Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 26

ഇങ്ങനെ കരഞ്ഞുതീര്‍ക്കാനുള്ളതാണോ <br>ഇന്ത്യന്‍ മുസ്‌ലിംകളുടെ ജീവിതം?

സദ്‌റുദ്ദീന്‍ വാഴക്കാട് /കവര്‍‌സ്റ്റോറി

         വിഭജനത്തിനും ഗാന്ധിവധത്തിനും ശേഷം ഇന്ത്യാ ചരിത്രത്തിലെ ദുരന്തപൂര്‍ണമായ നാഴികക്കല്ലായിരുന്നു ബാബരി ധ്വംസനം. സമീപകാല ഇന്ത്യാ ചരിത്രത്തെ ബാബരിക്കു മുമ്പും ശേഷവും എന്ന് വേര്‍തിരിക്കാവുന്നത്ര സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ആ ധ്വംസനം സൃഷ്ടിച്ചിട്ടുണ്ട്. ഒരു പള്ളിയുടെ തകര്‍ച്ച എന്നതിനപ്പുറമുള്ള മാനങ്ങള്‍, ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ച് അതിനുണ്ട്. അസ്തിത്വത്തിന് നേരെയുള്ള ഭീഷണി, നിത്യജീവിതത്തെ ചൂഴ്ന്ന് നില്‍ക്കുന്ന പരോക്ഷഭീതി, മതേതര രാഷ്ട്രീയ പാര്‍ട്ടികളിലെ വിശ്വാസ നഷ്ടം, നിരന്തര നീതിനിഷേധം സൃഷ്ടിക്കുന്ന അരക്ഷിതബോധം, പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിലുണ്ടായ വിനാശകരമായ ഭിന്നത, കരുത്തുറ്റ നേതൃത്വത്തിന്റെ അഭാവം ഉണ്ടാക്കുന്ന അനാഥത്വം, ചെറിയൊരു വിഭാഗത്തിലാണെങ്കിലും മുളപൊട്ടിയ തീവ്രചിന്താഗതി തുടങ്ങിയവയാണ് ബാബരി ധ്വംസനത്തിന്റെ പ്രധാന പ്രത്യാഘാതങ്ങള്‍. വിഭജനം, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ നേരത്തെതന്നെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബാബരി തകര്‍ച്ച അവക്ക് പുതിയ മാനം പകര്‍ന്നു.

മറുഭാഗത്ത്, ആഗ്രഹിച്ച വന്‍ മുന്നേറ്റമൊന്നും ഉണ്ടാക്കിയെടുക്കാന്‍ വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്ക് സാധിച്ചില്ലെങ്കിലും, സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടാനും മതനിരപേക്ഷ മുന്നണിയില്‍ ഭിന്നതകളുണ്ടാക്കാനും രാഷ്ട്രീയ അധികാരം കൈപ്പിടിയിലൊതുക്കാനും അവര്‍ക്കു കഴിഞ്ഞു. ഇത്തരമൊരു ഘട്ടത്തില്‍, ഫാഷിസ്റ്റ് സംക്രമണം ഇന്ത്യയുടെ സാമൂഹിക മണ്ഡലത്തിലും രാഷ്ട്രീയ ഭൂമികയിലും എന്തെന്ത് പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചുവെന്നും നമ്മുടെ മതനിരപേക്ഷതയും സാമുദായിക സൗഹാര്‍ദാന്തരീക്ഷവും എന്തെല്ലാം നിറം മാറ്റങ്ങള്‍ക്ക് വിധേയമായി എന്നുമൊക്കെ ആഴത്തില്‍ ഇനിയും വിശകലനം ചെയ്യേണ്ടതുണ്ട്. ഫാഷിസത്തിന്റെ സൂക്ഷ്മമായ പരാഗണത്തെ പ്രതിരോധിക്കാന്‍ കുറേക്കൂടി ജാഗ്രത്തായ തിരിച്ചറിവുകള്‍ ആവശ്യമാണ്. അതിന് വൈകാരിക പ്രരോദനങ്ങളല്ല, വിവേക പൂര്‍ണമായ പ്രതിരോധങ്ങളാണ് വേണ്ടത്. അതിലാണ് മതനിരപേക്ഷതയുടെ ശോഭന ഭാവി. 

ബാബരിയാനന്തര കാലത്ത്, ഇന്ത്യന്‍ മുസ്‌ലിംകളുടെയും അവര്‍ക്ക് നേതൃത്വം നല്‍കുന്ന മത-സമുദായ സംഘടനകളുടെയും കര്‍മപരിപാടികളെ സംബന്ധിച്ച ആത്മപരിശോധനാപരമായ അവലോകനമാണ് ഈ ലേഖനത്തിന്റെ വിഷയം.

ഇന്ത്യന്‍ മുസ്‌ലിംകള്‍ ബാബരിക്കുശേഷം

ബാബരി മസ്ജിദ് ധ്വംസനാനന്തര കാലത്ത് എന്തായിരുന്നു ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ട? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ മറ്റൊരു മൗലിക ചോദ്യത്തെ കൂടി അഭിമുഖീകരിക്കേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യാനന്തരം എന്നെങ്കിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് കൃത്യമായൊരു അജണ്ട ഉണ്ടായിരുന്നോ? ഇന്ത്യയിലെ മുസ്‌ലിം സമൂഹം തങ്ങളുടെ ശരിയായ ഉത്തരവാദിത്തം തിരിച്ചറിയുകയും നിര്‍വഹിക്കുകയും ചെയ്തിരുന്നുവോ?

ബാബരിയുടെ പതനത്തിനുശേഷം ഒറ്റപ്പെട്ട നിലയിലാണെങ്കിലും ഗുണകരമായ ചില നീക്കങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ആശയപരമായി വലിയ മാനങ്ങളുള്ളതും പ്രായോഗികമായി ഏറെ പ്രസക്തവുമായ രണ്ട് ധീര കാല്‍വെപ്പുകള്‍ ഈ ഗണത്തില്‍ പെടുന്നു; ഹിന്ദു മുസ്‌ലിം-ക്രിസ്ത്യന്‍ ഡയലോഗും എഫ്.ഡി.സി.എയുടെ രൂപീകരണവും. ഇസ്‌ലാമിക ആദര്‍ശത്തെ തുറന്നുവെക്കുന്നതും സാമൂഹിക ബന്ധങ്ങളുടെ ഇഴയടുപ്പം വര്‍ധിപ്പിക്കുന്നതുമായിരുന്നു ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ ഡയലോഗ്. വിവിധ മതനേതാക്കള്‍ ഒരേ വേദിയില്‍ അണിനിരക്കുകയും അതേ സ്വഭാവമുള്ള സദസ്സ് ശ്രോതാക്കളാവുകയും ചെയ്ത ഡയലോഗിന് ബാബരിയാനന്തര ഇന്ത്യയില്‍ വലിയ പ്രസക്തിയുണ്ടായിരുന്നു. ഒരര്‍ഥത്തില്‍ ഇതിന്റെ തുടര്‍ച്ചയാണ് ദേശീയ തലത്തില്‍ രൂപപ്പെട്ടുവന്ന മതാന്തര സംവാദം. 'ഫോറം ഫോര്‍ ഡമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി'യാകട്ടെ ജനാധിപത്യ മൂല്യങ്ങളും സമാധാനപൂര്‍ണമായ സാമൂഹിക പരിവര്‍ത്തനവും പുഷ്‌കലമാക്കാനുള്ള വ്യതിരിക്തമായൊരു ചുവടുവെപ്പായിരുന്നു. രണ്ടും വിപുല സ്വഭാവത്തില്‍, ക്രിയാത്മകമായി മുന്നോട്ടുപോയിരുന്നെങ്കില്‍ ഇന്ത്യന്‍ മതനിരപേക്ഷതക്ക് വലിയ അളവില്‍ നിറംകൂടുമായിരുന്നു.

സ്വയം ശാക്തീകരണത്തിന്റെ വഴികളെ കുറിച്ച് മുസ്‌ലിം സമുദായം ഗൗരവത്തോടെ ചിന്തിച്ചുതുടങ്ങിയെന്നതാണ് രണ്ടാമത്തെ വശം. ചില മേഖലകളില്‍ ഉണര്‍വുകള്‍ പൂര്‍വോപരി ശക്തിപ്പെട്ടു. വിദ്യാഭ്യാസ മേഖല ഉദാഹരണം. നവോത്ഥാന പ്രസ്ഥാനങ്ങളും മറ്റും തുറന്നു തന്ന വഴികളിലൂടെയാണ് പുതുതലമുറയുടെ വിദ്യാഭ്യാസ മുന്നേറ്റം സാധ്യമായിട്ടുള്ളതെങ്കിലും, ബാബരിയാനന്തര കാലത്ത്, പ്രതിസന്ധികള്‍ മറികടന്ന് അസ്തിത്വം ഉറപ്പിക്കാനുള്ള ആവേശം വിദ്യാഭ്യാസ വളര്‍ച്ചക്ക് ഉള്‍പ്രേരകമായി വര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യന്‍ മുസ്‌ലിംകളുടെ ബഹുമുഖ വളര്‍ച്ച ലക്ഷ്യം വെക്കുന്ന ബൃഹദ് പദ്ധതികള്‍ രൂപപ്പെട്ടുവരാന്‍ തുടങ്ങിയതാണ് മറ്റൊന്ന്. ബാബരി തകര്‍ക്കപ്പെടുമ്പോള്‍ അത് തടയുന്നതില്‍  കുറ്റകരമായ അനാസ്ഥ കാണിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ പിന്നീട് നിശ്ചയിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ കൂടി പ്രചോദനത്തിലായിരുന്നു ഇത്. ഔദ്യോഗിക-അനൗദ്യോഗിക തലങ്ങളില്‍ ഇതിന്റെ കൂടി പിന്‍ബലത്തില്‍ ചില പദ്ധതികള്‍ രൂപപ്പെട്ടുവന്നു. കേരളത്തില്‍ ഇടതുഗവണ്‍മെന്റിന്റെ പാലോളി കമ്മിറ്റി ഉദാഹരണം. എന്നാല്‍ ദേശീയ തലത്തില്‍, മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ സച്ചാര്‍ റിപ്പോര്‍ട്ടിനെ ആധാരമാക്കി സമുദായത്തിനുവേണ്ടി എന്തൊക്കെ പദ്ധതികള്‍ ആവിഷ്‌കരിച്ചുവെന്നത് ആലോചിക്കേണ്ടതാണ്. 

ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ 'വിഷന്‍ 2016' ബാബരിയാനന്തര കാലത്തെ ശ്രദ്ധേയമായ ചുവടുവെപ്പാണ്. 1980കളില്‍ വര്‍ഗീയ കലാപങ്ങള്‍ വഴി മുസ്‌ലിംകള്‍ നിരന്തരം വേട്ടയാടപ്പെട്ടതായിരുന്നു, 'വിഷന്‍ 2016'-ന്റെ ആദ്യ പ്രചോദനം. ബാബരിയാനന്തര അവസ്ഥകള്‍ ആ ചിന്തക്ക് സജീവത പകര്‍ന്നു. ഇതിന്റെ ഭാഗമായി പൗരവകാശ സംരക്ഷണാര്‍ഥം രൂപീകരിക്കപ്പെട്ട എ.പി.സി.ആര്‍ (അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്) ഉള്‍പ്പെടെയുള്ള എന്‍.ജി.ഒകള്‍ മാതൃകാപരമാണ്. ഈ പദ്ധതിക്ക് കേരളത്തില്‍ നിന്നും മറ്റും കിട്ടുന്ന വര്‍ധിച്ച പിന്തുണയും, അതിന്റെ ചുവടുപിടിച്ചു വിവിധ മതസമുദായവേദികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും ചേര്‍ത്തു വായിക്കാം. മനുഷ്യാവകാശ പ്രശ്‌നങ്ങളിലും മറ്റും ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദ് നടത്തുന്ന ചില നീക്കങ്ങളും ശ്രദ്ധിക്കപ്പെട്ടു. സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നതിലും ഇടപെടുന്നതിലും ജാഗ്രത കൈവന്നുവെന്നതാണ് മറ്റൊന്ന്. ഈ ജാഗ്രതയുടെ ചില ആവിഷ്‌കാരങ്ങള്‍ ഗുണദോഷ വശങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് എന്നത് മറ്റൊരു വശം. പരിമിതമായ ഇത്തരം നീക്കങ്ങള്‍ക്കപ്പുറം ബാബരിയാനന്തര കാലത്തെ 22 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ മൗലികമായി എന്താണ് ചെയ്തത്?

മറന്നുപോയ മുഖ്യദൗത്യം

ബാബരി ധ്വംസനത്തിന് 22 ആണ്ടുകള്‍ പൂര്‍ത്തിയായി എന്നതിനര്‍ഥം, 22 വയസുള്ള, തീര്‍ത്തും പുതിയൊരു തലമുറ ഇന്ത്യയില്‍ രൂപപ്പെട്ടുവന്നു എന്നു കൂടിയാണ്. 92-ല്‍ ജനിച്ചവരെയും അന്ന് 10 വയസ്സുവരെ പ്രായമുണ്ടായിരുന്നവരെയും-അഥവാ ഇന്നത്തെ ഇന്ത്യന്‍ യൗവനത്തെ-ബാബരിയാനന്തര തലമുറ എന്നു വിശേഷിപ്പിക്കാം. ഈ പുതിയ ഇന്ത്യന്‍ യൗവനത്തെ ഇസ്‌ലാമിക ഭൂമികയില്‍നിന്നുകൊണ്ട് ക്രിയാത്മകമായി അഭിമുഖീകരിക്കാന്‍ മുസ്‌ലിം സമുദായത്തിന്, മത-സമുദായ സംഘടനകള്‍ക്ക് എത്രത്തോളം കഴിഞ്ഞിട്ടുണ്ട് എന്നതാണ് മൗലിക ചോദ്യം. പുതുതലമുറയോട് ക്രിയാത്മകമായി സംവദിക്കുന്നതില്‍ മുസ്‌ലിം സമൂഹം വിജയിച്ചില്ലെന്നു മാത്രമല്ല, അതൊരു ഗൗരവപ്പെട്ട അജണ്ടയായി ചര്‍ച്ചക്കെടുക്കാന്‍ പോലും മിക്ക മത-സമുദായ സംഘടനകള്‍ക്കും കഴിഞ്ഞില്ല. ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന്റെ വഞ്ചനയെയും നീതിനിഷേധത്തെയും വര്‍ഗീയ ഫാഷിസ്റ്റുകളുടെ അക്രമണോത്സുകതയെയും ചൂണ്ടിക്കാട്ടി 'ഓര്‍മകളുടെ പ്രതിരോധ'ത്തിന് ആഹ്വാനം മുഴക്കുമ്പോള്‍, സ്വയം മറന്നുപോയ, അവഗണിച്ചുതള്ളിയ തങ്ങളുടെ മുഖ്യദൗത്യത്തെക്കുറിച്ച് മുസ്‌ലിം സമൂഹം ആത്മപരിശോധന നടത്തേണ്ടതുണ്ട്. അടിസ്ഥാനപരമായി മുസ്‌ലിം ഉമ്മത്ത് ഒരു ആദര്‍ശ പ്രബോധക സമൂഹമാണ്, 'പ്രതിരോധ' സംഘമല്ല.

ബാധ്യതകളില്‍ നിന്ന് ഒളിച്ചോടുന്ന ജനത അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നുറപ്പ്. അപ്പോള്‍ പ്രകൃതി താളം തെറ്റുകയും സാമൂഹിക ഘടന തന്നെ തകിടം മറിയുകയും ചെയ്യും. യൂനുസ് പ്രവാചകനെ കുറിച്ച ഖുര്‍ആന്‍ വിവരണം (യൂനുസ് 98, അന്‍ബിയാഅ് 87,88) ഇക്കാര്യത്തില്‍ വ്യക്തമായ മുന്നറിയിപ്പാണ്. മത്സ്യം മനുഷ്യന്റെ വയറ്റില്‍ കിടക്കുകയെന്ന പ്രകൃതിനിയമം കീഴ്‌മേല്‍ മറിയുകയും മനുഷ്യന്‍-യൂനുസ് നബി-മത്സ്യത്തിന്റെ വയറ്റില്‍ അകപ്പെടുകയും ചെയ്തതിന്റെ കാരണമെന്തായിരുന്നു? സ്വന്തം ജനതയുടെ ധിക്കാര സ്വഭാവം കണ്ട് മനംമടുത്ത ഒരു ഘട്ടത്തില്‍, ദൈവികശിക്ഷയുടെ പ്രാരംഭ ലക്ഷണങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍, അല്ലാഹുവിന്റെ അനുവാദം ലഭിക്കുംമുമ്പ് യൂനുസ് നബി ഉത്തരവാദിത്തത്തില്‍നിന്ന് വഴിമാറി നടന്നു എന്നതുതന്നെ. ഈ ചരിത്രപാഠത്തെ ആത്മവിചാരണയുടെ ഉരക്കല്ലായി സ്വീകരിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് കഴിയണം.

ഇന്ത്യന്‍ മണ്ണിലെ തപ്ത മാനസങ്ങളെ തണുപ്പിക്കുന്ന, നിറഞ്ഞൊഴുകുന്ന സ്‌നേഹത്തിന്റെ നിര്‍ഝരിയായി ഇസ്‌ലാമിനെ തുറന്നുവിടാന്‍ സമീപകാലത്തൊന്നും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞിട്ടില്ല. വിഭജന-ബാബരിയാനന്തര കാലത്ത് ഇതിന് വലിയ പ്രസക്തിയുണ്ടായിരുന്നു. പക്ഷേ, സാമൂഹിക പ്രസക്തമല്ലാത്തതും ഇസ്‌ലാമിന്റെ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കാത്തതുമായ അജണ്ടകളാണ് പലപ്പോഴും മുസ്‌ലിം സംഘടനകള്‍ മുമ്പോട്ടുവെക്കുന്നത്. തെരുവില്‍ നിറയുന്ന പോസ്റ്ററുകളിലൂടെ കണ്ണോടിച്ചാല്‍ മുസ്‌ലിം അജണ്ടകളുടെ പരിമിതിയും പരിഹാസ്യതയും ബോധ്യപ്പെടും. മുസ്‌ലിം സമുദായത്തെ തന്നെയും ആത്മീയമായോ സാംസ്‌കാരികമായോ വളര്‍ത്താന്‍ ഒരുവിധപ്പെട്ട മതപ്രവര്‍ത്തനങ്ങളൊന്നും പര്യാപ്തമല്ല എന്നതിന്റെ തെളിഞ്ഞ സൂചനയാണ് മുസ്‌ലിം ജീവിതത്തിന്റെ വര്‍ത്തമാനം. മത്സരിച്ചു നടത്തുന്ന മതസംഘടനാ പ്രവര്‍ത്തനത്തിന്റെ ബഹളത്തിനിടയിലും ബഹുവിധ ജീര്‍ണതകള്‍ സമുദായത്തില്‍ കത്തിപ്പടരുന്നതിന്റെ കാരണം മറ്റെന്താണ്?

അജണ്ടകള്‍ പൊളിച്ചെഴുതുകയും മുന്‍ഗണനാക്രമങ്ങള്‍ മാറ്റിനിശ്ചയിക്കുകയും ചെയ്തുകൊണ്ടു മാത്രമേ നല്ല നാളെയെക്കുറിച്ച് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് സ്വപ്നം കാണാനൊക്കൂ. യഥാര്‍ഥ ദൗത്യത്തെക്കുറിച്ച തിരിച്ചറിവും, ഉള്‍ക്കാഴ്ചയോടു കൂടിയ ഭാവിപദ്ധതികളുടെ ആസൂത്രണവും അതിജീവനത്തിന്റെ വഴികളില്‍ പ്രധാനമാണ്. ആശങ്കകള്‍ നിറഞ്ഞ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വതല സ്പര്‍ശിയായ പുതിയ സ്ട്രാറ്റജികള്‍ രൂപപ്പെടുത്താന്‍ ഇസ്‌ലാമിക സമൂഹത്തിനു കഴിയണം. അപ്പോള്‍ പ്രതികൂലാവസ്ഥകളെ ഗുണകരമായി പരിവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കും. മരുഭൂമിയില്‍ കുരുന്ന് ഇസ്മാഈല്‍ കാലിട്ടടിച്ചപ്പോള്‍ ഉറവെടുത്ത സംസം നൂറ്റാണ്ടുകളായി നിലക്കാതെ ഒഴുകുന്നതില്‍ ഈ ഉമ്മത്തിന് വലിയ ഗുണപാഠമുണ്ട്. മരുഭൂസമാന മാനസങ്ങളില്‍ നന്മയുടെ ഉറവ് സൃഷ്ടിച്ചെടുക്കുമ്പോഴാണല്ലോ ആദര്‍ശ പ്രബോധകര്‍ വിജയിക്കുന്നത്.

മതനിരപേക്ഷതയുടെ ശാക്തീകരണം

മഹാത്മാ ഗാന്ധിയെ നാഥുറാം ഗോഡ്‌സെ വെടിവെച്ചു കൊന്നതോടെയാണ് ഇന്ത്യന്‍ മനസ്സില്‍ ആര്‍.എസ്.എസ് വിരുദ്ധത ആഴത്തില്‍ വേരിറങ്ങിയത്. ബാബരി മസ്ജിദ് തകര്‍ത്തതിനെതിരെയും അഭൂതപൂര്‍വമായ ജനരോഷം രാജ്യത്ത് ഉയര്‍ന്നു. സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍,മാധ്യമങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി മഹാഭൂരിപക്ഷവും മുസ്‌ലിം സമൂഹത്തിന്റെ   വേദനയോടൊപ്പവും സംഘപരിവാറിനെതിരെയും നിലകൊണ്ടു.  സംഘപരിവാര്‍ അല്ലാത്തവരെല്ലാം മതനിരപേക്ഷതയുടെ വിശാല പ്ലാറ്റ്‌ഫോമില്‍ അണിനിരന്നു. ബാബരി നശീകരണം ഒരു മുസ്‌ലിം വിഷയമായല്ല, മതനിരപേക്ഷതയുടെ പ്രശ്‌നമായാണ് പൊതുസമൂഹം കണ്ടത് (ബാബരി മസ്ജിദിന്റെ പതനവും മതേതരത്വ പ്രതിസന്ധിയും-ഐപി.എച്ച് 1993). ഇതിന് സമാനമായൊരു സാഹചര്യം ഇന്ത്യാ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല. എന്നാല്‍, ഈ മതേതരമനസിനെ  ശക്തിപ്പെടുത്താനും ആരോഗ്യകരമായി മുന്നോട്ടു നയിക്കാനും പറ്റുന്ന വിധത്തിലുള്ള മുന്‍കൈകളും സാമൂഹിക ഇടപെടലുകളും മുസ്‌ലിം സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടായോ? ഗാന്ധിജിയുടെയും ബാബരിമസ്ജിദിന്റെയും രക്തസാക്ഷ്യം സൃഷ്ടിച്ച സാമൂഹിക അന്തരീക്ഷം വര്‍ഗീയ ഫഷിസത്തിനെതിരായ പോരാട്ടത്തിന് തുറന്നു തന്ന സാധ്യതകള്‍ സമര്‍ഥമായി ഉപയോഗിക്കുന്നതില്‍  മതേതരപക്ഷവും മുസ്‌ലിം സമൂഹവും വേണ്ടത്ര വിജയിച്ചുവോ?

ബാബരിയുടെ പതനവേളയില്‍ മുസ്‌ലിം സമൂഹത്തിന് ലഭിച്ച പിന്തുണ, മതനിരപേക്ഷതയെ ശക്തിപ്പെടുത്തുകയും സാമൂഹിക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുംവിധം തിരിച്ചുനല്‍കാന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? മതനിരപേക്ഷ മണ്ഡലവുമായുള്ള മുസ്‌ലിംകളുടെ ബന്ധം എത്രത്തോളം ഊഷ്മളവും സുദൃഢവുമാണ്? മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലോ, പരിപാടികളിലോ മറ്റോ സഹോദരസമുദായാംഗങ്ങളായ എഴുത്തുകാര്‍ക്കും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും വല്ലപ്പോഴും ഇടം നല്‍കുകയെന്ന പരിമിതാര്‍ഥത്തിലല്ല, സഹോദരസമുദായങ്ങള്‍ക്കു മുമ്പില്‍ സ്വന്തം വാതിലുകള്‍ തുറന്നുവെക്കുകയും പൊതുമണ്ഡലത്തിലേക്ക് ഒഴുകിപ്പരക്കുകയും ചെയ്യുകയെന്ന വിശാല അര്‍ഥത്തിലാണ് വിഷയത്തെ സമീപിക്കേണ്ടത്.

അതേസമയം, ഈ മതേതരപക്ഷത്തെ ഛിദ്രീകരിച്ച് ദുര്‍ബലമാക്കാനും സാമുദായിക ധ്രുവീകരണത്തിലൂടെ വര്‍ഗീയതയുടെ പക്ഷത്തേക്ക് ചേര്‍ക്കാനുമാണ് സംഘപരിവാര്‍ അതീവ ആസൂത്രിതമായി ശ്രമിച്ചുകൊണ്ടിരുന്നത്. രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളെയും മീഡിയയെയും പുതുതലമുറയെയും കൃത്യമായി ഉന്നം വെച്ച് അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു. അവര്‍ക്കൊരു ലക്ഷ്യമുണ്ടായിരുന്നു, അത് നേടാനുള്ള ആസൂത്രണവും. ആവഴിക്ക് ചിലനേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ സൂചനയാണ് സാമൂഹിക മണ്ഡലത്തിലുണ്ടായ മാറ്റങ്ങളും നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണവും.

ഇത്രയേറെ കൊണ്ടുപിടിച്ചു ശ്രമിച്ചിട്ടും മതനിരപേക്ഷമുന്നണിയിലെ ഭൂരിപക്ഷത്തെയും സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ഇന്നോളം സംഘപരിവാറിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ ഭൂരിപക്ഷം ജനതക്കും  സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തോടോ, അവരുയര്‍ത്തുന്ന ഹിന്ദുത്വ വാദത്തോടോ താല്‍പര്യമില്ല. അതുകൊണ്ടാണ് ബി.ജെ.പിക്ക് ലഭിച്ച വോട്ട് 31 ശതമാനത്തില്‍ ഒതുങ്ങിയത്. ഈ 31 ശതമാനത്തില്‍ തന്നെ  മന്‍മോഹന്‍ ഗവണ്‍മെന്റിനോടുള്ള അമര്‍ഷം രേഖപ്പെടത്തി വോട്ടു ചെയ്തവരാണ് 10-15% പേര്‍. ബാക്കി വരുന്നവരേ ഏതോ അര്‍ഥത്തില്‍ ബി.ജെ.പി ആശയങ്ങളെ പിന്തുണച്ചിട്ടുള്ളൂ. ഭരണം മാറുമെന്ന പ്രതീതി സൃഷ്ടിക്കപ്പെടുമ്പോള്‍ ജനങ്ങളില്‍ ഒരു വിഭാഗം ആ ഒഴുക്കിന്റെ ഭാഗമായിത്തീരും. അതൊരു സ്വാഭാവിക രാഷ്ട്രീയ പ്രക്രിയയാണ്. അതിനപ്പുറമുള്ള പ്രത്യയ ശാസ്ത്ര മാനങ്ങളൊന്നും അവരുടെ നിലപാടുകള്‍ക്കുണ്ടാകണം എന്നില്ല. അടുത്ത ഘട്ടത്തില്‍ അതിലേറെ വേഗത്തില്‍ അവര്‍ മാറി ചിന്തിക്കുകയും ചെയ്യും. കോണ്‍ഗ്രസ് ഭരണത്തിന്റെ ജനവിരുദ്ധത മാത്രമല്ല, ഇടതുപക്ഷം ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുടെ ദൗര്‍ബല്യങ്ങളും ശൈഥില്യവും ബി.ജെ.പിയുടെ വിജയത്തിന് വഴിയൊരുക്കിയിട്ടുണ്ട്. രാജ്യത്തെ ഭൂരിപക്ഷം സംഘപരിവാര്‍ ഹിന്ദുത്വത്തെ പുല്‍കിയിരുന്നെങ്കില്‍ 60-70 ശതമാനം വോട്ട് ബി.ജെ.പിക്ക് കിട്ടുമായിരുന്നു. ഈ വസ്തുതയെ നിസ്സാരവത്കരിച്ച്, ഭരണമാറ്റം ഉണ്ടാക്കിയേക്കാവുന്ന ആശങ്കകളും ഭീതികളും മാത്രം ഹൈലൈറ്റ് ചെയ്യുന്നത് ഗുണകരമാകില്ല. ബി.ജെ.പിക്ക് വോട്ടു ചെയ്ത 31 ശതമാനത്തെ കുറിച്ചല്ല, അവര്‍ക്കെതിരെ നിന്ന 69 ശതമാനത്തെ സംബന്ധിച്ചാണ്  നാം ചര്‍ച്ച ചെയ്യേണ്ടതെന്ന കവി സച്ചിദാനന്ദന്റെ നിരീക്ഷണം ഓര്‍ക്കുക (മാതൃഭൂമി വാരിക 2014 ആഗസ്റ്റ് 17-23). ഇത്തരം പോസിറ്റീവ് ചിന്തകളെ നെഗറ്റീവ് മനോഭാവം കൊണ്ട് നിറം കെടുത്താതിരിക്കുക.

സാമൂഹിക ഇടപഴകലുകള്‍

ഇന്ത്യയിലെ ബഹുമതസമൂഹവുമായി കൂടുതല്‍ തുറന്ന് ഇടപഴകുക, സ്‌നേഹമസൃണമായി സഹവര്‍ത്തിക്കുക, ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും അറിഞ്ഞ് അനുഭവിക്കാനാകുംവിധം ആശയ സംവാദങ്ങളില്‍ ഏര്‍പ്പെടുക ഇതൊക്കെ വര്‍ഗീയതയുടെ വളര്‍ച്ച തടയാനുള്ള വഴികളാണ്. സൃഷ്ടിച്ചുവെച്ച 'ശത്രു'വിനെകുറിച്ച് നിരന്തരം പ്രചരിപ്പിക്കുന്ന കള്ളങ്ങളാണ് ഫാഷിസത്തിന്റെ  ഇന്ധനം. മുസ്‌ലിം സമുദായത്തില്‍ നിന്ന് നല്ല അനുഭവങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍, പൊതു മനസ്സുകളില്‍ വര്‍ഗീയതയുടെ വിഷവിത്ത് നട്ടുവളര്‍ത്തുക അത്ര എളുപ്പമാകില്ല. അതിനാല്‍ സത്യപ്രകാശംകൊണ്ട് ഫാഷിസത്തിന്റെ  ഇരുട്ടകറ്റാന്‍ കഴിയും വിധമുള്ള തുറന്നുവെപ്പുകള്‍ അനിവാര്യമാണ്, ഇതാണ് പ്രാഥമിക ബാധ്യത.

രണ്ടാമതായി, രാജ്യനിവാസികള്‍ പൊതുവെ നേരിടുന്ന ഒട്ടനവധി ഗൗരവതരമായ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക പ്രശ്‌നങ്ങളുണ്ട്. ജനജീവിതത്തെ പ്രതിസന്ധിയിലാഴ്ത്തുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ ഇന്ത്യന്‍ ജനതയെന്ന നിലയില്‍ എല്ലാവര്‍ക്കും വേണ്ടി ഇടപെടുകയും പൊതുവേദികളില്‍ സജീവമാവുകയും ചെയ്യുകയെന്നത് പലവിധത്തില്‍ പ്രധാന്യമുള്ളതാണ്. മനുഷ്യര്‍ എന്ന നിലക്കും, രാജ്യത്തെ പൗരന്മാര്‍ എന്ന നിലക്കും നാം ഒന്നാണ് എന്ന ചിന്ത വളര്‍ത്തുകയും പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായി അത് പ്രതിഫലിപ്പിക്കുകയും ചെയ്യേണ്ടത് ഇസ്‌ലാമിക സമൂഹത്തിന്റെ വിശാല ബാധ്യതകളില്‍ പെടുന്നു. അത് ഖുര്‍ആനിക കല്‍പനയും പ്രവാചക മാതൃകയുമാണ്. എന്നാല്‍, ഈ രംഗത്ത് മുസ്‌ലിം സമൂഹത്തിന്റെ സമീപനം സമീപ ഭൂതകാലത്ത് ഒട്ടും ആശാവഹമായിരുന്നില്ല.പൊതുവേദികള്‍ സജീവമാക്കി പൊതു ഇടങ്ങളിലേക്ക് കയറി നില്‍ക്കുന്നതിനു പകരം, സ്വന്തം തുരുത്തുകളിലേക്ക്  ഉള്‍വലിയാനാണ് സമുദായം ശ്രമിച്ചത്. തുറന്ന ജനതയാകുന്നതിലേറെ അടഞ്ഞ സമുദായമാകുന്നതിന്റെ ലക്ഷണങ്ങളാണ് കാണാനുണ്ടായിരുന്നത്. ബഹുവിധ സേവന പ്രവര്‍ത്തനങ്ങള്‍, പ്രശ്‌ന പരിഹാര വേദികള്‍, നീതിനിഷേധത്തിനെതിരായ ഇടപെടലുകള്‍, അവകാശ പോരാട്ടങ്ങള്‍, സാംസ്‌കാരിക വേദികള്‍, വിദ്യാര്‍ത്ഥി-യുവജന-വനിതാ കൂട്ടായ്മകള്‍ തുടങ്ങിയവയിലെല്ലാം സാമുദായികതയുടെ കളം വരക്കുന്ന സമീപനം ഏതു മതവിഭാഗത്തില്‍ നിന്നുണ്ടായാലും മതനിരപേക്ഷതയെ പ്രതികൂലമായി ബാധിക്കും. മറ്റുള്ളവരുടെ നിലപാട് എന്തായിരുന്നാലും മുസ്‌ലിം സമൂഹം ഈ വിഷയത്തില്‍ മാതൃകാ സമീപനം സ്വീകരിക്കേണ്ടതുണ്ട്. പക്ഷേ, നിരാശാജനകമാണ് ഈ രംഗത്ത് സമുദായത്തിന്റെ നിലപാടുകള്‍. കേരളത്തില്‍ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് മാത്രമായിരുന്നു ഇതിന് അപവാദം. ഇന്ത്യന്‍ ജനതയുടെ പ്രശ്‌നങ്ങളിലേക്ക് മത-ജാതി-സമുദായ വിവേചനങ്ങളില്ലാതെ ഇറങ്ങിച്ചെല്ലാനുള്ള ധീരമായ തീരുമാനമായിരുന്നു സോളിഡാരിറ്റിയുടെ പിറവി. ഇന്ത്യയിലെ ഇസ്‌ലാമിക യുവതയില്‍ നിന്ന് കാലം ആവശ്യപ്പെട്ട ദൗത്യത്തിന്റെ സൗന്ദര്യാത്മക നിര്‍വഹണം. ബാബരിയനന്തര ഇന്ത്യയില്‍ അതിന്റെ ചരിത്ര പ്രാധാന്യം അടിവരയിടേണ്ടതുണ്ട്.

മത-സമുദായ വേര്‍തിരിവുകള്‍ക്കതീതമായി 'മനുഷ്യര്‍ക്ക്' വേണ്ടി പ്രവര്‍ത്തിക്കുകയെന്ന നിലപാടിലേക്ക് വികസിക്കാന്‍ ദേശീയ തലത്തില്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ സാമുദായിക ധ്രുവീകരണം ഇത്രമേല്‍ സൃഷ്ടിച്ചെടുക്കാന്‍ സംഘപരിവാറിന് കഴിയുമായിരുന്നില്ല. പൊതുപ്രശ്‌നങ്ങളില്‍ മതവ്യത്യാസമില്ലാത്ത വിശാലഭൂമിക രൂപപ്പെട്ടിരുന്നെങ്കില്‍, ജനപക്ഷത്തുള്ളവരും ജനവിരുദ്ധരും എന്നീ രണ്ടുവിഭാഗമായി സമൂഹം വേര്‍തിരിയുമായിരുന്നു. ഒരു ഭാഗത്ത് വര്‍ഗീയവാദികള്‍, മറുഭാഗത്ത് മാനവസൗഹാര്‍ദം ഉയര്‍ത്തിപ്പിടിക്കുന്നവര്‍. എന്നാല്‍ ദേശീയതലത്തില്‍ ഈ ദിശയിലുള്ള ചെറുചലനം പോലും മുസ്‌ലിം സമൂഹത്തില്‍നിന്ന് കാണാന്‍ കഴിയുന്നില്ല. കേരളീയ മുസ്‌ലിംകളില്‍ നിന്നാണ് ഈ മേഖലയില്‍ ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ ഉണ്ടാകേണ്ടിയിരുന്നത്. ഇസ്‌ലാമിക ചരിത്രത്തിലും കേരളത്തിലെ മുസ്‌ലിം പാരമ്പര്യത്തിലും ഇതിന് മികച്ച മാതൃകകള്‍ ഉണ്ട്താനും. എന്നാല്‍ സമീപകാലത്ത് മുസ്‌ലിം മതമണ്ഡലത്തില്‍ രൂപപ്പെട്ടുവന്ന ചര്‍ച്ചകള്‍ സാമൂഹിക ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ളതായിരുന്നു. മത-സാമുദായിക വിവേചനമില്ലാത്ത സേവനപ്രവര്‍ത്തനങ്ങളെയും മനുഷ്യാവകാശ പോരാട്ടങ്ങളെയും വിശ്വാസ-കര്‍മശാസ്ത്രപരമായി ചോദ്യം ചെയ്യാനാണ് പാരമ്പര്യ-പുരോഗമന മത വൃത്തങ്ങള്‍ തുനിഞ്ഞത്. ചിലഭാഗങ്ങളില്‍ അത് ഇപ്പോഴും തുടരുന്നുണ്ട്. ആദിവാസികള്‍, വികസനത്തിന്റെ ഇരകള്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ മതകീയമാനം ചോദ്യംചെയ്ത്, സോളിഡാരിറ്റിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചത് സങ്കുചിത സാമുദായിക മനസിനെകൂടി അടയാളപ്പെടുത്തുന്നുണ്ട്. 

മുസ്‌ലിംകളുടെ സാമൂഹിക പ്രതിനിധാനങ്ങള്‍ പലപ്പോഴും വികര്‍ഷണ സ്വഭാവമുള്ളതും തെറ്റിദ്ധാരണജനകവുമായിപ്പോകുന്നില്ലേ എന്നും പരിശോധിക്കേണ്ടതുണ്ട്. സമുദായത്തിലെ ആഭ്യന്തര ശൈഥില്യം, കക്ഷിവഴക്കുകള്‍, അതിന്റെ പേരിലുള്ള തെരുവ് കോലാഹലങ്ങള്‍, പ്രസംഗങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഉള്ളടക്കവും ഭാഷാശൈലിയും, മതനേതൃത്വത്തിന്റെ വിലകുറഞ്ഞ പ്രസ്താവനകള്‍, സാമൂഹികാവസ്ഥ പരിഗണിക്കാത്ത ഫത്‌വകള്‍...  അമുസ്‌ലിം ഭൂരിപക്ഷത്തിനു മുമ്പില്‍ മതത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം പ്രകടനങ്ങളെ  ആത്മവിമര്‍ശനപരായി വിശകലനം ചെയ്തു നോക്കുക. ഇതെല്ലാം, ഇസ്‌ലാമിന്റെ ഇമേജ് ഉയര്‍ത്തുന്നതോ, ജനങ്ങള്‍ക്ക് മുസ്‌ലിം സമൂഹത്തോട് മതിപ്പ് വര്‍ധിക്കുന്നതോ ആണോ? ദല്‍ഹി ഇമാം തന്റെ മകന്റെ സ്ഥാനാരോഹണ വേദിയിലേക്ക് പാകിസ്താന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചത്, പ്രവാചക നിന്ദയെന്ന പേരുപറഞ്ഞ് അധ്യാപകന്റെ കൈവെട്ടിയത്, മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ സിനിമകള്‍ക്കും സാഹിത്യ രചനകള്‍ക്കുമെതിരെ അനാരോഗ്യകരമായ തെരുവു ബഹളങ്ങള്‍ സൃഷ്ടിക്കുന്നത്..... ഇത്തരം സമീപനങ്ങള്‍ പ്രശ്‌നത്തിന്റെ മറ്റൊരു വശമാണ്. 'ഇസ്‌ലാമോഫോബിയ'ശരിയാണെന്ന് തോന്നിക്കും വിധത്തിലുള്ള തെറ്റായ സമീപനങ്ങള്‍ ചിലപ്പോഴെങ്കിലും സമുദായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ഇസ്‌ലാം-മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടും, ജനമനസില്‍ വര്‍ഗീയ വിദ്വേഷം കുത്തിവെച്ചും, സ്വയം സ്‌ഫോടനങ്ങള്‍ സംഘടിപ്പിച്ച് അവ നിരപരാധികളുടെ മേല്‍ കെട്ടിവെച്ച് 'ഭീകരവേട്ട' നടത്തിയും വര്‍ഗീയവത്കരണം ശക്തിപ്പെടുത്താന്‍ സംഘപരിവാര്‍ കിണഞ്ഞു ശ്രമിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് മുസ്‌ലിംകളില്‍ ചിലരുടെ അവിവേകം അതിന് പരോക്ഷ പിന്‍ബലം നല്‍കുന്നത്. തങ്ങള്‍ ജീവിക്കുന്ന സാമൂഹികാവസ്ഥയെയും ചുറ്റുപാടുകളെയും പലപ്പോഴും മുസ്‌ലിം സമൂഹം മറന്നുപോകുന്നുവെന്നതാണ് നേര്. 

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /77,78
എ.വൈ.ആര്‍