Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 27

ദൈവസ്‌നേഹത്തിന്റെ യാഥാര്‍ഥ്യം

മനുഷ്യ ജന്മത്തിന് നേടാവുന്ന ഏറ്റം മഹത്തായ സൗഭാഗ്യം എന്താണ് എന്ന ചോദ്യത്തിന് അവിശ്വാസികള്‍ക്ക് അനേകം ഉത്തരങ്ങളുണ്ടായിരിക്കാം. സത്യവിശ്വാസികള്‍ക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ - അല്ലാഹുവിന്റെ പ്രീതി. സത്യവിശ്വാസികളുടെ പാരത്രിക സൗഭാഗ്യങ്ങള്‍ വര്‍ണിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''സര്‍വോപരി അല്ലാഹുവിന്റെ പ്രീതിയാകുന്നു അത്യുന്നത നേട്ടം.അതാകുന്നു മഹത്തായ വിജയം'' (9:72). സംഗതി ലളിതമാണ്: തന്നെ ഇല്ലായ്മയില്‍ നിന്ന് ഉളവാക്കി, അളവറ്റ വിഭവങ്ങളാലും സൗകര്യങ്ങളാലും അനുഗൃഹീതമായ ഈ ഭൂമിയില്‍ പാര്‍പ്പിച്ച അല്ലാഹു എന്തു ലക്ഷ്യത്തോടെയാണോ അത് ചെയ്തിട്ടുള്ളത് ആ ലക്ഷ്യം സാക്ഷാത്കരിച്ചുകൊണ്ട് അവനെ തൃപ്തിപ്പെടുത്തുക എന്നതില്‍ കവിഞ്ഞ ഒരു നേട്ടവും മനുഷ്യജീവിതം കൊണ്ട് നേടാനില്ല. അല്ലാഹു നമുക്ക് ജീവിതം നല്‍കിയതും ആവശ്യമായ സകല വിഭവങ്ങളും നല്‍കി പരിപാലിക്കുന്നതും നമ്മോടുള്ള സനേഹം കൊണ്ടും കാരുണ്യം കൊണ്ടുമാണ്. ഈ സ്‌നേഹ കാരുണ്യങ്ങളുടെ അനിവാര്യ താല്‍പര്യമാണ് നമുക്ക് അവനോട് നന്ദിയും സ്‌നേഹവുമുണ്ടായിരിക്കുക. അല്ലാഹുവില്‍ വിശ്വസിക്കേണ്ട വിധം വിശ്വസിച്ചവര്‍ക്ക് തീര്‍ച്ചയായും അതുണ്ടാകും. അവന്‍ പറഞ്ഞു: ''സത്യവിശ്വാസികളായവര്‍ ഏറ്റം ശക്തിയായി സ്‌നേഹിക്കുന്നത് അല്ലാഹുവിനെയാകുന്നു'' (2:165).
അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ യാഥാര്‍ഥ്യമെന്തെന്നും അത് സാക്ഷാത്കരിക്കേണ്ടതെങ്ങനെയെന്നും അല്ലാഹു അവന്റെ ദൂതനിലൂടെ വ്യക്തമായി അറിയിച്ചുതന്നിട്ടുണ്ട്: ''പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ (പ്രവാചകനെ) പിന്തുടരുക. അല്ലാഹു നിങ്ങളെയും സ്‌നേഹിക്കുന്നതാകുന്നു'' (3:31). അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ സഫലീകരണമാണ് അവന്‍ തന്റെ ദൂതനിലൂടെ നല്‍കിയ ശാസനകള്‍ അനുസരിച്ച് ജീവിക്കുക. ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹു സ്‌നേഹിക്കുന്നത് മുഹ്‌സിനുകളെ (സുകൃതരെ)യാകുന്നു'' (2:146). അല്ലാഹുവിനെ സ്‌നേഹിക്കുക, പ്രവാചകനെ പിന്‍പറ്റുക, അല്ലാഹുവിന്റെ ശാസനകളനുസരിക്കുക എന്നൊക്കെ പറയുന്നത്, ഇഹ്‌സാന്‍ ചെയ്യുന്നതിനെയാണ് എന്നര്‍ഥം. നന്മ, പുണ്യം, ധര്‍മം, നീതി, ഉചിതം, പക്വത, ഉദാരത എന്നിങ്ങനെ നിരവധി അര്‍ഥമുള്ള പദമാണ് ഇഹ്‌സാന്‍. ഈ അര്‍ഥങ്ങളിലെല്ലാം പൊതുവായ ഒരാശയമുണ്ട്. അതാണ് യഥാര്‍ഥ ഇഹ്‌സാന്‍. 'നല്ലത് നല്ല രീതിയില്‍ ചെയ്യുക' എന്ന് ചില പണ്ഡിതന്മാര്‍ അതിനെ നിര്‍വചിച്ചിട്ടുണ്ട്.
അല്ലാഹു മനുഷ്യനുമേല്‍ അളവറ്റ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞിരിക്കുന്നു. പൊതുവായ അനുഗ്രഹങ്ങള്‍ക്ക് പുറമെ വ്യക്തികള്‍ക്ക് വ്യത്യസ്തമായ യോഗ്യതകളും കഴിവുകളുമരുളിയിരിക്കുന്നു. അതോടൊപ്പം ഓരോരുത്തര്‍ക്കും ലഭിച്ച അനുഗ്രഹങ്ങള്‍ പരസ്പരം പങ്കുവെക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഓരോ വ്യക്തിയിലും മറ്റു വ്യക്തികളോടുള്ള അവകാശ ബാധ്യതകള്‍ നിക്ഷിപ്തമായിരിക്കുന്നു. സമസൃഷ്ടികളെ സഹായിച്ച് സഹകരിച്ച് വാഴണമെന്നു മാത്രമല്ല, അങ്ങനെ വാഴണമെന്ന് മറ്റുള്ളവരെ ഉപദേശിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യണമെന്നു കൂടി ഓരോരുത്തരും കല്‍പിക്കപ്പെട്ടിരിക്കുന്നു. അവനവന്റെ നന്മയുടെ സല്‍ഫലങ്ങള്‍ അന്യരില്‍ സ്വാധീനം ചെലുത്തുകയും അവരിലും നന്മ വളരുകയും വേണം. ''നിങ്ങളാല്‍ -വിശ്വാസികളാല്‍-നന്മയിലേക്ക് ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം ഉണ്ടായിത്തീരണം'' (3:104).
ധര്‍മം എന്താണെന്നും ധര്‍മിഷ്ഠന്‍ ആരാണെന്നും ദൈവസ്‌നേഹത്തിന്റെ കര്‍മരൂപമെങ്ങനെയാണെന്നും വ്യക്തമാക്കിക്കൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: ''നിങ്ങള്‍ പടിഞ്ഞാറോട്ടോ കിഴക്കോട്ടോ മുഖം തിരിക്കുക എന്നതല്ല ധര്‍മം. പ്രത്യുത, അല്ലാഹുവിലും അന്ത്യനാളിലും മലക്കുകളിലും വേദത്തിലും പ്രവാചകന്മാരിലും ആത്മാര്‍ഥമായി വിശ്വസിക്കുകയും അല്ലാഹുവിനോടുള്ള സ്‌നേഹത്താല്‍ പ്രചോദിതരായി തനിക്ക് പ്രിയപ്പെട്ട ധനം ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും സഞ്ചാരികള്‍ക്കും സഹായാര്‍ഥികള്‍ക്കും അടിമത്തത്തിലകപ്പെട്ടവരെ മോചിപ്പിക്കാനും, ചെലവഴിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയുമാകുന്നു ധര്‍മം. കരാര്‍ ചെയ്താല്‍ പാലിക്കുകയും സന്ദിഗ്ധഘട്ടങ്ങളിലും ആപത്‌സന്ധികളിലും സത്യാസത്യ സംഘട്ടനവേളകളിലും സ്ഥൈര്യത്തോടെ നിലകൊള്ളുകയും ചെയ്യുന്നവരത്രെ ധര്‍മിഷ്ഠര്‍. അവരാകുന്നു സത്യവാന്മാര്‍. അവര്‍ തന്നെയാകുന്നു ദൈവഭക്തരും'' (7:177). അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള ഉത്തരവാദിത്വ പൂര്‍ണമായ കൂറും സ്‌നേഹവും, സമസൃഷ്ടി സ്‌നേഹത്തിലധിഷ്ഠിതമായ സാമൂഹിക പ്രതിബദ്ധത/ഉദാരത, വെല്ലുവിളികള്‍ നേരിടുമ്പോഴും ധര്‍മാധര്‍മങ്ങള്‍ ഏറ്റുമുട്ടുമ്പോഴും സത്യത്തിന്റെയും ധര്‍മത്തിന്റെയും ഭാഗത്ത് അടിയുറച്ചുനില്‍ക്കാനുള്ള ആത്മവീര്യവും സഹനശക്തിയും ഇതൊക്കെ സമഞ്ജസമായി ചേര്‍ന്നതാണ് ഈമാനും അതാവശ്യപ്പെടുന്ന ദൈവസ്‌നേഹവും ധര്‍മപ്രതിബദ്ധതയും. ധര്‍മത്തിന്റെ മര്‍മം ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു: ''നിങ്ങള്‍ക്ക് പ്രിയപ്പെട്ടതെന്തോ അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യയം ചെയ്യുന്നതുവരെ നിങ്ങള്‍ ധര്‍മം പ്രാപിക്കുന്നില്ല'' (3:92).
ധര്‍മത്തിന്റെയും നന്മയുടെയും ആത്മാവ് അല്ലാഹുവിനോടുള്ള സ്‌നേഹമാണ്. അല്ലാഹുവിന്റെ പ്രീതിയേക്കാള്‍ കാമ്യമായി യാതൊന്നുമില്ല, ഉണ്ടായിക്കൂടാ. ഏതൊരു വസ്തുവിനോടുള്ള പ്രിയം അല്ലാഹുവിനോടുള്ള സ്‌നേഹത്തിനു മുമ്പില്‍ ബലിയര്‍പ്പിക്കാന്‍ കഴിയുന്നില്ലെയോ, ആ വസ്തു അവന്റെ ജീവിതലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തില്‍ വിലങ്ങുതടിയാകുന്നു. ആ വിലങ്ങു തടി നീക്കം ചെയ്യാന്‍ സാധിക്കുന്നതുവരെ ധര്‍മത്തിന്റെ, നന്മയുടെ, നീതിയുടെ കവാടം നമ്മുടെ മുന്നില്‍ അടഞ്ഞേ കിടക്കും. അല്ലാഹുവിനെ സ്‌നേഹിച്ചും ഭയപ്പെട്ടും അവന്റെ വിധിവിലക്കുകള്‍ സര്‍വാത്മനാ അനുസരിച്ചും വാഴുന്നതിന്റെ മറ്റൊരു പേരാകുന്നു ഇഹ്‌സാന്‍. ഇഹ്‌സാന്‍ എന്താണെന്ന ചോദ്യത്തിന് മുഹമ്മദ് മുസ്ത്വഫ(സ) നല്‍കിയ മറുപടി ഇതാണ്: ''നീ നിന്റെ വിധാതാവിനെ നേരില്‍ കാണുന്നുണ്ടെന്ന വണ്ണം ഇബാദത്ത് ചെയ്യുക. നീ അവനെ കാണുന്നില്ലെങ്കിലും തീര്‍ച്ചയായും അവന്‍ നിന്നെ കാണുന്നുണ്ട്.''

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം