Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 26

ലോകത്തെ നടുക്കിയ കൂട്ടക്കൊല

അബൂസ്വാലിഹ

ലോകത്തെ നടുക്കിയ കൂട്ടക്കൊല

പെഷവാറിലെ സൈനിക സ്‌കൂളില്‍ അരങ്ങേറിയത് പാകിസ്താന്റെ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ കൂട്ടക്കൊല. ഇതെഴുതുമ്പോള്‍ മരിച്ചവരുടെ എണ്ണം 141. അതില്‍ 132 പേരും 12-നും 16-നും ഇടക്ക് പ്രായം വരുന്ന വിദ്യാര്‍ഥികള്‍. തഹ്‌രീകെ താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി) എന്ന പാക് താലിബാന്റെ ചാവേറുകളാണ് ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഈ കൊടുംപാതകം ചെയ്തത്. സൈന്യം ഉടനടി സ്‌കൂള്‍ വളയുകയും ഭീകരരെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തില്ലായിരുന്നെങ്കില്‍ മരണ സംഖ്യ ഇനിയും കൂടുമായിരുന്നു. 1,100 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പുറമെ അധ്യാപകരും മറ്റു ജീവനക്കാരും.

പാക് താലിബാന്റെ തിരിച്ചടി ഏത് നിമിഷവും സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതാണ്. അത് ഇത്ര മനുഷ്യത്വരഹിതമായ രീതിയിലായിരിക്കുമെന്ന് ആരും കരുതിയില്ല. പാക് താലിബാന്റെ തലതൊട്ടപ്പനായ അഫ്ഗാന്‍ താലിബാന്‍ പോലും ഈ നരനായാട്ട് അനിസ്‌ലാമികവും കാപാലികവുമാണെന്ന് സമ്മതിക്കുകയുണ്ടായി. പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് മുഴുവന്‍ പ്രതിപക്ഷ കക്ഷികളെയും പങ്കെടുപ്പിച്ച് പാക് താലിബാനെതിരെയുള്ള സൈനിക നീക്കത്തിന് സമവായം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. താലിബാനെതിരെ പൊതുജനരോഷം കത്തിയുയരുന്ന ഈ സന്ദര്‍ഭത്തില്‍ ഗവണ്‍മെന്റുമായി ഇടഞ്ഞ് നില്‍ക്കുന്ന ഇംറാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിക്കും ഈ യോജിച്ച മുന്നേറ്റത്തില്‍ ഭാഗഭാക്കാകേണ്ടി വരും.

കഴിഞ്ഞ ജൂണ്‍ മുതല്‍ക്കാണ് വസീറിസ്താനിലെ ഗോത്ര മേഖലയില്‍ പാക് താലിബാനെതിരെ സൈനിക നീക്കം ശക്തിപ്പെടുത്തിയത്. ഇതിനകം 1270 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതിലധികവും നിരപരാധികളായ സ്ത്രീകളും കുട്ടികളുമാണെന്നും, മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വേദന സൈനികര്‍ കൂടി  അനുഭവിക്കട്ടെ എന്ന് കരുതി തന്നെയാണ് സൈനിക സ്‌കൂള്‍ ആക്രമിച്ച് കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും പാക് താലിബാന്‍ ന്യായീകരിക്കുന്നു. ഇത്തരം കൊടുംക്രൂരതകള്‍ക്ക് പോലും ന്യായീകരണം ചമക്കുന്നത് താലിബാനെ കൂടുതല്‍ ഒറ്റപ്പെടുത്തുകയാണ്. ജനരോഷം മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ താലിബാനെതിരെയുള്ള സൈനിക നീക്കം കുറെകൂടി എളുപ്പവും കാര്യക്ഷമവുമാകും. വസീറിസ്താനിലെ സൈനിക ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് പോന്നിരുന്ന ഇംറാന്‍ ഖാന് തല്‍ക്കാലത്തേക്കെങ്കിലും നിശ്ശബ്ദനാകേണ്ടി വരും.

2007-ല്‍ രൂപവത്കരിക്കപ്പെട്ട പാക് താലിബാന് മുന്നോട്ടുള്ള പോക്ക് ഇനി ഒട്ടും എളുപ്പമായിരിക്കില്ല. എന്തൊക്കെ ന്യായീകരണങ്ങള്‍ ചമക്കുന്നുണ്ടെങ്കിലും, ദര്‍ബെ അസ്ബ് എന്ന സൈനിക ഓപ്പറേഷനെതിരെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് എന്തെങ്കിലുമൊക്കെ ചെയ്യുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ മിലിട്ടറി സ്‌കൂള്‍ ലക്ഷ്യമിട്ടത്. അത് ഈ ഭീകരസംഘടനയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തു. 

രാഷ്ട്രീയ അജണ്ടകള്‍ പുതുക്കി 
പാക് ജമാഅത്തിന്റെ ദേശീയ സമ്മേളനം

ഴിഞ്ഞ നവംബര്‍ 21 മുതല്‍ 23 വരെ ലാഹോറിലെ മിനാരെ പാകിസ്താനില്‍ ചേര്‍ന്ന പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ത്രിദിന ദേശീയ സമ്മേളനം പൊതുജനങ്ങളിലേക്കിറങ്ങാനും അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും ആഹ്വാനം നല്‍കിക്കൊണ്ടാണ് അവസാനിച്ചത്. മധ്യവയസ്‌കനും രണ്ട് തവണ ഖൈബര്‍-പക്തൂണ്‍ഖ്വാ പ്രവിശ്യയുടെ ധനകാര്യമന്ത്രിയുമായിരുന്ന സിറാജുല്‍ ഹഖ് പാക് ജമാഅത്തിന്റെ അധ്യക്ഷ പദവി ഏറ്റെടുത്തത് മുതല്‍ സംഘടനക്ക് പുതുജീവന്‍ കിട്ടിയതു പോലെയാണ്. പുതിയൊരു ദൗത്യത്തിന് സംഘടനയെ ഒരുക്കുന്നതിന്റെ ആദ്യ പടിയായി വേണം സമ്മേളനത്തെ കാണാന്‍. സമ്മേളന പ്രചാരണത്തിന് സമാന്തരമായി സംഘടനയുടെ കഴിഞ്ഞകാല രാഷ്ട്രീയ നിലപാടുകളും ചര്‍ച്ചാവിഷയമായി. മൂന്ന് തരം നിലപാടുകളാണ് സംഘടന കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ചിരുന്നത്. ഒന്ന്, സമാനമനസ്‌കരായ എല്ലാ വിഭാഗങ്ങളെയും പൊതുപ്രശ്‌നങ്ങളില്‍ ഒന്നിപ്പിക്കുക. പാകിസ്താന്‍ ഖൗമി ഇത്തിഹാദ്, ഇസ്‌ലാമി ജംഹൂരി ഇത്തിഹാദ്, പാകിസ്താന്‍ ഇസ്‌ലാമിക് ഫ്രന്റ് എന്നീ രാഷ്ട്രീയ പരീക്ഷണങ്ങള്‍ ഇതിന്റെ ഭാഗമാണ്. രണ്ട്, മതസംഘടനകളെ ഒരേ വേദിയില്‍ കൊണ്ടുവരിക. ഒരു കാലത്ത് വളരെ പ്രതീക്ഷയുണര്‍ത്തിയ മുത്തഹിദ മജ്‌ലിസെ അമല്‍ (എം.എം.എ) ഉദാഹരണം. മൂന്ന്, സ്വന്തം അസ്തിത്വവും വ്യക്തിത്വവും നിലനിര്‍ത്തിക്കൊണ്ട് ഒറ്റക്ക് നില്‍ക്കുക.

സ്ഥാനമൊഴിഞ്ഞ അധ്യക്ഷന്‍ സയ്യിദ് മുനവ്വര്‍ ഹസന്റെ നിലപാട് സംഘടന ഒറ്റക്ക് നില്‍ക്കണം എന്നതായിരുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ആ നിലപാട് സംഘടനക്ക് രാഷ്ട്രീയമായി വലിയ ക്ഷീണമുണ്ടാക്കി എന്നാണ് വിലയിരുത്തല്‍. മതസംഘടനകളെ മാത്രമായി കൂട്ടുപിടിച്ചതും സംഘടനക്ക് പേരുദോഷമാണുണ്ടാക്കിയത്. മുത്തഹിദ മജ്‌ലിസെ അമലിന്റെ ബാനറില്‍ ജംഇയ്യത്തുല്‍ ഉലമായെ നേതാവ് ഫസ്‌ലുര്‍റഹ്മാന്‍ കൈക്കൊണ്ട അവസരവാദ നിലപാടുകള്‍ ജമാഅത്തിന്റെ പ്രതിഛായക്ക് മങ്ങലേല്‍പിച്ചതായും വിലയിരുത്തപ്പെട്ടു. അതുകൊണ്ടാണ് എം.എം.എ പുനരുജ്ജീവിപ്പിക്കാന്‍ ഫസ്‌ലുര്‍റഹ്മാന്‍ മുന്നിട്ടിറങ്ങിയിട്ടും ജമാഅത്ത് താല്‍പര്യമെടുക്കാതിരുന്നത്. പ്രായോഗിക രാഷ്ട്രീയത്തില്‍ നല്ല അനുഭവ പരിചയമുള്ള സിറാജുല്‍ഹഖിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ രൂപപ്പെട്ടു കൂടായ്കയില്ല.

സമ്മേളനത്തിന്റെ ആദ്യ ദിവസം 'ജനങ്ങളുടെ അജണ്ട' എന്ന പേരില്‍ ഒരു പത്രിക പുറത്തിറക്കിയിരുന്നു. അഴിമതി, യുവാക്കളുടെ തൊഴിലില്ലായ്മ, ലോഡ്‌ഷെഡ്ഡിംഗ് തുടങ്ങിയ മുഖ്യപ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളിലേക്കിറങ്ങുമെന്നാണ് അത് നല്‍കുന്ന സൂചന. സിറാജുല്‍ ഹഖ് നടത്തിയ ഒരു പ്രഭാഷണത്തില്‍, ഭൂമി മുഴുവന്‍ ഏതാനും ഭൂപ്രഭുക്കള്‍ കൈയടക്കി വെച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുഗളന്മാരുടെ കാലത്തോ മറ്റോ പതിച്ചുനല്‍കിയ ഭൂമി ഫ്യൂഡല്‍ പ്രഭുക്കള്‍ ഇപ്പോഴും കൈവശം വെച്ചുകൊണ്ടിരിക്കുകയാണെന്നും അതിനെതിരെ പ്രക്ഷോഭം നയിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭൂപരിഷ്‌കരണം എന്ന ദുഷ്‌കരമായ ദൗത്യം ഏറ്റെടുക്കാന്‍ സംഘടന തയാറാവുമെങ്കില്‍ അത് നല്ല രാഷ്ട്രീയ മൈലേജുണ്ടാക്കുമെന്ന് കരുതാന്‍ ന്യായമുണ്ട്.

പാകിസ്താനിലെ ക്രിസ്ത്യന്‍, സിഖ്, ഹിന്ദു ന്യൂനപക്ഷ സമുദായങ്ങളിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ നിന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരിയും തസ്വ്‌നീഫി അക്കാദമി സെക്രട്ടറി ഡോ. റദിയുല്‍ഇസ്‌ലാം നദ്‌വിയും സന്നിഹിതരായിരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /77,78
എ.വൈ.ആര്‍