Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 26

വ്യക്തിത്വ രൂപീകരണം ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍

ഖമര്‍ സുബൈര്‍ /പുസ്തകം

         വ്യക്തിത്വ വികാസത്തെ സംബന്ധിച്ച്, ഖുര്‍ആനിന്റെയും പ്രവാചക ജീവിതത്തിന്റെയും അടിസ്ഥാനത്തിലുള്ള ഗ്രന്ഥങ്ങളുടെ അഭാവം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇന്റര്‍നാഷ്ണല്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ആയിഷ ഉട്‌സിന്റെ Psychology from the Islamic Perspective, മക്കയിലെ ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച അബ്ദുല്‍ മന്നാന്‍ മുല്ലാബാര്‍ രചിച്ച Counselling Psychology in Islamic Context, ട്രയംഫ് പബ്ലിഷിംഗ് കമ്പനി പ്രസിദ്ധീകരിച്ച മൂസാ അഹമ്മദിന്റെ Educational Psychology in an Islamic Perspective, ആംബര്‍ ഹഖ് രചിച്ച Psychology of Personality: Islamic Perspectives എന്നിവ ഈ വിഷയത്തിലുള്ള ഏതാനും കൃതികളാണ്. മനഃശാസ്ത്ര രംഗത്തെ ആധുനിക വികാസം മുന്നില്‍വെച്ച് കൊണ്ടാണ് മിക്കവാറും ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിക വീക്ഷണങ്ങള്‍ നിര്‍ധാരണം ചെയ്യുന്നത്.

മലയാളത്തില്‍ ഈ വിഷയത്തിലുള്ള ഒരുചുവട് വെയ്പാണ് ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ''വ്യക്തിത്വ രൂപീകരണം: ഇസ്‌ലാമിക അടിത്തറയില്‍'' എന്ന ഗ്രന്ഥം. എന്നാല്‍ മേല്‍ പരാമര്‍ശിച്ച ഗ്രന്ഥങ്ങളില്‍നിന്ന് ഭിന്നമായി മനഃശാസ്ത്ര ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള താരതമ്യമല്ല, വിഷയത്തിലെ ഖുര്‍ആനിക-പ്രവാചക പാഠങ്ങളെ ക്രോഡീകരിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്തിരിക്കുന്നത്. അഞ്ചു പുസ്തകങ്ങളുടെ പരമ്പരയിലെ ആദ്യ പുസ്തകമാണിത്. തിരിച്ചറിവ്, ഔന്നത്യബോധം, ലക്ഷ്യബോധം, ശാന്തമായ മനസ്സ്, മനഃസംസ്‌കരണം, ജീവിതവിശുദ്ധി, സ്വഭാവ സംസ്‌കരണം, അഹങ്കാരമില്ലാത്ത ജീവിതം, ഊഹങ്ങളില്‍നിന്ന് മോചനം, കോപമടങ്ങിയ മനസ്സ്, അസൂയയില്‍നിന്ന് മോചനം തുടങ്ങി പതിനഞ്ച് അധ്യായങ്ങളില്‍ വിഷയങ്ങള്‍ വിന്യസിച്ചിരിക്കുന്നു. ഖുര്‍ആനിലെയും ഹദീസിലെയും ഉദ്ധരണികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചില അധ്യായങ്ങളുടെ തുടക്കം പ്രചുരമായ കഥയും ലോകസാഹിത്യ കഥാപാത്രങ്ങളുടെ പരാമര്‍ശങ്ങളും കൊണ്ടാണെങ്കിലും മിക്കതും ലളിതമായ വിശദീകരണങ്ങളിലാണ് ആരംഭിക്കുന്നത്. ഈ അധ്യാപനങ്ങള്‍ എങ്ങനെ മനുഷ്യജീവിതത്തില്‍ പ്രതിഫലിച്ചുവെന്ന പ്രവാചക സഹചരരുടെ ജീവിത ചിത്രങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചിരുന്നുവെങ്കില്‍ പ്രയോജനപ്പെടുമായിരുന്നെന്ന് ചില ഭാഗങ്ങള്‍ വായിച്ചപ്പോള്‍ തോന്നി. എന്നാലും പരിശീലകര്‍ക്കും അധ്യാപകര്‍ക്കും സന്ദര്‍ഭത്തിനനുസരിച്ച് വികസിപ്പിച്ച് ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. ഉദ്ധരണികളൊക്കെ അവയുടെ മൂലരൂപത്തില്‍, അറബി ഭാഷയില്‍ അതാതിടങ്ങളില്‍ നല്‍കിയത് പ്രയോജനകരമാണ്.

ഒരു പ്രത്യേക വിഭാഗത്തെ പ്രധാനമായി ഊന്നാതെ, ആര്‍ക്കും പ്രയോജനപ്പെടുത്താവുന്ന രൂപത്തിലാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരന് തന്റെ വിജ്ഞാനവര്‍ധനവിന് ഈ പുസ്തകം പ്രയോജനപ്പെടുത്താം. സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള കാമ്പസ് പള്ളികളില്‍ ജുമുഅ പ്രസംഗങ്ങള്‍ ഇത്തരമൊരു പുസ്തകത്തെ അടിസ്ഥാനമാക്കി ക്രമപ്പെടുത്തിയാല്‍, പ്രധാന ശ്രോതാക്കളായ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനം ചെയ്യും.

ഒരു പരിശീലകന്റെ കൈപുസ്തകമല്ല ഈ കൃതിയെങ്കിലും പരിശീലകര്‍ക്കും പ്രയോജനപ്പെടുത്താം. ഗ്രന്ഥകാരന്റെ പ്രഭാഷണ ചാരുതയും പ്രബോധന ഭാഷാശൈലിയും പരിശീലക പുസ്തകശൈലിയെ മറച്ചുവെക്കുന്നുണ്ട്-അത് ലക്ഷ്യമാകാത്തതു കാരണമാകാം. പുസ്തകത്തിലെ വിഷയ ക്രമീകരണത്തിന് സ്വീകരിച്ച യുക്തി മനസ്സിലാകുന്നില്ല. കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത് വരുമ്പോള്‍ അത് വ്യക്തമാകുമെന്ന് കരുതാം. 'ഉള്ളടക്ക'ത്തില്‍ അധ്യായങ്ങളും ഉപതലക്കെട്ടുകളും വേര്‍തിരിച്ച് അറിയാത്തവിധം പരത്തി നല്‍കിയതില്‍ അഭംഗി തോന്നി. 'വ്യക്തിത്വ വികസന'രംഗത്ത് ഇസ്‌ലാമിക കാഴ്ചപ്പാടിലുള്ള പുസ്തകങ്ങളുടെ അഭാവം നികത്തുന്നതിന് പ്രചോദനമേകാനുള്ള കരുത്ത് പുസ്തകത്തിനുണ്ട്. പ്രസാധനം: വചനം ബുക്‌സ്, കോഴിക്കോട്. വില: 130, പേജ്: 152.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /77,78
എ.വൈ.ആര്‍