Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 31

യമനില്‍ സംഭവിക്കുന്നത്....

ഫഹ്മീ ഹുവൈദി /കവര്‍‌സ്റ്റോറി

         ഫൂഥികള്‍ യമന്‍ തലസ്ഥാനമായ സന്‍ആയിലേക്ക് നീങ്ങുകയാണെന്നും തലസ്ഥാന നഗരി ഒരു ചെറുത്തുനില്‍പുപോലുമില്ലാതെ കീഴടങ്ങുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കാരണം, ഗവണ്‍മെന്റും ഹൂഥികളും തമ്മില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടന്നുവരുന്ന പോരാട്ടത്തില്‍ 'ചുവന്ന വര' എപ്പോഴും സന്‍ആ ആയിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 21-ന് ഇതാകെ തകിടം മറിഞ്ഞു. ഹൂഥികള്‍ തലസ്ഥാനമായ സന്‍ആ ഉപരോധിക്കുകയും പ്രധാന ഭരണ മേഖലകളെയെല്ലാം തങ്ങളുടെ വരുതിയില്‍ കൊണ്ടുവരികയും ചെയ്തു. ഏറക്കുറെ ഒരു സമ്പൂര്‍ണ ആധിപത്യം.
നടന്നത് ഒരു വിപ്ലവമാണെന്ന് പറയാന്‍ വയ്യ. നഗരം ഹൂഥികള്‍ പിടിച്ചെങ്കിലും ഭരണം അവര്‍ കൈയേറ്റിട്ടില്ല. വേണമെങ്കില്‍ അതവര്‍ക്ക് ചെയ്യാവുന്നതേയുള്ളൂ. ഒരു ബദല്‍ ഭരണകൂടം അവര്‍ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അബ്ദു റബ്ബുഹു മന്‍സ്വൂര്‍ ഹാദിയെ അവര്‍ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തിയിരിക്കുകയാണ്. ഓഫീസും സ്ഥാനമാനങ്ങളും പ്രസിഡന്റിനും, തീരുമാനങ്ങളെടുക്കാനുള്ള അധികാരം ഹൂഥികള്‍ക്കും എന്നതാണ് സ്ഥിതി.
നടന്നത് വിപ്ലവമല്ലെങ്കിലും, പല തരത്തിലുള്ള വിലയിരുത്തലുകള്‍ അതിനെ സംബന്ധിച്ച് വന്നുകൊണ്ടിരിക്കുന്നു. ബൈറൂത്തിലെ ഹിസ്ബുല്ല പോലെയാവും സന്‍ആയിലെ ഹൂഥികള്‍ എന്നാണ് ഒരു നിരീക്ഷണം. ആ വിലയിരുത്തലനുസരിച്ച്, ഹൂഥികള്‍ ഇറാന്‍ അനുകൂലികളും ജഅ്ഫരി മദ്ഹബിനൊപ്പം നില്‍ക്കുന്നവരുമാണ്. ഇറാന്റെ പദ്ധതികളാണ് അവരിലൂടെ നടപ്പാക്കപ്പെടുക. ബാബുല്‍ മന്‍ദബ് കടലിടുക്കില്‍ ആധിപത്യം കൈവരുന്നതോടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാരത്തിന്റെ നിയന്ത്രണം ഇറാന്റെ വരുതിയിലാവും.  ഇറാന്റെ താല്‍പര്യങ്ങള്‍ ബദ്ഗാദിലും സിറിയയിലും ബൈറൂത്തിലും പരിമിതമല്ലെന്നും സന്‍ആയിലേക്കും അതെത്തിയിട്ടുണ്ടെന്നും ഈ നിരീക്ഷണം പങ്കുവെക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ പാര്‍ലമെന്റ് അംഗം അലി റിദ റാസ്ഖാനിയുടെ പ്രസ്താവന അവര്‍ എടുത്തുകാട്ടുന്നുണ്ട്: ''ഇസ്‌ലാമിക വിപ്ലവത്തിന്റെ പ്രതിധ്വനി ബഗ്ദാദ്, ദമസ്‌കസ്, ബൈറൂത്ത് തുടങ്ങിയ അറബ് തലസ്ഥാനങ്ങള്‍ പിന്നിട്ട് ഇപ്പോള്‍ സന്‍ആയിലും മുഴങ്ങുന്നു'' എന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റൊരു വിഭാഗം നിരീക്ഷകര്‍ യമനില്‍ വിലായത്തുല്‍ ഫഖീഹ് ഭരണം വന്നാലുള്ള പൊല്ലാപ്പുകളെക്കുറിച്ച് വാചാലരാവുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളില്‍ ഭരണകൂടം അടിച്ചൊതുക്കിയ ഹമീദുദ്ദീന്‍ കുടുംബത്തിന്റെ ഇമാമത്ത് ഭരണം പുനഃസ്ഥാപിക്കുകയാണ് ഹൂഥികളുടെ ലക്ഷ്യം എന്ന് കരുതുന്നവരുമുണ്ട്.
ഈ വിശകലനങ്ങളൊന്നും യമനിലെ സംഭവയാഥാര്‍ഥ്യങ്ങളെ സൂക്ഷ്മമായി വായിച്ചുകൊണ്ടുള്ളതല്ല എന്നതാണ് സത്യം. മറ്റു അറബ് വസന്ത രാജ്യങ്ങളെപ്പോലെ അവര്‍ യമനെയും വായിക്കുകയാണ്. യമന്റെ രാഷ്ട്രീയ സ്ഥിതിഗതികള്‍ അവര്‍ പ്രത്യേകം പഠിക്കുന്നില്ല. യമന്റെ അടിസ്ഥാന പ്രശ്‌നം മതവിഭാഗീയതയാണ് എന്ന വാദം ശരിയല്ല. സൈദി വിഭാഗക്കാരാണ് ഹൂഥികള്‍. അവരില്‍ ഇറാനെ അനുകൂലിക്കാത്തവരും ഉണ്ട്. വിലായത്തുല്‍ ഫഖീഹ് ഭരണത്തിന് ഒരു സാധ്യതയുമില്ലാത്ത ഭൂപ്രദേശമാണ് യമന്‍. ബാബു മന്‍ദബ് കടലിടുക്ക് വഴി ഇറാന്‍ കടന്നുവരുന്നുണ്ടെങ്കില്‍ ആ വഴി ഉടനീളം കുഴിബോംബുകള്‍ നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പ്. തങ്ങള്‍ ഒട്ടും ആഗ്രഹിക്കാത്ത പരിണതിയായിരിക്കും ഇറാനെ കാത്തിരിക്കുന്നുണ്ടാവുക.
തുടക്കത്തില്‍ പോരാട്ടം വടക്കന്‍ യമനിലെ സ്വഅ്ദഃ പ്രവിശ്യയില്‍ ഹൂഥികളും ഗവണ്‍മെന്റ് സേനയും തമ്മിലായിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗമായിരുന്നു ഹൂഥികള്‍. ഭരണകൂടം അവരെ തീരെ ശ്രദ്ധിച്ചിരുന്നില്ല. അമേരിക്കന്‍ നയങ്ങള്‍ക്കൊത്ത് തുള്ളുന്ന അന്നത്തെ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിനോട് അവര്‍ക്ക് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. അവഗണനയുടെ ഫലമായി ശക്തിപ്പെട്ട ഈ പ്രതിഷേധ സമരങ്ങളെ വിഭാഗീയ പ്രവണതയായി മുദ്രകുത്തുകയാണ് ഭരണകൂടം ചെയ്തത്. ഇമാമത്ത് ഭരണം തിരിച്ചുകൊണ്ടുവരികയാണ് അവരുടെ ലക്ഷ്യമെന്ന് ഗവണ്‍മെന്റ് ആരോപിച്ചു. ആറ് വലിയ സായുധ സംഘട്ടനങ്ങളാണ് ഹൂഥികളും ഗവണ്‍മെന്റ് സേനയും തമ്മില്‍ നടന്നത്. അത് ഹൂഥികളെ പല നിലയില്‍ സ്വാധീനിക്കുമെന്ന് ഉറപ്പാണല്ലോ. ഈ പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ ഹൂഥികള്‍ക്ക് ഇറാന്‍ സഹായം നല്‍കുന്നുണ്ടെന്ന് യമനി ഭരണകൂടം ആരോപിച്ചിരുന്നു. യമന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായും അവരിതിനെ വ്യാഖ്യാനിച്ചു.
എന്നാല്‍, അന്നത്തെ പ്രസിഡന്റ് അബ്ദുല്ല സ്വാലിഹ് തുടക്കത്തില്‍ ഹൂഥികള്‍ക്കൊപ്പമായിരുന്നു. പിന്നെ അവരുമായി തെറ്റിപ്പിരിഞ്ഞു. അങ്ങനെയാണ് ആറ് സായുധ ഏറ്റുമുട്ടലുകള്‍ നടന്നത്. അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടപ്പോള്‍, അബ്ദുല്ല സ്വാലിഹ് വീണ്ടും ഹൂഥികള്‍ക്കൊപ്പം കൂടിയിരിക്കുകയാണ്. അബ്ദുല്ല സ്വാലിഹിന്റെ സന്‍ആയിലുള്ള കൂട്ടാളികള്‍ സഹായിച്ചതുകൊണ്ട് മാത്രമാണ് നഗരം ഒരു ചെറുത്തുനില്‍പ്പുമില്ലാതെ ഹൂഥികള്‍ക്ക് കീഴൊതുങ്ങിയത്. തന്നെ പുറത്താക്കിയവരോട് പ്രതികാരം ചെയ്യുകയായിരുന്നു അബ്ദുല്ല സ്വാലിഹ്. അടിസ്ഥാന പ്രശ്‌നം മതവിഭാഗീയതയോ മതവൈരമോ അല്ല എന്നതിന് തെളിവല്ലേ ഇത്?
യമനില്‍ പ്രശ്‌നം മത-മദ്ഹബ് വിഭാഗീയതയാണ് എന്ന് വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്.യമന്‍ നിവാസികളില്‍ വടക്കുള്ളവര്‍ സൈദി വിഭാഗവും തെക്കുള്ളവര്‍ സുന്നി ശാഫിഈ വിഭാഗവുമാണ്. സൈദികളില്‍ പെട്ടവരാണ് ഹൂഥികള്‍. ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച സൈദ് ബ്‌നു അലി ബ്‌നുല്‍ ഹുസൈനിലേക്കാണ് ഇവരുടെ പരമ്പര ചെന്നെത്തുന്നത്. ഇവര്‍ യഥാര്‍ഥത്തില്‍ ഇസ്‌നാ അശരിയ്യ ശീഈകളേ അല്ല; ചിലരിലൊക്കെ അവരുടെ സ്വാധീനമുണ്ടെന്ന് മാത്രം. മതവിജ്ഞാനീയ വൃത്തങ്ങളില്‍ സൈദികള്‍ ഒരു മുഅ്തസിലി വിഭാഗമായാണ് അറിയപ്പെടുന്നത് എന്നും ഓര്‍ക്കുക.
അതിക്രമികളായ ഭരണാധികാരികള്‍ക്കെതിരിലുള്ള പ്രതിഷേധമായിട്ടാണ് അടിസ്ഥാനപരമായി ഹൂഥികളുടെ രാഷ്ട്രീയം രൂപപ്പെടുന്നത് എന്നതാണ് വസ്തുത. ഇതിനെ മതകീയ അവാന്തര വിഭാഗങ്ങള്‍ തമ്മിലുള്ള കലഹമായി കാണാന്‍ കഴിയില്ല. സൈദികളുടെ ചിന്താഗതികള്‍ക്ക് നൂറ്റാണ്ടുകള്‍ കടന്നുപോയപ്പോള്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അവരിലൊരു വിഭാഗത്തിന് അടുപ്പം അഹ്‌ലുസ്സുന്നത്തിന്റെ ചിന്താധാരകളോടാണ്; മറ്റൊരു വിഭാഗം ശീഈ ഇസ്‌നാ അശരിയ്യയോടും അടുപ്പം പുലര്‍ത്തി. ഇറാനിയന്‍ വിപ്ലവത്തിന് ശേഷം ഇസ്‌നാ അശരിയ്യയെ പിന്തുണക്കുന്നവരുടെ ശബ്ദമാണ് ഉയര്‍ന്നു കേള്‍ക്കുന്നത് എന്നത് ശരിയാണ്. അവരാണ് കൂടുതല്‍ സജീവമായി രംഗത്തുള്ളതും. ഇറാനിലെ ചില കേന്ദ്രങ്ങള്‍ ഇവരുമായി അടുപ്പം പുലര്‍ത്തുകയും പലവിധ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്നതും വാസ്തവം.
മുപ്പത് മില്യന്‍ ജനസംഖ്യയുള്ള യമനില്‍ ഭൂരിപക്ഷവും സൈദികളല്ല എന്നതാണ് മറ്റൊരു വസ്തുത. മൂന്നിലൊന്ന് മാത്രമാണ് അവരുടെ ജനസംഖ്യ. മൂന്നില്‍ രണ്ടും ശാഫിഈ മദ്ഹബുകാരായ സുന്നികളാണ്. അതിനാല്‍ തന്നെ 'യമനില്‍ വിലായത്തുല്‍ ഫഖീഹ് ഭരണം വരുന്നു,' 'സന്‍ആ തെഹ്‌റാന്റെ പിടിയിലാകാന്‍ പോകുന്നു' പോലുള്ള പറച്ചിലുകള്‍ കേവലം അത്യുക്തിയും ഊഹാപോഹവുമായേ കാണാന്‍ നിവൃത്തിയുള്ളൂ.
തിരിച്ചറിയേണ്ട മറ്റൊരു സംഗതി, യമനികള്‍ അടിസ്ഥാനപരമായി ഗോത്ര ജീവിതം നയിക്കുന്നവരാണ് എന്നതാണ്. രാഷ്ട്രത്തേക്കാള്‍ കെട്ടുറപ്പും പ്രതിരോധ ശേഷിയുമുള്ളത് ഗോത്ര ഘടനക്കാണ്. യമനികളാണെങ്കിലോ ശരിക്കും ഒരു സായുധ സമൂഹവും. 'ജന്‍ബിയ്യ' (വളഞ്ഞ കത്തി) ഒരാള്‍ യമനിയാണെന്നതിന്റെ പ്രത്യക്ഷ അടയാളമാകുമ്പോള്‍, അതൊരു അലങ്കാരമായി മാറിയിട്ടുണ്ട് പൊതുജീവിതത്തില്‍. എന്നാല്‍, യമനിയുടെ യഥാര്‍ഥ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് അയാളുടെ വീട്ടിലാണ്. ഓരോ വീട്ടിലും ആവശ്യത്തിന് ആയുധങ്ങളും വെടിക്കോപ്പുകളുമുണ്ടാവും.
ഇത് സാമൂഹികമായ പ്രത്യേകത. ഭൂമിശാസ്ത്രപരമായും യമന് പ്രത്യേകതയുണ്ട്. നീണ്ട് കിടക്കുന്ന മലമടക്കുകള്‍ ഏതൊരു ശക്തിക്കും അവിടെ ആധിപത്യം ദുഷ്‌കരമാക്കുന്നു. ഉസ്മാനികള്‍ മുതല്‍ ഇംഗ്ലീഷുകാര്‍ വരെയുള്ള വൈദേശിക ശക്തികള്‍ക്ക് ചരിത്രത്തിലൊരിക്കലും അത് കീഴടങ്ങിയിട്ടില്ല. യമനിലെ അബ്‌യന്‍ പോലുള്ള ഗവര്‍ണറേറ്റുകളില്‍ അല്‍ഖാഇദ സാന്നിധ്യമുണ്ടെന്നത് യാഥാര്‍ഥ്യമാണ്. കഴിഞ്ഞ പത്തു വര്‍ഷക്കാലമായി അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗവും യുദ്ധ വിമാനങ്ങളും കിണഞ്ഞ് ശ്രമിച്ചിട്ടും അതിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭരണ സംവിധാനത്തെ അതേപടി നിലനിര്‍ത്തി ഭരണകേന്ദ്രങ്ങളില്‍ പിടിമുറുക്കാന്‍ ഹൂഥികളെ പ്രേരിപ്പിച്ചതും ഈ സാമൂഹിക ഭൂമിശാസ്ത്ര പ്രത്യേകതകളാവാം. ഭരണത്തില്‍ അര്‍ഹമായ പങ്കാളിത്തം നേടാനുള്ള നീക്കമാവാം ഒരുപക്ഷേ ഇത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /31-35
എ.വൈ.ആര്‍