Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 03

പരിപാലകനായ അല്ലാഹുവിന് മാത്രം സ്തുതി

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി /ലേഖനം

ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-10

         'അല്ലാഹുവിനാണ് സ്തുതി' എന്ന ഭക്തിസാന്ദ്രമായ വാക്യത്തിന് പിന്നിലെ യുക്തിയെന്തെന്ന് സൂചിപ്പിച്ചു. പരിപാലകനാണ് അല്ലാഹു എന്നതിനാലാണ് സ്തുതി അവിടുത്തേക്ക് മാത്രമായിരിക്കുന്നത്. മനുഷ്യന്‍ ജീവിക്കുന്നത് ശ്വാസ പ്രക്രിയയാലാണ്. ശ്വാസം അഥവാ ജീവവായു ഇല്ലെങ്കില്‍ ജീവനോ ജീവിതമോ ഭൂമിയില്‍ സാധ്യമല്ല. അതിനാല്‍ ജീവിതത്തിന്റെ അടിസ്ഥാനശക്തി എന്നത് ശ്വാസവായുവാണ്. അതുകൊണ്ടുതന്നെ ശ്വസിക്കാനുള്ള വായു ആരുണ്ടാക്കിയോ, ഏതില്‍ നിന്നുണ്ടായോ അതാണ് മാനവജീവിതത്തെ സംബന്ധിച്ച് അതിന്റെ അടിസ്ഥാനപരമായ പരിപാലനശക്തി. ജീവവായു ആരുണ്ടാക്കി, എവിടെ നിന്നുണ്ടായി, എങ്ങനെ ഉണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാല്‍ മനുഷ്യേതരമായ ഒരു ശക്തിവിശേഷത്തിലേക്ക് മാനവചിന്ത പ്രവേശിതമാകും- അത് സ്തുതിയുടെ ലോകമാണ്. അഥവാ ഭക്തിയുടെ ലോകമാണ്. അവിടെയാണ് 'സ്തുതി സര്‍വലോക പരിപാലകനായ അല്ലാഹുവിനുള്ളതാകുന്നു' എന്ന വാക്യം ആലേഖിതമാക്കപ്പെട്ടിരിക്കുന്നത്. ശ്വസിക്കാനുള്ള ജീവവായു സൃഷ്ടികള്‍ക്ക് പ്രദാനം ചെയ്യാനായി നടന്ന മനുഷ്യേതരമായ വിശ്വപ്രപഞ്ചത്തിന്റെ അധ്വാനവൈഭവം- അതാണ് അല്ലാഹു. അതിനെ ആരാധിക്കാനുള്ള സിദ്ധി മനുഷ്യനുണ്ട്. പക്ഷേ, അഹങ്കാരം എന്ന തടസ്സം ഒഴിവായാലേ അത് പ്രകടിപ്പിക്കാനാകൂ. അഹങ്കാരം ഒഴിവായവര്‍ക്ക്, പ്രാണപ്രദാനം ചെയ്ത് നമ്മെ പരിപാലിക്കുന്ന അല്ലാഹുവെ ഓരോ ശ്വാസത്തിലും ഓര്‍മിക്കാനും വണങ്ങാനും കഴിയും. പിറന്നാള്‍ സമ്മാനമായി കൈഘടികാരം തന്ന ആളെ ഓരോ പ്രാവശ്യം വാച്ചില്‍ നോക്കുമ്പോഴും നാം സ്മരിക്കുന്നുണ്ടല്ലോ. ഇത് മര്യാദയും മനുഷ്യപ്രകൃതവുമാണെങ്കില്‍, ജീവിക്കാന്‍ വേണ്ട പ്രാണവായു പ്രദാനം ചെയ്ത ശക്തിവൈഭവത്തെ ഓരോ ശ്വാസത്തിലും സ്മരിക്കുന്നതും മര്യാദയും മനുഷ്യ പ്രകൃതവുമാണെന്ന് തന്നെ പറയാം. ഇതിനെയാണ് ഭക്തി എന്നു പറയുന്നത്.

സ്തുതിയുടെ മാതാവ്

മനുഷ്യന്‍ ഭക്തിയോടെ സ്തുതിക്കേണ്ടത് സര്‍വലോക പരിപാലകനായ അല്ലാഹുവിനെ മാത്രമാകുന്നു; മറ്റാരെയും അഥവാ മാതാപിതാക്കളെയോ ഗുരുജനങ്ങളെയോ രാഷ്ട്ര ഭരണാധികാരികളെയോ സ്‌നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാം എന്നല്ലാതെ സ്തുതിക്കരുത്. ഇങ്ങനെയൊരു പാഠം വിശുദ്ധ ഖുര്‍ആന്‍ കര്‍ക്കശമായ ഭാഷയില്‍ മാനവരാശിയെ ഓര്‍മിപ്പിക്കുന്നുണ്ട്. ഈശ്വരപൂജ വ്യക്തിപൂജയായി അധഃപതിക്കാതിരിക്കാനും, ദൈവാരാധന പ്രവാചകാരാധനയായി രൂപവൈകൃതം കൊള്ളാതിരിക്കാനും, പൗരോഹിത്യവും ആള്‍ദൈവാരാധനയും അതിന്റേതായ ചൂഷണങ്ങളും ദൈവഭക്തിയുടെ മറവില്‍ മാനവസമൂഹത്തെ ഗ്രസിക്കാതിരിക്കാനും സഹായകമായ, വിട്ടുവീഴ്ചയില്ലാത്ത മാര്‍ഗദര്‍ശനമായി ഖുര്‍ആനിലെ 'സ്തുതി സര്‍വലോക പരിപാലകനായ അല്ലാഹുവിന് മാത്രം' എന്ന പ്രബോധനത്തെ ഉള്‍ക്കൊള്ളാം. ദൈവത്തെക്കുറിച്ച് സുരക്ഷിതമായ മൗനം പാലിച്ച ശ്രീബുദ്ധനെ അനുയായികള്‍ പിന്നീട് വമ്പന്‍ വിഗ്രഹമാക്കി പ്രതിഷ്ഠിച്ച് ആരാധിക്കാന്‍ തുടങ്ങി. 'അവ ജാനന്തി മാം മൂഢ മാനുഷിം തനു മാശ്രിതം' -ബുദ്ധികെട്ടവര്‍ എന്നെ വെറും മനുഷ്യശരീരമെടുത്തവനായി കരുതുന്നു- എന്ന പ്രഖ്യാപനത്തിലൂടെ ഭഗവാന്‍ വെറും മനുഷ്യനല്ല സര്‍വലോക വ്യാപകനായ വിശ്വശക്തി തന്നെയാകുന്നു (ഭ്രാമയന്‍ സര്‍വഭൂതാനി) എന്നു പ്രബോധിപ്പിച്ച ഗീതാഗുരുവായ കൃഷ്ണനെയും ആളുകള്‍ മയില്‍പ്പീലിയും മഞ്ഞപ്പട്ടുമണിഞ്ഞ് ഓടക്കുഴല്‍ വിളിക്കുന്ന ഒരാളാക്കി പ്രതിഷ്ഠിച്ച് ദൈവാരാധനയെ വ്യക്ത്യാരാധനയാക്കി തീര്‍ത്തു. ''എന്നെ നല്ലവന്‍ എന്നു പറയുന്നതെന്ത്? ദൈവം ഒരുവന്‍ അല്ലാതെ നല്ലവന്‍ ആരുമില്ല'' (പുതിയ നിയമം- മാര്‍ക്കോസ് 18-ാം വാക്യം) എന്ന് ശക്തമായി പറഞ്ഞ യേശുക്രിസ്തുവിനെയും ആളുകള്‍ ദൈവമാക്കി. ഇത്തരം വ്യക്തിപൂജാപരമായ ആരാധനകളുടെ അപചയങ്ങളിലേക്കുള്ള വഴുതി വീഴ്ച ഏറ്റവും കുറവ് സംഭവിച്ച ഭക്തലോകം ഇസ്‌ലാമിലാണുണ്ടായത്. അതിനു കാരണം 'അല്ലാഹുവല്ലാതെ ആരാധ്യനില്ല' എന്ന നിലപാടാകുന്നു. ബൗദ്ധര്‍ ബുദ്ധനെയും വൈഷ്ണവര്‍ ശ്രീകൃഷ്ണനെയും ക്രൈസ്തവര്‍ യേശുക്രിസ്തുവിനെയും സ്‌നേഹിച്ചു ബഹുമാനിക്കുന്നതുപോലെ തന്നെ, മുസ്‌ലിംകള്‍ മുഹമ്മദിനെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാതൃകാ മാനവനായി കാണുകയും ചെയ്യുന്നുണ്ട്. പക്ഷേ, ബൗദ്ധര്‍ ബുദ്ധനെയും വൈഷ്ണവര്‍ കൃഷ്ണനെയും ക്രൈസ്തവര്‍ ക്രിസ്തുവിനെയും പൂജാവിഗ്രഹമാക്കി ആരാധനാലയങ്ങളില്‍ പ്രതിഷ്ഠിച്ചതുപോലെ മുസ്‌ലിംകള്‍ മുഹമ്മദ് നബിയെ ആരാധ്യ വിഗ്രഹമാക്കിയിട്ടില്ല. ഈ വ്യത്യാസം ലോകമതങ്ങളുടെ ചരിത്രത്തില്‍ തന്നെ അതിശയനീയമായ ഒരു സ്വഭാവ വിശേഷമാണ്. ഈ വ്യത്യാസത്തോട് വല്ലാത്തൊരു ആകര്‍ഷണം കടുത്ത കമ്യൂണിസ്റ്റായിരുന്ന ചെറുപ്രായത്തില്‍ പോലും ഈ ലേഖകനുണ്ടായിരുന്നു. വ്യക്തിയേക്കാള്‍ വലുതാണ് പാര്‍ട്ടി എന്ന കമ്യൂണിസ്റ്റ് സംഘടനാ തത്ത്വത്തിന്റെ ചരിത്രപരമായ പൂര്‍വ മാതൃക പ്രവാചകനോടുള്ള സ്‌നേഹത്തെ ദൈവാരാധനക്ക് തുല്യമാക്കാത്ത ഇസ്‌ലാമില്‍ കാണാന്‍ കഴിഞ്ഞിരുന്നു. എം.എന്‍ റോയിയുടെ ചരിത്രത്തില്‍ ഇസ്്‌ലാമിന്റെ പങ്ക് തുടങ്ങിയ പുസ്തകങ്ങള്‍ പ്രസ്തുത വീക്ഷണം ദൃഢീകരിക്കുകയും ചെയ്തു. നല്ലവന്‍, ദീനദയാലു, അഹേതുക കൃപാനിധി, സര്‍വജ്ഞന്‍, സര്‍വശക്തന്‍, അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകന്‍, സര്‍വചരാചര രക്ഷകന്‍ എന്നൊക്കെയുള്ള സ്തുതികള്‍ അര്‍ഹിക്കുന്നത് മണ്ണില്‍ ജനിച്ചു ജീവിച്ചു മണ്‍മറയുന്ന വ്യക്തികളല്ല. മറിച്ച് വിശ്വശക്തിയായ ദൈവം മാത്രമാണ്- അഥവാ അല്ലാഹു മാത്രമാണ്- എന്ന ഖുര്‍ആന്റെ ശക്തമായ ഓര്‍മപ്പെടുത്തല്‍ ആധ്യാത്മിക ചൂഷണങ്ങള്‍ക്കെതിരായ നിലപാടുകളിലെ നാഴികക്കല്ലാണ്.  പ്രസ്തുത നാഴികക്കല്ലു നോക്കി ആധ്യാത്മിക തീര്‍ഥയാത്ര ചെയ്യുന്നവര്‍ക്ക് ഒരിക്കലും ആള്‍ദൈവാരാധകരാകാനോ സ്വയം ആള്‍ദൈവങ്ങളാകാനോ കഴിയുകയില്ല. അവര്‍ എപ്പോഴും 'അങ്ങാടിയില്‍ കൂടെ നടക്കുകയും ആഹാരം കഴിക്കുകയും' ചെയ്യുന്ന ആധ്യാത്മിക മാനവര്‍ മാത്രമായിരിക്കും. ഇത്തരത്തിലൊരു മനുഷ്യനാവാന്‍ ശ്രമം ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഒരാള്‍ എന്നതു മാത്രമാണ് ഈയുള്ളവന് ഉണ്ടെന്ന് അവകാശപ്പെടാവുന്ന ഒരേയൊരു പ്രത്യേകത. അതുകൊണ്ടുതന്നെ പറയട്ടെ; 'സ്തുതി സര്‍വലോക പരിപാലകനായ അല്ലാഹുവിനാകുന്നു'- അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍- എന്ന അല്‍ ഫാതിഹയിലെ രണ്ടാം വാക്യം എനിക്കേറ്റവും പ്രിയപ്പെട്ട ഖുര്‍ആന്‍ വാക്യങ്ങളില്‍ ഒന്നാകുന്നു.

'സ്തുതി സര്‍വ ലോക പരിപാലകനായ അല്ലാഹുവിനാകുന്നു' എന്ന വാക്യത്തില്‍ സ്തുതി, സര്‍വലോകം, പരിപാലനം എന്നീ മൂന്ന് വാക്കുകള്‍ പ്രാധാന്യത്തോടെ ചര്‍ച്ചാ വിധേയമാക്കേണ്ടതുണ്ട്. എന്താണ് സ്തുതി എന്ന കാര്യം ആദ്യം ചിന്തിക്കാം. പലരും ധരിച്ചുവെച്ചിരിക്കുന്നത്, 'മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെ പോലെ നിന്മുഖം' എന്ന മട്ടിലുള്ള മുഖസ്തുതിയുടെ പൂര്‍വ പിതാമഹനാണ് വിശുദ്ധ ഗ്രന്ഥങ്ങളിലെ സ്തുതി എന്നാണ്. പക്ഷേ മുഖസ്തുതി കൊണ്ട് മുഖപ്രസാദം ഉണ്ടാകാവുന്ന വിധം ഒരാളാണ് ദൈവമെങ്കില്‍ ആ ദൈവം ഏറിയാല്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കളുടെയും മറ്റും സ്വഭാവ ഘടനയുള്ള ആളായിരിക്കും. അത്തരമൊരു ആളാണ് ദൈവമെങ്കില്‍, ആ ദൈവത്തില്‍ വിശ്വസിക്കുന്നതിനേക്കാള്‍ ഭേദം ആ ദൈവത്തെ നിഷേധിക്കുന്നതായിരിക്കും. എന്തായാലും ദൈവം, സ്തുതിച്ചാല്‍ സന്തോഷിക്കുകയും വിമര്‍ശിച്ചാല്‍ കോപിക്കുകയും ചെയ്യുന്ന ചെറിയ 'ഈഗോ'യുള്ള ഒരാളാണെന്ന് ഒരു വേദഗ്രന്ഥവും പറയുന്നില്ല. പ്രത്യേകിച്ചും വിശുദ്ധ ഖുര്‍ആനില്‍ അത്തരം ഒരു വീക്ഷണമില്ല. സ്തുതിക്കുന്നവര്‍ക്കെന്ന പോലെ നിന്ദിക്കുന്നവര്‍ക്കും (അവിശ്വാസികള്‍ക്കും) പ്രാണവായുവും ജീവജലവും വിതച്ചാല്‍ വിളവ് തരുന്ന ഭൂമിയും പ്രദാനം ചെയ്ത കരുണാമയമായ ശക്തിവിശേഷമാണ് അല്ലാഹു എന്ന് മുന്നേ വ്യക്തമാക്കിയല്ലോ. അതിനാല്‍ ഖുര്‍ആനിലെ ദൈവം, സ്തുതിക്കുന്നവര്‍ക്ക് പട്ടും തളയും, വിമര്‍ശിക്കുന്നവര്‍ക്ക് കല്‍ത്തുറുങ്കും കഴുമരവും പ്രദാനം ചെയ്യുന്ന ഫാഷിസ്റ്റ് ഭരണാധികാരികളായ വ്യക്തികളുടെ ഒരു വലിയ പതിപ്പാണെന്ന് പറയാന്‍ സൂക്ഷ്മ ചിന്തയുള്ളവര്‍ക്ക് കഴിയുകയില്ല. എന്നിട്ടും ഖുര്‍ആന്‍ അനുശാസനം ചെയ്യുന്നു 'സ്തുതി സര്‍വലോക പരിപാലകനായ അല്ലാഹുവിനാകുന്നു' എന്ന്. അതിനാല്‍ സ്തുതി എന്നതുകൊണ്ട് എന്താണ് വിവക്ഷിക്കുന്നതെന്ന് പ്രത്യേകം പരിചിന്തനം ചെയ്യുന്നത് അത്യാവശ്യമായിരിക്കുന്നു.

നിരീശ്വരവാദികളായ സാമൂഹിക ശാസ്ത്രജ്ഞരും നരവംശശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഒക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് പേടിയില്‍ നിന്നാണ് സ്തുതി ഉണ്ടായത് എന്നാണ്. പ്രകൃതിശക്തികളെ കണ്ട് ഭയന്നു വിറങ്ങലിച്ച മനുഷ്യന്‍ അവയെ പ്രശാന്തമാക്കാന്‍ കണ്ടെത്തിയ ഒരു ശബ്ദവിദ്യയാണ് പില്‍ക്കാലത്തെ ദൈവസ്തുതിയുടെ പൂര്‍വ മാതൃക എന്നാണ് വാദം. ഇതിനോട് പെരുമാറ്റ മനഃശാസ്ത്രത്തിന്റെ പ്രാഥമിക തത്ത്വമെങ്കിലും അറിയാവുന്ന ഒരാള്‍ക്കും യോജിക്കാനാവില്ല. കാരണം, പേടിയുള്ളതിനെ പ്രണമിക്കാനോ പ്രകീര്‍ത്തിക്കാനോ ഒരു മനുഷ്യനും തയാറാവില്ല. അതുകൊണ്ടാണ് മനുഷ്യന്‍ പുലികളെ പ്രണമിക്കാത്തതും പ്രകീര്‍ത്തിക്കാത്തതും. പേടിപ്പെടുത്തുന്നതിനെ കീഴ്‌പ്പെടുത്താനോ, അതിന് കഴിയില്ലെന്നു വന്നാല്‍ അതില്‍ നിന്ന് ഓടിയകലാനോ  ആണ് മനുഷ്യന്‍ തയാറാവുക എന്ന് ചുരുക്കം. ദൈവത്തെ സ്തുതിക്കുന്നവര്‍ ദൈവത്തില്‍ നിന്ന് അകലുകയല്ല മറിച്ച് കൂടുതല്‍ കൂടുതല്‍ അടുക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ദൈവത്തെ പേടിച്ചവരുടെ സൃഷ്ടിയാണ് സ്തുതി എന്ന വാദം തെല്ലും നിലനില്‍ക്കുന്നതല്ല.

യേശുക്രിസ്തു ലോകത്തിലുള്ള എന്തിനെയെങ്കിലും പേടിക്കുന്ന ദുര്‍ബലത്വം ഉണ്ടായിരുന്നതിനാലാണോ 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന് ദൈവത്തെ സ്തുതിച്ചത്? ശ്രീനാരായണഗുരു 'ദൈവമേ കാത്തുകൊള്‍കങ്ങ്' എന്നു ദൈവസ്തുതി ചെയ്തത് ആരെ ഭയന്നിട്ടാണ്? ചുരുക്കത്തില്‍, ലോകത്തിലെ ഭക്തജന ചരിത്രമേതും തന്നെ 'ദൈവസ്തുതി' ചകിതമായ മാനവ മനസ്സിന്റെ സൃഷ്ടിയാണെന്ന് തെളിയിക്കുന്നില്ല. ദൈവഭക്തി ഭയരാഹിത്യത്തിലേക്കാണ് മനുഷ്യരെ നയിച്ചിട്ടുള്ളത് എന്നതിന് ധാരാളം ഉദാഹരണങ്ങള്‍ ഉണ്ടുതാനും. ഉപനിഷത്തിലെ ഋഷി 'അഭയം വൈ ബ്രഹ്മ' -ദൈവം നിര്‍ഭയതയാണ്- എന്നാണ് പ്രഖ്യാപനം ചെയ്തിട്ടുള്ളത്. 'അഭീ അഭീ' -ഭയമരുത്, ഭയമരുത്- എന്നതായിരുന്നു മറ്റൊരു ഉപനിഷദ്മുദ്രാവാക്യം. 'ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്' എന്ന ബൈബിള്‍ വാക്യവും, ഭക്ത ലോകത്തിനു സുപരിചിതമത്രേ. അതിനാല്‍ ഭയപ്പെട്ട മാനവചിത്തത്തിന്റെ പിറുപിറുക്കലാണ് ദൈവസ്തുതിയുടെ പൂര്‍വ രൂപം എന്ന വാദം ഭക്തജന ചരിത്രത്തോട് വസ്തുതാപരമായി നീതി ചെയ്യുന്നതാണെന്ന് പറയുക വയ്യ.

പേടിയില്‍ നിന്നല്ല സ്തുതി എങ്കില്‍ പിന്നെ ഏതുതരം മനോഭാവത്തില്‍ നിന്നാണ് അത് പ്രകാശിതമായത്? അതിശയനീയ വൈഭവത്തെ ആസ്വദിക്കാനായതിന്റെ ആനന്ദാതിരേകത്തില്‍ നിന്നാണ് സ്തുതി പുറപ്പെടുന്നത്. അതിശയനീയ വൈഭവം എന്നത് വിശ്വപ്രപഞ്ചമെന്ന ദൃഷ്ടാന്തത്തിലൂടെ, തന്നെ ആവിഷ്‌കരിക്കുന്ന അല്ലാഹുവിന്റെ സൃഷ്ടി സ്ഥിതി സംഹാര വൈഭവം തന്നെ. വെള്ളപ്പൂഴിപ്പരപ്പില്‍ വീണ പഞ്ചാരത്തരികള്‍ നിമിഷങ്ങള്‍ക്കകം തന്നെ ഉറുമ്പുകള്‍ മണത്തറിയുകയും അവ എടുത്ത് കൊണ്ടുപോവുകയും ചെയ്യും. പൂഴിപ്പരപ്പില്‍ പഞ്ചാരത്തരികള്‍ ഉണ്ടെന്നറിയാനുള്ള കഴിവ് ഉറുമ്പുകള്‍ക്ക് ആര് കൊടുത്തു? അതവര്‍ക്ക് എവിടെ നിന്ന് സിദ്ധിച്ചു? ഇങ്ങനെ ചിന്തിക്കുന്ന ഒരാള്‍ക്ക് വിശ്വപ്രപഞ്ചത്തിലെ സര്‍വചരാചര സൃഷ്ടിക്രമത്തിലും അതിശയനീയമായ ഒരു ആസൂത്രണ വൈഭവം ഉണ്ടെന്നു ബോധ്യമാകും. അങ്ങനെ ബോധ്യപ്പെടുന്ന ഒരാള്‍ക്ക് പെറ്റുവീണ പൈക്കിടാവിനെ തള്ളപ്പശുവിന്റെ അകിട്ടിലേക്കും, പിറന്നു വീണ ശിശുവിനെ അമ്മയുടെ മുലഞെട്ട് ഉറുഞ്ചുന്നതിലേക്കും പ്രേരിപ്പിക്കുന്ന ശക്തിവിശേഷത്തെ ആശ്ചര്യത്തോടെ വാഴ്ത്താതിരിക്കാനാകില്ല. സ്തുതിയെന്നത് ചിന്താശീലനായ മനുഷ്യന്റെ ആസ്വദിക്കാനും ആശ്ചര്യപ്പെടാനുമുള്ള കഴിവിന്റെ ആവിഷ്‌കാരമാണെന്ന് ചുരുക്കം. നിരീശ്വരവാദികള്‍ പോലും അവര്‍ക്ക് ആശ്ചര്യവും ആസ്വാദനവും ഉളവാക്കുന്ന കലകളെ, കവിതകളെ, സ്ത്രീയുടെയോ പുരുഷന്റെയോ ലാവണ്യത്തെ, രുചികരമായ ഭക്ഷണത്തെ ഒക്കെ സ്തുതിക്കുക പതിവാണല്ലോ. അതിനാല്‍ ആശ്ചര്യപ്പെടാനും ആസ്വദിക്കാനുമുള്ള കഴിവാണ് 'സ്തുതി'കളുടെ മാതാവ് എന്ന് പറയാം. ഇതിന്റെ ഏറ്റവും ഗംഭീരമായ പ്രകടനമാണ് വിശ്വശക്തിയായ ദൈവത്തെ അഥവാ അല്ലാഹുവിനെ സ്തുതിക്കുന്ന നിലപാടിലുള്ളത്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 3,4
എ.വൈ.ആര്‍