Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 10

ഖുര്‍ആന്‍ വിളംബരത്തിന്റെ വിജയകരമായ പതിനഞ്ച് വര്‍ഷങ്ങള്‍

ഹമീദ് മലപ്പുറം

ദുബൈ ആസ്ഥാനമായി 1997ല്‍ നാന്ദി കുറിച്ച വിശുദ്ധ ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാം സംഘാടനമികവുകൊണ്ടും പ്രമേയവൈവിധ്യങ്ങള്‍ കൊണ്ടും അന്തര്‍ദേശീയ തലങ്ങളില്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഖുര്‍ആനും ഇസ്ലാമും പ്രമേയമാക്കി ലോകത്ത് നടക്കുന്ന റമദാന്‍ പരിപാടികളില്‍ ഏറ്റവും കൂടുതല്‍ കവറേജ് ലഭിക്കുന്ന പ്രോഗ്രാം എന്ന വിശേഷണവും ഈ പരിപാടിക്കുണ്ട്. സുഊദി അറേബ്യയിലെ റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമിയുടെ 'ഏറ്റവും മികച്ച ഖുര്‍ആന്‍ അവാര്‍ഡ് മത്സരം' എന്ന അംഗീകാരം നേടിയ പരിപാടി കൂടിയാണിത്. പരിമിതമായ പരിപാടികളോടെ തുടക്കം കുറിച്ച അവാര്‍ഡ് മത്സരം പതിനഞ്ച് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇപ്പോഴതിന് ഒമ്പത് പ്രോഗ്രാമുകളുണ്ട്.
അന്താരാഷ്ട്ര ഖുര്‍ആന്‍ മനഃപാഠ മത്സരം
ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ പ്രേരണയും പ്രോത്സാഹനവും നല്‍കുക, ഖുര്‍ആന്‍ ഹാഫിളുകള്‍ക്ക് ലോകാടിസ്ഥാനത്തില്‍ അംഗീകാരം നല്‍കുക, ഖുര്‍ആന്‍ പാരായണം ചെയ്യാനും മനഃപാഠമാക്കാനുമുള്ള സിദ്ധികള്‍ അഭിവൃദ്ധിപ്പെടുത്തുക തുടങ്ങിയവയുടെ സാക്ഷാല്‍ക്കാരമാണ് ഈ സെഷന്‍ കൊണ്ടുദ്ദേശിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ, ഇരുപത്തിയൊന്ന് വയസ്സില്‍ കൂടാത്ത എണ്‍പത് മത്സരാര്‍ഥികളാണ് ഓരോ വര്‍ഷവും പരിപാടിയില്‍ പങ്കെടുക്കുന്നത്. പൊതുവെ, അറബ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മത്സരാര്‍ഥികളില്‍ ഭൂരിഭാഗവും. ഔദ്യോഗിക മത്സരം തുടങ്ങുന്നതിനു മുമ്പായി പ്രാഥമിക പരിശോധനയിലൂടെ മത്സരാര്‍ഥികളുടെ കഴിവും പ്രാഗത്ഭ്യവും വിലയിരുത്തും. ഒരിക്കല്‍ പങ്കെടുത്തവരെ പിന്നീട് പങ്കെടുപ്പിക്കുകയില്ല. റമദാന്‍ ഇരുപതിനു ദുബൈ ഭരണാധികാരികളുടെ സാന്നിധ്യത്തിലാണ് ഫൈനല്‍ മത്സരങ്ങളും അവാര്‍ഡ്ദാനവും നടക്കുക. ഒന്നാം വിജയിക്ക് 250000 ദിര്‍ഹമും രണ്ടാം വിജയിക്ക് 200000 ദിര്‍ഹമും മൂന്നാം വിജയിക്ക് 150000 ദിര്‍ഹമുമാണ് സമ്മാനം. ചുരുങ്ങിയത് 20000 ദിര്‍ഹമും  പരമാവധി 65000 ദിര്‍ഹമും എല്ലാ മത്സരാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനമായി ലഭിക്കും. വിജയികളെ തെരഞ്ഞെടുക്കുന്നത് അറബ് ലോകത്തെ പ്രശസ്തരായ പാരായണ വിദഗ്ധരും പണ്ഡിതരും അടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയായിരിക്കും. കേവലമായ പാരായണവും മനഃപാഠവും മാത്രമല്ല പരിശോധിക്കുന്നത്. ഖുര്‍ആനുമായി ബന്ധപ്പെട്ട പ്രസക്ത ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം പറയാന്‍ കഴിയുന്നവരെയാണ് വിജയികളായി പ്രഖ്യാപിക്കുന്നത്.
മത്സരങ്ങളില്‍ പലപ്പോഴായി മലയാളികളും കേരളത്തിന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രോത്സാഹന സമ്മാനപട്ടികയിലാണ് കേരളത്തിന്റെ ഇതുവരെയുള്ള സ്ഥാനം. മത്സരാര്‍ഥികള്‍ക്കും വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍, താമസ യാത്രാ ചെലവുകള്‍ എന്നിവ സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് കമ്മിറ്റി കണ്ടെത്തുന്നത്.
ഇസ്ലാമിക സേവനത്തിനുള്ള അംഗീകാരം
ഖുര്‍ആനധിഷ്ഠിത അവാര്‍ഡുകള്‍ക്ക് പുറമെ ഇസ്ലാമിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു വ്യക്തിക്ക് അല്ലെങ്കില്‍ ഒരു സ്ഥാപനത്തിന് വര്‍ഷം തോറും കമ്മിറ്റി വിശിഷ്ട സേവനം മുന്‍നിര്‍ത്തി അവാര്‍ഡ് നല്‍കി വരുന്നു. ഒരു മില്യന്‍ ദിര്‍ഹമാണ് അവാര്‍ഡ് തുക. ഇന്ത്യയിലെ അബുല്‍ ഹസന്‍ അലി നദ്വി മുതല്‍ ഈജിപ്തിലെ ഡോ. യൂസുഫുല്‍ ഖറദാവിയടക്കമുള്ള ലോക പ്രശസ്തരായ നിരവധി പണ്ഡിതന്മാര്‍ക്ക് ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇസ്ലാമിക മൂല്യങ്ങള്‍ക്കും അധ്യാപനങ്ങള്‍ക്കും പ്രചാരം നല്‍കുക, ഇസ്ലാമിക സേവനം നടത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുക എന്നിവയാണ് പ്രസ്തുത അവാര്‍ഡ് വഴി കമ്മിറ്റി ചെയ്യുന്നത്.
ദേശീയ ഖുര്‍ആന്‍ മത്സരം
കമ്മിറ്റി നടത്തുന്ന അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ലാത്ത, വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലും മനഃപാഠത്തിലും തല്‍പരരായ രാജ്യത്തിനകത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വേണ്ടി പ്രത്യേകമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ദേശീയ ഖുര്‍ആന്‍ മത്സരം. എല്ലാ വര്‍ഷവും മുഹര്‍റം മാസത്തില്‍ സംഘടിപ്പിക്കുന്ന മത്സരം മുപ്പത്, ഇരുപത്, പത്ത്, അഞ്ച് എന്നീ ജുസുഉകളില്‍ വിവിധ ഗ്രൂപ്പുകളായാണ് നടത്തുന്നത്. രാജ്യത്തെ ഖുര്‍ആന്‍ സ്കൂളുകള്‍ വഴി ആര്‍ക്കും മത്സരത്തിനായി അപേക്ഷ സമര്‍പ്പിക്കാം. സ്ത്രീകള്‍, പുരുഷന്മാര്‍ എന്നീ വിഭാഗങ്ങളിലായി ഓരോ സ്കൂളിനും ഏഴ് മത്സരാര്‍ഥികളെ വീതം പങ്കെടുപ്പിക്കാം. വിജയികള്‍ക്ക് മൂവായിരം മുതല്‍ മുപ്പതിനായിരം ദിര്‍ഹം വരെ ക്യാഷവാര്‍ഡായി ലഭിക്കുന്നു. എല്ലാ മത്സരാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.
കല്‍തുറുങ്കില്‍  ഖുര്‍ആന്‍ സാന്ത്വനം
മാനസാന്തരങ്ങളുടെ വിളനിലങ്ങളാണ് ജയിലുകള്‍. കുറ്റം ചെയ്തവര്‍ക്കും സംശയങ്ങളുടെയും സാഹചര്യങ്ങളുടെയും പേരില്‍ അകത്താക്കപ്പെട്ടവര്‍ക്കും കല്‍തുറുങ്ക് ജീവിതം നല്‍കുന്നത് കടുത്ത സംഘര്‍ഷങ്ങളും മാനസിക സമ്മര്‍ദങ്ങളുമായിരിക്കും. ശിക്ഷാ കാലാവധിയില്‍ അവര്‍ക്ക് ലഭ്യമാകുന്ന ഇളവുകളുടെ ഓരോ നിമിഷങ്ങള്‍ക്കും വര്‍ഷങ്ങളുടെ വിലയായിരിക്കും. ഖുര്‍ആന്‍ പഠനം തങ്ങളുടെ ശിക്ഷാ കാലാവധിയില്‍ ഇളവ് വരുത്തുമെന്ന് വരുമ്പോള്‍ തീര്‍ച്ചയായും വിശുദ്ധവേദം ജയില്‍വാസികളുടെ സന്തതസഹചാരിയായി മാറുന്നു. ഒറ്റപ്പെടലിന്റെ ലോകത്ത് ഒരു കൂട്ട് മാത്രമല്ല, സ്വാതന്ത്യ്രത്തിന്റെ പുറത്തേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കുന്ന ഗൈഡ്കൂടിയാണ് വിശുദ്ധ ഖുര്‍ആന്‍. ഈയൊരു അനുകൂല സാഹചര്യം കണക്കിലെടുത്ത് ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി അതിന്റെ പ്രവര്‍ത്തനം ജയിലുകളിലേക്കും വ്യാപിപ്പിച്ചു കഴിഞ്ഞു. 2006 മാര്‍ച്ച് 26നാണ് ഈ പ്രോഗ്രാമിനു തുടക്കം കുറിക്കുന്നത്.
ഖുര്‍ആന്‍ മുഴുവനും മനഃപാഠമാക്കുന്നവര്‍ക്ക് ശിക്ഷാകാലാവധിയില്‍ ഇരുപത് വര്‍ഷം ഇളവ് നല്‍കും. 20 ഭാഗങ്ങള്‍ മനപാഠമാക്കിയവര്‍ക്ക് പതിനഞ്ച് വര്‍ഷവും 15 ഭാഗങ്ങള്‍ പഠിച്ചവര്‍ക്ക് പത്ത് വര്‍ഷവും 10 ഭാഗങ്ങളുടെ പഠനം പൂര്‍ത്തീകരിച്ചവര്‍ക്ക് അഞ്ച് വര്‍ഷവും 5 ഭാഗക്കാര്‍ക്ക് ഒരു വര്‍ഷവും മൂന്ന് ജുസ്അ് മനഃപാഠമാക്കിയവര്‍ക്ക് ആറുമാസവും ശിക്ഷാകാലാവധിയില്‍ ഇളവ് വരുത്തും.
ജയില്‍വാസികളുടെ പഠനവും തല്‍സംബന്ധമായ ആനുകൂല്യങ്ങളും ഉറപ്പ് വരുത്താന്‍ ഓരോ മൂന്ന് മാസം കൂടുമ്പോഴും ജയിലുകളില്‍ പരിശോധനയും വിലയിരുത്തലുകളും നടക്കുന്നു. നിരവധിപേര്‍ക്ക് ഇതിനകം ശിക്ഷാകാലാവധിയില്‍ ഇളവ് ലഭിക്കുകയുണ്ടായി.
സെമിനാറുകള്‍,
പൊതുസമ്മേളനങ്ങള്‍
പൊതുജനങ്ങള്‍ക്കായി ഇസ്ലാമിക വിഷയങ്ങളെ അധികരിച്ചുള്ള പ്രഭാഷണങ്ങളും സെമിനാറുകളും ഓരോ വര്‍ഷവും വിപുലമായി സംഘടിക്കപ്പെടുന്നു. റമദാനിന്റെ ആദ്യ നാളുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. അറബി, ഇംഗ്ളീഷ്, ഉര്‍ദു, മലയാളം, ബംഗാളി തുടങ്ങിയ ഭാഷകളില്‍ നാലോ അഞ്ചോ സെഷനുകളിലായി നടക്കുന്ന പരിപാടികള്‍ക്ക് ആയിരക്കണക്കിനു ശ്രോതാക്കളുണ്ടാവാറുണ്ട്. പരിപാടികള്‍ ദുബൈ മീഡിയ കോര്‍പ്പറേഷന്‍ സംപ്രേഷണത്തിനായി ചാനലുകള്‍ക്ക് നല്‍കുന്നത് കൊണ്ട് അവ ലക്ഷക്കണക്കിനു പ്രേക്ഷകരിലുമെത്തുന്നു.
എല്ലാവര്‍ഷവും കേരളത്തെ പ്രതിനിധീകരിച്ച് രണ്ടില്‍ കുറയാത്ത പ്രഭാഷകരെത്തുന്നു എന്നത് മലയാള ഭാഷക്കും മലയാളികള്‍ക്കുമുള്ള അംഗീകാരമാണ്.
തദ്ദേശ ഖുര്‍ആന്‍  മനഃപാഠ മത്സരം
സ്വദേശി യുവാക്കളിലും യുവതികളിലും പ്രത്യേകമായി ഖുര്‍ആന്‍ മനഃപാഠം പ്രോത്സാഹിപ്പിക്കാന്‍ 2003ല്‍ ആരംഭം കുറിച്ച പരിപാടിയാണ് തദ്ദേശ മനഃപാഠ മത്സരം. നാട്ടുകാരായ ആണിനും പെണ്ണിനും മത്സരത്തിനായി അപേക്ഷ നല്‍കാം. വര്‍ഷംതോറും നടക്കുന്ന മത്സരത്തില്‍ നിരവധി സ്വദേശി വനിതകളും യുവാക്കളും പങ്കെടുത്തുവരുന്നു. ആദ്യത്തെ പത്ത് വിജയികള്‍ക്ക് യഥാക്രമം 30000, 28000, 29000, 27000, 26000, 25000, 24000, 23000, 22000, 21000 ദിര്‍ഹം വീതം ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നു. എല്ലാ മത്സരാര്‍ഥികള്‍ക്കും ചുരുങ്ങിയത് 5000 ദിര്‍ഹമും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. ഈ മത്സരം വഴി ഇതിനകം 150 ഹാഫിളുകളാണ് സ്വദേശികള്‍ക്കിടയില്‍നിന്ന് പുതുതായുണ്ടായിരിക്കുന്നത്.
ഖുര്‍ആന്‍  ശാസ്ത്ര പഠന പ്രോഗ്രാം
ഖുര്‍ആന്‍ സംബന്ധിയായ പഠന ഗവേഷണങ്ങള്‍ക്ക് ലോകനിലവാരം നല്‍കി അവ ഇസ്ലാമിക വിജ്ഞാന ശാഖക്ക് മുതല്‍ക്കൂട്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖുര്‍ആന്‍ ശാസ്ത്രപഠന വിഭാഗം പ്രവര്‍ത്തിക്കുന്നത്. പ്രബന്ധങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, ഗവേഷണങ്ങള്‍, എക്സിബിഷനുകള്‍ എന്നിവ വഴി ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്കാരവും മൂല്യങ്ങളും പ്രചരിപ്പിക്കാന്‍ ഈ വിഭാഗം ശ്രമിക്കുന്നു. ഇസ്ലാമും ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി കനപ്പെട്ട ഗ്രന്ഥങ്ങളും ലേഖന സമാഹാരങ്ങളും പഠനവിഭാഗം പ്രസിദ്ധീകരിക്കുകയുണ്ടായി.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം