Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 17

സകാത്ത്: ശാന്തപുരവും നാദാപുരവും

 

വിശുദ്ധ ഖുര്‍ആനില്‍ ഇരുപത്തേഴ് സ്ഥലങ്ങളില്‍ നമസ്‌കാരത്തോടൊപ്പം ചേര്‍ത്ത് പറഞ്ഞ മുസ്‌ലിമിന്റെ നിര്‍ബന്ധ ബാധ്യതയാണ് സകാത്ത്. എന്നാല്‍, മതപരമായ അനുഷ്ഠാനങ്ങളുടെ ആത്മാവ് വിസ്മരിക്കപ്പെടുകയും അവ അക്ഷരപൂജകരായ കര്‍മശാസ്ത്രക്കാരുടെ കൈയില്‍ എത്തുകയും ചെയ്തതോടെ റമദാനില്‍ ഇരക്കാന്‍ വരുന്നവര്‍ക്ക് എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകളായി മാറി അത്. പ്രവാചക(സ)ന്റെ കാലം തൊട്ടിന്നുവരെ നാല്‍പത് ഒട്ടകം ഒന്നിച്ച് കേരളത്തില്‍ എത്തിയിരിക്കാന്‍ ഇടയില്ല. എന്നാല്‍, ഉറക്കത്ത് വിളിച്ച് ചോദിച്ചാലും ഒട്ടകത്തിന്റെ നിസ്വാബ് പറഞ്ഞുതരാന്‍ പണ്ഡിതന്മാര്‍ക്ക് കഴിയും. ബാങ്ക് ലോക്കറുകളില്‍ ആഭരണമാക്കി വെച്ച കിലോകണക്കിന് സ്വര്‍ണം, നാണ്യവിളകളായ തേങ്ങ, റബര്‍, കുരുമുളക്, അടക്ക തുടങ്ങിയവ, ട്രാവല്‍ ഏജന്‍സി, ട്യൂട്ടോറിയല്‍ കോളേജ്, കണ്‍സള്‍ട്ടന്‍സി, കണ്‍സ്ട്രക്ഷന്‍-റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള സര്‍വീസ് മേഖലകള്‍ തുടങ്ങി കോടികള്‍ വരുന്ന വരുമാനത്തിന് സകാത്ത് ബാധകമാണെന്ന വിവരം പോലും മഹാ ഭൂരിപക്ഷത്തിനുമില്ല.
 ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളുടെ പരിശ്രമഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സകാത്ത് ഫണ്ടുകള്‍ നിലവില്‍ വരികയും അതുവഴി ദരിദ്ര രാഷ്ട്രങ്ങളില്‍ പള്ളികളും പള്ളിക്കൂടങ്ങളും കിണറുകളും ആശുപത്രികളും അനാഥശാലകളും പണിയുകയും ചെയ്തിട്ടുണ്ട്. അതിന്റെ സദ്ഫലങ്ങള്‍ ആയിരക്കണക്കിനാളുകള്‍ അനുഭവിക്കുന്നുമുണ്ട്. കൊല്ലത്തില്‍ അഞ്ചാറു ദിവസത്തെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന പടുകൂറ്റന്‍ ഹജ്ജ് ഹൗസ് നമുക്കുണ്ട്. നോമ്പിനെക്കുറിച്ചും ഹജ്ജിനെക്കുറിച്ചും സംഘടനകള്‍ മത്സരിച്ച് ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നുമുണ്ട്. എന്നാല്‍ കോടികള്‍ ചെലവഴിച്ച് കൊട്ടാരം പണിയുന്ന മുതലാളിമാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗള്‍ഫ് ഗ്രാമങ്ങളില്‍ പോലും പട്ടിണിക്കാര്‍ പെരുകുന്നത് സകാത്ത് കൊടുക്കാത്തത് കൊണ്ട് മാത്രമാണ്. രണ്ടു വര്‍ഷം മുമ്പ് ഇന്ത്യയിലെ തന്നെ അതിസമ്പന്ന പ്രദേശങ്ങളിലൊന്നായ നാദാപുരത്ത് ഇസ്‌ലാഹി പ്രവര്‍ത്തകര്‍ സകാത്ത് ശേഖരണത്തിനും വിതരണത്തിനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഉടനെ വന്നു ഈ മേഖലയില്‍ സ്വാധീനമുള്ള മത സംഘടനയുടെ വക ഉദ്‌ബോധനം. കോടിക്കണക്കിന് രൂപയുണ്ടെങ്കിലും കറന്‍സി നോട്ടിനോ, കിലോ കണക്കിനാണെങ്കിലും ആഭരണത്തിനോ സകാത്ത് കൊടുക്കേണ്ടതില്ലെന്ന്. ഈ പൗരോഹിത്യ അനീതിക്കെതിരെയാണ് ശബ്ദം ഉയരേണ്ടത്. ഏറെ പ്രേക്ഷകരുള്ള ചാനലില്‍ അരമണിക്കൂര്‍ 'സ്ലോട്ട്' വാങ്ങി, സകാത്തിന്റെ സംഘടിത വിതരണ ഫലമായി അറബ് രാഷ്ട്രങ്ങളിലും ശാന്തപുരം പോലുള്ള കേരളീയ ഗ്രാമങ്ങളിലും വന്ന മാറ്റങ്ങള്‍ മനസ്സില്‍ തട്ടുംവിധം വിശദീകരിക്കണം. നേര്‍വഴിക്ക് ചിന്തിക്കുന്നവരില്‍ അത് ചലനം സൃഷ്ടിക്കുമെന്നുറപ്പാണ്.
എം.കെ ദോഹ

 

ഖദ്ദാഫി സമ്പൂര്‍ണ അബദ്ധമാണോ?
ഉമര്‍ മുഖ്താറിന്റെ മകനുമായുള്ള അഭിമുഖം (2011 ആഗസ്റ്റ് 13) വായിച്ചു. 'അദ്ദേഹത്തിന്റെ പിതാവിനെ കുറിച്ച് ഒരു ഫിലിം നിര്‍മിക്കാനും പത്ത് ദീനാറിന്റെ നോട്ടില്‍ പിതാവിന്റെ ചിത്രം മുദ്രണം ചെയ്യാനുമൊക്കെ ഖദ്ദാഫി പ്ലാനിട്ടിരുന്നു. പിന്നീട് അതില്‍ നിന്നൊക്കെ പിറകോട്ടുപോയി' എന്നതില്‍ കാണുന്നു.
ഞാന്‍ 1979 മുതല്‍ '83 വരെ ലിബിയയിലെ ട്രിപളിയില്‍ ജോലി ചെയ്തിരുന്നു. അക്കാലത്ത് ഉമര്‍ മുഖ്താറിനെപ്പറ്റിയുള്ള ഫിലിം ലിബിയന്‍ ടെലിവിഷനില്‍ പലതവണ കാണുകയുണ്ടായി. കൂടാതെ ലിബിയന്‍ ദിനാറുകളെല്ലാം (പത്ത് ദിനാറിന്റെ സഹിതം) ഉമര്‍ മുഖ്താറിന്റെ ചിത്രത്തോടു കൂടിയതായിരുന്നു.
അന്നൊക്കെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ ഖദ്ദാഫിയെ വാനോളം പുകഴ്ത്തി ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഒരാള്‍ മോശക്കാരനായി തോന്നിയാല്‍ അയാളുടെ എല്ലാ പ്രവൃത്തിയും മോശവും, നല്ലവനായി കണ്ടാല്‍ എല്ലാ പ്രവര്‍ത്തനവും നല്ലതും എന്ന മാധ്യമങ്ങളുടെ വിലയിരുത്തല്‍ നല്ലതാണോ എന്ന് പരിശോധിക്കുക. ഏതു ചീത്ത മനുഷ്യനിലും ചില നല്ല ഗുണങ്ങള്‍ കാണില്ലേ? ഒരാള്‍ മോശക്കാരനായി അധഃപതിക്കുമ്പോഴും അയാള്‍ ചെയ്ത നല്ല കാര്യങ്ങള്‍ മറച്ചുവെക്കുന്നത് ശരിയാണോ? ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരു സ്വഹാബി തന്നെയല്ലേ ഒരു സ്ത്രീ വശം ശത്രുക്കള്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതും, മഹാനായ പ്രവാചകന്‍ അദ്ദേഹത്തെ വെറുതെ വിട്ടതും?
കടുത്ത അമേരിക്കന്‍ വിരോധിയാണല്ലോ തുടക്കം മുതല്‍ തന്നെ ഖദ്ദാഫി. പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ സഹോദരന്‍ ബില്ലി കാര്‍ട്ടര്‍ ലിബിയ സന്ദര്‍ശിച്ചിട്ട് മടങ്ങുമ്പോള്‍ ഖദ്ദാഫി ഒരു വലിയ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി (?) അദ്ദേഹത്തെ ഏല്‍പിച്ചത് അമേരിക്കന്‍ കോടതികളില്‍ കേസായി. കോടതിയില്‍ അദ്ദേഹം പറഞ്ഞ ഒരു വാചകം അക്കാലത്തെ ടൈം വാരികയില്‍ വായിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു: ''ഏതു സ്ത്രീക്കും ഏതു സമയവും ഏകയായി, ലിബിയയില്‍ ഏതു സ്ഥലത്തും നിര്‍ഭയം യാത്ര ചെയ്യാം. പക്ഷേ, എന്റെ ജനാധിപത്യ അമേരിക്കയില്‍ ഇത് ആലോചിക്കാന്‍ പോലും പറ്റില്ല.''
ലിബിയയില്‍ മദ്യം പൂര്‍ണമായും നിരോധിച്ചിരുന്നു. ഗുഹാവാസികളായ ഗ്രാമീണരെ പുറത്തെടുത്ത് വീടും കാറും ടെലിവിഷനും നല്‍കി. കേരളാ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനും ധാരാളം വീടുകള്‍ ഇത്തരക്കാര്‍ക്ക് വേണ്ടി ലിബിയയില്‍ നിര്‍മിച്ചിരുന്നു. പഴയകാല പ്രബോധനം ലക്കങ്ങളില്‍ (1970കളിലെയും '80കളിലെയും) ഖദ്ദാഫിയെപ്പറ്റിയുള്ള ലേഖനങ്ങള്‍ കണ്ടേക്കാം. അവ ഇപ്പോള്‍ വായിക്കുന്നത് രസകരമായിരിക്കും.
സ്വരം നന്നായിരുന്നപ്പോഴേ പാട്ടു നിര്‍ത്തിയിരുന്നെങ്കില്‍ ഖദ്ദാഫി ഒരു വീരപുരുഷനായി പുകഴ്ത്തപ്പെടുമായിരുന്നു. ഇനി വരുന്നയാളും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇതേ പോലെയാവുകയില്ല എന്നാരു കണ്ടു!
ഡോ. എം. ഹനീഫ്
മെഡിക്കല്‍ കോളേജ്, കോട്ടയം

 

ആഭരണത്തിന്റെ സകാത്ത്: പണ്ഡിതന്മാര്‍ ബോധവത്കരിക്കണം
മുസ്‌ലിംകള്‍ അവരുടെ ആത്മാവിനെ സംസ്‌കരിക്കാന്‍ ധൃതികാണിക്കുന്ന റമദാന്‍ മാസത്തില്‍ ആഭരണങ്ങളുടെയും മറ്റും സകാത്തിന്റെ പ്രസക്തി ജനങ്ങളെ ബോധവത്കരിക്കാന്‍ മതപണ്ഡിതന്മാര്‍ ആത്മാര്‍ഥമായി ശ്രമിക്കുകയാണെങ്കില്‍ ഓരോ വര്‍ഷവും കേരളത്തില്‍ അവകാശികളായവര്‍ക്ക് പത്തായിരം കോടി രൂപ സകാത്തായി ലഭിക്കും. വ്യവസ്ഥാപിതമായി ഇത് ശേഖരിച്ച് അര്‍ഹരെ കണ്ടെത്തി എത്തിച്ചുകൊടുത്താല്‍ അഞ്ചു വര്‍ഷം കൊണ്ട് കേരളത്തില്‍ നിന്ന് ദാരിദ്ര്യം സമ്പൂര്‍ണമായി നിഷ്‌കാസനം ചെയ്യാന്‍ കഴിയുന്നതാണ്. എല്ലാ മഹല്ല് കമ്മിറ്റികളും ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചാലേ ഇത് വിജയിക്കുകയുള്ളൂ.
ആഭരണങ്ങളുടെ സകാത്ത് സംബന്ധിച്ച് വന്ന നബിവചനം: 1) അംറുബ്‌നു ശുഐബില്‍ നിന്ന് നിവേദനം: ഒരു സ്ത്രീ നബിയുടെ അരികെ വന്നു. കൂടെ മകളുമുണ്ട്. മകള്‍ 2 സ്വര്‍ണ വളകള്‍ ധരിച്ചിട്ടുണ്ട്. നബി ചോദിച്ചു: ''ഇതിന്റെ സകാത്ത് നല്‍കാറുണ്ടോ?'' സ്ത്രീ: ''ഇല്ല.'' ഇത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു: ''പുനരുത്ഥാന നാളില്‍ ഇവ കൊണ്ട് തീവളയുണ്ടാക്കി അല്ലാഹു അണിയിക്കുന്നതിഷ്ടമാണോ?'' (അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, ബുലൂഗുല്‍ മറാമിലെ സകാത്ത് അധ്യായം 20-ാം ഹദീസ്).
2) പ്രവാചക പത്‌നി ആഇശ(റ)യില്‍നിന്ന് നിവേദനം: മഹതി നബിയുടെ സമീപത്ത് വന്നു. വെള്ളി വള ധരിച്ചിരുന്നു. നബി ചോദിച്ചു: ''നീ ഇതിന്റെ സകാത്ത് നല്‍കിയോ?'' മഹതി: ''ഇല്ല.'' അപ്പോള്‍ നബി പറഞ്ഞു: ''നിനക്ക് നരകത്തില്‍ പ്രവേശിക്കാനിതു മാത്രം മതി'' (ഹാകിം, സുബുലുസ്സലാം പേജ് 135. ഈ ഹദീസ് ബുഖാരി- മുസ്‌ലിമിന്റെ സ്വീകാര്യതക്ക് യോജിച്ചതാണ്).
അംറുബ്‌നു ശുഐബിന്റെ ഹദീസ് ലഭിച്ച ശേഷം ശാഫിഈ(റ) ഈ വിഷയം ഇസ്തിഖാറത്ത് നടത്തി. തുടര്‍ന്ന് ആഭരണങ്ങള്‍ക്ക് സകാത്തില്ലെന്ന പഴയ നിഗമനം മാറ്റി. സകാത്ത് നല്‍കണമെന്ന് കല്‍പിച്ചു (അശ്ശീറാസി, അല്‍ മുഹദ്ദബ് 1/522).
മേല്‍ തെളിവുകള്‍ കണ്ടില്ലെന്ന് നടിച്ച് ആഭരണങ്ങള്‍ക്ക് സകാത്തില്ല എന്ന് സ്ഥാപിക്കാന്‍ പറയുന്ന ന്യായവാദങ്ങള്‍, ആഇശ(റ) നബിയുടെ വിയോഗാനന്തരം തന്റെ സംരക്ഷണത്തിലുള്ള യതീമുകളായ സഹോദരി സന്താനങ്ങളുടെ ആഭരണങ്ങള്‍ക്ക് സകാത്ത് നല്‍കിയിരുന്നില്ല, നബി(സ)യുടെ ജീവിതകാലത്തേ സ്വര്‍ണാഭരണങ്ങളുടെ സകാത്ത് നിര്‍ബന്ധമുള്ളൂവെന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും നിഗമനം എന്നിങ്ങനെയാണ്. ഇമാം ശാഫിഈ(റ) തന്നെ നിഗമനം മാറ്റിയതിനാല്‍ ഈവക തെളിവുകള്‍ക്ക് ഒരര്‍ഥവുമില്ല.
20 മിസ്ഖാല്‍ (85 ഗ്രാം) സ്വര്‍ണാഭരണങ്ങളുള്ളവര്‍ ഓരോ വര്‍ഷവും രണ്ടര ഗ്രാം സകാത്തായി അവകാശികള്‍ക്ക് നല്‍കണം. ഇക്കാര്യങ്ങള്‍ തുറന്നു പറയാതിരിക്കുന്നത് സകാത്ത് നല്‍കേണ്ടവരെ നരകത്തിലേക്കും അവകാശികളെ ദുരിതച്ചുഴിയിലേക്കും ആനയിക്കാനേ സഹായിക്കുകയുള്ളൂ.
ഈ സകാത്തിന്റെ കൃത്യമായ കണക്കുണ്ടായിട്ടും ജനങ്ങളെ മനഃപൂര്‍വം ആശയക്കുഴപ്പത്തിലാക്കാനായി സാധാരണയുടെ കണക്ക് വ്യക്തമാക്കാതെ സാധാരണയില്‍ കൂടുതലുള്ളതിന് സകാത്ത് നല്‍കിയാല്‍ മതിയെന്നും ദരിദ്രരുടെ സാധാരണയും ധനികരുടെ സാധാരണയും ഭിന്നമാണെന്നും പറഞ്ഞ് ജനങ്ങളെ മരവിപ്പിക്കുന്നവരുമുണ്ട്. ഇങ്ങനെയെല്ലാം ചെയ്തുകൂട്ടി ആഭരണങ്ങളുടെ സകാത്ത് ആരും നല്‍കാതിരുന്നാല്‍ അതിനുള്ള പരലോക ശിക്ഷ കാഠിന്യമേറിയതായിരിക്കും.
എം.എ അഹ്മദ് തൃക്കരിപ്പൂര്‍

 

അമിഗ്ഡല എന്നതാണ് ശരി
ലക്കം 11-ല്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണനുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം മനുഷ്യനിലെ 'ആത്മീയ ജന്മവാസന'യുടെ 'കര്‍മകേന്ദ്രമായി' പരിചയപ്പെടുത്തുന്ന തലച്ചോറിലെ കോശവ്യവസ്ഥയുടെ യഥാര്‍ഥ നാമം 'എമിഡാല' (Emidala) എന്നല്ല, Amygdala(അമിഗ്ഡല) എന്നാണ്. ഇങ്ങനെ ഒരു പ്രത്യേക കോശവ്യവസ്ഥയുടെ പ്രസക്തിയെ തന്നെ ചില ഗവേഷകര്‍ ചോദ്യംചെയ്യുന്നുണ്ട്. അതിന്റെ വ്യതിരിക്തതയെ അംഗീകരിക്കുന്നവര്‍ പോലും അതിനെ ഭയം, ആശങ്ക, വിഭ്രാന്തി തുടങ്ങിയ വികാരങ്ങളുമായി ബന്ധപ്പെടുത്തിയാണ് പറയുന്നത്. അല്ലാതെ, 'ആത്മീയ ജന്മവാസനയുടെ കേന്ദ്രം' എന്ന തലത്തിലേക്ക് അതിനെ പരിചയപ്പെടുത്തുന്നത് കൃത്യമായ വിലയിരുത്തലാവില്ല.
ഡോ. കെ. അഹ്മദ് അന്‍വര്‍
പെരിന്തല്‍മണ്ണ

 

സമുദായം സമുദായം എഴുതിത്തള്ളിയ സകാത്ത്
'സകാത്ത് പ്രവര്‍ത്തനത്തില്‍ മഹല്ലുകള്‍ക്ക് മാതൃകയായി ശാന്തപുരം' (ലക്കം 12) എന്ന ലേഖനം വായിച്ചപ്പോള്‍, ഇസ്‌ലാമിക സംസ്‌കരണ രംഗത്ത് 'മുമ്പേ നടന്ന ഒരു പ്രദേശം' എന്ന അര്‍ഥത്തില്‍ മലപ്പുറം ജില്ലയിലെ എടക്കാപറമ്പ് എന്ന കൊച്ചു ഗ്രാമത്തിലെ സകാത്ത് സംവിധാനം പരിചയപ്പെടുത്തുന്നത് ഉചിതമാണെന്ന് തോന്നി.
സമസ്ത, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളുടെ മദ്‌റസാ സിലബസുകള്‍ കൂട്ടിയോജിപ്പിച്ച് ഒരു ഏകീകൃത സിലബസ്സുമായി എല്ലാ സംഘടനയുടെയും ആളുകള്‍ ഐക്യത്തോടെ സമന്വയത്തിന്റെ പാതയില്‍ നടത്തിവരുന്ന ഈ പ്രദേശത്തെ 'സിറാജുല്‍ ഇസ്‌ലാം മദ്‌റസ' ഒരുപക്ഷേ, കേരളത്തില്‍ തന്നെ അപൂര്‍വമായ മദ്‌റസകളില്‍ ഒന്നായിരിക്കാം.
പ്രസ്ഥാന നേതൃത്വത്തില്‍ ഒരു മഹല്ല് സംവിധാനം പോലും ഇല്ലാതിരുന്നിട്ടും മേല്‍ ലേഖനത്തില്‍ സൂചിപ്പിച്ച ശാന്തപുരം മഹല്ലിലേതു പോലുള്ള ഒരു സകാത്ത് സംഭരണ-വിതരണ സംവിധാനം ഈ പ്രദേശത്ത് കാലങ്ങളായി നിലനിന്നുവരുന്നു.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍, നിരാലംബരായ കുടുംബങ്ങള്‍ക്ക് അത്യാവശ്യം കഴിഞ്ഞുകൂടുന്നതിനാവശ്യമായ മാസാന്ത പെന്‍ഷന്‍ ഉള്‍പ്പെടെ വീടു നിര്‍മാണം, വീട് റിപ്പയറിംഗ്, സ്വയം തൊഴില്‍, ടോയ്‌ലറ്റ് നിര്‍മാണം, കിണര്‍ നിര്‍മാണം, കടം വീട്ടല്‍, വിദ്യാഭ്യാസ സഹായം, ദരിദ്രരും പഠിക്കാന്‍ മിടുക്കരുമായ കുട്ടികളുടെ പഠനം, പൂര്‍ണമായും ദത്തെടുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സകാത്ത് സെല്‍ മുന്‍ഗണന നല്‍കിവരുന്നു. ഒരു പരിധിവരെ പൊതുസമൂഹത്തിന്റെ പിന്തുണ കൂടിയുള്ള ഈ സംവിധാനം ഇനിയും വിപുലമാവേണ്ടതുണ്ട്. തല ചായ്ക്കാനൊരു കൂരയോ ഒരു തുണ്ട് ഭൂമി പോലുമോ ഇല്ലാതെ, സമ്പന്നനായ കാനേഷുമാരി മുസ്‌ലിമിന്റെ കൂറ്റന്‍ ബംഗ്ലാവിനു മുന്നില്‍ ദൈന്യതയൂറുന്ന കണ്ണുകളുമായി, അയാളെറിഞ്ഞു കൊടുക്കുന്ന നാണയത്തുട്ടുകള്‍ക്ക് വേണ്ടി പഞ്ചപുഛമടക്കി കാത്തുനില്‍ക്കുന്ന നിസ്സഹായരുടെ തീ പാറുന്ന പ്രാര്‍ഥനകളെ നാം ഭയപ്പെടേണ്ടതുണ്ട്.
ഷാഹുല്‍ ഹമീദ് തറയില്‍, എടക്കാപറമ്പ

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം