Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 17

നന്മയുണര്‍ത്തേണ്ട എഴുത്തുകുത്തുകള്‍

ശിഹാബുദ്ദീന്‍ ആരാമ്പ്രം

സാഹിത്യകൃതിയുടെ സ്വീകാര്യതയും സൃഷ്ടിപരതയും നിര്‍ണയിക്കുന്നതില്‍ സ്വാധീനമുള്ള നാല് കാര്യങ്ങള്‍ അവഗണിക്കാനാവാത്തവിധം പ്രാധാന്യം അര്‍ഹിക്കുന്നവയാണ്.
1. മൂല്യങ്ങളോടുള്ള ആദരവ്. ആസ്വാദകരെ വിശ്വാസരാഹിത്യത്തിലേക്കും മൂല്യധ്വംസനത്തിലേക്കും ധര്‍മവിരോധത്തിലേക്കും നയിക്കുകയല്ല എഴുത്തുകാരന്റെ ദൗത്യം. മൂല്യങ്ങളോട് ആദരവ് പുലര്‍ത്താനും പുലര്‍ത്താതിരിക്കാനും എഴുത്തുകാര്‍ക്ക് സ്വാതന്ത്യമുണ്ട്. എന്നാല്‍, ശത്രുത വളര്‍ത്തുന്നതോ അരാജകത്വം സൃഷ്ടിക്കുന്നതോ ആവരുത് സൗന്ദര്യശാസ്ത്ര തത്ത്വങ്ങള്‍. അതിനര്‍ഥം ആത്മീയതയുടെ മേല്‍വിലാസമുള്ള തിന്മയുടെ കേന്ദ്രങ്ങളെയും ആത്മീയ മൂല്യങ്ങളെ സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് ബലി നല്‍കുന്നവരെയും വിമര്‍ശിക്കരുതെന്നല്ല. കളങ്കരഹിതമായ വിശ്വാസത്തിനും മൂല്യങ്ങള്‍ക്കും പരിക്കേല്‍പിക്കുന്നത് ശാശ്വത ധര്‍മത്തെ സംരക്ഷിക്കാന്‍ ഉപകരിക്കില്ല.
സാഹിത്യ കൃതികളിലൂടെ നടത്തേണ്ട അനാചാര ഖണ്ഡനത്തെ മതവിമര്‍ശനമായി പരികല്‍പിക്കുന്നവരാണ് നമ്മുടെ സാഹിത്യകാരന്മാരില്‍ അധികവും. പലപ്പോഴും അത്തരം വിമര്‍ശനങ്ങള്‍ മൂല്യങ്ങളെ അവമതിക്കാനും വിശ്വസത്തെ ഭര്‍ത്സിക്കാനും ഊര്‍ജം പകരുന്നവയാണ്. മൂല്യങ്ങളോടുള്ള ആദരവിനും അനാചാരങ്ങളോടുള്ള വിമര്‍ശനത്തിനും മികച്ച മാതൃകയാണ് തകഴി ശിവശങ്കരപ്പിള്ള (1912-1999)യുടെ 'അനാഥ മയ്യത്ത്.'9 നഗരത്തിലെ രോഗിയും ദരിദ്രനുമായ മക്കാറിന്റെ ദയനീയ ജീവിതമാണ് കഥയിലെ പ്രമേയം. പ്രദേശത്തെ മുസ്‌ലിം പ്രമാണിമാരോ പുരോഹിതന്മാരോ മരണം വരെയും മക്കാറിനോട് അല്‍പം പോലും കരുണ കാണിച്ചില്ല. തോരാത്ത മഴയത്ത് പോലും ഇരിപ്പിടം കിട്ടാതെ അയാള്‍ അലഞ്ഞു. ദുശ്ശകുനം പോലെ ഇഴഞ്ഞിഴഞ്ഞ് ജീവിച്ചു. ഒടുവില്‍ ആശുപത്രിയില്‍ അനാഥനായി മരിച്ചു. എന്നാല്‍, മരിച്ച മക്കാറെ സ്ഥലത്തെ മുസ്‌ലിം പ്രധാനികള്‍ ഇസ്‌ലാമിക വിധി പ്രകാരം സംസ്‌കരിക്കുന്നു.
അനാഥനും ദരിദ്രനുമായ മക്കാറോട് ജീവിതകാലത്ത് മുസ്‌ലിം പുരോഹിതരും ധനികരും കാണിച്ച അവഗണനയെയാണ് തകഴി വിമര്‍ശിക്കുന്നത്. മക്കാര്‍ ദരിദ്രനായതിന്റെ പേരില്‍ ഇസ്‌ലാമിനെയോ അല്ലാഹുവിനെയോ ആക്ഷേപിക്കുകയല്ല. തകഴി തന്റെ മൂല്യപ്രതിബദ്ധത അതിസൂക്ഷ്മമായി അവതരിപ്പിക്കുന്നു:
''പള്ളിയില്‍ കല്ലറ തീര്‍ത്തു കഴിഞ്ഞിരുന്നു. ആ ഇരുപത്തിയൊന്നു മുഴം തുണിയോട് കൂടി മക്കാറിനെ പള്ളിക്കുഴിയിലേക്ക് വെച്ചു. മുഖത്തെ ആവരണം ചെയ്തിരുന്ന തുണി മാറ്റി. ആയിരത്തിനാനൂറില്‍ പരം സംവത്സരങ്ങള്‍ക്ക് മുമ്പ് എവിടെ നിന്നും വിശ്വസാഹോദര്യത്തിന്റെ നിത്യസന്ദേശം പുറപ്പെട്ടോ ആ പുണ്യഭൂമിക്കഭിമുഖമായി മക്കാറിന്റെ മുഖം തിരിച്ച് വെക്കപ്പെട്ടു. ശ്വാസോഛ്വാസം ചെയ്യുന്ന മനുഷ്യഹൃദയത്തിന്റെ അഗാധതയിലെത്താന്‍ ഉദ്ദേശിച്ചു പുറപ്പെട്ട ആ സാഹോദര്യ സന്ദേശം, തണുത്തുറഞ്ഞ ശവക്കുഴിയിലേക്കുള്ള ഒരാചാര നിര്‍ദേശമായി പരിഗണിക്കപ്പെട്ടതു കണ്ട് മനുഷ്യരാശി മുഴുവന്‍ അവകാശപ്പെടേണ്ട പ്രവാചകന്‍ വിങ്ങി വിങ്ങിക്കരയുന്നുണ്ടാവാം. എന്തോ!''
ഈ കഥയിലൂടെ തകഴി ശിവശങ്കരപ്പിള്ള പുറത്തുകൊണ്ടുവരുന്നത് അരാജകത്വത്തിന്റെ മുദ്രകളല്ല; സാഹോദര്യത്തിന്റെ ബിന്ദുക്കളാണ്. അരാജകത്വത്തെ നീതീകരിക്കാത്ത രചനകളിലെല്ലാം ഒളിഞ്ഞിരിക്കുന്ന നവോത്ഥാനത്തിന്റെ വിചാര ബിന്ദുക്കള്‍ 'അനാഥ മയ്യത്തി'ലും ഒളിമിന്നുന്നുണ്ട്. സാഹോദര്യത്തിന്റെ വക്താക്കളായിരുന്നവര്‍ അതില്‍ നിന്ന് അകന്നതിനെപ്പറ്റിയുള്ള വ്യാകുലതകളാണ് കഥയില്‍. അതാവട്ടെ പ്രവാചകനെ പോലും വേദനിപ്പിക്കുന്നതാണെന്നും സൂചിപ്പിക്കുന്നു. മാത്രമല്ല, 'മനുഷ്യരാശി മുഴുവന്‍ അവകാശപ്പെടേണ്ട പ്രവാചകന്‍' എന്ന് വിശേഷിപ്പിക്കുന്നുമുണ്ട്. ഒരു രാഷ്ട്രത്തിലെ ഒരു വിഭാഗം ജനതയുടെ അധഃപതനത്തെ മറ്റുള്ളവരുടെ കൂടി പതനത്തിന്റെയോ വേദനയുടെയോ ഭാഗമായി കാണാന്‍ നമ്മുടെ ഭാഷയിലെ നവോത്ഥാന കഥാകാരന് കഴിഞ്ഞിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ സാമൂഹിക വിമര്‍ശനത്തിലെ ഇത്തരം മൂല്യങ്ങളെയല്ല പല സാഹിത്യകാരന്മാരും പിന്തുടരുന്നത്. വിശ്വാസത്തെയോ അതിന്റെ ചിഹ്നങ്ങളെയോ ഭര്‍ത്സിക്കുന്നതില്‍ മാത്രം പുരോഗമനവും സാമൂഹിക പ്രതിബദ്ധതയും കാണുന്നവര്‍ തകഴിയുടെ 'അനാഥ മയ്യത്ത്' വായിച്ചിരിക്കാനിടയില്ല.
2. പ്രചോദന ശക്തി: ജീവിത നൈരാശ്യം, അഹന്ത, കുറ്റകൃത്യങ്ങള്‍ എന്നിവയെ മഹത്വവത്കരിക്കാനും ജീവിതത്തെ അലസതയില്‍ തളച്ചിടാനും പ്രലോഭിപ്പിക്കുന്നതല്ല ഉത്തമ കൃതികള്‍. അനുവാചകരില്‍ ഉത്തിഷ്ഠതയും ജാഗ്രതയും വളര്‍ത്തുന്നതിലായിരിക്കണം സാഹിത്യത്തിന്റെ സൃഷ്ടിപരമായ മേന്മ. അതിലൂടെ സമൂഹത്തിന് നൈസര്‍ഗികവും വൈചാരികവുമായ പ്രചോദനം പകരാന്‍ സര്‍ഗാത്മക രചനകള്‍ക്ക് സാധിക്കും. കാലാതിവര്‍ത്തിയായ മനുഷ്യനെ പ്രചോദിപ്പിക്കുന്ന ഭൂതകാല സ്മരണകള്‍ക്ക് അതില്‍ വലിയ പങ്കുണ്ട്. അത്തരം ആവിഷ്‌കാരങ്ങള്‍ എന്നും നിലനില്‍ക്കുന്നു. കമ്പളത്ത് ഗോവിന്ദന്‍ നായരുടെ (1914-1983) 'ഏറനാട്ടിന്‍ ധീരമക്കള്‍'10 എന്ന മാപ്പിളപ്പാട്ട് അക്കൂട്ടത്തിലൊന്നാണ്.
ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തിനെതിരെ മലബാറില്‍ നടന്ന സമരത്തിനിടയില്‍ ബ്രിട്ടീഷ് ഭരണകൂടത്തെ ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ നിശ്ചലമാക്കിയ ധീരാത്മാക്കളുടെ വീരകഥകളില്‍ നിന്നുള്ള ഒരു അധ്യായമാണ് കമ്പളത്ത് ആവിഷ്‌കരിക്കുന്നത്. 'രാജ്യസ്‌നേഹം വീറുകൊണ്ട ധീരരുണ്ടീ നാട്ടില്/ രക്ഷ വേണമെങ്കില് മണ്ടിക്കോട്ടവര്‍ ഇംഗ്ലണ്ടില്' എന്ന വരികളിലൂടെ ആ സമരത്തിന്റെ മിടിപ്പുകള്‍ അയവിറക്കുകയാണ് കവി. അന്നത്തെ സമരഭടന്മാര്‍ അനുഭവിച്ച ഉപമകളില്ലാത്ത ത്യാഗത്തെ ഉള്‍പ്പുളകത്തോടെയാണ് ചിത്രീകരിക്കുന്നത്. ബ്രിട്ടീഷുകാരന്റെ തോക്കും പീരങ്കിയുമെല്ലാം മലബാറിലെ രാജ്യസ്‌നേഹികളുടെയും സ്വാതന്ത്ര്യ പ്രേമികളുടെയും ഹൃദയത്തുടിപ്പുകള്‍ക്ക് മുമ്പില്‍ പകച്ചുനിന്ന കാലത്തിന്റെ ഓര്‍മകള്‍ നമ്മുടെ അലസജീവിതത്തിലേക്ക് കടത്തിവിടുകയാണ്:
''ഞമ്മളെത്തറ ബാപ്പമാരെ കേറ്റിയവന് തൂക്കിന്
ഞങ്ങളുമ്മ പെങ്ങന്മാരെ കാട്ടിയ ഹലാക്കിന്
ഉപ്പാപ്പമാരെ താടിനുള്ളി സൂചികേറ്റി കാലില്
അപ്പുറം കടല്‍ക്ക് കൊണ്ടോയാക്കി അന്തമാനില്
പോല ചിപ്പം പോലെ അട്ടിക്കിട്ട് തീവണ്ടിയില്
ആലയത്തിനുള്ളിലിട്ട് കരിച്ചവര്‍ പല നാട്ടില്
മക്കളെ നിരത്തി നിര്‍ത്തി ബാപ്പമാരുടെ നെഞ്ചില്
തോക്കിനാല്‍ നിറയൊഴിച്ചു രസിച്ചവര്‍ കേമത്തില്.''
അത്രയും ക്രൂരമായ ഹിംസകള്‍ അഴിച്ചുവിട്ടവരില്‍ പെട്ട ഹിച്ച്‌കോക്ക് സായിപ്പിന്റെ സ്മാരകം, പൊളിച്ചുമാറ്റാനുള്ള സമരത്തിലാണ് ഈ ഗാനം കമ്പളത്ത് ഗോവിന്ദന്‍ നായര്‍ ആലപിക്കുന്നത്. മലപ്പുറം-കോഴിക്കോട് റൂട്ടിലെ വള്ളുവമ്പ്രം പ്രദേശത്ത് സ്ഥാപിച്ച ഹിച്ച്‌കോക്ക് സ്മാരകം പൊളിക്കാനെത്തിയവരില്‍ ഒരാളായിരുന്നു അദ്ദേഹം. നാടിന്റെ മോചനത്തിന് പൊരുതി മരിച്ചവരെയും ഹിച്ച്‌കോക്ക് സ്മാരകത്തിനെതിരെ സമരം ചെയ്യുന്നവരെയും തമ്മില്‍ ഹൃദയരക്തം കൊണ്ടാണ് കവി കോര്‍ത്തിണക്കുന്നത്. അന്ന് അവര്‍ വെടിവെച്ചും തൂക്കിയും കൊന്നത് നമ്മുടെ ബാപ്പമാരെയായിരുന്നുവെന്ന ആത്മാവിന്റെ വിലാപമാണ് കവിതയില്‍. അന്തമാനിലേക്ക് നാട് കടത്തപ്പെട്ടവരും തീവണ്ടിയില്‍ ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ടവരും നമ്മുടെ ഉപ്പാപ്പമാരാണെന്ന തിരിച്ചറിവ് പകര്‍ന്ന വീര്യത്തെ തടഞ്ഞുനിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞില്ല. ആ നിസ്സഹായതയെ അവര്‍ മറികടന്നത്, മലബാര്‍ സമരത്തെ വര്‍ഗീയകലാപമായി മുദ്രയടിച്ചുകൊണ്ടായിരുന്നു. സാമ്രാജ്യവാദികളും അനുകൂലികളും സൃഷ്ടിച്ച വിഭാഗീയമായ ചേരിതിരിവാണ് ദൗര്‍ഭാഗ്യവശാല്‍ അതിന്റെ അനന്തര ഫലം. അത്തരം വികല ചിന്തകള്‍ക്കെതിരെ സമരത്തിന്റെ ആത്മാവ് കണ്ടെത്തിയ ഗോവിന്ദന്‍ നായര്‍ പാടുന്നു:
''നമ്മളുണ്ടാക്കുന്ന നെല്ല് ജന്മിമാരെ തീറ്റുവാന്‍
സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാന്‍
നമ്മളുടെ കാശു വാങ്ങിംഗ്ലണ്ടിലേക്കയക്കുവാന്‍
സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാന്‍.''
നമ്മുടേത് പോലുള്ള താളം തെറ്റുന്ന ബഹുസ്വര സമൂഹത്തിന്റെ നാഡിമിടിപ്പുകള്‍ക്ക് ഊര്‍ജം പകരുന്ന മികച്ച കൃതികളിലൊന്നാണിത്. സഹോദര സമുദായങ്ങളോടുള്ള സഹവര്‍ത്തിത്വത്തിന്റെ പുതിയ ലോകം പണിയാന്‍ കമ്പളത്തിന്റെ ഈ ഗാനം പ്രചോദിപ്പിക്കുമെന്നതില്‍ സംശയമില്ല. വായനക്കാരന്റെ ഹൃദയത്തില്‍ ഇണക്കത്തിന്റെ മന്ത്രധ്വനികളുമായി ആ ഗാനത്തിന്റെ ഈരടികള്‍ മുഴങ്ങാതിരിക്കുമോ? അവ നമ്മുടെ പുതിയ തലമുറയിലെ എഴുത്തുകാര്‍ക്ക് കൂടി വെളിച്ചമായിത്തീര്‍ന്നെങ്കില്‍.
3. ലൈംഗികത: കലയുടെ അധഃപതനകാലത്ത് പാശ്ചാത്യ നാടുകളിലാണ് സാഹിത്യത്തില്‍ ലൈംഗികതയുടെ അതിപ്രസരമുണ്ടായത്. രതി വര്‍ണന ഏറ്റവും പ്രിയപ്പെട്ടതാണെന്നു മാത്രമല്ല, അതൊന്നു മാത്രമാണ് പല നോവലുകളുടെയും പ്രതിപാദ്യം. ഏതെങ്കിലും ഒരു സന്ദര്‍ഭമുണ്ടാക്കി സ്ത്രീയുടെ നഗ്‌നമായ മാര്‍വിടവും അവയവങ്ങളും തുറന്നു കാട്ടിയില്ലെങ്കില്‍ കലയേ അല്ലാതാകുന്നേടത്തോളം സ്ഥിതിഗതികള്‍ എത്തപ്പെട്ടതായി ടോള്‍സ്റ്റോയി പ്രസ്താവിക്കുന്നുണ്ട്.11
ഇതേ യാഥാര്‍ഥ്യം മറ്റൊരു വിധത്തില്‍ എം.പി പോളും നിരീക്ഷിക്കുന്നു. വായനക്കാരെ സമ്പാദിക്കാന്‍ ഇതൊരു എളുപ്പവഴിയായിരിക്കാം. പക്ഷേ, അമിതവും നിരര്‍ഥകവുമായ ലൈംഗിക വര്‍ണന സാഹിത്യത്തിലെ ഒരുവക ഒളിച്ചോട്ടമാണ്.12 ലൈംഗികതയുടെ അതിപ്രസരമുള്ള കഥകളിലൊന്നാണ് എന്‍.പി ഹാഫിസ് മുഹമ്മദ് രചിച്ച 'അസ്‌റാഈല്‍'.13 അസ്‌റാഈല്‍ എന്ന മലക്കിന്റെ പ്രവര്‍ത്തനം പശ്ചാത്തലമാക്കുന്ന വ്യത്യസ്തമായ കഥയാണിത്. വിശ്വാസത്തെ പ്രചോദിപ്പിക്കുന്ന ഒരു കഥാതന്തുവാണ് ഹാഫിസ് കൈകാര്യം ചെയ്യുന്നതെങ്കിലും അതിലെ അമിതമായ ലൈംഗിക വര്‍ണന കഥയുടെ ആത്മാവിനെ നിസ്‌തേജമാക്കിയിരിക്കുന്നു. കഥ വായിച്ച് കഴിയുമ്പോള്‍ രണ്ട് വ്യത്യസ്ത മതക്കാര്‍ തമ്മില്‍ നടന്ന വ്യഭിചാരത്തിനപ്പുറത്തേക്ക് കഥ വികസിക്കുന്നില്ല.
4. ഗൂഢമായ തത്ത്വചിന്ത: കൃതികള്‍ മൗലികവും സര്‍ഗാത്മകവുമാവണമെങ്കില്‍ വായനക്കാര്‍ക്ക് മനസ്സിലാവാത്തവയാകണമെന്ന് ധരിച്ചവരുണ്ട്. നിഗൂഢവും അപ്രാപ്യവുമായ സൗന്ദര്യാവിഷ്‌കാരമോ വ്യക്തമല്ലാത്ത പ്രമേയാവതരണമോ മികച്ചകൃതിയുടെ ലക്ഷണമല്ല. സുതാര്യതയാണ് സംവേദനക്ഷമത. വെള്ളം തെളിഞ്ഞതാണെങ്കില്‍ അതിനടയില്‍ മുത്തുകളോ കക്കകളോ മത്സ്യങ്ങളോ ഉണ്ടെങ്കില്‍ കാണാം. അതുപോലെത്തന്നെയാണ് സാഹിത്യ കൃതികളുടെയും അവസ്ഥ. കലങ്ങിയ വെള്ളത്തിനടിയില്‍ വിലപ്പെട്ടതൊന്നും ഉണ്ടാവണമെന്നില്ല. അടിയിലൊന്നും ഇല്ലെന്ന കാര്യം മറച്ചുവെക്കാനാണ് പലപ്പോഴും വെള്ളം കലക്കുന്നത്. വല്ലതും ഉണ്ടെങ്കില്‍ തന്നെ സാമാന്യ അനുവാചകന് അത് തപ്പിയെടുക്കാനാവുകയുമില്ല.

മൂല്യവും സ്വാര്‍ഥതയും
നന്മ-തിന്മകളുടെ ഉന്മീലനമാണ് വിശ്വാസവും ഭാവനയും തമ്മിലുള്ള മിശ്രണത്തിലൂടെ നടക്കുന്നത്. അനുഭവലോകത്തെ മനുഷ്യരേക്കാള്‍ ഉത്തമരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അനുവാചകന്‍ സ്വന്തം പോരായ്മകള്‍ കണ്ടെത്തുന്നു. അത് ഉത്തമ സമൂഹത്തിന്റെ സൃഷ്ടിക്ക് വഴിയൊരുക്കും. എന്നാല്‍, മൂല്യവിശ്വാസത്തിന്റെ സ്വാധീനമില്ലാത്ത രചനകള്‍ ആസ്വാദക മനസ്സുകളില്‍ അധാര്‍മിക പ്രവണതകളുടെ മാലിന്യം പരത്തുന്നു. അവ സമൂഹത്തിന് മുമ്പില്‍ ദുഷ്ട കഥാപാത്രങ്ങളെ മാതൃകാ പുരുഷന്മാരായി അവതരിപ്പിക്കുന്നു.
നമ്മുടെ ഭാഷയിലെ നിരവധി നോവലുകളും നാടകങ്ങളും കഥകളും കവിതകളുമെല്ലാം വിശ്വാസികളുടെ പ്രതിനിധികളായി അവതരിപ്പിച്ചത് ഹീനരായ കഥാപാത്രങ്ങളെയാണ്. മുസ്‌ലിം പേരോ ചിഹ്നമോ ഹാജിയാര്‍, തങ്ങള്‍ പോലുള്ള ബഹുമതികളോ നല്‍കപ്പെട്ട അത്തരം കഥാപാത്രങ്ങളെ തിന്മയുടെ പ്രതീകമായി അവതരിപ്പിക്കുന്നതില്‍ ഏതാണ്ടെല്ലാ എഴുത്തുകാരും ഒറ്റക്കെട്ടായിരുന്നു. ആ കഥാപാത്രങ്ങളുടെ ഭാഷയും വേഷവും മാത്രമല്ല പലരും വെറുപ്പോടെ കൊണ്ടാടിയത്; അവരുടെ സംസ്‌കാരത്തെ തന്നെയായിരുന്നു. വയലാര്‍ രാമവര്‍മയെപ്പോലുള്ള കവികള്‍ പോലും വിശ്വാസത്തെയോ വിശ്വാസികളെയോ നോവിപ്പിക്കാതിരുന്നിട്ടില്ല. സാമൂഹിക വിമര്‍ശനമെന്നും വിശ്വാസത്തോടുള്ള അസ്‌ക്യതയെന്നുമുള്ള ഇരട്ട ആശയങ്ങളായിരുന്നു 'ആയിശ'യെപ്പറ്റിയുള്ള കവിതയില്‍:
കുമ്പകളിടിഞ്ഞൂര്‍ന്നു
വീണ സംസ്‌കാരത്തിന്റെ
കുണ്ടളപ്പുഴുക്കളെ
പ്പറ്റി ഞാന്‍ വിചാരിക്കും
നാടിന്റെ സാമ്പത്തിക
ക്കെട്ടിന്റെ പടവിന്‍ മേല്‍
ചാടിവീണിളിക്കുന്ന
വാനരന്മാരെപ്പറ്റി.14
വയലാര്‍ രാമവര്‍മ വിമര്‍ശിക്കുന്നത് ആയിശയെയോ അബ്ദുര്‍റഹ്മാനെയോ അല്ല. അവരുടേതായി വിചാരിക്കപ്പെടുന്ന വിശ്വാസത്തെയോ സംസ്‌കാരത്തെയോ ആണ്. തകഴി നടത്തിയ സമുദായ വിമര്‍ശനത്തില്‍ നിന്ന് എത്രയോ ഭിന്നമാണിത്. നേരത്തെ സൂചിപ്പിച്ചത് പോലെ വിശ്വാസികളുടെ പേരോ വേഷമോ സ്വീകരിച്ചവര്‍ നടത്തുന്ന തിന്മയെ വിമര്‍ശിക്കരുതെന്നല്ല ഈ പറഞ്ഞതിന്റെ ചുരുക്കം. വിശ്വാസം പകരുന്ന ഉത്കൃഷ്ട മൂല്യങ്ങളെയും അധ്യാപനങ്ങളെയും തള്ളിയവരെ അതേ വിശ്വാസത്തിന്റെ വാഹകരായി അവതരിപ്പിക്കുന്നതിലെ അനൗചിത്യമാണ് സൂചിപ്പിക്കുന്നത്.
നമ്മുടെ എഴുത്തുകാര്‍ അവതരിപ്പിക്കാറുള്ള മാതൃകാ കഥാപാത്രങ്ങളില്‍ പലരും സൂക്ഷ്മ വിശകലനത്തില്‍ ദേഹേഛകളില്‍ ആസക്തരായവരാണ്. ത്യാഗത്തിന്റെയും സാമൂഹിക സേവനത്തിന്റെയും ഉത്തുംഗവിധാനത്തില്‍ അവരോധിക്കപ്പെടുമ്പോഴും സ്വകാര്യ ജീവിതത്തില്‍ സ്വാര്‍ഥനോ അതിമോഹിയോ ആയിരിക്കും. സേവന പ്രവര്‍ത്തനങ്ങളുടെ ഔന്നത്യത്തിലും ഏതെങ്കിലും കാമുകിയെയും മോഹിച്ചാണ് പല നായകന്മാരും മുന്നേറുന്നത്. അസാന്മാര്‍ഗികതയോളം എത്തുന്ന ബന്ധങ്ങളും അവയില്‍ അപൂര്‍വമല്ല. നായക കഥാപാത്രത്തിന് ഒരു വനിതയോട് അഭിനിവേശം ജനിച്ചാല്‍, അവള്‍ അദ്ദേഹത്തിന്റേതാകണമെന്നാണ് ലോകത്തെങ്ങുമുള്ള സാഹിത്യ ചിന്തയുടെ സദാചാര നിയമം. മാതാപിതാക്കള്‍ക്ക് പോലും ഒരു സ്ഥാനവും ലഭിക്കുന്നില്ല. പലപ്പോഴും അവര്‍ വില്ലന്മാരോ പിശാചുക്കളോ ആയി ചിത്രീകരിക്കപ്പെടുന്നു. നായകന്റെ സ്വാര്‍ഥതയും അനര്‍ഹമായത് നേടാനുള്ള അതിമോഹവും മാത്രമാണ് അത്തരം രചനകളുടെ കാതല്‍. ദൗര്‍ഭാഗ്യവശാല്‍ ആ വസ്തുത എഴുത്തുകാര്‍ വിസ്മരിക്കുകയാണ്.
ഉറൂബിന്റെ വിഖ്യാതമായ ഉമ്മാച്ചു15 ഇവിടെ പരാമര്‍ശിക്കാതിരിക്കാനാവില്ല. ഉമ്മാച്ചുവും മായനും പ്രണയത്തിലായിരുന്നുവെങ്കിലും ഉമ്മാച്ചുവിന്റെ മാതാപിതാക്കള്‍ അവളെ ബീരാന് വിവാഹം ചെയ്തുകൊടുത്തു. അതില്‍ അമര്‍ഷം തോന്നിയ മായന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം രഹസ്യമായി വന്ന് ബീരാനെ വധിച്ചു. പിന്നീട് ഉമ്മാച്ചുവിനെ വിവാഹം കഴിച്ചു. അപ്പോഴേക്കും ബീരാന് ഉമ്മാച്ചുവില്‍ പിറന്ന അബ്ദുവിന് ആറ് വയസ്സുണ്ടായിരുന്നു. എന്നാല്‍ തുടക്കം മുതല്‍ക്കേ അബ്ദു മായനുമായി അകന്നു നിന്നു. യൗവനത്തില്‍ എത്തിയിട്ടും അബ്ദുവിന്റെ സമീപനത്തില്‍ യാതൊരു മാറ്റവും വന്നില്ല. ബീരാന്റെ ഘാതകന്‍ മായനാണെന്ന് അബ്ദുവിന് അറിയില്ലെന്നായിരുന്നു ഉമ്മാച്ചുവിന്റെയും മായന്റെയും ധാരണ. ഒരു ഘട്ടത്തില്‍ അബ്ദു അവനോട് തന്നെ ആ സത്യം തുറന്നു പറഞ്ഞപ്പോള്‍ ഉമ്മാച്ചുവും മായനും തകര്‍ന്നുപോയി. കുറ്റബോധം താങ്ങാനാവാതെ, തന്റെ രണ്ട് മക്കളെയും ഉമ്മാച്ചുവിനെയും ഉപേക്ഷിച്ച് മായന്‍ പലായനം ചെയ്തു. മായനെ തേടി വന്ന് സ്വന്തം മകന്‍ അപേക്ഷിച്ചിട്ടും മടങ്ങിവരാന്‍ മായന്റെ മനസ്സ് അനുവദിച്ചില്ല. പാപഭാരവും ഏകാന്തതയും മായനെ ക്രൂരമായി വേട്ടയാടി. ഒടുവില്‍ ആത്മഹത്യയില്‍ അഭയം തേടേണ്ടിവന്നു.
ഉറൂബിന്റെ ഈ നോവല്‍ മലയാളത്തിലെ ഉജ്ജ്വലമായ പ്രേമകഥകളില്‍ ഒന്നാണ്. അവിഹിതവും അന്യായവുമായ വഴികളിലൂടെയാണ് ആ പ്രേമം പൂവണിഞ്ഞത്. അതിനനുസരിച്ച പര്യവസാനവുമാണ് നോവലില്‍. നീതിയോടുള്ള ഈ പ്രതിബദ്ധത പക്ഷേ, മിക്ക എഴുത്തുകാരും ഓര്‍ക്കാറില്ല. ആസ്വാദകന്റെ മനസ്സില്‍ വളരുന്ന തിന്മയെ ഉല്ലംഘിക്കാന്‍ തലമുറകള്‍ക്ക് കഴിയണമെങ്കില്‍, തിന്മക്ക് ക്ഷതമേല്‍ക്കുന്ന ഭാവപ്രപഞ്ചം ആവിഷ്‌കരിക്കേണ്ടത് കര്‍ത്തവ്യമായി കാണാന്‍ എഴുത്തുകാരന് കഴിയണം. ജീവിതാവസ്ഥകളെ തിന്മക്ക് വിരുദ്ധമായ പരിസരത്തേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള നിരന്തര പ്രചോദനമാണ് സാഹിത്യത്തില്‍ നിന്നുണ്ടാവേണ്ടത്. സമൂഹത്തിലെ എത്ര താണ പടിയിലുള്ളവര്‍ക്കും ഉല്‍ബുദ്ധതയും വിമോചന വാഞ്ഛയും പകരുന്നതാകുമ്പോഴാണ് സാഹിത്യം സാമൂഹിക പരിവര്‍ത്തനത്തിനുള്ള ആയുധമാവുന്നത്. വിപ്ലവത്തിന്റെ ചാലകശക്തികളായി സാഹിത്യം കരുത്ത് നേടുന്നതും അപ്പോഴാണ്.

കുറിപ്പുകള്‍
9. തകഴി ശിവശങ്കപ്പിള്ള- കഥ പേജ് 66
10. ദേശാഭിമാനി വാരിക- 2009 ആഗസ്റ്റ് 9 (1944)
11. എന്താണ് കല? പേജ് 67
12. സാഹിത്യ വിചാരം, പേജ് 82
13. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2004 ഒക്‌ടോബര്‍ 31, നവംബര്‍ 6
14. വയലാര്‍ കൃതികള്‍, പേജ് 130,131, ഡി.സി ബുക്‌സ്, കോട്ടയം 2003
15. ഉറൂബ്, ഉമ്മാച്ചു, ഡി.സി ബുക്‌സ്, കോട്ടയം 1993

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം