Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 31

ചോദ്യോത്തരം

മുജീബ്

 

സമാധാനമെവിടെ?

ഇസ്‌ലാം സമാധാനമാണെന്ന് പഠിപ്പിക്കുകയും പറയപ്പെടുകയും ചെയ്തുവരുന്നു. പക്ഷേ, ഇസ്‌ലാമിക ലോകത്തേക്കും മുസ്‌ലിംകളിലേക്കും നോക്കുകയാണെങ്കില്‍ അറബ് മുസ്‌ലിം രാജ്യങ്ങള്‍ ഏറിയവയും പരസ്പരം പോരടിക്കുന്നു. നിരപരാധികളും നിരായുധരും നിഷ്‌കളങ്കരുമായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവന്‍ മുസ്‌ലിംകളുടെ കരങ്ങളാല്‍ തന്നെ കവര്‍ന്നെടുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. എവിടെയാണ് സമാധാനം? ആരാണിവിടെ സമാധാനപ്രിയര്‍? സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കാര്യം കഷ്ടം തന്നെയല്ലേ?
ഇ.സി റംല പള്ളിക്കല്‍


ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്ന അനിഷേധ്യ സത്യവും, ഇന്നത്തെ മുസ്‌ലിം ലോകം അസമാധാനപൂര്‍ണമാണെന്ന യാഥാര്‍ഥ്യവും തമ്മില്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു വൈരുധ്യവുമില്ല. 'അല്ലാഹു സമാധാനത്തിന്റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു' എന്ന ഖുര്‍ആന്റെ പ്രഖ്യാപനം ഇസ്‌ലാമിന്റെ സമാധാനതല്‍പരതയുടെ പ്രത്യക്ഷ തെളിവാണ്. അങ്ങേയറ്റം അസ്വസ്ഥകലുഷവും, രക്തച്ചൊരിച്ചിലിന്റെയും യുദ്ധങ്ങളുടെയും വിളനിലവുമായിരുന്ന അറേബ്യയില്‍ അവിശ്വസനീയമായ കാലയളവില്‍ മഹാനായ അന്ത്യപ്രവാചകന്‍ സമാധാനവും, വിവേചനങ്ങള്‍ക്കും വിഭാഗീയതകള്‍ക്കമതീതമായ മാനുഷിക സ്‌നേഹവും സൗഹൃദവും സ്ഥാപിച്ചതും ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതാണ്. 'നിങ്ങള്‍ ശത്രുക്കളായിരുന്നപ്പോള്‍ അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ കൂട്ടിയിണക്കുകയും അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ പരസ്പരം സഹോദരങ്ങളായി തീരുകയും ചെയ്ത ദൈവത്തിന്റെ അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍' (3:103) എന്ന ഖുര്‍ആന്‍ വചനം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇസ്‌ലാം യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് തന്നെയും അസമാധാനത്തിന്റെ ദുശ്ശശക്തികളെ അമര്‍ച്ച ചെയ്യാനും, 'അക്രമികളുടെ രാജ്യത്ത് നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ, ഞങ്ങള്‍ക്ക് നിന്നില്‍ നിന്നുള്ള രക്ഷകനെ നിയോഗിക്കേണമേ, നിന്റേതായ സഹായിയെ നിശ്ചയിച്ചുതരേണമേ എന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ പുരുഷന്മാരുടെയും കുഞ്ഞുങ്ങളുടെയും മോചനത്തിനു വേണ്ടിയുമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (4:75). സന്‍ആ മുതല്‍ ഹളര്‍മൗത്ത് വരെ ദൈവം തമ്പുരാനെയല്ലാതെ പേടിക്കാനില്ലാതെ യാത്രികന് സഞ്ചരിക്കാന്‍ കഴിയുന്ന സമാധാനകാലമാണ് തന്റെ ദൗത്യത്തിന്റെ അന്തിമ ഫലമായി നിലവില്‍ വരാന്‍ പോവുന്നതെന്ന് പ്രവാചകന്‍ പ്രാരംഭ ഘട്ടത്തിലേ അനുയായികളെ തെര്യപ്പെടുത്തുകയുണ്ടായി. തിരുമേനിയുടെ ജീവിതകാലത്ത് തന്നെ അത് സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു. ജനങ്ങളില്‍ ചിലരെ ചിലരെക്കൊണ്ട് അല്ലാഹു പ്രതിരോധിച്ചിരുന്നില്ലെങ്കില്‍ ഭൂമി കലാപകലുഷമാവുകയും എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യുമായിരുന്നു എന്നും യുദ്ധങ്ങളെക്കറിച്ച ഇസ്‌ലാമിന്റെ ദാര്‍ശനിക കാഴ്ചപ്പാട് വ്യക്തമാക്കിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നു. അപ്പോള്‍ ദൈവിക സന്മാര്‍ഗവും ദര്‍ശനവുമായ ഇസ്‌ലാം ആത്മാര്‍ഥമായി ഉള്‍ക്കൊള്ളുകയും തദടിസ്ഥാനത്തില്‍ ജീവിതം ക്രമപ്പെടുത്തുകയും ചെയ്യുന്ന യഥാര്‍ഥ വിശ്വാസികളാണ് മുസ്‌ലിം ലോകത്തുള്ളതെങ്കില്‍ അവര്‍ക്കിടയില്‍ അസമാധാനം പ്രകടമാവുമായിരുന്നില്ല; സ്ത്രീകളും കുഞ്ഞുങ്ങളും പീഡിപ്പിക്കപ്പെടുമായിരുന്നില്ല. മനുഷ്യസഹജമായ അസ്വാരസ്യങ്ങള്‍ ആരിലുമുണ്ടാവാമെന്നത് വേറെ കാര്യം. അഥവാ വഴക്കും വക്കാണവും പൊട്ടിപ്പുറപ്പെട്ടാല്‍ തന്നെ താമസിയാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടുമായിരുന്നു.
പക്ഷേ, തന്റെ സമുദായം എക്കാലത്തും സമാധാനത്തിലും ഐക്യത്തിലും രമ്യതയിലും കഴിയുമെന്ന വിശ്വാസം പ്രവാചകന് ഉണ്ടായിരുന്നില്ല. ആദര്‍ശവ്യതിയാനവും അപഥസഞ്ചാരവും സംഭവിക്കുമെന്നും അന്നേരം പരിഷ്‌കര്‍ത്താക്കള്‍ രംഗത്ത് വന്ന് സമുദായത്തെ പൂര്‍വസ്ഥിതിയിലേക്ക് നയിക്കുമെന്നും നബി(സ) പ്രവചിച്ചത് അതുകൊണ്ടാണ്. വിശ്വാസിയായി പ്രഭാതത്തില്‍ ഉണരുന്നവന്‍ വൈകുന്നേരം അവിശ്വാസിയായി മാറുന്ന കലികാലം വരെ അദ്ദേഹം ദീര്‍ഘ ദര്‍ശനം ചെയ്തിട്ടുണ്ട്. കലഹിക്കാനും ചോരചിന്താനുമുള്ള മനുഷ്യന്റെ ജന്മവാസനയെപ്പറ്റി തികച്ചും ബോധവാനായിരുന്നത് കൊണ്ടാണ് വിടവാങ്ങള്‍ ഹജ്ജ് വേളയില്‍ അനുചരന്മാരോടായി ആ മഹാനുഭാവന്‍ ചെയ്ത ചരിത്ര പ്രധാനമായ പ്രസംഗത്തില്‍ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചത്: ''ഈ നാട്-മക്ക- ഈ മാസം - ഹജ്ജ് മാസം- ഈ ദിവസം-അറഫാ ദിവസം-എപ്രകാരം നിങ്ങള്‍ക്ക് പവിത്രമാണോ അപ്രകാരം നിങ്ങളുടെ രക്തവും ധനവും മാനവും നിങ്ങള്‍ക്ക് പവിത്രമാകുന്നു. അതിനാല്‍ എനിക്ക് ശേഷം പരസ്പരം കഴുത്തറുക്കുന്ന ധിക്കാരികളായി നിങ്ങള്‍ മാറരുത്.'' ശ്രേഷ്ഠ പ്രവാചകന്റെ മാതൃക അനുധാവനം ചെയ്‌തേടത്തോളം കാലം മുസ്‌ലിംകള്‍ സമാധാനപൂര്‍വം ജീവിച്ചു, ലോകത്തിന് ശാന്തിയുടെയും സാഹോദര്യത്തിന്റെയും മാതൃകകളായി, ശക്തിയും കരുത്തും തെളിയിച്ചു. ഇന്നോ? പൂര്‍വ സമുദായങ്ങളെ കവച്ചുവെക്കുന്ന വിധം അന്ധവിശ്വാസികളും അവിവേകികളും അധര്‍മകാരികളും അനൈക്യത്തിന്റെ മാതൃകകളുമായി മാറിയിരിക്കുന്നു മുസ്‌ലിം സമൂഹം. അതിനാല്‍ പ്രവാചകന്‍ തന്നെ പ്രവചിച്ചപോലെ ഇതര സമുദായങ്ങള്‍ ചെന്നായ്ക്കള്‍ ആട്ടിന്‍കുട്ടികളുടെ മേല്‍ എന്ന പോലെ അവരുടെ മേല്‍ ചാടിവീഴുന്നു. ചെന്നായ്ക്കളെ പോലും തിരിച്ചറിയാനാവാതെ അവരോടൊപ്പം ചേരുന്നു ഒരു വിഭാഗം! നാമമാത്ര മുസ്‌ലിം ഭരണാധികാരികളുടെ ഏറ്റവും വലിയ ശത്രു ഇസ്‌ലാമാണ്. ധൂര്‍ത്തും ദുര്‍വ്യയവും സുഖലോലുപതയും അവരെ ഭീരുക്കളും ചകിതരുമാക്കി മാറ്റിയിരിക്കുന്നു. ഭൗതികതയോടുള്ള ആസക്തിയും മരണഭയവും അവരെ പതിതരും ദുര്‍ബലരുമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നാലോ, ഇസ്‌ലാമിനെ പൂര്‍ണമായി കൈയൊഴിക്കാന്‍ പേടിയും മടിയും. അതുകൊണ്ടാണ് സ്വൂഫിസവും ത്വരീഖത്തും അരാഷ്ട്രീയ ഇസ്‌ലാമുമൊക്കെയായി ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നത്.
അതോടൊപ്പം സോവിയറ്റ് യൂനിയന്റെ തിരോധാനത്തിനു ശേഷം ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും മുസ്‌ലിം കൂട്ടായ്മകളെയും മുഖ്യശത്രുക്കളായി കാണുന്ന സാമ്രാജ്യത്വവും ഇസ്‌ലാമിന്റെ ആജന്മ ശത്രുക്കളായ സയണിസ്റ്റുകളും മറ്റു ആത്യന്തിക ദേശീയവാദികളും നടത്തിക്കൊണ്ടിരിക്കുന്ന നെറികെട്ട പ്രോപഗണ്ടയും കണ്ടില്ലെന്ന് നടിക്കാനാവില്ല. മുസ്‌ലിം ലോകത്തും സമൂഹങ്ങളിലും നടക്കുന്ന നല്ലതിനെയെല്ലാം തമസ്‌കരിക്കുകയും ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിക്കുകയും ഒപ്പം ഇതര സമൂഹങ്ങളിലെ അതിക്രമങ്ങളെയും കൊള്ളരുതായ്മകളെയും വെള്ള പൂശുകയും ചെയ്യുന്നതാണ് അവരുടെ രീതി. ഈ ഇരട്ടത്താപ്പിനെയും കാപട്യത്തെയും തുറന്നു കാട്ടാതെ വയ്യ.

കെ.ടി ജലീലിന്റെ പുതിയ കണ്ടെത്തലുകള്‍!

''എല്ലാ മതങ്ങളുടെയും അടിസ്ഥാനം ഹിന്ദുമതമാണെന്നും ക്രിസ്ത്യന്‍, ഇസ്‌ലാം മതങ്ങള്‍ ഇന്ത്യയിലേക്ക് കടന്നുവന്നതാണെന്നും കെ.ടി ജലീല്‍. കാസര്‍കോട് മുഖ്യധാരാ മാസികയുടെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പ്രാചീനമെന്നവകാശപ്പെടാന്‍ സാധിക്കുന്നത് ഹിന്ദുമതത്തിനാണ്. ഇന്ത്യയില്‍ അടിസ്ഥാനപരമായി എല്ലാവരും ഹിന്ദുമതവിശ്വാസികളാണ്. ഇസ്‌ലാം ഇന്ത്യയിലേക്ക് വന്നപ്പോള്‍ ഇന്ത്യനൈസേഷന്‍ സംഭവിച്ചു. അതുകൊണ്ടാണ് ക്ഷേത്രങ്ങളിലെ ഉത്സവം പള്ളികളില്‍ ഉറൂസായും, വിദ്യാരംഭം പൊന്നാനി പള്ളിയില്‍ എഴുത്ത് പെരുന്നാള്‍ ആയും ആഘോഷിക്കുന്നത്. മുസ്‌ലിം രാജ്യങ്ങളില്‍ ഇത് രണ്ടുമില്ല.
ക്രിസ്ത്യാനികളുടെ പള്ളിപ്പെരുന്നാളും ക്ഷേത്രോത്സവത്തിന്റെ അനുകരണമാണ്. പൊതുവേദിയില്‍ നിലവിളക്ക് കത്തിക്കുന്നതില്‍ തര്‍ക്കം തുടരുമ്പോഴും പ്രാചീന പള്ളികളില്‍ ഈ സമ്പ്രദായമുണ്ട്. ഇന്ത്യയിലേക്ക് കടന്നുവന്ന മതങ്ങള്‍ ഇന്ത്യാവത്കൃതമായ രൂപമാണ് പിന്തുടരുന്നതെന്നും മറ്റു രാജ്യങ്ങളില്‍ ഈ സവിശേഷത കാണാനില്ലെന്നും ജലീല്‍ പറഞ്ഞു'' (തേജസ് ദിനപത്രം 8-10-2014). ഇസ്‌ലാമിക സമൂഹത്തെ അമ്പരപ്പിക്കുന്ന കെ.ടി ജലീലിന്റെ പുതിയ കണ്ടെത്തലുകളെക്കുറിച്ച് മുജീബ് എങ്ങനെ പ്രതികരിക്കുന്നു?
ടി. മൊയ്തു മാസ്റ്റര്‍ പെരിമ്പലം


ഇന്ത്യയില്‍ നിലവിലുള്ള മതാവസ്ഥകളെക്കുറിച്ചാവാം കെ.ടി ജലീലിന്റെ പരാമര്‍ശങ്ങള്‍. ഹിന്ദുമതം എന്ന പേരില്‍ ഒരു മതമുണ്ടോ എന്ന കാര്യം ഹൈന്ദവ പണ്ഡിതന്മാര്‍ക്കും ചരിത്രകാരന്മാര്‍ക്കുമിടയിലെ വിവാദ വിഷയമാണ്. എങ്കിലും സനാതന ധര്‍മം എന്ന പേരില്‍ അറിയപ്പെടുന്ന മതത്തിന് ആര്യന്മാരുടെ വൈദിക കാലഘട്ടത്തോളം പഴക്കമുണ്ട്. പിന്നീടാണ് 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബുദ്ധമതം പിറവിയെടുത്തത്. ക്രിസ്തുമതം ഇന്ത്യയിലേക്ക് വന്നത് സെന്റ് തോമസിന്റെ കാലഘട്ടത്തിലാണെന്ന ഐതിഹ്യം മുഖവിലക്കെടുത്താല്‍ പോലും അതിന് ഹിന്ദുത്വത്തോളം പഴക്കമില്ല. ഇസ്‌ലാമാകട്ടെ, ഹിജ്‌റ ഒന്നാം ശതകത്തില്‍ മുഹമ്മദ് ബിന്‍ ഖാസിമിന്റെ സിന്ധാക്രമണത്തോടെയാണ് ഇന്ത്യയിലേക്ക് വരുന്നത്.
മതങ്ങള്‍ അവയുടെ ഉത്ഭവസ്ഥാനത്ത് നിന്ന് ഏത് രാജ്യത്തേക്ക് ചെന്നാലും അവയുടെ അനുയായികളായി വരുന്നവരില്‍ പ്രാദേശിക സംസ്‌കാരങ്ങളുടെയും ആചാരങ്ങളുടെയും സ്വാധീനം ഒരളവോളം അവശേഷിക്കാതിരിക്കില്ല. ഇതെല്ലാം അപ്പാടെ തെറ്റാണെന്ന് പറയാനും പറ്റില്ല. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം ആഹാരക്രമം, വേഷവിധാനങ്ങള്‍, ആചാര സമ്പ്രദായങ്ങള്‍ എന്നിവയിലൊക്കെ ഏകദൈവവിശ്വാസത്തിന് നിരക്കാത്തതോ തെറ്റുകളിലേക്കും തിന്മയിലേക്കും നയിക്കുന്നതോ അധാര്‍മികമോ ആയ കാര്യങ്ങളെ മാത്രമേ വിലക്കിയിട്ടുള്ളൂ. എല്ലാറ്റിലും അറേബ്യന്‍ സംസ്‌കൃതി അപ്പടി പകര്‍ത്തണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നില്ല. നബി(സ) തന്നെ ജാഹിലിയ്യാ കാലത്തെ നല്ലതായ സമ്പ്രദായങ്ങളെ നിലനിര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് പ്രാമാണികമായി ഉദ്ധരിക്കപ്പെട്ടതാണ്. സനാതന ധര്‍മം തന്നെ ഏകദൈവത്വത്തിലൂന്നുന്നതായിരുന്നു എന്ന വീക്ഷണം പ്രബലമായിരിക്കെ വിഗ്രഹാരാധനാപരമായ നിലവിലെ ഹിന്ദുത്വമായിരുന്നു എല്ലാ മതങ്ങളുടെയും അടിസ്ഥാനം എന്നാര് വാദിച്ചാലും ശരിയല്ല.

ന്യൂനപക്ഷ വര്‍ഗീയതയെ താലോലിക്കുന്നു?

''ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കുമ്പോഴും ന്യൂനപക്ഷ വര്‍ഗീയതയെ താലോലിക്കുന്നുവെന്ന ആരോപണം സി.പി.എമ്മിനെതിരെ ഉന്നയിക്കപ്പെടാറുണ്ട്. കണ്ണൂര്‍ മറ്റൊരു മലപ്പുറമായേക്കാമെന്ന് അവിടത്തെ തീവ്രവാദ ക്യാമ്പുകളും മത വെറിയും സൂചിപ്പിക്കുന്നു'' (പച്ചക്കുതിര മാസിക, 2014 ആഗസ്റ്റ്). സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയോടുള്ള, മാസികയുടെ പ്രതിനിധിയുടെ ഇത്തരമൊരു ചോദ്യം കേരളം എങ്ങോട്ട് പോകുന്നു എന്നതിന്റെ സൂചനയല്ലേ?
വി.പി അബ്ദുര്‍റസ്സാഖ് മുന്നിയൂര്‍


രാജ്യത്തെ മതേതര പാര്‍ട്ടികള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം കടുത്ത ആശയക്കുഴപ്പത്തിലും ചിന്താപരമായ ശൈഥില്യത്തിലും പെട്ടുഴലുകയാണ്. ഹിന്ദുത്വശക്തികളുടെയും നരേന്ദ്രമോദിയുടെയും മേധാവിത്വത്തെ അവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് പ്രധാന കാരണം. ജനങ്ങളില്‍ നിന്നുള്ള ഒറ്റപ്പെടലും നേതൃത്വക്ഷയവും കളങ്കിത ഭൂതകാലവും ഒരുമിച്ചു വേട്ടയാടുന്ന കോണ്‍ഗ്രസ്സിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാണെങ്കില്‍ പാര്‍ലമെന്റില്‍ രണ്ടക്കം തികക്കാന്‍ പാട് പെടേണ്ടിവന്ന ഇടതുപക്ഷത്തിന് മുമ്പിലും തിരിച്ചുവരവിന്റെ വഴി തുറന്നുകിട്ടിയിട്ടില്ല. ഇതുമൂലം പിടികൂടിയ ചാഞ്ചല്യവും ദിശാബോധമില്ലായ്മയുമാണ് പരാജയ കാരണങ്ങളുടെ വിശകലനത്തിലും പ്രകടമാവുന്നത്. കേരളത്തില്‍ യു.ഡി.എഫിലെ അന്തഃഛിദ്രതയില്‍ നിന്നോ മുരടിപ്പില്‍ നിന്നോ മുതലെടുക്കാന്‍ പോലും കഴിയാതെ പോയ ഇടതുപക്ഷം-വിശേഷിച്ചും സി.പി.എം-ഇരുട്ടില്‍ തപ്പുകയാണ് എന്ന് തന്നെ പറയണം. എം.എ ബേബിയുടെ വിശകലനം പ്രതിഫലിപ്പിക്കുന്നതുംഅതുതന്നെ.
2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുമായി പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ വേദി പങ്കിട്ടതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങളും തന്മൂലം ഏറ്റുവാങ്ങേണ്ടിവന്ന തിരിച്ചടിയും തിരിച്ചറിഞ്ഞ് സി.പി.എം തുടര്‍ന്നിങ്ങോട്ട് ഏറെ കരുതലോടെയാണ് നീങ്ങിയത്. മഅ്ദനിയെ തള്ളിപ്പറയുകയും അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോവാന്‍ കര്‍ണാടക പോലീസിനെ സഹായിക്കുകയും ചെയ്തു. തത്ത്വാധിഷ്ഠിത പിന്തുണ നല്‍കിവന്ന ജമാഅത്തെ ഇസ്‌ലാമിയെ അകാരണമായും അസ്ഥാനത്തും കടന്നാക്രമിച്ചു. രൂക്ഷമായ എതിര്‍പ്പിന്റെ കുന്തമുന മുസ്‌ലിം ലീഗിന് നേരെ തിരച്ചുവെച്ചു. എന്നിട്ടൊന്നും ഈ തെരഞ്ഞെടുപ്പില്‍ മെച്ചമുണ്ടായില്ലെങ്കില്‍ സി.പി.എം ന്യൂനപക്ഷ വര്‍ഗീയതയെ താലോലിക്കുന്നു എന്ന പ്രചാരണമല്ല തിരിച്ചടിക്ക് കാരണമെന്ന് മനസ്സിലാക്കേണ്ടിവരും. പാര്‍ട്ടിയില്‍ അംഗസംഖ്യ കുറഞ്ഞുവരുന്നതും പോഷക സംഘടനകള്‍ നിര്‍വീര്യമായതും അണികളെ ഇഛാഭംഗം ബാധിച്ചതുമെല്ലാം മറ്റു ചില കാരണങ്ങളാലാണെന്ന് സൂക്ഷ്മമായ അപഗ്രഥനം വ്യക്തമാക്കും. സി.പി.എമ്മിന്റെ കണ്ണൂര്‍ കോട്ടക്ക് വിള്ളലുകള്‍ സംഭവിക്കുകയും അണികളില്‍ നല്ലൊരു വിഭാഗത്തെ ഹിന്ദുത്വവാദികള്‍ റാഞ്ചുകയും ചെയ്യുന്നുവെങ്കില്‍ മുസ്‌ലിം തീവ്രവാദത്തിന്റെ വളര്‍ച്ചയല്ല അതിന് നിമിത്തമാവുന്നത്. പാര്‍ട്ടിയില്‍ പ്രതീക്ഷ നശിച്ച ഭൂരിപക്ഷ സമുദായക്കാര്‍ തീവ്ര വലതുപക്ഷത്തേക്കും മുസ്‌ലിംകള്‍ സാമുദായിക കൂട്ടായ്മകളിലേക്കും ചേക്കേറുകയാവാം.
കണ്ണൂര്‍ മറ്റൊരു മലപ്പുറമാവുകയാണെന്ന ആശങ്ക തീര്‍ത്തും അപകടകരമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. മലപ്പുറത്ത് മുസ്‌ലിം തീവ്രവാദം ശക്തിപ്പെടുന്നു എന്ന ദുര്‍ധ്വനി അതിലുണ്ട്. അവിടെ മതവെറി വളരുകയാണെന്നതാകട്ടെ, അടിസ്ഥാനരഹിതമായ ആരോപണവും. സംസ്ഥാനത്ത് ഏറ്റവും പ്രശംസാര്‍ഹമായി മതസൗഹൃദവും പരമത സഹിഷ്ണുതയും നിലനില്‍ക്കുന്ന ജില്ലകളിലൊന്നാണ് മലപ്പുറം. പോപ്പുലര്‍ ഫ്രണ്ടിനെ ഉദ്ദേശിച്ചാണ് ചോദ്യകര്‍ത്താവിന്റെ വാക്കുകളെങ്കില്‍ അത് മലപ്പുറത്തേക്കാള്‍ ശക്തമണ് കണ്ണൂര്‍-കാസര്‍കോട് മേഖലകളില്‍. അതിന് വഴിയൊരുക്കിയത് സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയവും. അരിയില്‍ ശുക്കൂര്‍ വധം പോലുള്ള നിഷ്ഠുര കൃത്യങ്ങള്‍ പാര്‍ട്ടിക്കേല്‍പിച്ച ഗുരുതരമായ പരിക്കുകള്‍ കണ്ണൂരിന് പുറത്ത് ജീവിക്കുന്ന ബേബിയെ പോലുള്ള നേതാക്കളെങ്കിലും കാണാതെ പോവരുത്. കൊലക്കത്തി സി.പി.എമ്മിന്റെ കൈയില്‍ സമാധാനോപകരണവും മറ്റുള്ളവരുടെ കൈയില്‍ തീവ്രവാദായുധവും ആവുന്നതിലെ വൈരുധ്യം ഇനിയെങ്കിലും പാര്‍ട്ടിക്ക് തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ട്.

ബഹുഭാര്യാത്വത്തെപ്പറ്റി തന്നെ

ജിഹാദുകളില്‍ നിരവധി പേര്‍ വിധവകളായപ്പോള്‍ അവരെ സ്വീകരിച്ച് സംരക്ഷിക്കാന്‍ തല്‍ക്കാലം കൊണ്ടുവന്ന നിയമമല്ലേ ബഹുഭാര്യാത്വം? തുല്യ നീതിയോടെ ഭാര്യമാരെ നോക്കാന്‍ കഴിയുന്നവരോട് മാത്രമല്ലേ ബഹുഭാര്യാത്വം സ്വീകരിക്കാന്‍ പറഞ്ഞിട്ടുള്ളൂ. ഈ നിബന്ധന ശരീഅത്ത് നിയമത്തില്‍ ഒഴിവാക്കിയതുകൊണ്ടല്ലേ തോന്നുവര്‍ക്കെല്ലാം നാലു കെട്ടാന്‍ അവസരം കിട്ടിയത്? മാത്രമല്ല, പിന്നീട് ഇറങ്ങിയ വചനത്തില്‍ ലോകത്ത് ആര് വിചാരിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യ നീതി നടപ്പിലാക്കാനാവില്ലെന്ന മുന്നറിയിപ്പ് ബഹുഭാര്യാത്വത്തിന്റെ അപ്രായോഗികതയല്ലേ തെളിയിക്കുന്നത്? അതംഗീകരിക്കാതെയല്ലേ പുരുഷന്റെ സ്വാര്‍ഥ താല്‍പര്യത്തിന് വേണ്ടി ലോകാവസാനം വരെ ബഹുഭാര്യാത്വം നിലനിര്‍ത്താന്‍ പോരാടുമെന്ന് പറയുന്നവരുടെ ലക്ഷ്യം? അങ്ങനെയെങ്കില്‍ നബിയുടെ കാലത്തുണ്ടായിരുന്ന അടിമ വ്യാപാരവും മുത്ത്അ വിവാഹവും പുനഃസ്ഥാപിക്കാനും ഇവര്‍ പോരാടാന്‍ തെരുവിലിറങ്ങേണ്ടേ?
ഇ. അസീസ് വേട്ടേക്കോട്, മഞ്ചേരി


ഭൂമുഖത്ത് മനുഷ്യവാസവും കുടുംബജീവിതവും ആരംഭിച്ചത് മുതല്‍ നിലനിന്ന് വന്നതാണ് ബഹുഭാര്യാത്വം. ശ്രീകൃഷ്ണന് 16000 ഭാര്യമാരുണ്ടായിരുന്നുവെന്നത് ഐതിഹ്യമാണെങ്കിലും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ അനിയന്ത്രിത ബഹുഭാര്യാത്വം നിലനിന്നിരുന്നു എന്ന സത്യത്തിന് അത് അടിവരയിടുന്നു. യഹൂദരുടെ വേദത്തില്‍ സോളമന്‍ ചക്രവര്‍ത്തിക്ക് 99 ഭാര്യമാര്‍ ഉണ്ടായിരുന്നതായി പറയുന്നുണ്ട്. രാജാക്കന്മാര്‍ക്കും പ്രഭുക്കള്‍ക്കും ഗോത്രത്തലവന്മാര്‍ക്കും അനേകം ഭാര്യമാരുണ്ടായിരുന്നത് അടുത്തകാലം വരെയുള്ള ചരിത്രം. അതിനാല്‍ യുദ്ധങ്ങള്‍ മൂലം നിരവധി സ്ത്രീകള്‍ വിധവകളായപ്പോള്‍ അവരുടെ രക്ഷക്ക് ഇസ്‌ലാം കൊണ്ടുവന്ന ഏര്‍പ്പാടാണ് ബഹുഭാര്യാത്വം എന്ന പ്രസ്താവം വസ്തുതയല്ല. മറിച്ച് നാലുവരെ സ്ത്രീകളെ മാത്രമേ വിവാഹം ചെയ്യാവൂ എന്ന ഖുര്‍ആന്‍ സുക്തം അവതരിച്ചപ്പോള്‍, നാലിലധികം ഭാര്യമാരുണ്ടായിരുന്ന മുആവിയ, ഗൈലാനുസ്സഖഫി തുടങ്ങിയവരോട് നാലില്‍ പരിമിതപ്പെടുത്താന്‍ നബി കല്‍പിച്ചതായി ചരിത്രത്തിലുണ്ട്.
എന്നാല്‍, ബഹുഭാര്യാത്വം സോപാധികമായ അനുമതി മാത്രമാണെന്നത് ശരിയാണ്. ഒന്നിലധികം ഭാര്യമാര്‍ക്കിടയില്‍ നീതിപാലിക്കാന്‍ കഴിയില്ലെന്ന് ആശങ്കിക്കുന്നവര്‍ ഒന്നു കൊണ്ട് തൃപ്തിപ്പെടണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്. പക്ഷേ, നീതി എന്നുപ റഞ്ഞാല്‍ എല്ലാ ഇണകളെയും ഒരേ രീതിയില്‍ സ്‌നേഹിക്കുക എന്നുദ്ദേശ്യമല്ല. അത് മനുഷ്യ സാധ്യവുമല്ല. അതിനാല്‍ ഒരുവളോട് മാത്രം അടുപ്പം കാണിക്കുകയും മറ്റുള്ളവരെ കയറില്ലാതെ കെട്ടിയിടുന്ന രീതിയില്‍ പെരുമാറുകയും ചെയ്യരുതെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നു. 'നിങ്ങളെത്ര ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ നീതി പാലിക്കാന്‍ കഴിയില്ല' എന്ന വചനത്തിന്റെ ബാക്കി ഭാഗമാണ് 'അതിനാല്‍ നിങ്ങള്‍ പൂര്‍ണമായി ഒരുവളിലേക്ക് ചാഞ്ഞുകളയരുത്' എന്ന വാക്യം. അവസാന ഭാഗം വിട്ടുകളയുന്നത് ഖുര്‍ആനോട് ചെയ്യുന്ന നീതിയല്ല. ഇതൊന്നും പക്ഷേ ഇണകളോട് അനീതി ചെയ്യാനുള്ള ന്യായീകരണമായിക്കൂടാ. സ്‌നേഹവും കാരുണ്യവുമാണ് ദാമ്പത്യജീവിതത്തിന്റെ അടിത്തറകളെന്നത് ഖുര്‍ആന്റെ അനിഷേധ്യ സന്ദേശമാണ്. അതിന് ഹാനികരമാവുന്ന ഒരു പെരുമാറ്റവും ആണില്‍ നിന്നോ പെണ്ണില്‍ നിന്നോ ഉണ്ടായിക്കൂടാ. കുടുംബകലഹത്തിലേക്കും ദാമ്പത്യത്തകര്‍ച്ചയിലേക്കും നയിക്കുമെങ്കില്‍ 'ഹലാലുകളെ' ഉപേക്ഷിക്കുകയാണ് വിവേകശാലികളുടെ വഴി. ശരീഅത്തിന്റെ അക്ഷരങ്ങളില്‍ കടിച്ചുതൂങ്ങി വഴക്കും വക്കാണവുമായി മുന്നോട്ട് കൊണ്ടുപോവേണ്ടതല്ലല്ലോ സ്വാസ്ഥ്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രഭവകേന്ദ്രമായ കുടുംബജീവിതം. സ്ത്രീ-പുരുഷ അനുപാതം അപകടകരമാംവിധം കുറഞ്ഞുകൊണ്ടിരിക്കെ ബഹുഭാര്യാത്വത്തിന്റെ പ്രായോഗികതയും ചിന്താര്‍ഹമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /31-35
എ.വൈ.ആര്‍