Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 03

ക്രിയാത്മക മനസ്സോടെ പ്രവര്‍ത്തിക്കുക

മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ /കുറിപ്പ്

         ആത്മീയതയുടെ മറ്റൊരു പേരാണ് പ്രാര്‍ഥന. ആത്മീയതയും സമാധാനവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ആത്മീയത സമാധാനത്തിന്റെ ഉള്ളടക്കമാണ്. സമാധാനമാവട്ടെ ആത്മീയതയുടെ ബാഹ്യമായ വെളിപ്പെടുത്തലും. എവിടെ സമാധാനമുണ്ടോ അവിടെ ആത്മീയതയുണ്ട്. എവിടെ ആത്മീയതയുണ്ടോ അവിടെ സമാധാനവുമുണ്ട്. രണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.

2011 ജൂണില്‍ ഞാന്‍ അമേരിക്കയില്‍ സന്ദര്‍ശനത്തിലായിരുന്നപ്പോള്‍ ഫിലാദല്‍ഫിയയിലെ ക്രിസ്ത്യന്‍ പള്ളി അധികാരികള്‍ 'ഇസ്‌ലാമും സമാധാനവും' എന്ന വിഷയത്തെക്കുറിച്ച് ഒരു പ്രഭാഷണത്തിന് എന്നെ ക്ഷണിച്ചു. ഇസ്‌ലാമിന്റെ നിയമങ്ങള്‍ക്കനുസരിച്ച് സമാധാനം പരമമായ ഒരു നന്മയാണെന്നായിരുന്നു എന്റെ പ്രഭാഷണത്തിന്റെ സാരാംശം. മതത്തിന്റെയും മതനിരപേക്ഷതയുടെയും മേഖലകളില്‍ സമാധാനമില്ലാതെ ഒരു പുരോഗതിയും ഉണ്ടാവുകയില്ല.

എന്റെ പ്രഭാഷണത്തിന്റെ അവസാനത്തില്‍ ഒരു ക്രിസ്തീയ പണ്ഡിതന്‍ എന്നോട് ചോദിച്ചു: ''യേശുക്രിസ്തു ഒരിക്കല്‍ പറഞ്ഞു: നിങ്ങളുടെ ശത്രുവിനെ സ്‌നേഹിക്കുക.' ഇത് ഏറ്റവും ഉന്നതമായ ഒരു നൈതിക മൂല്യമാണ്.'' പിന്നീട് അദ്ദേഹം ചോദിച്ചത് ഇത്തരത്തിലുള്ള ഒരു ഇസ്‌ലാമികാധ്യാപനം ഇസ്‌ലാമിന്റെ വേദഗ്രന്ഥത്തില്‍ നിന്ന് ഉദ്ധരിക്കാന്‍ കഴിയുമോ എന്നായിരുന്നു. ആ മാന്യന്റെ സന്തോഷകരമായ ആശ്ചര്യത്തിലേക്കായി ഞാന്‍ പറഞ്ഞു: ''ഉണ്ട്.'' എന്നിട്ട് ഖുര്‍ആനിലെ 41-ാമത്തെ അധ്യായത്തിലെ ഒരു വചനം ഞാന്‍ പാരായണം ചെയ്തു. ശത്രുതയെ അഭിമുഖീകരിക്കുമ്പോള്‍ ഒരാള്‍ എന്തു ചെയ്യണമെന്നാണ് ആ വചനത്തില്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെയുള്ള അവസരങ്ങളില്‍ ഖുര്‍ആന്‍ പറയുന്നത്, നിഷേധാത്മക മറുപടിയെക്കാള്‍ ക്രിയാത്മക മറുപടിയാണ് നാം നല്‍കേണ്ടത് എന്നാണ്.

''നന്മയും തിന്മയും സമമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മ കൊണ്ട് തടുത്തുകൊള്ളുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ വര്‍ത്തിക്കുന്നവന്‍ ആത്മമിത്രത്തെപ്പോലെ ആയിത്തീരും'' (41:34).

ഈ ഖുര്‍ആന്‍ വചനമനുസരിച്ച് ഒരു ശത്രു എന്നന്നേക്കുമുള്ള ശത്രുവല്ല. പ്രകൃതി നിയമത്തോടൊത്ത് പോകുമ്പോള്‍ നിങ്ങളുടെ ശത്രു സംഭാവ്യമായ ഒരു സുഹൃത്താണ്. അതുകൊണ്ട് ഈ സംഭാവ്യതയെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുക. ഖുര്‍ആനികാധ്യാപനമനുസരിച്ച് ഞങ്ങള്‍- അവര്‍ എന്ന ആശയം തെറ്റാണ്. നമ്മള്‍-നമ്മള്‍ എന്ന ആഭിമുഖ്യത്തിലധിഷ്ഠിതമാവണം ബന്ധങ്ങള്‍. സുഹൃദ്ബന്ധം ഒരു സ്വാഭാവിക പ്രതിഭാസമാണ്; ശത്രുത എന്നത് അസ്വാഭാവികവും. ശത്രുത എല്ലായ്‌പ്പോഴും തെറ്റിദ്ധാരണകളുടെ ബഹിര്‍ഗമനമാണ്. ഏകപക്ഷീയമായ നൈതികതയുടെ ഉന്നതതലങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ക്ക് തെറ്റിദ്ധാരണകളെ ഒഴിവാക്കാം. അപ്പോള്‍ ശത്രുതയേയില്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.

ക്രിയാത്മക ചിന്ത എല്ലാ ഉന്നത മൂല്യങ്ങളുടെയും അടിസ്ഥാനമാണ്. ആരോഗ്യകരവും ക്രിയാത്മകവുമായ  വ്യക്തിത്വം ഉണ്ടാക്കിയെടുക്കാന്‍ ക്രിയാത്മകമായ മനസ്സ് ആവശ്യമാണ്. ക്രിയാത്മകമായ ചിന്തയില്ലാതെ ബൗദ്ധിക വളര്‍ച്ച അസാധ്യമാണ്. നമ്മുടെ പ്രായോഗിക ജീവിതത്തില്‍ അസന്തുഷ്ടമായ അനുഭവങ്ങള്‍ എന്തുകൊണ്ട് എന്ന ചോദ്യമുണ്ട്. ഇവ ഏതു സമയത്തും സംഭവിക്കാം. ചിലപ്പോള്‍ നമ്മെ പ്രകോപിപ്പിക്കുന്ന കാഴ്ചകളും ഉണ്ടാകും. അങ്ങനെയുള്ള സംഭവങ്ങള്‍ പുരുഷനിലും സ്ത്രീയിലും നിഷേധാത്മക ചിന്തയുടെ ശൃംഖല തന്നെയുണ്ടാക്കും. അങ്ങനെയുള്ള ഒരവസരത്തില്‍ അസന്ദിഗ്ധത എങ്ങനെ നിലനിര്‍ത്തും? നിഷേധാത്മക ചുറ്റുപാടിലുള്ള ജീവിതമാണ് അവന് തെരഞ്ഞെടുക്കാനുള്ളത്. എങ്ങനെയായാലും ക്രിയാത്മക വ്യക്തിത്വം അവന് സ്വായത്തമാക്കേണ്ടതുണ്ട്. എന്താണ് പരിഹാരം?

മാനസാന്തരത്തിന്റെ കല അഭ്യസിക്കുകയാണ് പരിഹാരം. നിഷേധാത്മകമായ അവസരത്തിലും ക്രിയാത്മകമായി ജീവിക്കാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടത്. ഇത് വളരെ ബുദ്ധിമുട്ടുള്ള പ്രവൃത്തിയാണ് എന്നു തോന്നാം. പക്ഷേ യഥാര്‍ഥത്തില്‍ അങ്ങനെയല്ല. അപാരമായ കഴിവുകളുള്ള മനസ്സാണ് ദൈവം നമുക്ക് നല്‍കിയിട്ടുള്ളത്. ഒരു തത്ത്വചിന്തകന്‍ പറഞ്ഞിട്ടുണ്ട്: ''ഈ വൈരുധ്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള വലുപ്പം എനിക്കുണ്ട്.'' അതുകൊണ്ട് നിങ്ങളുടെ മനസ്സിനെ ഉപയോഗപ്പെടുത്തി വ്യത്യസ്തതകളെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുകതന്നെ വേണം. പശു തിന്നുന്ന പുല്ല് അതിന് പാലാക്കി മാറ്റാന്‍ കഴിയുമെങ്കില്‍, പശുവിനെക്കാള്‍ നൂറുകോടി തവണ വളര്‍ച്ച പ്രാപിച്ച മനുഷ്യന് എന്തുകൊണ്ട് നിഷേധാത്മകതയെ ക്രിയാത്മകതയായി മാറ്റാന്‍ കഴിയില്ല? ആദ്യം മനുഷ്യന് നിഷേധാത്മകതയെ ക്രിയാത്മകതയാക്കി മാറ്റാന്‍ കഴിയും എന്ന് സമ്മതിക്കുക. എന്നിട്ട് നിഷേധാത്മകമായ ചുറ്റുപാടില്‍ ക്രിയാത്മക മനസ്സോടെ ജീവിക്കുക.

ഇതാണ് പ്രാര്‍ഥനയുടെ സാരാംശം. ഇത് ആത്മീയതയുടെ സത്താണ്. വ്യക്തിപരവും സാമൂഹികവുമായ സമാധാനമുള്ള ഒരു ജീവിതത്തിന്റെ രഹസ്യമിതാണ്.

മൊഴിമാറ്റം: മുസ്ത്വഫ കളത്തില്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 3,4
എ.വൈ.ആര്‍