Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 26

ഓര്‍ത്ത്.... <br>പിന്നെയും ഓര്‍ത്ത്

നസീറ ഇ.എന്‍, ചേന്ദമംഗല്ലൂര്‍ /കഥ

ച്ചിലക്കുമ്പിളും കുത്തി മൈലാഞ്ചിച്ചെടിക്കടുത്തേക്കോടിച്ചെന്നു. എടീ... നാളെ പെരുന്നാളാ...
കൊമ്പുകള്‍ പിടിച്ചു താഴ്ത്തവെ ഇന്നലത്തെ പുതുമഴയില്‍ കരുതിവെച്ച മഴത്തുള്ളികള്‍ കുടഞ്ഞുകൊണ്ടവള്‍ ഞങ്ങളെ വരവേറ്റു.
അമ്പടി കള്ളീ.... ഇലകള്‍ വലിച്ചൂരവെ നറുമണമേകി മൈലാഞ്ചിപ്പൂക്കളുടെ പെരുന്നാളാശംസകള്‍!

നിറഞ്ഞ കുമ്പിളുമായി ലീലേടത്തിയുടെ അടുത്തേക്കോടി. അമ്മി കഴുകി വൃത്തിയാക്കി ഞങ്ങളെയും കാത്തിരിക്കുകയായിരുന്നു ലീലേടത്തി. ''വിളഞ്ഞി (ചക്കപ്പശ) സുമിത്താന്റെ കൈയില്‍ കൊടുത്തയച്ചിട്ടുണ്ട്, നിങ്ങള് പോയി ചിത്രം വരച്ചോളൂ.. ഏട്ത്തി ദാ... ഇതരച്ച് ഇപ്പള് ആട്ടെത്താ.''

മുറ്റത്ത് പ്രത്യേകം തയാറാക്കിയ അടുപ്പിലെ മണ്‍ചട്ടിയില്‍ കിടന്ന് തിളക്കുന്ന വിളഞ്ഞിയില്‍ ഈര്‍ക്കിള്‍ കൊണ്ട് കുത്തി കുഞ്ഞിക്കൈകളില്‍ ചിത്രം വരക്കുന്ന തിരക്കിലാണ് സുമിത്ത. കൈകളില്‍ പതിഞ്ഞ ചൂടുള്ള ചിത്രത്തിന് ശര്‍ക്കര ജിലേബിയുടെ നിറം.

സൂര്യന്‍ ചെഞ്ചായമണിഞ്ഞ് അറബിക്കടലിലേക്ക് കുളിക്കാനിറങ്ങിയപ്പോള്‍ മാനത്ത് പെരുന്നാളമ്പിളി ചിരിതൂകി നിന്നു. അറഫാ നോമ്പു തുറന്ന് പള്ളിയിലെത്തിയ കുട്ടികള്‍ക്ക് തക്ബീര്‍ ചൊല്ലിക്കൊടുക്കുന്ന ഉസ്സന്‍ മൊല്ലാക്കയുടെ ഈണത്തിനൊത്ത് ചൊല്ലിയപ്പോള്‍ നാടാകെ തക്ബീര്‍ മയം.

അരച്ച മൈലാഞ്ചിയുമായി ലീലേടത്തിയെത്തി. ചൂടുള്ള ചിത്രങ്ങള്‍ക്ക് മുകളില്‍ മൈലാഞ്ചിത്തണുപ്പ് പതിയുമ്പോഴുള്ള അനുഭൂതി- അത് പെരുന്നാളിന് മാത്രം.

അടുക്കളയില്‍ നിന്ന് പെരുന്നാള്‍ വിഭവങ്ങളുടെ മധുര നൊമ്പരക്കാറ്റ് വന്ന് വിളിച്ചു. ഞൊറിഞ്ഞുടുത്തൊരുങ്ങിയ നെയ്യപ്പം മറ്റെല്ലാവരെക്കാളും സുന്ദരിയായിരിക്കുന്നു. ഏത് കഴിക്കണമെന്നറിയാതെ നട്ടം തിരിയുമ്പോഴാണ് കൈ കൊണ്ട് തിന്നാനും പറ്റില്ലെന്നോര്‍ത്തത്. ഉമ്മുമ്മ വായിലേക്ക് വച്ചുതരുന്ന പലഹാരങ്ങള്‍ മത്സരിച്ചു കഴിക്കുമ്പോഴതിമധുരം.

മുറ്റത്ത് വിരിച്ച പുല്‍പായയില്‍ വട്ടം കൂടിയിരുന്ന് പെരുന്നാള്‍ കിസ്സ പറയവെ ഉമ്മുമ്മ ഞങ്ങളെ അങ്ങ് മക്കയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഅ്ബ ശരീഫും ഹറമും കടന്ന് സ്വഫയും മര്‍വയും മിനയും അറഫയുമെല്ലാം കണ്ട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍ സമയം പാതിരാവു കഴിഞ്ഞിരുന്നു. ''ഇത്തിരി കണ്ണടച്ചില്ലേല്‍ നാളെ പെരുന്നാളിന് ഒന്നിനും പറ്റൂല ന്റെ മക്കളെ.... പോയി ഇത്തിരി കെടക്കാന്‍ നോക്കീ....'' വല്ല്യുമ്മയുടെ വാക്ക് കേട്ട് കൂട്ടംകൂടി കിടന്ന് കഥ പറയവെ മയങ്ങിപ്പോയതറിഞ്ഞില്ല.

ഉപ്പുപ്പയുടെ സുബ്ഹി നമസ്‌കരിച്ചിരുന്നുള്ള തക്ബീര്‍ ധ്വനികള്‍ കേട്ട് കൂട്ടത്തോടെ ഞങ്ങളെഴുന്നേറ്റു. മേലാകെ എണ്ണ തേച്ച് കുളിക്കാനായ് പുഴക്കരയിലേക്കോടി. ഓലചൂട്ടിന്റെ മണവും വെളിച്ചവും നുകര്‍ന്ന് നടക്കവെ പുഴയില്‍ ചാടിക്കളിക്കുന്നവരുടെ തിമര്‍ക്കല്‍ കേള്‍ക്കുന്നു. നടത്തത്തിനു വേഗം കൂട്ടി.

പെരുന്നാള്‍ കുളി കഴിഞ്ഞ് പുതുവസ്ത്രങ്ങളണിഞ്ഞ് ഉപ്പുപ്പയുടെ കൈനീട്ടം വാങ്ങി മുതിര്‍ന്നവരെ മുഴുവന്‍ പിഴിഞ്ഞ് ഉമ്മുമ്മയുടെ കോന്തലയും അഴിച്ചാണ് ഈദ്ഗാഹിലേക്ക് നടന്നത്.

പുതുവസ്ത്രത്തിന്റെയും മൈലാഞ്ചിയുടെയും മണം മാറിമാറി വരുന്നു. സ്‌നേഹാശംസകള്‍ നേര്‍ന്ന് പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് ഈദ്ഗാഹില്‍ നിന്ന് മെല്ലെയിറങ്ങി. കുപ്പിവളകളും മുത്ത്മാലകളും വാച്ചും ബലൂണും പീപ്പിയും ഐസും മിഠായിയുമായി ഞങ്ങളെ സ്വീകരിക്കാനൊരുങ്ങി നില്‍ക്കുന്ന മമ്മദ് കാക്കയും ഇത്താലുട്ടികാക്കയും കട നന്നായി അലങ്കരിച്ചിരിക്കുന്നു.

കൈ നിറയെ സാധനങ്ങള്‍ വാങ്ങി മനസ്സുനിറഞ്ഞ് വീടുകള്‍ തോറും കയറിയിറങ്ങി വീട്ടിലെത്തുമ്പോള്‍ പത്തുമണി. പായസം കാത്തിരിപ്പുണ്ട്. അടുക്കളയില്‍ പെരുന്നാള്‍ ചോറ് വിളമ്പുന്ന തിരക്ക്.

'മോളെ.... കുട്ട്യോളൊക്കെ കൂട്ടി വേഗം വന്നിരിക്ക്'

'ദാ... ഞങ്ങളെത്തിയുമ്മുമ്മാ......'

എഴുന്നേറ്റ് നടക്കവെ കാല്‍ തട്ടി വീണു. റസീ.... എങ്ങോട്ടാ ഈ പാതിരാക്ക്....?

ഓ..... സോറി ഇക്കാ.....

പെരുന്നാള്‍ തലേന്ന് കുവൈത്തിലെ ഒരു ഫ്‌ളാറ്റിന്റെ എട്ടാം നിലയിലെ റൂമില്‍ ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്നു താനെന്നോര്‍മ്മ വന്നതപ്പോഴാണ്. മെല്ലെ ഇറങ്ങി ബാല്‍ക്കണിയിലേക്ക് നടന്നു. റോഡില്‍ കാറോടിച്ചു കളിക്കുന്ന അറബിക്കുട്ടികളെ കാണാമായിരുന്നു.

റാണിയും, ഡോളറും, ദീനാറും മാറിമാറിയിട്ടിട്ടും തൃപ്തിയില്ലാതിരുന്ന കൈയിലെ ചിത്രങ്ങള്‍ വരണ്ടു കിടക്കുന്നു. അവ ചുരണ്ടി മാറ്റി. നല്ല കറുത്ത ചുകപ്പ്. ഉം. ന്നാലും നാളെ കൊറച്ചൊക്കെ ഷൈന്‍ ചെയ്യ, മതി.

സമയം മൂന്നരയായി. നാട്ടിലിപ്പോ എല്ലാരും കുളിച്ചൊരുങ്ങി പുറപ്പെടുന്നുണ്ടാകും. ഉമ്മയുടെ നെയ്യപ്പവും കല്‍ത്തപ്പവുമൊക്കെ ആ മേശപ്പുറത്ത് ബാക്കി കിടക്കുന്നുണ്ടാകും. പത്തിരിയും ബീഫ് കറിയും പായസവുമൊക്കെ അടുക്കളയിലും കാണും... ഉമ്മാ..... ഉമ്മുമ്മാ.... ഓര്‍മകള്‍ കാടുകയറാന്‍ തുടങ്ങി. വേണ്ട. പെരുന്നാള് കരയാനുള്ളതല്ല ആഘോഷിക്കാനുള്ളതാ....

ഇത്തിരി ബിരിയാണിയും ഐസ്‌ക്രീമുമൊക്കെ ഉണ്ടാക്കണം. ഈദ്ഗാഹില്‍ നേരത്തെത്തന്നെ എത്തണം. പ്രവാസത്തിന്റെ നോവും നൊമ്പരവും പേറി ഗൃഹാതുരത്വം കടിച്ചിറക്കി എന്നെപ്പോലെ ഒരുപാട് മലയാളികളുണ്ടാകും. അവരെ കണ്ടാല്‍ മനസ്സ് നിറയും. ഉമ്മയും ഉമ്മുമ്മയും ഇത്താത്തമാരും അനിയത്തിമാരും ഇക്കാക്കമാരും ഒക്കെയായി പരസ്പരം മാറും. അറബികളെ പോലെ സ്‌നേഹം പകര്‍ന്ന് പരസ്പരം കെട്ടിപ്പിടിച്ച് ചുംബിച്ച് പെരുന്നാള്‍ കെങ്കേമമാക്കും. മറിയത്തയുടെ കെട്ടിപ്പിടിക്കലില്‍ ഉമ്മയും ഇത്താത്തയും ഒക്കെയുണ്ടാകും.

ഇവിടെ ആഘോഷങ്ങള്‍ക്കവസാനമില്ലല്ലോ... പെരുന്നാളും ഓണവും ക്രിസ്മസും ഒക്കെ... മാസങ്ങളോളം കൊണ്ടാടും. എന്നാലും ഓര്‍മകളുടെ കടലിരമ്പങ്ങളലയടിച്ചെത്തുമ്പോള്‍ മനസ്സ് മുങ്ങാംകുഴിയിട്ടക്കരെയെത്തും. 

ചിത്രീകരണം: എം. കുഞ്ഞാപ്പ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /77,78
എ.വൈ.ആര്‍