Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 26

കരള്‍ നുറുക്കും കഥയും കവിതയും

നാസര്‍ കാരക്കാട്

കരള്‍ നുറുക്കും കഥയും കവിതയും 

ക്കം 2879-ല്‍ കാരക്കമണ്ഡപം മുഹമ്മദ് ഇല്‍യാസ് എഴുതിയ 'വിചാരണാ തടവുകാരന്‍' എന്ന കഥ ഫ്യൂഡല്‍ വരേണ്യ ബോധം സമൂഹത്തിലുണ്ടാക്കിയ മാനസികാവസ്ഥയെ വസ്തുനിഷ്ഠമായി തുറന്നു കാട്ടുന്നുണ്ട്.

1989 കാലത്ത് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ പഴയ ഇരുമ്പ് (ആക്രി) കച്ചവടം ചെയ്യവെ കടയില്‍ നിന്ന് കുറേ സാധനങ്ങള്‍ കളവ് പോയപ്പോള്‍ പോലീസില്‍ പരാതി നല്‍കി. 'നിങ്ങള്‍ക്ക് ആരെയെങ്കിലും സംശയമുണ്ടോ' എന്ന് പോലീസ് ചോദിച്ചപ്പോള്‍, പഴയ സാധനങ്ങള്‍ പെറുക്കി നടന്ന് കടയില്‍ കൊണ്ട് തന്നിരുന്ന തമിഴനായ, കാലില്‍ ചെരുപ്പ് പോലും ധരിക്കാത്ത പാവം പരമേട്ടനെയാണ് ഞങ്ങള്‍ സംശയിച്ചത്. ഉടനെ തന്നെ പോലീസ് അദ്ദേഹത്തെ പിടികൂടി കണക്കിന് കൈകാര്യം  ചെയ്തു. ചെരുപ്പിടാത്ത കാല്‍ വെള്ളയില്‍ ലാത്തികൊണ്ട് ഒരുപാട് അടിച്ചത്രേ. 

ഒരു ദിവസം മുഴുവന്‍ ലോക്കപ്പിലിട്ടു, പിന്നെ വിട്ടയച്ചു. അവസാനം കുറ്റവാളികളെ പിടികൂടിയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള നാട്ടിലെ വി.ഐ.പികളുടെ പ്രീഡിഗ്രി ക്കാരായ മക്കളായിരുന്നു പ്രതികള്‍.

രണ്ട് ദിവസം കഴിഞ്ഞ് നടക്കാറായപ്പോള്‍ പരമേട്ടന്‍ കടയില്‍ വന്ന് കണ്ണുനീരും പുഞ്ചിരിയും നിറച്ച് 'നീങ്ക നമക്ക് സോര്‍ കുട്ക്ക്‌റവങ്ക, ഉങ്കകിട്ടെ അപ്പിടിയെല്ലാം സെയ്യമാട്ടാങ്കെ' എന്ന് പറഞ്ഞത് മനസ്സില്‍ മായാതെ നില്‍ക്കുന്നു. കഥ വായിച്ചപ്പോള്‍ ആ സംഭവം വീണ്ടും ഓര്‍ത്തുപോയി.

സ്വലാഹുദ്ദീന്‍ ചൂനൂരിന്റെ 'ഉമ്മയില്ലാത്ത വീട്' എന്ന കവിതയും ലുബൈബ ഷെബിന്‍ അലി കോക്കൂരിന്റെ 'ഖബ്ര്‍' എന്ന കവിതയും കരള്‍ നുറുക്കും വേദന സമ്മാനിക്കുന്നവയായിരുന്നു.

നാസര്‍ കാരക്കാട്

നമസ്‌കാരം - ആത്മവിശുദ്ധിക്കുള്ള ഒറ്റമൂലി 

ബി(സ)യുടെ വാക്കുകളില്‍ തണുപ്പും ആശ്വാസവും തെളിനീര്‍ സ്‌നാനവും ആകാശാരോഹണവും ദൈവത്തോടുള്ള സ്‌നേഹ സംവാദവുമൊക്കെയാവേണ്ടുന്ന നമസ്‌കാരമെന്ന മഹത്തായ പ്രാര്‍ഥന എന്തുകൊണ്ടാണ് സമുദായത്തിന് ഒരു ഭാരമായി ചുരുങ്ങിയതെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു പ്രബോധനം 2876-ല്‍ മുഹമ്മദ് ശമീം എഴുതിയ ലേഖനം 'മതം: തത്ത്വവും അനുഷ്ഠാനവും.'

ലേഖകന്‍ സൂചിപ്പിക്കുന്ന നമസ്‌കാരത്തിന്റെ മൂന്ന് 'അടരുകളി'ല്‍ ആദ്യത്തേതില്‍ മാത്രമാണ് നാം അഭിരമിക്കുന്നത്. അതുകൊണ്ടു കൂടിയാണ് നമസ്‌കാരത്തിന്റെ മധുരം ലഭിക്കാത്തത്. 'ബിലാലേ നമുക്കാശ്വാസം പകരൂ' എന്ന പ്രവാചകന്റെ വചനാമൃതം മാത്രം മതിയല്ലോ തിരുദൂതര്‍ അഞ്ചു നേരത്തെ പ്രാര്‍ഥനകളില്‍ എന്തുമാത്രം സ്വാസ്ഥ്യം അനുഭവിച്ചിരുന്നുവെന്നറിയാന്‍!

ആത്മവിശുദ്ധിക്കുള്ള 'ഒറ്റമൂലി'യായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ നമസ്‌കാരത്തെ പരിചയപ്പെടുത്തുന്നത് (അല്‍ അന്‍കബൂത്ത് 45). അതുകൊണ്ടുതന്നെ 'ഇഹ്ദിനസ്വിറാത്തല്‍ മുസ്തഖീം' എന്നുരുവിടുമ്പോള്‍, 'ജീവിതത്തെ മലിനപ്പെടുത്തുന്ന മുഴുവന്‍ തിന്മകളില്‍ നിന്നും (ഫഹ്ശാഅ്, മുന്‍കര്‍) ഞങ്ങളെ മോചിപ്പിക്കണമേ നാഥാ' എന്ന ആത്മാവിന്റെ നിലവിളിയാണ് മനസ്സില്‍ വരേണ്ടത്. ലേഖകന്‍ സൂചിപ്പിച്ച നമസ്‌കാരത്തിന്റെ രണ്ടാമത്തെ പാളിയുടെ മധുരവും കുളിരും ലഭിക്കാന്‍ അത് ഏറെ സഹായകമാവും. അഞ്ചു നേര നിര്‍ബന്ധ പ്രാര്‍ഥനയുടെ ഈ രണ്ടാമത്തെ അകം നാം തുറക്കുന്നേയില്ല. അത് സാക്ഷയിട്ടു വെച്ചതിനാലാണ് സാമൂഹിക സദാചാരത്തിന്റെ മൂന്നാമത്തെ തലത്തിലേക്കും നമുക്ക് പ്രവേശനം തടയപ്പെടുന്നത് (പണ്ഡിത സുഹൃത്ത് പറഞ്ഞതുപോലെ നമസ്‌കാരമെന്ന 'ഇബാദത്തി'നെ 'ആദത്താ'ക്കി മാറ്റിയതിന്റെ അനിവാര്യ ദുരന്തം).

'ഫലാ സ്വദ്ദഖ വലാ സ്വല്ലാ' എന്ന ഖുര്‍ആനിക വാക്യത്തിന്റെ ചാര്‍ച്ച ശമീം അനാവരണം ചെയ്തത് ചിന്തനീയമാണ്. ഇവ്വിധം പുനര്‍വായന ആവശ്യപ്പെടുന്ന ഒട്ടേറെ പദപ്രയോഗങ്ങള്‍ നമസ്‌കാരവുമായി ചേര്‍ത്തുതന്നെ വിശുദ്ധ ഖുര്‍ആന്‍ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് സൂറ ജിന്ന് 19-ാം സൂക്തത്തില്‍ നമസ്‌കാരത്തെ പ്രാര്‍ഥന (ദുആ) എന്നുതന്നെയാണ് അല്ലാഹു വിളിച്ചത്. എന്നാല്‍ സമുദായത്തിന് നമസ്‌കാരം ഇന്നും ഒരു പ്രാര്‍ഥനയല്ല... പ്രാര്‍ഥനയെന്നാല്‍ നമസ്‌കാരാനന്തരം നിര്‍വഹിക്കുന്ന മറ്റു ചില ചടങ്ങുകളാണ്! 

ജമാല്‍ കടന്നപ്പള്ളി

സോളിഡാരിറ്റിക്ക് മുന്നിലെ  
ദീര്‍ഘ ദൂരങ്ങള്‍

പൗരാവകാശത്തെക്കുറിച്ചുള്ള ലക്കം (2878)വായിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന നയസമീപനമാണ് സോളിഡാരിറ്റി സ്വീകരിച്ചിരിക്കുന്നത്. സമകാലിക സംഭവങ്ങളെ പല സംഘടനകളും പലതരത്തില്‍ വ്യാഖ്യാനിക്കുമ്പോഴും സോളിഡാരിറ്റി ജനകീയമായ കാഴ്ചപ്പാടുകളിലൂടെ മുഖം നോക്കാതെ പ്രവര്‍ത്തന സജ്ജമാകുന്നത് മറ്റു സംഘടനകള്‍ക്കു കൂടി ഉത്തേജനമാകുന്നുണ്ട്.

ജനാധിപത്യത്തിന്റെ യഥാര്‍ഥ ചിത്രം എന്താണ്? ജനങ്ങളാല്‍ സമ്പന്നമായ ഒരു ഭരണസംവിധാനത്തിന്റെ മൂര്‍ത്തീഭാവമാണിത്. എന്നാല്‍ രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സോളിഡാരിറ്റി പോലുള്ള സംഘടനകള്‍ക്ക് കഴിയുകയുമില്ല. ഫാഷിസം നാടിനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാന്‍ ഒരു സംഘടനക്കും കഴിയില്ല. സോളിഡാരിറ്റിക്ക് ബഹുദൂരം സഞ്ചരിക്കാനുണ്ട്. ഒരു വീണ്ടുവിചാരത്തിന്റെ പാത സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകട്ടെ.

ആചാരി തിരുവത്ര, ചാവക്കാട്

ആരുടെയെല്ലാം വിലാസത്തിലാണ് അരാഷ്ട്രീയത അരങ്ങേറുന്നത്

ചുംബനം സ്‌നേഹപ്രകടനത്തിന്റെ ഒരു രീതിയാണ്. അത് നിര്‍വഹിക്കുന്ന ആളും അതിന്റെ സമയവും മനോഭാവവും അനുസരിച്ച് അര്‍ഥവും ഭാവവും മാറും; അമ്മയും കുഞ്ഞും, കാമുകനും കാമുകിയും തമ്മിലുള്ള ചുംബനം വ്യത്യസ്തമാകുന്നത് പോലെ. ചുംബനാവകാശം നിഷേധിക്കപ്പെടുന്നു എന്ന വ്യാജ പ്രതീതി സൃഷ്ടിക്കപ്പെടുകയും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അതേറ്റു പിടിക്കുകയും ചെയ്യുമ്പോള്‍ ഇത്തരം സമരങ്ങള്‍ വന്‍ കവറേജ് നേടുന്നു. നാലു വയസ്സുകാരി പീഡിപ്പിക്കപ്പെടുകയും രണ്ടര വയസ്സുകാരി വില്‍ക്കപ്പെടുകയും ചെയ്യുന്ന കേരളത്തിന്റെ വര്‍ത്തമാന സാമൂഹിക സാഹചര്യത്തെ ശരിയായി വിലയിരുത്തുകയും സക്രിയമായി പ്രതികരിക്കുകയും ചെയ്യാതെ, ചുംബിക്കാന്‍ കൂര്‍പ്പിച്ച ചുണ്ടുകളുമായി എത്തിയവര്‍ ആരെയാണ് പ്രതിനിധീകരിക്കുന്നത്? സ്ത്രീക്ക് മൂത്രമൊഴിക്കാന്‍ മാന്യമായ ഇടം വേണമെന്ന് ആവശ്യപ്പെട്ട് അവകാശ സമരം അരങ്ങേറിയ നാട്ടില്‍ ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളെ മാറ്റിനിര്‍ത്തി പകരം വ്യാജ പ്രശ്‌നങ്ങളെ മുഖ്യ പ്രശ്‌നമായി മാറ്റുന്ന അരാഷ്ട്രീയതയുടെ അരങ്ങേറ്റമാണിത്. ന്യൂജനറേഷന്‍ സ്വയം വില്‍പനച്ചരക്കായി മാറ്റപ്പെടുന്ന ആഗോളീകരണ കാലത്തിന്റെ കെട്ടുകാഴ്ചകളാണ് ഇതിലൂടെ പുറത്തുവരുന്നത്.

പുകവലിക്കാനും മദ്യപിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പൊതുസ്ഥലത്ത് മദ്യപിക്കാനോ പുകവലിക്കാനോ അവകാശമില്ലാത്തതുപോലെ, ചുംബിക്കാനും ഇണചേരാനും പൊതുസ്ഥലം തേടുന്നവര്‍ അവരുടെ സ്വകാര്യ ഇടങ്ങളില്‍ എന്താണ് ചെയ്യുന്നത് എന്നുകൂടി വ്യക്തമാക്കണം.

എന്‍.പി അബ്ദുല്‍ കരീം ചേന്ദമംഗല്ലൂര്‍

ഹുസ്‌നി മുബാറക്കിന് മാധ്യമങ്ങളുടെ മദ്ഹ്

നകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്തിലെ ഏകാധിപതി ഹുസ്‌നി മുബാറക്കിനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിച്ചുയരുകയാണ്.

കോടതി നടപടിക്കെതിരെ ഉയര്‍ന്ന പ്രതിഷേധം പത്രമാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 'മുബാറക്കിന്റെ കുറ്റവിമുക്തി: ഈജിപ്തില്‍ പ്രതിഷേധം വ്യാപകം' എന്ന ശീര്‍ഷകത്തില്‍ സംഭവം റിപ്പോര്‍ട്ട്‌ചെയ്ത മാതൃഭൂമി (1-12-2014) 'ജനകീയ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത മുന്‍ ഏകാധിപതി' എന്നാണ് മുബാറക്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 'രാജ്യമൊട്ടാകെ ഉയര്‍ന്ന പ്രക്ഷോഭം അടിച്ചമര്‍ത്താനാവാതെ മുബാറക് സ്ഥാനമൊഴിയുമ്പോഴേക്കും രാജ്യത്താകെ 800-ല്‍ പരം പേര്‍ മരിച്ചുവീണിരുന്നു'വെന്നും മാതൃഭൂമി ചൂണ്ടിക്കാണിക്കുന്നു. ദേശാഭിമാനി കോടതി വിധി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, മുബാറക്കിനെ ഏകാധിപതി എന്ന് വിശേഷിപ്പിക്കാന്‍ പോലും സന്നദ്ധമായില്ല. മുബാറക്കിനെ വെറുതെ വിട്ട നടപടിക്കെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയ വാര്‍ത്തക്ക് അശേഷം പ്രാധാന്യം കൊടുക്കാതെ 'ഒരു തെറ്റും ചെയ്തിട്ടില്ല' എന്ന മുബാറക്കിന്റെ പ്രസ്താവനയാണ് ദേശാഭിമാനി മുഖ്യ തലക്കെട്ടാക്കിയത്. 'മുബാറക്കിനെ കുറ്റവിമുക്തനാക്കിയതില്‍ ഈജിപ്തിലെങ്ങും ആഹ്ലാദം' എന്നാണ് ദേശാഭിമാനിയിലെ മുഖ്യ വാര്‍ത്ത.

'ലോകത്തെവിടെയുമുള്ള ഏകാധിപത്യവിരുദ്ധ ശക്തികളെ പിന്തുണക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ മുന്നണിക്ക് മാത്രമേ അര്‍ഹതയുള്ളൂ'വെന്ന് അവകാശവാദമുന്നയിക്കുന്നവര്‍ (മാധവന്‍ കുട്ടി, ദേശാഭിമാനി 3-2-2011) ഇവിടെ, ഏകാധിപതികളെ വെറുതെ വിടുന്നവരുടെ കൂടെ നില്‍ക്കുന്ന കാപട്യമാണ് നാം കാണുന്നത്.

ഈജിപ്തില്‍ കോടതി വിധിക്കെതിരെ, അവിടത്തെ പ്രതിപക്ഷ, ഇടത് സംഘടനകള്‍ രംഗത്ത് വരികയും ഭരണകൂടം കോടതികളില്‍ ഇടപെടുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിട്ടും ഇവിടെ ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാട് എന്താണ്?

'സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സ്വേഛാധിപതികള്‍ക്ക് പകരം ഇസ്‌ലാമിക മൗലികവാദ ചിന്തകര്‍ക്ക് മുന്‍തൂക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഈജിപ്തില്‍ അധികാരത്തില്‍ വന്നത്' എന്നാണ് അവര്‍ പറയുന്ന പ്രത്യയശാസ്ത്ര ന്യായം.

റഹ്മാന്‍ മധുരക്കുഴി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /77,78
എ.വൈ.ആര്‍