Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 17

സ്‌നേഹനിധിയായ എന്റെ ഉസ്താദ്

വി.പി അഹ്മദ് കുട്ടി ടൊറണ്ടോ /സ്മരണ

         ദുഃഖം ഘനീഭവിച്ച ഹൃദയത്തോടെയാണ് എന്റെ പ്രിയ ഉസ്താദ് അബ്ദുല്‍ അഹദ് തങ്ങളുടെ നിര്യാണ വാര്‍ത്ത ഞാന്‍ ശ്രവിക്കുന്നത്. കാരുണ്യവാനായ അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു, നാഥാ നീ അദ്ദേഹത്തെ ജന്നാത്തുല്‍ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കേണമേ. കുടുംബത്തെയും മറ്റു ബന്ധുമിത്രാദികളെയും ഞാന്‍ എന്റെ അനുശോചനം അറിയിക്കുന്നു. പ്രവാചകന്‍ തിരുമേനിയുടെ അനുശോചന വാക്കുകള്‍ ഞാന്‍ കടമെടുക്കുകയാണ്: അല്ലാഹു നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുമാറാകട്ടെ. ദൈവഹിതം ക്ഷമയോടെ സ്വീകരിക്കാനുള്ള കെല്‍പ്പ് നിങ്ങള്‍ക്ക് ഉണ്ടാകുമാറാകട്ടെ. നിങ്ങളില്‍നിന്ന് വേര്‍പെട്ടുപോയവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കുമാറാകട്ടെ.

മരണ വാര്‍ത്ത കേട്ടപ്പോള്‍ എന്നില്‍ പഴയ ഓര്‍മകള്‍ വന്നുനിറഞ്ഞു. ഞാന്‍ എടയൂരിലെ അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ അവിടെ എന്റെ ഉസ്താദ് ആയിരുന്നു അബ്ദുല്‍ അഹദ് തങ്ങള്‍. അച്ചടക്കത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത കര്‍ക്കശക്കാരനായിരുന്നു അദ്ദേഹം. നാട്ടില്‍ എന്തോ ഉത്സവമോ മറ്റോ നടക്കുന്ന കാലമാണ്. വീട്ടിലെ ചില പണിക്കാരുടെ കൂടെ ഞാന്‍ ഉത്സവം കാണാന്‍ പോയി. അന്ന് മദ്‌റസയില്‍ പോയില്ല. പിറ്റേന്ന് മദ്‌റസയില്‍ ചെന്നപ്പോള്‍ ഉസ്താദിന്റെ വക എനിക്കൊരു കടുത്ത ശിക്ഷ. ഒരു കടലാസ് ബോഡ് തന്ന് അത് ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു: 'മടിയന്‍ മല ചുമക്കും.' ഒറ്റ ദിവസത്തെ മദ്‌റസ കട്ട് ചെയ്തതിനാണ് ഈ ശിക്ഷ! ഇക്കാലത്താണ് ഇത്തരം ശിക്ഷകളെങ്കില്‍ മീഡിയ പിറകെ കൂടിയിട്ടുണ്ടാവും. പ്രതിഷേധ പ്രകടനങ്ങളും പ്രതീക്ഷിക്കാം.

പക്ഷേ, എന്റെ ഉസ്താദിനോട് എനിക്ക് യാതൊരു തരത്തിലുള്ള കലിപ്പുമില്ല. ഇത്തരം ശിക്ഷണ നടപടികള്‍ എനിക്ക് എന്റെ വഴി കൃത്യമാക്കിത്തരികയാണ് ചെയ്തത്. എന്റെ ഈ എളിയ നേട്ടങ്ങള്‍ക്ക് ഞാന്‍ അദ്ദേഹത്തോടും എന്റെ മറ്റു ഉസ്താദുമാരോടും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.

മദ്‌റസാ വിദ്യാഭ്യാസം കഴിഞ്ഞ് എന്റെ മാതൃസ്ഥാപനമായ ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ ചേര്‍ന്നപ്പോഴും കുറച്ചുകാലം സ്ഥാപനത്തിലെ സ്റ്റാഫ് ആയി അദ്ദേഹം അവിടെ ഉണ്ടായിരുന്നു. പിന്നെ ഒരു വര്‍ഷത്തിലധികം കാലം ഞാന്‍ പ്രബോധനത്തില്‍ ജോലി ചെയ്തു. അന്നതിന്റെ പബ്ലിഷറും മാനേജറുമൊക്കെ അദ്ദേഹമാണ്. വിദ്യാര്‍ഥി എന്ന നിലക്കും ജീവനക്കാരനെന്ന നിലക്കുമുള്ള ഈ ബന്ധം ഞാന്‍ 1968-ല്‍ മദീനയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് പോകും വരെ തുടര്‍ന്നു. എന്റെ ഗ്രാമമായ എടയൂരിലെ പള്ളി പ്രസിഡന്റും അദ്ദേഹമായിരുന്നു.

തിര്‍മിദിയും മറ്റും ഉദ്ധരിച്ച ഒരു ഹദീസില്‍ പ്രവാചകന്‍ ഇങ്ങനെ ഉണര്‍ത്തിയിട്ടുണ്ട്: 'മരിച്ചു പോയവരെക്കുറിച്ച് നിങ്ങള്‍ നല്ലത് പറയുക.' ഈ നബിവചനത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് ഒന്നുരണ്ട് വാക്കുകള്‍ കുറിക്കട്ടെ. പിറകെ വരുന്നവര്‍ക്ക് അത് ആവേശവും പ്രചോദനവുമാകും. കൃത്യനിഷ്ഠയും കളങ്കമേശാത്ത ഭക്തിയുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. പ്രായത്തിന്റെ വിവശതകള്‍ അലട്ടുമ്പോഴും അദ്ദേഹം കൃത്യമായി പള്ളിയില്‍ ജമാഅത്തിനെത്തുമായിരുന്നു. സുബ്ഹ് നമസ്‌കാരത്തിന് ശേഷം അദ്ദേഹം വെള്ളിമാട്കുന്നിലെ ഓഫീസിലേക്ക് ബസ് കയറിപ്പോകുന്നത് മനസ്സില്‍ മായാതെ നില്‍ക്കുന്ന ചിത്രമാണ്.

എന്ത് ചെയ്യുമ്പോഴും ചിട്ടയും വ്യവസ്ഥാപിതത്വവും- ഇതാണ് മറ്റൊരു പ്രത്യേകത. കണക്ക് ബുക്കുകള്‍ ഇത്ര കൃത്യമായും കണിശമായും പരിശോധന നടത്തിയും സൂക്ഷിക്കുന്നവര്‍ വിരളം. ആരെ സ്വീകരിക്കുന്നതും സ്വതസിദ്ധമായ ആ പുഞ്ചിരിയോടെ ആയിരിക്കും. ആ വിനയവും മാന്യതയും ജീവിതത്തിലുടനീളം അദ്ദേഹം നിലനിര്‍ത്തി. നാട്ടില്‍ മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും അദ്ദേഹം ഒരുപോലെ പ്രിയങ്കരനായിരുന്നു. പുതിയ തലമുറക്ക് അബ്ദുല്‍ അഹദ് തങ്ങളെപ്പോലുള്ള ഗുരുക്കന്മാരില്‍നിന്ന് ഒട്ടേറെ പഠിക്കാനുണ്ട്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 24-27
എ.വൈ.ആര്‍