Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 03

മനുഷ്യ നന്മക്കാണെങ്കില്‍ പൊളിക്കേണ്ടത് പള്ളികളല്ല

ജി.കെ എടത്തനാട്ടുകര /ലേഖനം

          ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി ഗുവാഹതിയിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ സംസാരിക്കവെ ദൈവം വസിക്കുന്നത് അമ്പലങ്ങളില്‍ മാത്രമാണെന്നും ക്രിസ്ത്യന്‍, മുസ്‌ലിം പള്ളികളിലല്ലെന്നുമുള്ള പ്രസ്താവനയോടൊപ്പം മുസ്‌ലിം പള്ളികള്‍ വെറും കെട്ടിടമാണെന്നും എപ്പോള്‍ വേണമെങ്കിലും തകര്‍ക്കാമെന്നും ലോകത്തെല്ലായിടത്തും മോസ്‌ക്കുകള്‍ കാലികമായി തകര്‍ത്തിട്ടുണ്ടെന്നും പറയുന്നുണ്ട് (മനോരമ ദിനപത്രം 2015 മാര്‍ച്ച് 16).

ആരാധനാലയങ്ങളിലാണ് ദൈവം വസിക്കുന്നത് എന്ന കാഴ്ചപ്പാട് ഇസ്‌ലാമിനില്ല. പ്രപഞ്ചത്തിലാകെ ദൈവത്തിന്റെ സാന്നിധ്യമുണ്ട്. നിങ്ങള്‍ എങ്ങോട്ട് മുഖം തിരിച്ചാലും അവിടെയെല്ലാം ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. ദൈവത്തിന്റെ രൂപങ്ങളെക്കുറിച്ച് വേദങ്ങളും പ്രവാചകന്മാരും പഠിപ്പിച്ചിട്ടുമില്ല. വിഗ്രഹങ്ങളില്‍ കൊത്തി രൂപം നല്‍കാവുന്നവനല്ല ദൈവം. ഇതുകൊണ്ടെല്ലാം തന്നെ മുസ്‌ലിം പള്ളികളില്‍ പ്രതിഷ്ഠകളില്ല. പള്ളികള്‍ പൊളിച്ചാല്‍ യഥാര്‍ഥ ദൈവത്തിന് ഒന്നും സംഭവിക്കാനും പോകുന്നില്ല.

അമ്പലങ്ങളില്‍ മാത്രമാണ് ദൈവം വസിക്കുന്നത് എന്ന് പറയുമ്പോള്‍ ധാരാളം ചോദ്യങ്ങള്‍ നാം നമ്മോടുതന്നെ ചോദിക്കേണ്ടിവരും. അമ്പലങ്ങളില്‍ മാത്രം വസിക്കുന്ന ആ ദൈവം ഏതാണ്? അത് ആരുടെ ദൈവമാണ്? അമ്പലങ്ങളില്ലാത്തിടങ്ങളിലൊന്നും ദൈവം ഇല്ല എന്നാണോ? അമ്പലങ്ങളില്ലാതായാല്‍ ദൈവം എവിടെ വസിക്കും? സൂനാമി, ഭൂമികുലുക്കം പോലുള്ള പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോള്‍ അമ്പലങ്ങളും പള്ളികളും ചര്‍ച്ചുകളുമെല്ലാം തകര്‍ന്നുപോകാറുണ്ട്. സ്വന്തം വാസസ്ഥലം പോലും സംരക്ഷിക്കാനാവാത്ത നിസ്സഹായനാവുമോ ദൈവം?! തകര്‍ന്നടിഞ്ഞുപോയ പല സമൂഹങ്ങളെക്കുറിച്ചും പുരാവസ്തു ഗവേഷകര്‍ നമുക്ക് പറഞ്ഞുതരുന്നുണ്ട്. കൂട്ടത്തില്‍ അവരുടെ ആരാധനാലയങ്ങളും തകര്‍ന്നിട്ടുണ്ട്. അവയില്‍ നിന്ന് ലഭ്യമാകുന്ന പ്രതിഷ്ഠകളുടെ പേര് പോലും ആര്‍ക്കുമറിയില്ല. അതിനര്‍ഥം ആ ജനതകള്‍ തകര്‍ന്നപ്പോള്‍ അവരുടെ ദൈവങ്ങളും തകര്‍ന്നു എന്നാണോ? അങ്ങനെ തകരുന്നതാണോ ദൈവം?

ഇനി അദൈ്വത സിദ്ധാന്തമനുസരിച്ച് കാര്യങ്ങളെ നോക്കിയാലും ചില ചോദ്യങ്ങള്‍ നാം അഭിമുഖീകരിക്കേണ്ടിവരും. ബ്രഹ്മം തന്നെ വിരിഞ്ഞു നില്‍ക്കുന്നതാണ് പ്രപഞ്ചം എന്നാണല്ലോ അതിന്റെ കാഴ്ചപ്പാട്. അതനുസരിച്ച് സ്രഷ്ടാവും സൃഷ്ടിയുമില്ല. എല്ലാം ബ്രഹ്മമാണ്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും നിരീശ്വരവാദിയും മാത്രമല്ല, ക്ഷേത്രങ്ങളും പള്ളികളും ചര്‍ച്ചുകളും ബ്രഹ്മം തന്നെയാണ്. അപ്പോള്‍ പിന്നെ അമ്പലത്തില്‍ മാത്രം വസിക്കുന്ന ദൈവം എവിടെ നിന്നുണ്ടായി?

പൊതുവില്‍ ദൈവികം എന്നു വിശ്വസിച്ചുപോരുന്ന വേദഗ്രന്ഥങ്ങള്‍ ദൈവത്തെക്കുറിച്ച് പറയുന്ന ചില ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കാം: ''അല്ലയോ മനുഷ്യരേ, ആ പരമാത്മാവ് നമ്മുടെ സുഖദായകനായ ബന്ധുവും സ്രഷ്ടാവുമാണ്. ആ ജഗന്നിയന്താവ്, വിധാതാവ് (രക്ഷകന്‍) എല്ലാ ലോകങ്ങളെയും നാമ, സ്ഥാന, ജന്മങ്ങളെയും അറിയുന്നു. ഏത് സാംസാരിക ദുഃഖരഹിതവും നിത്യാനന്ദ യുക്തവും ആയ മോക്ഷ രാജ്യത്തില്‍ അമൃതത്വത്തെ പ്രാപിച്ച് വിദ്വാന്മാര്‍ ഇഛാനുസൃതം സഞ്ചരിക്കുന്നുവോ ആ ബ്രഹ്മം സ്രഷ്ടാവും രക്ഷകനും മുക്തി പ്രദായകനുമാണ്'' (യജുര്‍വേദം 32.10, വിവര്‍ത്തനം: ആചാര്യ നരേന്ദ്രഭൂഷണ്‍, ചതുര്‍വേദ സംഹിത ഭാഗം 2). ബൈബിളില്‍ ഒരു ഭാഗത്ത് ദൈവത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ''ആകാശത്തെ സൃഷ്ടിച്ച യഹോവ അരുളിച്ചെയ്യുന്നു. അവന്‍ തന്നെ ദൈവം. അവന്‍ ഭൂമിയെ നിര്‍മിച്ചുണ്ടാക്കി. അതിനെ ഉറപ്പിച്ചു. വൃഥാ അല്ല അതിനെ നിര്‍മിച്ചത്. പാര്‍പ്പിനത്രെ അതിനെ നിര്‍മിച്ചത്'' (യശയ്യാവ്, പുസ്തകം 45:18).

ഖുര്‍ആനില്‍ ഇങ്ങനെ കാണാം: ''സകല വസ്തുക്കളെയും അവന്‍ സൃഷ്ടിക്കുകയും അവയ്ക്ക് കൃത്യമായ പരിണാമം നിശ്ചയിക്കുകയും ചെയ്തു. ജനങ്ങള്‍ അവനെ വിട്ട് ഇതര ദൈവങ്ങളെ വരിച്ചു. അവയാകട്ടെ യാതൊന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവ തന്നെ സൃഷ്ടിക്കപ്പെട്ടവയാകുന്നു. തങ്ങള്‍ക്കുതന്നെ ഗുണമോ ദോഷമോ ചെയ്യാനുള്ള അധികാരവും അവക്കില്ല. മരണമേകാനോ ജീവിതമേകാനോ മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനോ ഒന്നും കഴിവില്ല'' (25:2,3). ചുരുക്കത്തില്‍, എല്ലാറ്റിനെയും സൃഷ്ടിച്ച മഹാശക്തിയാണ് യഥാര്‍ഥ ദൈവം എന്ന വസ്തുതയാണ് വേദഗ്രന്ഥങ്ങള്‍ പറഞ്ഞുതരുന്നത്.

മനുഷ്യനെ സംരക്ഷിക്കുന്ന യഥാര്‍ഥ ദൈവവും മനുഷ്യന്‍ സംരക്ഷിക്കുന്ന ദൈവങ്ങളുമുണ്ട്. ആദ്യത്തേത് മനുഷ്യന്റെ സ്രഷ്ടാവും രണ്ടാമത്തേത് മനുഷ്യന്റെ സൃഷ്ടിയുമാണ്. ആകാശഭൂമികളുടെ സ്രഷ്ടാവും പരിപാലകനുമായ, സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവത്തെ ആരും സംരക്ഷിക്കേണ്ടതില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''ദൈവത്തിന് ആരെയും ആശ്രയിക്കേണ്ടതില്ല; എല്ലാവര്‍ക്കും ദൈവത്തെ ആശ്രയിക്കണം'' (112:2).

എന്നാല്‍, മനുഷ്യന്‍ സൃഷ്ടിച്ച ദൈവങ്ങള്‍ക്ക് മനുഷ്യരുടെ സംരക്ഷണം ആവശ്യമാണ്. കാവലില്ലെങ്കില്‍ ചിലപ്പോള്‍ മോഷ്ടിക്കപ്പെടുക പോലും ചെയ്യും. മനുഷ്യനെ സൃഷ്ടിച്ച യഥാര്‍ഥ ദൈവത്തെ സംബന്ധിച്ചേടത്തോളം ആരാധകരുടെ സംരക്ഷണത്തിലല്ല നിലനില്‍ക്കുന്നത് എന്നതിനാല്‍ പ്രസ്തുത ദൈവാരാധനക്കായി പണിത പള്ളികള്‍ പൊളിച്ചാലും ദൈവത്തിനൊന്നും സംഭവിക്കില്ല. സര്‍വലോക സ്രഷ്ടാവും പരിപാലകനുമായ യഥാര്‍ഥ ദൈവത്തെ ഏതെങ്കിലും ഒരു വസ്തുവിലോ സ്ഥലത്തോ പ്രതിഷ്ഠിക്കാനാവുകയില്ല എന്നതുകൊണ്ടാണ് ആ ദൈവത്തെ ആരാധിക്കാനായി പണിയുന്ന പള്ളികളില്‍ പ്രതിഷ്ഠകളില്ലാത്തത്. സ്രഷ്ടാവും അദൃശ്യനുമായ ഏകദൈവത്തെ സൃഷ്ടിയും ദൃശ്യവുമായ പല രൂപങ്ങളില്‍ സങ്കല്‍പിക്കുമ്പോള്‍ ദൈവത്തെ സംബന്ധിച്ച യഥാര്‍ഥ കാഴ്ചപ്പാട് അട്ടിമറിക്കപ്പെടും. ഒരു മനുഷ്യനെ പോലും ഏതെങ്കിലും രൂപത്തിലോ വസ്തുവിലോ ഒതുക്കി സങ്കല്‍പിക്കാന്‍ സാധ്യമല്ലെന്നിരിക്കെ അണ്ഡ കടാഹങ്ങളുടെ ഉടമസ്ഥനായ ദൈവത്തെ ഒരു വസ്തുവിലോ രൂപത്തിലോ സങ്കല്‍പിക്കുന്നതെങ്ങനെ? വേദ പണ്ഡിതനായിരുന്ന സ്വാമി ദയാനന്ദ സരസ്വതി ഇതു സംബന്ധമായി പറയുന്നതിങ്ങനെ: ''പരമേശ്വരന്‍ സര്‍വ വ്യാപിയായിരിക്കെ ഒരു വസ്തുവില്‍ മാത്രം പരമേശ്വരനെ ഭാവന കൊണ്ട് സങ്കല്‍പിക്കുകയും മറ്റൊരിടത്തും അവ്വണ്ണം സങ്കല്‍പിക്കാതിരിക്കുകയും ചെയ്യുന്നത്, ചക്രവര്‍ത്തിയായ ഒരുവനെ അവന്റെ സമസ്ത സാമ്രാജ്യത്തില്‍നിന്ന് പൃഥക്കരിച്ച് ചെറിയൊരു കുടിലിന്റെ സ്വാമിയായി വിചാരിക്കുന്നതുപോലെയാണ്. അത് ഒരു സര്‍വഭൗമന് എത്ര വലിയ അപമാനമാണെന്ന് ആലോചിച്ചു നോക്കുക'' (സത്യാര്‍ഥ പ്രകാശം, പേജ് 515).

തന്നെ സൃഷ്ടിച്ച ദൈവവുമായി ബന്ധപ്പെടാന്‍ ഒരു ഇടയാളന്റെയും ആവശ്യമില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. കാരണം, ദൈവം അങ്ങിങ്ങായി ആരാധനാലയങ്ങളില്‍ ഏതൊക്കെയോ പുരോഹിതന്മാരുടെ ശിപാര്‍ശക്കനുസരിച്ച് മനുഷ്യനെ കടാക്ഷിക്കുന്ന അകലെയുള്ള ഒരു ശക്തിയല്ല. മനുഷ്യന്റെ കണ്ഠനാഡിയോളം -അല്ല- കണ്ഠനാഡിയേക്കാള്‍ അവനോട് അടുത്താണ് ദൈവം എന്നാണ് ഖുര്‍ആന്‍ പറയുന്നത്. മാത്രമല്ല, ഭക്തരുടെ കാശ് നോക്കി കടാക്ഷിക്കുന്നവനുമല്ല ദൈവം. കാരണം, എല്ലാറ്റിന്റെയും ഉടമസ്ഥനായ ദൈവത്തിനെന്തിനാണ് കാശ്? അതുകൊണ്ടാണ് മുസ്‌ലിം പള്ളികള്‍ 'ആത്മീയ ബിസിനസ്സ്' കേന്ദ്രങ്ങളാവാത്തത്. മുസ്‌ലിം സമുദായത്തില്‍ (ഇസ്‌ലാമിലല്ല) ആത്മീയ ബിസിനസ്സുകള്‍ നടക്കുന്നത് പള്ളികള്‍ കേന്ദ്രീകരിച്ചല്ല; മരിച്ചുപോയ മഹാന്മാരുടെയോ മറ്റോ പേരിലുള്ള  ജാറങ്ങളും ഖബ്‌റുകളും കേന്ദ്രീകരിച്ചാണ്. അത് ഇസ്‌ലാം പഠിപ്പിച്ച കാര്യവുമല്ല. ദൈവാരാധനയുടെ പേരില്‍ ഭക്തരില്‍നിന്ന് കാശ് വാങ്ങാന്‍ എന്തെങ്കിലും പഴുത് ഇസ്‌ലാം അനുവദിച്ചിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ 'ആത്മീയ ബിസിനസ് കേന്ദ്രം' മക്കയിലെ കഅ്ബാലയമാകുമായിരുന്നു. പക്ഷേ, അവിടെ ദൈവ പ്രതിഷ്ഠ ഇല്ല എന്നത് പോലെത്തന്നെ ഒരു നേര്‍ച്ചക്കുറ്റിയോ കാണിക്കാ വഞ്ചിയോ ഇല്ല. കാര്യസാധ്യത്തിനായി ദൈവത്തിന് കൈക്കൂലി കൊടുക്കുന്ന 'നേര്‍ച്ച വഴിപാട്' സമ്പ്രദായങ്ങള്‍ ഇസ്‌ലാമിലില്ല എന്നതാണതിനു കാരണം. 'നേര്‍ച്ചകള്‍ ലുബ്ധന്റെ പണപ്പെട്ടിയില്‍ നിന്ന് പണം പുറത്തെടുക്കാന്‍ കാരണമാകുന്നു എന്നല്ലാതെ ഒരു കാര്യത്തെയും മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യില്ല' എന്ന്, യഥാര്‍ഥ ദൈവാരാധന എങ്ങനെയെന്ന് പഠിപ്പിക്കാന്‍ നിയോഗിതനായ അന്ത്യപ്രവാചകന്‍ മുമ്പേ പറഞ്ഞുവെച്ചിട്ടുണ്ട്.

ഇസ്‌ലാമിന്റെ അധ്യാപന പ്രകാരം ശുദ്ധിയുള്ള ഏത് സ്ഥലവും ദൈവാരാധനക്ക് പര്യാപ്തമാണ്. ശുദ്ധിയുണ്ടെങ്കില്‍ പണിസ്ഥലത്തും കളിസ്ഥലത്തും പാടത്തും പറമ്പിലും നാട്ടിലും കാട്ടിലും ട്രെയിനിലും ബസ്സിലും എല്ലാം നിര്‍വഹിക്കാവുന്നതത്രേ നമസ്‌കാരം എന്ന ദൈവാരാധന. അതിനാല്‍ പള്ളികള്‍ മുഴുവന്‍ നീക്കിക്കളഞ്ഞാലും ദൈവാരാധനയെ തടയാനാവില്ല.

പിന്നെന്തിനാണ് പള്ളി? അത് സാമൂഹിക ജീവിയായ മനുഷ്യനെ ദൈവനാമത്തില്‍ ചേര്‍ത്തുനിര്‍ത്തി ആത്മാവിനെയും സമൂഹത്തെയും സംസ്‌കരിക്കാനുള്ള സാംസ്‌കാരിക കേന്ദ്രമാണ്. ഒരേയൊരു ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമായ മനുഷ്യര്‍ ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണെന്ന യാഥാര്‍ഥ്യത്തെയാണ് പണക്കാരനും പണിക്കാരനും പണ്ഡിതനും പാമരനും വെളുത്തവനും കറുത്തവനും തോളോട് തോള്‍ ചേര്‍ന്ന് നിന്ന് ദൈവത്തിന്റെ മുമ്പില്‍ കുമ്പിടുമ്പോള്‍ പ്രയോഗവത്കരിക്കുന്നത്. മനുഷ്യനെ ജാതി, വര്‍ഗ, വര്‍ണങ്ങളുടെ പേരില്‍ അകറ്റിനിര്‍ത്താനുള്ള സകലവിധ ന്യായങ്ങളെയുമാണ് പള്ളികള്‍ പൊളിച്ചുകളയുന്നത്. അതുകൊണ്ടുതന്നെ മാനവ സമൂഹത്തിന്റെ ഗുണത്തിനാണെങ്കില്‍ പൊളിക്കേണ്ടത് പള്ളികളല്ല, ദൈവാരാധനയുടെ പേരില്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന സമ്പ്രദായങ്ങളെയും, ജാതി തിരിച്ച് മനുഷ്യനെ വിവേചന വിധേയമാക്കുന്ന സാമൂഹിക വീക്ഷണത്തെയും, വര്‍ഗീയതയെ രാഷ്ട്രീയ ആയുധമാക്കുന്ന കാഴ്ചപ്പാടുകളെയുമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 3,4
എ.വൈ.ആര്‍