Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 17

ആദ്യകാല പ്രവര്‍ത്തന രീതികള്‍

ടി.കെ അബ്ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്

1943ലാണ് ഹാജി സാഹിബിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ എന്ന സംഘടനാ നാമത്തിലായിരുന്നു പ്രവര്‍ത്തനത്തിന്റെ തുടക്കം. ആദ്യകാലത്ത് പ്രസ്ഥാനം സ്വീകരിച്ച പ്രവര്‍ത്തന ശൈലിയും പരിപാടികളും സംഘടനയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനരീതികള്‍ പതിനൊന്ന് ഉപശീര്‍ഷകങ്ങളില്‍ ക്രോഡീകരിക്കാം.
1. വ്യക്തിസംഭാഷണവും ചര്‍ച്ചയും
2. സ്റഡി ക്ളാസുകളും ചോദ്യോത്തരവും
3. ഖുര്‍ആന്‍ ദര്‍സ്
4. പൊതുപ്രഭാഷണം
5. മതപ്രഭാഷണ പരമ്പര
6. ഇസ്ലാമിക് സ്റഡിസര്‍ക്ക്ള്‍
7. സംസ്ഥാന-മേഖലാ സമ്മേളനങ്ങള്‍
8. സാംസ്കാരികവും വൈജ്ഞാനികവുമായ ഇടപെടലുകള്‍
9. പ്രസ്ഥാന സാഹിത്യങ്ങള്‍
10. 'പ്രബോധനം'
11. ചാര്‍ട്ടുകള്‍
പ്രസ്ഥാന വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച മറ്റൊരു പ്രധാന ഘടകമാണ് മദ്റസാ പ്രസ്ഥാനം. അതിനെക്കുറിച്ച് പറഞ്ഞു കഴിഞ്ഞല്ലോ.
വ്യക്തിസംഭാഷണവും ചര്‍ച്ചയും
ഓരോ പ്രദേശത്തെയും പ്രമുഖരായ വ്യക്തികളെ കണ്ടെത്തും. അവര്‍ ഏതു മേഖലയുമായി ബന്ധപ്പെട്ടവരാണോ അതുമായി നീതിപുലര്‍ത്താന്‍ കഴിയുന്ന ജമാഅത്ത് പ്രവര്‍ത്തകരോ നേതാക്കളോ അവരെ സന്ദര്‍ശിച്ച് പ്രസ്ഥാനത്തിന്റെ ആദര്‍ശ-ലക്ഷ്യങ്ങള്‍ വിശദീകരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യും. ആരോഗ്യകരമായ ആശയ സംവാദമായിരിക്കും അത്തരം ചര്‍ച്ചകള്‍, അല്ലാതെ, വാദപ്രതിവാദമല്ല എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഹാജിസാഹിബിന്റെ കാലത്ത് അദ്ദേഹം തന്നെയാണ്, പ്രധാനമായും പ്രമുഖ വ്യക്തികളുമായി ഇങ്ങനെ സംഭാഷണങ്ങള്‍ നടത്തിയിരുന്നത്. 'പ്രബോധനം' പ്രതിപക്ഷപത്രം പ്രസിദ്ധീകരണം ആരംഭിച്ചശേഷം അതിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്നോ നാലോ ദിവസം എടയൂരില്‍ ഉണ്ടാകുന്നതൊഴിച്ചാല്‍ ബാക്കി ദിവസങ്ങളിലെല്ലാം ഹാജിസാഹിബ് യാത്രയിലായിരിക്കും. കേരളത്തിലെ പല ഭാഗങ്ങളിലും പര്യടനം നടത്തി, വ്യക്തികളെ കണ്ട് ജമാഅത്തിനെ കുറിച്ച് സംസാരിക്കും. ആളുകളെ നേരില്‍ ചെന്നുകണ്ട് സംസാരിക്കുകയെന്നത് തന്നെ പരിവര്‍ത്തനത്തിന്റെ പ്രധാന ഹേതുവാണ്. ആ വ്യക്തിയെ പരിഗണിച്ചു, അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചു, അങ്ങനെ അദ്ദേഹം ആദരണീയനായി.... ഇത്തരം മെച്ചങ്ങളെല്ലാം ഈ സന്ദര്‍ശന സംഭാഷണങ്ങള്‍ക്കുണ്ട്. വര്‍ത്തമാനം കര്‍ക്കശമല്ലാതിരിക്കുകയും നര്‍മങ്ങളും കാര്യങ്ങളും പ്രതിപക്ഷ ബഹുമാനത്തില്‍ ചാലിച്ചെടുക്കുകയും ചെയ്തതായാല്‍ മനംമാറ്റത്തിനും ആദര്‍ശ പരിവര്‍ത്തനത്തിനും അത് വഴിവെക്കും. നന്നെച്ചുരുങ്ങിയത് പ്രസ്ഥാനത്തോട് അനുകൂല മനസെങ്കിലും ഉണ്ടായിത്തീരും. മിക്ക സംഭാഷണങ്ങളിലും ഇതാണ് അനുഭവം.
പ്രസ്ഥാനത്തിന്റെ അനുഭാവികളായിത്തീര്‍ന്നവരെ അതേ പാട്ടിന് വിടാതെ, യാത്രയിലും മറ്റും കൂടെ കൊണ്ടു നടക്കുകയും വീടുകള്‍ സന്ദര്‍ശിക്കുകയും സുഖദുഃഖങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തിപ്പോരുകയും ചെയ്യുന്നതില്‍ നേതൃസ്ഥാനത്തുള്ളവര്‍ പ്രത്യേകം താല്‍പര്യമെടുത്തിരുന്നു. തന്നോട് നേതാവിന് പ്രത്യേക സ്നേഹവാത്സല്യം ഉണ്ടെന്ന് ഓരോ പ്രവര്‍ത്തകനും തോന്നുമായിരുന്നു. പ്രസ്ഥാനവും പ്രവര്‍ത്തകനും തമ്മിലുള്ള ആത്മബന്ധത്തിന് ഇത്തരം വ്യക്തിബന്ധങ്ങള്‍ വലിയ മാറ്റു കൂട്ടിയിരുന്നു. പ്രസ്ഥാനം വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പൂര്‍വകാല മാതൃക അതേപടി നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. എങ്കിലും, അതിന്റെ ചൈതന്യം പുതിയ കാലഘട്ടത്തിലും പ്രചോദനമാകേണ്ടതാണ്.
സ്റഡിക്ളാസുകളും
ചോദ്യോത്തരവും
പ്രസ്ഥാനത്തിന് പ്രവര്‍ത്തകരൊന്നും ഇല്ലാത്ത, അപരിചിതമായ ഒരു പ്രദേശത്ത് ഒന്നോ രണ്ടോ പേരെ അഭ്യുദയകാംക്ഷികളായി ലഭിച്ചുകഴിഞ്ഞാല്‍, അവര്‍ മുന്‍കൈയെടുത്ത് ക്ഷണിക്കപ്പെട്ടവരുടെ പരിപാടികള്‍ സംഘടിപ്പിക്കും. പരിചിത വൃത്തത്തിലുള്ളവരും ക്ഷണിച്ചാല്‍ വരുന്നവരുമായ പത്തിരുപത് പേരായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. മിക്കവാറും ഹാജിസാഹിബ്, അദ്ദേഹത്തിന്റെ അഭാവത്തില്‍ സഹപ്രവര്‍ത്തകരിലാരെങ്കിലും അവിടെ സ്റഡിക്ളാസ് നടത്തും. ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്ന ഇസ്ലാം എന്താണ്, എന്തല്ല എന്ന മൌലികമായ കാഴ്ചപ്പാടും ദര്‍ശനവുമൊക്കെയാണ് അതില്‍ അവതരിപ്പിക്കുക. ചില സന്ദര്‍ഭങ്ങളില്‍ ആവശ്യാനുസാരം വൈവിധ്യമാര്‍ന്ന വിഷയാധിഷ്ഠിത സ്റഡിക്ളാസുകളും നടത്തും. അവതരണം കഴിഞ്ഞാല്‍, സദസില്‍നിന്ന് സ്വതന്ത്രവും ശക്തവുമായ ചോദ്യങ്ങള്‍ ഉണ്ടാകും. വിഷയവുമായി ഏതോ തരത്തില്‍ ബന്ധപ്പെട്ട ചോദ്യങ്ങളെല്ലാം സ്വാഗതം ചെയ്യപ്പെടും. ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങള്‍ വന്നാല്‍ ഒഴിവാക്കും. ഉദാഹരണമായി വുദുവിന്റെ ശര്‍ത്വും ഫര്‍ദും അതുമായി ബന്ധപ്പെട്ട ഫിഖ്ഹും ചിലര്‍ ചോദിച്ചെന്നിരിക്കും. അതൊന്നും ഇവിടെ നമ്മുടെ വിഷയമല്ലെന്ന് പറഞ്ഞ് മാറ്റിവെക്കും. കാര്യമാത്രപ്രസക്തമായ, ഗൌരവമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുക.
ക്ളാസും ചോദ്യോത്തരവും നടക്കുന്നതോടെ സദസില്‍ ഒരു വിഭാഗത്തില്‍ മാനസികമായ മാറ്റമുണ്ടാകും. ചുരുങ്ങിയത്, പരിവര്‍ത്തനത്തിനുള്ള ഒരു അസ്വാസ്ഥ്യം ഹൃദയത്തില്‍ സൃഷ്ടിക്കപ്പെടും. ഇത്തരം സ്റഡിക്ളാസുകളിലും ചോദ്യോത്തരങ്ങളിലും ഹാജിസാഹിബിന് സ്വതസിദ്ധമായ വൈദഗ്ധ്യം ഉണ്ടായിരുന്നു. ആകര്‍ഷകമായ, ഊര്‍ജസ്വലതയുള്ള ശൈലി അദ്ദേഹത്തിന് സ്വായത്തമായിരുന്നു. അതിന് ചേര്‍ന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് (നമ്മുടെ കൈയില്‍ അവശേഷിച്ച ഒരേ ഒരു ചിത്രത്തില്‍ കാണുന്നതിനേക്കാള്‍ എത്രയോ ആകര്‍ഷകമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം). പ്രബോധനം വിജയിക്കുന്നതില്‍ പ്രബോധകന്റെ വ്യക്തിത്വത്തിനു വലിയ സ്വാധീനമുണ്ട് എന്നാണ് ഞാന്‍ സൂചിപ്പിക്കുന്നത്. ഹാജിസാഹിബിന്റെ പ്രത്യേക രീതിയനുസരിച്ച്, ക്ളാസ് കഴിഞ്ഞ ശേഷം ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ക്ക് ഉടന്‍ മറുപടിയായിരിക്കും നല്‍കുക. അദ്ദേഹത്തിനല്ലാതെ അത്തരമൊരു കഴിവ് എന്റെ അനുഭവത്തില്‍ വേറെ കണ്ടിട്ടില്ല.
കുറച്ചുസമയം ആലോചിച്ചുനിന്ന ശേഷം മറുപടി പറയുന്ന രീതിയല്ല അദ്ദേഹത്തിന്റേത്. ചോദ്യത്തിന്റെ അവസാന വാക്ക് തീരുന്നതും ഹാജിസാഹിബിന്റെ മറുപടി വന്നിരിക്കും. ഇത്തരം മറുപടികള്‍ 90 ശതമാനവും കുറിക്ക് കൊള്ളുന്നതായിരുന്നു. ചിലപ്പോള്‍ സഡന്‍ മറുപടിയോടെ ചോദ്യത്തിന്റെ 'സഡന്‍ ഡത്ത്' സംഭവിക്കും. എന്നാല്‍, പത്ത് ശതമാനത്തോളം കേസുകളില്‍ പാളിപ്പോകും. ചിലപ്പോള്‍ ക്ളാസും ചോദ്യോത്തരവും കഴിയുന്നതോടെ വിഷയം അവസാനിക്കും. മറ്റുചിലപ്പോള്‍, അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരും. സദസ്സില്‍ ഒരു പ്രതിപക്ഷക്കാരന്‍ താനാരാണെന്ന് വെളിപ്പെടുത്താതെ 'നുഴഞ്ഞു' കയറിയിട്ടുണ്ടാകും. അദ്ദേഹത്തിന്റെ ചോദ്യത്തിലെ മുള്ളും മുനയും പൂര്‍ണമായി മനസിലാകാതെയാണ് മറുപടി വന്നതെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഇറങ്ങുന്ന അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പത്രത്തില്‍ അതുസംബന്ധിച്ച ഒരു 'ബോംബു'ണ്ടാകും. അതും ബുദ്ധിപൂര്‍വം കൈകാര്യം ചെയ്താല്‍ നേട്ടമായിമാറാം.
ഓര്‍മയില്‍ തെളിയുന്ന ചില സംഭവങ്ങള്‍ സൂചിപ്പിക്കാം. തലശ്ശേരിക്കടുത്ത ചൊക്ളിയില്‍ ഒരു നിസ്കാരപള്ളിയില്‍ സ്റഡിക്ളാസ് നടക്കുന്നു. ഹാജിസാഹിബിനൊപ്പം ഞാനുമുണ്ടായിരുന്നു. അല്‍പസ്വല്‍പം വര്‍ത്തമാനമൊക്കെ ഞാനും പറയുകയുണ്ടായി. ക്ളാസിന് ശേഷം ചോദ്യോത്തരം വളരെ സജീവമായി മുന്നോട്ടു പോവുകയാണ്. സദസില്‍ കെ.കെ അബുസാഹിബ് ഉണ്ട്.
ചൊക്ളിയെന്ന കൊച്ചു സാമ്രാജ്യത്തിലെ ഒരു 'മഹാപ്രസ്ഥാനത്തിന്റെ' ഉപജ്ഞാതാവും നേതാവുമായിരുന്നു കെ.കെ അബു സാഹിബ്. ഐ.സി.ജെ എന്നായിരുന്നു സംഘത്തിന്റെ പേര്. സമൂഹത്തില്‍, വലിയ അളവില്‍, ആ പേരിന്റെ ഗൂഢാര്‍ഥത്തിലെ ഉദ്വേഗം നിലനിര്‍ത്തുന്നതില്‍ അബുസാഹിബും സംഘവും വിജയിച്ചു എന്നതാണ് ശരി. എനിക്ക് വിശദീകരിച്ചുതന്ന പ്രകാരം ഐ.സി.ജെയുടെ നിര്‍ദോഷമായ അര്‍ഥം  'ഞാന്‍ ചൊക്ളിയില്‍ ജനിച്ചു' എന്നാണ്! ഇതൊരു മറയോ തന്ത്രമോ ആണെങ്കില്‍ നമുക്ക് അവരെ അഭിനന്ദിക്കാം. ഇസ്ലാമിക് ചെയ്ഞ്ച് ജമാഅത്ത് എന്നാണത്രെ ശരിയായ പേര്. ദീനീ സ്വഭാവത്തോടെ യുവാക്കളെ സംഘടിപ്പിക്കുക എന്നതാണ് അതിന്റെ പൊരുള്‍. ഐ.സി.ജെയില്‍ അബുസാഹിബിന്റെ വലംകൈയായി ഒ.കെ മൊയ്തു എന്ന ധീര യുവാവും ഉണ്ടായിരുന്നു. അദ്ദേഹം ജമാഅത്ത് അനുഭാവിയായി മാറിയിരുന്നു. അബുസാഹിബിന്റെ ഭാഷയില്‍ അതൊരു 'സുഖക്കേട്' ആയിരുന്നു.
ജമാഅത്തിന്, മൊയ്തുസാഹിബിനെ പിടിച്ചുനിര്‍ത്തുകയും കൂടുതല്‍ പേരെ പിടിച്ചെടുക്കുകയും ചെയ്യേണ്ടതുണ്ട്. അബുസാഹിബിനാകട്ടെ ഐ.സി.ജെ പ്രവര്‍ത്തകരെ മോചിപ്പിച്ചെടുക്കേണ്ടതുണ്ട്. ഇത്തരമൊരു പിരിമുറുക്കത്തിന്റെ സാഹചര്യത്തിലാണ് ഹാജിസാഹിബിന്റെ പരിപാടി നടക്കുന്നത്. ഇക്കാര്യങ്ങളൊന്നും വേണ്ടവിധം മുന്‍ധാരണയില്ലാതെയാണ് ഹാജിസാഹിബ് ചോദ്യങ്ങളെ നേരിടുന്നതും. അബുസാഹിബ് അന്ന് സോഷ്യലിസ്റാണ്. സോഷ്യലിസ്റ് എന്ന് പറഞ്ഞാല്‍ മാര്‍ക്സിസത്തിന്റെ ഒരു ഭാഗം, കുറച്ചു വെള്ളം ചേര്‍ത്തിരിക്കുന്നു എന്ന് മാത്രം. അല്ലെങ്കില്‍ മാര്‍ക്സിസത്തിന്റെ ആദ്യ പടിയെന്നും അര്‍ഥമാവാം. സോഷ്യലിസം വളരെ വലിയ ഒരു പ്രസ്ഥാനമാണ് അന്ന്. അബുസാഹിബ് സോഷ്യലിസത്തോട് താല്‍പര്യമുള്ള ആളായിരുന്നു അക്കാലത്ത്. അല്‍പം പരിഹാസം കലര്‍ത്തി അദ്ദേഹത്തിന്റെ ഒരു ചോദ്യം ഇതായിരുന്നു: "ഇസ്ലാം സമ്പൂര്‍ണമാണ്, സമഗ്രമാണ്, എല്ലാ പ്രശ്നങ്ങള്‍ക്കും അതില്‍ പരിഹാരമുണ്ട് എന്നൊക്കെ ഹാജിസാഹിബ് വാചാലനായല്ലോ. എങ്കില്‍ ഒരു റോഡിന് ഇസ്ലാമില്‍ എത്രയാണ് വീതി?'' ഹാജിസാഹിബിന്റെ മറുപടി ഉടന്‍ വന്നു: "കാള്‍മാര്‍ക്സ് പറഞ്ഞിട്ടുള്ളതിനേക്കാള്‍ രണ്ടടി കൂടുതലാണ്.'' ഇത് വായിക്കുന്ന ഒരാള്‍ക്ക് ഇപ്പോള്‍ ചിരിവരുന്നുണ്ടെങ്കില്‍ അന്ന് യഥാര്‍ഥ കഥാപാത്രങ്ങള്‍ തമ്മില്‍ ഈ ചോദ്യോത്തരം നടക്കുമ്പോഴുള്ള സദസിന്റെ അവസ്ഥ ആലോചിച്ചു നോക്കൂ. അതോടെ ഹാജിസാഹിബ് സദസിനെ കൈയിലെടുക്കുകയായിരുന്നു. അബുസാഹിബിന് കൂടുതലൊന്നും ചോദിക്കണമെന്ന് തോന്നിയതുമില്ല.
മറ്റൊരു സംഭവം ടി. മുഹമ്മദ് സാഹിബിന്റേതാണ്. മാറഞ്ചേരി, വെളിയങ്കോട് പ്രദേശത്താണ് പരിപാടി. അവിടെ ഒരു അന്തര്‍നാടകമുണ്ട്. പരിപാടിക്കെത്തിയവര്‍ പ്രത്യക്ഷത്തില്‍ മതക്കാരും സുന്നികളുമാണ്. ഉള്ളിലാകട്ടെ, അവരെല്ലാം രാഷ്ട്രീയക്കാരാണ്. രാഷ്ട്രീയം മനസില്‍വെച്ചുകൊണ്ട്, ജമാഅത്ത് നേതാവിനെ ഏതെങ്കിലും ഒരു പോയന്റില്‍ വീഴ്ത്തണം എന്നതാണ് അവരുടെ ഉള്ളിലിരിപ്പ്. ഒരു ഓഫീസിന്റെ മുകളിലാണ് പരിപാടി. ക്ളാസ് കഴിഞ്ഞു. അതിലൊന്നും അവര്‍ക്ക് വലിയ അഭിപ്രായ വ്യത്യാസമോ, താല്‍പര്യമോ ഇല്ല. 'ഇസ്ലാം അങ്ങനെയൊക്കെ ആയിക്കോട്ടെ, അതിനെന്താ....' അതൊന്നും അവരുടെ വിഷയമല്ല. അവര്‍ക്ക് അറിയേണ്ടുന്ന, തികച്ചും 'കാലികമായ', 'സാമൂഹിക പ്രസക്തിയുള്ള' എന്നാല്‍ മതപരമായ ഒരു വിഷയമുണ്ട്. ചോദ്യം ഇതായിരുന്നു: "സുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്ത് ഓതണോ മൌലവീ, ഓതണ്ടേ? അത് മനസിലായില്ലെങ്കില്‍ പല അപകടങ്ങളും ഉണ്ടാകുമല്ലോ! സുബ്ഹ് നമസ്കാരത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധമുണ്ടെങ്കിലല്ലേ ഖുനൂത്തിന്റെ നിര്‍ബന്ധവും സുന്നത്തും പ്രശ്നമാകൂ?'' ടി. മുഹമ്മദ് സാഹിബിന് ചോദ്യത്തിന്റെ ഗുട്ടന്‍സ് പിടികിട്ടി.
ടി.എം നല്ല മനസാന്നിധ്യത്തോടെ, ക്ഷമാപൂര്‍വം മറുപടി പറഞ്ഞു. ഖുനൂതിന്റെ ഫിഖ്ഹ് അദ്ദേഹം വിശദീകരിച്ചു. ഹനഫി മദ്ഹബില്‍ സുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്തില്ല. ആപത്തിന്റെ സന്ദര്‍ഭത്തിലുള്ള ഖുനൂത്തേ ഉള്ളൂ. അങ്ങനെയേ നബി(സ) ചെയ്തിട്ടുള്ളൂ എന്നാണ് അവരുടെ അഭിപ്രായം. എന്നാല്‍, ബഹുമാനപ്പെട്ട ഇമാം ഇദ്രീസുശാഫിഈയുടെ മദ്ഹബില്‍ സുബ്ഹി നമസ്കാരത്തില്‍ ഖുനൂത്ത് ഓതണം എന്നാണ്. നബി(സ) ഓതിയത് ആപത്ഘട്ടത്തിലാണെങ്കിലും ഓതിക്കഴിഞ്ഞിരിക്കെ എല്ലാത്തിനും ബാധകമാണെന്നാണ് ശാഫിഈ മദ്ഹബിലെ അഭിപ്രായം. ഇതൊക്കെ പരമബോറായിട്ടാണ് ചോദ്യകര്‍ത്താക്കള്‍ കേള്‍ക്കുന്നത്. വിശദീകരണം തീരുമ്പോഴേക്കും അടുത്ത ചോദ്യം വന്നു: "മൌലവീ, നിങ്ങളുടെ അഭിപ്രായം എന്താണ്? അതാണ് ചോദിച്ചത്. അതാണ് ഞങ്ങള്‍ക്കറിയേണ്ടത്. ഖുനൂത്ത് ഓതണോ വേണ്ടേ?'' ടി.എം ഇരുന്നേടത്തുനിന്ന് എഴുന്നേറ്റു: "നിങ്ങള്‍ എന്താണ് മനസിലാക്കിയത്? ഇമാം അബൂഹനീഫ ആരാണെന്നാണ് നിങ്ങളുടെ വിചാരം. ഇമാം ശാഫിഈയെ കുറിച്ചും നിങ്ങള്‍ക്കൊരു ബോധവുമില്ലേ? ഇത്ര വലിയ മഹാപണ്ഡിതന്മാരുടെ അഭിപ്രായത്തെ മറികടന്ന് എന്റെ അഭിപ്രായമാണോ നിങ്ങള്‍ക്കറിയേണ്ടത്? ഇതാണോ ഇസ്ലാമിലെ പാരമ്പര്യം?'' ടി.എം കെണിയില്‍ വീഴുന്നില്ലെന്ന് മനസിലാക്കിയപ്പോള്‍ അവര്‍ പടം താഴ്ത്തി പിരിഞ്ഞുപോയി.
മറ്റൊരു അനുഭവം കുറ്റ്യാടിയിലേതാണ്. പണക്കാരുടെയും പ്രമാണിമാരുടെയും ഒരു വലിയ സംഘം ഒന്നിച്ച് ജമാഅത്തെ ഇസ്ലാമിയിലേക്കുവന്ന ഒരേ ഒരു പ്രദേശം ഭൂമി മലയാളത്തില്‍ കുറ്റ്യാടിയെന്ന മഹാരാജ്യമായിരിക്കണം. അവരോടൊപ്പം, അറുത്താല്‍ മാര്‍ക്സിസ്റ് രക്തം ഒഴുകുമായിരുന്ന കുറച്ച് കമ്യൂണിസ്റ് സഖാക്കളും ജമാഅത്തിലേക്ക് വന്നുവെന്നത് അതിന്റെ മറ്റൊരു വശം. വായിച്ചും ചിന്തിച്ചും മനപരിവര്‍ത്തനം വരുന്ന മാര്‍കസിസ്റുകാര്‍ ജമാഅത്തിലേക്ക് വരുന്നത് മനസിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍ കച്ചവടക്കാരും പ്രമാണിമാരുമായ വലിയ ഒരു സംഘം ഒന്നിച്ച് ജമാഅത്തിലേക്ക് വന്നത് അത്ഭുതമായിരുന്നു. അത് ഒരു സംവാദവുമായി ബന്ധപ്പെട്ടതാണ്. നമുക്ക് മറ്റൊരു അധ്യായത്തില്‍ അതേക്കുറിച്ച് പറയാം. വേറൊരിക്കല്‍, കുറ്റ്യാടിയില്‍ ഒരു പരിപാടിയില്‍ ഹാജിസാഹിബ് ക്ളാസെടുത്തു. തര്‍ബിയത്തീ സ്വഭാവമുള്ള പരിപാടിയാണ്. മാര്‍ക്സിസ്റു ആശയത്തില്‍നിന്ന് ജമാഅത്തിലേക്ക് വന്ന, നല്ല ചിന്താശേഷിയുള്ള ടി.പി അബ്ദുല്ല മാസ്ററും ഉണ്ട് സദസില്‍. അദ്ദേഹം എഴുന്നേറ്റ് നിന്ന് ഹാജിസാബിനോട് ഒരുചോദ്യം ഉന്നയിച്ചു: "നിങ്ങള്‍ എപ്പോള്‍ കുറ്റ്യാടിയില്‍ വന്നാലും ബാവാച്ചിഹാജിയുടെ വീട്ടില്‍ നിന്നാണ് ഭക്ഷണം കഴിക്കുക. അവിടെയാണ് താമസിക്കുക. അതില്‍ ഞങ്ങള്‍ക്കെല്ലാം നല്ല വിഷമമുണ്ട്. അതെന്തുകൊണ്ടാണ്?'' നല്ല മുനയുള്ള ചോദ്യം. പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകളുണ്ടായിട്ടും നല്ല സാമ്പത്തിക ശേഷിയുള്ള ബാവാച്ചി ഹാജിയുടെ വീട്ടില്‍ തന്നെ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഇസ്ലാമിന്റെ മൂല്യങ്ങള്‍ക്കും സമത്വത്തിനും മറ്റും എന്താണര്‍ഥം എന്നാണ് അദ്ദേഹം വ്യംഗ്യമായി സൂചിപ്പിച്ചത്. ചോദ്യം തീരും മുമ്പേ ഹാജിസാഹിബിന്റെ മറുപടി വന്നു. അതൊരു മറുചോദ്യമായിരുന്നു: "അല്ല അബ്ദുല്ല മാഷേ, നിങ്ങള്‍ എന്നെ എത്രപ്രാവശ്യം ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു? ക്ഷണിച്ചിട്ട് വല്ല പ്രാവശ്യവും ഞാന്‍ വരാതിരുന്നോ?'' അതോടെ സദസ് നിശ്ശബ്ദമായി. അബ്ദുല്ലക്കുട്ടി മാഷ് മ്ളാനവദനനായി. അപ്പോഴാണ് പലരും ആലോചിച്ചത്; ഞങ്ങളാരും ഒരിക്കല്‍ പോലും ഹാജിസാഹിബിനെ ക്ഷണിച്ചിട്ടില്ലല്ലോ! ക്ഷണിക്കാതെ തന്നെ അദ്ദേഹം ഇടിച്ചു കയറാത്ത കുഴപ്പമല്ലേ ഉള്ളൂ! അതൊരു പൊറുക്കപ്പെടാവുന്ന തെറ്റല്ലേ ആകുന്നുള്ളൂ. ഹാജിസാഹിബേ, നിങ്ങള്‍ എന്തുകൊണ്ട് ഇടിച്ചു കയറിയില്ല, എന്നല്ലേ ചോദിക്കേണ്ടത്! ആ സംഭവത്തോടെ അത്തരം ചോദ്യങ്ങള്‍ അവിടെ അവസാനിച്ചു.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം