Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 31

ഓര്‍മയില്‍ അബ്ദുല്‍ അഹദ് തങ്ങള്‍

അബൂ ശമീം ചെറുകുളമ്പ്

ഓര്‍മയില്‍ അബ്ദുല്‍ അഹദ് തങ്ങള്‍

         ഈയുള്ളവന്‍ രിയാദിലെ കിംഗ് സുഊദ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരിക്കെ ഐ.ആര്‍.എസ് സ്ഥാപനങ്ങളുടെ ഫണ്ട് ശേഖരണാര്‍ഥം അബ്ദുല്‍ അഹദ് തങ്ങള്‍ രിയാദിലെത്തി. വിവിധ ചാരിറ്റി കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ഞാനും തങ്ങളുടെ സഹായിയായി കൂടെയുണ്ടായിരുന്നു. നസീമിലെ ഒരു ചാരിറ്റി കേന്ദ്രത്തിലെത്തിയപ്പോള്‍ അവിടത്തെ ശൈഖ് ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. സന്ദര്‍ശന ഉദ്ദേശ്യം തിരക്കിയതിനു ശേഷം ശൈഖ് ഏതോ ഒരു ഉദാരമതിക്ക് ഫോണ്‍ ചെയ്തു. ഞങ്ങളുടെ സാന്നിധ്യത്തെക്കുറിച്ചുണര്‍ത്തി. ഉദാരമതിയുടെ അന്വേഷണത്തിനുത്തരമായി ശൈഖ് പറയുന്നതായി കേട്ടു: 'നിഷ്‌കളങ്കനും സാധുവുമായ നല്ലൊരു വിശ്വാസിയാണെന്ന് മനസ്സിലാവുന്നു.' യഥാര്‍ഥത്തില്‍ തങ്ങള്‍ സലാം പറഞ്ഞ് കൈ കൊടുത്ത് പുഞ്ചിരിയോടു കൂടി ഇരിക്കുക മാത്രമേ ചെയ്തുള്ളൂ; ഒരക്ഷരവും തങ്ങള്‍ സംസാരിച്ചിരുന്നില്ല. സംസാരിച്ചതെല്ലാം കൂടെയുണ്ടായിരുന്ന ഞങ്ങള്‍ മാത്രമായിരുന്നു. പക്ഷേ, ആ മുഖത്ത്‌നിന്ന്, ആ പെരുമാറ്റത്തില്‍ നിന്ന് ശൈഖ് തങ്ങളെ വായിച്ചെടുക്കുകയായിരുന്നു. ശേഷം ശൈഖ് ഞങ്ങളെ വീട്ടില്‍ കൊണ്ടുപോയി വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നല്‍കി. ചെറുതല്ലാത്ത ഒരു സംഖ്യയും. ഇനിയും വരണമെന്നോര്‍മിപ്പിച്ച് യാത്രയയക്കുകയും ചെയ്തു.
അബൂ ശമീം ചെറുകുളമ്പ്

തങ്ങളുടെ ആ കത്തിലുണ്ടായിരുന്നു
സമയത്തിന്റെ തര്‍ബിയത്ത്

         ആയിരം വാക്കുകളേക്കാള്‍ വാചാലമായിരുന്നു, മനസ്സില്‍ പ്രസ്ഥാന പ്രകാശം പകര്‍ന്നിരുന്ന അഹദ് തങ്ങളുടെ പുഞ്ചിരി. 1959 മുതലാണ് തങ്ങളുമായുള്ള ബന്ധം തുടങ്ങുന്നത്. പ്രസ്ഥാനവുമായി പരിചയപ്പെട്ട ഉടനെ, അതുവരെ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ അയച്ചുതരാനായി ഇരുപത്തഞ്ച് ഉറുപ്പിക മണി ഓര്‍ഡര്‍ ആയി അയച്ചു. ഒരാഴ്ച ആയപ്പോഴേക്കും അഹദ് തങ്ങള്‍ അയച്ച പാര്‍സല്‍ കെട്ട് ലഭിച്ചു. ഖുതുബാത്ത്, സത്യദീന്‍, സത്യസാക്ഷ്യം, രക്ഷാസരണി, രൂപവും യാഥാര്‍ഥ്യവും, നിര്‍മാണവും സംഹാരവും, കമ്യൂണിസം ലാഭനഷ്ടങ്ങളുടെ ആകെതുക, ബുദ്ധിയുടെ വിധി...  അങ്ങനെ കുറെ പുസ്തകങ്ങള്‍. താരതമ്യേന വില കൂടുതലുള്ള പുസ്തകം ഖുതുബാത്ത് ആയിരുന്നു- മൂന്നുറുപ്പിക.
തലശ്ശേരിക്കാരായ കെപി അബ്ദുല്‍ ഖാദര്‍ സാഹിബും സി. അബൂബക്കര്‍ മാസ്റ്ററും ഈ കുറിപ്പുകാരനും തലശ്ശേരിയില്‍ ഹല്‍ഖ ഇല്ലാതിരുന്നതിനാല്‍ പെരിങ്ങാടി ഹല്‍ഖയിലായിരുന്നു പങ്കെടുത്തിരുന്നത്. ഒ.കെ മൊയ്തു സാഹിബ് ആയിരുന്നു പ്രാദേശിക ജമാഅത്ത് അമീര്‍. അഖിലേന്ത്യാ അമീര്‍ മൗലാനാ അബുല്ലൈസ് സാഹിബ് പങ്കെടുക്കുന്ന രണ്ട് പൊതുയോഗങ്ങള്‍ കോഴിക്കോട്ടും എറണാകുളത്തുമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ച വിവരം ലഭിച്ചപ്പോള്‍ മൂന്നാമത്തെ പൊതുയോഗം തലശ്ശേരിയില്‍ അനുവദിച്ചുതരണമെന്ന അപേക്ഷയുമായി കേരള അമീര്‍ കെ.സി അബ്ദുല്ല മൗലവിയുടെ അടുത്തേക്ക് കെ.പിയെയും എന്നെയും മൊയ്തു സാഹിബ് അയച്ചു, ഞങ്ങള്‍ മേരിക്കുന്നില്‍ എത്തി. മൂന്നു മുറികളും ചെറിയ അടുക്കളയുമുള്ള കെട്ടിടം. ഒരു മുറിയില്‍ പ്രബോധനം പത്രാധിപര്‍ ടി. മുഹമ്മദ് സാഹിബ് ചിന്തയില്‍ മുഴുകി തലതാഴ്ത്തി ഇരിക്കുന്നു. അമീര്‍ കെ.സി അബ്ദുല്ല മൗലവിയുടെ മുറി മധ്യത്തിലായിരുന്നു. മൂന്നാമത്തെ മുറിയില്‍ അഹദ് തങ്ങളും ടി.കെ അബ്ദുല്ല സാഹിബും മെസേജ് ഇംഗ്ലീഷ് മാസികയുടെ പത്രാധിപരായിരുന്ന വി.പി അബ്ദുല്ല സാഹിബും. തങ്ങള്‍ സ്വതസിദ്ധമായ പുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചിരുത്തി; വന്ന വിവരം അന്വേഷിച്ചു. കെ.സിയെ ഞങ്ങള്‍ വന്ന വിവരം ബോധിപ്പിച്ചപ്പോള്‍ ചില നിബന്ധനകളോടെ അമീറിന്റെ മൂന്നാമത്തെ പൊതു പരിപാടി തലശ്ശേരിക്കനുവദിച്ചു.
തങ്ങളുടെ ആ പുഞ്ചിരി പിന്നീട് പല സന്ദര്‍ഭങ്ങളിലും ആസ്വദിക്കാന്‍ സാധിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ജമാഅത്ത് അംഗമായപ്പോള്‍ ഒരു പ്രാവശ്യം മാസാന്ത തര്‍ബിയത്ത് റിപ്പോര്‍ട്ട് അയക്കാന്‍ മൂന്നു ദിവസം വൈകി. ഉടനെ വിശദീകരണം തേടിക്കൊണ്ടുള്ള തങ്ങളുടെ കത്ത് ലഭിച്ചു. ആ കത്തില്‍ നിന്ന് ഞാന്‍ വായിച്ചെടുത്തത് സമയത്തിന്റെ തര്‍ബിയത്ത് ആയിരുന്നു.
വി.കെ കുട്ടു ഉളിയില്‍

തങ്ങള്‍ എന്നും ഒരത്താണി

         ലക്കം 2871 അബ്ദുല്‍ അഹദ് തങ്ങളുമായി ബന്ധപ്പെട്ട പതിപ്പായതില്‍ സന്തോഷമുണ്ട്. 1989-ലാണ് എന്‍.എ.കെ ശിവപുരം, ഈ കുറിപ്പുകാരന്‍, ഇപ്പോള്‍ അരീക്കോട് താമസിക്കുന്ന ബേപ്പൂര്‍ അഹ്മദ് കുട്ടി സാഹിബ്, എം. കുഞ്ഞാലി സാഹിബുമടങ്ങുന്ന ഏതാനും പേര്‍ ചേര്‍ന്ന് ഇസ്‌ലാമിക് മാരേജ് ബ്യൂറോ(ഐ.എം.ബി) രൂപീകരിക്കുന്നത്. ഈയുള്ളവന്‍ ഐ.പി.എച്ചില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ, അതിന്റെ ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഐ.എം.ബിയുടെ സേവനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരുന്നത്. ഐ.പി.എച്ചിലേക്ക് എന്നെ നിയമിച്ച അബ്ദുല്‍ അഹദ് തങ്ങള്‍, ഐ.എം.ബിയുടെ പ്രവര്‍ത്തനങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ് ചെയ്തത്. 1991-ല്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖ ഐ.എം.ബിയെ ഔദ്യോഗികമായി അംഗീകരിച്ചു. രണ്ട് ദശകങ്ങളിലധികം-ചെറിയ ഇടവേള ഒഴിച്ച്- സെക്രട്ടറിയായി ഈ കുറിപ്പുകാരന്‍ തുടരുകയുണ്ടായി. ഇക്കാലയളവില്‍ ഏതാണ്ട് പൂര്‍ണമായും അതിന്റെ പ്രസിഡന്റ് പദവിയില്‍ അബ്ദുല്‍ അഹദ് തങ്ങളായിരുന്നു. ഹല്‍ഖാ അമീര്‍ സിദ്ദീഖ് ഹസന്‍ സാഹിബില്‍ നിന്ന് പ്രസിഡന്റ് പദവി തങ്ങളിലേക്ക് മാറിയപ്പോള്‍ യഥാര്‍ഥത്തില്‍ ആദ്യം നേരിയ ഭയമാണ് ഉണ്ടായിരുന്നത്. കെ.സി അബ്ദുല്ല മൗലവി, ടി.കെ അബ്ദുല്ല സാഹിബ്, കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് മുതല്‍ അമീര്‍ ടി. ആരിഫലി സാഹിബ് വരെയുള്ളവരുമായുള്ള അടുത്ത സ്‌നേഹ-സാഹോദര്യ ബന്ധമായിരുന്നില്ല തങ്ങളുമായി എനിക്കുണ്ടായിരുന്നത് എന്നതാണ് ആ ഭയത്തിന് കാരണം. തങ്ങളോട് അതിലുപരിയായ ആദരവും ബഹുമാനവുമായിരുന്നു. എന്നാല്‍, ഐ.എം.ബി വിഷയത്തില്‍ തങ്ങള്‍ എനിക്ക് എപ്പോഴും ഒരത്താണിയായി നിലകൊണ്ടു എന്നതാണ് യാഥാര്‍ഥ്യം. വിവാഹ വിഷയത്തില്‍ വരന്മാരുമായോ വധൂവരന്മാരുടെ രക്ഷിതാക്കളുമായോ ഇടയേണ്ടിവന്നാലും, നിര്‍ധനരായ യുവാക്കള്‍ക്കുള്ള മഹര്‍ വിഷയത്തിലും മറ്റും ആരോടെങ്കിലും ഉടക്കേണ്ടിവന്നാലും, ഞാന്‍ രക്ഷപ്പെടാറുള്ളത് തങ്ങളുടെ പേര് പറഞ്ഞുകൊണ്ടായിരുന്നു. ഐ.എം.ബിയുടെ പ്രസിഡന്റ് തങ്ങളാണെന്നും നിങ്ങളുടെ വിഷയം തങ്ങളുമായാണ് സംസാരിക്കേണ്ടതെന്നും പറഞ്ഞ് പന്ത് തങ്ങളുടെ കോര്‍ട്ടിലേക്ക് തട്ടാറാണ് പതിവ്. എന്നാല്‍ ഒരിക്കല്‍ പോലും അതുമായി ബന്ധപ്പെട്ട് ഒരു വിഷയത്തിലും തങ്ങള്‍ എന്നോട് യാതൊരു വിശദീകരണവും ചോദിച്ചിട്ടില്ല. വിഷയങ്ങളുടെ മര്‍മം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സൗമ്യമായി, പുഞ്ചിരിയോടെ, പക്വതയോടെ, വിനയത്തോടെ വന്നവരെ സന്തോഷിപ്പിച്ച് വിടുകയാണ് തങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്.
പാലാഴി മുഹമ്മദ് കോയ

പ്രവചനാത്മക നിരീക്ഷണങ്ങള്‍

         അഹ്മദ് ദാവുദ് ഒഗ്‌ലുവുമായുള്ള അഭിമുഖം (ലക്കങ്ങള്‍: 2867, 2868), അദ്ദേഹത്തിലെ കിടയറ്റ ചിന്തകനെയും ദാര്‍ശനികനെയും വെളിപ്പെടുത്തുന്നു. അവിശ്വസനീയമാംവിധം പ്രവചനാത്മകമാണ് ഒഗ്‌ലുവിന്റെ നിരീക്ഷണങ്ങള്‍.
എന്തുകൊണ്ട് തുര്‍ക്കി എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ വാക്കുകളിലുണ്ട്. അവയിലെ ദൂരക്കാഴ്ചയിലും കൃത്യതയിലും വിശാലതയിലും നമുക്ക് പുത്തന്‍ തുര്‍ക്കിയുടെ ജൈത്രയാത്രയുടെ രഹസ്യം വായിച്ചെടുക്കാം. ഉര്‍ദുഗാന്റെ തുര്‍ക്കിയുടെ പ്രയോഗക്ഷമത വെറും പ്രയോഗത്തോടെ സംഭവിച്ചതല്ലെന്നും സൂക്ഷ്മമായ നാഗരിക-രാഷ്ട്രീയ-ദാര്‍ശനിക ഉള്‍ക്കാഴ്ചയുടെ ജ്ഞാന പരിസരം അതിനുണ്ടെന്നും ഒഗ്‌ലുവിയന്‍ നിരീക്ഷണങ്ങള്‍ തെളിയിക്കുന്നു. വരാനിരിക്കുന്ന ലോക രാഷ്ട്രീയത്തെക്കുറിച്ചും ഭാവി രാഷ്ട്രീയത്തിന്റെ രൂപപ്പെടലുകളെക്കുറിച്ചും ഒഗ്‌ലു പങ്കുവെക്കുന്ന പ്രവചനാത്മകമായ കണ്ടെത്തലുകള്‍ ഏതൊരു രാഷ്ട്രീയ വിദ്യാര്‍ഥിയിലും കൗതുകമുളവാക്കുന്നവയാണ്.
യാസിര്‍ അറഫാത്ത് മുന്നൂര്‍ക്കോട്ട്, പാലക്കാട്

മരുഭൂമിയില്‍ ഒഴുകട്ടെ നീരുറവകള്‍

          പ്രബോധനം കൈയില്‍ കിട്ടിയാല്‍ യാത്രാ കുറിപ്പുകള്‍ വല്ലതുമുണ്ടോ എന്നാണ് ആദ്യം നോക്കാറ്. അങ്ങനെയിരിക്കെയാണ് സദ്‌റുദ്ദീന്‍ വാഴക്കാട് എഴുതിയ 'മരുഭൂമിയുടെ സ്വപ്നങ്ങളിലുണ്ട് നിറയെ മരുപ്പച്ചകള്‍' എന്ന സഞ്ചാരം കാണുന്നത്. രാജസ്ഥാനിലെ മരുഭൂവാസികളുടെ ജീവിതപാഠങ്ങള്‍ വായിച്ചപ്പോള്‍ മനസ്സ് ഖുര്‍ആനിലേക്ക് തിരിഞ്ഞു: 'ബാഡ്മിര്‍ മരുഭൂമിയില്‍ ഒട്ടകത്തെ വലിച്ചു നടക്കുന്ന ബാലന്മാരും വലിയ ദാര്‍ശനിക സത്യങ്ങളിലേക്കുള്ള താക്കോലുകളാണെന്ന് തോന്നും.' ഈ വരികള്‍ എത്ര സത്യം! ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ചു നടന്ന അറേബ്യന്‍ ഗോത്രത്തിലെ പലരും ഇസ്‌ലാമിന്റെ തെന്നലേറ്റതോടെ ഉത്തുംഗതയിലെത്തിയതായി കാണാം. ഇസ്‌ലാമിന്റെ ഈ തെളിനീര്‍ മരുഭൂമിയുടെ ഊഷരതയിലെത്തിക്കാന്‍ നമുക്കാവുമോ? ഖുര്‍ആനിലുടനീളം മരുഭൂമിയെയും ഒട്ടകത്തെയും എടുത്തു പറഞ്ഞതില്‍ എന്തെല്ലാം പാഠങ്ങളുണ്ടാകാം!
മരുഭൂമിയുടെ സ്വപ്നങ്ങളിലുണ്ട് നിറയെ മരുപ്പച്ചകള്‍ - നമ്മുടെ സ്വപ്നങ്ങളിലുമുണ്ടാകട്ടെ മരുഭൂമിയോട് ഒട്ടിച്ചേര്‍ന്ന ആ നല്ല മനുഷ്യര്‍ക്ക് നല്‍കാന്‍ ഹൃദയത്തില്‍ സൂക്ഷിച്ചുവെച്ച പച്ചപ്പുകള്‍. അവ വിഷന്‍ 2016 പോലുള്ള സംരംഭങ്ങളിലൂടെ ആ ഊഷര ഭൂമിയെ സസ്യശ്യാമളാരാമങ്ങളാക്കട്ടെ.
കെ.വി ഖയ്യൂം പുളിക്കല്‍

ആ ഇമെയില്‍ എന്റേതല്ല

         'നീല രക്തം അവഗണിച്ച തങ്ങള്‍' എന്ന ലേഖനത്തോടൊപ്പം (ലക്കം 20) കൊടുത്ത ഇമെയില്‍ അഡ്രസ്സ് എന്റേതല്ല. ഇതിന് മുമ്പ് സുന്നി-ശീഈ വിഭജനം' എന്ന ലേഖനത്തോടൊപ്പവും തെറ്റായ ഇതേ ഇമെയില്‍ വിലാസം ആണ് നല്‍കിയിരുന്നത്. എന്റെ ശരിയായ ഇമെയില്‍ vabdulkabeer@yahoo.com
വി.എ കബീര്‍

         പ്രബോധനം അബ്ദുല്‍ അഹദ് തങ്ങള്‍ പതിപ്പ് പ്രസ്ഥാന യാത്രികര്‍ക്ക് വഴികാട്ടിയും പുതു തലമുറക്ക് കര്‍മപുസ്തകവുമായി. പ്രഭാഷണങ്ങള്‍ക്കും രചനകള്‍ക്കുമപ്പുറം ജീവിതം തന്നെയായിരുന്നു തങ്ങളുടെ ആശയ പ്രചാരണ മാധ്യമം. അടുത്തിടപഴകിയവര്‍ക്ക് ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ചു തങ്ങള്‍.
നാലാം തലമുറക്ക് മുഴത്തിന് മുഴം പിന്തുടരാനുതകുന്ന കര്‍മ മണ്ഡലങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തങ്ങള്‍ വിടവാങ്ങിയിരിക്കുന്നത്. തങ്ങളുടെ ജീവിതം തുറന്ന് കാണിച്ച പ്രബോധനത്തിലെ ഓരോ എഴുത്തും ആവര്‍ത്തിക്കുന്നുണ്ട് തങ്ങളുടെ സവിശേഷതകള്‍. ഒരാള്‍ എഴുതിയതില്‍ നിന്നും ഒട്ടും ഭിന്നമല്ല അടുത്ത ആളുടെ കുറിപ്പും. തങ്ങളില്‍ നിന്ന് എല്ലാവരും പഠിച്ചതും അറിഞ്ഞതും കണ്ടതും തമ്മില്‍ എത്ര പൊരുത്തം!
അബ്ദുര്‍റസ്സാഖ് പുലാപ്പറ്റ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /31-35
എ.വൈ.ആര്‍