Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 16

ഗീതയും ഖുര്‍ആനും

സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

മതമില്ലാത്ത ജീവന്‍ മൃഗമാണ്‌; നരിയേയും നായയേയും നരച്ചീറിനേയും പശുവിനേയും ഒക്കെ ഓര്‍മിപ്പിക്കുന്ന മൃഗം. മേല്‍പ്പറഞ്ഞവക്കെല്ലാം ജീവനുണ്ടെങ്കിലും മതമില്ല. എന്നാല്‍, ജീവന്‍ മനുഷ്യനിലെത്തുമ്പോള്‍ അതു മതമുള്ളതായിത്തീരുന്നു. കാരണം, സകല മതങ്ങളും മനുഷ്യനോടുകൂടി ആവിര്‍ഭവിച്ചവയാണ്‌; നിലനില്‍ക്കുന്നവയുമാണ്‌. മനുഷ്യനില്ലെങ്കില്‍ ഭൂമിയില്‍ ഒരു മതവും ഉണ്ടായിരിക്കില്ല. ഇതു ചരിത്രപരവും നരവംശവിജ്ഞാനീയപരവും മനഃശാസ്‌ത്രപരവുമായൊരു യാഥാര്‍ഥ്യമാണ്‌. അതുകൊണ്ടുതന്നെ മനുഷ്യനു നല്‍കാവുന്ന ഏറ്റവും പ്രാഥമികമായൊരു നിര്‍വചനം ഭൂമിയില്‍ മതമുള്ള ജീവനാണു മനുഷ്യന്‍ എന്നതാകുന്നു. ഭൂമിയില്‍ മനുഷ്യര്‍ക്കിടയില്‍ പലഭാഷകള്‍ നിലവിലുണ്ട്‌; ഇതുപോലെ പല മതങ്ങളും നിലവിലുണ്ട്‌. ലോകത്ത്‌ ഒരേയൊരു ഭാഷയേ ഉണ്ടാകാവൂ എന്നു ആരെങ്കിലും വാശിപിടിച്ചാല്‍ സാമാന്യബോധമുള്ള ഏതൊരാളും അയാളോടു വിയോജിക്കും. ലോകത്തുള്ള മനുഷ്യരെല്ലാം സംസ്‌കൃതം അല്ലെങ്കില്‍ അറബി അല്ലെങ്കില്‍ ഇംഗ്ലീഷ്‌ മാത്രം സംസാരിക്കുന്ന ഒരു കാലം ആരു വിചാരിച്ചാലും ഉണ്ടാവില്ല. അതിനാല്‍ ഏകഭാഷാവാദം അപ്രായോഗികമാണ്‌. ഇതുപോലെ ഏകമതവാദവും അപ്രായോഗികമാണ്‌. ലോകത്ത്‌ സകലമനുഷ്യരും ഒരൊറ്റ മതവിശ്വാസത്തെ പിന്‍പറ്റുന്ന ഒരു കാലം എന്തായാലും ഉണ്ടാവില്ല. അതിനാല്‍ മതങ്ങള്‍ തമ്മില്‍ തമ്മില്‍ ബഹുമാനത്തോടെ ഇടപഴകുന്ന സഹവര്‍ത്തിത്വാന്തരീക്ഷം എല്ലാ മതങ്ങളുടേയും വിശ്വാസികളുടേയും നല്ല നില്‍പിന്‌ അത്യന്താപേക്ഷിതമാണ്‌. അപ്രായോഗികമായ ഏകതാവാദം അപകടകരമാണ്‌. അല്ലാത്തപക്ഷം കാവിഭീകരതയും താലിബാനിസവും ഫാസിസവും സ്റ്റാലിനിസവും ഒക്കെ ലോകം കണ്ട ഏറ്റവും മഹത്തരമായ പ്രവണതകളാണെന്നു പറയേണ്ടിവരും; ഏകാധിപത്യമാണ്‌ ഒരേയൊരു ശരി എന്നു പറയേണ്ടിവരും. ദൈവം ഒന്നേയുള്ളൂ എന്നതിനാല്‍ ഒരു മതമേ വേണ്ടതുള്ളൂ എന്നു കരുതുന്നവരുണ്ട്‌. പക്ഷേ, അത്തരം ധാരണ ഒരു മതഭ്രാന്തനായ മനുഷ്യന്റെ ധാരണ മാത്രമാണ്‌; ദൈവത്തിന്റേതായിരിക്കാന്‍ ഇടയില്ല. എന്തെന്നാല്‍ സര്‍വശക്തനും സര്‍വജ്ഞനും യുക്തിമാനും കരുണാനിധിയുമായ ദൈവം ഭൂമിക്ക്‌ ഒരൊറ്റ സൂര്യന്‍ എന്നതുപോലെ ഭൂമിയിലെ മനുഷ്യര്‍ക്ക്‌ ഒരൊറ്റഭാഷയും ഒരൊറ്റമതവും മതി എന്നു നിശ്ചയിച്ചിരുന്നെങ്കില്‍ പല മതങ്ങളും പല ഭാഷകളും ഉണ്ടാവുകയില്ലായിരുന്നു. അതിനാല്‍ പല മതങ്ങളും പല ഭാഷകളും ദൈവേഛകൊണ്ടു സംഭവിച്ചവയാണ്‌ എന്നു കരുതണം. മറ്റെന്തിലുമുപരി ദൈവേഛയെ മാനിക്കേണ്ടുന്നവനാണ്‌ വിശ്വാസി. അതിനാല്‍ യഥാര്‍ഥവിശ്വാസി ഒരിക്കലും ലോകത്ത്‌ ഒരുമതം മതി, അതു എന്റെ മതമായിരിക്കണം എന്ന ദുര്‍വാശിക്ക്‌ വിധേയനാവില്ല. `നിനക്ക്‌ അവതരിച്ചു കിട്ടിയതിനെ മാനിക്കുക' എന്നു മാത്രമല്ല `നിനക്ക്‌ മുമ്പ്‌ അവതരിപ്പിക്കപ്പെട്ട വേദങ്ങളേയും മാനിക്കുക' എന്നുകൂടി നബിയോടു അല്ലാഹു ഖുര്‍ആനില്‍ പ്രബോധിപ്പിക്കുന്നുണ്ടെന്നതു പരിഗണിക്കുമ്പോള്‍ `ഒരേയൊരു മതംമാത്രം ശരി' എന്ന മതഭ്രാന്തിന്റെ പിടിവാശി ഖുര്‍ആനികമല്ലെന്നു വ്യക്തമാവും. ``യോമാം പശ്യതി സര്‍വ്വത്ര സര്‍വ്വം ചമയിപശ്യത തസ്യാഹം ന പ്രണശ്യാമി സചമേന പ്രണശ്യതി'' എന്ന ഭഗവദ്‌ഗീതയിലെ നാലാം അധ്യായത്തിലെ 30-ാം ശ്ലോകത്തിന്റെ താല്‍പര്യം ഇതാണ.്‌ ``ആര്‍ എല്ലാറ്റിലും എന്നെയും എല്ലാം എന്നിലും കാണുന്നുവോ അവന്‌ ഞാനോ എനിക്ക്‌ അവനോ ഒരിക്കലും നഷ്‌ടപ്പെടുകയില്ല''. ഇങ്ങനെ എല്ലാറ്റിലും ഭഗവാനെ കാണുന്ന യഥാര്‍ഥവിശ്വാസിക്ക്‌ എന്റെ മതം വിശുദ്ധം അന്യരുടെ മതം അവിശുദ്ധം എന്നു ചിന്തിക്കാനോ പറയാനോ പ്രവര്‍ത്തിക്കാനോ കഴിയില്ല.' `പ്രപഞ്ചസ്രഷ്‌ടാവായ ദൈവം ഒന്നേയുള്ളൂ' എന്നതിനര്‍ഥം പ്രപഞ്ചം ഒരേപോലെയാണെന്നല്ല. പ്രപഞ്ചം വൈവിധ്യബഹുലമാണ്‌; അതിനാല്‍ പ്രപഞ്ചനാഥനായ ദൈവം വൈവിധ്യങ്ങളുടെ ഏകനായ പടച്ചതമ്പുരാനാണ്‌. വൈവിധ്യങ്ങളുടെ പടച്ചതമ്പുരാനായി ദൈവത്തെ വണങ്ങുന്ന, ഒരാള്‍ക്കേ പല ഭാഷകളും പല മതങ്ങളും പലരുചികളും നിറഞ്ഞ വിശ്വപ്രകൃതിയില്‍, വൈവിധ്യങ്ങളെ മാനിച്ചുകൊണ്ടു ജീവിക്കാനുള്ള സഹിഷ്‌ണുതയും ജനാധിപത്യബോധവും ഉണ്ടായിരിക്കൂ. ഒരുപക്ഷേ, അത്തരം സഹിഷ്‌ണുതയുടെ ജനാധിപത്യം ഏറ്റവും കൂടുതല്‍ ഉണ്ടാവേണ്ട ഒരു രാജ്യമാണ്‌ ഇന്ത്യ. എന്തെന്നാല്‍ കാലാവസ്ഥ, കാര്‍ഷികവിളകള്‍, ഭക്ഷണം, ഭാഷ, മതം എന്നീ സര്‍വത്ര മേഖലകളിലും അത്രമേല്‍ വൈവിധ്യം ഇന്ത്യയിലുണ്ട്‌. അതുകൊണ്ടാണ്‌ മതമൈത്രി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പിന്‌ അങ്ങേയറ്റം അത്യന്താപേക്ഷിതമാണെന്നു പരക്കെ അഭിപ്രായം ഉയര്‍ന്നു വന്നിട്ടുള്ളത്‌. പാഴ്‌സികള്‍, ജൈനര്‍, ബൗദ്ധര്‍, സിഖുക്കാര്‍, ക്രൈസ്‌തവര്‍ എന്നിവരൊക്കെയുണ്ടെങ്കിലും ഇന്ത്യയില്‍ ഭൂരിപക്ഷം മനുഷ്യരും അവലംബിക്കുന്ന മതവിശ്വാസങ്ങള്‍ ഹിന്ദു- ഇസ്‌ലാമിക മതവിശ്വാസങ്ങളാണ്‌. അതിനാല്‍ ഹിന്ദു-മുസ്‌ലിം മൈത്രി എന്നതിനു മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വലിയ പ്രാധാന്യം കല്‍പ്പിച്ചു. ഇന്ത്യയുടെ വിഭവസമ്പത്തു കൊള്ളയടിക്കാന്‍ മാത്രം ഇന്ത്യയില്‍ കാലുകുത്തിയവര്‍, അവരുടെ പകല്‍ക്കൊള്ള നിര്‍ബാധം നടത്തുന്നതിനു ഹിന്ദു-മുസ്‌ലിം മൈത്രിയുടെ അന്തരീക്ഷം ഗുണകരമാവില്ലെന്നു കണ്ടപ്പോള്‍, ഹിന്ദു-മുസ്‌ലിം മതസ്‌പര്‍ധ ആസൂത്രിതമായി വളര്‍ത്തി എടുക്കാന്‍ ശ്രമിച്ചു. 1857-ലെ ഒന്നാംസ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാര്‍ പന്നിനെയ്യിന്റെയും പശുനെയ്യിന്റെയും കാര്യം ഊതിപ്പെരുപ്പിച്ച്‌ തകര്‍ത്തുകളഞ്ഞു. ഗാന്ധിജിയിലൂടെ ജനകീയരൂപം കൈകൊണ്ട രണ്ടാം സ്വാതന്ത്ര്യസമരത്തെയാകട്ടെ, വീരസവര്‍ക്കറുടേയും മുഹമ്മദലിജിന്നയുടേയും മനോവാക്‌കര്‍മങ്ങളിലൂടെ രൂപപ്പെട്ട മതരാഷ്‌ട്രവാദത്തെ വളര്‍ത്തിക്കൊണ്ടു ഇന്ത്യാ-പാക്‌ വിഭജനത്തിലൂടെ അസ്‌തവീര്യമാക്കാനും ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനു കഴിഞ്ഞു. എന്നാല്‍, ആധുനികേന്ത്യയുടെ ഏറ്റവും മഹാന്മാരായ ഹിന്ദുക്കളാരും ഹിന്ദു-മുസ്‌ലിം മൈത്രിയുടെ ഭാരതത്തിനു വിരുദ്ധരല്ലായിരുന്നു- ശ്രീരാമകൃഷ്‌ണപരമഹംസന്‍, സ്വാമിവിവേകാനന്ദന്‍, നാരായണഗുരു, മഹാത്മാഗാന്ധി എന്നിവരൊക്കെ ആഗ്രഹിച്ചിരുന്നത്‌ ഹിന്ദു-മുസ്‌ലിം മൈത്രിയുടെ ഇന്ത്യയായിരുന്നു. ഇവരേക്കാളെല്ലാം മഹാന്മാരായ ഹിന്ദുക്കളാണ്‌ വീരസവര്‍ക്കര്‍, കേശവബലിറാം ഹെഡ്‌ഗവാര്‍, ഗുരുജിഗോള്‍വാല്‍ക്കര്‍, നാഥുറാം വിനായക്‌ ഗോഡ്‌സേ തുടങ്ങി നരേന്ദ്രമോഡിവരെ ഉള്‍പ്പെടുന്ന ഹിന്ദുരാഷ്‌ട്രവാദികളായ കാവിഭീകരര്‍ എന്നു ഹിന്ദുക്കള്‍ കരുതുന്നുണ്ടെന്നു പറഞ്ഞുകൂടാ. മുസ്‌ലിംകള്‍ ഇല്ലാത്തൊരു ഇന്ത്യയല്ല, മറിച്ച്‌ ഹിന്ദുക്കളും മുസ്‌ലിംകളും മസ്‌തിഷ്‌കവും മെയ്യും പോലെ ഒത്തൊരുമിച്ചു കഴിയുന്നൊരു ഇന്ത്യയെയാണ്‌ ആധുനിക ഹൈന്ദവസന്ന്യാസത്തിന്റെ മാതൃകാവ്യക്തിത്വം എന്നു വിശേഷിപ്പിക്കാവുന്ന സ്വാമിവിവേകാനന്ദന്‍ ആഗ്രഹിച്ചിരുന്നത്‌. അദ്ദേഹം എഴുതുന്നു: ``......സര്‍വമനുഷ്യ വര്‍ഗത്തേയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദൈ്വതം ഒരു കാലത്തും ഹിന്ദുക്കളുടെ ഇടയില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. നേരെ മറിച്ച്‌ ഗണ്യമായ രീതിയില്‍ ഏതെങ്കിലും ഒരു മതം ഈ സമത്വത്തിലേക്ക്‌ എന്നെങ്കിലും അടുത്തെത്തിയിട്ടുണ്ടെങ്കില്‍ എന്റെ അനുഭവത്തില്‍ അതു ഇസ്‌ലാമാണ്‌; ഇസ്‌ലാം മാത്രം. അതുകൊണ്ടു പ്രയോഗിക ഇസ്‌ലാമിന്റെ സഹായമില്ലാതെ വേദാന്തസിദ്ധാന്തങ്ങള്‍, അവ എത്രയും സൂക്ഷ്‌മങ്ങളും അത്ഭുതകരങ്ങളുമായിക്കൊള്ളട്ടെ- ഭൂരിപക്ഷം മനുഷ്യരാശിക്കും തീരെ വിലയില്ലാത്തതാണെന്നു എനിക്ക്‌ ഉറച്ച ബോധ്യം വന്നിട്ടുണ്ട്‌... ഏകത്വമെന്ന മതത്തിന്റെ വ്യത്യസ്‌ത പ്രകാശങ്ങള്‍ മാത്രമാണു മതങ്ങളെന്നു മനുഷ്യവര്‍ഗത്തെ പഠിപ്പിക്കേണ്ടിയിരിക്കുന്നു; എന്നിട്ട്‌ ഓരോരുത്തനും തനിക്കേറ്റവും പറ്റിയ മാര്‍ഗം തെരഞ്ഞെടുക്കാമല്ലോ. നമ്മുടെ മാതൃഭൂമി തന്നെ ആശിക്കുന്നത്‌ ഹിന്ദുമതവും ഇസ്‌ലാമും എന്ന രണ്ടു മഹാസമ്പ്രദായങ്ങളുടെ വേദാന്തമസ്‌തിഷ്‌കത്തിന്റേയും ഇസ്‌ലാം ശരീരത്തിന്റേയും യോഗമാണ്‌. ഈ വഴക്കിലും കലഹത്തിലും നിന്നും ഭാവിയിലെ പൂര്‍ണഭാരതം മഹനീയവും അജയ്യവുമായി വേദാന്തമസ്‌തിഷ്‌കത്തോടും ഇസ്‌ലാം ശരീരത്തോടും കൂടി ഉയര്‍ന്നുവരുന്നതു ഞാനെന്റെ മനക്കണ്‍മുമ്പാകെ കാണുന്നു'' (വിവേകാനന്ദസാഹിത്യസര്‍വസ്വം വാള്യം 5 പേജ്‌ 566-567). ഇതു വിവേകാനന്ദ സാഹിത്യത്തിലെ ഒറ്റപ്പെട്ടൊരു അഭിപ്രായമല്ല; നാനാത്വത്തിലെ ഏകത്വത്തിലൂന്നിയ അനുരജ്ഞനത്തിന്റെ ഭാഷ അതിലെവിടെയും മാലയിലെ ചരടെന്നപോലെ കാണാം-പക്ഷേ ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടി ശ്രമിച്ച ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോഡ്‌സേയുടെ ഹിന്ദുരാഷ്‌ട്രവാദം സ്വാമി വിവേകാനന്ദനെ കണ്ടിരുന്നെങ്കില്‍ അദ്ദേഹത്തെയും കൊല്ലുമായിരുന്നു-കാരണം ഗോഡ്‌സേയുടെ കാവിഭീകരത വിഭാവനം ചെയ്യുന്നത്‌ മുസ്‌ലിം രഹിത ഹിന്ദുരാഷ്‌ട്രത്തെയാണല്ലോ. അതിനാല്‍ വിവേകാനന്ദനെയാണോ ഗോഡ്‌സെയെയാണോ മാതൃകയായി സ്വീകരിക്കേണ്ടത്‌ എന്നതിനാണ്‌ ഓരോ ഹിന്ദുവും സമാധാനം കാണേണ്ടത്‌. അതുപോലെ വിവേകാനന്ദനെ മുന്‍നിര്‍ത്തിയാണോ ഗോഡ്‌സേയെ മുന്‍നിര്‍ത്തിയാണോ ഹിന്ദുത്വത്തെ വിലയിരുത്തേണ്ടത്‌ എന്ന പ്രശ്‌നത്തിനാണ്‌ ഓരോ മുസ്‌ലിമും ഉത്തരം പറയേണ്ടത്‌. അതുപോലെ തന്നെ മുഹമ്മദ്‌ നബിയേയും വിശുദ്ധഖുര്‍ആനിനേയും മുന്‍നിര്‍ത്തിയാണോ, അതോ താലിബാനേയും ഉസാമബിന്‍ലാദനേയും മുന്‍നിര്‍ത്തിയാണോ ഇസ്‌ലാമിനെ വിലയിരുത്തേണ്ടത്‌ എന്നു ഓരോ ഹിന്ദുവും തീരുമാനിക്കേണ്ടതുണ്ട്‌. ഞാന്‍ ഹിന്ദുവായിരിക്കുന്നത്‌ ഗോഡ്‌സെ ഹിന്ദുവാണെന്നു പ്രഖ്യാപിച്ചതുകൊണ്ടല്ല, മറിച്ച്‌ വിവേകാനന്ദനും ഗാന്ധിജിയും ഹിന്ദുക്കളാണെന്നു പ്രഖ്യാപിച്ചിരുന്നതുകൊണ്ടാണ്‌. അതുപോലെ ഞാന്‍ ഇസ്‌ലാമിനെ വിലയിരുത്തുന്നത്‌ ഉസാമ ബിന്‍ലാദനെ മുന്‍നിര്‍ത്തിയല്ല; മുഹമ്മദ്‌ നബിതിരുമേനിയുടെ ജീവിതത്തെ മുന്‍നിര്‍ത്തിയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ ഹിന്ദു-മുസ്‌ലിം മൈത്രിയിലൂടെ ജനാധിപത്യഭാരതത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനുവേണ്ടി ചെയ്യാവുന്ന ഒരു ഉചിതകര്‍മം എന്ന നിലയില്‍ ഭഗവദ്‌ഗീതയേയും വിശുദ്ധ ഖുര്‍ആനേയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചില വിചാരങ്ങള്‍ ഇവിടെ പങ്കിടുന്നത്‌. ശ്രീകൃഷ്‌ണനെ അവതാരമായാണ്‌ ഇന്ത്യക്കാര്‍ കരുതുന്നത്‌. അവതാരം എന്ന വാക്കുതന്നെ ശ്രീകൃഷ്‌ണന്‍ ദൈവമല്ല എന്നാണു വെളിവാക്കുന്നത്‌, എന്തെന്നാല്‍ ദൈവം അവതാരമല്ല, അവതാരകനാണ്‌. അതിനാല്‍ അവതാരം എന്ന വാക്കിന്‌ തെരഞ്ഞെടുക്കപ്പെട്ട സൃഷ്‌ടി എന്നേ അര്‍ഥം ധരിക്കേണ്ടൂ. തെരഞ്ഞെടുക്കപ്പെട്ട മനുഷ്യനെ തന്നെയാണ്‌ പ്രവാചകന്‍ എന്നും പറയുന്നത്‌. ശ്രീകൃഷ്‌ണന്‍ ഇന്ത്യയിലെ ഏറ്റവും ജനസ്വാധീനമുള്ള പ്രവാചകനാണ്‌. അവതാരകന്‍ അല്ലാഹുവാണ്‌, നബി അവതാരമാണ്‌ എന്നു ഇന്ത്യന്‍ ഭാഷയില്‍ പറയാം. ശ്രീകൃഷ്‌ണനെ ജനങ്ങള്‍ ആരാധിക്കുന്നുണ്ട്‌, മുഹമ്മദ്‌ നബിയെ ആരാധിക്കുന്നില്ല എന്നാണു പറയപ്പെടുന്നത്‌. ഇതൊരു പ്രകടമായ വ്യത്യാസമാണ്‌. പക്ഷേ, ഇതൊക്കെയിരിക്കെ തന്നെ നബിയും കൃഷ്‌ണനും തമ്മില്‍ ഒരുപാട്‌ സാദൃശ്യങ്ങളും കാണാം. നബി ഏറ്റവും സാധാരണക്കാരായവരുടെ കൂട്ടത്തില്‍ ഒരുവനായിരുന്നു- മാതാപിതാക്കളുടെ സ്‌നേഹം അദ്ദേഹത്തിനു ചെറുപ്പത്തിലേ നഷ്‌ടപ്പെട്ടു. ശ്രീകൃഷ്‌ണനും നബിയും തികഞ്ഞ ഗാര്‍ഹസ്ഥ്യജീവിതം നയിച്ചിരുന്നവരാണ്‌. രുഗ്മിണി, സത്യഭാമ, ജാംബവതി, കുബ്‌ജു എന്നിങ്ങനെ എട്ടോളം ഔദ്യോഗിക ഭാര്യമാര്‍ ശ്രീകൃഷ്‌ണനു ജീവിതപങ്കാളികളായുണ്ടായിരുന്നു. ഖദീജ, ആഇശ തുടങ്ങിയവര്‍ നബിയുടെ ജീവിതത്തിലും പങ്കാളികളായിരുന്നു. ചുരുക്കത്തില്‍, കൃഷ്‌ണനും നബിയും ബഹുഭാര്യാത്വം അംഗീകരിച്ചിരുന്നു. ബഹുഭാര്യാത്വം ഒരു ഇസ്‌ലാമിക അശ്ലീലമായി അവതരിപ്പിച്ച്‌ കൈയടി നേടുന്ന ഹിന്ദുരാഷ്‌ട്രവാദികള്‍ ദയവുചെയ്‌ത്‌ ശ്രീകൃഷ്‌ണചരിതം മനസിരുത്തി പഠിച്ചിട്ട്‌ ബഹുഭാര്യാത്വത്തെ വിമര്‍ശിക്കണമെന്ന്‌ ഇവിടെ ആനുഷംഗികമായി പറഞ്ഞുവെക്കട്ടെ. ശ്രീകൃഷ്‌ണന്‌ അക്കാലത്തെ രീതി അനുസരിച്ചുള്ള ഉന്നതവിദ്യാഭ്യാസം ലഭിച്ചിരുന്നതായി ഭാഗവതപുരാണം സാക്ഷ്യപ്പെടുത്തുന്നു. സാന്ദീപനി മഹര്‍ഷിയുടെ ശിഷ്യനായാണ്‌ ശ്രീകൃഷ്‌ണന്‍ വിദ്യാഭ്യാസം ചെയ്‌തത്‌- കൃഷ്‌ണനോടൊപ്പം ഗുരുകുലത്തില്‍ പഠിച്ച വ്യക്തിയാണ്‌ സുധാമാവ്‌ എന്നുപേരുള്ള കുചേലന്‍. അറുതിയിലും വറുതിയിലും കഴിഞ്ഞിരുന്ന പണ്ഡിതനായ കുചേലനെ പില്‍ക്കാലത്തു ശ്രീകൃഷ്‌ണന്‍ സാമ്പത്തികസഹായം നല്‍കി രക്ഷിച്ചതായും ഭാഗവതത്തില്‍ കാണുന്നുണ്ട്‌. എന്നാല്‍, മുഹമ്മദ്‌ നബിക്ക്‌ കച്ചവടപരമായ ജനസമ്പര്‍ക്കാനുഭവങ്ങളൊഴിച്ച്‌ എഴുത്തും വായനയും ഒന്നും അഭ്യസിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിവേകാനന്ദന്റെ ഗുരുവായ ശ്രീരാമകൃഷ്‌ണപരമഹംസരെ ഓര്‍മിപ്പിക്കുന്ന വിധം നിരക്ഷരനായിരുന്നു മുഹമ്മദ്‌ നബിയും. സാമൂഹിക-രാഷ്‌ട്രീയകാര്യങ്ങളില്‍ സദാ ഇടപെട്ടിരുന്നവരാണ്‌; അവര്‍ അല്ലാതെ വെറുതെ കണ്ണടച്ചു ധ്യാനിച്ചുകൊണ്ടിരുന്നവരല്ല. ജനങ്ങള്‍ക്കും കന്നുകാലികള്‍ക്കും അവകാശപ്പെട്ട കുടിനീരു ചോര്‍ത്തി കൊക്കക്കോളയാക്കി വിറ്റു കാശാക്കുന്ന അമേരിക്കന്‍ സാമ്രാജത്വത്തിനെതിരെ നടന്ന പോരാട്ടങ്ങളെ അനുസ്‌മരിപ്പിക്കുന്ന ഒരു പ്രവര്‍ത്തനം ശ്രീകൃഷ്‌ണചരിതത്തിലുണ്ട്‌. കാളിന്ദി നദിയെ വിഷമയമാക്കിയ കാളിയനെ ശ്രീകൃഷ്‌ണന്‍ ചെറുത്തുതോല്‍പ്പിച്ച കാര്യമാണത്‌. ജരാസന്ധ-കംസ-ദുര്യോധന ഭരണകൂടങ്ങളെ മാറ്റിമറിക്കുന്ന പ്രവര്‍ത്തനത്തിലും ശ്രീകൃഷ്‌ണന്‍ നേതൃത്വപരമായ പങ്കുവഹിച്ചിരുന്നു. നബിയുടെ ജീവിതത്തിലും ഇത്തരം സാമൂഹികപ്രവര്‍ത്തനങ്ങള്‍ നിരന്തരം കാണാം. ശ്രീകൃഷ്‌ണനിലൂടെ ഉപദേശിക്കപ്പെട്ട ഭഗവദ്‌ഗീതയും മുഹമ്മദ്‌ നബിക്ക്‌ വെളിപ്പെട്ട വിശുദ്ധ ഖുര്‍ആനും യുദ്ധരംഗത്ത്‌ ഉണ്ടായവയാണ്‌. കുരുക്ഷേത്രയുദ്ധഭൂമിയില്‍ ഗീതാവതരണം നടന്നുവെങ്കില്‍, ബദറുള്‍പ്പെടെയുള്ള ചെറുതും വലുതുമായ പോരാട്ടഭൂമിയിലും കൂടിയാണ്‌ വിശുദ്ധ ഖുര്‍ആനിലെ ചില ആയത്തുകള്‍ അവതരിക്കപ്പെട്ടത്‌. എന്നാല്‍, ഭഗവത്‌ഗീതയോ വിശുദ്ധഖുര്‍ആനോ വായിച്ചുകഴിയുന്നവര്‍ക്ക്‌ അധര്‍മത്തിനെതിരെ പോരാടാനുള്ള ആത്മവീര്യം ഉണ്ടാകുമെങ്കിലും പാവങ്ങള്‍ക്കെതിരെ വാളോങ്ങാനുള്ള അക്രമവാസന തീരെ ഉണ്ടാവുകയില്ല. ഭഗവദ്‌ഗീത നിത്യ പാരായണം ചെയ്‌തിരുന്ന ഗാന്ധിജി ആത്മവീര്യമുള്ള മഹാത്മാവായിരുന്നു. ഗോഡ്‌സെയെപ്പോലെയോ അസിമാനന്ദയെപ്പോലെയോ പരമതവിദ്വേഷിയായ അക്രമി ആയിരുന്നില്ല. മാത്രമല്ല, ഗീതയും ഖുര്‍ആനും യുദ്ധരംഗത്ത്‌ ഉദ്‌ഭൂതമായ വിശുദ്ധഗ്രന്ഥങ്ങളാണെങ്കിലും ഇരു ഗ്രന്ഥങ്ങളിലും ഏറ്റവും കുറച്ചു സന്ദര്‍ഭങ്ങളിലേ യുദ്ധാഹ്വാനം കാണുന്നുള്ളൂ- ``പൊറുക്കുക; പരമാവധി പൊറുക്കുക'' എന്നതാണ്‌ ഗീതയുടെയും ഖുര്‍ആനിന്റെയും യുദ്ധാഹ്വാനസന്ദേശങ്ങളുടെ പൊതുസ്വഭാവം. ആയുധമെടുക്കാത്ത ഗാന്ധിജിമാരെ ആയുധമെടുത്ത്‌ കൊല്ലാന്‍ വരുന്ന ഗോഡ്‌സെമാരുണ്ടാവുമ്പോള്‍ ആയുധമെടുത്തും ഗാന്ധിജിമാരെ സംരക്ഷിക്കണം എന്ന്‌ മേല്‍പറഞ്ഞ യുദ്ധാഹ്വാനത്തെ പരാവര്‍ത്തനം ചെയ്യാം. ഭഗവത്‌ഗീതയും വിശുദ്ധഖുര്‍ആനും പൂര്‍വപ്രബോധനങ്ങളെ മാനിക്കുന്നുണ്ട്‌. ഒരേയൊരു പ്രബോധനമാണ്‌ എല്ലാ കാലത്തും നടന്നിട്ടുള്ളതെന്നും അതു നഷ്‌ടപ്പെടുകയോ മറയ്‌ക്കപ്പെടുകയോ ചെയ്യുമ്പോഴാണ്‌ പ്രബോധനം ഓര്‍മപ്പെടുത്താന്‍ പുതിയ പ്രബോധകര്‍ ഉണ്ടാവുന്നതെന്നും ഗീതയും ഖുര്‍ആനും വ്യക്തമാക്കുന്നു. ``ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം വിവസ്വാന്‍ മനവേപ്രാഹമനുരിക്ഷ്വാകവ്യേബ്രവിത്‌ ഏവം പരമ്പരാപ്രാപ്‌തം ഇമം രാജര്‍ഷയോ വിദുഃ സ കാലേനേഹമഹതാ യോഗോ നഷ്‌ട:പരം തപ സ ഏവായം മയാത്യോദ്യയോഗ: പ്രോക്ത!പുരാതന: ഭക്ത്യോസി മേ സഖാ ചേതി രഹസ്യം ഹേത്യദുത്തമം'' (ഭഗവദ്‌ഗീത അധ്യായം 4-ശ്ലോകങ്ങള്‍ 1, 2, 3) ഈ മൂന്നു ശ്ലോകങ്ങളുടെ താല്‍പര്യം ഇതാണ്‌ 1. ``നാശരഹിതമായ ഈ യോഗത്തെ ഞാന്‍ സൂര്യന്‌ ഉപദേശിച്ചു. സൂര്യന്‍ മനുവിന്‌ ഉപദേശിച്ചു. മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു. 2. ഹേ അര്‍ജുനാ ഇപ്രകാരം പരമ്പരയാ ഈ യോഗത്തെ രാജര്‍ഷികളും അറിഞ്ഞു-ആ യോഗം ദീര്‍ഘകാലം കൊണ്ട്‌ ഇവിടെ നഷ്‌ടപ്പെട്ടു. 3. നീ എന്റെ ഭക്തനും സഖാവും ആണെന്നതു കൊണ്ടാണ്‌ പുരാതനമായ ഈ യോഗത്തെ തന്നെ ഇപ്പോള്‍ ഞാന്‍ നിനക്ക്‌ ഉപദേശിക്കുന്നത്‌. എന്തെന്നാലിതു രഹസ്യവും ഉത്തമവും ആകുന്നു.'' ഈ മൂന്നു ശ്ലോകങ്ങളുടെ അര്‍ഥവിചാരത്തിന്റെ ആഴങ്ങളിലേക്കിവിടെ പ്രവേശിക്കുന്നില്ല. യോഗം എന്ന പദം സൃഷ്‌ടിയും സ്രഷ്‌ടാവും തമ്മിലുള്ള പരസ്‌പരബന്ധത്തെ കുറിക്കുന്നു. സ്രഷ്‌ടാവും സൃഷ്‌ടിയും തമ്മിലുള്ള പരസ്‌പരബന്ധത്തിന്റെ രഹസ്യത്തെയാണ്‌ സൂര്യന്‌ പോലും ഞാന്‍ ഉപദേശിച്ചത്‌ എന്ന പ്രയോഗത്തിലെ `ഞാന്‍' ദ്വാപരയുഗത്തില്‍ ജനിച്ച ശ്രീകൃഷ്‌ണന്‍ എന്ന വ്യക്തിയെയല്ല, സൂര്യനു മുമ്പേ ഉണ്ടായ, സൂര്യനും ഗുരുവും പിതാവുമായ സര്‍വ്വേശ്വരനെയാണു ഉദ്ദേശിക്കുന്നത്‌. സര്‍വേശ്വരന്റെ ഉപദേശം മനുവിലൂടെ ഇക്ഷ്വാകുവിനും മറ്റും ലഭിച്ചെങ്കിലും പിന്നീടതു നഷ്‌ടപ്പെട്ടു. ആ പരമ്പര പ്രബോധനം തന്നെയാണ്‌ ശ്രീകൃഷ്‌ണനും അര്‍ജുനനിലൂടെ ലോകത്തോടു ചെയ്യുന്നത്‌. എന്നുവെച്ചാല്‍ പുതിയ ഒരു വെളിപാടുണ്ടാകുകയല്ല വിസ്‌മൃതമാകപ്പെട്ട വെളിപാടുകളെ ഓര്‍മപ്പെടുത്തുകയാണു ഭഗവദ്‌ഗീത ചെയ്യുന്നത്‌ എന്നു ചുരുക്കം. ഇതേകാര്യം തന്നെ ഖുര്‍ആനിലും കാണാം. മുഹമ്മദ്‌ നബിയിലൂടെ വെളിപ്പെട്ടത്‌ പുതിയ വേദമാണെന്നു വിശുദ്ധഖുര്‍ആനും പറയുന്നില്ല. ഖുര്‍ആനില്‍ നിന്നു തന്നെ ഉദ്ധരിക്കാം ``നിങ്ങള്‍ പറയുക: അല്ലാഹുവിലും അവങ്കല്‍ നിന്നു ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും ഇബ്‌റാഹീമിനും ഇസ്‌മാഈലിനും ഇസ്‌ഹാഖിനും യഅ്‌ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും മൂസാ, ഈസാ എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും സര്‍വപ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്നു നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിനു കീഴ്‌പ്പെട്ട്‌ ജീവിക്കുന്നവരാകുന്നു'' (അല്‍ ബഖറ 136). പ്രപഞ്ചത്തിന്റെ നിസ്സീമതക്കുള്ളില്‍ സ്വന്തം നിസ്സാരത തൊട്ടറിയുന്നതിനുള്ള വിവേകം വ്യക്തി മനസ്സിന്റെ പരമാവധി വളര്‍ച്ച സാധ്യമാകുമ്പോള്‍ സംഭവിക്കും-അപ്പോള്‍ അത്തരം വ്യക്തികള്‍ക്കുണ്ടാകുന്ന ജീവിതസ്വഭാവമാണ്‌ സമര്‍പ്പണം. ഈ സമര്‍പ്പണത്തിലേക്ക്‌ മനുഷ്യമനസ്സിനെ വലുതാക്കി അടുപ്പിക്കുക എന്നതാണ്‌ വിശുദ്ധഖുര്‍ആനിന്റേയും ഭഗവദ്‌ഗീതയുടേയും സാരസന്ദേശം. `സര്‍വധര്‍മാന്‍ പരിത്യജ' എന്നു തുടങ്ങുന്ന ഗീതാശ്ലോകം ഇതാണു ബോധ്യപ്പെടുത്തുന്നത്‌. ഇക്കാര്യം പ്രസിദ്ധ സാഹിത്യ ചരിത്രചിന്തകനായ കൃഷ്‌ണചൈതന്യ ഇങ്ങനെ രേഖപ്പെടുത്തുന്നു: ``ഈശ്വരനെ ആത്മശിക്ഷണത്തോടെ അനുസരിക്കുന്നതിലൂടെയാണ്‌ മനുഷ്യന്‍ പരമാവധി ഔന്നത്യത്തിലേക്ക്‌ വളരുന്നത്‌ എന്നത്രേ ഇസ്‌ലാമിന്റെ മൗലികസിദ്ധാന്തം. ദൈവനിശ്ചയത്തിന്റെ ഒരു ഉപകരണം മാത്രമാകാന്‍ അര്‍ജ്ജുനനോട്‌ ആവശ്യപ്പെടുന്ന ഗീതാവചനത്തിലും ഈ ദര്‍ശനമാണ്‌ കാണപ്പെടുന്നത്‌'' (കേരളം-കൃഷ്‌ണചൈതന്യ-പേജ്‌ 97). ബൈബിളും ഖുര്‍ആനും ഗീതയും സാരത്തില്‍ പഠിപ്പിക്കുന്നത്‌ ഒരേ തത്ത്വം തന്നെയെന്നു പ്രഖ്യാപിച്ച ശ്രീരാമകൃഷ്‌ണപരമഹംസരുടേയും ശ്രീരമണമഹര്‍ഷിയുടേയും ശ്രീനാരായണ ഗുരുവിന്റേയും ആധ്യാത്മിക ഭാരതത്തിലും, ഹിന്ദു-മുസ്‌ലിം മൈത്രിയിലൂന്നിയ മഹാത്മാഗാന്ധിയുടെ രാഷ്‌ട്രീയഭാരതത്തിലും സര്‍വമതസാരവുമേകമെന്നതിലൂന്നിയ ബൈബിള്‍ -ഗീതാ-ഖുര്‍ആന്‍ പഠനങ്ങള്‍ നടക്കേണ്ടതും ജനജീവിതത്തിനു പരിചയപ്പെടുത്തേണ്ടതും കരുത്തുറ്റ ഇന്ത്യയുടെ നിര്‍മാണത്തിന്‌ അനിവാര്യമാണ്‌- വിദ്വേഷമല്ല വിവേകമാണ്‌ അതിനാവശ്യം. അക്കാര്യത്തിലേക്ക്‌ ചെറുതായൊന്നു വിരല്‍ ചൂണ്ടുക മാത്രമാണിവിടെ ചെയ്‌തിരിക്കുന്നത്‌. shakthibodhiviswa@gmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം