Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 20

കെ.എം ഇബ്രാഹിം മൌലവി

കേരളത്തിലെ ഇസ്ലാമിക നവജാഗരണത്തില്‍ ഗള്‍ഫ് പ്രവാസികള്‍ വഹിച്ച പങ്ക് വളരെയധികമാണ്. മരുഭൂമിയുടെ അത്യുഷ്ണത്തില്‍ വിയര്‍ക്കുമ്പോഴും അതിശൈത്യത്തില്‍ വിറക്കുമ്പോഴും പൈതൃകമായി പ്രാണനില്‍ തുടിച്ച ഇസ്ലാമികാവബോധത്തെ അവര്‍ കൈവെടിഞ്ഞില്ല. അതിന്റെ കൂട്ടായ്മകള്‍ക്കുവേണ്ടി അത്തരം ഹൃദയങ്ങള്‍ വെമ്പിയപ്പോഴാണ് ഗള്‍ഫില്‍ ഇന്ന് കാണപ്പെടുന്ന വ്യവസ്ഥാപിതങ്ങളായ പ്രാസ്ഥാനിക വേദികള്‍ ഉടലെടുത്തത്.
ഉപര്യുക്ത കൂട്ടായ്മകളിലൊന്നാണ് യു.എ.ഇയിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍(ഐ.സി.സി) പ്രസ്ഥാനത്തിന്റെ ഈ ശാഖക്ക് യു.എ.ഇയില്‍ വേരുകള്‍ നല്‍കിയ ആദ്യകാല പ്രവര്‍ത്തകരുടെ മുന്‍നിരയിലുണ്ടായിരുന്നു കണ്ണൂരിലെ കെ.എം ഇബ്രാഹിം മൌലവി(67).
എഴുപതുകളുടെ അവസാനത്തില്‍ അബൂദാബിയില്‍ വെച്ചാണ് ഐ.സി.സി മലയാളവിംഗ് എന്ന ആശയത്തിന് തുടക്കമിടുന്നത്. യൂനുസ് മൌലവി(കായംകുളം), അബ്ദുസ്സലാം മൌലവി(തിരുവനന്തപുരം), മാമ എന്ന അബ്ദുര്‍റഹ്മാന്‍(മുരുക്കുംപുഴ), അബ്ദുര്‍റഹ്മാന്‍ മൌലവി(കടവനാട്), ഒ. അബ്ദുല്‍ഖാദര്‍ സാഹിബ്(പി.എം.എ ഖാദറിന്റെ ഭാര്യാപിതാവ്) എന്നിവര്‍ക്കൊപ്പം അന്ന് മുന്‍നിരയിലുണ്ടായിരുന്ന ആളാണ് കെ.എം ഇബ്രാഹിം മൌലവി.
അക്കാലത്ത് 'ദര്‍വീശ് മസ്ജിദി'ല്‍ യൂനുസ് മൌലവി നടത്തി വന്നിരുന്ന ഖുര്‍ആന്‍ ക്ളാസുകള്‍ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ചിലപ്പോള്‍ യൂനുസ് മൌലവിക്ക് പകരക്കാരനായി കെ.എം ഇബ്രാഹിം മൌലവിയായിരുന്നു ക്ളാസ് നടത്തിയിരുന്നത്. ഈ കുറിപ്പുകാരനെ ഇസ്ലാമിക പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ യൂനുസ് മൌലവിയുടേതെന്നപോലെ കെ.എമ്മിന്റെ പഠനക്ളാസുകളും ഏറെ പങ്കുവഹിച്ചിട്ടുണ്ട്. ഗാംഭീര്യം നിറഞ്ഞ ശബ്ദത്തില്‍ ഇബ്രാഹിം മൌലവിയുടെ ക്ളാസുകള്‍ അവിസ്മരണീയമത്രെ. സയ്യിദ് ഖുത്വുബും സൈനബുല്‍ ഗസ്സാലിയുമെല്ലാം എഴുന്നേറ്റ് വരുന്ന കെ.എമ്മിന്റെ ക്ളാസുകള്‍ക്ക് അതീവ വിപ്ളവസ്വഭാവമാണ്. ഇരിക്കപ്പൊറുതിയില്ലാതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പണിയെടുക്കാന്‍ അവ നമ്മെ പ്രേരിപ്പിക്കും.
എണ്‍പതുകളുടെ തുടക്കത്തില്‍ ഇബ്രാഹിം മൌലവി ഐ.സി.സിയുടെ അബൂദബി പ്രസിഡന്റായി പ്രവര്‍ത്തിച്ചു. സതീര്‍ഥ്യനെ പറ്റി അനുസ്മരിക്കുമ്പോള്‍ ടെലിഫോണിന്റെ അങ്ങേ തലയ്ക്കല്‍നിന്ന് യൂനുസ് മൌലവി ഏറെ വാചാലനായി. ഉറച്ച വിശ്വാസം, ധീരമായ ഇടപഴകല്‍, വേറിട്ട അഭിപ്രായങ്ങള്‍, നല്ല പാണ്ഡിത്യം, ഉദാരത എന്നിങ്ങനെ ഇബ്രാഹിം മൌലവിക്ക് ചാര്‍ത്താന്‍ വിശേഷണങ്ങളേറെ. സ്നേഹിതന്മാര്‍ക്കിടയില്‍ കെ.എം എന്ന ദ്വയാക്ഷരത്തില്‍ അറിയപ്പെടുന്ന അദ്ദേഹം അറബി ബൈത്തുകള്‍ നല്ല ശബ്ദത്തില്‍ ഈണത്തോടെ ചൊല്ലുമായിരുന്നു.
അബൂദബിയിലെ പൊതുവേദിയായ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ പ്രസിഡന്റായും പരേതന്‍ പ്രവര്‍ത്തിച്ചു. എല്ലാ മുസ്ലിം സംഘടനകളെയും ഇസ്ലാമിക് സെന്ററിന്റെ പ്ളാറ്റ് ഫോമില്‍ ഒന്നിപ്പിച്ചു നിര്‍ത്താന്‍ കെ.എമ്മിനു സാധിച്ചു. അക്കാലത്ത് ഗള്‍ഫ് സന്ദര്‍ശിച്ച മര്‍ഹൂം സി.എച്ച് മുഹമ്മദ്കോയ തന്റെ യാത്രാവിവരണത്തില്‍ ഇബ്രാഹിം മൌലവിയുടെ സേവനങ്ങളെ പ്രത്യേകം അനുസ്മരിക്കുന്നുണ്ട്.
ശാന്തപുരത്തിന്റെ സന്താനമാണ് പരേതന്‍. അതുകൊണ്ടുതന്നെ ആദ്യകാല പ്രസ്ഥാന വൃത്തങ്ങളുമായി കെ.എം നല്ല അടുപ്പം പുലര്‍ത്തി. കേരളത്തിലങ്ങോളമിങ്ങോളം അദ്ദേഹത്തിന് വിപുലമായൊരു സുഹൃദ്വലയമുണ്ട്.
കണ്ണൂര്‍ ജില്ലയിലെ മുട്ടം സ്വദേശിയാണ് ഇബ്രാഹിം മൌലവി. ആദ്യകാലത്ത് നാട്ടിലും അദ്ദേഹം നിരന്തരം ക്ളാസുകള്‍ നടത്തിയിരുന്നു. പിന്നീട് ആരോഗ്യകരമായ പ്രശ്നങ്ങളുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അദ്ദേഹത്തിന് ഘടനയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നെങ്കിലും, ഏറ്റവും ഒടുവില്‍ നടന്ന മേഖലാ സമ്മേളനമുള്‍പ്പെടെയുള്ള പ്രസ്ഥാനത്തിന്റെ പൊതുപരിപാടികളിലെല്ലാം അദ്ദേഹം ആവേശപൂര്‍വം  പങ്കെടുക്കുകയുണ്ടായി.
പ്രസ്ഥാന പ്രവര്‍ത്തകരും സഹയാത്രികരും അടങ്ങുന്നതാണ് കെ.എമ്മിന്റെ കുടുംബം. ഭാര്യ റഫിയ ആദ്യകാല മുട്ടം ഹല്‍ഖയിലെ പ്രവര്‍ത്തകയായിരുന്നു.
ജമാല്‍ കടന്നപ്പള്ളി

 

കെ.പി ഉമ്മര്‍
വല്ലപ്പുഴയില്‍ ഇസ്ലാമിക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന പ്രവര്‍ത്തകനാണ് കിഴക്കെപാട്ടുതൊടി ഉമ്മര്‍(43). നാലു വര്‍ഷമായി വല്ലപ്പുഴ ഹിറ കാര്‍കുന്‍ ഹല്‍ഖയുടെ സെക്രട്ടറിയായിരുന്നു.
ഒട്ടേറെ നന്മകളും മൂല്യങ്ങളും നൊമ്പരങ്ങളും ബാക്കിവെച്ചാണ് ഉമ്മര്‍ കടന്നു പോയത്. നീതിക്ക് വേണ്ടി നിലകൊള്ളാനും മുഖം നോക്കാതെ പ്രതികരിക്കാനും അധര്‍മങ്ങള്‍ക്കെതിരെ ഏതറ്റം വരെ പോകാനും ഉമ്മര്‍ മുന്നിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഒട്ടനവധി പ്രശ്നങ്ങളില്‍ ഉമ്മര്‍ മധ്യസ്ഥനായിരുന്നു. നല്ലൊരു ഫുട്ബോള്‍ കളിക്കാരനും റഫറിയും സംഘാടകനുമായിരുന്ന ഉമ്മര്‍ ഇരുപത് വര്‍ഷത്തോളം യുവപ്രതിഭാ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബിന്റെ അമരക്കാരനായിരുന്നു. ക്ളബ്ബിനു കീഴില്‍ ലക്ഷങ്ങളുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉമ്മര്‍ നേതൃത്വം നല്‍കി. വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലപ്പുഴ യൂണിറ്റിന്റെ പ്രസിഡന്റായി രണ്ടാമതും ഉമ്മര്‍ തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ നേതൃപാടവും നീതിബോധവും കാരണമായിരുന്നു. പുതിയ കച്ചവട സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ, വ്യാപാരികള്‍ക്കിടയിലെ രോഗികള്‍ക്കും മറ്റു നിര്‍ധനര്‍ക്കുമുള്ള ധനസഹായം, എന്നിവ വല്ലപ്പുഴ യൂണിറ്റിന്റെ മാതൃകാ പ്രവര്‍ത്തനങ്ങളാണ്. ഏറ്റവും ഒടുവില്‍ വല്ലപ്പുഴ പഞ്ചായത്തില്‍ പാന്‍മസാലകള്‍ നിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു അദ്ദേഹം.
വല്ലപ്പുഴ ഓര്‍ഫനേജ് ഹയര്‍ സെക്കന്ററി സ്കൂള്‍ പി.ടി.എ പ്രസിഡന്റായിരുന്നു ഉമ്മര്‍.  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനകീയമുന്നണിയുടെ സ്ഥാനാര്‍ഥിയായി വല്ലപ്പുഴ നാലാം വാര്‍ഡില്‍ മത്സരിച്ച് അദ്ദേഹം രണ്ടാം സ്ഥാനത്തെത്തിയത് പാരമ്പര്യ രാഷ്ട്രീയക്കാരെ ഞെട്ടിച്ചു.
പ്രസ്ഥാന-സാമൂഹിക രംഗങ്ങളില്‍ ജ്വലിച്ചു നിന്നിരുന്ന ഉമ്മറിന് ഒരു കൊച്ചു വീടും ചെറിയൊരു കച്ചവടവുമാണ് സമ്പാദ്യം. നാലു കുട്ടികളെ നമ്മുടെ കൈയിലേല്‍പിച്ചാണ് അല്ലാഹു അദ്ദേഹത്തെ തിരിച്ചു വിളിച്ചത്.
കെ.കെ ബഷീര്‍ വല്ലപ്പുഴ

 

ടി.പി കുഞ്ഞബ്ദുല്ല ഹാജി പടന്ന
പടന്നയിലെ മത-സാംസ്കാരിക-സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു ടി.പി കുഞ്ഞബ്ദുല്ല ഹാജി(61). ജമാഅത്തെ ഇസ്ലാമിയുടെ സഹകാരിയായി ഏറെകാലമായി പ്രവര്‍ത്തിച്ച അദ്ദേഹം, ഐ.സി.ടി ട്രസ്റിന് കീഴിലുള്ള മസ്ജിദ് ഉമറുല്‍ ഫാറൂഖ് കമ്മിറ്റിയുടെ ട്രഷററായിരുന്നു. പള്ളിയുമായും പ്രസ്ഥാന സ്ഥാപനങ്ങളുമായും ആളുകളെ ബന്ധിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്ന അദ്ദേഹം പ്രസ്ഥാന പരിപാടികളിലെ നിറഞ്ഞ സാന്നിധ്യവുമായിരുന്നു.
ജോലിയാവശ്യാര്‍ഥം യു.എ.ഇയിലെത്തിയ അദ്ദേഹത്തിന്റെ സേവന തല്‍പരതയാണ് യു.എ.ഇ പടന്ന ഖിദ്മത്തുല്‍ ഇസ്ലാം സംഘം രൂപവത്കരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പടന്നയിലെ ഔദ്യോഗിക മതനേതൃത്വമായ പടന്ന മുസ്ലിം ജമാഅത്ത് ആന്റ് ദര്‍സ് കമ്മിറ്റിയുമായി വിയോജിച്ച് പടന്ന ബിലാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി രൂപംകൊണ്ടപ്പോള്‍, അതിന്റെ യു.എ.ഇ ഘടകം രൂപവത്കരിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. മക്കള്‍ക്ക് ഇസ്ലാമിക വിദ്യാഭ്യാസം നല്‍കാന്‍ ശ്രദ്ധിച്ചിരുന്ന അദ്ദേഹം, സുഹൃത്തുക്കളെയും മറ്റും അക്കാര്യം ഉപദേശിക്കുകയും ചെയ്യുമായിരുന്നു.
മറ്റുള്ളവരുടെ പ്രയാസം അദ്ദേഹത്തെ അലോസരപ്പെടുത്തി. അവ നിവൃത്തിക്കാന്‍ അദ്ദേഹം പരിശ്രമിക്കുക മാത്രമല്ല, മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. ആശുപത്രി കിടക്കയിലായിരിക്കെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസായ പടന്നയിലെ 'ദിശ ജനകീയ കേന്ദ്രം' തീവെച്ചു നശിപ്പിച്ച വാര്‍ത്തയറിഞ്ഞത്. ഇത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പ്രസ്ഥാനത്തിനും പ്രസ്ഥാന സ്ഥാപനങ്ങള്‍ക്കും അദ്ദേഹത്തിന്റെ വിയോഗം നഷ്ടമാണ്.
സി.എച്ച് മുത്തലിബ്

 

കുഞ്ഞിമുഹമ്മദ് ഹാജി
പൊന്മുണ്ടം കുഞ്ഞിമുഹമ്മദ് സാഹിബ്(75) ജീവിതം വഴിമുട്ടിയ നിരവധി കുടുംബങ്ങള്‍ക്ക് അത്താണിയായിരുന്നു. തിരൂരിലെ ഇസ്ലാമിക പ്രവര്‍ത്തകനും പ്രബോധകനുമായിരുന്ന യാസിര്‍ കൊല്ലപ്പെട്ടപ്പോള്‍ പറക്കമുറ്റാത്ത ആ കുടുംബത്തെ കൂട്ടിക്കൊണ്ട് വരികയും വര്‍ഷങ്ങളോളം അവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്തത് അദ്ദേഹമായിരുന്നു. ആ കൊലപാതകം മനസ് മരവിപ്പിച്ച ദിനരാത്രങ്ങളില്‍ കുഞ്ഞിമുഹമ്മദ് സാഹിബിന്റെ കുടുംബത്തില്‍നിന്ന് ലഭിച്ച തണലും സമാധാനവും ശഹീദ് യാസിറിന്റെ പത്നി സഹോദരി സുമയ്യ അനുസ്മരിക്കുകയുണ്ടായി. പത്ത് മക്കളുള്ള തന്റെ കുടുംബത്തിലെ പ്രാരബ്ധങ്ങള്‍ക്കിടയിലും ഒന്നിലേറെ കുടുംബങ്ങള്‍ക്ക് തണല്‍ നല്‍കിയിരുന്ന വടവൃക്ഷമായിരുന്നു അദ്ദേഹം. സാമ്പത്തികമായി ഞെരുക്കമുള്ള കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന അദ്ദേഹം മരിക്കുമ്പോള്‍ നല്ല നിലയില്‍ നടക്കുന്ന ഒന്നിലേറെ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയായിരുന്നു.
ജലീല്‍ പൊന്മുണ്ടം

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം