Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 17

ഇ-കൊമേഴ്‌സ് സാധ്യതകള്‍, ചതിക്കുഴികള്‍

എം.വി മുഹമ്മദ് സലീം

സാമ്പത്തിക ഇടപാടുകള്‍ അവസാനം ചെന്നെത്തിയ രീതിയാണ് ഇ-കൊമേഴ്‌സ് എന്നറിയപ്പെടുന്ന ഇലക്‌ട്രോണിക് വ്യാപാര സമ്പ്രദായം. സാധാരണ പണം നല്‍കുന്നതിനു പകരം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇന്റര്‍നെറ്റ് സംവിധാനം വഴി പണമെടുക്കുക, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്രയവിക്രയം നടത്തുക, മൊബൈല്‍ ഫോണുപയോഗിച്ച് പണമിടപാടിന്റെ വിശദീകരണമറിയുക, പണമടക്കുക തുടങ്ങി വളരെ വിപുലമായ ഒരു മേഖലയാണ് ഇന്ന് ഇ-കൊമേഴ്‌സ്. പണം, ചെക്ക് മുതലായവക്ക് പകരം വന്ന നവാതിഥിയാണ് ഇത്.
പുതിയ തലമുറ ബാങ്കുകള്‍ (New Generation Banks) എന്നറിയപ്പെടുന്ന ആഗോള ബാങ്കുകള്‍ ഏറിയ കൂറും ഇ-കൊമേഴ്‌സിലൂടെ ഇടപാടുകള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നു. ഇടപാടുകാര്‍ക്ക് ഇത് വളരെ സൗകര്യപ്രദമാണ്. വീട്ടിലോ ഓഫീസിലോ ഉള്ള ഇന്റര്‍നെറ്റ് സംവിധാനമുപയോഗിച്ച് ഇടപാടുകള്‍ നടത്താം. മിക്ക സേവനങ്ങളുടെയും ബില്ലുകള്‍ ഇങ്ങനെ അടക്കാം. വിമാന-തീവണ്ടി ടിക്കറ്റുകള്‍ മുതലായ അവശ്യ സേവനങ്ങള്‍ സമയം നഷ്ടപ്പെടുത്താതെ ലഭ്യമാക്കാം.
മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമായതോടെ ബാങ്കിംഗ് ഇടപാടുകള്‍ക്ക് മൊബൈല്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. ബാങ്കുകള്‍ കുറവുള്ള ഗ്രാമ പ്രദേശങ്ങളില്‍ ഈ സേവനം കൂടുതല്‍ പ്രചരിപ്പിച്ചു. കോടിക്കണക്കിനാളുകള്‍ക്ക് മൊബൈല്‍ ബാങ്കിംഗ് സേവനം ലഭ്യമാക്കാനുള്ള കഠിനാധ്വാനത്തിലാണ് വന്‍കിട കമ്പനികള്‍. ബാങ്കിംഗ് ഇടപാടുകാര്‍ക്ക് ചെലവ് കുറക്കാനും സമയം ലാഭിക്കാനും സഹായകമാണ് മൊബൈല്‍ സേവനം. അസൗകര്യങ്ങള്‍ കാരണം പലര്‍ക്കും അപ്രാപ്യമായിരുന്ന ബാങ്കിംഗ് സേവനം ലഭ്യമാക്കാനും തദ്വാരാ ഇടപാടുകാരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിപ്പിക്കാനും ഇത് സഹായകമാവും. ബാങ്കുകള്‍ക്ക് ഭീമമായ തുക ലാഭിക്കാന്‍ ഇങ്ങനെ അവസരമൊരുങ്ങുന്നു. ഒരു ഭാഗത്ത് റിക്കാര്‍ഡുകള്‍ തയാറാക്കി സൂക്ഷിക്കാനുള്ള ചെലവ്, ജീവനക്കാരുടെ വേതനത്തിനുള്ള തുക, ഇടപാടുകാരുടെ സേവന സംവിധാനത്തിന്റെ ചെലവ് തുടങ്ങിയവയില്‍ സാമ്പത്തിക രംഗത്ത് ബാങ്കിനുള്ള ലാഭം. മറുവശത്ത് സേവന വേഗത വര്‍ധിക്കുന്നതിലൂടെ മൊത്തത്തില്‍ ലഭിക്കുന്ന നേട്ടങ്ങള്‍.
ഇസ്‌ലാമിക വീക്ഷണത്തില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് എന്നിത്യാദി ആധുനിക സംവിധാനങ്ങളുടെ വിധിയെന്താണ്? ഗുണഭോക്താവിന് നേര്‍ക്കുനേരെ ദോഷകരമായി ഒന്നുമില്ലാത്തതിനാല്‍ അനുവദനീയമാണെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ഇ-കൊമേഴ്‌സിന് ഉപയോഗിക്കുന്ന പണമൊടുക്കാനുള്ള സംവിധാനം ഒന്നുകില്‍ ഇന്റര്‍നെറ്റാണ്, അല്ലെങ്കില്‍ ഇലക്‌ട്രോണിക് കാര്‍ഡാണ്. ഇടപാടുകാരന് ഒരു 'ഐഡി'യും പാസ്‌വേര്‍ഡും ബാങ്ക് കൈമാറുന്നു. ബാങ്കിലെ ജീവനക്കാര്‍ക്കു പോലും അറിയാതെ കമ്പ്യൂട്ടര്‍ ഉണ്ടാക്കി സീല്‍ ചെയ്ത് നല്‍കുന്ന ഈ കോഡുകള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുക. ഗുണഭോക്താവിന്റെ ആഗ്രഹത്തിനൊത്ത് പാസ്‌വേര്‍ഡ് മാറ്റാന്‍ സൗകര്യമുണ്ടാകും. അധിക പേര്‍ക്കും നിത്യാനുഭവമായതിനാല്‍ ഇതിന്റെ സാങ്കേതികവും മറ്റുമായ വശങ്ങള്‍ വിശദീകരിക്കുന്നില്ല. ഇ-കൊമേഴ്‌സിന്റെ അപായ മേഖലകള്‍ പരിശോധിക്കാനേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ.
പകരം ലഭിക്കുന്ന ഉപഭോഗവസ്തുവിനെക്കുറിച്ച് വ്യക്തമായ അറിവില്ലാതിരിക്കുമ്പോള്‍ ഉപഭോക്താവ് ചതിയിലകപ്പെടാന്‍ സാധ്യതയുണ്ട്. ചിത്ര സഹിതമുള്ള വിവരണമൊന്നും ഇതിന് പരിഹാരമാവണമെന്നില്ല. ഉല്‍പാദകന്‍ പറയുന്നത് വിശ്വസിച്ച് വാങ്ങുന്ന വസ്തു ഉപയോഗശൂന്യമാണെങ്കില്‍ തിരിച്ചു നല്‍കാനോ അടച്ച പണം തിരിച്ചെടുക്കാനോ കഴിയാതെ, വാങ്ങുന്നവര്‍ വെട്ടില്‍ വീഴാനുള്ള സാധ്യതയാണ് ഒരു പ്രധാന അപകട മേഖല. വിശ്വാസ്യതയില്‍ അറിയപ്പെടുന്ന സേവനങ്ങള്‍ വാങ്ങുമ്പോള്‍ മാത്രമേ ഈ അപകടം ഒഴിവാകുന്നുള്ളൂ. എയര്‍ടിക്കറ്റ്/ ട്രെയിന്‍ ടിക്കറ്റ് മുതലായവ വാങ്ങുക, ടെലിഫോണ്‍/വൈദ്യുതി മുതലായവയുടെ ബില്‍ മുന്‍കൂറായോ അല്ലാതെയോ അടക്കുക എന്നിങ്ങനെ അനേകം സേവനങ്ങള്‍ അപകടഭീതിയില്ലാതെ ലഭ്യമാക്കാനാവും. എന്നാല്‍, വന്‍ പരസ്യത്തിന്റെ അകമ്പടിയോടെ വരുന്ന ഉല്‍പന്നങ്ങളും ഉപകരണങ്ങളും ഇ-കൊമേഴ്‌സിലൂടെ വാങ്ങുമ്പോള്‍ ഉപഭോക്താവിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ ധാരാളം പഴുതുകളുണ്ട്. ഇടപാടിന്റെ ഇസ്‌ലാമികാടിസ്ഥാനം, പരസ്പരം തൃപ്തിപ്പെട്ട് കൊണ്ടാവുക എന്നതാണ്. മറ്റൊരടിസ്ഥാനം, ന്യായമായ കാരണത്താല്‍ ഉപഭോക്താവിന് ഇടപാട് റദ്ദ് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുക എന്നതാണ്. ഇതിനെക്കുറിച്ച് ബോധവാന്മാരായതിനാലാവാം പണം തിരിച്ചുതരാനുള്ള ഒരു പൊള്ളവാഗ്ദാനവും പരസ്യത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഇന്റര്‍നെറ്റിലുള്ള ഒരു 'നിഴല്‍വിലാസ'മല്ലാതെ മറ്റൊരറിവും ഉപഭോക്താവിനില്ലെങ്കില്‍ പിന്നെ എവിടെ നിന്നാണ് പണം തിരിച്ചുവാങ്ങുക? ഇന്റര്‍നെറ്റിലെ വിലാസം ഏത് സമയവും മാറാവുന്നതാണല്ലോ!
ഇ-കൊമേഴ്‌സും ഇന്റര്‍നെറ്റും കുറ്റവാളികളുടെ വിഹാരരംഗമാണിപ്പോള്‍. ബ്ലാക്ക് മെയിലില്‍ തുടങ്ങി പൊള്ളവാഗ്ദാനങ്ങളിലെത്തിനില്‍ക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ ദിനേനെ പെരുകി വരുന്നു. മൊബൈല്‍ ഫോണ്‍ അതിന്റെ യഥാര്‍ഥ ദൗത്യത്തിനപ്പുറം ഒരാഡംബര ഉപകരണമായി മാറിയത് വലിയ വിനയായിത്തീര്‍ന്നിരിക്കുന്നു. അധാര്‍മികതയുടെ ഈറ്റില്ലമായി ഈ ആധുനിക ഉപകരണങ്ങള്‍ മാറുകയാണ്. ഇരയറിയാതെ പടമെടുക്കുക, പടം എഡിറ്റ് ചെയ്ത് പൂര്‍ണ നഗ്നചിത്രമാക്കി വില പേശുക തുടങ്ങിയ ഭീകര കുറ്റകൃത്യങ്ങള്‍ ഒരു വശത്ത്. മറുഭാഗത്ത് കോടികളുടെ സമ്മാനം ലഭിച്ചെന്ന എസ്.എം.എസ്സിലൂടെ ചൂണ്ടലിട്ട് വന്‍ തട്ടിപ്പുകള്‍ നടത്തുന്ന മഹാ കുറ്റങ്ങള്‍! എല്ലാം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വഴിയാണ്.
ഇസ്‌ലാമികമായി അനുവദനീയമാകാനുള്ള നിബന്ധനകള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ, സത്യവിശ്വാസികള്‍ ഈ ഇടപാടുകളില്‍ പങ്കുചേരാന്‍ പാടുള്ളൂ. ഉല്‍പാദകന്റെ ശരിയായ വിലാസം, സല്‍പേര്, ഉല്‍പാദനം നിയമവിധേയമാണെന്നതിന്റെ തെളിവ്, ഉല്‍പന്നത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് ഇതെല്ലാം ഉണ്ടായാലേ ഉപഭോക്താവിന് വാങ്ങാന്‍ അനുവാദമുള്ളൂ; സ്വയം ചതിയില്‍ പെടുന്നത് കുറ്റമാണ്. മറ്റുള്ളവരെ ചതിക്കുന്നപോലെതന്നെ.
പൊതുതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ അനുവദിക്കപ്പെടുന്ന ചില ബിസിനസ്സുകള്‍ ബാഹ്യമായ കാരണങ്ങളാല്‍ അനുവദനീയമല്ലാതാകും. ഈ വശം അല്‍പം വിശദമായി പറയേണ്ടതുണ്ട്.
ഇ-കാര്‍ഡുകള്‍
ആധുനിക വ്യാപാരരംഗത്ത് അനിഷേധ്യ സ്ഥാനം നേടിയ സംവിധാനമാണ് ഇ-കാര്‍ഡുകള്‍. ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ കാര്‍ഡ് ലഭിക്കും. പണമടക്കാന്‍ കാര്‍ഡ് വേണമെന്ന് സര്‍ക്കാര്‍ അനുശാസിക്കാറുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ കാര്‍ഡുകള്‍ സ്വീകരിക്കുന്നു. വിമാന-തീവണ്ടി ടിക്കറ്റുകള്‍ കാര്‍ഡുള്ളവര്‍ക്ക് വീട്ടിലിരുന്ന് എടുക്കാം. ഉന്നത വിദ്യാഭ്യാസത്തിന് ഫീസടക്കാന്‍ കാര്‍ഡ് പ്രയോജനപ്പെടുത്താം. ഹോം ഡെലിവറി സംവിധാനമുള്ള വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവയില്‍നിന്ന് വീട്ടിലിരുന്ന് ഉല്‍പന്നങ്ങളും ആഹാര പാനീയങ്ങളും വാങ്ങാം. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സേവന മേഖലകള്‍ ഇ-കാര്‍ഡ് കൈയടക്കിയിരിക്കുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യമിതാണ്: ഇ-കാര്‍ഡുകള്‍ പലവിധമുണ്ട്. അവയുടെ ഉപയോഗത്തില്‍ നിഷിദ്ധമായ നിബന്ധനകളുണ്ടാവാം. സേവന രംഗത്തുള്ള സ്വാധീനം മാത്രം പരിഗണിച്ചാല്‍ പോരാ. ഓരോ കാര്‍ഡിന്റെയും ഉപയോഗക്രമം, കാര്‍ഡ് ദാതാവ് ന്യായമായ സംഖ്യ തന്നെയാണോ വസൂലാക്കുന്നത് എന്നൊക്കെ പഠിക്കണം. വശ്യമനോഹരമായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ കുതന്ത്രങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്നറിയണം.
ഇ-കാര്‍ഡുകളുടെ കഥ
റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ മേഖലകളില്‍ പണം കൈയിലില്ലാത്തപ്പോഴും സേവനം നേടാനുള്ള ഇടനിലക്കാരനായാണ് ഇ-കാര്‍ഡുകളുടെ തുടക്കം. 1958-ല്‍ ആരംഭിച്ച 'അമേരിക്കന്‍ എക്‌സ്പ്രസ്' ആണ് ഈ രംഗത്തെ കന്നി ഉല്‍പന്നം. പണം കൈയിലോ ബാങ്കിലോ ഉള്ളപ്പോള്‍ ഉപയോഗിക്കാനുള്ള സൗകര്യമാണ് തുടക്കത്തില്‍ കാര്‍ഡുകള്‍ക്കുണ്ടായിരുന്നത്. ഇപ്പോള്‍ പ്രചുര പ്രചാരം സിദ്ധിച്ച എ.ടി.എം കാര്‍ഡുകള്‍ ഇതേ സേവനമാണ് ചെയ്യുന്നത്. ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ അത് കൈയില്‍ കൊണ്ടുനടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ഇത് ഉപയോഗപ്പെടുക. നിഷിദ്ധമായ നിബന്ധനകളില്ലാത്തതിനാല്‍ ഈ ഇനം ഇസ്‌ലാമിക ദൃഷ്ട്യാ അനുവദനീയമാണ്. ഡെബിറ്റ് കാര്‍ഡ് എന്ന സാങ്കേതിക ഇനത്തിലാണ് ഇവ പെടുക.
1970-ല്‍ അമേരിക്കന്‍ എക്‌സ്പ്രസ് 'ക്രെഡിറ്റ് കാര്‍ഡുകള്‍' എന്ന പുതിയ ആശയം പ്രാവര്‍ത്തികമാക്കി. ഇത് വലിയ വിജയം കണ്ടെത്തിയതോടെ മത്സരരംഗത്തേക്ക് 'വിസാ കാര്‍ഡ്', 'മാസ്റ്റര്‍ കാര്‍ഡ്' എന്നിവ കടന്നുവന്നു. സൈനേര്‍സ് ക്ലബ്ബും ക്രെഡിറ്റ് സംവിധാനം നടപ്പാക്കി.  'ഇ-കാര്‍ഡുകള്‍' പണം കടം കൊടുക്കാനുപയോഗിക്കുന്നതിന്റെ ഇസ്‌ലാമിക മാനമാണ് ഇനി പരിശോധിക്കാനുള്ളത്.
അക്കൗണ്ടില്‍ നിന്ന് പണമെടുക്കാനും കൊടുക്കാനും കാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്ന് നാം കണ്ടു. എന്നാല്‍, കാര്‍ഡുപയോഗിച്ച് കടം വാങ്ങുന്നതില്‍ വ്യത്യസ്ത രീതികളുണ്ട്. ഇവ വേര്‍തിരിച്ച് മനസ്സിലാക്കാതിരുന്നാല്‍ വലിയ അപകടത്തില്‍ ചാടിപ്പോകും. അത് ഇസ്‌ലാമിക ദൃഷ്ട്യാ നിഷിദ്ധമായിരിക്കും.
ആരാണ് കടം തരുന്നത്?
ബാങ്കില്‍നിന്ന് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുമ്പോള്‍ കടം തരുന്നത് ബാങ്കാവാം. അല്ലെങ്കില്‍ വിസ മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്, സൈനേര്‍സ് ക്ലബ്ബ് തുടങ്ങിയ സ്ഥാപനങ്ങളാവാം. ചില വലിയ ബിസിനസ് സ്ഥാപനങ്ങള്‍ അവരുടെ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാനുള്ള കാര്‍ഡ് രൂപപ്പെടുത്തിയിട്ടുണ്ട്. അതില്‍ ബാഹ്യഘടകങ്ങള്‍ ഇടപെടുന്നില്ല. കടം കൊടുക്കുന്നത് സ്ഥാപനംതന്നെ.
പരസ്പര കരാര്‍
ഇ-കാര്‍ഡുകള്‍ ലഭിക്കുന്നതിന് പൂരിപ്പിച്ച് നല്‍കുന്ന അപേക്ഷയില്‍ ഒരു കരാര്‍ അടക്കം ചെയ്തിട്ടുണ്ട്. വളരെ സൂക്ഷ്മ ലിപികളിലുള്ള ഈ കരാര്‍ അധികപേരും വായിക്കാറില്ല. കാര്‍ഡ് വാങ്ങുമ്പോള്‍ എന്തെല്ലാം ബാധ്യതകളാണുണ്ടാവുന്നതെന്ന് ഈ കരാറില്‍ കാണാം. സ്ഥാപനങ്ങള്‍ കരാറില്‍ വൈവിധ്യം സ്വീകരിക്കാറുണ്ട്. അതിനാല്‍ ഏതെങ്കിലും ഒരു കരാര്‍ വായിച്ചാല്‍ മതിയാവില്ല. ക്രെഡിറ്റ് കാര്‍ഡുപയോഗിക്കുന്നര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വേര്‍തിരിച്ച് മനസ്സിലാക്കണം.
1. ഫീസായോ മറ്റോ മുന്‍കൂര്‍ നല്‍കേണ്ട സംഖ്യ എത്രയാണ്?
2. എന്തെല്ലാം അവകാശങ്ങളും ബാധ്യതകളുമാണ് കരാറില്‍ ഒപ്പിടുമ്പോള്‍ സ്ഥാപിക്കപ്പെടുന്നത്?
3. കടമായി എത്ര സംഖ്യ വരെ സ്വീകരിക്കാന്‍ അനുവാദമുണ്ട്?
4. കടം കണക്കാക്കുന്നതെങ്ങനെ? അതിന്റെ കിഴിവായും പ്രതിഫലമായും എത്ര പണം ബാധ്യതയായി വരും, അതില്‍ അധികമായി വല്ലതും ചേര്‍ക്കുന്നുണ്ടോ?
5. പലിശയായി വാങ്ങുന്ന വര്‍ധനവ് ഉണ്ടോ? എത്ര ശതമാനമായിരിക്കും? കടത്തിന് മൊത്തം സംഖ്യ എത്രയായിരിക്കും?
6. കടം തിരിച്ചടക്കുന്ന രീതി എങ്ങനെ? ഏറ്റവും ചെറിയ സംഖ്യ എത്ര?
7. കരാറില്‍ വീഴ്ചവരുത്തിയാല്‍ ഋണദാതാവിന് കാര്‍ഡുടമക്കെതിരെ എന്തെല്ലാം നടപടികളെടുക്കാം?
8. ഋണദാതാവിന് കാര്‍ഡ് റദ്ദ് ചെയ്ത് ബാധ്യതകള്‍ കണക്കാക്കി അടക്കാനാവശ്യപ്പെടാനുള്ള അവകാശം.
9. കടം വാങ്ങുന്നവന് നിയമസംരക്ഷണം, നഷ്ടപരിഹാരം എന്നിവ.
10. മറ്റു കാര്യങ്ങള്‍ എന്ന ഇനത്തില്‍ ചേര്‍ത്തിട്ടുള്ള നിബന്ധനകള്‍.
ഇവയെല്ലാം വ്യക്തമായി ഗ്രഹിച്ചാല്‍ മാത്രമേ ഈ ഇടപാട് ശരിയോ തെറ്റോ എന്ന് തീരുമാനിക്കാനാവൂ. ഒരു പൊതുനിയമം അവലംബിക്കാനാവില്ല. കാര്‍ഡ് ഉപയോഗിക്കുക വഴി ഉണ്ടാകാവുന്ന എല്ലാ ഭവിഷ്യത്തുകള്‍ക്കും കാര്‍ഡുടമ ഉത്തരവാദിയാണ്. അനധികൃതമായ ഉപയോഗത്തിനും ഒന്നാമത്തെ ഉത്തരവാദി അയാള്‍ തന്നെ. കാര്‍ഡ് കൈമോശം വന്നാല്‍ ബാങ്കിനെ അറിയിക്കുന്നത് വരെ നടന്ന എല്ലാ സാമ്പത്തിക ബാധ്യതയും അയാള്‍ ഏറ്റെടുക്കണം. ഇതിന്റെ വിശദീകരണങ്ങള്‍ കരാറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും.
ഇടപാടിന്റെ ഇടനിലക്കാരായ കച്ചവട സ്ഥാപനങ്ങളുമായും ഒരു കരാര്‍ ഉണ്ടായിരിക്കും. ഓരോ ഇടപാടിന്റെയും നിശ്ചിത ശതമാനം കാര്‍ഡ് വിതരണം ചെയ്യുന്ന സ്ഥാപനത്തിന് നല്‍കാനുള്ള വ്യവസ്ഥ ഈ കരാറിലുണ്ടാവും. കൂടാതെ കച്ചവടക്കാരന് മാസംതോറും ഇടപാട് പണം കൃത്യമായി ലഭിക്കാനുള്ള വ്യവസ്ഥയുമുണ്ടാകും. ഇടപാടിന്റെ തെളിവായി കാര്‍ഡുടമ ഒപ്പുവെച്ച ബില്ലുകളാണ് കച്ചവടക്കാര്‍ സമര്‍പ്പിക്കേണ്ടത്. ഇതില്‍ അനുകരണം സാധ്യമാകയാല്‍ ഒരു കോഡ് നമ്പര്‍ കൂടി പുതിയ ഇനം കാര്‍ഡുകളില്‍ ഉണ്ടാവും. അതിനാല്‍ മോഷണത്തിലൂടെ കാര്‍ഡുകള്‍ ഉപയോഗിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ഇന്റര്‍നെറ്റിലൂടെ കാര്‍ഡുപയോഗിക്കുന്നത് സുരക്ഷിതമാക്കാന്‍ ഇന്ത്യയില്‍ ഐ.ഡി-പാസ്‌വേര്‍ഡ് സംവിധാനം ഉപയോഗിക്കാനുള്ള രീതിയും തിരുടന്മാര്‍ക്ക് തടയിടാന്‍ ഉപകരിക്കും.
ലാഭ സ്രോതസ്സുകള്‍:  കാര്‍ഡ് ഉണ്ടാക്കി വിതരണം ചെയ്യുമ്പോള്‍ എന്തെല്ലാം ലാഭമുണ്ടാകുമെന്ന് ഗ്രഹിക്കാന്‍ കാര്‍ഡുകളെ ഇനം തിരിക്കേണ്ടതുണ്ട്. ഓരോന്നിന്റെയും വ്യവസ്ഥകള്‍ ഗ്രഹിക്കുകയും അതില്‍ കൂടുതല്‍ ലാഭം കൊയ്യുന്നവയെ വേര്‍തിരിക്കുകയും ചെയ്യാം.
1. ക്രെഡിറ്റ് കാര്‍ഡ്: സാധാരണയായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് കടമിടപാട് നടത്താനാണ്. തിരിച്ചടക്കുന്നത് തവണകളായിരിക്കും. ഇതിന് പലിശ ഈടാക്കുന്നു.
2. ചാര്‍ജ് കാര്‍ഡ്: ആരംഭത്തില്‍ പലിശ ഈടാക്കാത്ത താല്‍ക്കാലിക കടമിടപാടിന്റെ കാര്‍ഡിന് ചാര്‍ജ് കാര്‍ഡ് എന്നാണ് പേര്. നിശ്ചിത അവധിക്ക് പണമടക്കാതിരുന്നാല്‍ പലിശ ഈടാക്കാന്‍ ഇതില്‍ വ്യവസ്ഥയുണ്ട്.
3. റീട്ടെയ്‌ലര്‍ കാര്‍ഡ്: സ്ഥാപനങ്ങള്‍ അവയുടെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ മാത്രം നല്‍കുന്ന കാര്‍ഡുകള്‍. ഇത് പണമിടപാടിന്റെ സൗകര്യം മാത്രം ലക്ഷ്യം വെച്ചുള്ളതാണ്. ചുരുങ്ങിയ കാലയളവിലുള്ള ഒരു കടവും ഇതിലുണ്ടാവാം.
ഇതില്‍ നിന്ന് വ്യത്യസ്തമായി ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണം എടുക്കാനുള്ള കാര്‍ഡാണ് ഡെബിറ്റ് കാര്‍ഡ്. ഇത് 'വിസ' കമ്പനിയുടേതാകുമ്പോള്‍ 'വിസ ഇലക്‌ട്രോണ്‍' എന്ന് പ്രത്യേകം കാര്‍ഡില്‍ രേഖപ്പെടുത്തുന്നു. കടമിടപാടിനുള്ളതല്ല എന്ന് സൂചന.
ക്രെഡിറ്റ് കാര്‍ഡും ചാര്‍ജ് കാര്‍ഡും
ക്രെഡിറ്റ് കാര്‍ഡിന് നല്‍കാനോ പുതുക്കാനോ സാധാരണ പ്രതിഫലം വാങ്ങാറില്ല. എന്നാല്‍, ചാര്‍ജ് കാര്‍ഡിന് പ്രതിഫലം വാങ്ങാറുണ്ട് (ബിസിനസ് വികസിപ്പിക്കാന്‍ ചിലപ്പോള്‍ ഇളവുണ്ടാകാം).
ക്രെഡിറ്റ് കാര്‍ഡ് ശരിയായ അര്‍ഥത്തില്‍ കടം നല്‍കുന്നു. അത് പലതവണയായി തിരിച്ചടക്കാനുള്ള വ്യവസ്ഥയുമുണ്ട്. എന്നാല്‍ ചാര്‍ജ് കാര്‍ഡ് മാസം തോറും ഇടപാട് തീര്‍ത്തടക്കാനാണ് വ്യവസ്ഥ ചെയ്യുക.
ക്രെഡിറ്റ് കാര്‍ഡിന് കടമിടപാടില്‍ ഒരു നിര്‍ണിത ശ്രേണി നിശ്ചയിക്കാറില്ല. എത്രയും കടം വാങ്ങാമെന്നര്‍ഥം. കാര്‍ഡിന്റെ ഇനമനുസരിച്ച് ചില നിയന്ത്രണങ്ങളുണ്ടാവാം. ഗ്രീന്‍, ഗോള്‍ഡന്‍, പ്ലാറ്റിനം എന്നിങ്ങനെ മൂന്നിനമായി കാര്‍ഡുകള്‍ നല്‍കാറുണ്ട്. ഇത് കാര്‍ഡുടമയുടെ ഉപഭോഗശേഷി നിര്‍ണയിക്കാന്‍ സഹായിക്കും.
ചാര്‍ജ് കാര്‍ഡിന് കൃത്യമായി പരിധിയുണ്ട്. പലിശയുടെ സാധ്യതയില്ലാത്തതിനാല്‍ കടം കൃത്യസമയത്ത് തിരിച്ചുപിടിക്കാന്‍ അക്കൗണ്ടില്‍ ഒരു നിശ്ചിത തുക മരവിപ്പിക്കുന്ന രീതി ചില ബാങ്കുകള്‍ സ്വീകരിക്കുന്നു.
ഡെബിറ്റ് കാര്‍ഡ്: പണം ഉടനെ നല്‍കുന്നു എന്നതാണ് ഡെബിറ്റ് കാര്‍ഡിന്റെ പ്രത്യേകത. ഇ-കാര്‍ഡ് ബിസിനസ് വ്യാപകമാവാനുള്ള കാരണം അതില്‍നിന്ന് ലഭിക്കുന്ന ആദായമാണ്. ഇന്ത്യയില്‍ 10 കോടി കാര്‍ഡുകളുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. 2011-ലെ വര്‍ധനവ് ഇതില്‍ ചേര്‍ക്കണം. രണ്ട് കോടി സ്ഥാപനങ്ങള്‍ കാര്‍ഡുപയോഗിച്ച് ഇടപാട് നടത്തുന്നു. രാജ്യത്ത് അഞ്ചര ലക്ഷത്തിലേറെ എ.ടി.എം കൗണ്ടറുകളുണ്ട്.
കാര്‍ഡ് ദാതാക്കള്‍ക്കുള്ള
വരുമാനങ്ങള്‍
വരിസംഖ്യ: വാര്‍ഷിക വരിസംഖ്യയാണ് ഒരു പ്രധാന വരുമാന മാര്‍ഗം. കാര്‍ഡിന്റെയും പ്രോഗ്രാമിന്റെയും വിലയേക്കാള്‍ വളരെ കൂടുതല്‍ ആദ്യം കാര്‍ഡ് നല്‍കുമ്പോള്‍ വസൂല്‍ ചെയ്യുന്നു. പിന്നെ വര്‍ഷംതോറും വരിസംഖ്യയും ഈടാക്കുന്നു.
പലിശ: ക്രെഡിറ്റ് കാര്‍ഡ് ഭീമ നിരക്കില്‍ പലിശ ഈടാക്കുന്നതിനാല്‍ വരിസംഖ്യയും ആദ്യ ചാര്‍ജും ചില സ്ഥാപനങ്ങള്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ ചാര്‍ജ് കാര്‍ഡില്‍ ഈ ആനുകൂല്യം നല്‍കാറില്ല.
ആദായം: ക്രെഡിറ്റ് കാര്‍ഡില്‍ പലിശ ഈടാക്കുക വാങ്ങിയ ദിവസം മുതലാണ്. വ്യാപാരിക്ക് ഒരു മാസം മുതല്‍ രണ്ടു മാസം വരെ സമയമെടുത്താണ് പണം ലഭിക്കുക.
ഇതുപോലെത്തന്നെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉടനെ കാര്‍ഡുടമയുടെ അക്കൗണ്ടില്‍ നിന്ന് പണം വസൂലാക്കും. ബാങ്ക് പണം നല്‍കുന്നത് ഒന്നു രണ്ട് മാസങ്ങള്‍ക്കുള്ളിലായിരിക്കും! പ്രത്യക്ഷത്തില്‍ ഒരു വലിയ വരുമാനമായി തോന്നാത്തതാണീ ഇനം. ലക്ഷക്കണക്കിന് ഇടപാടുകാരുടെ കോടിക്കണക്കിന് രൂപ രണ്ട് മാസം പകരം കൊടുക്കാതെ കിട്ടിയാല്‍ ഏറ്റവും ചുരുങ്ങിയ കണക്കില്‍ വാര്‍ഷിക പലിശയുടെ 16 ശതമാനം ബാങ്കിന് ലഭിക്കുന്നു.
കമീഷന്‍: കച്ചവടക്കാരുമായുണ്ടാക്കിയ കരാറനുസരിച്ച് മാസാന്ത വിറ്റുവരവിന്റെ ഒരു നിശ്ചിത ശതമാനം കാര്‍ഡ് ദാതാവിന് ലഭിക്കുന്നു. ഒരു ശതമാനം മുതല്‍ അഞ്ചു ശതമാനംവരെ ഈ നിരക്കില്‍ മാറ്റമുണ്ടാകാം. ശരാശരി 2.8 ശതമാനം ലഭിക്കുന്നതായാണ് കണക്കാക്കിയിരിക്കുന്നത്.
സര്‍ചാര്‍ജ്: സാധാരണ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വര്‍ധിത സേവന വേതനം കടമിടപാടുകളില്‍ ചേര്‍ക്കുന്നു. സര്‍ചാര്‍ജ് എന്നോ മറ്റോ ഇതിനെ വിളിക്കുന്നു.
പിഴ: പണമടക്കാന്‍ താമസിച്ചാല്‍ കഠിന പിഴയാണ് ചുമത്തുക. ചാര്‍ജ് കാര്‍ഡിന് ഇത് ബാധകമാണ്. അവധി നിശ്ചയിച്ച ക്രെഡിറ്റ് കാര്‍ഡിനും ഇത് ബാധകമാണ്. ഓരോ മാസവും ഇത് കടത്തോട് ചേര്‍ത്ത് സര്‍ചാര്‍ജ് കൂട്ടുന്നു.
നഷ്ടപ്പെട്ട കാര്‍ഡ്: കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഒരു നിശ്ചിത തുക (വരിസംഖ്യയുടെ രണ്ടര ഇരട്ടിയെങ്കിലും) ബാങ്ക് ഈടാക്കുന്നു.
പരിധിവിട്ടാല്‍: കാര്‍ഡുടമക്ക് അനുവദിച്ച പരിധിയില്‍ കൂടുതല്‍ വാങ്ങിയാല്‍ ഒരു നിശ്ചിത നിരക്കില്‍ ബാങ്ക് വര്‍ധനവ് ഈടാക്കുന്നു.
പരിധിയില്ല: കടത്തിന് പരിധി നിശ്ചയിക്കാതിരിക്കുന്നത് ഒരു തന്ത്രമാണ്. ഒരു നിശ്ചിത തുക മുതല്‍ പലിശ നിരക്ക് ഉയര്‍ന്നുകൊണ്ടേയിരിക്കും. ഉദാഹരണമായി, 50,000 രൂപ വരെ 10 ശതമാനമാണ് നിരക്കെങ്കില്‍, അടുത്ത അമ്പതിനായിരത്തിന് 25 ശതമാനമായിരിക്കും. അടുത്തതിന് 35 ശതമാനമായിരിക്കും. അതിനടുത്ത മൂന്നാമത്തെ വര്‍ധനവിന് 45 ശതമാനമായിരിക്കും പലിശ.
ഇങ്ങനെ നോക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ ലഭിക്കുന്ന ആദായം ഭീമമായ തുക വരും. കച്ചവടക്കാര്‍ ബാങ്കില്‍ നല്‍കുന്ന ബില്ലുകള്‍ സേവിംഗ്‌സില്‍ വലിയ വര്‍ധനവുണ്ടാക്കുന്നു. കടത്തിന് കാര്‍ഡുടമ വലിയ നിരക്കില്‍ പലിശ നല്‍കുന്നു. വില്‍പനവിലയില്‍ ഒരു നല്ല തുക കമീഷന്‍ ലഭിക്കുന്നു. ഇതിനെല്ലാം പുറമെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് പണമെടുത്താല്‍ അതിന് നിശ്ചിത ശതമാനം കൂടുതല്‍ ഈടാക്കുന്നു.
ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാനും ഉപയോഗിക്കാനുമുള്ള സൗകര്യം കാരണം അതിന്റെ പ്രചാരണം സീമാതീതമായി വികസിച്ചുകൊണ്ടിരിക്കുന്നു. ബാങ്കുകള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ അതിവിപുലമായ സേവനം നല്‍കാനാവുന്നു. ക്രെഡിറ്റ് കാര്‍ഡുപയോഗിക്കുമ്പോള്‍ സാധനങ്ങളുടെ വില ചെറുതായി വര്‍ധിക്കും. കടത്തിന് പലിശയും നല്‍കണം. ഇത് രണ്ടും ചേര്‍ത്താല്‍ ഉപഭോക്താവിന് നല്ല തുക ഈ ഇടപാടിലൂടെ നഷ്ടപ്പെടുന്നു.
ഇസ്‌ലാമിക നിയമവും ഇ-കാര്‍ഡും
ഇടപാടുകളില്‍ വ്യക്തവും കണിശവുമായ നിയമമാണ് ഇസ്‌ലാമിന്റേത്. ആ നിയമങ്ങളുടെ വെളിച്ചത്തില്‍ നമുക്ക് ഇ-കാര്‍ഡുകളെക്കുറിച്ച് പഠിക്കാം.
ഇ-കാര്‍ഡ് കരാറില്‍ ഇസ്‌ലാമികമായി അനുവദനീയമായ നിബന്ധനകളും നിഷിദ്ധമായ നിബന്ധനകളുമുണ്ട്. അനുവദനീയമായവ:
1. കാര്‍ഡ് ദാതാവ് കാര്‍ഡ് മുഖേനയുണ്ടാകുന്ന ബാധ്യതകള്‍ കൃത്യസമയത്ത് കൊടുത്തുതീര്‍ക്കാന്‍ ഏല്‍ക്കുന്നു.
2. ഉല്‍പന്നങ്ങളും സേവനങ്ങളും സ്വായത്തമാക്കാന്‍ സഹായിക്കുന്ന കാര്‍ഡാണ് ദാതാവ് നല്‍കേണ്ടത്.
3. കരാറില്‍ രേഖപ്പെടുത്തിയ പോലെ കടം അളവിലും അവധിയിലും കണിശമായിരിക്കും.
4. ദാതാവിന്റേതാണ് അന്തിമാര്‍ഥത്തില്‍ കാര്‍ഡ്.
5. കാര്‍ഡ് ദാതാവ് അയാളുടെ ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിയായിരിക്കും.
6. സേവനങ്ങള്‍ക്ക് പ്രതിഫലം വാങ്ങാനുള്ള ഖണ്ഡികകളും ഇസ്‌ലാമിക വിധിപ്രകാരം അനുവദനീയമാണ്. കടം വാങ്ങാന്‍ ആവശ്യമായ സേവനങ്ങള്‍ക്ക് പ്രതിഫലമാവാം. അത് യഥാര്‍ഥ ചെലവിനനുസൃതമാവണം. കൂടുതല്‍ വാങ്ങുന്നത് കടം ചൂഷണം ചെയ്തുകൊണ്ടുള്ള ലാഭമാണ്. അതിനാല്‍ നിഷിദ്ധമാണ്.
7. കച്ചവടക്കാരില്‍ നിന്ന് നിശ്ചിത ശതമാനം ബാങ്ക് വസൂലാക്കുന്നത് അനുവദനീയമാണ്. പണം കടം നല്‍കുന്നതിന്റെ ആനുകൂല്യമല്ല ഇത്. കാര്‍ഡ് നല്‍കി വ്യാപാരിയെ സമീപിക്കാന്‍ സൗകര്യം നല്‍കിയതിന് പകരമാണത്.
നിഷിദ്ധമായ നിബന്ധനകള്‍:
1. ബാങ്കുകള്‍ കാര്‍ഡിടപാടുകള്‍ക്ക് ചുമത്തുന്ന പലിശ. ഇത് വാങ്ങിയ വസ്തുവിന്റെ വിലയുടെ ഒരു ശതമാനം മുതല്‍ രണ്ടര ശതമാനം വരെ ഈടാക്കാം (വാര്‍ഷിക ശതമാനമല്ല).
2. പണമടക്കാന്‍ താമസിച്ചാല്‍ ചുമത്തുന്ന പിഴ.
3. സാധാരണ കടം വാങ്ങുന്നതില്‍ കൂടുതല്‍ ഒരു നിശ്ചിത ശതമാനം വില വര്‍ധിപ്പിക്കുക.
4. പരിധി നിര്‍ണയിക്കാത്ത കടത്തിന്റെ പലിശയില്‍ സ്ലേബ് സിസ്റ്റവും കൊള്ളപ്പലിശയും.
5. പണം കടമെടുക്കുമ്പോള്‍ ചുമത്തുന്ന അധിക സംഖ്യ.
6. പണം മറ്റുള്ളവര്‍ അയക്കുമ്പോള്‍ ചുമത്തുന്ന അധിക നിരക്ക്.
'പ്രയോജനം ഉണ്ടാക്കുന്ന എല്ലാ കടവും നിഷിദ്ധമാണ്' എന്ന പ്രവാചക ശിക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉപര്യുക്ത നിബന്ധനകളും സമാനമായ മറ്റു ഖണ്ഡികകളുമെല്ലാം നിഷിദ്ധമാണ്.
ഇസ്‌ലാമിക ബാങ്കുകളും ഇ-കാര്‍ഡുകളും
മുകളില്‍ പ്രസ്താവിച്ച വസ്തുതകളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിക ബാങ്കുകളില്‍ ഡെബിറ്റ് കാര്‍ഡ്, ചാര്‍ജ് കാര്‍ഡ് എന്നീ ഇനങ്ങള്‍ ഉപയോഗിച്ചുവരുന്നു. കാര്‍ഡ് നല്‍കുമ്പോള്‍ പ്രതിഫലം ഈടാക്കാതെ സേവനത്തിന് ഒരു നിശ്ചിത തുക (10 രൂപ ഉദാഹരണം) ഈടാക്കുന്നു. അങ്ങനെ കടത്തിന് പലിശ വാങ്ങാതെ ചെലവുകളെ അഭിമുഖീകരിക്കാം.
ഇ-കൊമേഴ്‌സില്‍ അധിക ഇനങ്ങളും ഇസ്‌ലാമിക ദൃഷ്ട്യാ അനുവദനീയമാണ്. സാധാരണ ഇടപാടുകളേക്കാള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നു മാത്രം. കമ്പ്യൂട്ടറില്‍ ഒരു മൗസ് ക്ലിക്കില്‍ സമ്പത്തിന്റെ ഒരു ചെറിയ ഭാഗം പോലും നഷ്ടപ്പെടാതെ ശ്രദ്ധിച്ചും സൂക്ഷിച്ചും ഉപയോഗിച്ചാല്‍ വളരെ പ്രയോജനകരമായി നമുക്കിത് ഉപയോഗിക്കാം.
ഇ-കാര്‍ഡുകളില്‍ കടമിടപാടിനുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ അനേകം നിബന്ധനകള്‍ ഇസ്‌ലാമികമായി നിഷിദ്ധമാണ്. അതിനാല്‍ അവ അനുവദനീയമല്ല. ചാര്‍ജ് കാര്‍ഡുകള്‍ അനുവദനീയമാണ്. എന്നാല്‍ പണമടക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പലിശ കൊടുക്കേണ്ടിവരുന്നതിനാല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇസ്‌ലാമിക ചിന്ത കൈവിടാതെ ഈ ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്.
msaleemmv@gmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം