Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 17

അച്ചടക്കവും സുസ്ഥിരതയും ഏകിയ ഗുരുവര്യന്‍

പി.എ നാസിമുദ്ദീന്‍ /സ്മരണ

         ഒരു ദേശത്തില്‍ കൂടി ഒഴുകുന്ന നദികള്‍ പോലെയാണ് ആ ദേശത്തു ജീവിക്കുന്ന സദ്‌വൃത്തരായ പുണ്യാത്മക്കളും. നദി ജനങ്ങളുടെ ദാഹം അകറ്റുകയും അതിലവര്‍ കുളിക്കുകയും അലക്കുകയും ജലസേചനം നടത്തുകയും ചെയ്യുന്നു. കൂടാതെ അത് ദേശത്തെ വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. സദ്‌വൃത്തരായ സല്‍പുരുഷര്‍ ജനങ്ങളിലേക്ക് കരുണയും സ്‌നേഹവും ത്യാഗവും ചൊരിയുകയും അക്ഷയമായ ധാര്‍മികമൂല്യങ്ങള്‍ കൊണ്ട് ജനതയുടെ സംസ്‌കാരത്തെ സംരക്ഷിച്ചു നിലനിര്‍ത്തുകയും ചെയ്യുന്നു.

കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അടിസ്ഥാന ശിലകള്‍ പാകിയവരില്‍ പ്രധാനിയായ അബ്ദുല്‍ അഹദ് തങ്ങള്‍ ഈ ഗണത്തില്‍ പെട്ട വ്യക്തിയായിരുന്നു. ഇസ്‌ലാമിനെ സമ്പൂര്‍ണമായ രീതിയില്‍ ജീവിതത്തില്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞ ചുരുക്കം ആളുകളിലൊരാളായിരുന്നു അദ്ദേഹം. മനുഷ്യര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ദൈവത്തിനു വേണ്ടിയും ഒന്നും ചെയ്യാനാകില്ലെന്ന വിക്ടര്‍ യുഗോവിന്റെ വാക്യത്തെ അനുസ്മരിപ്പിക്കുമാറ് അദ്ദേഹം തന്റെ സുഖതാല്‍പര്യങ്ങള്‍ മറന്ന് സഹജീവികളെ സ്‌നേഹിക്കുകയും തന്റെ ചുറ്റുമുള്ളവരിലേക്ക് അപാരമായ കരുണ ചൊരിയുകയുംചെയ്തു: 'നീ എന്നെ കാണുന്നത് പോലെ എന്നോട് പ്രാര്‍ഥിക്കുക' എന്ന ഹദീസിനെ അന്വര്‍ഥമാക്കുംവിധം അല്ലാഹുവിന്റെ സാമീപ്യം അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയിലും സന്നിഹിതമായിരുന്നു. അദ്ദേഹം ലഘുഭാഷിയായിരുന്നു. പലപ്പോഴും ഉള്‍വലിഞ്ഞ രീതിയില്‍ മൗനിയും. എന്നിട്ടും അദ്ദേഹത്തോട് സംസാരിക്കുമ്പോഴും ഇടപെടുമ്പോഴും അനിര്‍വചനീയമായ ഒരുതരം പോസിറ്റീവ് എനര്‍ജി എല്ലാവര്‍ക്കും അനുഭവവേദ്യമായിരുന്നു.

അദ്ദേഹത്തിന്റെ മുഖത്തെയും പെരുമാറ്റത്തെയും ആത്മീയമായ ഒരുതരം പ്രസാദം ചൂഴ്ന്നു നിന്നിരുന്നു. അടിയുറച്ച ദൈവവിശ്വാസത്തിലൂടെ ക്ലേശങ്ങളും വൈഷമ്യങ്ങളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ ഈ വ്യാവഹാരിക ലോകത്ത് എങ്ങനെ ശാന്തത കൈവരിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിലൂടെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. അത്തരത്തില്‍ വിശ്വാസത്തിന്റെ ദൃഢത ഇല്ലാത്തവരിലേക്കും അരാജകത്വവാദികളിലേക്കും താഴ്ന്ന നിലവാരമുള്ളവരിലേക്കും ആ സ്‌നേഹം നിലക്കാതെ പ്രവഹിച്ചുകൊണ്ടിരുന്നു.

അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് നമുക്ക് ഉള്‍ക്കൊള്ളാന്‍ ഒട്ടേറെ പാഠങ്ങളുണ്ട്. ആഗോളവത്കരണമെന്നോ ഉത്തരാധുനികതയെന്നോ വിളിക്കാവുന്ന സമീപകാലം നമ്മുടെ ജീവിതപരിസരങ്ങളെ അടിമുടി മാറ്റിമറിച്ചിരിക്കുന്നു. സാമൂഹികബോധവും പാരസ്പര്യ ചിന്തകളും ധാര്‍മികതയും നമുക്ക് കൈമോശം വന്നിരിക്കുകയാണ്. ഒരുവന്‍ ആചരിക്കുന്നത് അപരന് ഉപകാരമായി വരേണം എന്ന ചൊല്ലിനെ ഒരുവന്‍ ആചരിക്കുന്നത് അവന് മാത്രം ഉപകാരമായി തീരണം എന്ന രീതിയിലേക്ക് മാറിപ്പോയിരിക്കുന്നു. സാമര്‍ഥ്യവും ഭൗതികമോഹവും കുത്സിത ശ്രമങ്ങളും കൊണ്ട് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ന്നുവന്നവരാണ് നമ്മുടെ ജനകീയ പുരുഷന്മാരും നേതാക്കളും.  വ്യക്തിതാല്‍പര്യങ്ങള്‍ക്കുപകരം സാമൂഹിക താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത നവോത്ഥാന നായകര്‍ പണ്ട് നമുക്ക് ഓര്‍മ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ആ ഓര്‍മകളും ക്രമേണ കെട്ടടങ്ങിക്കൊണ്ടിരിക്കുന്നു.

ജനങ്ങളുടെ ചപല വികാരങ്ങള്‍ മുതലെടുത്ത് അധികാരത്തിലേറുന്ന രാഷ്ട്രീയ നേതാക്കളും തങ്ങളുടെ സ്വാര്‍ഥ മോഹങ്ങള്‍ക്ക് പറ്റുംവിധം അവസരവാദം പുലര്‍ത്തുന്ന സാംസ്‌കാരിക നായകരും സമൂഹത്തെ തെറ്റായ ദിശകളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥയില്‍ ആത്യന്തികമായ മാനുഷിക മൂല്യങ്ങളെ ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച അബ്ദുല്‍ അഹദ് തങ്ങളെ പോലുള്ളവരുടെ ജീവിതം നമുക്ക് വീണ്ടും വീണ്ടും പ്രചോദനം തേടാനും തിരികെ ചെന്ന ഉത്തേജനം നേടിയെടുക്കാനുമുള്ള ഒരു ആദിമ സ്രോതസ്സാണ്.

ഏത് പവിത്രമായ ആദര്‍ശവും സല്‍പുരുഷന്മാരിലൂടെ സമൂര്‍ത്തമായി തീരുമ്പോഴേ ജീവിത ഗന്ധിയാകൂ; മറ്റുള്ളവര്‍ക്ക് ആ ആദര്‍ശത്തിന്റെ സുഗന്ധം നുകരാനാകൂ. ദുര്‍വൃത്തരായ വ്യക്തികളിലൂടെ പവിത്രമായ ആദര്‍ശങ്ങള്‍ വികൃതവത്കരിക്കപ്പെട്ടായിരിക്കും ജനങ്ങളിലേക്കെത്തുന്നത്. അതിനാല്‍ തന്നെ ആദര്‍ശങ്ങള്‍ ജനങ്ങള്‍ അനുഭവിക്കാതെ പോവുകയും അതിനെ തെറ്റായി ധരിക്കുകയും ചെയ്യുന്നു. ഇസ്‌ലാം എന്ന ആദര്‍ശത്തെ അപമാനവീകരണം വരാത്ത രീതിയില്‍ യുഗങ്ങളിലൂടെ ഊര്‍ജസ്വലമായി നിലനിര്‍ത്തുന്നത് സാത്വിക സുമനസ്സുകളാണ്.

ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് ഞാന്‍ കടന്നുവന്ന ആദ്യപാതകളിലൊരാളായിരുന്നു അബ്ദുല്‍ അഹദ് തങ്ങള്‍. അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി എന്നു ഞാന്‍ കരുതുന്നു. അതിന് ദൈവത്തോട് നന്ദി പറയുകയും ചെയ്യുന്നു. അദ്ദേഹവും ഞാനും തമ്മിലുള്ള അടുപ്പം അറിയുന്നവര്‍ ചുരുക്കമാണ്. ആ അടുപ്പം തന്നെയാണ് ഈ കുറിപ്പ് എഴുതിക്കുന്നതും.

എന്റെ ജീവിതത്തിന്റെ സുസ്ഥിരതക്ക് എന്റെ പ്രയത്‌നത്തേക്കാള്‍ അഹദ് തങ്ങളുടെ പ്രാര്‍ഥനയും ആത്മീയ ശക്തിയുമാണ് കാരണമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ക്ഷണ പ്രകാരം ഒരഗതിയായി എത്തിയ എന്നോട് അദ്ദേഹം 'ആ മുറിയില്‍ ഒരാള്‍ ഇരിപ്പുണ്ട്. സഞ്ചിയുമെടുത്ത് അയാള്‍ക്കൊപ്പം പൊക്കോ... പൂക്കാട്ടിരിയില്‍ ഒരു ഹൈസ്‌കൂളുണ്ട്. അവിടെ അധ്യാപകനായി ചുമതലയേല്‍ക്കുക. ബാക്കിയെല്ലാം അദ്ദേഹം നോക്കിക്കൊള്ളും' എന്നു പറയുകയും ഞാന്‍ ഹിറാ സെന്ററിന്റെ ഒരു ഇടുങ്ങിയ മുറിയിലേക്ക് കയറി ചെല്ലുകയും ചെയ്തു.

ആകാംക്ഷയോടെ ചെന്ന എന്നെ എതിരേറ്റത് തോളില്‍ വെള്ള തോര്‍ത്തിട്ട ഒരു വയോവൃദ്ധനായിരുന്നു. തികച്ചും തീക്ഷ്ണവും നിഷേധാത്മകവുമായ ചിന്താധാരകള്‍ പേറിയിരുന്ന എന്നെ പെട്ടെന്ന് 'ജനറേഷന്‍ ഗ്യാപ്' പിടികൂടി. എന്നാല്‍ അദ്ദേഹത്തിലൂടെ ഞാന്‍ പിന്നീട് എത്തിച്ചേര്‍ന്നത് ശ്രേയസ്‌കരമായ ജീവിതത്തിലേക്കായിരുന്നു. 

ആത്മീയമായ ഏതോ ഊര്‍ജ പ്രസരണം അദ്ദേത്തില്‍ നിന്ന് എന്റെ ജീവിതത്തിലേക്ക് പകര്‍ന്നൊഴുകുന്നതായി എനിക്കനുഭവപ്പെട്ടിട്ടുണ്ട്. അതായിരിക്കാം എന്റെ ജീവിതത്തെ ശ്രേയസ്സിലേക്കും സുസ്ഥിരതയിലേക്കും നയിച്ചത്. ക്ലിപ്തമായ മതചിഹ്നങ്ങള്‍ക്കും മതാനുഷ്ഠാനങ്ങള്‍ക്കുമപ്പുറം വിവരിക്കാനാവാത്ത അനുഭവമാണിത്.

വിപ്ലവകാരികളും നിഷേധികളും അസ്ഥിരത പേറുന്നവരുമായിരുന്നു അത്രനാള്‍ എന്റെ ഗുരുക്കന്മാര്‍. പിന്നീട് എനിക്ക് അച്ചടക്കത്തിന്റെയും സുസ്ഥിരതയുടെയും ഒരു ഗുരുവിനെയും കൂടി കിട്ടി. അബ്ദുല്‍ അഹദ് തങ്ങള്‍ എന്ന ആ മഹാ ഗുരുവിന്റെ മുന്നില്‍ ശിരസ്സ് താഴ്ത്തിക്കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 24-27
എ.വൈ.ആര്‍