Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 12

ഹയ്യ് ബ്‌നു യഖ്ദാന്‍

ഇബ്‌നു തുഫൈല്‍ /നോവല്‍-4

         അപ്പോള്‍, മൃഗങ്ങളുടെ ഇതര അവയവങ്ങളെക്കുറിച്ചു കൂടി പഠിക്കാന്‍ അവന്റെ മനസ്സ് ത്രസിച്ചു. അവയുടെ ഘടന, ക്രമം, നിര്‍മിതി, വലിപ്പം, സ്വഭാവം എന്നിവ അറിയണം. അവയുടെ പരസ്പര ബന്ധത്തിന്റെ സ്വഭാവം മനസ്സിലാക്കണം. ആ ചൂടുള്ള ആവി എങ്ങനെയാണ് അവയുടെ നിലനില്‍പ്പിനെ സഹായിക്കുന്നത്? ആ ആവി തന്നെ നിലനില്‍ക്കുന്നത് എങ്ങനെയാണ്? എവിടെ നിന്നാണ് അതിന് പോഷകങ്ങള്‍ ലഭിക്കുന്നത്? എങ്ങനെയാണ് അതിന്റെ ചൂട് കുറഞ്ഞുപോകാതെ സംരക്ഷിക്കപ്പെടുന്നത്? ചത്തതും ജീവനുള്ളതുമായ എല്ലാതരം മൃഗങ്ങളെയും കീറിമുറിച്ച് പരിശോധിച്ചുകൊണ്ടാണ് അവന്‍ ഈ അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. അവയിലെല്ലാം അതിവിദഗ്ധരായ ജന്തു ശാസ്ത്രജ്ഞരുടേതിന് തുല്യമായ അവഗാഹം കൈവരുന്നത്‌വരെ ആ പഠനം തുടര്‍ന്നു.

അതിലൂടെ ഒരു കാര്യം ബോധ്യപ്പെട്ടു; ഓരോ ജീവിക്കും അനേകം അവയവങ്ങളും. പലതരം അവബോധങ്ങളും വ്യത്യസ്തമായ ചേഷ്ടകളുമുണ്ട്. എങ്കിലും ആത്മാവുകൊണ്ട് അവ ഒന്നാണ്. ഒരൊറ്റ പാത്രത്തിലാണ് ആ ആത്മാവ് കുടികൊള്ളുന്നത്. അവിടെ നിന്നാണത് മറ്റെല്ലാ അവയവങ്ങളിലേക്കും വീതിക്കപ്പെടുന്നത്.

സമസ്ത അവയവങ്ങളും അതിനെയാണ് സേവിക്കുന്നത്. അഥവാ, അവയെല്ലാം അതിന്റെ ആയുധങ്ങളാണ്. ശരീരം അതിന്റെ ആയുധങ്ങള്‍ ഉപയോഗിച്ച് മൃഗങ്ങളെ വേട്ടയാടുന്നത് പോലെയാണ് ആത്മാവ് ശരീരത്തെ ഉപയോഗപ്പെടുത്തുന്നത്. ആയുധങ്ങളില്‍ ചിലത് ആക്രമണം നടത്താനുള്ളതാണ്. ചിലത് ആക്രമണം തടുക്കാനും. അവയില്‍ തന്നെ കരജീവികള്‍ക്കുള്ളതും കടല്‍ ജീവികള്‍ക്കുള്ളതും വേറെവേറെയാണ്. അപ്രകാരം, ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുമുണ്ട് പലതരം. കീറാനുള്ളത്, മുറിക്കാനുള്ളത്, തുളക്കാനുള്ളത് എന്നിങ്ങനെ. എങ്കിലും, ശരീരം ഒന്നേ ഒന്ന് മാത്രം. ഉപയോഗത്തിന്റെ വ്യത്യാസമനുസരിച്ചും നേടേണ്ട ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയും അത് പലതരം ആയുധങ്ങളെ ഉപയോഗിക്കുകയാണ്.

അപ്രകാരം ജീവാത്മാവും ഒന്നാണ്. അതിന്റെ പ്രവര്‍ത്തനങ്ങളാണ് വ്യത്യസ്തം. അത് കണ്ണിനെ ഉപയോഗിക്കുമ്പോള്‍ കാണലാണ് അതിന്റെ പ്രവൃത്തി. കാതുകളെ ഉപയോഗിക്കുമ്പോള്‍ കേള്‍ക്കലും മൂക്കിനെ ഉപയോഗിക്കുമ്പോള്‍ മണക്കലുമാണ് അതിന്റെ പ്രവൃത്തി. നാവിനെ ഉപയോഗിക്കുമ്പോള്‍ രുചിക്കലും ചര്‍മത്തെയും മാംസത്തെയും ഉപയോഗിക്കുമ്പോള്‍ സ്പര്‍ശനവുമാണത്. കാലുകളെയാണ് ഉപയോഗപ്പെടുത്തുന്നതെങ്കില്‍ അപ്പോള്‍ അതിന്റെ പ്രവൃത്തി ചലനമാണ്. കരളിനെയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഭോജനം പോഷണം എന്നിവയും.

ഈ ഓരോ പ്രവൃത്തിയിലും അതിനെ സേവിക്കാന്‍ യോഗ്യമായ അവയവങ്ങള്‍ അതിനുണ്ട്. ഹൃദയത്തില്‍നിന്ന് ഞരമ്പുകള്‍ വഴി എത്തിക്കൊണ്ടിരിക്കുന്ന ആ ആത്മാവിന്റെ പിന്തുണ കൂടാതെ ഈ പ്രവൃത്തികളില്‍ ഒന്നുപോലും നടക്കുകയില്ല. ആ ഇടനാഴികകള്‍ അടഞ്ഞുപോവുകയോ തടസ്സപ്പെടുകയോ ചെയ്താല്‍ ബന്ധപ്പെട്ട അവയവത്തിന്റെ പ്രവര്‍ത്തനവും അതോടെ നിലച്ചുപോകുന്നതാണ്. അങ്ങനെ അത് ഉപയോഗ ശൂന്യമായി വലിച്ചെറിയപ്പെട്ട ആയുധം പോലെ ആയിത്തീരുന്നു.

ഇനി ഈ ആത്മാവ് മൊത്തം ശരീരത്തോട് തന്നെ വിടപറയുകയാണെങ്കില്‍ ശരീരം മുഴുവന്‍ പ്രവര്‍ത്തന രഹിതമാവുകയും അത് മരണമെന്ന അവസ്ഥയെ പ്രാപിക്കുകയും ചെയ്യുന്നു.

അവന് ഇരുപത്തി ഒന്ന് വയസ്സാകുന്നതുവരെ ഈ അന്വേഷണം തുടര്‍ന്നു. അതിനകം കൗതുകകരങ്ങളായ ധാരാളം കണ്ടുപിടിത്തങ്ങള്‍ അവന്‍ നടത്തിയിരുന്നു. താന്‍ ശസ്ത്രക്രിയ ചെയ്ത മൃഗങ്ങളുടെ തോലുകള്‍ എടുത്ത് അവന്‍ വസ്ത്രങ്ങളും പാദരക്ഷകളും ഉണ്ടാക്കി. അവയുടെ മുടികളും രോമങ്ങളും, പിന്നെ വിവിധയിനം മരങ്ങളുടെ നാരുകളും ഉപയോഗിച്ച് നൂലുകള്‍ നിര്‍മിച്ചു. കൂര്‍ത്ത മുള്ളുകള്‍ കൊണ്ട് സൂചികളും, മുളയും കല്‍ചീളുകളും കൊണ്ട് കത്തികളും ഉണ്ടാക്കി. ഓണക്കിളികള്‍ കൂട്കൂട്ടുന്നത് നിരീക്ഷിച്ച് അവന്‍ നിര്‍മാണവിദ്യ പഠിച്ചു. അങ്ങനെ, ബാക്കി വരുന്ന ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ഒരു കലവറയും ഒരടുക്കളയും നിര്‍മിച്ചു. താന്‍ വീട്ടിലില്ലാത്ത സമയങ്ങളില്‍ കാട്ടുമൃഗങ്ങള്‍ അകത്തുകടക്കാതിരിക്കാന്‍, മുളങ്കമ്പുകള്‍ ചേര്‍ത്ത്‌കെട്ടി അവക്ക് വാതിലുകള്‍ വെച്ചു. നായാട്ടില്‍ തന്നെ സഹായിക്കുന്നതിനുവേണ്ടി ചില വേട്ടപ്പക്ഷികളെ ഇണക്കി പരിശീലിപ്പിച്ചു. മുട്ടക്കും ഇറച്ചിക്കും വേണ്ടി കോഴികളെയും താറാവുകളെയും വളര്‍ത്തി. കാട്ടുപശുക്കളുടെ കൊമ്പുകള്‍ എടുത്ത് ബലമുള്ള മുളവടികളുടെയും, 'സാന്‍' മുതലായ വൃക്ഷങ്ങളുടെ കമ്പുകളുടെയും അറ്റത്ത് തിരുകിക്കേറ്റി, തീയും കല്ലും ഉപയോഗിച്ച് ഭദ്രമായി ഉറപ്പിച്ച് കുന്തങ്ങള്‍ ഉണ്ടാക്കി. കട്ടിയുള്ള മൃഗത്തോലുകള്‍ ചേര്‍ത്ത് തുന്നി പടയങ്കിയും നിര്‍മിച്ചു. മറ്റു മൃഗങ്ങളെപ്പോലെ തനിക്ക് പ്രകൃതിദത്തമായ ആയുധങ്ങള്‍ ലഭിക്കാത്തതിന്റെ കുറവ് നികത്തുന്നതിന് വേണ്ടിയാണ് ഇത്രയധികം സാഹസപ്പെട്ട് ഈ കൃത്രിമ ആയുധങ്ങളെല്ലാം അവന്‍ ഉണ്ടാക്കിയത്.

തന്റെ എല്ലാവിധ കുറവുകളെയും കൈകള്‍ കൊണ്ട് പരിഹരിക്കാനാവുമെന്ന് അവന്‍ മനസ്സിലാക്കി. ഇപ്പോള്‍ കാട്ടുമൃഗങ്ങളൊന്നും അവനെ ആക്രമിക്കാന്‍ ധൈര്യപ്പെടാറില്ല. ഭയന്ന് ഓടുകയും ചെയ്യും. ഓട്ടത്തില്‍ അവറ്റകളെ മറികടക്കാന്‍ അവന് സാധിച്ചിരുന്നില്ല. അതിനൊരു വഴിയെന്തെന്ന് അവന്‍ ആലോചിച്ചു. വേഗതയുള്ള ഏതെങ്കിലും മൃഗങ്ങളെ, ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ നല്‍കി ഇണക്കിയെടുക്കുകയും എന്നിട്ട് അവയുടെ പുറത്തു കയറി മറ്റു മൃഗങ്ങളോടൊപ്പം ഓടുകയും ചെയ്യാം.

ആ ദ്വീപില്‍ കാട്ടുകുതിരകളും കാട്ടുകഴുതകളും വസിച്ചിരുന്നു. രണ്ടില്‍നിന്നും ചിലതിനെ അവന്‍ തെരഞ്ഞെടുത്ത് തന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുമാറ് അവയെ മെരുക്കിയെടുത്തു. മൃഗത്തിന്റെ തോലുകളും മരത്തിന്റെ കൊമ്പുകളും ഉപയോഗിച്ച് ജീനിയും അരപ്പട്ടയും ഒരുക്കി. അതോടെ, അവയുടെ പുറത്ത് കയറി ഏത് മൃഗത്തിന്റെയും പിറകില്‍ ഓടിയെത്താമെന്നായി. അതല്ലാത്ത മറ്റൊരു മാര്‍ഗത്തിലൂടെയും അക്കാര്യം അവന് സാധിക്കുമായിരുന്നില്ല.

മൃഗങ്ങളുടെ ശരീരശാസ്ത്രവും അവയവങ്ങളുടെ ഗുണവിശേഷങ്ങളും മനസ്സിലാക്കുന്നതിനുവേണ്ടി അവയെ ശസ്ത്രക്രിയ ചെയ്ത് പരിശോധിക്കുന്നതിനിടയിലാണ് ഇപ്പറഞ്ഞ കണ്ടുപിടിത്തങ്ങളത്രയും അവന്‍ നടത്തിയത്. അതുതന്നെ അവന് ഇരുപത്തൊന്ന് വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പും.

അതിനുശേഷം, ഈ ഐഹിക ലോകത്തിലെ വിവിധ വസ്തുക്കളുടെയും ജീവജാലങ്ങളുടെയും പ്രകൃതങ്ങള്‍ പഠിക്കാന്‍ അവന്‍ ശ്രമിച്ചു. പലതരം ജന്തുക്കള്‍, സസ്യങ്ങള്‍, കല്ലുകള്‍, മണ്ണുകള്‍, ദ്രാവകങ്ങള്‍, വാതകങ്ങള്‍, മഞ്ഞ്, ആലിപ്പഴം, പുക, ജ്വാല, ചൂട് തുടങ്ങിയവയെക്കുറിച്ചെല്ലാം പഠനം നടത്തി. അവയുടെ വൈവിധ്യമാര്‍ന്ന ഗുണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, പരസ്പരം യോജിക്കുന്നതും വിയോജിക്കുന്നതുമായ ചലനങ്ങള്‍ തുടങ്ങിയവ നിരീക്ഷിച്ചു. യോജിപ്പുകളുടെ ഭാഗത്ത്‌നിന്ന് നോക്കുമ്പോള്‍ അവയെല്ലാം ഒന്നാണെന്നും, മറിച്ച് വിയോജിപ്പുകളുടെ ഭാഗത്ത്‌നിന്ന് നോക്കുമ്പോള്‍ അവ വ്യത്യസ്തങ്ങളാണെന്നും അവന്‍ കണ്ടു. ഒന്നിനെ മറ്റൊന്നില്‍നിന്ന് വേര്‍തിരിക്കുന്ന സവിശേഷ ഗുണങ്ങള്‍ അസംഖ്യമുണ്ട്. ഓരോ വസ്തുവും ജീവിയും സങ്കല്‍പിക്കാനാവാത്ത വണ്ണം പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

സ്വന്തം അവയവങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോഴും, അവയില്‍ ഓരോന്നും ചില സവിശേഷ ഗുണങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ട് പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നത് കണ്ടു. തന്നില്‍തന്നെ ഒരുതരം ബഹുത്വം ഉള്ളതായി അവന്‍ മനസ്സിലാക്കി. ഒരു അവയവത്തെ മാത്രമെടുത്ത് പരിശോധിച്ചപ്പോഴാകട്ടെ, അതിനെ പല ഭാഗങ്ങളായി തിരിക്കാമെന്നും കാണാന്‍ കഴിഞ്ഞു. ഇതില്‍ നിന്നെല്ലാം ഒരു സംഗതി അവന്‍ ഗ്രഹിച്ചു; തന്നില്‍ മാത്രമല്ല, മറ്റു വസ്തുക്കളിലും ഒരുതരം ബഹുത്വം അനിവാര്യമാകുന്നു.

അതേസമയം, തന്റെ അവയവങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കെത്തന്നെ അവ ഒറ്റയൊന്നായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നതും അവന്‍ നിരീക്ഷിച്ചു. അവക്കിടയിലെ വ്യത്യാസങ്ങള്‍ അവയുടെ പ്രവര്‍ത്തനങ്ങളിലുള്ള വൈജ്യാത്യങ്ങള്‍ മാത്രമാണ്. അതാകട്ടെ, നേരത്തെ താന്‍ അന്വേഷിച്ചുകൊണ്ടിരുന്ന ആ ആത്മാവില്‍നിന്ന് ഉടലെടുക്കുന്നതുമാണ്. ആ ആത്മാവ് ഒരൊറ്റ സത്തയാണ്; അതാണ് യഥാര്‍ഥ സത്ത. സമസ്ത അവയവങ്ങളും അതിനെ സേവിക്കുന്ന ഉപകരണങ്ങള്‍ മാത്രം. ഈ വഴിക്ക് കാര്യങ്ങളെ വിലയിരുത്തിയപ്പോള്‍ താനും ഒന്നാണെന്ന് അവന് വ്യക്തമായി.

അനന്തരം ഇതര ജീവികളെക്കുറിച്ച് ചിന്തിച്ചു. അവയിലെ ഓരോ അംഗവും ഒന്നാണെന്ന് തെളിഞ്ഞു. പിന്നെ മാനുകള്‍, കുതിരകള്‍, കഴുതകള്‍, വിവിധ പക്ഷിവര്‍ഗങ്ങള്‍ എന്നിങ്ങനെ ഓരോ ജാതിയെയും എടുത്ത് പരിശോധിച്ചു. ഓരോ ജാതിയിലെയും അംഗങ്ങള്‍ക്കിടയില്‍ ഏകത്വം ഉള്ളതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. അവയുടെ ബാഹ്യവും ആന്തരികവുമായ അവയവങ്ങള്‍, അവബോധങ്ങള്‍, ചലനങ്ങള്‍, അഭിരുചികള്‍ തുടങ്ങി സകല കാര്യങ്ങളും സമാനങ്ങളാണ്. അവക്കിടയിലെ നിസ്സാര വ്യത്യാസങ്ങളാകട്ടെ, യോജിപ്പുള്ള കാര്യങ്ങളുടെ മുമ്പില്‍ തീര്‍ത്തും അഗണ്യം. എല്ലാ ജാതികളിലുംപെട്ട ജീവികളെ പ്രവര്‍ത്തനക്ഷമമാക്കുന്ന ആത്മാവ് ഒന്നാണ്. ഒന്നായ ആത്മാവിനെ പലതായി പകുത്ത് ഓരോ അംഗത്തിന്റെയും ഹൃദയങ്ങളില്‍ കുടിയിരുത്തിയിരിക്കുകയാണ്. ഇങ്ങനെ എണ്ണമറ്റ ഹൃദയങ്ങളിലായി വീതിക്കപ്പെട്ട ആത്മാവിന്റെ ശകലങ്ങളെയെല്ലാം തിരിച്ചെടുത്ത് ഒരൊറ്റ ഹൃദയത്തിന്റെ അറക്കകത്ത് ശേഖരിക്കാന്‍ സാധിക്കുകയാണെങ്കില്‍ അവയെല്ലാം ഒന്നാണെന്ന് കാണാന്‍ കഴിയും.

ഒരു പാത്രത്തിലെ വെള്ളം അനേകം പാത്രങ്ങളിലേക്ക് പകരുകയും പിന്നെ അവയെല്ലാം ശേഖരിച്ച് ആദ്യത്തെ പാത്രത്തില്‍ തന്നെ നിറക്കുകയും ചെയ്താല്‍ അത് ഒന്നായി മാറുമല്ലോ; അതുപോലെ. പലതായി പകുക്കപ്പെട്ടപ്പോഴും ഒരുമിച്ച് കൂട്ടപ്പെട്ടപ്പോഴും അത് ഒന്ന് തന്നെയാണ്. പകുത്തത് കൊണ്ട് മാത്രമാണ് പലതാണെന്ന് തോന്നുന്നത്. ഈ വിധം ചിന്തിച്ചുകൊണ്ട്, ഒരു ജീവിവര്‍ഗത്തിലെ അംഗങ്ങളെല്ലാം ഒന്നാണെന്നും അവയ്ക്കിടയില്‍ കാണുന്ന വൈജാത്യം ഒരു ശരീരത്തിലെ വിവിധ അവയവങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന വൈജാത്യം പോലെ മാത്രമാണെന്നും അത് യഥാര്‍ഥത്തിലുള്ള വ്യത്യാസമോ ബഹുത്വമോ അല്ലെന്നുമുള്ള നിഗമനത്തില്‍ അവന്‍ എത്തിച്ചേര്‍ന്നു.

അനന്തരം ബഹുജാതി ജീവജാലങ്ങളെ ഒന്നിച്ച് മനസ്സിലിട്ട് അവന്‍ തന്റെ വിചിന്തനം തുടര്‍ന്നു. അപ്പോള്‍ അവയുടെയെല്ലാം സംവേദനം, പോഷണം, സഞ്ചാരശേഷി എന്നിവ പൊതുവാണെന്ന് മനസ്സിലായി. ഇവയെല്ലാം തന്നെ ജീവാത്മാവിന് ഉചിതവും അനുയോജ്യവുമായ പ്രവര്‍ത്തനങ്ങളുമാണ്. അവക്കിടയില്‍ കാണപ്പെടുന്ന നിസ്സാര വ്യത്യാസങ്ങളാകട്ടെ ജീവാത്മാവിന് നിരക്കാത്തവയുമാണ്. ഏത് ഇനത്തില്‍പെട്ട ജീവികളായാലും അവയെ മുഴുവന്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന ആത്മാവ് ഒന്നാണ് എന്ന നിഗമനത്തിലാണ് ഇതവനെ എത്തിച്ചത്. നിസ്സാരമായ ചില വ്യത്യാസങ്ങള്‍ അവക്കിടയിലുണ്ട് എന്നത് ശരി തന്നെ. അവ തങ്ങളുടെ സവിശേഷ ഗുണങ്ങളാണെന്ന് ഓരോ ജീവിവര്‍ഗവും കരുതുകയും ചെയ്യുന്നു. ഒരേ വെള്ളം വ്യത്യസ്ത പാത്രങ്ങളില്‍ നിറക്കുന്നതായി സങ്കല്‍പിക്കുക. ഒരു പാത്രത്തില്‍ നിറച്ചവെള്ളത്തിന് മറ്റൊന്നില്‍ നിറച്ചതിനേക്കാള്‍ ഒരല്‍പം തണുപ്പ് കൂടിയതോ കുറഞ്ഞതോ ആയി അനുഭവപ്പെട്ടേക്കാം. എങ്കിലും വെള്ളം ഒന്ന് തന്നെയാണ്. ഇതുതന്നെയാണ് ഒരു വര്‍ഗത്തിലെ ഓരോ അംഗത്തിലുമുള്ള ആത്മാവിന്റെയും അവസ്ഥ. വെള്ളം ഒന്നാണെന്നത് പോലെ ആത്മാവും ഒന്നാണ്. അതിലെ ബഹുത്വം താല്‍ക്കാലികം മാത്രം. ഈ നിരീക്ഷണത്തിലൂടെ ജന്തുലോകം മുഴുവന്‍ ഒന്നാണെന്ന് അവന്‍ മനസ്സിലാക്കി.

അതിനുശേഷം സസ്യവര്‍ഗങ്ങളെക്കുറിച്ചാണ് അവന്‍ പര്യാലോചന നടത്തിയത്. 

(തുടരും)

വിവ: റഹ്മാന്‍ മുന്നൂര്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /4-6
എ.വൈ.ആര്‍