Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 03

സുബൈറിന് പ്രഫ. ദീപക് ഭട്ട് അവാര്‍ഡ്

ദേശീയം

സുബൈറിന് 
പ്രഫ. ദീപക് ഭട്ട് അവാര്‍ഡ് 

'ഇന്ത്യന്‍ അക്കാദമി ഓഫ് അപ്ലൈഡ് സൈക്കോളജി' തിരുപ്പതി ശ്രീപത്മാവതി കോളേജില്‍ സംഘടിപ്പിച്ച 50-ാമത് അന്തര്‍ദേശീയ സെമിനാറില്‍ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള 'പ്രഫ. ദീപക് ഭട്ട് അവാര്‍ഡ്' എസ്.ഐ.ഒ തമിഴ്‌നാട് സംസ്ഥാന സമിതിയംഗം എം. സുബൈറിന് ലഭിച്ചു. 'ആരോഗ്യം, തൊഴില്‍, നേതൃശേഷി എന്നിവയില്‍ ആത്മീയതയും അപ്ലൈഡ് സൈക്കോളജിയും നല്‍കിയ സംഭാവനകള്‍' എന്ന വിഷയത്തില്‍ അന്തര്‍ദേശീയ തലത്തില്‍ നിരവധി പ്രബന്ധങ്ങള്‍ സെമിനാറില്‍ സമര്‍പ്പിക്കപ്പെടുകയുണ്ടായി. 'മാനസിക സുസ്ഥിതിയും മതബോധവും മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍' എന്ന വിഷയത്തിലാണ് സുബൈറിന്റെ പ്രബന്ധം. വിശുദ്ധ ഖുര്‍ആനും ഇസ്‌ലാമിക അനുഷ്ഠാനങ്ങളും മുസ്‌ലിം സ്ത്രീകളുടെ പെരുമാറ്റ രീതികളെയും മാനസിക സുസ്ഥിതിയെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്തത്. 147 സ്ത്രീകള്‍ ഗവേഷണത്തില്‍ പങ്കാളികളായി. മുസ്‌ലിം സ്ത്രീകളില്‍ സംതൃപ്തിയും ആത്മവിശ്വാസവും വളര്‍ത്തുന്നതിലും ആയാസവും (stress) നിരാശയും (depression) കുറയ്ക്കുന്നതിലും ഇസ്‌ലാമിക ജീവിതരീതി വലിയ പങ്കുവഹിക്കുന്നതായി പഠനം തെളിയിക്കുന്നു. സമാന സ്വഭാവമുള്ള പ്രബന്ധത്തിന് ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയില്‍ നടന്ന മറ്റൊരു ദേശീയ സെമിനാറിലും സുബൈര്‍ അവാര്‍ഡിന് അര്‍ഹനായിരുന്നു. എം.എസ്.എസി, എം.ഫില്‍ (അപ്ലൈഡ് സൈക്കോളജി) യോഗ്യതയുള്ള സുബൈര്‍ നല്ലൊരു പരിശീലകനുമാണ്.  

ഇര്‍ഫാന്‍ ഖാദിരി വിടവാങ്ങി

ഗുജറാത്തിലെ പത്രപ്രവര്‍ത്തന -വിദ്യാഭ്യാസ മേഖലകളില്‍ സജീവമായിരുന്ന ഇര്‍ഫാന്‍ ഖാദിരി(40) അന്തരിച്ചു. ഖബറേന്‍ ആജ്തക് ടി.വി ചാനലും അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കുന്നതിലും തുടര്‍ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്ന ഖാദിരി, ഗുജറാത്ത് മുസ്‌ലിം റൈറ്റേഴ്‌സ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഗുജറാത്തിലെ രാജ് കോട്ടില്‍ നടന്ന  അക്കാദമിയുടെ ഏഴാമത് വാര്‍ഷിക സമ്മേളനത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. മുസ്‌ലിം മാധ്യമങ്ങള്‍ക്കെതിരിലുള്ള പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതില്‍ ഊര്‍ജസ്വലനായി നിലകൊണ്ട യുവ നേതാവായിരുന്നു അദ്ദേഹം. ജുനാഗഡ് ജില്ലയിലെ മന്‍ഗറോള്‍ സ്വദേശിയായ അദ്ദേഹം പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലും പങ്കാളിയായിരുന്നു.  

ആമിര്‍ സുബ്ഹാനി 
ബിഹാര്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി

ബിഹാറിലെ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ആമിര്‍ സുബ്ഹാനിയെ സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. പൊതു ഭരണവകുപ്പിന്റെ അധികച്ചുമതലയും അദ്ദേഹത്തിനു തന്നെയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറാണ് പുതിയ നിയമനം പ്രഖ്യാപിച്ചത്.  

സ്വര്‍ണ ലാഹരിയുടെ 
ഖുര്‍ആന്‍ പാരായണ മികവ്

വിജയവാഡയില്‍ നടന്ന, കുട്ടികള്‍ക്കു വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ കെ. സ്വര്‍ണ ലാഹരിയെന്ന പതിനൊന്നു വയസ്സുകാരി ഹിന്ദു പെണ്‍കുട്ടി ശ്രദ്ധ നേടി. 200 മുസ്‌ലിം കുട്ടികള്‍ക്കിടയില്‍ പ്രാഥമിക റൗണ്ടില്‍ വിജയം നേടി അവസാന 20 പേരില്‍ ഇടം പിടിച്ച സ്വര്‍ണ, മുസ്‌ലിം രക്ഷിതാക്കളെയും കുട്ടികളെയും വിധി കര്‍ത്താക്കളെയും അത്ഭുതപ്പെടുത്തി. പൂര്‍ണതയോടെ മനോഹരമായാണ് സ്വര്‍ണ ഖുര്‍ആന്‍ പാരായണം ചെയ്തത്. ഖുര്‍ആന്‍ പാരായണത്തിലുള്ള സ്വര്‍ണയുടെ താല്‍പര്യം രണ്ടു വര്‍ഷം മുമ്പാണ് അധ്യാപകര്‍ കണ്ടെത്തിയത്. അന്നു മുതല്‍ പ്രത്യേക ശ്രദ്ധയും പരിശീലനവും അവര്‍ സ്വര്‍ണക്ക് നല്‍കിവന്നു. ഇതിന് മുമ്പ് നടന്ന ഒരു ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയുണ്ടായി. അച്ഛന്‍ കെ. ദുര്‍ഗ പ്രസാദും അമ്മ സുജാതയും മകളുടെ കഴിവില്‍ ഏറെ അഭിമാനം കൊള്ളുന്നു. ''ഞാന്‍ ഖുര്‍ആന്‍ പാരായണം തുടരും, ക്രമേണ അതിന്റെ അര്‍ഥം മനസ്സിലാക്കാനും ശ്രമിക്കും. എന്നെ ഏറെ സഹായിച്ച അധ്യാപകര്‍ക്കാണ് ഇതിന്റെ ക്രെഡിറ്റ്''-സ്വര്‍ണ ലാഹരി പറയുന്നു.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 3,4
എ.വൈ.ആര്‍