Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 17

ആ ജീവിതത്തില്‍ ഒരു <br>പ്രസ്ഥാനത്തിന്റെ ചരിത്രമുണ്ട്

വി.കെ അലി /സ്മരണ

         കഴിഞ്ഞ ആഗസ്റ്റ് 22 വെള്ളിയാഴ്ച അഭിവന്ദ്യനായ കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍ സ്രഷ്ടാവിന്റെ വിളിക്കുത്തരം നല്‍കി നമ്മെ വിട്ടുപിരിഞ്ഞു. 1927-ല്‍ ജനിച്ച തങ്ങളവര്‍കളുടെ മരണം അകാല ചരമമെന്ന് വിശേഷിപ്പിച്ചുകൂടാ. കുറച്ചുകാലമായി അദ്ദേഹം ശയ്യാവലംബിയുമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് എളുപ്പമൊന്നും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിട്ടുള്ളത്. തുടക്കം മുതല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃനിരയില്‍ തങ്ങളുടെ സാന്നിധ്യമുണ്ട്. അദ്ദേഹത്തിന്റെ പിതാവ് സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ മരിച്ചപ്പോള്‍ കെ.എന്‍.എം സെക്രട്ടറിയായിരുന്ന മര്‍ഹൂം അബ്ദുല്ലത്വീഫ് മൗലവി 'നിശ്ശബ്ദനായ ഇസ്വ്‌ലാഹീ പ്രവര്‍ത്തകന്‍' എന്നാണ് വിശേഷിപ്പിച്ചതെങ്കില്‍ അബ്ദുല്‍ അഹദ് തങ്ങളും ഒരര്‍ഥത്തില്‍ പ്രചാരണ കോലാഹലങ്ങളില്‍നിന്നും പ്രകടനപരതയില്‍ നിന്നും മാറിനിന്ന് പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ ഉഴിഞ്ഞുവെച്ച നിശ്ശബ്ദനായ കര്‍മയോഗിയായിരുന്നു. അബ്ദുല്‍ അഹദ് തങ്ങളുടെ മയ്യിത്ത് സംസ്‌കരിച്ചശേഷം പൂക്കാട്ടിരി അങ്ങാടിയില്‍ ചേര്‍ന്ന അനുശോചന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സഹപ്രവര്‍ത്തകനും ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ ശൂറാ മെമ്പറുമായ ടി.കെ അബ്ദുല്ല സാഹിബ് പ്രസ്താവിച്ചതുപോലെ, കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രമായിരുന്നു അബ്ദുല്‍ അഹദ് തങ്ങള്‍. മര്‍ഹൂം ശഫീഅ് മൂനിസ് സാഹിബ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രമായതുപോലെ തങ്ങള്‍ അവര്‍കളും സ്വന്തം ജീവിതത്തിലൂടെ ജമാഅത്തിന്റെ ചരിത്രമായി മാറുകയാണുണ്ടായത്. സംഘടനയുടെ കിതപ്പിലും കുതിപ്പിലും ജയപരാജയങ്ങളിലുമെല്ലാം അമരക്കാരില്‍ ഒരാളായി അദ്ദേഹമുണ്ടായിരുന്നു. 1952-ല്‍ ജമാഅത്തംഗമായി തുടങ്ങിയ ആ പ്രയാണം മരണത്തോടെയാണ് നിലച്ചത്.

1951 മാര്‍ച്ച് മാസത്തിലാണ് ഹാജി സാഹിബിന്റെ ക്ഷണപ്രകാരം എടയൂരിലെ ജമാഅത്ത് ഓഫീസില്‍ തങ്ങള്‍ എത്തിച്ചേരുന്നത്. ഓഫീസിന്റെ സാമ്പത്തിക കാര്യങ്ങളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. പിന്നീട് 1959 മുതല്‍ 1962 വരെയും 1964 മുതല്‍ 1970 വരെയും പ്രബോധനം മാനേജറായി സേവനമനുഷ്ഠിച്ചു. ഇടക്കാലത്ത് '62 മുതല്‍ '64 വരെ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ മാനേജറായിരുന്നു. 1974 മുതല്‍ 1990 വരെ ജമാഅത്ത് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1953 മുതല്‍ക്കേ അദ്ദേഹം ശൂറാ അംഗമാണ്. 1990 മുതല്‍ കേരളത്തിലെ മുആവിന്‍ അമീര്‍ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. ഇടക്കാലത്ത് ആക്ടിംഗ് അമീറായും സേവനം ചെയ്തിരുന്നു.

ജമാഅത്തെ ഇസ്‌ലാമിയുടെ പീരിയോഡിക്കല്‍സിന്റെ പ്രിന്ററും പബ്ലിഷറുമായി ദീര്‍ഘകാലം തുടര്‍ന്നുവന്നത് അബ്ദുല്‍ അഹദ് തങ്ങളായിരുന്നു. 1975-ല്‍ ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെടുകയും തുടര്‍ന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും ചെയ്തപ്പോള്‍ അദ്ദേഹം മുന്‍കൈയെടുത്താണ് ബോധനം ആരംഭിച്ചത്. '93, '94 ല്‍ പ്രസ്ഥാനം വീണ്ടും നിരോധിക്കപ്പെട്ടപ്പോള്‍ ബോധനം പുനഃപ്രസിദ്ധീകരിക്കാന്‍ ആര്‍ജവവും കാണിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസവും വരിച്ചിട്ടുണ്ട്. കേന്ദ്ര പ്രതിനിധി സഭയിലും പതിറ്റാണ്ടുകളായി തങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ഭൂതകാല ചരിത്രത്തെക്കുറിച്ചും ചരിത്രസംഭവങ്ങളെക്കുറിച്ചും തങ്ങളുടെ ഓര്‍മകളായിരുന്നു അന്വേഷകര്‍ക്ക് അവലംബം. ചുരുക്കത്തില്‍ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ അബ്ദുല്‍ അഹദ് തങ്ങളുടെ സൗമ്യസാന്നിധ്യം ഒരു കാലത്തും  സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കാതിരുന്നിട്ടില്ല. അതുകൊണ്ടു തന്നെ ഈ നേതാവിനെ എല്ലാവരും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്തു.

കുടുംബ പശ്ചാത്തലം: തളിപ്പറമ്പിലാണ് അബ്ദുല്‍ അഹദ് തങ്ങളുടെ ജനനം. സയ്യിദ് അബ്ദുല്ല മുശയ്യഖ് എന്ന മതപണ്ഡിതനാണ് പിതാവ്. കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന് നിര്‍ണായക നേതൃത്വം നല്‍കിയ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനായിരുന്നു അദ്ദേഹം. കെ.എം മൗലവി പോലുള്ളവര്‍ അദ്ദേഹത്തിന്റെ സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു. പുരോഗമനാശയക്കാരായ അബ്ദുല്ലക്കോയ തങ്ങള്‍ അക്കാലത്തെ സാധാരണ തങ്ങന്മാരെ പോലെ മന്ത്രിച്ചൂതിയും പിഞ്ഞാണമെഴുതിയുമായിരുന്നില്ല കാലയാപനം ചെയ്തത്. തുണിക്കച്ചവടക്കാരനായിരുന്നു അദ്ദേഹം. തന്റെ പിതാവിന്റെ മഖ്ബറയില്‍ നടന്നുവന്നിരുന്ന  ആണ്ടു നേര്‍ച്ച അദ്ദേഹം നിര്‍ത്തലാക്കി. തന്റെ മക്കള്‍ക്ക് മതപരവും ലൗകികവുമായ വിദ്യാഭ്യാസം നല്‍കി. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍നിന്ന് ഇന്റര്‍ മീഡിയറ്റ് പാസായ തങ്ങള്‍ ഇസ്‌ലാമിക സ്ഥാപനത്തില്‍ ചേര്‍ന്ന് ദീനീ വിദ്യാഭ്യാസം ആര്‍ജിക്കണമെന്ന ആഗ്രഹം പിതാവിനോട് പ്രകടിപ്പിച്ചപ്പോഴാണ് കെ.എം മൗലവിയുടെ ഉപദേശ പ്രകാരം പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ചേര്‍ന്നു പഠിക്കാന്‍ സൗകര്യം ലഭിച്ചത്. അവിടെ അദ്ദേഹം അധ്യാപകനും വിദ്യാര്‍ഥിയുമായാണ് കഴിച്ചുകൂട്ടിയത്. മറ്റു കുട്ടികള്‍ക്ക് കണക്കും ഇംഗ്ലീഷും ചരിത്രവും പഠിപ്പിക്കുകയും സ്വന്തമായി ഇസ്‌ലാമിക വിഷയങ്ങള്‍ പഠിക്കുകയും ചെയ്യും. അന്ന് അവിടെ വിദ്യാര്‍ഥികളായി ടി. ഇസ്ഹാഖലി മൗലവി, ടി.കെ അബ്ദുല്ല സാഹിബ്, കെ. അബ്ദുസ്സലാം മൗലവി, മൂസാ വാണിമേല്‍, കെ.പി.കെ അഹ്മദ് മൗലവി തുടങ്ങിയവരും ഉണ്ടായിരുന്നതായി അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്.

കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക അമീറും, യോഗ്യരായ വ്യക്തിത്വങ്ങളെ കണ്ടെത്തി പ്രസ്ഥാനത്തോടടുപ്പിക്കാന്‍ അസാധാരണ കഴിവുമുണ്ടായിരുന്ന വി.പി മുഹമ്മദ് അലി ഹാജിയാണ് അബ്ദുല്‍ അഹദ് തങ്ങളെ എടയൂരിലേക്ക് കൊണ്ടുവരുന്നത്. സ്വന്തം സഹോദരീപുത്രിയെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു. എടയൂരില്‍ തന്നെ വീടെടുത്ത് താമസമാക്കി. അതോടെ അബ്ദുല്‍ അഹദ് തങ്ങള്‍ എടയൂരിന്റെ ഭാഗമായി. നാട്ടുകാരെല്ലാം 'ആപ്പീസിലെ തങ്ങള്‍' എന്നാണ് അദ്ദേഹത്തെ വിളിക്കാറ്. എടയൂരിന്റെ വളര്‍ച്ചയില്‍ ഹാജി സാഹിബിന്റെ സംഭാവനകളെപ്പോലെ തങ്ങളുടെ പങ്കും അനിഷേധ്യമാണ്.

കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭൂപടത്തില്‍ എടയൂര്‍ എന്ന ഗ്രാമത്തിന് സവിശേഷ സ്ഥാനമുണ്ട്. ഹാജി സാഹിബായിരുന്നു അതിന് കാരണമെങ്കിലും പ്രസ്തുത ദേശത്ത് വൈജ്ഞാനികവും പ്രാസ്ഥാനികവുമായ പ്രകാശം പരത്തുന്നതിലും ഹാജി സാഹിബിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിലും തങ്ങള്‍ വഹിച്ച പങ്ക് സുവിദിതമാണ്. ജമാഅത്തുകാരുടെ നിയന്ത്രണത്തിലുള്ള നമസ്‌കാരപള്ളി വിപുലീകരിച്ച് സംസ്ഥാനത്ത് പ്രസ്ഥാന നിയന്ത്രണത്തിലുള്ള മുഖ്യമസ്ജിദുകളില്‍ ഒന്നാക്കി മാറ്റാന്‍ അദ്ദേഹം മുന്നില്‍നിന്നു. സ്ഥലത്തും പരിസര പ്രദേശങ്ങളിലുമുള്ള മുസ്‌ലിംകള്‍ക്ക് മതപരവും ഭൗതികവുമായ വിദ്യാഭ്യാസം നേടുന്നതിന് അവലംബിക്കാവുന്ന ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (കഞട) സ്ഥാപിച്ചു. മോണ്ടിസോറി മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂള്‍ സമുച്ചയമായി ഇന്നത് വികസിച്ചിരിക്കുന്നു. നേരത്തെ അംഗീകാരമില്ലാത്ത സ്വകാര്യ സ്ഥാപനമായി പ്രവര്‍ത്തിച്ചിരുന്ന ഐ.ആര്‍.എസ് ഇന്ന് അംഗീകാരമുള്ളതും ജനപ്രീതി നേടിയതുമായ ഹയര്‍ സെക്കന്ററി സ്‌കൂളായി വളര്‍ന്നിട്ടുണ്ട്. യോഗ്യരായ അധ്യാപകരെയും പണ്ഡിതന്മാരെയും കണ്ടെത്തി സ്ഥാപനങ്ങളുടെയും പള്ളിയുടെയും സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ തങ്ങള്‍ നിതാന്ത ജാഗ്രത കാണിച്ചു. സ്ഥാപനങ്ങള്‍ക്കുവേണ്ടി കെട്ടിടങ്ങള്‍ നിര്‍മിക്കാനും നടത്തിപ്പു ചെലവുകള്‍ കണ്ടെത്താനുമുള്ള ഫണ്ട് ശേഖരണാര്‍ഥം തന്റെ അനാരോഗ്യം വകവെക്കാതെ വിദേശങ്ങളിലും പോകാറുണ്ടായിരുന്നു. മരിക്കുന്നത് വരെ എടയൂരിലെ 'ജംഇയ്യത്തുല്‍ മുസ്തര്‍ശിദീന്‍' എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചത് അബ്ദുല്‍ അഹദ് തങ്ങളാണ്.

അനുകരണീയ മാതൃകകള്‍

കെ.എം അബ്ദുല്‍ അഹദ് തങ്ങളുടെ ജീവിതം പുതിയ തലമുറക്ക് മാതൃകയാണ്. അനുകരണീയരായ വ്യക്തിത്വങ്ങള്‍ തുലോം കുറഞ്ഞുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്മര്യപുരുഷനെ പോലുള്ളവരുടെ ജീവിതം നാമെപ്പോഴും അനുസ്മരിക്കണം. ''നിങ്ങളില്‍ മൃതിയടഞ്ഞവരുടെ സല്‍ഗുണങ്ങള്‍ സ്മരിക്കുക'' എന്ന നബിവചനവും ഇതേ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

 ആരാധനകളിലെ നിഷ്ഠ. ആരാധനാ കര്‍മങ്ങള്‍ ഭക്തിനിര്‍ഭരമായും അതീവ ജാഗ്രതയോടെയും നിര്‍വഹിക്കാന്‍ അദ്ദേഹം ദത്തശ്രദ്ധനായിരുന്നു. നമസ്‌കാരങ്ങളിലെ ഏകാഗ്രത പ്രത്യേകം എടുത്തുപറയത്തക്കതാണ്. ദൃഷ്ടികളൊരിക്കലും സുജൂദിന്റെ സ്ഥാനത്ത് നിന്ന് തെറ്റുകയില്ല. അടുത്തുകൂടെയോ മുന്നിലൂടെയോ പോകുന്നവന്റെ മുഖത്തേക്ക് അവിചാരിതമായി പോലും ദൃഷ്ടിപോകില്ല. നമസ്‌കാരത്തിലെ ഏകാഗ്രത അദ്ദേഹത്തിന്റെ ശരീരാവയവങ്ങളില്‍ ദൃശ്യമാകും. 'ഒരുവന്റെ ഹൃദയത്തില്‍ ദൈവഭയമുണ്ടെങ്കില്‍ അവന്റെ ശരീരാവയവങ്ങളിലും അതിന്റെ അടയാളം കാണാ'മെന്ന നബിവചനം അന്വര്‍ഥമാക്കുന്നതാണ് തങ്ങളുടെ നമസ്‌കാരം. ജമാഅത്തുകള്‍ക്ക് പള്ളിയില്‍ എത്തിച്ചേരുന്നതില്‍ അദ്ദേഹം അവസാന കാലം വരെ വീഴ്ച വരുത്തിയില്ല. അസുഖബാധിതനായി നടക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഇതിന് തടസ്സം സംഭവിച്ചത്. റമദാനിലെ നോമ്പും തറാവീഹ് നമസ്‌കാരവുമെല്ലാം ചൈതന്യവത്താക്കുന്നതില്‍ അബ്ദുല്‍ അഹദ് തങ്ങള്‍ ഏറെ ശ്രദ്ധ പുലര്‍ത്തി. റമദാനില്‍ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കുന്നതും അദ്ദേഹത്തിന്റെ പതിവാണ്. ഖുര്‍ആന്‍ ആദ്യന്തം വിശദീകരിച്ച് നാട്ടുകാരെ കേള്‍പ്പിക്കണമെന്ന,് പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചുവന്ന ഈ ലേഖകനോട് തങ്ങള്‍ നിര്‍ദേശിക്കുകയുണ്ടായി. ആഴ്ചയിലൊരു ദിവസം നടക്കുന്ന പ്രസ്തുത ഖുര്‍ആന്‍ ദര്‍സ് പതിനഞ്ചു വര്‍ഷം പിന്നിട്ട് ഇപ്പോള്‍ സൂറത്തുല്‍ അന്‍ഖബൂത്തില്‍ എത്തിയിരിക്കുന്നു.

 വിനയം, ലാളിത്യം, ജീവിതവിശുദ്ധി എന്നിവയുടെ മകുടോദാഹരണമായിരുന്നു പരേതന്‍. ഒരു നേതാവിന്റെ ഔന്നത്യ ബോധമോ അഹംഭാവമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തിത്വം. ഏത് ചെറിയവനെയും സാധാരണക്കാരനെയും പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യും. കുശലാന്വേഷണം നടത്തും. തമാശകള്‍ പറയും. തൂവെള്ള വസ്ത്രം ധരിക്കാറുണ്ടായിരുന്ന തങ്ങളുടെ ഹൃദയവും നിര്‍മലവും പവിത്രവുമായിരുന്നു. പകയും വിദ്വേഷവും അദ്ദേഹത്തിന്നപരിചിതമായിരുന്നു.

 ഭൂതദയ, ദീനാനുകമ്പ, സേവന തല്‍പരത എന്നീ വിശേഷണങ്ങളും ആ വ്യക്തിത്വത്തില്‍ മേളിച്ചിരുന്നു. സാമ്പത്തികമായി വളരെയൊന്നും ഭദ്രമായിരുന്നില്ല അദ്ദേഹത്തിന്റെ നില. എങ്കിലും അല്ലലും അലട്ടും ആരെയും അറിയിക്കാതെ മാന്യമായദ്ദേഹം ജീവിച്ചു. പലരുടെയും ധാരണ അഹദ് തങ്ങള്‍ നല്ല സാമ്പത്തിക ശേഷിയുള്ള ആളാണെന്നായിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം പ്രശ്‌നങ്ങളും പ്രയാസങ്ങളും പറയാനും സഹായം തേടാനും പലരും അദ്ദേഹത്തെ സമീപിച്ചു. അപ്പോഴെല്ലാം ഉള്ളതുകൊണ്ടവരെ സഹായിക്കാനും മറ്റുള്ളവരില്‍നിന്ന് സഹായം ശേഖരിച്ച് എത്തിച്ചുകൊടുക്കാനും അദ്ദേഹം ഉത്സുകനായിരുന്നു. സ്വന്തം കുടുംബത്തിലെ തന്നെ പലര്‍ക്കും അദ്ദേഹം അത്താണിയായി.

പ്രാസ്ഥാനിക പ്രതിബദ്ധത

പാര്‍ട്ടി അച്ചടക്കം പാലിക്കുന്നതിലും തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്നു അബ്ദുല്‍ അഹദ് തങ്ങള്‍. ശൂറയില്‍ ഭിന്നാഭിപ്രായങ്ങളുള്ള വിഷയങ്ങളില്‍ ഭൂരിപക്ഷാഭിപ്രായ പ്രകാരം ഒരു തീരുമാനമെടുത്താല്‍ തന്റെ നിലപാട് അതിന് വിരുദ്ധമാണെങ്കിലും ഒരു കലവറയും കൂടാതെ പാര്‍ട്ടി തീരുമാനം നടപ്പാക്കുന്നതില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടാകും. പലരിലും കാണപ്പെടുന്ന 'ഈഗോ' പ്രശ്‌നം അദ്ദേഹത്തിന് തികച്ചും അജ്ഞാതമായിരുന്നു. തങ്ങളേക്കാള്‍ എത്രയോ ജൂനിയറായ വ്യക്തികളായിരിക്കും പലപ്പോഴും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വരിക. എന്നാല്‍ അവരെയെല്ലാം അതിയായി ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം പിശുക്ക് കാണിച്ചില്ല. വിനീതനായ ഒരനുയായിയായി ഏല്‍പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം നിറവേറ്റി.

അനുകരണീയമായ ഒരുപാട് മാതൃകകള്‍ വിട്ടേച്ച് അബ്ദുല്‍ അഹദ് സാഹിബ് തന്റെ നാഥനിലേക്ക് യാത്രയായി. ''സത്യവിശ്വാസികളില്‍ ചില ആളുകളുണ്ട്. അല്ലാഹുവിനോട് ചെയ്ത കരാറുകള്‍ അവര്‍ സത്യസന്ധമായി പാലിച്ചു. അവരില്‍ ചിലര്‍ സ്വന്തം ദൗത്യം നിറവേറ്റി (തിരിച്ചുപോയി). മറ്റു ചിലര്‍ അതേവഴി പിന്തുടരാന്‍ കാത്തിരിക്കുന്നു. ഒരു മാറ്റത്തിരുത്തലും വരുത്താതെ'' എന്ന ഖുര്‍ആന്‍ സൂക്തം പരേതനെ സംബന്ധിച്ചേടത്തോളം അന്വര്‍ഥമാണെന്ന് കരുതാം. അല്ലാഹു തങ്ങള്‍ അവര്‍കള്‍ക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി 'ജന്നാത്തുല്‍ ഫിര്‍ദൗസി'ല്‍ ഇടം നല്‍കട്ടെ! ആമീന്‍. 

അബ്ദുല്‍ അഹദ് തങ്ങള്‍ 

(1927 -2014)

പിതാവ്: അബ്ദുല്ല മുശൈഖ് അയനിക്കാട്
മാതാവ്: കുഞ്ഞിബീവി തളിപ്പറമ്പ്
ഭാര്യ: പള്ളിക്കര നേന്ത്രത്തൊടി ഹൈദ്രു മുസ്‌ലിയാര്‍ മകള്‍ നഫീസ
സഹോദരന്‍: പി.സി അഹ്മദ് അബ്ദുല്‍ ഖാദര്‍ മാഹി
സഹോദരി: സൈനബ
മക്കള്‍: മര്‍ഹൂം സഫിയ (മേലാറ്റൂര്‍), ഹമീദുദ്ദീന്‍ ഖലീല്‍ (ഖത്തര്‍), അബ്ദുല്‍ ജലീല്‍ (ഷാര്‍ജ), മുഹമ്മദ് അബ്ദുര്‍റഹ്മാന്‍, അബ്ദുസ്സലാം, മുനീറ, അബ്ദുല്‍ ഗഫൂര്‍ (ബഹ്‌റൈന്‍), അബ്ദുല്‍ ബാരി, സാജിദ മാറഞ്ചേരി
മരുമക്കള്‍: മര്‍ഹൂം ഡോ. അബൂബക്കര്‍ സിദ്ദീഖ് മേലാറ്റൂര്‍, എ. അബൂബക്കര്‍, അനീസ് മാറഞ്ചേരി, റംല എ.പി.എം മൂടാല്‍, വി.കെ ഖാനിത്ത മുക്കിലപ്പീടിക, വി.കെ ശരീഫ പടിഞ്ഞാറ്റുമുറി, എം.പി ഹസീന മഞ്ചേരി, ശമീറ കല്ലായി, ആരിഫ പറപ്പൂര്‍.
വഹിച്ച ഉത്തരവാദിത്തങ്ങള്‍: മാനേജര്‍ (പ്രബോധനം, ഐ.പി.എച്ച്), മാനേജര്‍ (ശാന്തപുരം ഇസ്‌ലാമിയാ കോളേജ്), മജ്‌ലിസ് ട്രഷറര്‍, ജമാഅത്തെ ഇസ്‌ലാമി കേരള സംസ്ഥാന സെക്രട്ടറി, ബോധനം ഡൈജസ്റ്റ് സ്ഥാപകന്‍, ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള മുഖ്യ ഉപദേശകന്‍, പ്രിന്റര്‍ & പബ്ലിഷര്‍ (പ്രബോധനം, ആരാമം, മലര്‍വാടി, ബോധനം), ഐ.എസ്.ടി സെക്രട്ടറി, ശാന്തപുരം ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, എടയൂര്‍ ജംഇയ്യത്തുല്‍ മുസ്തര്‍ശിദീന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍, വളാഞ്ചേരി ദാറുല്‍ ഇസ്‌ലാം ട്രസ്റ്റ് ചെയര്‍മാന്‍, തിരുവനന്തപുരം ഇസ്‌ലാമിക് എജുക്കേഷന്‍ കോംപ്ലക്‌സ് ചെയര്‍മാന്‍, തിരൂര്‍ക്കാട് നുസ്രത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് വൈസ് പ്രസിഡന്റ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 24-27
എ.വൈ.ആര്‍