Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 03

കെ.പി മൂസ പുലാപ്പറ്റ

ഇ.പി അബ്ദുല്ല

കെ.പി മൂസ പുലാപ്പറ്റ

പുലാപ്പറ്റയിലെ കെ.പി മൂസ സാഹിബും അദ്ദേഹത്തിന്റെ സഹധര്‍മിണി ആരിഫ ടീച്ചറും  അടുത്തടുത്ത ദിവസങ്ങളിലാണ് അല്ലാഹുവിങ്കലേക്ക് യാത്രയായത്.

പാലക്കാട് ജില്ലയിലെ ഉള്‍പ്രദേശമായിരുന്ന പുലാപ്പറ്റയില്‍ ഒരുകാലത്ത് മുസ്‌ലിംകള്‍ പൊതുവെ ദരിദ്രരും വിദ്യാഭ്യാസം ലഭിക്കാത്തവരുമായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവിടെയും നിലനിന്നു. അറുപതുകളുടെ തുടക്കത്തില്‍ ഉല്‍പതിഷ്ണു പ്രസ്ഥാനത്തിന്റെയും പുരോഗമന ചിന്തയുടെയും ശബ്ദങ്ങള്‍ക്ക് ചെവി കൊടുത്ത ഏതാനും യുവാക്കള്‍ ഇവിടെ വളര്‍ന്നുവന്നു. അവരുടെ മുന്‍പന്തിയിലായിരുന്നു മൂസാ സാഹിബ്.

ജില്ലയിലെ ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകരില്‍ ഒരാളായ കോങ്ങാട്ടെ ആലിക്കുട്ടി സാഹിബ് മുഖേനയാണ് പ്രസ്ഥാനത്തിന്റെ സന്ദേശം പുലാപ്പറ്റയില്‍ എത്തിയത്. ജമാഅത്ത് നേതാക്കളായ എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയും ഇസ്സുദ്ദീന്‍ മൗലവിയും പലപ്പോഴായി പ്രദേശം സന്ദര്‍ശിച്ചു. 1960-കളുടെ ആദ്യ പകുതിയില്‍ തന്നെ മുത്തഫിഖ് ഹല്‍ഖ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. അതിനിടെ മൂസാ സാഹിബ് മിലിട്ടറിയില്‍ ചേര്‍ന്നു. സൈനികനായിരുന്ന കാലയളവിലും സാധ്യമായേടത്തോളം പ്രസ്ഥാന ബന്ധം നിലനിര്‍ത്തി.

നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം പൂര്‍വാധികം ഉത്സാഹത്തോടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. പ്രദേശത്തെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ശാന്തപുരം, വാടാനപ്പള്ളി, തിരൂര്‍ക്കാട്, ആലുവ എന്നിവിടങ്ങളിലെ ഇസ്‌ലാമിക കലാലയങ്ങളില്‍ പ്രവേശനം നേടിക്കൊടുത്തു. തല്‍ഫലമായി ഇന്ന് ഇസ്‌ലാമിക വിദ്യാഭ്യാസം നേടിയ അനേകം യുവാക്കള്‍ സ്വദേശത്തും വിദേശത്തും പ്രവര്‍ത്തിച്ചുവരുന്നു. വാടാനപ്പള്ളി കോളേജില്‍ രണ്ടു വര്‍ഷം വാര്‍ഡനായി മൂസ സാഹിബ് സേവനമനുഷ്ഠിച്ചു.

പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ പ്രദേശത്ത് പള്ളിയും മദ്‌റസയും വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നപ്പോള്‍ അദ്ദേഹത്തിന്റെ നിരന്തര ശ്രമം അതിനു വേണ്ടിയായി. ഉമ്മനഴി ബസാറില്‍ സ്ഥലമെടുത്ത് ജുമാ മസ്ജിദ്, മദ്‌റസ, ഷോപ്പിംഗ് കോംപ്ലക്‌സ്, സി.കെ നഗറില്‍ നമസ്‌കാര പള്ളി എന്നിവ സ്ഥാപിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.

ഏതാനും വര്‍ഷങ്ങള്‍ മൂസ സാഹിബ് ഏരിയാ ഓര്‍ഗനൈസറായി സേവനം ചെയ്തു. മൂന്ന് പതിറ്റാണ്ട് കാലം പുലാപ്പറ്റ, കല്ലടിക്കോട്, വാഴമ്പുറം, മുണ്ടൂര്‍, പറളി, മങ്കര എന്നിവിടങ്ങളില്‍ ചുറ്റി സഞ്ചരിച്ച് പ്രബോധനം വിതരണം നടത്തിയത് അദ്ദേഹം തനിച്ചായിരുന്നു. നിരന്തര ബന്ധത്തിലൂടെയും സംവാദങ്ങളിലൂടെയും ഒട്ടനവധി പേരെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചു. പുലാപ്പറ്റയില്‍ ഹല്‍ഖ ശക്തിപ്പെടുത്തിയതിനു പുറമെ യുവാക്കളെയും വിദ്യാര്‍ഥികളെയും സംഘടിപ്പിച്ച് സോളിഡാരിറ്റി-എസ്.ഐ.ഒ യൂനിറ്റുകള്‍ രൂപീകരിക്കുന്നതിലും അദ്ദേഹം ശ്രദ്ധ പുലര്‍ത്തി. മാങ്കുറുശ്ശി, പത്തിരിപ്പാല ഹല്‍ഖകളുടെ രൂപീകരണത്തിലും മൂസ സാഹിബിന്റെ പങ്ക് വലുതാണ്. കോണിക്കഴിയില്‍ 'കരുണ ഭവന്‍' സെന്ററും അദ്ദേഹത്തിന്റെ ശ്രമഫലമായി സ്ഥാപിതമായി.

മാധ്യമത്തിനു വേണ്ടിയുള്ള ധനസമാഹരണത്തിലും, പത്രം ഇറങ്ങിയപ്പോള്‍ പുലാപ്പറ്റയിലും പരിസര പ്രദേശങ്ങളിലും അതിന്റെ പ്രചാരണത്തിലും അദ്ദേഹം ശ്രദ്ധ പുലര്‍ത്തി. മീഡിയ വണ്ണിനു വേണ്ടി ഷെയറുകള്‍ സമാഹരിക്കുന്ന സമയത്ത് രോഗിയായി കഴിഞ്ഞിരുന്നെങ്കിലും തന്റെ സഹജമായ ചുറുചുറുക്കോടെ തന്നെ അദ്ദേഹം മുന്നിട്ടിറങ്ങുകയുണ്ടായി.

ഏതാനും വര്‍ഷങ്ങളായി രോഗങ്ങള്‍ കാരണം തികച്ചും ക്ഷീണിതനായിരുന്നു. പക്ഷേ, തന്നെ സന്ദര്‍ശിക്കുന്ന ആരോടും തന്റെ വിഷമതകളെക്കുറിച്ച് അധികം സംസാരിച്ചില്ല. പ്രസ്ഥാനം, മഹല്ല്, പാര്‍ട്ടി ഉള്‍പ്പെടെയുള്ള പൊതു കാര്യങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും സംസാരവുമൊക്കെ.

വിഷമതകള്‍ അനുഭവിക്കുന്നവരെ ജാതി-മത പരിഗണനകളില്ലാതെ അദ്ദേഹം രഹസ്യമായും പരസ്യമായും സഹായിച്ചു. അദ്ദേഹത്തിന്റെയും പത്‌നിയുടെയും മരണ ദിവസങ്ങളില്‍ വീട് സന്ദര്‍ശിച്ച നാനാ മതസ്ഥരായ നൂറു കണക്കിനാളുകള്‍ അതിന്റെ സാക്ഷ്യമാണ്. അല്ലാഹു അവരുടെ കര്‍മങ്ങള്‍ക്ക് തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ- ആമീന്‍.

ഇ.പി അബ്ദുല്ല

ചേറ്റൂര്‍ രാധാകൃഷ്ണന്‍

സൗഹൃദവേദി ചെയര്‍മാനും പാലക്കാട്ടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്നു ചേറ്റൂര്‍ രാധാകൃഷ്ണന്‍. സൗഹൃദത്തിനും സംഗീതത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് നികത്താന്‍ കഴിയാത്തതാണ്. ജില്ലയില്‍ ഇടക്കിടെ ഉണ്ടാവുന്ന അസ്വസ്ഥതകളും ഭിന്നതകളും ഇല്ലായ്മ ചെയ്യാന്‍ മരണം വരെ പരിശ്രമിച്ചു. പ്രസ്ഥാന നേതൃത്വവുമായും പ്രവര്‍ത്തകരുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനത്തെ അതിയായി സ്‌നേഹിച്ചിരുന്നു. ക്ഷണിക്കുന്ന എല്ലാ പരിപാടികളിലും  പങ്കെടുക്കാറുണ്ടായിരുന്നു. സാമൂഹിക സൗഹാര്‍ദം നിലനിര്‍ത്തുന്നതിനായി  പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളോട് അങ്ങേയറ്റത്തെ മതിപ്പും ബഹുമാനവും കാത്തുസൂക്ഷിക്കുകയും, കിട്ടാവുന്ന പൊതുവേദികളില്‍, അത് തുറന്നുപറയുകയും ചെയ്യുമായിരുന്നു. മുമ്പൊരിക്കല്‍ മുസ്‌ലിംലീഗ് മണ്ണാര്‍ക്കാട് സംഘടിപ്പിച്ച മതസൗഹാര്‍ദ സമ്മേളനത്തില്‍ ഇത് പറയുകയും ആയത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. പ്രസ്ഥാനവുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധം ഇഷ്ടപ്പെടാത്ത ചിലര്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചപ്പോള്‍ അവരോട് അദ്ദേഹം  പറഞ്ഞത്, 'അവരെക്കുറിച്ച് നിങ്ങളുടേത് കേട്ടറിവും എന്റേത് അനുഭവിച്ചറിവുമാണ്' എന്നാണ്.

കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി സൗഹൃദവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിപ്പോന്ന അദ്ദേഹത്തിന്റെ അഭാവം സൗഹൃദ വേദിയെ സംബന്ധിച്ചേടത്തോളം തീരാനഷ്ടമാണ്.

സുലൈമാന്‍ പാലക്കാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 3,4
എ.വൈ.ആര്‍