Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 31

ഹിജ്‌റ: അവിസ്മരണീയമായ ആ ത്യാഗങ്ങള്‍ <br>എന്തിനുവേണ്ടിയായിരുന്നു?

മാലിക് ശബാസ് കെ. /ലേഖനം

         പ്രവാചക ചരിത്രത്തിലെ സുപ്രധാന സംഭവമാണ് മദീനയിലേക്കുള്ള പലായനം. ആ യാത്ര ചരിത്രത്തെ മുഴുവനും മാറ്റി മറിച്ചു. ഇസ്‌ലാമിക രാഷ്ട്രത്തിന് അടിത്തറ പാകി. അതുവഴി മദീനയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ സ്വാധീനിക്കാന്‍ മാത്രം ശക്തമായ, അന്യൂനമായി ഇസ്‌ലാമിന്റെ പ്രതിനിധാനം നിര്‍വഹിക്കാന്‍ സാധിക്കുന്ന സമൂഹത്തിന്റെ സംവിധാനം സാധ്യമായി. ഇങ്ങനെയുള്ള ഒരു യാത്ര കേവലം ഉപരിപ്ലവമായി മാത്രം വിലയിരുത്തുന്നത് ചരിത്രത്തിന്റെ ശരിയായ വായനയായിരിക്കുകയില്ല. കേവലം ഒളിച്ചോട്ടമായിരുന്നുവെങ്കില്‍ അതിന് സവിശേഷമായ ഒരു പ്രാധാന്യവുമില്ല. രക്തസാക്ഷ്യത്തിന് നിരന്തരം അനുയായികളെ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത പ്രവാചകന്‍ അതിന് അവസരമൊരുങ്ങിയിട്ടും കാത്തു നില്‍ക്കാതെ മദീനയെ ലക്ഷ്യമാക്കി യാത്ര തിരിച്ചത് എന്തുകൊണ്ടായിരുന്നു? പ്രവാചക ചരിത്രത്തിലെ മറ്റെല്ലാ സംഭവങ്ങള്‍ക്കുമപ്പുറം സ്വഹാബത്ത് ഇസ്‌ലാമിക കാലഗണനയുടെ അടിസ്ഥാനമായി ഹിജ്‌റയെ നിശ്ചയിക്കാന്‍ എന്ത് പ്രത്യേകതയാണതിനുള്ളത്?
പ്രവാചകന്റെ യഥാര്‍ഥ നിലപാട് ഇവിടെ പ്രധാനമാണ്. മുഹമ്മദ് നബി മുഴുവന്‍ മനുഷ്യരാശിയിലേക്കുമാണ് നിയോഗിതനായത്; അദ്ദേഹത്തിലൂടെ ദൈവിക സന്മാര്‍ഗത്തിന്റെ പൂര്‍ണവും അന്തിമവുമായ രൂപം അല്ലാഹു അവതരിപ്പിച്ചു. അദ്ദേഹം അന്ത്യപ്രവാചകനാണ്; അദ്ദേഹത്തിന് ശേഷം പ്രവാചകന്മാര്‍ നിയോഗിക്കപ്പെടുകയില്ല. അതിനാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെ ഇസ്‌ലാം പൂര്‍ണമായും പ്രായോഗികമായി സ്ഥാപിക്കപ്പെടണം. എങ്കില്‍ മാത്രമേ അത് ഇസ്‌ലാമിന്റെ ചോദ്യം ചെയ്യപ്പെടാത്ത മാതൃകയാവുകയുള്ളു; പിന്‍തലമുറക്ക് അവലംബവും. നുബുവ്വത്തിന്റെ പിന്‍ബലമില്ലാത്ത ഏതൊന്നും ഇസ്‌ലാമില്‍ വിമര്‍ശന വിധേയമാണ്. ഇസ്‌ലാമിന്റെ വിവിധ വശങ്ങള്‍ മറ്റാര് പ്രായോഗികമാക്കിയാലും അക്കാരണത്താല്‍ അത് സര്‍വാത്മനാ അംഗീകരിക്കപ്പെടുന്നതാവുകയില്ല. പ്രവാചകന്റെ സാന്നിധ്യത്തില്‍ സ്ഥാപിക്കപ്പെടാത്ത ഏതൊരു വശവും ഇസ്‌ലാമിന്റെ അവിഭാജ്യമായ ഘടകമായിത്തീരുകയില്ല. നുബുവ്വത്തിന്റെ അടിത്തറയില്‍ നിന്നുള്ള വികാസത്തിന് മാത്രമേ ആധികാരികതയുള്ളൂ.
അതുകൊണ്ട് ദീനിനെ അതിന്റെ എല്ലാ വിശാലതയോടും കൂടി പ്രയോഗവത്കരിക്കുകയെന്നത് അദ്ദേഹത്തിന്റെ ദൗത്യമായി നിശ്ചയിക്കപ്പെട്ടു. ''അല്ലാഹുവാണ് തന്റെ ദൂതനെ നേര്‍മാര്‍ഗവും സത്യമതവുമായി നിയോഗിച്ചത്; മറ്റെല്ലാ ജീവിതക്രമങ്ങളേക്കാളും അതിനെ വിജയിപ്പിച്ചെടുക്കാന്‍. ബഹുദൈവാരാധകര്‍ക്ക് അതെത്ര അനിഷ്ടകരമാണെങ്കിലും'' (അസ്സ്വഫ് 9).
ജനങ്ങളെ മരണാനന്തര ജീവിതവിജയത്തിന് പ്രാപ്തരാക്കുകയെന്നത് പ്രവാചക ദൗത്യത്തില്‍ മൗലിക പ്രധാനമാണ്. അതോടൊപ്പം ദൈവിക വ്യവസ്ഥക്ക് കീഴില്‍ മാനവിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും വിലമതിക്കപ്പെടുന്ന ലോകത്തെ സംവിധാനിക്കുകയെന്നതും ഇസ്‌ലാമിന്റെ ഉദ്ദേശ്യമാണ്. പ്രവാചകന്റെ ഉത്തരവാദിത്വത്തെ കുറിച്ച് 'ഇള്ഹാറുദ്ദീന്‍' (ദീനിനെ വിജയിപ്പിച്ചെടുക്കല്‍) എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തിയതിലെ ഊന്നല്‍ അതാണ്. അതാണ് തന്റെ ദൗത്യ നിര്‍വഹണത്തിലൂടെ സാധ്യമാകാന്‍ പോകുന്നതെന്ന് പ്രബോധനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കഅ്ബയുടെ ചാരത്ത് ഖബ്ബാബുമായി നടത്തിയ സംസാരത്തിനിടെ അദ്ദേഹം പറഞ്ഞു. ''അല്ലാഹുവാണ, അവന്‍ ഈ ദീനിനെ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും. അല്ലാഹുവിനെയും, തന്റെ ആടുകളെ പിടികൂടുന്ന ചെന്നായെയുമല്ലാതെ മറ്റൊന്നിനെയും ഭയക്കാതെ 'സന്‍ആ' മുതല്‍ 'ഹദര്‍മൗത്ത്' വരെ ഒരു യാത്രക്കാരന് നിര്‍ഭയമായി സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യം സംജാതമാകും.''
ഈ സാമൂഹിക ഘടനയെ സ്ഥാപിച്ചെടുക്കുന്നതുകൂടി ലക്ഷ്യമാക്കിയുള്ളതായിരുന്നു പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍. മക്കയില്‍ രഹസ്യമായും പിന്നീട് പരസ്യമായും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച പ്രവാചകന് പക്ഷേ, ഈ സാമൂഹിക ഘടനയുടെ സംവിധാനം മക്കയില്‍ തല്‍ക്കാലം സാധ്യമാവുകയില്ലെന്ന് ബോധ്യപ്പെട്ടു. ആശയ പ്രബോധനം സ്വതന്ത്രമായി നിര്‍വഹിക്കപ്പെടുമ്പോള്‍ മാത്രമാണ് അത് സാധ്യമാകുന്നത്. ഇസ്‌ലാമിന്റെ സാമൂഹിക വിപ്ലവവും രാഷ്ട്രനിര്‍മിതിയും പൊടുന്നനെയുള്ള അട്ടിമറിയിലൂടെയോ സൈനിക ഇടപെടലിലൂടെയോ സാധിക്കേണ്ടതല്ല. ആശയ പ്രബോധനവും പ്രചാരണവുമാണ് അതിന് അടിത്തറയിടേണ്ടത്. ദിവസങ്ങള്‍ കഴിഞ്ഞുപോകുന്നതിനനുസരിച്ച്  മക്കയില്‍ ഇസ്‌ലാമിക പ്രബോധനത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടുകൊണ്ടിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ തന്റെ നവലോകത്തിന് അടിത്തറയിടുക പ്രയാസകരമായിരിക്കുമെന്ന് ബോധ്യപ്പെട്ട പ്രവാചകന്‍ അതിനനുയോജ്യമായ മറ്റു പ്രദേശങ്ങള്‍ പരതിത്തുടങ്ങി.
ആദ്യം മനസ്സില്‍ വന്നത് എത്യോപ്യയായിരുന്നു. അങ്ങനെ കുറച്ച് അനുയായികളെ അവിടേക്കയച്ചു. രാജാവ് നജ്ജാശി മുസ്‌ലിംകള്‍ക്ക് അഭയം നല്‍കിയെങ്കിലും ക്രൈസ്തവ പാതിരിമാരുടെ ശക്തമായ സ്വാധീനം നിലനില്‍ക്കുന്നതിനാല്‍ അവിടം ഇസ്‌ലാമിന് വേരോട്ടം ലഭിക്കുക എളുപ്പമായിരുന്നില്ല. ത്വാഇഫും ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍, സത്യത്തിന്റെ ജ്വാല ഉയര്‍ത്തിപ്പിടിക്കാന്‍ മക്കക്കാരെക്കാള്‍ അയോഗ്യരാണ് തങ്ങളെന്ന് അവര്‍ തീര്‍ത്ത് തെളിയിച്ചു. അതിനാല്‍ അന്വേഷണം തുടര്‍ന്നു. മക്കയില്‍ വിദേശികള്‍ എത്തിപ്പെടുന്ന ചന്തകളുടെയും ഹജ്ജിന്റെയും സന്ദര്‍ഭങ്ങള്‍ അതിന് വേണ്ടി പ്രവാചകന്‍ പ്രയോജനപ്പെടുത്തി. വിദേശികള്‍ക്കിടയില്‍ ഇസ്‌ലാമിനെ അവതരിപ്പിച്ചു. അതിനിടയിലാണ് മദീനയിലെ യാത്രാ സംഘവുമായി അദ്ദേഹം സന്ധിക്കുന്നത്. ഒന്നാം അഖബാ ഉടമ്പടിക്ക് ശേഷം മദീനയിലെ വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കാന്‍ അവരുടെ ആവശ്യപ്രകാരം മുസ്അബ് ബ്‌നു ഉമൈര്‍ നിശ്ചയിക്കപ്പെട്ടു. ഇസ്‌ലാമിക രാഷ്ട്ര നിര്‍മാണത്തിന് പ്രവാചകന്റെ പാദമുറപ്പിക്കാന്‍ പരിസരമൊരുക്കുകയായിരുന്നു മുസ്അബിന്റെ നിയോഗദൗത്യം. രണ്ടാം അഖബാ ഉടമ്പടിയോടെ മദീനയാണ് ദൗത്യപൂര്‍ത്തികരണത്തിന് സാക്ഷിയാവേണ്ടതെന്ന് ബോധ്യമായി.
ഇക്കാലത്ത് പ്രവാചകനോട് അല്ലാഹു നിര്‍ദേശിച്ച പ്രാര്‍ഥനയും ഈ ലക്ഷ്യത്തിലേക്കാണ് സൂചന നല്‍കുന്നത്. ''നീ പ്രാര്‍ഥിക്കുക: എന്റെ നാഥാ, നീ എന്റെ പ്രവേശനം സത്യത്തോടൊപ്പമാക്കേണമേ. എന്റെ പുറപ്പാടും സത്യത്തോടൊപ്പമാക്കേണമേ, നിന്നില്‍ നിന്നുള്ള ഒരധികാര ശക്തിയെ എനിക്ക് സഹായിയായി നല്‍കേണമേ. നീ പ്രഖ്യാപിക്കുക: സത്യം വന്നു. മിഥ്യ തകര്‍ന്നു. മിഥ്യ തകരാനുള്ളതു തന്നെ'' (അല്‍ഇസ്‌റാഅ് 80,81). ഇത് കൂടാതെ ഹിജ്‌റക്ക് തൊട്ടുമുമ്പ് അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിലെ അല്‍ഇസ്‌റാഅ് അധ്യായം നവലോകത്തിന്റെ നായകന്മാര്‍ക്ക് നല്‍കപ്പെടുന്ന ഉപദേശ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നേതൃത്വം ലഭിച്ചാല്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ബനൂഇസ്രാഈലിന്റെ ചരിത്രം മുന്‍നിര്‍ത്തി വിവരിക്കുന്നു. അവര്‍ക്ക് സംഭവിച്ച അബദ്ധങ്ങളെ ഓര്‍മപ്പെടുത്തുന്നു. പ്രസ്തുത ജനതയുടെ സാമൂഹിക-സാംസ്‌കാരിക-ധാര്‍മികാവസ്ഥകള്‍ എങ്ങനെയായിരിക്കണമെന്ന് അക്കമിട്ട് നിരത്തുന്നു. ഇതെല്ലാം ഹിജ്‌റ, വഹ്‌യിന്റെ  പിന്‍ബലമുള്ള രാഷ്ട്ര നിര്‍മാണത്തിലേക്കുള്ള ആസൂത്രിത ചുവടുവെപ്പാണെന്ന് വ്യക്തമാക്കുന്നു.
യാത്രക്കിടെ പ്രവാചകന്‍ സുറാഖത്തുബ്‌നു മാലികിനോട് നടത്തിയ സംസാരങ്ങളിലും ഹിജ്‌റയുടെ ലക്ഷ്യം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ''നിന്റെ കൈകളില്‍ കിസ്‌റയുടെ വളകള്‍ അണിയിക്കപ്പെട്ടാല്‍ എങ്ങനെയായിരിക്കും?'' സുറാഖ അത്ഭുതത്തോടെ ചോദിച്ചു: ''കിസ്‌റബ്‌നു ഹുര്‍മുസ് ആണോ താങ്കള്‍ ഉദ്ദേശിച്ചത്?'' പ്രവാചകന്‍ പറഞ്ഞു: ''അതെ, കിസ്‌റബുനു ഹുര്‍മുസ്.'' അഭയാര്‍ഥിയായി യാത്ര തിരിച്ച വ്യക്തിക്ക് ഇങ്ങനെ ഒരു കാലത്തെക്കുറിച്ച് പ്രവചിക്കാനാവില്ല. മറിച്ച് നിര്‍ണിതമായ ലക്ഷ്യത്തിലേക്ക് മികവാര്‍ന്ന ആസൂത്രണത്തോടെ യാത്ര തിരിച്ച വിജയിയുടെതാണ് ആ വര്‍ത്തമാനങ്ങള്‍.
ഹിജ്‌റക്ക് ശേഷം പ്രവാചകന്റെ മദീനയിലെ പ്രവര്‍ത്തനങ്ങളും ഇക്കാര്യത്തെ ബലപ്പെടുത്തുണ്ട്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടിലുള്ള ഒരു രാജ്യത്തെ രൂപപ്പെടുത്താനുള്ള പദ്ധതികളാണ് പിന്നീട് മദീനയില്‍ നടപ്പാക്കപ്പെട്ടത്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ കേന്ദ്രമായി വര്‍ത്തിക്കുന്ന ഒരു പള്ളിയുടെ നിര്‍മാണമാണ് പ്രവാചകന്റെ പ്രഥമ പരിഗണനക്ക് വിധേയമായത്. ആരാധനയുടെ മാത്രമല്ല, നീതിന്യായം, ഭരണ നിര്‍വഹണം, നിയമനിര്‍മാണം, സൈന്യം, സാമ്പത്തികം, ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങി സ്റ്റേറ്റിന്റെ ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ ആസ്ഥാനമാണ് പള്ളി നിര്‍മാണത്തിലൂടെ സ്ഥാപിക്കപ്പെട്ടതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
നബി(സ)യുടെ ആഗമനത്തോടെ മദീനയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടി. ഏഴു മാസമായപ്പോഴേക്കും ഓരോ ഗോത്രത്തിലും ഓരോ വീട്ടിലും യുവാക്കള്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിന് സ്വയം സമര്‍പ്പിതരായി മുന്നോട്ടു വന്നു. വ്യക്തി ബന്ധങ്ങള്‍ക്കപ്പുറം സാമൂഹികമായ പ്രബോധനരീതികളും ആരംഭിച്ചു. എവിടെ നിന്നും ഇസ്‌ലാമിക സാമൂഹിക ഘടനയുടെ സ്ഥാപനത്തിന് പ്രതീക്ഷയേകുന്ന അനുകൂലമായ പ്രതികരണങ്ങളുണ്ടായി.
ഭദ്രമായ ഇസ്‌ലാമിക സമൂഹത്തിന്റെ സംവിധാനം ലക്ഷ്യമാക്കിയുള്ള നടപടികളാണ് പിന്നീട് മദീനയില്‍ പ്രവാചകന്റെ ശ്രദ്ധാവിഷയമായത്. ഇള്ഹാറുദ്ദീന്‍ സാധ്യമാകാന്‍ അത് ജീവിത ലക്ഷ്യമാക്കിയെടുത്ത ചെറുതെങ്കിലും ഭദ്രമായ ഒരു സമൂഹം ആവശ്യമാണ്. അവരാണ് ആ നിര്‍മാണ പ്രക്രിയയിലെ അടിസ്ഥാന വര്‍ഗം. മക്കയില്‍ നിന്ന് മദീനയിലെത്തിയ മുഹാജിറുകളെയും മദീനയില്‍ അവര്‍ക്ക് ആതിഥ്യമരുളിയ അന്‍സ്വാറുകളെയും കറയറ്റ സാഹോദര്യത്തില്‍ കോര്‍ത്തിണക്കി മാതൃകായോഗ്യമായ ഒരു സമൂഹത്തിന് പ്രവാചകന്‍ രൂപം നല്‍കി. അതുവരെ അവര്‍ പരിചയിച്ച ബന്ധങ്ങളുടെ ഭൗതികമായ എല്ലാ മാനദണ്ഡങ്ങള്‍ക്കുമപ്പുറം ആദര്‍ശവും ലക്ഷ്യവുമാണ് അവരെ ചേര്‍ത്തുവെച്ചത്.
തുടര്‍ന്ന് എല്ലാ പ്രബല വിഭാഗങ്ങളെയും കോര്‍ത്തിണക്കി മദീനയെ ഭദ്രമാക്കി. ജൂത ക്രൈസ്തവ വിഭാഗങ്ങളുമായി കരാറുകള്‍ രൂപപ്പെടുത്തി, മദീനാ രാഷ്ട്ര പ്രഖ്യാപനം നടത്തി, ഭരണഘടനയുണ്ടാക്കി.    ജൂതന്മാരും ക്രൈസ്തവരും 15 ശതമാനത്തില്‍ താഴെ മാത്രമുള്ള മുസ്‌ലിംകളും ചേര്‍ന്ന് സ്റ്റേറ്റിന്റെ എല്ലാ പ്രത്യേകതകളുമുള്ള ഒരു ബഹുസ്വര പ്രദേശമായി മദീന ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. മദീനയില്‍ രൂപംകൊണ്ട നവ സാമൂഹിക ക്രമത്തില്‍ ജഗന്നിയന്താവായ ദൈവത്തിന്റെ അധീശത്വം അംഗീകരിക്കപ്പെട്ടു. രാഷ്ട്രീയ-നീതിന്യായ കാര്യങ്ങളിലെ അവസാനവാക്ക് മുഹമ്മദ് നബിയുടേതായിത്തീര്‍ന്നു. ദേശസുരക്ഷയുടെ കാര്യത്തില്‍ മദീനയിലെ മൂന്ന് (ജൂത-ക്രൈസ്തവ-മുസ്‌ലിം) വിഭാഗങ്ങളും സംഘടിത ശക്തിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനമായി.
ഹിജ്‌റക്ക് ശേഷം അവതീര്‍ണമായ ഖുര്‍ആന്‍ വാക്യങ്ങള്‍ സാമൂഹികവും രാഷ്ട്രീയ പ്രധാനവുമായ നിയമനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. രാഷ്ട്രത്തിലെ കുടുംബ-സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക-സൈനിക നടപടിക്രമങ്ങള്‍ അന്യൂനമാക്കാനുള്ള നിര്‍ദേശങ്ങളായിരുന്നു അവ.
പ്രവാചകന്റെ ഹിജ്‌റ അദ്ദേഹത്തിന്റെ ദൗത്യ പൂര്‍ത്തീകരണത്തിനു വേണ്ടിയുള്ള -  ഇസ്‌ലാമിന്റെ സാമൂഹിക സംവിധാനങ്ങളുടെ പ്രയോഗവത്കരണം ഉള്‍പ്പെടെ- ആസൂത്രിതമായ നീക്കമാെണന്ന ബോധ്യത്തിലാണ് ഖുര്‍ആന്റെയും ചരിത്ര യാഥാര്‍ഥ്യങ്ങളുടെയും ഈ സൂചനകള്‍ നമ്മെ കൊണ്ടെത്തിക്കുന്നത്. ഹിജ്‌റയുടെ ഈ ലക്ഷ്യവുമായി ചേര്‍ത്തുകൊണ്ടാണ് അതിലെ അവിസ്മരണീയമായ ത്യാഗങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /31-35
എ.വൈ.ആര്‍