക്തികളോ ഗ്രൂപ്പുകളോ സ്ഥാപനങ്ങളോ അനധികൃതമായി കൈയേറി കൈവശം വെച്ചുവരുന്ന 92 പള്ളികളുടെ ലിസ്റ്റാണ് അന്ന് കേന്ദ്ര ഗവണ്‍മെന്റ് സഭയില്‍ അവതരിപ്പിച്ചത്. പിന്നീട് ഇവയിലേതെങ്കിലും വീണ്ടെടുക്കപ്പെട്ടതായോ അതിനു വേണ്ടി എന്തെങ്കിലും നീക്കം നടന്നതായോ അറിവില്ല. ദൈവത്തിന്റെ പേരില്‍, ആര്‍ക്കും ഒരു ഉപയോഗവുമില്ലാതെ കെട്ടിപ്പൂട്ടി കിടക്കുന്ന ലക്ഷം കോടികള്‍ പൊതുമുതലില്‍ നിന്ന് കോടികള്‍ നിസ്സങ്കോചം ചെലവഴിച്ചു കാത്തുസൂക്ഷിക്കുന്ന സര്‍ക്കാറുകള്‍ തന്നെയാണ്, ദൈവപ്രീതിക്കുതകുന്ന മഹത്തായ പുണ്യ കര്‍മമെന്ന നിലയില്‍ മതഭക്തരായ മുസ്‌ലിംകള്‍ ജനക്ഷേമം ലക്ഷ്യമാക്കി ദാനം ചെയ്ത വഖ്ഫ് സ്വത്തുക്കളോട് അക്ഷന്തവ്യമായ ഈ അവഗണന കാണിക്കുന്നത്.
തലസ്ഥാനത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ഉര്‍ദു ദിനപത്രം ദല്‍ഹിയില്‍ അന്യാധീനപ്പെട്ട പള്ളികളുടെ പട്ടികയും അവയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥയും വിസ്തരിച്ച് പ്രതിപാദിക്കുന്ന ഒരു ലേഖന പരമ്പര ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. പത്രത്തിന്റെ മുസ്‌ലിം വായനക്കാരില്‍ അത് വലിയ ചലനമുണ്ടാക്കി. അന്യാധീനപ്പെട്ട പള്ളികള്‍ വീണ്ടെടുക്കാന്‍ ആവശ്യമായ നടപടികള്‍ ഉടനടി കൈക്കൊള്ളണമെന്ന് ചിലര്‍ ക്ഷോഭത്തോടെ സര്‍ക്കാറിനോടാവശ്യപ്പെട്ടു. ചിലര്‍ സര്‍ക്കാറിന്റെ അവഗണനയെ അപലപിച്ചു. ചിലര്‍ സമുദായത്തിന്റെ ഊറ്റമില്ലായ്മയെയും അശ്രദ്ധയെയും ചൊല്ലി വിലപിച്ചു. ചിലര്‍ അന്യാധീനപ്പെട്ട പള്ളികള്‍ വീണ്ടെടുക്കുന്നതിന് കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചു.
ക്ഷോഭം കൊണ്ടും പരിദേവനം കൊണ്ടും 'കല്ല് നീങ്ങാന്‍' പോകുന്നില്ല. കൈ നീട്ടിയാല്‍ അതില്‍ സ്വയം വന്നുവീഴുന്നതല്ല അവകാശങ്ങളും ആവശ്യങ്ങളും. അതിന് യുക്തമായ നയപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്. സമുദായം ഒന്നിച്ച് നിന്ന് പരിശ്രമിച്ചാലേ നഷ്ടപ്പെട്ട പള്ളികളും മറ്റു വഖ്ഫ് സ്വത്തുക്കളും വീണ്ടെടുക്കാനാവൂ. മുസ്‌ലിം സമുദായം ഒന്നിച്ചാല്‍ മാത്രം പോരാ, അവര്‍ വിശാലമനസ്‌കരായ ഇതര പൗര വിഭാഗങ്ങളുടെ കൂടി സഹകരണം നേടുകയും ചെയ്യേണ്ടിയിരിക്കുന്നു. വഖ്ഫ് സ്വത്തുക്കളുടെ വീണ്ടെടുപ്പ് നീതിയുടെയും സാമൂഹിക ക്ഷേമത്തിന്റെയും താല്‍പര്യമാണെന്ന് ബഹുജനങ്ങള്‍ മനസ്സിലാക്കുമ്പോഴേ അവരുടെ സഹകരണം ലഭ്യമാകൂ. സമുദായത്തിന്റെ ന്യായമായ ആവശ്യം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ മുമ്പില്‍ വെക്കുന്നതോടൊപ്പം മനുഷ്യാവകാശ കമീഷന്റെയും ന്യൂനപക്ഷ കമീഷന്റെയും സഹായം തേടുകയും വേണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം