Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 17

ഇസ്‌ലാമിക പ്രസ്ഥാനം മൗലികത, പ്രായോഗികത, പ്രതിനിധാനം

അബ്ദുല്‍ ഹകീം നദ്‌വി

ഇസ്‌ലാമിക പ്രസ്ഥാനത്തെക്കുറിച്ച് സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന തെറ്റിദ്ധാരണകളും അപവാദങ്ങളും വസ്തുതാ വിരുദ്ധമാണെന്നതിന്റെ ഏറ്റവും വലിയ സാക്ഷ്യം ഇത്തരം പ്രചാരണങ്ങളിലെ വൈരുധ്യങ്ങള്‍ തന്നെയാണ്. പരസ്പര വിരുദ്ധമായ ആരോപണങ്ങളാണ് ജമാഅത്തെ ഇസ്‌ലാമിക്ക് എക്കാലത്തും നേരിടേണ്ടിവന്നിട്ടുള്ളത്. മുസ്‌ലിം സമുദായത്തിനകത്ത് നിന്ന് ഇസ്‌ലാമിക പ്രസ്ഥാനം വളരെ നേരത്തെ തന്നെ നേരിട്ട ആരോപണമാണ് പുത്തന്‍ പ്രസ്ഥാനക്കാര്‍ എന്നത്. ഖുര്‍ആനുമായും തിരുസുന്നത്തുമായും ഇസ്‌ലാമുമായും പൂര്‍വസൂരികളുമായും ബന്ധമില്ലാത്തതും മൗദൂദി എന്ന ഒരു പത്രപ്രവര്‍ത്തകന്റെ മനസ്സിലുദിച്ച അതിബുദ്ധിയും മാത്രമാണിതെന്നാണ് ഈ ആരോപണമുന്നയിക്കുന്നവര്‍ പ്രചരിപ്പിക്കാറുള്ളത്. എന്നാല്‍, മതേതര മേഖലയില്‍ നിന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തിന് നേരിടേണ്ടിവന്ന ആരോപണം ഇതിന് നേര്‍വിരുദ്ധവുമാണ്. അഥവാ മതമൗലികവാദികള്‍ എന്ന ആരോപണം. മതവിഷയത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചക്കും തയാറില്ലാത്തവിധം മതവുമായി മാത്രം ബന്ധമുള്ളവരും ഖുര്‍ആനും പ്രവാചകചര്യയും മുറുകെപ്പിടിച്ച് വിട്ടുവീഴ്ചക്കില്ലാതെ മതത്തില്‍ തൂങ്ങിക്കിടക്കുന്നവരുമാണിവര്‍ എന്നാണ് ആരോപിക്കപ്പെടുന്നത്.
മതരാഷ്ട്ര വാദമെന്ന ആരോപണത്തിലും ഈ വൈരുധ്യം പ്രകടമാണ്. മതരാഷ്ട്രവാദമെന്ന ആരോപണം മതമേഖലയിലുള്ളവര്‍ ഉന്നയിക്കുമ്പോള്‍ അതുകൊണ്ട് അവര്‍ അര്‍ഥമാക്കുന്നത്, ഇവരുടെ പ്രശ്‌നം യഥാര്‍ഥത്തില്‍ മതമല്ല, മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി ഒളിയജണ്ടകള്‍ നടപ്പിലാക്കുകയാണ് എന്നാണ്. എന്നാല്‍, ഇവരുടെ പ്രശ്‌നം രാഷ്ട്രീയമല്ലെന്നും മറിച്ച് മതമാണെന്നും മതനിയമങ്ങള്‍ രാഷ്ട്രീയത്തില്‍ നടപ്പിലാക്കലാണ് ലക്ഷ്യമെന്നുമാണ് ഇതേ ആരോപണം മതേതര മേഖലയില്‍ നിന്ന് ഉന്നയിക്കുമ്പോള്‍ നാം കേള്‍ക്കുക. ജമാഅത്തെ ഇസ്‌ലാമി ഭീകരവാദവും തീവ്രവാദവും പ്രചരിപ്പിക്കുന്നവരാണെന്ന് മത-മതേതര മേഖലയിലുള്ളവര്‍ ഒരുമിച്ചുന്നയിക്കുമ്പോള്‍, മുസ്‌ലിം സമൂഹത്തിലുള്ള ഒരു കൂട്ടരെങ്കിലും ഉന്നയിക്കാറുള്ള ആരോപണം തീവ്രത ആവശ്യമുള്ളിടത്ത് പോലും അത് പ്രകടിപ്പിക്കാത്ത പച്ചവെള്ളം പോലും ചവച്ചരക്കുന്ന 'സാധുക്കളും ഭീരുക്കളുമാണ്' ജമാഅത്തുകാര്‍ എന്നാണ്.
ജമാഅത്തെ ഇസ്‌ലാമിക്ക് ഉള്ളിലൊരു മുഖവും പുറത്ത് വേറെയൊന്നുമാണെന്നാണ് മറ്റൊരാരോപണം. പ്ലാച്ചിമടയും കോളവിരുദ്ധ സമരവും എന്‍ഡോസള്‍ഫാന്‍ പുനരധിവാസവും ചെങ്ങറയിലെ സമരവും ഭവനനിര്‍മാണ/കുടിവെള്ള പദ്ധതികളും ദുരിത ബാധിത മേഖലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമെല്ലാം ഇവരുടെ മറയാണ്. എന്നല്ല, സോളിഡാരിറ്റി എന്ന പേരില്‍ ഇവരുണ്ടാക്കിയ യുവജനസംഘടനയും ഇപ്പോള്‍ ഉണ്ടാക്കിയ വെല്‍ഫെയര്‍ പാര്‍ട്ടിയും ഉള്‍പ്പെടെ എല്ലാം പ്രഛന്നവേഷങ്ങള്‍ മാത്രമാണ്. യഥാര്‍ഥ രൂപത്തിലും ഭാവത്തിലും പുറത്തിറങ്ങാന്‍ ഇവര്‍ക്കാകില്ലെന്നും ഇറങ്ങിയാല്‍ നാണംകെടുമെന്നും ഭയപ്പെടുന്നത് കൊണ്ടാണ് ഇത്തരം കെട്ടിയാട്ടങ്ങളെന്നുമാണ് ആരോപണം. ജമാഅത്തെ ഇസ്‌ലാമിയെ മനസ്സിലാക്കാത്തത് കൊണ്ടോ അരിശം തീര്‍ക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധികൊണ്ടോ അല്ലെങ്കില്‍ ഇരുട്ട് കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നത് കൊണ്ടോ സംഭവിക്കുന്ന വിലയിരുത്തലുകളാണിതെല്ലാം.
സാമൂഹിക സേവനവും മനുഷ്യസ്‌നേഹവും പൊതുപ്രവര്‍ത്തനവും രാഷ്ട്രീയവും വീടും കുടുംബവും ആരാധനകളും പ്രാര്‍ഥനകളുമെല്ലാം കൂടിച്ചേരുമ്പോഴാണ് മനുഷ്യജീവിതം സര്‍ഗാത്മകവും നനവുള്ളതുമാകുന്നത്. ജമാഅത്തെ ഇസ്‌ലാമി വളരെ നേരത്തെത്തന്നെ ഇത് തിരിച്ചറിയുകയും അതിനനുസരിച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെയാണെങ്കിലും മറ്റു മതസംഘടനകളും ഇതേ വഴിയിലൂടെ സഞ്ചരിക്കാന്‍ മുന്നോട്ട് വരുന്നത് ഏറെ സന്തോഷത്തോടെ നോക്കിക്കാണുകയും അവരെ അതിന്റെ പേരില്‍ പ്രശംസിക്കുകയും ആശീര്‍വദിക്കുകയും ചെയ്യാന്‍ ജമാഅത്തെ ഇസ്‌ലാമി ഒരു പിശുക്കും കാണിക്കുന്നില്ല. ഇസ്‌ലാമിക പ്രസ്ഥാനം മനുഷ്യ ജീവിതവുമായി ബന്ധപ്പെടുന്ന എല്ലാ വിഷയങ്ങളിലും ഇടപെടുകയും അതിന് ആവശ്യമായ വേദികളും കൂട്ടായ്മകളും ഉണ്ടാക്കുകയും അവ നടത്തിക്കൊണ്ടു പോവുകയും ചെയ്യുന്നുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം അറിയുന്ന ഏതൊരാള്‍ക്കും അറിയാവുന്നതുമാണിത്. എസ്.ഐ.ഒ, ജി.ഐ.ഒ, വനിതാ വിഭാഗം, സോളിഡാരിറ്റി തുടങ്ങിയ പോഷക സംഘടനകളും എഫ്.ഡി.സി.എ, ജസ്റ്റീഷ്യ, എത്തിക്കല്‍ മെഡിക്കല്‍ ഫോറം തുടങ്ങിയ പൊതുവേദികളും പ്രബോധനം, ആരാമം, മലര്‍വാടി, മാധ്യമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ഏറ്റവുമൊടുവില്‍ നിലവില്‍ വന്ന രാഷ്ട്രീയ പാര്‍ട്ടിയുമെല്ലാം രൂപപ്പെട്ടത് അങ്ങനെയാണ്.
പുറമെ ഒരു മുഖവും അകമേ മറ്റൊന്നും വെച്ച് കപടനാടകം കളിക്കേണ്ട ആവശ്യം മറ്റാര്‍ക്കൊക്കെ ഉണ്ടായാലും ജമാഅത്തിന് അങ്ങനെ ചെയ്യേണ്ട കാര്യമില്ല. കാരണം, ജമാഅത്ത് സുതാര്യതയുള്ള പ്രസ്ഥാനമാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തെപ്പോലെ പ്രസിദ്ധപ്പെടുത്തിയ ഒരു ഭരണഘടനയും സുതാര്യമായ പ്രവര്‍ത്തന രൂപരേഖയുമുള്ള സംഘടനകള്‍ ജനാധിപത്യ ഇന്ത്യയില്‍ അപൂര്‍വമായിരിക്കും. മാത്രമല്ല, നിഗൂഢമായ പ്രവര്‍ത്തനങ്ങളിലോ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങളിലോ ക്രിമിനല്‍ കേസുകളിലോ പ്രതി ചേര്‍ക്കപ്പെടാത്ത ഒരൊറ്റ സംഘടനയും ഇല്ലെന്ന സ്ഥിതിവിശേഷം സംജാതമാകുമ്പോള്‍ അവയില്‍ നിന്നൊക്കെ വ്യത്യസ്തത പുലര്‍ത്താന്‍ ജമാഅത്തിന് കഴിയുന്നു.
കാരണം, ജമാഅത്തെ ഇസ്‌ലാമി മൗലികതയുള്ള ഒരു  ആദര്‍ശ പ്രസ്ഥാനമാണ്. വിശുദ്ധ ഖുര്‍ആന്റെ ആശയ പ്രപഞ്ചത്തിന്റെ വിശാലത ഉള്‍ക്കൊള്ളുകയും പ്രവാചകന്മാരുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ രീതിശാസ്ത്രം പിന്തുടരാന്‍ കണിശത പുലര്‍ത്തുകയും ചെയ്യുന്ന ആദര്‍ശ പ്രസ്ഥാനം. ഇസ്‌ലാമിനെയാണ് ജമാഅത്ത് പ്രതിനിധീകരിക്കുന്നത്. അഥവാ, ഇസ്‌ലാമിന്റെ വര്‍ത്തമാനകാല പ്രായോഗികവത്കരണത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ വെച്ച് പുലര്‍ത്തുകയും അതിന്റെ സംസ്ഥാപനത്തിനായി രാജ്യത്തിന്റെ ഭരണഘടനയുടെയും നിയമവാഴ്ചയുടെയും പരിധിയില്‍ നിന്നുകൊണ്ട് ആവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുകയും  ചെയ്യുന്നു.
ഒരു പ്രസ്ഥാനം മൗലികമാകുന്നതോടൊപ്പം തന്നെ പ്രായോഗിക രംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുമ്പോഴാണ് അത് ജീവനുള്ളതാണെന്ന് പറയാനാവുക. മൗലികത നിലനിര്‍ത്തുകയും സന്ദര്‍ഭാനുസരണം നയനിലപാടുകളെടുക്കുകയും കാലത്തോട് സംവദിക്കുകയും സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പ്രസ്ഥാനം  പൊതുമണ്ഡലത്തില്‍ ചര്‍ച്ചചെയ്യപ്പെടുക സ്വാഭാവികമാണ്. നിലനില്‍ക്കുന്നേടത്ത് നിന്ന് ഒരടി പോലും മുന്നോട്ട് പോകാതെ 'അടിയുറച്ച്' നില്‍ക്കുന്ന ഒരു പാര്‍ട്ടിക്ക് യാതൊരു വിധ എതിര്‍പ്പുകളും നേരിടാതെ പ്രവര്‍ത്തിക്കാനാകും. മറ്റു മതസംഘടനകളും ജമാഅത്ത് ഇസ്‌ലാമിയും തമ്മിലുള്ള മൗലികമായ വ്യതിരക്തത തന്നെ ഇതാണ്.
ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ നില്‍ക്കുന്നിടത്ത് നിന്ന് ഇളകാതെ ഉറച്ചു നില്‍ക്കുകയോ, ഇനി പാരമ്പര്യത്തിന്റെ പേരില്‍ കുറച്ചുകൂടി പിറകോട്ട് പോകണമെന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യണമെന്നോ ആണ് ഇസ്‌ലാമിനെ ശത്രുപക്ഷത്ത് നിര്‍ത്തുന്നവര്‍ ആഗ്രഹിക്കുന്നത്. അതിനു വേണ്ട എല്ലാ പ്രോത്സാഹനങ്ങളും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്യും.
മിഡിലീസ്റ്റിലെ മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ചും അതിന്റെ തുടര്‍ച്ചയെക്കുറിച്ചും കേരളത്തിലെ മുസ്‌ലിം ഉല്‍പതിഷ്ണുക്കള്‍ എന്നവകാശപ്പെടുന്നവര്‍ പറഞ്ഞ അഭിപ്രായങ്ങള്‍ ആരെയാണ് സന്തോഷിപ്പിച്ചിരിക്കുക എന്നത് പ്രത്യേകം പറയേണ്ടതില്ല. ജമാഅത്ത് ഇത് നേരത്തെ തിരിച്ചറിഞ്ഞ് അതിന്റെ പ്രവര്‍ത്തന മേഖല എന്തായിരിക്കണമെന്ന് തീരുമാനിക്കുകയും സാധ്യമാകുന്ന അളവില്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മൗലികത ഇസ്‌ലാമിന്റെ തന്നെ മൗലികതയുടെ ഭാഗമാണ്. ഇത് എക്കാലത്തും കോട്ടം തട്ടാതെ നിലനിര്‍ത്തണമെന്ന് നിര്‍ബന്ധമുള്ളതോടൊപ്പം പ്രായോഗിക രംഗത്ത് കാലാനുസൃതമായ മാറ്റങ്ങളും നയനിലപാടുകളും സ്വീകരിച്ചുകൊണ്ടാണ് സമൂഹത്തില്‍ ജമാഅത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി സ്ഥാപക നേതാവ് സയ്യിദ് മൗദൂദി തന്നെ ഇതിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രായോഗികമായി കാണിച്ചു തന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ മൗലികതയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അടിസ്ഥാനവും വളരെ ഉറക്കെ പറയുമ്പോഴും പ്രായോഗിക രംഗത്ത് ഏറെ വിട്ടുവീഴ്ചകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തുന്നതില്‍ യാതൊരു വിധ പിശുക്കും അദ്ദേഹം കാണിച്ചിട്ടില്ലെന്നതിന് അദ്ദേഹത്തിന്റെ ജീവിതം തന്നെ സാക്ഷ്യമാണ്.
ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ അതിന്റെ സ്വഭാവവും പ്രകൃതവും എന്താവണം, എന്താവരുത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവരുമല്ല ഇത്തരം സന്ദേഹങ്ങള്‍ ഉയര്‍ത്തുന്നവര്‍. ജമാഅത്തെ ഇസ്‌ലാമി ഒരു സമ്പൂര്‍ണ ഇസ്‌ലാമിക പ്രസ്ഥാനമാണ്. അതിന് കൈകാര്യം ചെയ്യാനുള്ളത് രാഷ്ട്രീയം മാത്രവുമല്ല. 90 ശതമാനത്തിലധികം മുസ്‌ലിംകളുള്ളതും സാമുദായിക വികാരം രാഷ്ട്രീയായുധമാക്കപ്പെടുകയും ചെയ്യുന്ന പാകിസ്താനിലും ബംഗ്ലാദേശിലും പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി സ്വന്തം പേരില്‍ തന്നെ രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ നിങ്ങളെന്തിന് പേരു മാറ്റി കപട രാഷ്ട്രീയം പയറ്റുന്നു എന്ന് പറയുന്നവര്‍ അതിന്റെ സാമാന്യ യുക്തി കൂടി വിശദീകരിക്കണമായിരുന്നു. അതോടൊപ്പം മുസ്‌ലിം സമൂഹത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മറ്റു പല ഇസ്‌ലാമിക പ്രസ്ഥാനങ്ങളും പ്രായോഗിക രാഷ്ട്രീയ രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ എന്ന നിലയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവത്കരിച്ച് മുന്നോട്ട് പോകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈജിപ്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ രൂപവത്കരിച്ച ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി. തുര്‍ക്കിയില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച എ.കെ പാര്‍ട്ടി പത്ത് വര്‍ഷത്തോളമായി വിജയകരമായി തുടരുന്ന മികച്ച പ്രായോഗിക മാതൃകയാണ്.
ജമാഅത്ത് മുന്‍കൈ എടുത്ത് രൂപവത്കരിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടി സാമുദായിക മുഖമുള്ള പാര്‍ട്ടിയാകണമെന്ന് അത് ആഗ്രഹിക്കുന്നില്ല. മുസ്‌ലിം സമുദായത്തിന്റേതുള്‍പ്പെടെ രാജ്യനിവാസികളുടെ പുരോഗതിയും വിജയവും ലക്ഷ്യം വെച്ച് കൊണ്ടാണ് ഇത് പിറന്ന് വീണിട്ടുള്ളത്. സാമുദായിക പ്രശ്‌നങ്ങള്‍ കേവല സാമുദായിക പ്രശ്‌നമെന്നതിലുപരി പൗരാവകാശമായി ഉയര്‍ത്തിക്കൊണ്ട് വരികയും പരിഹാരങ്ങള്‍ കാണാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി അതിന്റെ പ്രവര്‍ത്തന രീതിയായി സ്വീകരിക്കുക എന്ന് അതിന്റെ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, 80 ശതമാനത്തിലധികം മുസ്‌ലിമേതര ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഒരു രാജ്യത്ത് അവരുടെ വിശ്വാസമാര്‍ജിച്ചെടുക്കാതെയും അവര്‍ക്ക് വേണ്ടി നിലകൊള്ളാതെയും മുന്നോട്ട് പോകാനാവില്ല.
സാമുദായിക ഇഷ്യൂകള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ പ്രാദേശിക പരിമിതികള്‍ മറികടന്ന് ഉയര്‍ന്നുനില്‍ക്കാനാകില്ലെന്നതിന് കേരളത്തില്‍ മുസ്‌ലിം ലീഗ് തന്നെ ഏറ്റവും നല്ല ഉദാഹരണം. പേര് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് എന്നാണെങ്കിലും മലപ്പുറം ജില്ലക്കപ്പുറവും ഇപ്പുറവും അവര്‍ക്ക് കാര്യമായ സ്വാധീനമില്ലെന്ന് ച രിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അവര്‍ തെളിയിച്ചിരിക്കുന്നു. ആസ്സാമിലെ അത്തര്‍ രാജാവ് അജ്മലിന്റെ പാര്‍ട്ടിക്കും ഏതാനും നിയോജക മണ്ഡലങ്ങള്‍ക്കപ്പുറം അവരുടെ പ്രവര്‍ത്തന വൃത്തം വര്‍ധിപ്പിക്കാനായിട്ടില്ല. ഹൈദരാബാദിലെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന സാമുദായിക പാര്‍ട്ടിയും അപ്രകാരം തന്നെ. ഇത്തരം സാമുദായിക പരീക്ഷണക്കളരിയിലേക്ക് പിന്നെയും ധാരാളം പാര്‍ട്ടികള്‍ പല പേരിലും കോലത്തിലും പിറന്നു വീണുകൊണ്ടിരിക്കുന്നു. ഈ പരീക്ഷണ വേദിയിലേക്ക് മറ്റൊരു ഭാരം കൂടി ചാര്‍ത്തിക്കൊണ്ടല്ല വെല്‍ഫെയര്‍ പാര്‍ട്ടി പിറന്നിരിക്കുന്നത്.
നമ്മുടെ രാജ്യത്ത് പ്രയാസങ്ങളും ദുരിതങ്ങളും പേറി ജീവിതത്തിന്റെ കയ്പുനീര്‍ കുടിച്ചു കഴിയുന്ന കോടിക്കണക്കിന് പാവങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ഥമായി ശബ്ദിക്കുകയും, ഭരണകൂട ഭീകരതകളും അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളുമില്ലാത്ത ഒരു രാജ്യത്തെ സ്വപ്നം കാണുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ക്ക് നിറം പകരുകയും ചെയ്യുന്ന ഒരു നല്ല നാളേക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ജമാഅത്ത് പ്രതീക്ഷിക്കുന്നത്. അത് എത്രത്തോളം പ്രായോഗികമാണെന്ന് കേരളത്തിന്റെ ഇട്ടാവട്ടത്തില്‍ നിന്ന് മാത്രം ചിന്തിക്കേണ്ട വിഷയമല്ല. കേരളത്തില്‍ മുസ്‌ലിം ലീഗിന്റെ കുടക്കീഴില്‍ അണിനിരന്ന മതസംഘടനകളെല്ലാം ഒരുമിച്ച് എതിര്‍ത്ത് തോല്‍പിക്കാന്‍ നോമ്പ് നോറ്റിരിക്കുന്ന സാഹചര്യം ഇന്ത്യയിലൊട്ടാകെ നിലനില്‍ക്കുന്നുവെന്നത് അബദ്ധധാരണയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രഖ്യാപന സമ്മേളനത്തില്‍ തന്നെ മുസ്‌ലിം സമുദായത്തിലെ സലഫികള്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്നുവെന്നത് തന്നെ അതിന്റെ ഏറ്റവും നല്ല തെളിവാണ്. കേരളത്തിലെ എതിര്‍പ്പുകള്‍ ജമാഅത്തിന് അഖിലേന്ത്യാ തലത്തില്‍ നേരിടേണ്ടിവരുന്നില്ലെന്ന് മാത്രമല്ല, മുസ്‌ലിം സമൂഹത്തിന്റെ നേതൃപരമായ റോള്‍ നിര്‍വഹിക്കുക കൂടി ചെയ്യുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ സാഹചര്യം എക്കാലത്തും കേരളത്തില്‍ നിലനില്‍ക്കുമെന്ന ധാരണ തികഞ്ഞ മൗഢ്യമാണ്.
ഒരു ബഹുസ്വര സമൂഹം സര്‍ഗാത്മകമാകുന്നത് വൈവിധ്യങ്ങളും ബഹുവര്‍ണങ്ങളും പരസ്പരം അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോഴാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഈ ഉള്‍ക്കൊള്ളലും തിരിച്ചറിവും വേണ്ടപോലെ ഇല്ലാത്തതിന്റെ എല്ലാ പോരായ്മകളും നിലനില്‍ക്കുന്നു. ഇന്ത്യന്‍ ബഹുസ്വരതയുടെ സവിശേഷത വളരെ നേരത്തെ തിരിച്ചറിഞ്ഞ് അതിനനുസൃതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ജമാഅത്ത് എന്നും മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. ഒരു ബഹുസ്വര സമൂഹത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നതിന്റെ പ്രായോഗികത കൂടിയാണ് സോളിഡാരിറ്റിയും വെല്‍ഫെയര്‍ പാര്‍ട്ടിയുമെല്ലാം. അതിനെ കാപട്യവും നാടകവുമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ടായാലും ഗുണകാംക്ഷ കൊണ്ടല്ലെന്നത് വ്യക്തം.

abdulhakeemvadwi@gmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം